
പ്രവർത്തനം ആരംഭിച്ച് ആറുവർഷങ്ങള്‍ വിജയകരമായി പൂർത്തിയാക്കി ഷാർജയിലെ സഫാരി മാള്‍. സെപ്റ്റംബർ നാലിന് സഫാരി മാളില്‍ നടന്ന ആറാം വാർഷികാഘോഷത്തില്‍ ഷെയ്ഖ് സാലം ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും, ഷെയ്ഖ് അര്‍ഹമാ ബിന്‍ സൗദ് ബിന്‍ ഖാലിദ് ഹൂമൈദ് അല്‍ഖാസിമി എന്നിവർ മുഖ്യാതിഥികളായി. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍ തുടങ്ങിയവരും, ജീവനക്കാരും ആഘോഷത്തില്‍ സന്നിഹിതരായി.
ആറാം വാര്‍ഷികാഘോഷത്തോടൊപ്പം , ഓണത്തിനോടുമനുബന്ധിച്ച് ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സഫാരി ഔട്ട്‌ലെറ്റുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.2019 ല്‍ ആരംഭിച്ച സഫാരിയെ ഇരുകൈ നീട്ടി സ്വീകരിച്ചത് യു.എ.ഇ യിലെ സ്‌നേഹനിധികളായ ജനങ്ങളാണ് എന്നും, അതിന്‍റെ തെളിവാണ് 40 മില്യണോളം ഉപഭോക്താക്കള്‍ സഫാരിയോടൊപ്പം നിന്ന് വിജയകരമായ 7-ാം വര്‍ഷത്തിലേക്ക് കടക്കുന്നത് എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍ പറഞ്ഞു.
2019 ലാണ് ഷാർജയില്‍ സഫാരിമാള്‍ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോവിഡ് മഹാമാരിയില്‍ ഉള്‍പ്പടെ പ്രതിസന്ധികളില്‍ നിന്ന് ഊർജ്ജമുള്‍ക്കൊണ്ട് വളരെ ദൂരം മുന്നോട്ടുപോയത് ഉപഭോക്താക്കളുടെ പിന്തുണയോടെയാണെന്ന് സഫാരിമാള്‍ അധികൃതർ പറഞ്ഞു.