അന്താരാഷ്ട്ര നഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം

അന്താരാഷ്ട്ര നഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം
Published on

അന്താരാഷ്ട്ര നഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നഴ്‌സുമാരെ കാത്തിരുന്നത് വമ്പൻ സർപ്രൈസ്! തിരഞ്ഞെടുക്കപ്പെട്ട പത്ത് നഴ്സുമാർക്ക് ടൊയോട്ട റാഫോർ കാറാണ് യുഎഇയിലെ ബുർജീൽ ഹോൾഡിങ്സ് സമ്മാനിച്ചത്. ഗ്രൂപ്പിന്‍റെ ആശുപത്രികളിലും മെഡിക്കൽ സെന്‍ററുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച നഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിംഗ് ഫോഴ്സ് അവാർഡ്സിലാണ് ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം ഓരോരുത്തരെയും കാത്തിരുന്നത്. വിജയികളിൽ നാല് മലയാളികളുൾപ്പടെ ആറ് ഇന്ത്യാക്കാരുണ്ട്. ബാക്കിയുള്ളവർ ഫിലിപ്പൈൻസ്, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

എല്ലാ വർഷങ്ങളിലെയും പോലെയുള്ള ആഘോഷങ്ങളും സമ്മാനങ്ങളുമാണ് പങ്കെടുക്കാനെത്തിയവർ പ്രതീക്ഷിച്ചിരുന്നത്. വേദിയിൽ സ്വന്തം അനുഭവങ്ങളെക്കുറിച്ച് സംസാരിക്കണമെന്ന് മാത്രമേ കരുതിയുള്ളൂ. ഇത്രയും വിലയേറിയ ഒരു സമ്മാനം പ്രതീക്ഷിച്ചതേയില്ലെന്ന് ഡ്രൈവിംഗ് ഫോഴ്സ് അവാർഡ് വിജയി അനി എം. ജോസ് പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയിൽ നഴ്സിങ് എഡ്യൂക്കേഷൻ മാനേജരായ കണ്ണൂർ സ്വദേശി അനി യുഎഇ യിലെത്തിയത് 2015ലാണ്. നഴ്‌സിങ്ങിൽ ഡോക്ടറേറ്റ് എടുത്ത് ആതുരസേവന രംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ തയ്യാറെടുക്കുകയാണ് അനിയിപ്പോൾ.

അൽ റീമിലെ ബുർജീൽ ഡേ സർജറി സെന്‍ററില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി അർച്ചന കുമാരി , ദുബായ് മെഡിയോർ ആശുപത്രിയിൽ നഴ്സായ സിബി മാത്യു, അൽ ഐനിലെ ബുർജീൽ റോയൽ ഹോസ്പിറ്റലിൽ ഐസിയു നഴ്സായ വിഷ്ണു പ്രസാദ് എന്നിവരാണ് മറ്റു മലയാളികൾ. എറണാകുളത്തു നിന്നും യുഎഇ യിലേക്ക് ചേക്കേറിയ സിബി കൂടുതലും ഡയാലിസിസ് രോഗികളെയാണ് പരിചരിക്കുന്നത്. ഓരോ രോഗിയും ഓരോ പാഠമാണെന്നാണ് സിബിയുടെ വിശ്വാസം. പത്തനംതിട്ട സ്വദേശിയായ വിഷ്ണു ഏഴു വര്ഷമായി ബുർജീലിൽ ഐസിയു നഴ്സാണ്. കൂട്ടായ പ്രവർത്തനത്തിന്‍റെ ആവശ്യകത, അടിയന്തര ഘട്ടങ്ങളിൽ എങ്ങിനെ സംയമനം പുലർത്താം, എങ്ങിനെ ഉചിതമായ തീരുമാനങ്ങൾ സമയബന്ധിതമായി എടുക്കാം തുടങ്ങിയ കാര്യങ്ങൾ ഐസിയു കാലം വിഷ്ണുവിനെ പഠിപ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ പ്രിയങ്ക ദേവിയും നബീൽ ഇക്‌ബാലുമാണ് പുരസ്കാരം നേടിയ മറ്റ് ഇന്ത്യക്കാർ.

അബുദാബിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദും വിജയികൾക്ക് താക്കോൽ കൈമാറി. പലപ്പോഴും, മികവിനെ നമ്മൾ വിലയിരുത്തുന്നത് കണക്കുകളിലൂടെയാണ്. എന്നാൽ യഥാർത്ഥ നഴ്സിംഗ് മികവ് അളക്കാനാവില്ല. ആശ്വസിപ്പിക്കുന്ന കരങ്ങളിലും, പ്രത്യാശ പകർന്ന് നൽകുന്ന ഹൃദയങ്ങളിലുമാണത് ജീവിക്കുന്നത്. ഇത്തരം വിലമതിക്കാനാവാത്ത സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഡ്രൈവിംഗ് ഫോഴ്സ് അവാർഡ്,ജോൺ സുനിൽ പറഞ്ഞു. ബുർജീൽ യൂണിറ്റുകളിലുടനീളം മാസങ്ങൾ നീണ്ട വിലയിരുത്തലുകൾക്ക് ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. നഴ്സുമാരുടെ പ്രകടനം, കമ്മ്യൂണിറ്റി സേവനം, രോഗികളുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനം എന്നിവ അവലോകനം ചെയ്താണ് അന്തിമവിജയികളെ തീരുമാനിച്ചത്. വരും ദിനങ്ങളിൽ ബുർജീലിന്‍റെ ആരോഗ്യശൃംഖലയിലുള്ള 100 നേഴ്സുമാർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും നൽകും.

Related Stories

No stories found.
logo
The Cue
www.thecue.in