കേരളത്തിലെത്തുമോ ലയണല്‍ മെസി? ചർച്ചകള്‍ നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍

കേരളത്തിലെത്തുമോ ലയണല്‍ മെസി? ചർച്ചകള്‍ നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍
Published on

കേരളത്തില്‍ ഫുട്ബോള്‍ കളിക്കാന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയെത്തുമോ, ആയിരകണക്കിന് ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍. കേരളത്തില്‍ ഫുട്ബോള്‍ മത്സരത്തിനായി അർജന്‍റീന ടീമെത്തുമോയെന്നുളള ചോദ്യത്തിന് ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്നതായിരുന്നു ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍റെ മറുപടി. ലുലു എക്‌സ്‌ചേഞ്ചും ലുലു മണിയും അർജന്‍റീന ഫുട്ബോൾ അസോസിയേഷനുമായുളള ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍.

ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ടീമിന് ഇത്രയധികം ആരാധകരുണ്ടെന്നുളളത് ഏറെ അഭിമാനമാണ്. ആ ആരാധകർക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്. സർക്കാർ തലത്തില്‍ ചർച്ചകള്‍ നടക്കുകയാണ്. അനുകൂലമായ സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെസിയുടെ കായിക ക്ഷമത തൃപ്തികരമാണ്. അദ്ദേഹം അടുത്ത ലോകകപ്പില്‍ കളിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളത്തില്‍ ലുലു മണി അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാനിലും പങ്കെടുത്തു.

2023 ല്‍ ഫുട്ബോള്‍ ലോകകപ്പ് ഉയർത്തിയ അർജന്‍റീന ടീമിന്‍റെ കോച്ച് ലയണല്‍ സ്കലോണി ഉള്‍പ്പടെയുളളവർ ചടങ്ങിനെത്തിയിരുന്നു. അർജന്‍റീന അധികം വൈകാതെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലുലു ഹോള്‍ഡിങ്‌സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദും പറഞ്ഞു. കേരളത്തെ കുറിച്ചും ആരാധകരെ കുറിച്ചും അവർക്ക് അറിയാം. കേരളത്തിലെത്തുകയെന്നുളളത് ഇരു രാജ്യങ്ങളും തമ്മിലുളള തീരുമാനമാണെന്നും ഏതെങ്കിലും തരത്തില്‍ സഹകരിക്കാന്‍ കഴിയുമെങ്കില്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലുലു എക്സ്ചേഞ്ച് - ലുലു മണി അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റെ പ്രാദേശിക ഫിൻ ടെക് പങ്കാളി

ലുലു എക്സ്ചേഞ്ച് / ലുലു മണി അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയാകും. ദുബായ് പുൾമാൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ കൊമേർഷ്യൽ ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്‌സൺ ലുലു മണി അസി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷാനിൽ എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.

ഇന്ത്യയും ജി.സി.സിയും ഉൾപ്പെടെ 10 രാജ്യങ്ങളിൽ അർജന്‍റീന ഫുട്​ബാൾ അസോസിയേഷനുമായി സഹകരിക്കുന്നതിനുളള ധാരണപത്രമാണ് ഒപ്പുവച്ചത്. നിലവില്‍ 10 രാജ്യങ്ങളിലായി ലുലു എക്സ്ചേഞ്ചിന് 347 ബ്രാഞ്ചുകളുണ്ട്. ഇന്ത്യയില്‍ ലുലു ഫോറെക്സും ഗ്രൂപ്പിന്‍റെ മൈക്രോ ലെന്‍റിങ്, ഫിനാന്‍ഷ്യല്‍ സർവീസസ് വിഭാഗമായ ലുലു ഫിന്‍ സെർവും ബ്രാന്‍ഡിനെ പ്രതിനിധീകരിക്കും. മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയായിരിക്കും പങ്കാളിത്തം.2026 ലെ യുഎസ്- കാനഡ- മെക്സിക്കോ ലോകകപ്പ് ഫുട്ബോൾ കഴിയുന്നതു വരെ ഈ കരാറിന് പ്രാബല്യമുണ്ടാകും.

അടുത്ത ഒരുവർഷം അർജന്‍റീന ടീം പ​ങ്കെടുക്കുന്ന പ്രധാന മാച്ചുകളുടെ​ ടിക്കറ്റുകൾ, പ്രമുഖ താരങ്ങളുമായി കൂടിക്കാഴ്ചക്ക്​ അവസരം, മറ്റ്​ സമ്മാനങ്ങൾ എന്നിവ പ്രമോഷനിലൂടെ പ്രഖ്യാപിക്കും. അർജന്‍റീനയെന്നുളളത് ഫൂട്ബോളിനപ്പുറം ആരാധകരുടെ ഹൃദയത്തിന്‍റെ വികാരം കൂടിയാണ്, ആ സന്തോഷമാണ് ലക്ഷ്യമെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംങ്സിന്‍റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അദീബ് അഹമ്മദ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in