ദുബായ് ഔട്ട്ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ ആരംഭിച്ചു

ദുബായ് ഔട്ട്ലെറ്റ് മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ ആരംഭിച്ചു

ദുബായ് ഔട്ട്ലെറ്റ് മാളിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനം ആരംഭിച്ചു. ദുബായ് ഔട്ട്ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ്‌ അൽ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗക്‌ അൽ മാരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

ദുബായിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ഔട്ലെറ്റ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നതിൽ അഭിമാനമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. മുന്നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ലുലു അതിവേഗം മുന്നേറുകയാണ്. കേരളത്തിൽ ലുലുവിന്‍റെ സാന്നിധ്യം കൂടുതൽ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും കോഴിക്കോട് ലുലു അധികം വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.കർഷകരാണ് നമ്മുടെ നട്ടെല്ല്. കർഷകർക്ക് കൂടി ഗുണം കിട്ടുന്ന രീതിയിലാണ് ഭക്ഷ്യ സംസ്കരണ കേന്ദ്രം ഉൾപ്പടെയുള്ള മേഖലകളിൽ ലുലു സജീവമാകുന്നത്. കളമശേരി ഫുഡ് പ്രോസസിംഗ് കേന്ദ്രത്തിന്‍റെ പ്രാരംഭപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ 100 ഹൈപ്പർ മാർക്കറ്റുകള്‍ എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

97,000 ചതുരശ്രയടി വിസ്തൃതിയുള്ള ഔട്ട്ലെറ്റ് മാളിലെ ഹൈപ്പർമാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് വിഭാഗമായ ലുലു കണക്ട്, പച്ചക്കറി, പഴ വർഗങ്ങൾ, ലുലു കിച്ചൻ എന്നീ വിഭാഗങ്ങൾ ഉണ്ട്. ദുബായിലെ 25 മത് ഔട്ട്ലെറ്റും ലുലുഗ്രൂപ്പിന്‍റെ 264 മത് ഔട്ട്ലൈറ്റുമാണിത്.

റമദാൻ കിറ്റ്

റമദാൻ മാസത്തോടനുബന്ധിച്ച് ലുലു റമദാൻ കിറ്റും ഉത്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. എല്ലാ ലുലു സ്റ്റോറുകളിലും റമദാൻ കിറ്റുകൾ ലഭിക്കും. 12 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റിന് 85 ദിർഹവും, 20 ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റിന് 120 ദിർഹവുമാണ് വില.ലുലു ഗ്രൂപ്പ് സി ഇ ഒ സൈഫി രൂപാവാല, എക്സിക്യുട്ടിവ്‌ ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലിം എന്നിവരും സംബന്ധിച്ചു. ലോകത്തിന്‍റെ വിവിധ ആഡംബര ബ്രാൻഡുകൾ ആകർഷകമായ വിലയ്ക്കും മികച്ച വിലക്കിഴിവോടെയും ലഭ്യമാകുന്ന ദുബായിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമാണ് ദുബായ്‌ ഔട്ട്‌ ലെറ്റ് മാൾ. അറുനൂറിലധികം വിവിധങ്ങളായ ബ്രാൻഡുകളുള്ള മാളിൽ ആറായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യവ്യമുണ്ട്.

ദോഹ മാളിലും ലുലു തുറന്നു

ലുലു ഗ്രൂപ്പിന്‍റെ ഖത്തറിലെ 23-മത്തെ ഹൈപ്പർ മാർക്കറ്റ് ദോഹ മാളിൽപ്രവർത്തനമാരംഭിച്ചു. അബു ഹമൂറ ദോഹ മാളിൽ നടന്ന ചടങ്ങിൽ പ്രമുഖ ഖത്തർ വ്യവസായിയായ അബ്ദുൽ അസീസ് മുഹമ്മദ് അൽ റബ്ബാൻ, ഷെയ്ഖ് അബ്ദുള്ള ബിൻ ഹസ്സൻ അൽ ഥാനി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, പോളണ്ട്, ഇന്തോനേഷ്യ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാർ, കോമേഴ്സ്യൽ ബാങ്ക് ഓഫ് ഖത്തർ സി.ഇ.ഒ ജോസഫ് എബ്രഹാം, ലുലു ഗ്രൂപ്പ് എക്സിക്യുട്ടിവ്‌ ഡയറക്ടർ എം എ അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു ഖത്തർ റീജിയണൽ ഡയറക്ടർ എം.ഒ ഷൈജൻ എന്നിവരും സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in