ടെസ്ല, ഇലക്ട്രിക് കാറുകളുടെ തലവര മാറ്റിയ ഇലൺ മസ്ക്
രണ്ടു രംഗങ്ങൾ
ഒന്ന്
ഒരു ഇലക്ട്രിക്ക് ട്രക്ക് ഭാരമുള്ള റോക്കറ്റ് എഞ്ചിൻ കെട്ടിവലിച്ചു കൊണ്ട് പോകുന്ന കൗതുകമുള്ള കാഴ്ച.
രണ്ട്
ഡ്രൈവറില്ലാത്ത കാറില്‍ പുറത്തെ കാഴ്ചകള്‍ കണ്ടു സ്റ്റിയറിങ്ങോ ആക്‌സിലേറ്ററോ ബ്രെയ്‌ക്കോ ഇല്ലാത്ത ഒരു ഇലക്ടിക് കാറിൽ എലോൺ മസ്ക് വന്നിറങ്ങുന്ന ദൃശ്യം
വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെയെല്ലാം വെല്ലുവിളിച്ച് ഇലക്ടിക് കാറുകളുടെ തലവര മാറ്റിയ ടെസ്ല എന്ന കമ്പനിയുടെ വിജയത്തിന്റെയും അർപ്പണബോധത്തിന്റെയും രണ്ട് രംഗങ്ങൾ . ഇലക്ട്രിക്ക് കാറുകള്‍ ഇറക്കാന്‍ ശ്രമിച്ചു ജനറല്‍ മോട്ടോഴ്സ് എന്ന ലോകപ്രശസ്ത കമ്പനി പരാജയപ്പെട്ടിടത്താണ് ടെസ്ല തങ്ങളുടേതായ സിംഹാസനം ഉറപ്പിച്ചത്.
ഒരു ചിനിമ കഥ പോലെ പരാജയങ്ങളും ട്വിസ്റ്റുകളും വിജയങ്ങളും നിറഞ്ഞതാണ് ടെസ്ല എന്ന കമ്പനിയുടെ കഥ
ഒരുകാലം വരെ ഇലക്ട്രിക്ക് കാറുകള്‍ എന്നാല്‍, പെട്രോളിലും ഡീസലിലും ഓടുന്ന കാറുകളില്‍ നിന്ന് മലിനീകരണം ഒഴിവാക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് വാഹന നിര്‍മാതാക്കള്‍ നോക്കി കണ്ടിരുന്നത്. എന്നാല്‍ ടെസ്ലയുടെ കാറുകള്‍ മികച്ച പെര്‍ഫോമന്‍സിലും അതിന്റെ സാങ്കേതിക മികവിലും ലോകത്തെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തുണ്ട്.
2003 ലാണ് സുഹൃത്തുക്കളായ മാര്‍ട്ടിന്‍ എബര്‍ഹാഡും മാര്‍ക്ക് ടര്‍പെന്നിങ്ങും ടെസ്ല മോട്ടോര്‍സ് എന്ന കമ്പനി തുടങ്ങുന്നത്. തങ്ങളുടെ തന്നെ ഏറ്റവും വിജയകരമായ സംരംഭമായ ഈ ബുക്ക് പ്ലാറ്റ്‌ഫോം വലിയ വിലയ്ക്ക് വിറ്റാണ് അവര്‍ ടെസ്ല മോട്ടോര്‍സ് ആരംഭിക്കുന്നത്. പ്രീമിയം സെഗ്മന്റിലുള്ള ഇലട്രിക് സ്‌പോര്‍ട്‌സ് കാറുകളുടെ നിര്‍മാണത്തിലായിരുന്നു ടെസ്ല ശ്രദ്ധ കേന്ദ്രികരിച്ചത്. 2004ല്‍ എബര്‍ഹാഡും ടര്‍പെന്നിങ്ങും തമ്മിലുള്ള തര്‍ക്കവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ടെസ്ലയുടെ നില പരുങ്ങലിലായി. ആ സമയത്ത് സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലോണ്‍ മസ്‌ക് 6.5 മില്യണ്‍ യു എസ് ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചു. 2004 മുതല്‍ 2008 വരെ കമ്പനിയുടെ വളര്‍ച്ചയ്ക്കായി സി ഇ ഓ മാരെ മാറ്റി മാറ്റി മസ്‌ക് പരീക്ഷിച്ചെങ്കിലും അതൊന്നും വേണ്ടത്ര വിജയം കണ്ടില്ല. 2008 ല്‍ ആഗോള മധ്യത്തില്‍ ലോകത്തെ ബഹുരാഷ്ര കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ടെസ്ലയും തകര്‍ന്നടിഞ്ഞു. എലോണ്‍ മസ്‌ക് ടെസ്ലയുടെ ceo സ്ഥാനം ഏറ്റെടുക്കുന്നു. തകര്‍ന്നു കൊണ്ടിരിക്കുന്ന ടെസ്ലയെ എങ്ങനെയും രക്ഷിച്ചെടുക്കാന്‍ മസ്‌ക് സാധ്യമായതെല്ലാം നോക്കുന്നു. കടം വാങ്ങുന്നു വീട് വിറ്റു താമസം ഫാക്ടറിയിലേക്കു മാറ്റുന്നു. 22 മണിക്കൂര്‍ വരെ ഒരു ദിവസം ജോലി ചെയുന്നു. ടെസ്ലയുടെ പതനം തന്റെയും പതനം ആയിരിക്കും എന്ന് മസ്‌ക് ഉറപ്പിക്കുന്നു. ടെസ്ലയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചും അമേരിക്കന്‍ ഗവണ്മെന്റിന്റെ കൈയില്‍ നിന്ന് വായ്പ്പ എടുത്തും മസ്‌ക് കമ്പനി വളര്‍ത്താന്‍ ശ്രമിക്കുന്നു.
2008ല്‍ രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന സ്‌പോര്‍ട്സ് കാറായി ആദ്യ ഇലക്ട്രിക്ക് കാര്‍ റോഡ്സ്റ്റര്‍ പുറത്തിറക്കുന്നു. ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ ഓടാനാവുന്ന കാര്‍ ലോകത്തെ ഞെട്ടിച്ചു. പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ലോട്ടസ് ആണ് ഇതിന്റെ ബാറ്ററിയും മോട്ടോറും ഒഴിച്ചുള്ള ഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കിയത്. പൂജ്യത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വേണ്ടത് വെറും 3.9 സെക്കന്റ് മാത്രമായിരുന്നു റോഡ്‌സ്റ്ററിന് വേണ്ടിയിരുന്നത്. സ്‌പോര്‍ട്‌സ് കാര്‍ രംഗത്തെ അതികായകനായ ലോട്ടസിന്റെ നിര്‍മാണ വൈദഗ്ധ്യം കൂടിയായപ്പോള്‍ ടെസ്ലയുടെ കാറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. എന്നാല്‍ ഉയര്‍ന്ന വിലയ്ക്ക് ചുരുങ്ങിയ എണ്ണം കാറുകള്‍ മാത്രമാണ് ടെസ്ല അന്ന് വിറ്റിരുന്നത്. തങ്ങളുടെ കാറുകള്‍ ശതകോടീശ്വരന്മാര്‍ മാത്രം സ്വന്തമാക്കിയാല്‍ മതി എന്ന എലോണ്‍ മസ്‌ക്കിന്റെ നിര്‍ബന്ധബുദ്ധി ആയിരുന്നു ഇതിനു പിന്നില്‍. ഉയര്‍ന്ന ലാഭം ചുരുങ്ങിയ കാറുകളില്‍ നിന്ന് ഉണ്ടാക്കി വില കുറഞ്ഞ പുതിയ മോഡല്‍ കാറുകള്‍ നിരത്തിലിറക്കുക്കുക ആയിരുന്നു മസ്‌ക്കിന്റെ ലക്ഷ്യം.
പെട്രോള്‍, ഡീസല്‍ വാഹനങ്ങളുമായി വിപണിയില്‍ മത്സരിക്കാന്‍ സാധിക്കുന്ന ഒരു മോഡല്‍ പുറത്തിറക്കണമെങ്കില്‍ ആദ്യം ഇലക്ട്രിക്ക് കാര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബാറ്ററികള്‍ പുറത്തു നിന്ന് വാങ്ങുന്നത് നിര്‍ത്തണമെന്നും അത് വഴി ഭീമമായ ചെലവ് വെട്ടിച്ചുരുക്കാന്‍ സാധിക്കും എന്നും കമ്പനി കണ്ടെത്തി അതിനായി ടെസ്ല 2014 ലിഥിയം അയേണ്‍ ബാറ്ററി നിര്‍മിക്കുന്ന ഗിഗാ ഫാക്ടറി ആരംഭിക്കുന്നു കൂടാതെ, വണ്ടി വാങ്ങുന്ന ആളുകള്‍ക്ക് എളുപ്പത്തില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യം ഉണ്ടാവണമെന്നും ഇലക്ട്രിക് കാറുകള്‍ പ്രചരിക്കണമെങ്കില്‍ സൗകര്യപ്രദമായ ചാര്‍ജിങ് സൗകര്യങ്ങള്‍ വേണമെന്ന തിരിച്ചറിവ് ടെസ്ലയ്ക്ക് ആദ്യം തന്നെ ഉണ്ടായിരുന്നു. ഇവര്‍ കലിഫോര്‍ണിയയില്‍ ഉടനീളം സ്ഥാപിച്ചിരിക്കുന്ന സൂപ്പര്‍ ചാര്‍ജര്‍ സ്റ്റേഷനുകള്‍ ഇത് ഇലക്ട്രിക് കാറുകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
അത് വഴി മുന്‍പ് ഇറക്കിയ റോഡ് സ്റ്റാറിനെക്കാള്‍ കുറഞ്ഞ വിലയ്ക്ക് മോഡല്‍ എസ് എന്ന പുതിയ കാര്‍ ടെസ്ല പുറത്തിറക്കി. ആഡംബരവും ക്ഷമതയും ഒത്തിണങ്ങിയ ടെസ്ല മോഡല്‍ എസ് യൂറോപ്പില്‍ മികച്ച വിപണിവിജയം കൈവരിച്ചു. ഒഡി എ8, ബി എം ഡബ്‌ള്യു 7 സീരീസ്, ജാഗ്വാര്‍ എക്‌സ്‌ജെ എന്നിവയെ ഒക്കെ വില്‍പ്പനയില്‍ പിന്തള്ളിയ മോഡല്‍ എസ്സിനെക്കാള്‍ വിറ്റഴിഞ്ഞ ഒരു കാര്‍ മെഴ്സിഡീസ് എസ് ക്ലാസ് മാത്രമായിരുന്നു അന്ന്. അതോടെ ഇലക്ട്രിക്ക് കാര്‍ വിപണയില്‍ ടെസ്ല തങ്ങളുടേതായ ആധിപത്യം ഉറപ്പിച്ചു. മോഡല്‍ എസിന് ശേഷം ഇറക്കിയ ടെസ്ലയുടെ ക്രോസ് ഓവര്‍ എസ്യുവിയായ മോഡല്‍ എക്‌സിന്റെ രൂപകല്‍പ്പനയില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ ടെസ്ല ശ്രമിച്ചു. റോഡ്സ്റ്ററിന് ശേഷം ടെസ്ല ഒരുക്കിയ വില കൂടിയ വണ്ടി ആയിരുന്നു മോഡല്‍ എക്‌സ്.
2017ല്‍ മോഡല്‍ 3 കാര്‍ ടെസ്ല പുറത്തിറക്കുന്നു. ഒരു വര്‍ഷം കൊണ്ട് തന്നെ 1 ലക്ഷം യൂണിറ്റ് വില്‍പന ഈ ഇലക്ട്രിക് കാര്‍ കൈവരിച്ചു. ഒറ്റ ചാര്‍ജില്‍ 354 കിലോമീറ്റര്‍, 386 കിലോമീറ്റര്‍, 425 കിലോമീറ്റര്‍, 523 കിലോമീറ്റര്‍ റേഞ്ചുകളുള്ള മോഡലുകള്‍ ഈ സെഡാനുണ്ട്. പരസ്യങ്ങള്‍ക്ക് പണം ചെലവാക്കാതെ റിസേര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റിനു വേണ്ടി ആ പണം വിനിയോഗിച്ചു തങ്ങളുടെ കാറുകളില്‍ നൂതന മാറ്റങ്ങളും ആശയങ്ങളും കണ്ടെത്തുക എന്നുള്ളതില്‍ ടെസ്ല കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നുള്ളതാണ് ടെസ്ലയെ മറ്റു കാര്‍ നിര്‍മാതാക്കളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ടെസ്ലയുടെ വിപ്ലവകരമായ ചുവടുവെപ്പ് എന്ന് പറയാവുന്നത് പത്ത് വര്‍ഷം മുമ്പ് ഇലോണ്‍ മസ്‌ക് പറഞ്ഞ, സ്റ്റിയറിങ് വീലുകളോ പെഡലുകളോ പോലുമില്ലാതെ രൂപകല്‍പ്പന ചെയ്ത പൂര്‍ണ്ണ ഓട്ടോണമസ് വാഹനമായ 'സൈബര്‍ക്യാബ് ആണ്.
ഇലോണ്‍ മസ്‌കിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ദൃശ്യരൂപമാണ് സൈബര്‍ക്യാബ്. ഇനി വരാന്‍ പോകുന്നത് ഡ്രൈവറില്ലാ കാറുകളുടെ കാലമാണ് എന്ന് മസ്‌ക് വിശ്വസിക്കുന്നു. അതിലേക്കുള്ള പാത വെട്ടിത്തെളിക്കാന്‍ ഇലോണ്‍ മസ്‌കും ടെസ്ലയും പരിശ്രമിച്ച് വരികയാണ്. അതിന്റെ ആദ്യ ചുവടുവെപ്പാണ് 2024 ഒക്ടോബറില്‍ വീ റോബോട്ട് ഇവന്റില്‍ ടെസ്ല സൈബര്‍ ക്യാബ് അവതരിപ്പിച്ച സൈബര്‍ ക്യാബ്. 'ബാക്ക് ടു ദ ഫ്യൂച്ചര്‍' സിനിമകളിലൂടെ പ്രശസ്തമായ ഡെലോറിന്‍ കാറിനെ അനുസ്മരിപ്പിക്കുന്ന ഗള്‍വിംഗ് ഡോറുകള്‍ ഉള്ള സൈബര്‍ ക്യാബിന്റെ 50 യൂണിറ്റുകള്‍ ടെസ്ല നിര്‍മിച്ചിട്ടുണ്ട്. 2025 പകുതിയോടെ കാലിഫോര്‍ണിയയിലും ടെക്‌സാസിലും ഈ മോഡല്‍ റോഡിലിറക്കാനാണ് ടെസ്ല ലക്ഷ്യമിടുന്നത്. ഒരു ചെറിയ ലോഞ്ചില്‍ ഇരിക്കുന്നത് പോലെ ഇരിക്കാമെന്നും ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്നും അത് കഴിയുമ്പോഴേക്കും നിങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തിയിട്ടുണ്ടാവുമെന്നും ഈ കാര്‍ അവതരിപ്പിച്ചു കൊണ്ട് എലോണ്‍ മസ്‌ക് പറഞ്ഞു. ടാക്‌സിയായി ഉപയോഗിക്കാനാവുന്ന ഈ വാഹനത്തിന് സ്റ്റിയറിങ് വീലോ പെഡലുകളോ ഇല്ല. അതായത് യാത്രക്കാര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം ഒട്ടുമുണ്ടാവില്ല. ഇന്‍ഡക്ടീവ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വയര്‍ലെസ് ആയാണ് ഇതിന്റെ ചാര്‍ജിങ്. മനുഷ്യര്‍ ഓടിക്കുന്ന വാഹനത്തേക്കാള്‍ ഇത് 20 ഇരട്ടി സുരക്ഷിതമാണെന്ന് ടെസ്ല അവകാശപ്പെടുന്നു.
ഇന്ന് ഇലക്ട്രിക്ക് കാറുകള്‍ എന്നാല്‍ ടെസ്ല എന്ന പേരാണ് ആദ്യം ആളുകളുടെ നാവില്‍ വരിക. 2008ല്‍ എലോണ്‍ മസ്‌ക് ടെസ്ലയുടെ സിഇഒ സ്ഥാനം ഏറ്റെടുത്തതില്‍ നിന്ന് 2024ല്‍ വന്നു നില്‍ക്കുബോള്‍ 1.38 ട്രില്ല്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപ് ഉള്ള കമ്പനിയായി ടെസ്ല മാറി. കൂടാതെ ഇലക്ട്രിക് കാര്‍ വിപണിയുടെ മൂന്നില്‍ രണ്ട് മാര്‍ക്കറ്റ് ഷെയറും ഇന്ന് ടെസ്ലയുടെ കൈവശമാണ്. അസാധ്യം എന്ന് പലരും പറയുന്നിടത്തും നിന്നാണ് വലിയ മുന്നേറ്റങ്ങള്‍ ടെസ്ല നേടിയത്. എത്ര തവണ പരാജയപ്പെട്ടാലും വിജയിക്കുന്ന വരെ ശ്രമം തുടരും അതാണ് മാസ്‌കിന്റെയും നയം. അത് തന്നെയാണ് ഇലക്ട്രിക്ക് കാര്‍ വിപണിയുടെ ഫിനിഷിങ് ലൈനില്‍ ഒന്നാമതാകാന്‍ ടെസ്ലയെ സഹായിച്ചത്.