

യാത്രകള്‍ വെറുതെ ആസ്വദിക്കാനുള്ളവ മാത്രമാണോ? അതില്‍ അല്‍പം ടെക് ഇന്നവേഷന്‍ കൂടി കൊണ്ടുവന്ന് വ്യത്യസ്തമായ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ? യാത്ര എന്ന സങ്കല്‍പത്തെ തന്നെ മാറ്റിമറിക്കുന്ന കിടിലന്‍ ആശയങ്ങളോ പുതിയ ഒരു ട്രാവല്‍ ആപ്പ് സംബന്ധിച്ചുള്ള ഐഡിയയോ മനസിലുണ്ടെങ്കില്‍ ടിങ്കര്‍ ഹബ്ബിന്റെ ഹാക്കത്തോണ്‍ നിങ്ങള്‍ക്കുള്ളതാണ്. ഒക്ടോബര്‍ 10, 11 തിയതികളില്‍ കോഴിക്കോട് ടിങ്കര്‍സ്‌പേസില്‍ വെച്ചാണ് ടിങ്കര്‍ഹബ്ബ് ഫൗണ്ടേഷനും ട്രാവല്‍ ആന്‍ഡ് വിസ സര്‍വീസ് കമ്പനി ദി വിസ ഗൈയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലേഓവര്‍ ഓവര്‍നൈറ്റ് ഹാക്കത്തോണ്‍ നടക്കുന്നത്. ഹാക്കത്തോണില്‍ ഒന്നാമതെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ ദുബായ് ട്രിപ്പാണ് സമ്മാനമായി ലഭിക്കുന്നത്. 15നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് പങ്കെടുക്കാനാവില്ല.
എന്താണ് ടിങ്കര്‍ഹബ്ബ്?
2014ല്‍ കുസാറ്റിലെ ഒരു കൂട്ടത്തില്‍ നിന്ന് ആരംഭിച്ച ആശയമാണ് ടിങ്കര്‍ഹബ്ബ്. കയ്യില്‍ കിട്ടുന്ന കളിപ്പാട്ടങ്ങള്‍ പൊളിച്ച് അതിലെ കംപോണന്റുകള്‍ കൂട്ടിച്ചേര്‍ത്ത് മറ്റൊരു ഉല്‍പന്നം നിര്‍മിക്കുന്ന പരിപാടിയാണ് ടിങ്കറിംഗ്. വെറുതെ പൊളിച്ചു പണിയുക എന്നതില്‍ ഉപരിയായി ഇതില്‍ അല്‍പം ക്രിയേറ്റിവിറ്റി കൂടി അടങ്ങിയിട്ടുണ്ട്. ഇല്‌ക്ട്രോണിക്‌സ്, ടെക്, എന്‍ജിനീയറിംഗ് മേഖലകളില്‍ ഇത്തരം ടിങ്കറിംഗ് ബുദ്ധി ഉള്ളവര്‍ക്ക് പരീക്ഷണങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കുകയാണ് ടിങ്കര്‍ ഹബ്ബ് ഫൗണ്ടേഷന്‍ ചെയ്യുന്നതത്. കൊച്ചിയില്‍ തുടങ്ങി ഇപ്പോള്‍ കോഴിക്കോടും ടിങ്കര്‍ഹബ്ബ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നു. പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ പ്രശ്‌നമില്ല. ഇന്നവേറ്റീവായ ആശയമുണ്ടെങ്കില്‍ ടിങ്കര്‍ഹബ്ബിന്റെ സൗകര്യ സൗജന്യമായി ഉപയോഗിക്കാം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും റോബോട്ടിക്‌സിലും അടക്കം ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് ടിങ്കര്‍ സ്‌പേസ് വേദിയാകുന്നുണ്ട്. 3ഡി പ്രിന്റിംഗ് സൗകര്യങ്ങള്‍, മേക്കര്‍ സ്റ്റേഷന്‍, ഹാക്കര്‍സ്‌പേസ് എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. കുസാറ്റില്‍ നിന്ന് തുടങ്ങിയ ഈ ആശയത്തിന് ഇപ്പോള്‍ 65ല്‍ അധികം ക്യാമ്പസുകളില്‍ നിന്നായി 44,000ല്‍ അധികം യുവാക്കളുടെ പിന്തുണയാണ് ഉള്ളത്. ദിവസവും 300ലേറെ ആളുകള്‍ ഇതിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.