സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ സ്പെെസസ് പാർക്ക്, മുഖ്യമന്ത്രി ഇന്ന് നാടിന് സമർ‍പ്പിക്കും

സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ സ്പെെസസ് പാർക്ക്, മുഖ്യമന്ത്രി ഇന്ന് നാടിന് സമർ‍പ്പിക്കും

സര്‍ക്കാരിന് കീഴിലുള്ള സംസ്ഥാനത്തെ ആദ്യ സ്പൈസസ് പാര്‍ക്ക് ഇന്ന് നാടിന് സമര്‍പ്പിക്കും. മുട്ടത്തെ തുടങ്ങനാട്ടിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കിൻഫ്ര സ്‌പൈസസ് പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ വിശിഷ്ടാതിഥിയാകും. 15 ഏക്കർ സ്ഥലത്ത് ഒന്നാം ഘട്ടമായി നിർമിച്ചിരിക്കുന്ന സ്പൈസസ് പാർക്കിന്റെ ഉദ്ഘാടനമാണ് നടക്കുക. ഏകദേശം 20 കോടി മുതൽ മുടക്കിയാണ് ആദ്യഘട്ട നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കർ സ്ഥലത്ത് നിർമാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 2021 ഓക്ടോബറിലാണ് സ്‌പൈസസ് പാർക്ക് നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആഗസ്റ്റിൽ പണി പൂർത്തിയായ സ്‌പൈസസ് പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഒന്നാംഘട്ടത്തിൽ നിർമിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകൾ എല്ലാം സംരംഭകർക്ക് അനുവദിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്‌ജന തൈലങ്ങൾ, കൂട്ടുകൾ, ചേരുവകൾ, കറിപ്പൊടികൾ, കറിമസാലകൾ, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങൾ, സുഗന്ധവ്യഞ്ജന പൊടികൾ തുടങ്ങിയ സംരംഭങ്ങൾക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികൾക്ക് 30 വർഷത്തേക്ക് നൽകുന്നത്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകൾ, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകൾ, ചുറ്റുമതിൽ, ശുദ്ധജല വിതരണ ക്രമീകരണങ്ങൾ, വൈദ്യുതി വിതരണ സംവിധാനങ്ങൾ, സ്ട്രീറ്റ് ലൈറ്റുകൾ, മാലിന്യ നിർമാർജന പ്ലാന്റ്, മഴവെള്ള സംഭരണികൾ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്പൈസസ് പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

ഇപ്പോൾ കിൻഫ്രയുടെ അധീനതയിലുള്ള ഏകദേശം 37 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമിക്കാൻ പദ്ധതിയിട്ടിട്ടുള്ളത്. ജില്ലയിലെ സുഗന്ധവ്യഞ്ജന കൃഷിക്കും മൂല്യവർധിത ഉൽപ്പന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നൽകുവാൻ സ്പൈസസ് പാർക്ക് വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in