ആ ചാരൻ നീ തന്നെ

S Hareesh
S Hareesh
Summary

എസ്.ഹരീഷിന്റെ പുതിയ നോവൽ 'ആഗസ്റ്റ്‌ 17'ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്

എഴുത്തുകാരൻ തന്നെ ആ ചാരൻ. ചരിത്രത്തിൽ ഇടപെടുകയും അതിനെ വഞ്ചിക്കാൻ കോപ്പുകൂട്ടുകയും എല്ലാ ഒറ്റുകളുടെയും ഓർമകളിൽ കഥാപാത്രമായി ഉണ്ടായിരിക്കുകയും ഒരാളും തിരിച്ചറിയാതെ ഒടുങ്ങുകയും ചെയ്യുന്ന ആ തലമണ്ട അയാളുടേത് തന്നെ. അഥവാ, ആ ചാരൻ ആണ് എഴുത്തുകാരൻ. അയാൾ ഭാവനയുടെ ലോകത്തെ ആർക്കും പ്രവചിക്കാൻ കഴിയാത്ത ഭാവിയുള്ള ഒരു രാജ്യമാണ്. നോവൽ എന്ന രാജ്യത്തിന്റെ മാനുഷികരൂപം.

'മീശ'യ്ക്ക് ശേഷം എസ്.ഹരീഷ് ഏറെയൊന്നും എഴുതിക്കണ്ടിട്ടില്ല. ആനുകാലികങ്ങളിൽ ഒരു കഥപോലും വന്നതായി ഓർമയില്ല. പക്ഷെ അയാൾ എഴുതുകയായിരുന്നു, ഗംഭീരമായി, എന്ന് ഇപ്പോൾ നമ്മൾ അറിയുന്നു. 'മീശ' അനാവശ്യ കാരണങ്ങളാൽ ഹരീഷിലെ എഴുത്തുകാരനോട് അനീതി കാട്ടുന്നതിന് കേരളത്തിലെ വർഗീയശക്തികൾ ദുരുപയോഗം ചെയ്തപ്പോഴും ശരിയായ കാരണങ്ങളാൽ സഹിത്യലോകം ആഘോഷിച്ചപ്പോഴും വലിയ ശബ്ദത്തിൽ ഹരീഷ് സംസാരിച്ചു കണ്ടിട്ടുമില്ല. അങ്ങനെ ഒച്ചയിടേണ്ട കാര്യം അയാൾക്ക് ഇല്ലായിരുന്നു. നാടിന്റെ ചരിത്രത്തിലും ജീവിതത്തിലും നിന്ന് കഥപറഞ്ഞു തീർക്കാൻ അസാധ്യമായ പലതും കിടക്കുന്നതേയുള്ളൂ എന്ന് ഹരീഷിനു നിശ്ചയമുണ്ടായിരുന്നു.

'ആഗസ്റ്റ് 17' തിരുവിതാംകൂറിനെക്കുറിച്ച് ഒരു ചാരൻ പറയുന്ന കഥയാണ്. എഴുതുന്ന ചരിത്രമാണ്. നടന്ന ചരിത്രവുമായി അത് ഒരു ഗുസ്തിക്കായി കൊമ്പുകോർത്ത് അടപടലം അതിനെ പുഴക്കിയെറിയുന്നു. നടന്നതും നടക്കാത്തതും യഥാർഥവും സാങ്കല്പികവും നേരും നുണയും തെളിവും ഒളിവും ഈ കഥ പറച്ചിലിൽ 'ചോറും സാമ്പാറും' പോലെ കുഴയുന്നു. അതാണ് കഥ പറച്ചിലിൽ ഭാവനയെ ഒളിച്ചുകടത്താൻ കഴിയുന്ന എഴുത്തുകാരന് ചരിത്രത്തോട് ചെയ്യാൻ കഴിയുന്ന നീതി. അത് അനീതിയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നാൽ സ്വാതന്ത്ര്യത്തിന്റെ നോവൽ റിപ്പബ്ലിക്കിൽ എഴുത്തുകാരൻ എന്ന പാപിയെ പുണരാൻ തോറ്റുപോയവരുടെ ജീവനുള്ള നിഴലുകളെങ്കിലും ഉണ്ടാകും. ഈ ചാരജീവിയായ എഴുത്തുകാരൻ അതേ അർഹിക്കുന്നുള്ളൂ. ആഗ്രഹിക്കുന്നുള്ളൂ.

ഉള്ളടക്കത്തിൽ നിന്ന് പെറുക്കിയെടുക്കാവുന്ന ചില മുത്തുകൾ മാത്രം ഇവിടെ സൂചിപ്പിക്കാം.

1.വൈക്കം മുഹമ്മദ് ബഷീർ എന്ന സ്വാതന്ത്ര്യ സമര സേനാനി എഴുത്തുകാരൻ ആയിരുന്നോ അതോ വൈക്കം മുഹമ്മദ്‌ബഷീർ എന്ന എഴുത്തുകാരൻ സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നോ? ഈ ചോദ്യം നോവലിനുള്ളിലെ ഉപപാഠമാണ്. ബഷീറിന്റെ ഭ്രാന്താണ് ഹരീഷിന്റെ എഴുത്തിന്റെ നട്ടെല്ല്. ഒരു കഥയും ഇന്നേവരെ എഴുതാത്ത, എന്നാൽ പറഞ്ഞ കഥയൊക്കെ എഴുത്തിനെ കവച്ചുവയ്ക്കുന്ന സഹിത്യസംഭവങ്ങളായി (അതേ, സംഭവങ്ങൾ തന്നെ) മാറിയ ബഷീർ എന്ന മിത്തിക്കൽ പ്രതിഭാസത്തിനെ നിങ്ങൾ ഇവിടെ കാണും. നടന്നത് അയാൾ എഴുതിയോ അതോ അയാൾ എഴുതിയത് നടന്നോ? തീർച്ചയിലെത്താൻ കഴിയാതെ നാട് കുഴങ്ങുന്ന സന്ദിഗ്ധാവസ്ഥ. ഹിസ്റ്ററിക്കും ഫിക്ഷനും ഇടയിലെ ഇരുൾപ്പകൽ.

തിരുവിതാംകൂർ എന്ന നാട്ടുരാജ്യം സവർണ ഹിന്ദുരാജ്യം ആയിരുന്നല്ലോ. അത് ജനാധിപത്യ രാജ്യമാകുന്നതിനു മുന്നേ സംഭവിക്കാൻ സാധ്യമായ 'സവർക്കറിസ്റ്റ്' ആരോഹണം, 2022ൽ ഒരെഴുത്തുകാര മനസിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ചില്ലിങ് എഫക്ട് സൃഷ്ടിക്കുന്ന കണ്ണാടിച്ഛായ ആണെന്ന് ഞാൻ പറയുന്നു.
എസ്. ഹരീഷ്
എസ്. ഹരീഷ്

2. തിരുവിതാംകൂർ എന്ന നാട്ടുരാജ്യം സവർണ ഹിന്ദുരാജ്യം ആയിരുന്നല്ലോ. അത് ജനാധിപത്യ രാജ്യമാകുന്നതിനു മുന്നേ സംഭവിക്കാൻ സാധ്യമായ 'സവർക്കറിസ്റ്റ്' ആരോഹണം, 2022ൽ ഒരെഴുത്തുകാര മനസിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ചില്ലിങ് എഫക്ട് സൃഷ്ടിക്കുന്ന കണ്ണാടിച്ഛായ ആണെന്ന് ഞാൻ പറയുന്നു. നോവലിൽ ഒരിടത്ത് എഴുത്തുകാരനും ഒരു റിട്ടയേഡ് ജഡ്ജിയും വലിയൊരു കണ്ണാടിക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്ന നിമിഷം ഉണ്ട്. ജഡ്ജി എഴുത്തുകാരനെ തിരിഞ്ഞ് നോക്കുന്നു. 'പ്രതിബിംബങ്ങൾ തിരിഞ്ഞ് ശരിക്കുമുള്ള ഞങ്ങളെ ശ്രദ്ധിച്ചു' എന്നാണ് അടുത്ത വാചകം. ഹരീഷ് യാഥാർഥ്യത്തെ നേരെ മുന്നിൽ അല്ല കാണുന്നത്. ജീവനുള്ളതെന്ന് തോന്നിക്കുന്ന കണ്ണാടിച്ഛായയിൽ ആണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രം ഭാവിയിൽ നിന്ന് തിരിഞ്ഞ് ഭൂതത്തിലേക്ക് നോക്കുകയും തത്ഫലമായി യാഥാർഥമായത് (പ്രതീക്ഷിത കണ്ണാടിയിൽ നിന്ന് കിട്ടുന്ന) ഭാവിയുടെ പ്രതിബിംബമായി പരിവർത്തിക്കപ്പെടുകയും ചെയ്യുന്നു. യാഥാർഥ്യവും പ്രതിബിംബവും ഒരു റോൾ പ്ലേയിലൂടെ പരസ്പരം മാറുന്ന നോവൽ കാഴ്‌ച.

3. കമ്യൂണിസ്റ്റ് പാർട്ടി തിരുവിതാംകൂറിൽ വിപ്ലവത്തിലൂടെ അധികാരത്തിൽ വന്നിരുന്നുവെങ്കിൽ ചൈനയിൽ മാവോ നടപ്പാക്കിയ സാംസ്കാരിക വിപ്ലവം നടപ്പാക്കുമായിരുന്നോ? നോവലിലെ ആ ഭാഗങ്ങൾ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര ഭീകരത (ചരിത്രത്തിൽ ഇതുവരെ ദർശിച്ചത്) യുടെ സ്വതന്ത്രാവിഷ്കാരമാണ്. ജനാധിപത്യ മാർഗം മാത്രം സ്വീകരിച്ചിട്ടുള്ള നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടിക്ക് അതിൽ ആകുലത വേണ്ട. ഇ.എം.എസും വി.എസും നേരത്തെ മരിച്ചുപോവുകയും (യഥാർഥത്തിൽ നേരത്തെ മരിച്ച) പി.കൃഷ്ണപിള്ള ജനറൽ സെക്രട്ടറിയായി വിപ്ലവം നടക്കുകയും ചെയ്യുമ്പോൾ ചരിത്രത്തെ സമയമൂശയ്ക്ക് പുറത്തിട്ടു പുനരാവിഷ്കരിക്കുകയാണ് ഹരീഷ്. കമ്യൂണിസ്റ്റ് തടങ്കലിൽ ഒരേകാന്തമുറിയിൽ 'രണ്ടിടങ്ങഴി'യും 'തോട്ടിയുടെ മകനും' തിരുത്തിയെഴുതാൻ വിധിക്കപ്പെട്ട നിലയിൽ കണ്ടെത്തപ്പെടുന്ന തകഴി ശരിക്കും തകഴി അല്ല. അത് ലിയോനിഡ് ബ്രഷ്നേവിന്റെ കാലഘട്ടത്തിൽ തുറുങ്കിൽ അടയ്ക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്ന ജോസഫ് ബ്രോഡ്‌സ്‌കിയോ ആന്ദ്രെ സിന്യവസ്ക്കിയോ സോൾഷെനിറ്റ്സിനോ ആരുമാകാം.

എസ്. ഹരീഷ്
എസ്. ഹരീഷ്

ഇനിയും ഏറെയേറെ പറയാനുണ്ട് 'ആഗസ്റ്റ് 17'നെ കുറിച്ച്. അതല്ല, വായിക്കുക എന്നതാണ് പ്രധാനം. ഏലിക്കുട്ടി എന്ന ഒറ്റ കഥാപാത്രവും കുടിയേറ്റ ജനതയുടെ ഇതിഹാസതുല്യമായ ജീവിതനിമിഷങ്ങളും മതി നോവലിനെ ഒരു മഴ പോലെ ആസ്വദിക്കാൻ. (കൂട്ടത്തിൽ പറയട്ടെ, കുടിയേറ്റ കൃഷിക്കാരായ ദേവസ്യയും ഏലിക്കുട്ടിയും സാഹിത്യത്തിൽ ചിന്തിക്കുന്നവരായും സാഹിത്യകാരനായ സക്കറിയ കമ്യൂണിസ്റ്റ് സർവാധിപത്യത്തിന് കീഴിൽ കുഴിയെടുപ്പുകാരനായും മാറിവരുന്ന അസാങ്കല്പിക അദ്‌ഭുതങ്ങൾ അപാര അനുഭവം!)

'മീശ' വായിച്ചപ്പോൾ പറഞ്ഞത് ഞാൻ ആവർത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മലയാള സാഹിത്യകാരൻ എസ്.ഹരീഷ് ആണ്. ഈ നൂറ്റാണ്ട് അസ്തമിക്കും മുൻപ് മറ്റൊരാൾ ഉദിച്ചില്ലെങ്കിൽ.

Related Stories

No stories found.
logo
The Cue
www.thecue.in