
ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി യുഎഇയിലെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് അബുദാബി മുഷ്റിഫിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. വ്യാപാരനയം വിപുലമാക്കുന്നതിന്‍റെ ഭാഗമായി യുഎസ്, യുകെ, എന്നിവടങ്ങളിലെ സന്ദർശനങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് യുഎഇയിലെത്തിയത്. അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കും അദേഹം സന്ദർശിച്ചു.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്കൊപ്പം ലുലു ഹൈപ്പർമാർക്കറ്റ് നടന്ന് കണ്ട പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, വൈവിധ്യമാർന്ന ഓസ്ട്രേലിയൻ ഉത്പന്നങ്ങൾ കണ്ടറിഞ്ഞു. സന്ദർശനത്തിനിടെ ഓസ്ട്രേലിയയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കാൻ എം.എ യൂസഫലിയെ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രത്യേകം ക്ഷണിച്ചു. കർഷകരും വിതരണക്കാരുമായി നേരിട്ട് ബന്ധമുള്ള ലുലുവിന്റെ സേവനം, മികച്ച ഗുണമേകുമെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി. ഓസ്ട്രേലിയൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും, ലോജിസ്റ്റിസ്ക്സ് കേന്ദ്രങ്ങൾ വഴി മികച്ച തൊഴിലവസരമാണ് നൽകുന്നതെന്നും അദേഹം ചൂണ്ടികാട്ടി. ഓസ്ട്രേലിയ - യുഎഇ സ്വതന്ത്ര വ്യാപാര കരാർ ഒക്ടോബർ 1 മുതൽ നടപ്പാക്കുമെന്നും ഓസ്ട്രേലിയയുടെ സുപ്രധാന വ്യാപാര പങ്കാളിയായി യുഎഇ മാറുമെന്നും പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് വ്യക്തമാക്കി.
ഓസ്ട്രേലിയയിൽ നിന്നുള്ള ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് മിഡിൽ ഈസ്റ്റിലടക്കം ലുലു ലഭ്യമാക്കുന്നതെന്നും പ്രാദേശിക കർഷകർക്കും വിതരണകാർക്കും പിന്തുണ നൽകുക കൂടിയാണ് ലുലുവെന്നും ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണ് ഓസ്ട്രേലിയയുമായി ലുലുവിനുള്ളത്. ആദ്യമായി നടത്തിയ ഓസ്ട്രേലിയ സന്ദർശനം എം.എ യൂസഫലി കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു. മികച്ച ഓസ്ട്രേലിയൻ മീറ്റ് - ലാംബ് എന്നിവ യുഎഇയിലെ ലുലു സ്റ്റോറുകളിലേക്ക് ഇറക്കുമതി ചെയ്യാനായി ആയിരുന്നു 1983 സെപ്റ്റംബർ 8ലെ ആ യാത്ര. ഓസ്ട്രേലിയൻ ഉത്പന്നങ്ങൾക്ക് മിഡിൽ ഈസ്റ്റിൽ മികച്ച സ്വീകാര്യതയാണ് ഉള്ളതെന്നും അദേഹം വ്യക്തമാക്കി.
യുഎഇയിലെ ഓസ്‌ട്രേലിയൻ അംബാസഡർ റിദ്‌വാൻ ജാദ്വത്, ഓസ്ട്രേലിയയിലെ യുഎഇ അംബാസഡർ ഫഹദ് ഉബൈദ് മുഹമ്മദ് എ.എ, ലുലു ഗ്രൂപ്പ് ഡയറക്ടർ ആൻഡ് ചീഫ് സസ്റ്റൈനബിളിറ്റി ഓഫീസർ മുഹമ്മദ് അൽത്താഫ്, ഗ്ലോബൽ ഓപ്പറേഷൻ ഡയറക്‌ടർ ഷാബു അബ്ദുൾ മജീദ്, ഡയറക്ടർ ഓഫ് മാർക്കറ്റിങ്ങ് ആൻ കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ തുടങ്ങിയവരും ഭാഗമായി.