മറവികളിലേയ്ക്ക് ഇറങ്ങിപ്പോകുന്ന പാതാളക്കരണ്ടി

മറവികളിലേയ്ക്ക് ഇറങ്ങിപ്പോകുന്ന പാതാളക്കരണ്ടി
Summary

യക്ഷപ്രശ്നം പോലെ മറവിയെ അതിജീവനത്തിനുള്ള ഉപാധിയാക്കാൻ ശ്രമിക്കുകയാണ് ഈ ലോകത്തിലെ മനുഷ്യർ ഓരോരുത്തരും എന്ന് ഈ നോവലിലൂടെ പ്രേംചന്ദ് പറയാൻ ശ്രമിക്കുന്നുണ്ട്. വാൾട്ടർ ബെഞ്ചമിൻ പറയുന്നത് പോലെ ഭൂതകാലത്തെ ഓർമ്മകളുടെ ഒരു കൂട്ടായ്മയായി കാണുന്നതിനോടൊപ്പം കൂട്ടായ്മകളുടെ ഓർമ്മകളായും നോവലിസ്റ്റ് കാണുന്നു എന്ന് തോന്നുന്നു.

പ്രേംചന്ദ് എഴുതിയ 'പാതാളക്കരണ്ടി' എന്ന നോവലിനെക്കുറിച്ച് ജോണി.എം.എല്‍

വംശവൃക്ഷത്തിന്റെ വേരുകൾ തേടിപ്പോകുന്ന എഴുത്തുകാർ ചെന്നെത്തുന്ന ചില അന്ധകൂപങ്ങളും താക്കോൽ നഷ്ടപ്പെട്ട പേടകങ്ങളും ഉണ്ട്. അവയിലേക്ക് പാതാളക്കരണ്ടി ഇറക്കി പരിശോധിക്കുമ്പോൾ ഉയർന്നു വരുന്നത് മറവികളിലാണ്ടു കിടന്ന ചില ഓർമ്മകളാണ്. തുറക്കാത്ത പേടകങ്ങൾ ഗാഢമായ വിനയത്തിന്റെയും വേദനയുടെയും മുന്നിൽ, കാലങ്ങൾക്കിപ്പുറത്ത് തുറന്ന് വരുന്നു. അവയിൽ നിന്ന് പണ്ടോറയുടെ പേടകത്തിൽ നിന്നെന്ന പോലെ ഹൃദ്യവും അസുഖകരവുമായ ഓർമ്മകൾ ചിറകടിച്ചു പുറത്തു വരുന്നു. വിസ്മൃതിയുടെ സൂക്ഷ്മലോകങ്ങളിൽ നിന്ന് സ്മൃതിയുടെ പരവേശങ്ങളിലേയ്ക്ക് കടക്കുന്ന മറവികൾ, അവയുടെ പരിണാമനിമിഷങ്ങളിലൊന്നിൽ വെച്ച് സംസാരിച്ചു തുടങ്ങുന്നു. ആ ആഖ്യാനങ്ങളെ പകർത്തിയെഴുതുകയാണ് തന്റെ ആദ്യ നോവലായ 'പാതാളക്കരണ്ടി'യിൽ പ്രേംചന്ദ്.

"കൂട്ടമറവികൾ കൊണ്ട് പണിത ഒരു ജീവിവംശമാണ് മനുഷ്യർ. മറവി കൊണ്ട ഓർമ്മയുമായി മാത്രം ജീവിക്കുന്നവർ" എന്ന് കൃതിയുടെ ആമുഖത്തിൽ പ്രേംചന്ദ് പറയുന്നു. അത് ചരിത്രാനുഭവങ്ങളുടെ പുതിയൊരു പരിപ്രേക്ഷ്യമാണ്. മറവിയ്ക്കെതിരെ ഓർമ്മയുടെ സമരം എന്നതിനെ അധികാരത്തിനെതിരെ മനുഷ്യൻ നടത്തുന്ന സമരങ്ങളോട് ഉപമിച്ചത് മിലാൻ കുന്ദേരയാണ് ആണ്. എന്നാൽ യക്ഷപ്രശ്നം പോലെ മറവിയെ അതിജീവനത്തിനുള്ള ഉപാധിയാക്കാൻ ശ്രമിക്കുകയാണ് ഈ ലോകത്തിലെ മനുഷ്യർ ഓരോരുത്തരും എന്ന് ഈ നോവലിലൂടെ പ്രേംചന്ദ് പറയാൻ ശ്രമിക്കുന്നുണ്ട്. വാൾട്ടർ ബെഞ്ചമിൻ പറയുന്നത് പോലെ ഭൂതകാലത്തെ ഓർമ്മകളുടെ ഒരു കൂട്ടായ്മയായി കാണുന്നതിനോടൊപ്പം കൂട്ടായ്മകളുടെ ഓർമ്മകളായും നോവലിസ്റ്റ് കാണുന്നു എന്ന് തോന്നുന്നു. എന്നാൽ വർത്തമാനകാലത്തിൽ യാഥാർത്ഥരൂപം കൈവരിക്കാതെ നിൽക്കുന്നിടത്തോളം കാലം ആ ഓർമകളെല്ലാം മറവിയുടെ പുകമറയ്ക്കുള്ളിൽത്തന്നെ ആയിരിക്കും.

'പാതാളക്കരണ്ടി'യിൽ ഏറ്റവും അധികം ആവർത്തിക്കപ്പെടുന്ന വാക്ക് ഏതെന്ന് ചോദിച്ചാൽ അത് 'മറവി' എന്ന വാക്കാണെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറയാൻ കഴിയും. മറവികളെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ അവയെ അവ അർഹിക്കുന്ന ആദരവോടെ നിമജ്ജനം ചെയ്യാനും വിശ്രാന്തിയിലേയ്ക്ക് നയിക്കാനും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. നാല് തലമുറകളുടെ കഥയാണ് ഇതിൽ; നോവലിസ്റ്റ് ആമുഖത്തിൽ പറയുന്നത് പോലെ സ്വന്തം കുടുംബത്തിന്റെ തന്നെ രണ്ടു വംശരഥ്യകളുടെ സംഗമത്തിന്റെയും അവിടെ നിന്നുള്ള പൊട്ടിപ്പിളർപ്പുകളുടെയും കഥയാണിത്. കുട്ടി എന്ന ആഖ്യാനകർതൃത്വം, മറവിയിലാണ്ട ചില മരണങ്ങളെ തിരിച്ചു പിടിക്കുകയാണ്. മരണങ്ങൾ ഉണ്ടാക്കുന്ന വിടവുകൾ ഒരിക്കലും നികത്തപ്പെടാതെ കിടക്കുന്നു. വാഗ്ഭടാനന്ദഗുരുവിന്റെ പാതപിന്തുടർന്നു സാമൂഹ്യവിപ്ലവം പരിശീലിക്കുകയും പരിസ്ഥിതിയെ കരുതലോടെ സമീപിയ്ക്കുകയും ചെയ്ത മുത്തപ്പൻ; അദ്ദേഹത്തിന്റെയും പിതൃക്കളുടെയും വീടായ കാവ്. അവിടെ മഹാഗണി മരത്തിലെ പൊത്തിനുള്ളിൽ വെച്ചിരിക്കുന്ന കണ്ണാടിപ്രതിഷ്ഠ.

ജോണി എം.എല്‍
ജോണി എം.എല്‍

ചന്തു മുത്തച്ഛൻ റഷ്യൻ കമ്മ്യൂണിസത്തിന്റെ വിജയത്തിൽ കേരളത്തിലും അതുണ്ടാകും എന്ന വിശ്വാസത്തിൽ ശരിയായ കമ്മ്യൂണിസ്റ്റായി ജീവിക്കാൻ ശ്രമിക്കുമ്പോൾ, ആ ധാരയിൽ നിന്ന് വ്യത്യസ്തനായി ജീവിക്കാൻ ശ്രമിക്കുന്ന മകന്റെ ഇടപെടലും മരണവും ഒക്കെ അദ്ദേഹത്തെ തളർത്തിക്കളയുന്നു. അടുത്ത തലമുറ തറവാട്ട് ഭൂമിയിൽ മൂന്നായി ജീവിക്കുന്നു. പിൻവലിഞ്ഞ ഒരു കാലത്തിന്റെ സംത്രാസങ്ങളെല്ലാം ഭാരമേറിയ ഒരു നിശ്ശബ്ദതയായി വന്നു ചൂഴുകയാണ് ആ കുടുംബത്തിൽ. ആത്മഹത്യ അടുത്ത തലമുറയിലേയ്ക്കും പകരുന്നു. എഴുതാൻ ആഗ്രഹിച്ച, എഴുത്തുകാരൻ ആകാതെ പോയ ശിവന്റെ മരണം കുട്ടിയേയും ബാനുവിനെയും അവരുടെ പ്രണയഭാജനമായ മറിയത്തെയും തകർത്തുകളയുന്നു. കേരളത്തിൽ ഉണ്ടായ കമ്മ്യൂണിസ്റ്റ് ഇച്ഛാഭംഗങ്ങൾക്കൊപ്പം കുട്ടിയുടെയും ജീവിതം വികസിക്കുകയാണ്. രുദ്രാണി മുത്തശ്ശിയുടെയും ശിവന്റെയും ഒക്കെ സ്വകാര്യചരിത്ര നിർമ്മിതികളിൽ പ്രതിരോധത്തിന്റെയും ധീരതയുടെയും ഒടുവിൽ മരണത്തിനു മുന്നിലുള്ള കീഴടങ്ങലിന്റെയും കഥകൾ അലയടിയ്ക്കുന്നു. ചരിത്രത്തിൽ മറക്കപ്പെട്ട സ്ത്രീകളുടെയെല്ലാം പ്രതിനിധിയായി രുദ്രാണി മുത്തശ്ശിയും മണിക്കമ്മയും കാഞ്ചമ്മയും ഒക്കെ കടന്നു വരുന്നു.

വർത്തമാനകാലത്തിൽ കുട്ടിയ്ക്ക് പുനർനിർമ്മിക്കാൻ കഴിക്കുന്നതിനേക്കാൾ വേഗത്തിൽ, പിടിച്ചു നിർത്താൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ ഭൂതകാലം ഒരു കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചു അതിന്റെ ആസുരമായ ചെയ്തികൾക്കൊക്കെ പശ്ചാത്താപമെന്നോണം തറവാട്ടിനെ തകർത്തെറിയുന്നു. പൊളിച്ചു വിൽക്കലിന്റെ കാലം എൺപതുകളോടെ വന്നു കഴിഞ്ഞിരുന്നു. കാലം മാറിയപ്പോൾ കരാറുകാരുടെ രൂപം മാറി. അവർ ഗാന്ധി ദാസിനെപ്പോലുള്ള റീയൽ എസ്റ്റേറ്റ് മുതലാളിക്കാരായും റീ ഡെവലപ്പിംഗ് ഏജൻസികളായും രൂപം മാറി. കുട്ടിയ്ക്ക് പരിചിതമായ ഭൂതകാലം പോലും തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയി. പിന്നെ ചെയ്യാൻ കഴിയുന്നത്, തന്റെ അശ്വത്ഥാമാവ് ജന്മത്തിൽ ശേഷിയ്ക്കുന്ന അവസാന കർമ്മം എന്ന നിലയിൽ മുത്തച്ഛന്റെ ചിതാഭസ്മം വോൾഗയിൽ കൊണ്ട് പോയി ഒഴുക്കുക എന്നതാണ്. കുട്ടി അതിനായി റഷ്യയിലേക്കുള്ള യാത്ര നടത്തുക തന്നെ ചെയ്യുന്നു.

കേരളത്തിന്റെ ചരിത്രം നാല് തലമുറകളിലൂടെ പറയുന്ന ഈ നോവലിൽ ചിലയിടങ്ങളിൽ ചരിത്രം വ്യഖ്യാനങ്ങൾക്ക് വിധേയമാകാതെ പ്രത്യക്ഷപ്പെടുന്നു. ചരിത്രത്തിന്റെ നേരനുഭവങ്ങൾ അതേപടി പകർത്താതിരിക്കാനാവില്ല എന്നാണ് നോവലിസ്റ്റ് കരുതുന്നതെന്ന് വായനയുടെ പുരോഗതിയിൽ നമുക്ക് മനസ്സിലാക്കാൻ കഴിയും.

റഷ്യയും വലിയൊരു മറവിയുടെ വക്കിലാണ്. ലെനിൻ ഓർമ്മയായി നിൽക്കുമ്പോഴും സ്റ്റാലിൻ എക്കാലവും ശരിയാണെന്ന് വിശ്വസിയ്ക്കുമ്പോഴും പിന്നെ ഗ്ലാസ്സ്‌നോസ്റ്റും പെരെസ്ട്രോയിക്കയും വന്നു സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതാകുമ്പോഴും റഷ്യ മറവികളിൽ മുഴുകിക്കൊണ്ട് അതിജീവനത്തിന്റെ പാഠങ്ങൾ പഠിക്കുന്നു. കുട്ടിയുടെ മുന്നിൽ തണുത്തു കിടക്കുന്ന റഷ്യ വലിയൊരു മറവി മാത്രമാണ് ഇപ്പോൾ. അത് ഓർമ്മിക്കാൻ തുടങ്ങിയാൽ 'ക്ലാവ് പിടിച്ച അനേകം ജീവിതങ്ങൾ' പൊന്തി വന്നേക്കും. പൂഴിയിൽ എന്ന് പേരുള്ള തറവാട്ട് വീട്ടിൽ എത്തുന്ന കുട്ടി കാണുന്നത് ഭൂതകാലത്തെ ഒന്നാകെ മറവിയിലേക്ക് തള്ളിക്കഴിഞ്ഞ ഒരു സ്വർഗ്ഗരാജ്യമാണ്. അവിടെ മഹാഗണി മാത്രം ഒരു വാഗ്ദാനം പോലെ ബാക്കി നിൽക്കുന്നു. പക്ഷെ അതും കാലക്രമത്തിൽ പോയി മറയാനുള്ള സാധ്യതകൾ നോവലിന്റെ ഒടുക്കം ആകുമ്പോഴേയ്ക്കും നമ്മൾ തിരിച്ചറിയുന്നു. വിപ്ലവകാരികളുടെ കേരളം റീഡവലപ്പേഴ്‌സ് നിർമ്മിച്ച് നൽകുന്ന ബഹുനിലമാളികയുടെ ശീതീകരിച്ച ഉൾത്തളങ്ങളിൽ കുറ്റബോധലേശമന്യേ വോഡ്ക കഴിച്ചിരിപ്പുണ്ടാകാം. എന്നാൽ കുട്ടി എന്ന നായകകഥാപാത്രത്തിന് മറവി എന്ന സ്വർഗ്ഗത്തിലേക്ക് കടക്കാൻ കഴിയുന്നില്ല. വോൾഗയിലെ ചിതാഭസ്മ നിമജ്ജനത്തിനു പോലും ഒടുവിൽ അർത്ഥമില്ലെന്ന് കുട്ടിയ്ക്ക് തോന്നുന്നുണ്ടാവണം.

കേരളത്തിന്റെ ചരിത്രം നാല് തലമുറകളിലൂടെ പറയുന്ന ഈ നോവലിൽ ചിലയിടങ്ങളിൽ ചരിത്രം വ്യഖ്യാനങ്ങൾക്ക് വിധേയമാകാതെ പ്രത്യക്ഷപ്പെടുന്നു. ചരിത്രത്തിന്റെ നേരനുഭവങ്ങൾ അതേപടി പകർത്താതിരിക്കാനാവില്ല എന്നാണ് നോവലിസ്റ്റ് കരുതുന്നതെന്ന് വായനയുടെ പുരോഗതിയിൽ നമുക്ക് മനസ്സിലാക്കാൻ കഴിയും. സാങ്കേതിക വിദ്യയിലൂടെ വളരുന്ന ആധുനികതയുടെ വൈവിധ്യമാർന്ന കാഴ്ചപ്പാടുകളിലും ആഗോളവൽക്കരണത്തിലൂടെ സാധ്യമായ ബഹുസ്വരതയുമായുള്ള സാത്മ്യപ്പെടലിലും ഒക്കെ ഇഴചേരാത്തതെന്നോണം തുറിച്ചു നിൽക്കുന്ന ജാതിയുടെ സാന്നിധ്യമാണ് അത്തരത്തിലുള്ള ആഖ്യാനത്തെ നോവൽശരീരത്തിലേയ്ക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത് എന്ന് കാണാൻ കഴിയും. മറയ്ക്കാനും മറക്കാനും കഴിയാത്ത ജാതിയാഥാർഥ്യത്തിലേക്ക് മുത്തച്ഛൻ എഴുതിവെച്ചിട്ടു പോയ വാക്കുകളെ അതേപടി എടുത്തെഴുതുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.

കോഴിക്കോട് നടന്ന പാതാളക്കരണ്ടി പ്രകാശന ചടങ്ങ്
കോഴിക്കോട് നടന്ന പാതാളക്കരണ്ടി പ്രകാശന ചടങ്ങ്

കുട്ടി എന്ന ആഖ്യാനകാരന്റെ ആത്മഭാഷണം പോലെ നീളുന്ന ഈ നോവൽ കിണർ തന്നെ പ്രധാന ബിംബമായി വരുന്ന, ഓർഹൻ പാമുക്കിന്റെ 'ദി റെഡ് ഹെയർ വുമൺ' (ചുവന്ന മുടിയുള്ള സ്ത്രീ) -നെ പല തലങ്ങളിൽ ഓർമ്മിപ്പിക്കുന്നുണ്ട്. മഹ്മൂത് എന്ന മികച്ച കിണർ നിർമ്മാതാവിന്റെ സഹായിയായി കൂടുന്ന സെപ് എന്ന യുവാവിന്റെ കാഴ്ചപ്പാടിലാണ് ആ കഥ പുരോഗമിക്കുന്നത്. പ്രേംചന്ദിന്റെ ഒരു പ്രധാന രൂപകം തന്നെ കിണർ ആണ്. മഹ്മൂത് കുഴിക്കുന്ന കിണർ ചരിത്രത്തിലേക്കും മനുഷ്യന്റെ ഓർമ്മകളിലേയ്ക്കും മറവികളിലേയ്ക്കും ഉള്ള കിണർ തന്നെയാണ്. ഇവിടെ പ്രേംചന്ദ് ഓരോ മനുഷ്യന്റെ മറവിയിലേയ്ക്കും പാതാളക്കരണ്ടിയിറക്കാൻ നോവലിലൂടെ ആവശ്യപ്പെടുന്നു. മറവി ഇല്ലായിരുന്നെങ്കിൽ കേരളം ഇന്ന് കാണുന്ന അവസ്ഥയെ പുനർചിന്തനം ചെയ്യുമായിരുന്നു എന്നും കരുതേണ്ടിയിരിക്കുന്നു. ആഖ്യാനത്തിൽ ഓ വി വിജയൻ ഉപയോഗിച്ച ഭാഷയല്ല, ,മറിച്ച് അതിന്റെ താളം എനിയ്ക്ക് കേൾക്കാൻ കഴിഞ്ഞു എന്ന് കൂടി പറയേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in