കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിൻറെ ആവശ്യമാണെന്ന് എം.എ യൂസഫലി. ദുബായ് സത്വയില്‍ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയുടെ മികച്ച അവസരങ്ങൾക്കായി കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തണം.ഇപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നിക്ഷേപ അവസരങ്ങള്‍ക്കായി മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള സമ്മിറ്റ് ഇതിനുള്ള മികച്ച അവസരമാണെന്നും കേരളത്തിലെ സാധ്യതകൾ എന്തെല്ലാമെന്ന് ലോകത്തെ കൂടുതൽ അറിയിക്കണമെന്നും എം.എ യൂസഫലി പറഞ്ഞു. ഐടി,ടൂറിസം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങി വിവിധരംഗങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ വരണമെന്നും സ്വദേശത്ത് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം ദുബായിൽ വ്യക്തമാക്കി
എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ദുബായ് ലാൻഡ് ഡിപാർട്ട്മെൻറ് സിഇഒ മാജിദ് സഖർ അൽമറിയാണ് സത്വയിലെ പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. മൂന്ന് മുതൽ അഞ്ച് വർഷത്തിനകം നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ഐപിഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്‍റെ 23-ആമത്തെ സ്റ്റോറാണ് ഇന്ന് തുറന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. ദുബായിൽ നാല് പുതിയ ഹൈപ്പർ മാർക്കറ്റ് അടുത്ത് തന്നെ ആരംഭിക്കും. ജെ.എൽ.ടി, നാദ് അൽ ഹമ്മർ, ദുബായ് എക്സ്പോ സിറ്റി, ഊദ് അൽ മുതീന എന്നിവിടങ്ങളിലാണിത്. ഇത് കൂടാതെ ഖോർഫക്കാൻ, ഗലീല, സെയോഹ് ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായിലെ 28-ആമത്തേതും യുഎഇയിലെ 112-ആമത്തേതുമാണ് സത്വ ലുലു ഹൈപ്പർ മാർക്കറ്റ്. സത്വ, ജാഫ്‍ലിയ, ജുമേറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ രാജ്യക്കാരായ താമസക്കാർക്ക് സൗകര്യപ്രദമായവിധത്തിലാണ് ഹൈപ്പർ മാർക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. 62,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഹൈപ്പർ മാർക്കറ്റിൽ ഫ്രഷ് മാർക്കറ്റും ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുമുണ്ട്. ഗ്രോസറി, ബേക്കറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഐടി ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇ കൊമേഴ്സ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്. സി.ഇ. ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, ലുലു ദുബായ് റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു