'ഇരുവർ' എന്ന ചിത്രത്തിന്റെ ആശയം എം.ടി.യുമായുള്ള സംസാരത്തിൽനിന്ന് കിട്ടിയതാണെന്ന് മണിരത്‌നം പറഞ്ഞിട്ടുണ്ട്

'ഇരുവർ' എന്ന ചിത്രത്തിന്റെ ആശയം എം.ടി.യുമായുള്ള സംസാരത്തിൽനിന്ന് കിട്ടിയതാണെന്ന് മണിരത്‌നം പറഞ്ഞിട്ടുണ്ട്

തനിക്കുചുറ്റുമുള്ള ലോകത്തെ ഇത്രത്തോളം മനസ്സിലാക്കിയ എം.ടിയെ പോലൊരു എഴുത്തുകാരന്‍ വേറെയുണ്ടെന്ന് തോന്നുന്നില്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 'ഇരുവര്‍' എന്ന മനോഹരചിത്രത്തിന്റെ ആശയം എം.ടി.യുമായുള്ള ഒരു സംസാരത്തില്‍നിന്ന് കിട്ടിയതാണെന്ന് മണിരത്നം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ''കരുണാനിധിയും എം.ജി.ആറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. നിങ്ങള്‍ക്കൊരു സിനിമയ്ക്കുള്ള കഥ കിട്ടും'', എന്ന എം.ടി.യുടെ വാക്കുകളാണത്രെ 'ഇരുവര്‍' എന്ന ചിത്രത്തിലേക്ക് വഴികാട്ടിയത്.

നമുക്ക് പറയാനുള്ളതാണ് എം.ടി. പറയുന്നത്. നമ്മുടെ അനുഭവങ്ങളാണ് അദ്ദേഹം എഴുതുന്നത്. എം.ടി.യുടെ എല്ലാ കഥകളിലും എനിക്ക് എന്നെ കാണാന്‍ പറ്റാറുണ്ട്. ഭീമനിലും ചന്തുവില്‍പോലും ഞാനുണ്ട്. അതെന്റെമാത്രം തോന്നലല്ല. എം.ടി.യെ വായിക്കുന്ന ഓരോരുത്തരുടേയും തോന്നലാണ്. ഫേസ്ബുക്കില്‍ പങ്കുവച്ച മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ ലേഖനത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്

എം. ടി. എന്ന 'ഹീറോ'.

പത്തൊൻപതാം വയസ്സിൽ സംവിധാനം പഠിക്കാൻ മദ്രാസിലേക്ക് വണ്ടികയറുമ്പോൾ രേഖാ സിനി ആർട്സിന്റെ വിലാസവും വിവരങ്ങളുമെഴുതിയ ഡോ. ബാലകൃഷ്ണന്റെ കത്തിനോടൊപ്പം മറ്റൊരു കത്തും ഞാൻ കൈയിൽ കരുതിയിരുന്നു. അത് 'മാതൃഭൂമി'യുടെ ലെറ്റർപാഡിൽ എം.ടി. വാസുദേവൻനായർ സ്വന്തം കൈപ്പടയിലെഴുതിയ കത്താണ്. അതെന്റെ കൈയിലിരിക്കാൻ തുടങ്ങിയിട്ട് രണ്ടുമൂന്നു കൊല്ലമായി. പലതവണ നിവർത്തി വായിച്ചും വീണ്ടും മടക്കിവെച്ചും പഴകിപ്പോയ ആ കത്ത് എപ്പോൾവേണമെങ്കിലും കീറിപ്പോകാവുന്ന അവസ്ഥയിലെത്തിയിരുന്നു. എന്നിട്ടും അതൊരു നിധിപോലെ ഞാൻ സൂക്ഷിച്ചു. കാരണം, അതിലെ അക്ഷരങ്ങൾ എഴുതിയ കൈ കൊണ്ടാണ് 'കാല'വും 'മഞ്ഞും' 'നാലുകെട്ടു'മൊക്കെ എഴുതപ്പെട്ടത്.
വാസ്തവത്തിൽ അത് എനിക്കുള്ള കത്തായിരുന്നില്ല. ഞാനന്ന് അന്തിക്കാട് മാതൃഭൂമി സ്റ്റഡിസർക്കിളിന്റെ സെക്രട്ടറിയാണ്. വായിക്കാനും എഴുതാനുമൊക്കെ താത്പര്യമുള്ള കുട്ടിക്കൂട്ടായ്മയിലെ ഒരംഗം. സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഒരു ചിൽഡ്രൻസ് ലൈബ്രറി തുടങ്ങിയാലോ എന്നൊരാലോചന വന്നു. പണച്ചെലവുള്ള കാര്യമാണ്. വായനശാലയാക്കാൻ പറ്റിയ മുറി വേണം, പുസ്തകങ്ങൾ വേണം, ഫർണിച്ചർ വേണം. പതിനാറും പതിനേഴും വയസ്സുള്ള, പാവപ്പെട്ട കുട്ടികൾക്ക് താങ്ങാവുന്ന കാര്യമല്ല. പക്ഷേ, ഒരു സ്വപ്‌നമുണ്ടായിപ്പോയി. അത് യാഥാർഥ്യമാക്കിയേ പറ്റൂ.
അന്നൊക്കെ സാമൂഹികരംഗത്തു പ്രവർത്തിക്കുന്ന സംഘടനകൾ പണം സ്വരൂപിക്കുന്നതിനായി 'ബെനിഫിറ്റ് ഷോ' നടത്തുന്ന ഏർപ്പാടുണ്ടായിരുന്നു. നാട്ടുകാരോട് വെറുതെ സംഭാവന ചോദിക്കുന്നതിനു പകരം ഏതെങ്കിലുമൊരു സിനിമ ഒരുദിവസത്തേക്ക് പ്രദർശിപ്പിക്കാനായി കൊണ്ടുവരും. രാവിലെ മുതൽ നാലോ അഞ്ചോ പ്രദർശനങ്ങൾ. ടിക്കറ്റിന് വില കൂട്ടിയിടും. വീടുകൾതോറും നടന്ന് ടിക്കറ്റ് വിൽക്കും. തിയേറ്ററിന്റെ വാടകയും സിനിമയുടെ പ്രതിഫലവും മറ്റു ചെലവുകളും കഴിച്ച് ബാക്കിയുള്ള തുക ലാഭം. പലർക്കും നഷ്ടം വന്ന ചരിത്രവുമുണ്ട്. എങ്കിലും ഞങ്ങളതൊന്ന് പരീക്ഷിക്കാൻതന്നെ തീരുമാനിച്ചു. നല്ല സിനിമയാണെങ്കിലേ ടിക്കറ്റ് വിറ്റുപോകൂ. ടി.വി.യും ഇന്റർനെറ്റുമൊന്നുമില്ലാത്ത കാലമാണ്. റേഡിയോപോലും അപൂർവം. എപ്പോൾ കളിച്ചാലും ആളു കാണുന്ന സിനിമ അന്ന് 'ചെമ്മീൻ' മാത്രമാണ്. അതാണെങ്കിൽ 'ബെനിഫിറ്റ് ഷോ'യ്ക്ക് കൊടുക്കാറുമില്ല. എങ്കിലും ഒരു ശ്രമം നടത്തിനോക്കി. കുഞ്ഞുണ്ണിമാഷാണ് അന്ന് 'മാതൃഭൂമി'യിലെ കുട്ടേട്ടൻ. എം.ടി. ആഴ്ചപ്പതിപ്പിന്റെ പത്രാധിപരും. കുഞ്ഞുണ്ണിമാഷോട് കാര്യം പറഞ്ഞു.
''സിനിമാക്കാരുമായൊന്നും എനിക്ക് വലിയ ബന്ധമില്ല. എം.ടി.യോട് പറഞ്ഞുനോക്കാം.''
വൈകാതെതന്നെ എം.ടി.യുടെ ഒരു ശുപാർശക്കത്ത് കുഞ്ഞുണ്ണിമാഷ് അയച്ചുതന്നു. 'ചെമ്മീൻ' നിർമിച്ച കൺമണി ബാബുവിന്റെ മാനേജർക്കുള്ളതാണ് കത്ത്.
''പ്രിയപ്പെട്ട ഹാരിസ്, അന്തിക്കാട്ടെ കുട്ടികൾക്ക് ഒരുദിവസത്തെ ബെനിഫിറ്റ് ഷോയ്ക്ക് 'ചെമ്മീനി'ന്റെ ഒരു പ്രിന്റ് വേണമെന്ന് പറയുന്നു. കഴിയുമെങ്കിൽ ഫ്രീയായിട്ട് കൊടുത്താൽ നന്ന്. -സ്വന്തം എം.ടി.''
കത്ത് ഹാരിസിനെ കാണിച്ചതേയുള്ളൂ, ഒരു പൈസപോലും പ്രതിഫലം നൽകാതെ 'ചെമ്മീൻ' ഞങ്ങൾക്കു കിട്ടി. അതിമനോഹരമായ 'കുട്ടികളുടെ വായനശാല' അന്തിക്കാട്ട് ആരംഭിക്കുകയുംചെയ്തു.
ആ കത്താണ് എന്റെ കൈയിലുണ്ടായിരുന്നത്. ഹാരിസ് അന്നത് വാങ്ങിവെയ്ക്കാതിരുന്നത് എന്റെ ഭാഗ്യം. ആ കൈയക്ഷരങ്ങളിൽ നോക്കി എത്രയോ ദിവസം നിർവൃതിയോടെ ഞാനിരുന്നിട്ടുണ്ട്!
എന്നും മനസ്സിലെ ഗുരുനാഥനാണ് എം.ടി. സിനിമാഭാഷയിൽ 'ഹീറോ' എന്നും പറയാം. അത് എന്റെ മാത്രമല്ല, സാഹിത്യത്തിൽ താത്പര്യമുള്ള എല്ലാവരുടെയും ഹീറോ.

കുറേ നാളുകൾക്കുമുൻപ് പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ എഴുതിയ ഒരു ലേഖനം വായിച്ചിരുന്നു. ചെറുപ്പംമുതലേ എം.ടി.യുടെ കടുത്ത ആരാധകനായിരുന്നു പപ്പൻ. അന്ന് പത്താംക്ലാസിലോ മറ്റോ പഠിക്കുന്ന കാലമാണ്. ഒരുദിവസം പദ്മരാജൻ രാവിലേതന്നെ കുളിച്ചൊരുങ്ങി പുറപ്പെടുന്നു. പരീക്ഷക്കാലമാണ്. പഠിച്ചുകൊണ്ടിരുന്ന മകന്റെ അടുത്തുവന്ന് പദ്മരാജൻ പറഞ്ഞു:
''നിന്റെ ഹീറോ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്, എം.ടി. വാസുദേവൻനായർ. എന്നെ വിളിച്ചിരുന്നു. ഞാനദ്ദേഹത്തെ കാണാൻ പോവുകയാണ്.''
നേരിട്ടൊന്നു കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നെങ്കിലും പപ്പൻ അച്ഛന്റെ കൂടെ പോയില്ല. ഏതോ തിരക്കഥയെപ്പറ്റി ചർച്ചചെയ്യാനാണ്. കുട്ടികൾക്കവിടെ കാര്യമില്ലല്ലോ.
ഹോട്ടലിൽവെച്ച് കണ്ട് സംസാരിച്ച് തിരിച്ചുപോരുന്നതിനു മുൻപ് പദ്മരാജൻ എം.ടി.യോടു പറഞ്ഞു:
''എന്റെ മകൻ സാറിന്റെ വലിയ ഫാനാണ്. എഴുതുന്നതെന്തും അവൻ തേടിപ്പിടിച്ച് വായിക്കും.''
''എങ്കിൽ എന്റെ സമ്മാനമായി ഇത് മകന് കൊടുക്കൂ'' എന്നുപറഞ്ഞ് പേരെഴുതി ഒപ്പിട്ട് തന്റെ ഒരു പുസ്തകം എം.ടി. പദ്മരാജനെ ഏൽപ്പിച്ചു. പുസ്തകം കിട്ടിയ അനന്തപദ്മനാഭൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി. എന്നിട്ട് പദ്മരാജനോട് ഒരു കുസൃതിച്ചോദ്യം ചോദിച്ചു:
''എന്റെ പ്രായത്തിൽ ഇതുപോലൊരു സമ്മാനം അന്നത്തെ ഏത് സാഹിത്യകാരനിൽനിന്നു കിട്ടാനാണ് അച്ഛൻ ആഗ്രഹിക്കുക?''
തകഴിയടക്കമുള്ള മഹാസാഹിത്യകാരന്മാരിൽ ആരുടെയെങ്കിലും പേരുപറയുമെന്ന് പ്രതീക്ഷിച്ച മകനോട് ഒരു നീണ്ട ആലോചനയ്ക്കുശേഷം പദ്മരാജൻ പറഞ്ഞുവത്രെ:
''നിന്റെ പ്രായത്തിൽ ഞാനും എം.ടി.യിൽനിന്ന് കിട്ടാൻതന്നെയാകും ആഗ്രഹിക്കുക.''
ആരാധന തലമുറകളിലൂടെ കടന്നുപോകുന്നുവെന്നതിന്റെ നേർസാക്ഷ്യമാണിത്.
പിന്നീടൊരിക്കൽ കോഴിക്കോട്ടുവെച്ച് കണ്ടപ്പോൾ ഈ കാര്യം ഞാൻ എം.ടി.യോടു പറഞ്ഞു. അപൂർവമായി മാത്രം കാണാറുള്ള ഒരു ചിരി അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്നത് ഞാൻ കണ്ടു.

എം.ടി.യുടെ ഒരു തിരക്കഥയെങ്കിലും സിനിമയാക്കാനാഗ്രഹിക്കാത്ത സംവിധായകർ കുറവായിരിക്കും. എനിക്കും അതൊരു സ്വപ്‌നമായിരുന്നു. 'കളിയിൽ അല്പം കാര്യം' എന്ന പടത്തിനുശേഷം പ്രശസ്ത നിർമാതാവായിരുന്ന എസ്. പാവമണി എന്നോട് ചോദിച്ചു: ''നമുക്ക് എം.ടി.യുടെ തിരക്കഥയിലായാലോ അടുത്ത സിനിമ?''
എന്റെ മനസ്സ് സന്തോഷംകൊണ്ട് നിറഞ്ഞു. പാവമണിസാറിന്റെ അടുത്ത സുഹൃത്താണ് എം.ടി. 'നിർമാല്യ'മൊക്കെ വിതരണംചെയ്തത് പാവമണിസാറിന്റെ കമ്പനിയാണ്.
വിവരം എം.ടി.യെ അറിയിച്ചു. എം.ടി. അന്നും മാതൃഭൂമിയിലുണ്ട്. ഒരാഴ്ചയോളം ഞാൻ കോഴിക്കോട്ട് മുറിയെടുത്ത് താമസിച്ചു. രാവിലെ ഓഫീസിൽ പോകുന്നതിനു മുൻപും വൈകുന്നേരം തിരിച്ചുവരുമ്പോഴും അദ്ദേഹം മുറിയിലെത്തും. എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായിരുന്നു അത്. എം.ടി.യോടൊപ്പം ഒരു സിനിമയ്ക്ക് കഥയാലോചിക്കാനിരിക്കുക എന്നതുപോലും അവിശ്വസനീയമായി തോന്നി എനിക്ക്. മൂന്നു കഥകൾ ഞങ്ങളാലോചിച്ചു. മൂന്നും എനിക്ക് കൈവെക്കാൻ പേടിതോന്നുന്ന കഥകൾ. (അതിലൊരെണ്ണം പിന്നീട് എം.ടി.തന്നെ സംവിധാനം ചെയ്തു -കടവ്. മറ്റൊന്ന് കെ.എസ്. സേതുമാധവൻസാറും -വേനൽക്കിനാവുകൾ.)
ഒടുവിൽ എം.ടി.തന്നെ പറഞ്ഞു: ''അല്പംകൂടി സാവകാശമുള്ള സമയത്ത് നമുക്കൊരു പടം ചെയ്യാം. പാവമണിക്കു വേണ്ടി സത്യൻ വേറൊരു കഥ ആലോചിക്കൂ. എന്റെ അനിയനെപ്പോലെ ഞാൻ കരുതുന്ന സുഹൃത്താണ് വി.ബി.കെ. മേനോൻ. നമുക്കൊരുമിച്ച് മേനോനുവേണ്ടി ഒരു സിനിമ ചെയ്യാം.''
പിന്നീട് പലപ്പോഴും മേനോൻ ചേട്ടൻ എന്നെ സമീപിച്ചിരുന്നു. അപ്പോഴേക്കും ഞാൻ ശ്രീനിവാസനോടൊത്തുള്ള സിനിമകളുടെ തിരക്കിലായിപ്പോയി. ഇപ്പോഴും ആ സ്വപ്‌നം മാത്രം ബാക്കി.

'വാനപ്രസ്ഥം' ആദ്യമായി വായിച്ച് അതിന്റെ ആവേശത്തിൽ എം.ടി.ക്ക് ഞാനൊരു കത്തെഴുതി. 'ഒരു കഥ വായിച്ച് കണ്ണുനിറയുക എന്ന അനുഭവം നഷ്ടപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെടുത്തിയതിന് നന്ദി.'
മറുപടി ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല. എന്റെയൊരു മനസ്സമാധാനത്തിന് എഴുതിയെന്നേയുള്ളൂ. അദ്ദേഹമത് കാണുമോ എന്നുപോലും ഉറപ്പില്ല. സിനിമാ തിരക്കിനിടയിൽ അക്കാര്യം ഞാൻ പിന്നെ ഓർത്തതുമില്ല. മൂന്നോ നാലോ കൊല്ലങ്ങൾക്കുശേഷം പി.വി. ഗംഗാധരൻ നിർമിക്കുന്ന ഒരു ചിത്രം ഞാൻ സംവിധാനം ചെയ്യുന്നു. കോഴിക്കോട് ആഴ്ചവട്ടത്തിനടുത്ത് ഒരു വീട്ടിലാണ് ഷൂട്ടിങ്. ഒരു സന്ധ്യാനേരത്ത് കെ.ടി.സി. അബ്ദുള്ളയോടൊപ്പം എം.ടി. ലൊക്കേഷനിൽ വന്നു. പി.വി.ജി.യോടുള്ള സൗഹൃദത്തിന്റെ പേരിലൊരു സന്ദർശനം.
ക്യാമറാമാൻ ലൈറ്റപ്പ് ചെയ്യുന്ന ഇടനേരത്ത് ഞാനദ്ദേഹത്തിന്റെ അടുത്തുവന്നിരുന്നു. സിനിമയെപ്പറ്റിയും കോഴിക്കോട്ടുകാരെപ്പറ്റിയുമൊക്കെ കുറച്ചുനേരം സംസാരിച്ചു. തിരിച്ചുപോകാൻ നേരത്ത് യാത്രപറയാനെന്നോണം എന്റെ കൈ പിടിച്ചിട്ട് അദ്ദേഹം പറഞ്ഞു: ''സത്യന്റെ കത്തെനിക്ക് കിട്ടിയിരുന്നു കേട്ടോ. സന്തോഷമായി.''
പെട്ടെന്ന് എന്റെ കണ്ണൊന്ന് നനഞ്ഞു. ഇരുട്ട് വീണുതുടങ്ങിയിരുന്നു. അതുകൊണ്ട് അത് ഞാൻ മാത്രമേ അറിഞ്ഞുള്ളൂ.

ചെയ്യുന്ന ജോലി എന്തായാലും അത് അങ്ങേയറ്റം ആത്മാർഥതയോടെ മാത്രമേ എം.ടി. ചെയ്യൂ എന്ന് കേട്ടിട്ടുണ്ട്. ഒരു സുഹൃത്ത് പറഞ്ഞ അനുഭവമാണ്. എം.ടി.യെ കാണാൻ ഒരുദിവസം ചെല്ലുമ്പോൾ ഒരു കടലാസിൽ അദ്ദേഹമെന്തോ കുറിച്ചുകൊണ്ടിരിക്കുന്നു.
''വൈകുന്നേരം ഒരു മീറ്റിങ്ങുണ്ട്. നിളാനദിയെക്കുറിച്ചാണ് പറയേണ്ടത്. എന്തൊക്കെ പറയണമെന്ന് ഒന്ന് നോട്ട് ചെയ്യുകയായിരുന്നു.''
നിളയെപ്പറ്റി ഏറ്റവും നന്നായി പറയാനുള്ള അറിവും അർഹതയുമുള്ള ആളാണ് എം.ടി. എന്നിട്ടും പറയേണ്ടത് എന്തൊക്കെ എന്ന് അദ്ദേഹം കുറിച്ചുവയ്ക്കുന്നു. ഒരു വാക്കും പാഴായിപ്പോകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. കാലമെത്രയോ ആയി നമ്മൾ എം.ടി.യെ അറിയാൻ തുടങ്ങിയിട്ട്. ഇന്നുവരെ പറയാൻ പാടില്ലാത്തതൊന്നും എം.ടി. പറഞ്ഞിട്ടില്ല. പറഞ്ഞതൊന്നും തിരിച്ചെടുത്തിട്ടുമില്ല.
ഏറ്റവും ലളിതമായ ഭാഷയാണ് ഏറ്റവും നല്ല ഭാഷ എന്ന് അദ്ദേഹം പറയാറുണ്ട്. വാക്കുകൾകൊണ്ട് ജാലവിദ്യ കാണിക്കലാണ് സാഹിത്യം എന്ന് തെറ്റിദ്ധരിച്ചവരുടെ രചനകൾ കാണുമ്പോൾ ഞാൻ എം.ടി.യെ ഓർക്കും.
കുറച്ച് വർഷങ്ങൾക്കുമുൻപ് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഒരു സെമിനാർ. എം.ടി.യാണ് മുഖ്യാതിഥി. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാനും കോട്ടയത്തുണ്ട്. എം.ടി. വരുന്നെന്ന് കേട്ടപ്പോൾ ഞാനും ആ ചടങ്ങിന് പോയി. ഹാളിന് പുറത്ത് സാമാന്യം വലിയൊരു ജനക്കൂട്ടമുണ്ടായിരുന്നു. കാറിൽനിന്നിറങ്ങിയ ഉടനെ അദ്ദേഹമെന്നെ കണ്ടു. ''സത്യാ'' എന്നുപറഞ്ഞ് നേരേ വന്നെന്റെ കൈ പിടിച്ചു. വിശേഷങ്ങൾ ചോദിച്ചുകൊണ്ട് എന്നോടൊപ്പം നടന്നു. പടിക്കെട്ടുകൾ കയറി സ്റ്റേജിലെത്തുംവരെയും അദ്ദേഹമെന്റെ കൈ വിട്ടില്ല. എനിക്ക് വല്ലാത്ത അഭിമാനം തോന്നി. ഇത്തിരി അഹങ്കാരവും. സ്റ്റേജിൽ അദ്ദേഹത്തിന്റെ അടുത്ത കസേരയിൽതന്നെ എന്നെ ഇരുത്തിയിട്ട് പതിഞ്ഞ ശബ്ദത്തിൽ എം.ടി. പറഞ്ഞു:
''ഈ പ്രായത്തിൽ എവിടെയെങ്കിലും തട്ടിത്തടഞ്ഞ് വീണാൽ കുഴപ്പമാണ്. അതാണ് ഞാൻ സത്യന്റെ കൈ വിടാതിരുന്നത്.''
സൗഹൃദത്തേക്കാളുപരി വീഴാതിരിക്കാനുള്ള ഒരു ഊന്നുവടിയായാണ് അദ്ദേഹമെന്നെ കണ്ടതെന്നറിഞ്ഞപ്പോൾ ഞാൻ ചിരിച്ചുപോയി. അഹങ്കാരം അപ്രത്യക്ഷമാവുകയും ചെയ്തു.

തനിക്കുചുറ്റുമുള്ള ലോകത്തെ ഇത്രത്തോളം മനസ്സിലാക്കിയ ഒരെഴുത്തുകാരൻ വേറെയുണ്ടെന്ന് തോന്നുന്നില്ല. 'ഇരുവർ' എന്ന മനോഹരചിത്രത്തിന്റെ ആശയം എം.ടി.യുമായുള്ള ഒരു സംസാരത്തിൽനിന്ന് കിട്ടിയതാണെന്ന് മണിരത്‌നം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ''കരുണാനിധിയും എം.ജി.ആറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. നിങ്ങൾക്കൊരു സിനിമയ്ക്കുള്ള കഥ കിട്ടും'', എന്ന എം.ടി.യുടെ വാക്കുകളാണത്രെ 'ഇരുവർ' എന്ന ചിത്രത്തിലേക്ക് വഴികാട്ടിയത്.
നമുക്ക് പറയാനുള്ളതാണ് എം.ടി. പറയുന്നത്. നമ്മുടെ അനുഭവങ്ങളാണ് അദ്ദേഹം എഴുതുന്നത്. എം.ടി.യുടെ എല്ലാ കഥകളിലും എനിക്ക് എന്നെ കാണാൻ പറ്റാറുണ്ട്. ഭീമനിലും ചന്തുവിൽപോലും ഞാനുണ്ട്. അതെന്റെമാത്രം തോന്നലല്ല. എം.ടി.യെ വായിക്കുന്ന ഓരോരുത്തരുടേയും തോന്നലാണ്. അതുകൊണ്ടാണ് അദ്ദേഹമെഴുതുന്ന ഒരു വാചകത്തിനായി നമ്മൾ ഇപ്പോഴും കാത്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in