മജ്ജ മാറ്റിവയ്ക്കൽ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്സുമായി കൈകോർത്ത് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം

 മജ്ജ മാറ്റിവയ്ക്കൽ സേവനങ്ങൾക്കായി ബുർജീൽ ഹോൾഡിങ്സുമായി കൈകോർത്ത് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം
Published on

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ മേളയായ അറബ് ഹെൽത്തിൽ ഈജിപ്ത്യൻ ആരോഗ്യമന്ത്രാലയുമായി തന്ത്രപ്രധാനമായ കരാറിലേർപ്പെട്ട് ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ്. ഈജിപ്ത് ഉൾപ്പെടുന്ന ആഫ്രിക്കൻ മേഖലയിലുടനീളം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ സമഗ്രമായ പദ്ധതി വികസിപ്പിക്കാനും അർബുദ പരിചരണം വിപുലമാക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് കരാർ. ഈജിപ്റ്റ് ആരോഗ്യ മന്ത്രാലയത്തിലെ സെക്രട്ടേറിയറ്റ് ഓഫ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്‍റർസ് മേധാവി ഡോ. മഹാ ഇബ്രാഹിമും ബുർജീൽ ഹോൾഡിങ്സ് ഗ്രൂപ്പ് സിഇഒ ജോൺ സുനിലും ധാരണാപത്രത്തിൽ ഒപ്പ് വെച്ചു. ഈജിപ്ത്യൻ ഉപപ്രധാനമന്ത്രിയും ആരോഗ്യ-ജനസംഖ്യാ മന്ത്രിയുമായ ഖാലിദ് അബ്ദുൽ ഗഫാർ, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു.

പരിശീലനം, ഗവേഷണം, ചികിത്സാ ലഭ്യത എന്നിവയിലൂന്നിയ തന്ത്രപ്രധാനമായ സംരംഭങ്ങളിലൂടെ ഈജിപ്റ്റിലെ അർബുദ ചികിത്സാരംഗത്ത് അർത്ഥവത്തായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഷംഷീർ വയലിൽ പറഞ്ഞു. നൂതന അർബുദ ചികിത്സാ രീതികളിലും മജ്ജ മാറ്റിവെക്കൽ പോലുള്ള മറ്റു സങ്കീർണ പരിചരണ മേഖലകളിലും ആരോഗ്യസംരക്ഷണ വിദഗ്ധരെ പ്രാപ്തരാക്കാനുള്ള പരിശീലനം ബുർജീൽ ലഭ്യമാക്കും. ഇതിന്‍റെ ഭാഗമായി ഈജിപ്തിൽ മജ്ജ മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്ന രോഗികൾക്കു എത്രയും വേഗം ചികിത്സ ലഭ്യമാക്കുള്ള പദ്ധതികൾ ആവിഷ്കരിക്കും. ബിഎംസിയിലെ വിജയകരമായ ബിഎംടി പ്രോഗ്രാമുകളിൽ നിന്നുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ഈജിപ്റ്റിലെ ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ, അനുബന്ധ സേവനങ്ങൾ നൽകുന്നവർ എന്നിവർക്ക് മുതിർന്നവരിലേയും കുട്ടികളിലെയും മജ്ജ മാറ്റിവയ്ക്കലിന് സമഗ്ര പരിശീലനം നൽകുക.

ഈജിപ്റ്റിലെ അർബുദ സേവനം മെച്ചപ്പെടുത്താൻ ബുർജീലിന്‍റെ വൈദഗ്ധ്യം സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ കൂട്ടിച്ചേർത്തു. ഈജിപ്തിലെയും അനുബന്ധ പ്രദേശങ്ങളിലെയും മെഡിക്കൽ പ്രൊഫഷണലുകളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി ഒരു വർഷത്തെ പ്രത്യേക ഓങ്കോളജി നഴ്സിംഗ് പരിശീലന പരിപാടി ആരംഭിക്കും. ആഫ്രിക്കയിലുടനീളമുള്ള രോഗികൾക്ക് അർബുദ പരിചരണ ലഭ്യത വർധിപ്പിക്കുന്നതിനായി ആരോഗ്യമന്ത്രാലയം, നിയുക്ത ഏജന്‍റുമാർ, ബിഎംസി എന്നിവർ ചേർന്ന് ഒരു മെഡിക്കൽ ടൂറിസം രൂപരേഖയും സഹകരണത്തിന്‍റെ ഭാഗമായി തയ്യാറാക്കും.

Related Stories

No stories found.
logo
The Cue
www.thecue.in