സുഗന്ധങ്ങളുടെ സുല്‍ത്താന്‍ യൂസഫ് ബായി

സുഗന്ധങ്ങളുടെ സുല്‍ത്താന്‍ യൂസഫ് ബായി

സുഗന്ധങ്ങളുടെ നാടാണ് യുഎഇ. ലോകത്തെ എല്ലാ സുഗന്ധദ്രവ്യങ്ങളും ദുബായില്‍ ലഭ്യമാകും. ഓ‍ർമ്മകളുടെ,സൗഹൃദങ്ങളുടെ,ബന്ധങ്ങളുടെ സുഗന്ധം തേടി സഞ്ചാരികളുള്‍പ്പടെയുളളവരെത്തുന്ന ഒരിടമുണ്ട് ദുബായ് ഗോള്‍ഡ് സൂക്കില്‍. സുഗന്ധലേപനത്തിന് സ്വന്തം പേര്തന്നെ വിലാസമാക്കിയ യൂസഫ് ബായ് എന്നിടം.

2019 ല്‍ യൂസഫ് ബായി ഗോള്‍ഡ് സൂഖിലുണ്ടായിരുന്നത് രണ്ട് ഷോറൂമുകളായിരുന്നുവെങ്കില്‍ ഇന്നത് 5 ലെത്തി നില്‍ക്കുന്നു. ജോലിയ്ക്കായി പോകുന്നതിന് മുന്‍പ് യൂസഫ് ബായ് സുഗന്ധദ്രവ്യം പൂശും. അത് വെറും സുഗന്ധമല്ല. തന്‍റെ പിതാവിന്‍റെ ഓർമ്മകള്‍ കൂടിയാണ്. തൃശൂർ ചാവക്കാട് സ്വദേശിയായ യൂസഫ് മടപ്പന്‍റെ പിതാവിന് മത്സ്യമേഖലയിലായിരുന്നു ജോലി. ജോലി കഴി‍ഞ്ഞെത്തിയാല്‍ ധാരാളമായി സുഗന്ധം പൂശുമായിരുന്നു അദ്ദേഹം. പിതാവിനെ കുറിച്ചുളള ഓർമ്മകള്‍ക്ക് ആ ഗന്ധമാണ് യൂസഫ് ബായിക്ക്.

പെ‍ർഫ്യൂം ഷോപ്പിന്‍റെ ഉടമ മാത്രമല്ല യൂസഫ് ബായ്. അറിയപ്പെടുന്ന മോഡലും അതിനേക്കാളേറെ ആത്മാർത്ഥതയോടെ ശരീരം സൂക്ഷിക്കുന്ന നല്ലൊരു സ്പോ‍ർട്സ്മാനും കൂടിയാണ്. ഖത്തറില്‍ ഫോട്ടോഗ്രാഫറായിരുന്ന യൂസഫ് ബായി ദുബായിലെത്തിയതിന് ശേഷമാണ് പെർഫ്യൂമറായി യാത്ര ആരംഭിച്ചത്. സഹോദരനൊപ്പം സഹായിയായി തുടക്കം. എന്നാല്‍ അധികം വൈകാതെഗോള്‍ഡ് സൂഖിലെത്തുന്ന സുഗന്ധദ്രവ്യങ്ങളുടെ ഇഷ്ടക്കാരെ സ്വന്തം പേരിനൊപ്പം ചേർത്ത് നിർത്തി യൂസഫ് മടപ്പന്‍.

ഓർമ്മകളുടെ ഗന്ധം വീണ്ടെടുത്തുതരാന്‍ യൂസഫ് ബായിയെത്തേടിയെത്തുന്നവരും നിരവധി.ഏത് സുഗന്ധവും പുനർനിർമ്മിക്കാന്‍ സാധിക്കും. മരിച്ചുപോയ മാതാപിതാക്കള്‍ ഉപയോഗിച്ചിരുന്ന സുഗന്ധലേപനം വീണ്ടും ഉണ്ടാക്കാനായെത്തുന്നവർ മുതല്‍ തങ്ങള്‍ക്ക് മാത്രമായുളള സുഗന്ധത്തിനായി എത്തിയവരില്‍ ബോളിവുഡ് സെലിബ്രിറ്റികള്‍ വരെ ഉള്‍പ്പടും. മോഡലിംഗിലും സജീവമാണ്. യൂസഫ് ഭായ് എന്ന പെർഫ്യൂം ബ്രാന്‍ഡിന്‍റെ കിടിലന്‍മോഡലുമാണ് 55 ലേക്ക് കടക്കുന്ന ഇദ്ദേഹം. ഇതിനിടെ സെർബിയന്‍സിനിമയിലും അഭിനയിച്ചു.നക്ഷത്രങ്ങളെ നോക്കി വഴിപറയുന്നയാളായാണ് അഭിനയിച്ചത്. പെണ്‍സുഹൃത്തിനെ തേടിയെത്തുന്നയാള്‍ക്ക് വഴി പറഞ്ഞുകൊടുക്കുന്നയാളായാണ് അഭിനയിച്ചത്. ജീവിതത്തില്‍ സുഗന്ധം തേടിയെത്തുന്നവർക്ക് അത് നല്‍കുന്ന യൂസഫ് ഭായിക്ക് സിനിമയില്‍ ഇത്തരമൊരുറോള്‍ ലഭിച്ചത് യാദൃശ്ചികതയാകാം.

ദേര ഗോള്‍ഡ് സൂഖിലെ തന്‍റെ അഞ്ചാമത് ഔട്ട്ലെറ്റിന്‍റെ ഉദ്ഘാടന തിരക്കിലാണ് യൂസഫ് ബായി. ചുറ്റും അദ്ദേഹത്തിന്‍റെ ഫോളോവേഴ്സും സുഹൃത്തുക്കളുമായുളള വന്‍ സംഘം. യൂസഫ് മടപ്പന്‍റെ സഹോദരങ്ങളായ ജലാല്‍ മുഹമ്മദലി മടപ്പേനും സുബൈര്‍ മുഹമ്മദലി മടപ്പേനും ചേര്‍ന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ദേര ഗോള്‍ഡ് സൂഖ് ന്യൂ എക്‌സ്റ്റന്‍ഷന്‍ ഏരിയയിലെ മോസ പ്‌ളാസ 2ല്‍ (ഷോപ് നമ്പര്‍ 3) ആണ് യൂസുഫ് ഭായിയുടെ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.

എങ്ങും സുഗന്ധം പരക്കട്ടെയെന്നുളളതാണ് തന്‍റെ ആഗ്രഹമെന്ന് യൂസഫ് ബായി പറയും. സുഗന്ധത്തിന്‍റെ നിര്‍വചനം തന്നെ ആധുനിക കാലത്ത് മാറിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ഗന്ധങ്ങള്‍ നിർമ്മിച്ചു നല്‍കുന്നു. മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം കൂടിയാണ് തന്‍റെ അതിലേറെ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറയുന്നു. സുഗന്ധം പുനർനിർമ്മിക്കുകയെന്നുളളത് അത്ര എളുപ്പമല്ല.ജീവിത നിഷ്ഠങ്ങളും ഇതില്‍ പ്രധാനമാണ്. സുഗന്ധം തിരിച്ചറിയാനും ചേരുവകള്‍ മനസിലാക്കാനും പ്രത്യേകകഴിവ് വേണം. അത് നിലനിർത്തുകയെന്നുളളതും പ്രധാനമാണമെന്ന് യൂസഫ് ബായി പറയുന്നു. ഓ‍ർമ്മകളിലെസുഗന്ധങ്ങളെത്തേടിയെത്തുന്നവർക്ക് ഉത്തരം നല്‍കാന്‍ ഗോള്‍ഡ് സൂഖില്‍ യൂസഫ് മടപ്പനുണ്ട്,സ്നേഹപുഞ്ചിയുടെ സുഗന്ധം ഒട്ടും ചോരാതെ.

Related Stories

No stories found.
logo
The Cue
www.thecue.in