ഓപ്പൻഹൈമറും ഭഗവദ്ഗീതയും

ഓപ്പൻഹൈമറും ഭഗവദ്ഗീതയും
Summary

ചരിത്രത്തെ മാറ്റി മറിച്ച അണുബോംബ് സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം ഗീതയിലെ ഒരു ശ്ലോകം ചൊല്ലിയിരുന്നു.

എൻ.ഇ.സുധീർ എഴുതുന്നു

അമേരിക്കൻ ശാസ്ത്രജ്ഞൻ ഓപ്പൻഹൈമറിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത സിനിമ ഇന്ത്യയിലിപ്പോൾ വിവാദവിഷയമായിരിക്കുകയാണ്. സിനിമ ഞാൻ കാണാനിരിക്കുന്നതേയുള്ളൂ. സിനിമയ്ക്ക് ആധാരമായ കേയ് ബിർഡും മാർട്ടിൻ ജെ. ഷെർവിനും ചേർന്നെഴുതിയ 'അമേരിക്കൻ പ്രൊമിത്യൂസ് - ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൻഹൈമർ' എന്ന പുസ്തകത്തിൻ്റെ വായനയിലാണിപ്പോൾ. ഓപ്പൻഹൈമറിൽ ഭഗവദ്ഗീതയുടെ സ്വാധീനം വന്നതിനെക്കുറിച്ചുള്ള ഭാഗമാണ് ഇപ്പോൾ വായിക്കുന്നത്. അപ്പോഴാണ് സിനിമയിലെ ഗീതാരംഗവുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധയിൽപ്പെട്ടത്.

ഓപ്പൻഹൈമറിന് ഭഗവദ്ഗീത ഇഷ്ടപുസ്തകമായിരുന്നു. ഗീത മനസ്സിലാക്കാനായി ആദ്യം അദ്ദേഹം സംസ്കൃതം പഠിച്ചു. ബെർക്ക്ലി സർവകലാശാലയിൽ ലക്ചററായി ജോലി ചെയ്ത കാലത്ത്. അവിടെ സംസ്കൃതം പ്രൊഫസറായിരുന്ന ആർതർ ഡബ്ല്യു. റൈഡറാണ് അദ്ദേഹത്തെ സംസ്കൃതം പഠിപ്പിച്ചത്. അക്കാലത്തെ വ്യാഴാഴ്ച വൈകുന്നേരങ്ങൾ സംസ്കൃത പഠനത്തിനായി അവർ നീക്കിവെച്ചിരുന്നു. പ്രയാസമുള്ള കാര്യങ്ങളെ ഓപ്പൻഹൈമറിന് എപ്പോഴും വലിയ ഇഷ്ടമായിരുന്നു. അത്തരം കാര്യങ്ങൾ മാത്രമെ അദ്ദേഹത്തെ പ്രചോദിപ്പിക്കാറുള്ളു. അങ്ങനെ സംസ്കൃതവും കാളിദാസ കൃതികളുമൊക്കെ വളരെ എളുപ്പത്തിൽ തന്നെ അദ്ദേഹം പഠിച്ചെടുത്തു. ആത്മീയന്വേഷണത്തിൻ്റെ ഭാഗമൊന്നുമായിരുന്നില്ല ഈ പഠനം. ഹിന്ദു മതത്തെയൊന്നുമല്ല അദ്ദേഹം ഇതിലൂടെ അന്വേഷിച്ചതും. അക്കാലത്തെ പല പാശ്ചാത്യ പ്രതിഭകളേയും സംസ്കൃതവും ഭാരതീയ ചിന്താപദ്ധതികളും പൊതുവിൽ ആകർഷിച്ചിരുന്നു. അവരിൽ പലരും ഓപ്പൻഹൈമറിൻ്റെ പരിചയക്കാരുമായിരുന്നു.

മാനസികപിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു കാവ്യം എന്ന നിലയിലാണ് അദ്ദേഹം ഗീതയെ നോക്കിക്കണ്ടത്. കേവലം മന:സമാധാനം നേടാനൊരു വഴി. അദ്ദേഹത്തെപ്പോലൊരാൾക്ക് ഗീതയുടെ ദർശനം സ്വസ്ഥത നൽകുന്നതിൽ അത്ഭുതമില്ല. വൻ ദുരന്തങ്ങൾക്ക് കാരണമാവുന്നതിനെ ന്യായീകരിക്കാനുള്ള ഒരു ശ്രമമാണല്ലോ ഗീതാകാരനും നടത്തുന്നത്. തൻ്റെ പ്രവർത്തനത്തെ ന്യായീകരിക്കാൻ ഗീതയെക്കാൾ മെച്ചപ്പെട്ട മറ്റൊരു ചിന്താപദ്ധതി ഈ ശാസ്ത്രജ്ഞന് കണ്ടെത്താനായില്ല

എന്നു പറയുന്നതാവും കൂടുതൽ ശരി. തൻ്റെ കണ്ടെത്തൽ നാശോന്മുഖമായ ഓന്നാവുകയാണല്ലോ എന്ന കുറ്റബോധത്തിൽ നിന്നുള്ള മോചനത്തിന് അദ്ദേഹം കണ്ടെത്തിയ ഒരു വഴി കൂടിയാവാം ഭഗവദ്ഗീത. 'The Lord's Song ' എന്ന പേരിലാണ് അക്കാലത്ത് ഗീത ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിരുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ ദാർശനിക കാവ്യം എന്നാണ് ഓപ്പൻ ഹൈമർ ഗീതയെ വിശേഷിപ്പിച്ചത്. അവസരോചിതമായി ഇടയ്ക്കൊക്കെ അദ്ദേഹം ഗീതയിൽ നിന്നുള്ള ഇഷ്ടശ്ലോകങ്ങൾ ചൊല്ലുമായിരുന്നു. സന്തോഷം തോന്നുമ്പോഴും അസ്വസ്ഥനാവുമ്പോഴും ഗീതയിലെ വരികൾ ആ നാവിൻതുമ്പിലെത്തും.

ചരിത്രത്തെ മാറ്റി മറിച്ച അണുബോംബ് സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം ഗീതയിലെ ഒരു ശ്ലോകം ചൊല്ലിയിരുന്നു.

" In battle, in forest, at the precipice of the mountains

On the dark great sea, in the midst of javelins and arrows.

In sleep, in confusion, in the depths of shame,

The good deeds a man has done before defend him."

1945 ജൂലൈ 16ന് ന്യൂ മെക്സിക്കോയിലെ മരുഭൂമിയിൽ ആദ്യ അണുബോബ് സ്ഫോടനം വിജയകരമായതു കണ്ട ശേഷവും ഓപ്പൻഹൈമറിൻ്റെ നാവിൽ ഒരു ഗീതാശ്ലോകമാണ് വന്നത്.

" Now I am become Death, the shatterer of worlds "

ഓപ്പൻഹൈമർ തൻ്റെ ഗുരു ആർതർ ഡബ്ല്യു റൈഡറിൻ്റെ പരിഭാഷയിൽ നിന്നുള്ള വരികളോ, സ്വയം പരിഭാഷപ്പെടുത്തിയ വരികളോ ആണ് മിക്കപ്പോഴും ഉദ്ധരിക്കാറ്. ഗീതയിലെ പതിനൊന്നാം അധ്യായത്തിലെ മുപ്പത്തിരണ്ടാം ശ്ലോകത്തിൽ നിന്നുള്ളതാണ് ഈ വരികൾ. പണ്ഡിറ്റ് പി. ഗോപാലൻനായർ ഈ ശ്ലോകത്തെ വ്യാഖ്യാനിച്ചിരിക്കൂന്നത് ഇങ്ങനെയാണ്.

"മഹാമൃത്യുവായിരിക്കുന്ന ഞാൻ പുറപ്പെട്ടിരിക്കുമ്പോൾ ആർ ജീവിക്കും? എല്ലാവരും മരിക്കുക തന്നെ ചെയ്യും; സംഹാര കർത്താവായ കാലൻ ഞാൻ തന്നെയെന്നു ധരിച്ചുകൊൾക."

ഈ വരികൾ പിന്നീട് അണുബോംബുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളിലും ഇടം നേടി. സംഹാരത്തിൻ്റെ കണ്ടെത്തലായിരുന്നു അണുബോംബ്. അത് ലോകത്തെ സംഹരിച്ചു കളഞ്ഞേക്കാം. ഈ തോന്നൽ തന്നെയാവാം ഓപ്പൻഹൈമറിൻ്റെ മനസ്സിൽ ആ നിമിഷത്തിൽ നിറഞ്ഞിട്ടുണ്ടാവുക. ആ വ്യഥയാവാം ഗീതാശ്ലോകത്തിലൂടെ അദ്ദേഹം പ്രകാശിപ്പിച്ചിരിക്കുക. ധാർമ്മിക സങ്കടങ്ങളിൽ ആശ്വാസത്തിൻ്റെ തെളിമ കിട്ടാൻ ഈ ഭാരതീയ കൃതി ഒരുവേള ആ ശാസ്ത്ര പ്രതിഭയെ സഹായിച്ചിരിക്കാം.

ഓപ്പൻഹൈമർ അടിസ്ഥാന ശാസ്ത്രത്തിനല്ല സംഭാവനകൾ നൽകിയതെന്നും, യുദ്ധത്തിൻ്റെ ശാസ്ത്രപ്രയോഗത്തിലാണെന്നും പറയാറുണ്ട്. അതിനദ്ദേഹത്തെ സഹായിച്ചത് ഭഗവദ് ഗീതയാണെന്നും വിശ്വസിക്കുന്നവരുണ്ട്. മൂല്യബോധത്തിൽ നിന്നും മോചിതനായി അണുബോംബിനായി പ്രവർത്തിക്കാനുള്ള മാനസികാവസ്ഥ ഗീതയുടെ ദർശനത്തിൽ നിന്നും ലഭിച്ചതാണെന്നാണ് ഒരു കൂട്ടർ വിശ്വസിക്കുന്നത്. (ജെയിംസ് എ. ഹിജിയയുടെ The Gita of J. Robert Oppenheimer എന്ന പഠനം കാണുക)

ഏതായാലും ഗീതയും സംസ്കൃതവും ആ പ്രതിഭയുടെ ജീവിതത്തിൻ്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള സിനിമയിലും ഇവ കടന്നു വരുന്നതിൽ അത്ഭുതപ്പെടാനില്ല. ജീവിതത്തിൻ്റെ ഏതു പരിസരത്തു നിന്നും അണുബോംബിൻ്റെ പിതാവ് ഗീതയെ ആസ്വദിച്ചിരിക്കാം. ആ ശാസ്ത്രജ്ഞൻ്റെ ആത്മസംഘർഷങ്ങളെ സാക്ഷാത്കരിക്കുവാൻ അതിലും മെച്ചപ്പെട്ട മറ്റൊരുവഴി കണ്ടെത്താൻ ചലച്ചിത്രകാരന് കഴിയുമായിരുന്നില്ല. അതിൽ കൃസ്റ്റഫർ നോളനെന്ന ചലച്ചിത്ര പ്രതിഭയെ ഇന്ത്യയിലെ ഗീതാപ്രേമികൾ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലൈംഗികബന്ധദൃശ്യങ്ങളോടൊപ്പം ചേരാത്തതാണ് ഗീതാശ്ലോകം എന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണ്, അനാവശ്യവുമാണ്. ഈ അമേരിക്കക്കാരന് ഗീത ഒരു ആത്മീയനിർവൃതിയുടെ പാഠമായിരുന്നില്ല. അദ്ദേഹം അടിസ്ഥാനപരമായി ഒരു ശാസ്ത്രജ്ഞനായിരുന്നു. ശാസ്ത്രയുക്തിയുടെ വെളിച്ചത്തിൽ ജീവിതത്തെയും ലോകത്തെയും നോക്കിക്കണ്ട മഹാബുദ്ധിമാനായ ഒരാൾ.

ശാസ്ത്രവും യുക്തിയുമൊക്കെ എന്നന്നേക്കുമായി കൈവിട്ട തീവ്രഹിന്ദുത്വ വാദികൾക്ക്, ആർഷഭാരത സംരക്ഷകർക്ക് ഭഗവദ്ഗീത വെറുമൊരായുധമാണ്. വർഗീയത വളർത്താനുള്ള ഒരായുധം. വിദ്വേഷം പ്രചരിപ്പിക്കുവാനുള്ള ആയുധം. കുരുക്ഷേത്ര യുദ്ധക്കളത്തിലെ ഗീതാവാക്യങ്ങൾ ആധുനിക ഇന്ത്യയിലെ വർഗീയയുദ്ധക്കളത്തിലും അതിൻ്റെ പങ്ക് വഹിക്കുകയാണ്. ക്രിസ്റ്റഫർ നോളൻ്റെ സിനിമയിൽ നിന്നും ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്നൊക്കെ ആവശ്യപ്പെടുന്നത് അതിനാലാണ്. ഇത്തരം ബാലിശമായ ആവശ്യങ്ങളിലൂടെ ഇന്ത്യ ലോകത്തിൻ്റെ മുന്നിൽ ചെറുതാവുകയാണ്. സാംസ്കാരികമായി തരം താഴുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in