'പെറ്റ് വേൾഡ് അറേബ്യ 2024' പ്രദർശനം 22, 23 തീയതികളിൽ ദുബായിൽ; 22 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം പങ്കാളികൾ

'പെറ്റ് വേൾഡ് അറേബ്യ 2024' പ്രദർശനം  22, 23 തീയതികളിൽ ദുബായിൽ; 22 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം പങ്കാളികൾ

വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട മിഡിൽ ഈസ്റ്റ്, ആഫ്രിക്ക (മിയ) മേഖലയിലെ മുൻനിര വ്യവസായ പ്രദർശനമായ 'പെറ്റ് വേൾഡ് അറേബ്യ 2024' ഏപ്രിൽ 22, 23 തീയതികളിൽ ദുബായ് ഇൻ്റർനാഷനൽ, കൺവെൻഷൻ & എക്സിബിഷൻ സെൻ്ററിൽ നടക്കും. വളർത്തുമൃഗങ്ങളുടെ ഭക്ഷണ വ്യവസായം 2028 ഓടെ മിയാ മേഖലയിൽ 6 ബില്യൺ ഡോളർ വളർച്ച നേടുമെന്നതിനാൽ ഈ പ്രദർശനത്തിന് വലിയ പ്രാധാന്യവും പ്രസക്തിയുമാണുള്ളത്. കഴിഞ്ഞ വർഷത്തെ ആദ്യ പ്രദർശനത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടി അളവിലും വ്യാപ്തിയിലുമാണ് ദ്വിദിന മേള നടക്കുന്നത്. വ്യാപാരവും വിനോദ പരിപാടികളും മത്സരങ്ങളുമുളള പ്രദർശനം കൂടിയാണിത്.

വളർത്തു മൃഗങ്ങളുടെ ഉടമകളും വ്യാപാരികളും ഇത് ഹോബിയായി കൊണ്ടു നടക്കുന്നവരും ഈ രംഗത്തെ പ്രധാന സ്ഥാപനങ്ങളും അണിനിരക്കുന്ന പെറ്റ് വേൾഡ് അറേബ്യ പ്രദർശനം ഏറ്റവും ആകർഷകമായാണ് ഒരുക്കുന്നതെന്ന് സംഘാടകരായ അൽഫജർ ഇൻഫർമേഷൻ & സർവീസസ് ജനറൽ മാനേജർ നദാൽ മുഹമ്മദ് പറഞ്ഞു. 22 രാജ്യങ്ങളിൽ നിന്നുള്ള 200 വ്യവസായ ബ്രാൻഡുകളെ പ്രതിനിധീകരിച്ച് 150ലധികം പങ്കാളികൾ ഇത്തവണ മേളക്കെത്തുന്നുണ്ട്. ബെൽജിയം, ചൈന, ഈജിപ്ത്, ഇന്തോനേഷ്യ, ഇറ്റലി, ഇന്ത്യ, കുവൈത്ത്, നെതർലാൻഡ്സ്, പാക്കിസ്താൻ, സൗത്ത് കൊറിയ, സ്വിറ്റ്സർലാൻഡ്, റഷ്യ, തായ്ലാൻഡ്, തുർക്കി, യുഎഇ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ കൂടി ഇത്തവണ പ്രദർശനത്തിനെത്തുന്നുണ്ട്.

കൊവിഡിന് ശേഷം വളർത്തുമൃഗ പരിപാലനവും ഉടമസ്ഥതയും ഇരട്ടി വളർച്ചയിൽ തുടരുന്നുവെന്നും, മാർക്കറ്റ് ഡേറ്റാ ഫോർകാസ്റ്റ് (എംഡിഎഫ്) എന്ന റിസർച്ച് സ്ഥാപനത്തിൻ്റെ കണക്കനുസരിച്ച് 4.32 ശതമാനം സിഎജിആർ വളർച്ചയോടെ 2028ൽ മിയ മേഖലയിലെ പെറ്റ് ഫുഡ് മാർക്കറ്റ് 6.4 ബില്യൻ ഡോളറിലെത്തുമെന്നും നദാൽ പറഞ്ഞു. 2030ൽ മേഖലയിൽ ഈ വ്യവസായം 320 ബില്യണിൽ നിന്നും 500 ബില്യൺ ഡോളറായി മാറുമെന്ന് ബ്ലൂംബർഗ് ഇൻ്റലിജൻസ് (ബിഐ) പഠനത്തിൽ പറയുന്നു. 200 ബില്യൺ ഡോളർ വിൽപ്പനയോടെ അമേരിക്കയാകും ഏറ്റവും വലിയ വിപണിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

കുടുംബത്തിലെ അംഗങ്ങളെന്ന നിലയിൽ വളർത്തുമൃഗങ്ങളുടെ മനുഷ്യരുമായുള്ള ഇടപഴക്കം പ്രത്യേകിച്ചും യുഎഇയിലും സൗദി അറേബ്യയിലും വളരെയധികം വർധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ ഭക്ഷണത്തിന് വർധിച്ച ആവശ്യവുമുണ്ട്. എന്നാൽ, ഇവയുടെ പരിപാലന സേവനങ്ങൾ, ആയുസ്കൂട്ടാൻ മരുന്നുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയിൽ വൻ നിക്ഷേപവും അതിവേഗം കൂടി വരുന്നു -പെറ്റ്മി മാഗസിൻ എഡിറ്ററും ഷോലൈൻ സിഇഒയുമായ ഡോ. ശ്രീനായർ പറഞ്ഞു. ബിഐ ഡാറ്റ പ്രകാരം ഓമന മൃഗങ്ങളുടെ ദീർഘായുസിനായുള്ള മോണോക്ലോണൽ ആൻ്റിബോഡികൾ ഉൾപ്പെടെയുള്ള ഔഷധങ്ങളിലെ നിക്ഷേപം വർധിച്ച് ആഗോള പെറ്റ് ഫാർമസ്യൂട്ടിക്കൽ മാർക്കറ്റ് 25 ബില്യൺ ഡോളർ ആയി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in