ടൂറിസം വികസനത്തിന് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകൾ, അവരെ പിന്തുണയ്ക്കാൻ മാത്രമേ കേന്ദ്രത്തിന് കഴിയൂ: സുരേഷ് ഗോപി

ടൂറിസം വികസനത്തിന് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകൾ, അവരെ പിന്തുണയ്ക്കാൻ മാത്രമേ കേന്ദ്രത്തിന് കഴിയൂ: സുരേഷ് ഗോപി
Published on

തൃശൂർ : രാജ്യത്തെ വിനോദ സഞ്ചാര വികാസത്തിന് മുൻകൈ എടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. വിനോദ സഞ്ചാരം ഒരു സംസ്ഥാന വിഷയം കൂടിയാണ്. സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയ്ക്ക് മുന്നോട്ട് വയ്ക്കുന്ന പുതിയ വിനോദ സഞ്ചാരപദ്ധതികളെ സർവാത്മനാ പിൻതുണയ്ക്കാനേ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കുമൊക്കെ കഴിയൂ. ടൂറിസത്തിൻ്റെ സ്വഭാവം വലിയ രീതിയിൽ മാറി. അത് മുന്നിൽ കണ്ടുള്ള ആശയങ്ങൾ ടൂറിസം രംഗത്തേക്ക് കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഡെസ്റ്റിനേഷൻ ബിയോണ്ട് ഡെസ്റ്റിനേഷൻ പദ്ധതി ഇത്തരത്തിൽ ഒന്നാണ്. ഗോവയിൽ ഡെസ്റ്റിനേഷൻ ബിയോണ്ട് ബീച്ചസ് എന്ന അന്വേഷണം ഈ പദ്ധതി വഴി മുന്നോട്ട് വച്ച ഒന്നാണ് സുരേഷ് ​ഗോപി പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ടർക്കി, തായ്ലണ്ട് എന്നീ രാജ്യങ്ങൾ നമുക്ക് വെല്ലുവിളി ഉയർത്തുന്ന ഇടങ്ങളായി ഉയർന്നു വരികയാണ്. ഈ സാഹചര്യത്തിൽ പുതിയ വിനോദ സഞ്ചാര മേഖലകൾ കണ്ടെത്തി ലോകത്തിന് മുന്നിൽ വയ്ക്കേണ്ട ബാധ്യത നമുക്കുണ്ട്. സംസ്ഥാനങ്ങൾക്കാണ് ഇക്കാര്യത്തിൽ കൂടുതൽ പങ്കു വഹിക്കാനാവുക. പുതിയ തലമുറയിലെ യുവ പ്രവാസി വ്യവസായികൾ വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപിക്കുന്നത് അതിനെ സംബന്ധിച്ച് ഏറ്റവും പ്രയോജനകരമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിസോർട്ട് ശൃംഖലയായ വെക്കാ സ്റ്റേയുടെ ബുക്കിംഗ് ആപ്പ് ആയ ' വെക്കാ സ്റ്റേ കൾച്ചറിൻ്റേയും ' അവരുടെ തന്നെ ' വെക്കാസ്റ്റേ ലെഗസി കാർഡിൻ്റെയും ' ലോഞ്ചിങ്ങ് ചടങ്ങുകളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെക്കാ സ്റ്റേ ആപ്പിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 5000 പേരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ' ഥാർ റോക്ക്സ് ' നൽകുമെന്ന് കമ്പനി വക്താക്കൾ അറിയിച്ചു. തൃശൂർ എം.എൽ എ പി.ബാലചന്ദ്രൻ, കല്യാൺ സിൽക്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ , സംവിധായകൻ മേജർ രവി, അഭിനേത്രിമാരായ ഭാവന, നിഖില വിമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വെക്കാസ്റ്റേ ഡയറക്ടർ ടിപ്പു ഷാൻ നന്ദി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in