
കോർപ്പറേറ്റ് നികുതി,വാറ്റ് ,ഓഡിറ്റ് തുടങ്ങിവ സംബന്ധിച്ച് സൗജന്യ ബോധവല്‍ക്കരണസെമിനാറൊരുക്കാന്‍ ദുബായിലെ ഓഡിറ്റിങ് സ്ഥാപനമായ ബിഎംഎസ്. ദുബായില്‍ കോർപ്പറേറ്റ് ആസ്ഥാനം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദുബായ് ദേര ക്രൗണ്‍ പ്ലാസയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിഎംഎസ് സ്ഥാപനപ്രതിനിധികള്‍. യുഎഇയില്‍ മാത്രമല്ല, ജിസിസിയിലെ വിവിധ രാജ്യങ്ങളിലും ഇത്തരത്തില്‍ ഓഡിറ്റ് സാക്ഷരത സെമിനാറുകള്‍ സംഘടിപ്പിക്കും. ചില സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ചുളള കൃത്യമായ ധാരണയില്ല. അങ്ങനെയുളളവർക്ക് സെമിനാർ ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബിഎംഎസിന്‍റെ സിഇഒ സിഎ ഷെഹിൻഷാ കെപി പറഞ്ഞു.
ഓരോ രാജ്യത്തേയും പ്രാദേശിക നിയമങ്ങള്‍, സംസ്കാരങ്ങള്‍, നികുതി തുടങ്ങിയവയെ കുറിച്ചെല്ലാം സമയോചിതമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കുന്നുവെന്ന് ബിഎംഎസിന്‍റെ ഒമാൻ പാർട്ട്ണർ ബദർ സെയ്ഫ് കിന്‍റി പറഞ്ഞു. സാമൂഹികമായ നീതിബോധം ഓർമ്മയിൽ വച്ചുകൊണ്ട് സത്യസന്ധ മായി ചുമതലകൾ നിർവ്വഹിക്കപ്പെടുന്നതാണ് ബി എം എസിന്‍റെ വ്യത്യസ്ഥതയെന്ന് ഗ്ലോബൽ അഡ്വൈസർ മുസ്തഫ പള്ളിക്കലകത്ത് അഭിപ്രായപ്പെട്ടു
കരാറുകളും ബാങ്കിംഗ് സൗകര്യങ്ങളും ആത്മ വിശ്വാസത്തോടെ ആക്‌സസ് ചെയ്യാൻ തങ്ങൾക്ക് ലഭിച്ചിട്ടുള്ള ഐസിബി സ്‌കോറിംഗും സെൻട്രൽ ബാങ്ക് സർട്ടിഫിക്കേഷനും തങ്ങളുടെ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നുവെന്ന് സീനിയർ ഡയറക്ടർ സെൽവൻ ധർമ്മരാജ് വ്യക്തമാക്കി. വൈവിധ്യമാർന്ന വിപണികളിലുടനീളം തടസ്സമില്ലാത്ത ഓഡിറ്റും അക്കൗണ്ടിംഗ് സേവനങ്ങളും ഉറപ്പാക്കാൻ തങ്ങൾക്ക് കഴിയുന്നുവെന്ന് ബിഎംഎസിന്റെ യുകെ പാർട്ട്ണർ പോൾ ഗില്ലീസ് ചൂണ്ടിക്കാട്ടി.യുഎഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് സ്ഥാപനമാണ് ബിഎംഎസ്. ദുബായിൽ കോർപ്പറേറ്റ് ആസ്ഥാനം അത്യാധുനിക രീതിയിൽ വിപുലീകരിക്കും, ഒരു മാസത്തിനുള്ളിൽ ഓഫീസ് പ്രവർത്തനക്ഷമമാകും.ആറ് ജിസിസി രാജ്യങ്ങളിലും യുഎസിലും യുകെയിലും ഓഫീസുകളുണ്ട്.