ഇന്ത്യയിലേയ്ക്ക് തുറന്നു വെച്ചൊരു പുസ്തകം

വെങ്കിടേഷ് രാമകൃഷ്ണൻ, പുസ്തകത്തിന്റെ കവർ പേജ്
വെങ്കിടേഷ് രാമകൃഷ്ണൻ, പുസ്തകത്തിന്റെ കവർ പേജ്
Summary

പ്രശസ്ത മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ എഴുതിയ വഴിവിട്ട യാത്രകള‍്‍ എന്ന പുസ്തകത്തെക്കുറിച്ച് കലാ, സാംസ്‌കാരിക നിരൂപകനും ക്യുറേറ്ററുമായ ജോണി.എം.എൽ എഴുതുന്നു

കവർ പ്രകാശനമോ ആശംസാ വിഡിയോകളോ ഗുണപ്രഖ്യാപനമോ ഒന്നും കൂടാതെ ഫെബ്രുവരി മാസത്തിൽ മാതൃഭൂമിയിൽ നിന്ന് 'വഴിവിട്ട യാത്രകൾ' എന്ന പുസ്തകം പുറത്തിറങ്ങിയ കാര്യം മേല്പറഞ്ഞ കാരണങ്ങളാൽ ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ വെങ്കിടേഷ് രാമകൃഷ്ണൻ എന്ന പ്രഗത്ഭനായ പത്രപ്രവർത്തകൻ കഴിഞ്ഞ രണ്ടു ദശകങ്ങളിൽ എഴുതിയ കോളങ്ങളും ലേഖനങ്ങളും ആണ് ഈ പുസ്തകത്തിന്റെ വിഷയം എന്നറിഞ്ഞപ്പോൾ വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല; വായിച്ചു തുടങ്ങിയപ്പോൾ താഴെവെയ്ക്കാനും ആയില്ല. അത്രയേറെ ആകർഷകമായാണ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഇടയിൽ 'വെങ്കിടി' എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന വെങ്കിടേഷ് രാമകൃഷ്ണന്റെ രചനാ ശൈലി. ഇന്ത്യൻ രാഷ്ട്രീയത്തെ ഒരുവിധം പിന്തുടരുന്നവർക്കെല്ലാം പരിചിതമായ ഒരു ബൈലൈൻ ആണ് അദ്ദേഹത്തിന്റേത്.

ദേശാഭിമാനിയിൽ എൺപതുകളുടെ തുടക്കത്തിൽ ഒരു കബ് റിപ്പോർട്ടറായി, ഭൂമിയിലുള്ള എന്തിനെയും കുറിച്ചെഴുതാം എന്ന ആത്മവിശ്വാസത്തോടും, ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനം അക്കാലത്ത് ഉയർത്തിപ്പിടിച്ചിരുന്ന നൈതികബോധത്തോടും, പത്രപ്രവർത്തനം സമൂഹമാറ്റത്തിനുള്ള ഒരു ഉപാധിയാണെന്ന അല്പം കാല്പനികമെങ്കിലും ഉറപ്പുള്ള വിശ്വാസത്തോടും കൂടി വന്ന ആളാണ് വെങ്കിടേഷ് രാമകൃഷ്ണൻ. ദേശാഭിമാനി തന്നെയാണ് ഡൽഹിയിൽ എത്തിച്ചത്. അവിടെ നിന്ന് അദ്ദേഹത്തിന്റെ കരിയർ ടെലിഗ്രാഫ്, ബി ബി സി, ദി ഹിന്ദു ഫ്രണ്ട്ലൈൻ, നിയമസഭാ ടെലിവിഷൻ എന്നിവയിലൂടെ വികസിച്ച് ഇന്നിപ്പോൾ ഐഡത്തിൽ എത്തി നിൽക്കുന്നു. നമ്മുടെ പത്രപ്രവർത്തന രംഗത്ത് നിന്ന് ഗ്യാരണ്ടികൾ ഇല്ലാതാവുകയും ഉള്ള ഗ്യാരണ്ടിയെല്ലാം പ്രധാനമന്ത്രിയുടെ കൈകളിൽ ആവുകയും ചെയ്ത ഈ കാലത്തിൽ ഇപ്പോഴും ഗ്യാരണ്ടിയോടെ വായിക്കാൻ കഴിയുന്ന ജേണലിസ്റ്റുകളിൽ ഒരാളാണ് വെങ്കിടേഷ് രാമകൃഷ്ണൻ.

നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം മാധ്യമരംഗം ഒന്നാകെ കോർപറേറ്റ് കുത്തകകളിലേയ്ക്ക് വഴുതുന്നതും പല കാരണങ്ങളാൽ, നട്ടെല്ല് നിവർത്തിനിന്ന മാധ്യമങ്ങളിൽ ഏറെപ്പങ്കും ഓഹരി വിറ്റഴിക്കലിലൂടെയും (അതിനെ വാങ്ങിയെടുക്കൽ എന്ന് വായിച്ചാലും മതി) മറ്റു പ്രേരണകളിലൂടെയും കുത്തകകളുടെ കൈകളിലേക്ക് പോവുകയും ചെയ്തതോടെ മിക്കവാറും നല്ല പേരുള്ള ജേണലിസ്റ്റുകളെല്ലാം ഓൺലൈൻ മാധ്യമപ്രവർത്തനത്തിലേയ്ക്ക് തിരിഞ്ഞു. സയ്യദ് നഖ്‌വി, നീലാഞ്ജൻ മുഖോപാധ്യായ, ബർഖാ ദത്ത്, ഷോമ ചൗധുരി തുടങ്ങി അനേകം പേർ സമാന്തര മാധ്യമപ്രവർത്തനത്തിലേയ്ക്കും കോളം എഴുത്തിലേയ്ക്കും തിരിഞ്ഞു. സിദ്ധാർഥ് വരദരാജൻ, നരേഷ് ഫെർണാണ്ടസ്, എം കെ വേണു, ശേഖർ ഗുപ്ത, കരൺ ഥാപ്പർ തുടങ്ങിയ അതികായരൊക്കെ ബദൽ മാധ്യമരൂപീകരണത്തിനു മുന്നിൽ നിന്നു. വെങ്കിടേഷ് രാമകൃഷ്ണൻ ഇപ്പോൾ ഐഡത്തിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്.

ഫിലിപ് നൈറ്റ്ലി എന്ന ഓസ്‌ട്രേലിയൻ പത്രപ്രവർത്തകനായിരുന്നു വെങ്കിടേഷ് രാമകൃഷ്ണൻ പത്രപ്രവർത്തന രംഗത്തെത്തി കുറച്ചു നാൾ കഴിയുമ്പോഴേയ്ക്കും ഗുരുസ്ഥാനീയൻ. മറ്റൊന്നും കൊണ്ടല്ല, ഗൂഗിൾ എന്ന സേർച്ച് എൻജിൻ ഒക്കെ വരുന്നതിനും മുൻപ് പത്രപ്രവർത്തനം എന്നത് ഡെസ്ക് ബൗണ്ട് ആയിരുന്നില്ല. കാലുകൾ കൊണ്ടും കൈകൾ കൊണ്ടും കണ്ണുകൾ കൊണ്ടും തലച്ചോർ കൊണ്ടും ഹൃദയം കൊണ്ടുമൊക്കെ ചെയ്യേണ്ടുന്ന ഒരു പ്രവർത്തി ആയിരുന്നു അത്. ഇന്നത്തെ 'കുളിമുറിയിൽ കയറിച്ചെല്ലുമ്പോൾ അവൾ കണ്ടത്' എന്നിങ്ങനെ പൈങ്കിളി സസ്പെൻസ് ഉണ്ടാക്കുന്നതും അർധോക്തിയിൽ വിരമിക്കുന്നതുമായ അർഥസാക്ഷരതയുടെ ദുർഗന്ധം വമിക്കുന്ന ജേണലിസം ആയിരുന്നില്ല പണ്ടെത്തേത്. യാത്രകൾ ആയിരുന്നു ജേണലിസത്തിന്റെ കാതൽ. യാത്രകൾ വഴിവിട്ട യാത്രകൾ കൂടി ആയിരുന്നു. കമ്മ്യൂണിക്കേഷൻ മാധ്യമങ്ങൾ വികസിക്കാത്ത, പരിമിതമായ ലാൻഡ്ഫോൺ കണക്ടിവിറ്റി മാത്രമുള്ള എൺപതുകളിലെ പത്രപ്രവർത്തനം വെങ്കിടേഷ് രാമകൃഷ്ണൻ എന്ന യുവപത്രപ്രവർത്തകന് നൽകിയ ത്രിൽ നാല് ദശാബ്ദങ്ങൾ പിന്നിടുമ്പോഴും കുറഞ്ഞിട്ടില്ല എന്നത് ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോൾ മനസ്സിലാകും.

വഴിവിട്ട യാത്രകൾ എന്നാൽ, അൺചാർട്ടേർഡ് ജേണി എന്നേ അർത്ഥമുള്ളൂ. തന്ത്രവും ബുദ്ധിയും കൊണ്ട് ഒരു റിപ്പോർട്ട് ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുമ്പോൾ അതിന്റെ ഔട്ട്കം എന്താണ് എന്ന് അറിയാനാകില്ല. കാറിൽ തുടങ്ങുന്ന യാത്ര ചിലപ്പോൾ അവസാനിക്കുന്നത് കാൽനടയിൽ ആയിരിക്കും. ദുഃഖദുരിതങ്ങളുടെ മുന്നിൽ ബുദ്ധി വഴിമാറുകയും ഹൃദയം പേന പിടിച്ചെടുത്ത് എഴുതിത്തുടങ്ങുകയും ചെയ്യും. ചിലപ്പോൾ ഒരക്ഷരം ചോദിക്കാനോ പറയാനോ ആകാതെ കേവലം കേൾവിക്കാരനായും കാഴ്ചക്കാരനായും നിന്ന് കൊണ്ട് മികച്ച റിപ്പോർട്ടുകൾ തയാറാക്കേണ്ടി വരും. അങ്ങനെ ഫലമെന്തെന്ന് മുൻകൂട്ടി അറിയാൻ കഴിയാത്ത യാത്രകളാണ് തന്നെ പത്രപ്രവർത്തനത്തിലേയ്ക്ക് ത്വരിപ്പിച്ചതെന്ന് വെങ്കിടേഷ് രാമകൃഷ്ണൻ ഈ പുസ്തകത്തിൽ പറയാതെ പറയുന്നുണ്ട്.

വെങ്കിടേഷ് രാമകൃഷ്ണൻ
വെങ്കിടേഷ് രാമകൃഷ്ണൻ

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ സ്പെഷ്യലിസ്റ്റ് എന്ന പ്രശസ്തിയാണ് വെങ്കിടേഷ് രാമകൃഷ്ണനുള്ളത്. ഉത്തരേന്ത്യ എന്ന് പറയുമ്പോൾ അതിൽ വിന്ധ്യന് മുകളിലുള്ള എല്ലാ ദേശങ്ങളും വരുമെങ്കിലും അദ്ദേഹത്തിന്റെ താത്പര്യം മുഴുവൻ ഉത്തർപ്രദേശിലും ബീഹാറിലുമാണ് എന്ന് തിരിച്ചറിയാൻ കഴിയും. ഒപ്പം പഞ്ചാബിനെ വല്ലാതെ സ്നേഹിക്കുന്നുമുണ്ട് വെങ്കിടേഷ് രാമകൃഷ്ണൻ. അത്രയും തന്നെ ആവേശം കാണുവാൻ കഴിയും യാത്രകൾ ഉത്തരപൂർവ്വ സംസ്ഥാനങ്ങളിലേക്ക് നീങ്ങുമ്പോൾ. ദേശാഭിമാനിയ്ക്ക് വേണ്ടി എഴുതി തുടങ്ങുമ്പോൾ, ഏതൊരു പത്രപ്രവർത്തകനും കാംക്ഷിക്കുന്നതായ സ്‌കൂപ്പുകൾ തേടി ഒരു അലച്ചിൽ ഉണ്ടാകേണ്ടതാണ്. എന്നാൽ വെങ്കിടേഷിനെ സംബന്ധിച്ചിടത്തോളം സ്‌കൂപ്പുകൾക്ക് അദ്ദേഹം വലിയ പ്രാധാന്യം കൽപ്പിക്കുന്നില്ല എന്ന് മനസ്സിലാകും. വിശദമായ റിപ്പോർട്ടുകൾ, സൈഡ് സ്റ്റോറികൾ ഉൾപ്പെടെ ഫയൽ ചെയ്യണം. അതായിരുന്നു തുടക്കത്തിൽ എങ്കിൽ, കരിയറിൽ മുന്നോട്ട് പോവുകയും ഡിസ്കിനെക്കാൾ കൂടുതൽ വെങ്കിടേഷ് രാമകൃഷ്ണനെ പഞാബിലെയും ഉത്തർപ്രദേശിലെയും ബീഹാറിലെയും ഗ്രാമാന്തരങ്ങളിൽ കാണുവാൻ കഴിയും എന്ന സ്ഥിതി വരികയും ചെയ്തതോടെ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന റിപ്പോർട്ടുകൾക്ക് മറ്റൊരു മാനം കൈവന്നു. ഫ്രണ്ട്ലൈനിലെ ജേണലിസം വെങ്കിടേഷ് രാമകൃഷ്ണനെ മികച്ച ഒരു സ്റ്റോറി ടെല്ലർ ആക്കി മാറ്റി. ഒരു വിഷയത്തെ അതിന്റെ അടരുകൾ ഓരോന്നായി അടർത്തിയെടുത്ത് വാർത്താരസവും വായനാരസവും അല്പം പോലും മുറിഞ്ഞു പോകാതെ അവതരിപ്പിക്കുന്നതിൽ വെങ്കിടേഷ് രാമകൃഷ്ണൻ വിജയിച്ചു. കേവലമായി വായിപ്പിക്കുക എന്നതല്ല അദ്ദേഹത്തിന്റെ ജേണലിസത്തിന്റെ താത്പര്യം. മറിച്ച് അതിലെ മാനുഷികവും സാമ്പത്തികവും സാംസ്കാരികവും മതപരവും രാഷ്ട്രീയപരവുമായ കോണുകളെ ഒരു ക്യൂബിസ്റ്റ് പെയിന്റിങ്ങിലെന്നവണ്ണം അവതരിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ആ അർത്ഥത്തിൽ അനിതാ പ്രതാപ്, പി സായിനാഥ്, അരുന്ധതി റോയ് എന്നിവരുടെ ഇടയിലാണ് വെങ്കിടേഷ് രാമകൃഷ്ണന്റെ സ്ഥാനം.

യാത്രാവിവരണം എന്ന നിലയിലാണ് പുസ്തകത്തെ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒരു പത്രപ്രവർത്തകന്റെ ഓർമ്മക്കുറിപ്പുകൾ എന്ന നിലയിലും ഇതിനെ വായിച്ചെടുക്കാം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും സാമ്പത്തികരംഗത്തിന്റെയും സാംസ്കാരികരംഗത്തിന്റെയും ആഖ്യാനസങ്കീർണ്ണതകൾ ഏറെ വർധിച്ച ഒരു കാലത്തുള്ള, അതായത് 1991 (ഇന്ത്യൻ സാമ്പത്തികരംഗത്തെ ഉദാരവൽക്കരണം), 1992 (ബാബ്‌റി മസ്ജിദിന്റെ തകർക്കൽ) വർഷങ്ങളിൽ ഊന്നിക്കൊണ്ടാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ലേഖനങ്ങൾ എഴുതിയിരിക്കുന്നത്. ഒരു കോളത്തിൽ വന്ന ലേഖനങ്ങളാണെന്ന തോന്നൽ വായനാവേളയിൽ ഉണ്ടാവുകയേ ഇല്ല, പ്രത്യേകിച്ചും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നോക്കിനിൽക്കുന്ന ഒരു കേവല വായനക്കാരന്. സവിശേഷവായനക്കാരന്റെ കാര്യം പറയാനുമില്ല. തൊണ്ണൂറുകളുടെ പശ്ചാത്തലമായി ഇന്ദിരാഗാന്ധിയുടെ മരണം, രാജീവ് ഗാന്ധിയുടെ സ്ഥാനാരോഹണം, തുടർന്നുള്ള രാഷ്ട്രീയപരമായ ചാഞ്ചാട്ടങ്ങൾ, പിന്നാലെ വന്ന ഏറ്റവും പ്രധാനമായ വി പി സിംഗിന്റെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ നടപ്പാക്കൽ, മുരളീ മനോഹർ ജോഷിയുടെ ഏക്താ യാത്ര, ബാബ്‌റി മസ്ജിദിന്റെ തകർക്കൽ എന്നിവയുണ്ട്. അവയുടെ പശ്ചാത്തലത്തിൽ മാത്രമേ തൊണ്ണൂറുകളിലെയും പുതിയ നൂറ്റാണ്ടിലെ ആദ്യദശകത്തെയും കുറിച്ച് വിലയിരുത്താൻ കഴിയുകയുള്ളൂ എന്ന് മറ്റാരേക്കാളും വെങ്കിടേഷ് രാമകൃഷ്ണന് അറിയാം.

ജോണി. എം.എൽ
ജോണി. എം.എൽ

വാർത്തകൾ തേടിയുള്ള യാത്രകളും യാത്രകളിലൂടെ ഉരുത്തിരിയുന്ന വാർത്തകളും ഈ പുസ്തകത്തിന് വിഷയമാകുന്നുണ്ട്. പലപ്പോഴും യാത്രകൾ തന്നെയാണ് കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത്. അതിനാൽ ഈ പുസ്തകത്തെ യാത്രാവിവരണം എന്ന പേരിൽ അവതരിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. പൊതുവെ ജേണലിസ്റ്റുകളുടെ കോളങ്ങൾക്കുള്ള പ്രധാനപ്രശ്നം എന്നത് അവ കൂടുതൽ പങ്കും സബ്ജക്റ്റീവ് ആയിപ്പോകുന്നു എന്നതാണ്; അതായത് ആത്മനിഷ്ഠമായ സമീപനം കൂടുതലായി കാണുന്നതോടെ കേന്ദ്രപ്രമേയം വാർത്താവിശകലനം എന്ന അവസ്ഥ വെടിഞ്ഞ് അഭിപ്രായപ്രകടനം ആയി മാറുന്നു. തവ്‌ലീൻ സിങ്, കൂമി കപൂർ, ശേഖർ ഗുപ്ത തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ ജേണലിസ്റ്റുകൾ പോലും ഇത്തരത്തിൽ ആത്മനിഷ്ഠമായ അഭിപ്രായം കൂടുതൽ പറയുന്നവരായി ചിലപ്പോഴെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാ വെങ്കിടേഷ് രാമകൃഷ്ണനിൽ ഈ ദോഷം ആരോപിക്കുക വയ്യ. യാത്രകൾ, പാവ്ലോ കൊയ്‌ലോ പറയുന്നത് പോലെ ഒരു തീർത്ഥാടനമാണ്. അതിൽ നമ്മുടെ വഴികാട്ടികൾ അപരിചിതരും അജ്ഞാതരും ആയിരിക്കും. അവർക്കൊക്കെ കഥകൾ ഉണ്ടാകും. ചില കഥകൾ നമ്മൾ തേടുന്ന മോക്ഷവും/സ്റ്റോറിയുമായി ബന്ധപ്പെട്ടിരിക്കും, ചിലതാകട്ടെ തികച്ചും വ്യത്യസ്തമായ ഒരു സ്റ്റോറി നല്കുന്നതാകും. അപരിചിതർ പരിചിതരാകുന്ന ആൽക്കെമി കൂടി ഇതിൽ നടക്കാറുണ്ട്. വെങ്കിടേഷ് രാമകൃഷ്ണന്റെ യാത്രകൾ ഇത്തരത്തിൽ, വർത്തകൾക്കൊപ്പം കഥകൾ കൂടി തെരയുന്ന തീര്ഥയാത്രകൾ ആകുന്നു. ഒരുപക്ഷെ വാരണാസിയിലെ ഘട്ടുകളും ഹരിദ്വാറിലെ ആരതിയും ഒക്കെ എം ടി വാസുദേവൻ നായരെയോ എം മുകുന്ദനെയോ റെഫറൻസിൽ കൊണ്ടുവരാതെ അവതരിപ്പിക്കാൻ വെങ്കിടേഷ് രാമകൃഷ്ണന് കഴിയുന്നത് പുതിയ കഥകൾക്ക് വേണ്ടിയുള്ള അന്വേഷണമാകാം. ബനാറസിലെ മഹാ ആരതിയെ വള്ളത്തിൽ ഇരുന്നു കൊണ്ട് കാണുമ്പോൾ പരാമർശസ്‌ഥാനത്ത് വരുന്നത് ഉസ്താദ് ബിസ്മില്ലാ ഖാന്റെ മക്കൾ, ഉസ്താദിന്റെ മരണ ശേഷം അവിടെ സംഗീതം അവതരിപ്പിക്കണമോ വേണ്ടയോ എന്ന തർക്കത്തിന്റെ ഉൾപ്പടവുകളാണ്.

പഞ്ചാബിലെ രാഷ്ട്രീയത്തെ, എൺപതുകളിലെ ഖാലിസ്ഥാൻ വാദത്തിൽ നിന്ന് ക്രമേണ മോചിതമാകുന്ന പഞ്ചാബിനെ എഴുതുമ്പോൾ വെങ്കിടേഷ് രാമകൃഷ്ണൻ ഒരു പഞ്ചാബിയുടെ ബല്ലേ ബല്ലേ ഊർജ്ജം ആവാഹിക്കുന്നത് കാണുന്നു. രണ്ടു ബാബാമാരും അനന്ദ്പൂർ സാഹിബിലെ ഹോള മൊഹല്ലയും, തർലോചൻ സിങ്ങും വിസ്കിയും പിന്നെ കേരളവും എന്നിങ്ങനെയുള്ള അധ്യായങ്ങളിൽ നിഹാൻഗുകളുടെ ആയോധനകലയിലും തർലോചൻ സിങ് എന്ന സിവിൽ എൻജിനീയറുടെ മദ്യപാനശൈലിയിലും വെങ്കിടേഷ് രാമകൃഷ്ണൻ കണ്ടെത്തുന്നത് അവയുടെ ബാഹ്യഭംഗിയ്ക്കും കൗതുകത്തിനു അപ്പുറം ഖാലിസ്ഥാൻ വാദത്തിന് സാമൂഹികമായ അടിത്തറ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമാണ്. എല്ലാ ദേശീയതയും ഒടുവിൽ വ്യക്തിപൂജയിലേയ്ക്കും മദ്യപൂജയിലേയ്ക്കും നീങ്ങുന്ന ഒരിടത്ത് ഇരയും വേട്ടക്കാരനും മാത്രമേ അവശേഷിക്കുള്ളൂ എന്നുള്ള സത്യം അദ്ദേഹം വരച്ചിടുന്നു. അതുപോലെ തന്നെയാണ് കശ്മീരിലെ കഥകൾ എഴുതുമ്പോഴും. ജീവൻ തന്നെ പണയം വെച്ച് കൊണ്ട്, ചിലപ്പോൾ വെടിവെപ്പിനിടയിൽ പെട്ടുപോകും എന്ന അവസ്ഥയിൽ ആത്മരക്ഷാതന്ത്രങ്ങൾ ശീലിക്കുന്ന ഒരു പത്രപ്രവർത്തകനെ വെങ്കിടേഷ് രാമകൃഷ്ണനിൽ കാണാം. കാശ്മീരിൽ വിഘടനവാദികളുടെ മടയിലേയ്ക്ക് കണ്ണുകെട്ടിക്കൊണ്ടുള്ള യാത്ര. പിറ്റേന്ന്, ഒറ്റുകാരാണെന്ന് സംശയിച്ചു മർദ്ദനം. മറ്റൊരിക്കൽ ഉത്തരാഖണ്ഡിലേക്കുള്ള ഒരു ഹെലികോപ്റ്റർ സോർട്ടിയിൽ മരണം മുന്നിൽ കണ്ട ആകാശച്ചുഴിയുടെ രൂക്ഷദർശനം. വായിക്കുന്നവന് ഒന്ന് പത്രപ്രവർത്തകൻ ആയിപ്പോകാൻ തോന്നിക്കുന്ന സ്റ്റോറി ടെല്ലിങ് ടെക്നിക് വെങ്കിടേഷ് രാമകൃഷ്ണന് വശം.

രുദിതാനുസാരി കവി എന്നാണല്ലോ പറയുന്നത്. ഇവിടെ വെങ്കിടേഷ് രാമകൃഷ്ണൻ ആ ഒരു അർത്ഥത്തിൽ കവിയായി നിൽക്കുകയാണ്. മനുഷ്യർദുരിതങ്ങളുടെ മഹാസാഗരമാണ് രാഷ്ട്രീയ കളിക്കളങ്ങളിൽ കളികൾ ഒടുങ്ങുമ്പോൾ ബാക്കി അവശേഷിക്കുന്നത്. ആറു വയസ്സുള്ള മകനെ വിദ്യാഭ്യാസം ചെയ്യിക്കണമെന്ന്, വെങ്കിടേഷ് രാമകൃഷ്ണൻ, തന്റെ ഒരു ബന്ധുവിന്റെ സഹായത്തിനെത്തുന്ന തോട്ടി ജാതിയിൽ പെട്ട സഹോദരന്മാരിൽ ഒരുവനോട് നിർബന്ധം പിടിക്കുന്നു. ബീഹാറിലെ ഒരു ഉൾഗ്രാമത്തിൽ വിപ്ലവം നടത്താൻ കഴിയുമെന്ന് വെങ്കിടേഷ് വിചാരിച്ചു പോയി. ഭൂമിഹാറുകളായ ജന്മികൾക്ക് അതിഷ്ടപ്പെടില്ല എന്ന് ആ സഹോദരന്മാർ പറഞ്ഞെങ്കിലും, പിന്നീട് കുട്ടിയെ സ്‌കൂളിൽ ചേർത്തു. മറ്റൊരിക്കൽ ആ ഗ്രാമത്തിൽ എത്തിയപ്പോൾ അദ്ദേഹം അറിയുന്നത്, ആ കുടുംബത്തെയൊന്നാകെ ഭൂമിഹാറുകൾ ചുട്ടുകൊന്നു എന്നാണ്. കാശ്മീരിൽ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകളെ ജമ്മുവിൽ താമസിപ്പിച്ചിരിക്കുന്ന ഘെറ്റോകളിൽ മുരളീ മനോഹർ ജോഷി ഗീർവാണമടിച്ചു കടന്നു പോകുമ്പോൾ, ഇന്ത്യൻ പതാകയും പിടിച്ച് ഭക്ഷണപ്പൊതികൾക്ക് പിന്നാലെ ഓടുന്ന പണ്ഡിറ്റ് കുട്ടികളുടെ ചിത്രം വെങ്കിടേഷ് രാമകൃഷ്ണൻ വരച്ചിടുന്നു. ഗുജറാത്തിലെ ഗോധ്രയിൽ, തന്റെ കണ്മുന്നിൽ വെച്ച് അമ്മയും ബന്ധുക്കളും സഹോദരങ്ങളും കൊല്ലപ്പെട്ടത് കണ്ടുനിന്ന ആറു വയസ്സുള്ള ബാലന് ഇനിയൊരിക്കലെങ്കിലും അവനു നഷ്ടപ്പെട്ട ബാല്യം തിരിച്ചു കിട്ടുമോ എന്ന് വെങ്കിടേഷ് സങ്കടപ്പെടുന്നു. എലികളെ ബീഹാറിലെ പാവപ്പെട്ടവരുടെ ഭക്ഷണമാക്കാൻ കോടികളുടെ പദ്ധതിയിടുന്ന രാഷ്ട്രീയ നേതാവിനെയും, താൻ തന്നെ എലിയിറച്ചിയും നായിറച്ചിയുമൊക്കെ കഴിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ചും അല്പം പോലും ജുഗുപ്സായുളവാക്കാതെ വെങ്കിടേഷ് രാമകൃഷ്ണൻ വിവരിക്കുന്നു. വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള കഥകളും, തനിയ്ക്ക് തുണയായി വരുന്ന സാരഥികളുടെ (ഡ്രൈവർമാർ) കഥകളും ഒക്കെ ചേരുമ്പോൾ നല്ലൊരു വായനാവിരുന്നായി മാറുകയാണ് വെങ്കിടേഷ് രാമകൃഷ്ണൻ എഴുതിയ വഴിവിട്ട യാത്രകൾ എന്ന പുസ്തകം. ഇന്ത്യൻ രാഷ്ട്രീയത്തിലും സംസ്കാരത്തിലും യാത്രയിലും താത്പര്യമുള്ളവർക്ക് ഒരിക്കലും വിട്ടുകളായാൻ കഴിയാത്തതാണ് ഈ പുസ്തകം.

Related Stories

No stories found.
logo
The Cue
www.thecue.in