രാജ്യത്തെ രണ്ടാമത്തെ കോടീശ്വരന്‍; പക്ഷേ, ഗൗതം അദാനിക്ക് ശമ്പളം വളരെ കുറവാണ്

രാജ്യത്തെ രണ്ടാമത്തെ കോടീശ്വരന്‍; പക്ഷേ, ഗൗതം അദാനിക്ക് ശമ്പളം വളരെ കുറവാണ്
Published on

രാജ്യത്തെ ശതകോടീശ്വരന്‍മാരില്‍ രണ്ടാമനാണ് ഗൗതം അദാനി. തുറമുഖവും വിമാനത്താവളവും തുടങ്ങി വൈദ്യുതോല്‍പാദനത്തില്‍ വരെയെത്തി നില്‍ക്കുന്ന ബിസിനസ് സാമ്രാജ്യം. വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പത്ത് കമ്പനികളുടെ അധിപന്‍. പക്ഷേ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഈ കമ്പനികളില്‍ നിന്ന് ഗൗതം അദാനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ കണക്ക് നോക്കിയാല്‍ കൂടെയുള്ള ഡയറക്ടര്‍മാരാണ് ഭേദമെന്ന് തോന്നും. കമ്പനികളുടെ മറ്റ് ഡയറക്ടര്‍മാരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് അദാനിക്ക് സ്വന്തം കമ്പനികളില്‍ നിന്ന് ലഭിക്കുന്നതെന്ന് അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക കണക്കുകള്‍ പറയുന്നു. 2023-24 സാമ്പത്തികവര്‍ഷത്തില്‍ അദാനിക്ക് ശമ്പളമായി കിട്ടിയത് 9.26 കോടി രൂപയാണ്. അതേസമയം ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഗൗതം അദാനിയുടെ ജീവനക്കാരനുമായ വിനയ് പ്രകാശ് വാങ്ങിയത് 89.37 കോടി രൂപയാണ്. ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദര്‍ സിംഗ് 9.45 കോടി രൂപ ഇക്കാലയളവില്‍ വാങ്ങി.

പത്ത് കമ്പനികളുടെ അധിപനാണെങ്കിലും അവയില്‍ രണ്ടെണ്ണത്തില്‍ നിന്നു മാത്രമേ അദാനി ശമ്പളം പറ്റുന്നുള്ളു. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷം 2.19 കോടി രൂപ ശമ്പളവും 27 ലക്ഷം രൂപ അലവന്‍സുമുള്‍പ്പെടെ ആകെ 2.46 കോടി രൂപ അദാനി കൈപ്പറ്റിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 3 ശതമാനം വര്‍ദ്ധന ഇതില്‍ രേഖപ്പെടുത്തി. അദാനി പോര്‍ട്‌സ് ആന്‍ഡ് സെസില്‍ നിന്ന് 6.8 കോടി രൂപയും അദാനി ശമ്പളയിനത്തില്‍ കൈപ്പറ്റി. ഗൗതം അദാനിയുടെ ഇളയ സഹോദരന്‍ രാജേഷ് അദാനി 8.37 കോടി രൂപ പ്രതിഫലമായി വാങ്ങിയിട്ടുണ്ട്. ഇതില്‍ 4.71 കോടി ലാഭ വിഹിതമാണ്. അനന്തരവന്‍ പ്രണവ് അദാനി 4.5 കോടി കമ്മീഷന്‍ അടക്കം 6.46 കോടി രൂപ ശമ്പളമായി കൈപ്പറ്റി. മകന്‍ കരണ്‍ അദാനി 3.9 കോടി രൂപ ശമ്പളമായി വാങ്ങ. ഗൗതം അദാനിയാകട്ടെ അദാനി എന്റര്‍പ്രൈസസില്‍ നിന്ന് കമ്മീഷന്‍ ഇനത്തില്‍ പണമൊന്നും വാങ്ങിയിട്ടില്ല. അതേസമയം അദാനി പോര്‍ട്‌സ് ആന്‍ഡ് സെസില്‍ നിന്ന് വാങ്ങിയ പണത്തില്‍ 1.8 കോടി മാത്രമാണ് ശമ്പളം. ബാക്കി 5 കോടി രൂപ കമ്മീഷനാണ്. ഈ തുക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രമേ അദാനിയുടെ കയ്യില്‍ കിട്ടുകയുള്ളു.

ജീവനക്കാരുടെ ശമ്പളത്തില്‍ 12 ശതമാനത്തിന്റെയും പ്രധാന ചുമതലകളിലുള്ളവരുടെ ശമ്പളത്തില്‍ 5.37 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയതായി വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മറ്റ് ശതകോടീശ്വരന്‍മാരായ വ്യവസായികളില്‍ ഇന്‍ഫോസിസ് സിഇഒ സലില്‍ എസ്. പരേഖ്, എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്.എന്‍.സുബ്രഹ്‌മണ്യന്‍, പവന്‍ മുഞ്ജാല്‍ എന്നിവര്‍ 80 കോടി വീതം ശമ്പളം വാങ്ങിയിട്ടുണ്ട്. രാജീവ് ബജാജ് 53.7 കോടിയും സുനില്‍ ഭാരതി മിത്തല്‍ 16.7 കോടിയും ശമ്പളയിനത്തില്‍ വാങ്ങിയപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷ് അംബാനി കോവിഡ് കാലം മുതല്‍ ശമ്പളം ഉപേക്ഷിച്ച് ജീവിക്കുകയാണ്.

logo
The Cue
www.thecue.in