എം.ടി; ഒരു സാഹിത്യ കാലാവസ്ഥയുടെ പേര്

എം.ടി; ഒരു സാഹിത്യ കാലാവസ്ഥയുടെ പേര്
Summary

എം ടി യോടൊപ്പം ജീവിച്ചിരിക്കുന്നതിലെ ആഹ്ളാദമാണ് ഈ നിമിഷത്തിന്റെ ധന്യത. ഹാംലറ്റിന്റെ രചനാവേളയിലെ ഷെയ്ക്സ്പിയർ എന്ന പോലെ. വായനക്കാരെക്കൂടി വളരെ വേഗം അതിൽ പങ്കാളികളാക്കി മാറ്റാൻ സാധിക്കുന്നു എന്നതാണ് ഈ രീതിയുടെ മികവും തികവും. എഴുത്ത് എന്ന മാന്ത്രികവെളിച്ചത്തോടുളള അദമ്യമായ അഭിനിവേശവും തന്റെ എഴുത്താണ് താൻ എന്ന പൂർണ്ണബോധ്യത്തോടു കൂടിയുള്ള സമർപ്പണവുമാണ് എം ടിയുടെ അനന്യതകളിൽ ഒന്ന്. മറ്റുളളവരിൽ നിന്നും താൻ മാത്രം ഒരെഴുത്തുകാരനായിത്തീരാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന ഈ സൂക്ഷ്മബോധ്യം എം ടി യുടെ കൂടപ്പിറപ്പായിരുന്നു. സത്യമാണ് ദൈവം എന്ന് മഹാത്മാ ഗാന്ധി കരുതി. ആ ദൈവവും ആ സത്യവും വാക്കാണ് എന്ന് എം ടി. നിരൂപകൻ സജയ് കെ.വി എഴുതുന്നു.

ഇടവപ്പാതിയും മീനച്ചൂടും പോലെ മലയാളിയുടെ ഒരു സാഹിത്യകാലാവസ്ഥയുടെ പേരാണ് എം ടി വാസുദേവൻ നായർ എന്നത്. കുട്ടിക്കാലത്ത് തന്റെ ആദ്യരചനകൾ വാരികകൾക്കയച്ചു കൊടുക്കുമ്പോൾ പേരിന് കനവും മുതിർച്ചയുടെ മൂപ്പും തോന്നിക്കാൻ വേണ്ടി കൂടല്ലൂർക്കാരനായ ഒരു ബാലൻ ഉപയോഗിച്ചു തുടങ്ങിയ ആ നെടുങ്കൻ പേര് , പിന്നീട് എം ടി എന്ന രണ്ടക്ഷരമായി ചുരുങ്ങുകയും മലയാളിയുടെ ഹൃദയം തുറക്കുന്ന മാന്ത്രികത്താക്കോലിന്റെ പേരായി മാറുകയും ചെയ്തു. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി തൊട്ടുള്ള മലയാളസാഹിത്യത്തിന്റെ ചരിത്രം, എം ടിയുടെ ഭാവുകത്വപ്രസരത്തിന്റെ ചരിത്രം കൂടിയാണ്. കഥകളിലൂടെയും നോവലുകളിലൂടെയും തിരക്കഥകളിലൂടെയും എം ടി തന്റേതു മാത്രമായ വായനക്കാരുടെയും കാണികളുടെയും ഒരു പെരുംപറ്റത്തെ സൃഷ്ടിച്ചു കേരളം എന്ന ഭാഷാഭൂമികയിൽ. അതിനിടയിൽ വന്നു പോയവരും വന്നു ചേർന്നവരുമായ തലമുറകളുടെ കാഥികനായി എം ടി മാറി. ഇപ്പോൾ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഈ ത്രിതീയദശകത്തിൽ ആ എഴുത്തുകാരന്റെ നവതിയുടെ നിറവിലും നമ്മൾ ഹൃദയപൂർവ്വം പങ്കുചേരുന്നു. എം ടി യോടൊപ്പം ജീവിച്ചിരിക്കുന്നതിലെ ആഹ്ളാദമാണ് ഈ നിമിഷത്തിന്റെ ധന്യത. മലയാളിയുടെ ഭാവനാജീവിതത്തെ നിർമ്മിക്കുകയും നിർണ്ണയിക്കുകയും ചെയ്ത ഒരു വലിയ എഴുത്തുകാരനോടുള്ള ആദരവാണത്.

മഹാഭാരതം എന്ന മഹാഖ്യാനം, ഭീമസേനന്റെ ആത്മഗതങ്ങളുടെയും അയാൾ കൂടി പങ്കാളിയായ ഒരു മുഖരകഥാഭൂമികയുടെ മൗനത്തിന്റെയും അനുഭവമായി മാറി അത് രണ്ടാമൂഴക്കാരനായ ഒരു ബലശാലിയുടെ കഥയായി എം ടി യിലൂടെ പുനർജ്ജനിച്ചപ്പോൾ

ഏകാകികളുടെ ഒരു പെരുംപറ്റമാണ് എം ടിയോടൊപ്പം മലയാളിയുടെ ആന്തരികജീവിതത്തിൽ പ്രവേശിച്ചത്. ലോകത്തെ തങ്ങളുടെ ഹൃദയത്തിന്റെ ഏകാന്തജാലകത്തിലൂടെ മാത്രം കാണുകയും ഏതാൾക്കൂട്ടത്തിനു നടുവിലും തനിച്ചാവുകയും തനിച്ചു നിന്ന് ലോകബഹളങ്ങളുടെ പുറംകാഴ്ച്ചകളെ തന്റെ അകംകാഴ്ച്ചകളാക്കി മാറ്റുകയും ചെയ്യുന്നവരുടെ ലോകമാണത്. ആന്തരികഭാഷണങ്ങളുടെ കലാകാരനാണ് എംടി; ഹാംലറ്റിന്റെ രചനാവേളയിലെ ഷെയ്ക്സ്പിയർ എന്ന പോലെ. വായനക്കാരെക്കൂടി വളരെ വേഗം അതിൽ പങ്കാളികളാക്കി മാറ്റാൻ സാധിക്കുന്നു എന്നതാണ് ഈ രീതിയുടെ മികവും തികവും. മഹാഭാരതം എന്ന മഹാഖ്യാനം, ഭീമസേനന്റെ ആത്മഗതങ്ങളുടെയും അയാൾ കൂടി പങ്കാളിയായ ഒരു മുഖരകഥാഭൂമികയുടെ മൗനത്തിന്റെയും അനുഭവമായി മാറി അത് രണ്ടാമൂഴക്കാരനായ ഒരു ബലശാലിയുടെ കഥയായി എം ടി യിലൂടെ പുനർജ്ജനിച്ചപ്പോൾ. കഥാപാത്രബഹുലവും കഥാസങ്കുലവുമായ ഇതിഹാസത്തിന്റെ മഹാവാസ്തുവല്ല 'രണ്ടാമൂഴ'ത്തിന്റേത് , മറിച്ച്, ഭീമൻ എന്ന ഏകാകിയുടെ മനോഗുഹയുടെ ഉൾച്ചുവരുകളിൽ വരച്ചിട്ട രതിയുടെയും രണത്തിന്റെയും തിരസ്കാരത്തിന്റെയും ചിത്രങ്ങളുടെ ഒരു പരമ്പര. 'മഞ്ഞി'ലെ തണുത്തുറഞ്ഞ തടാകവും മലകളുടെ കുഴിമാടവും ബുദ്ദുവും സർദാർജിയും അയാളുടെ ഇക്താരയുടെ വിതുമ്പുന്ന നാദവുമെല്ലാം വിമലയുടെ ആന്തരികഭൂഭാഗചിത്രങ്ങളുടെ നില കൈവരിച്ച് അതിൽ വിലയം കൊള്ളുന്നതു പോലെയാണിത്.

തിരക്കഥാകൃത്തായ എം ടിയാണ് മലയാളിയെ അഗാധമായി സ്വാധീനിക്കുകയും വശീകരിക്കുകയും ചെയ്ത മറ്റൊരു കഥനശില്‌പി. ചലച്ചിത്രശാലയുടെ ഇരുട്ടിലിരുന്ന് തിരശ്ശീലയിലെ ഏകാകിയായ നായകന്റെയോ നായികയുടെയോ ഏകാന്തത വായിക്കുന്നതു പോലെ ആ അഭ്രാവിഷ്കാരങ്ങളിൽ മുഴുകി, മലയാളി

എം ടി യുടെ ഉപന്യാസഗദ്യത്തിനു കൂടി ഈ കഥനതാളമുണ്ട് , അത് കണ്ണാന്തളിപ്പൂക്കളെക്കുറിച്ചായാലും ചങ്ങമ്പുഴയുണർത്തി വിട്ട രമണതരംഗത്തെക്കുറിച്ചായാലും നിളയിലെ താഴുന്ന ജലവിതാനത്തെക്കുറിച്ചായാലും. തിരക്കഥാകൃത്തായ എം ടിയാണ് മലയാളിയെ അഗാധമായി സ്വാധീനിക്കുകയും വശീകരിക്കുകയും ചെയ്ത മറ്റൊരു കഥനശില്‌പി. ചലച്ചിത്രശാലയുടെ ഇരുട്ടിലിരുന്ന് തിരശ്ശീലയിലെ ഏകാകിയായ നായകന്റെയോ നായികയുടെയോ ഏകാന്തത വായിക്കുന്നതു പോലെ ആ അഭ്രാവിഷ്കാരങ്ങളിൽ മുഴുകി, മലയാളി. രവിശങ്കർ എന്ന ആസന്നമരണന്റെയും അതിനെ അതിജീവിച്ചവന്റെയും ഏകാന്തതയായിരുന്നു 'സുകൃതം'.' സദയ'ത്തിൽ അത് തൂക്കു കയർ കാക്കുന്നവന്റെ അതിഭീമമായ ഏകാന്തതയായി മാറി. 'വൈശാലി'യിലെ ആഹ്ളാദത്തിമിർപ്പിന്റെയും കോരിച്ചൊരിയുന്ന പുതുമഴയുടേതുമായ ആ അന്ത്യരംഗത്തിലും കാണാം ആൾക്കൂട്ടത്തിൽ തനിയെയായിപ്പോവുകയും ആൾക്കൂട്ടം ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഒരമ്മയെയും മകളെയും.

അതു മാത്രം സത്യമാണ്(which alone is true)'. സാഹിത്യത്തെ സമീപിക്കുമ്പോൾ അതു മനസ്സിൽ ഉരുവിട്ടാൽ നന്ന്. അതു മാത്രമാണ് സത്യം!' സത്യമാണ് ദൈവം എന്ന് മഹാത്മാ ഗാന്ധി കരുതി. ആ ദൈവവും ആ സത്യവും വാക്കാണ് എന്ന് എം ടി

എഴുത്ത് എന്ന മാന്ത്രികവെളിച്ചത്തോടുളള അദമ്യമായ അഭിനിവേശവും തന്റെ എഴുത്താണ് താൻ എന്ന പൂർണ്ണബോധ്യത്തോടു കൂടിയുള്ള സമർപ്പണവുമാണ് എം ടിയുടെ അനന്യതകളിൽ ഒന്ന്. അത്ര ചെറുപ്പത്തിലേ എഴുത്തിനാൽ വശീകരിക്കപ്പെട്ടവർ എഴുത്തുകാരുടെ കൂട്ടത്തിൽത്തന്നെ വിരളമായിരിക്കും. തനിക്കു പത്തു വയസ്സുള്ളപ്പോൾ പത്തായപ്പുരയിൽ വച്ച് ഏട്ടനും ഓപ്പുവും കൂടി പകർത്തിയെടുത്ത് സ്വന്തമാക്കിയ ചങ്ങമ്പുഴയുടെ 'രമണ'നെക്കുറിച്ചുള്ള ഒരു ഗൃഹപുരാണം എം ടി രേഖപ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസിനു ശേഷമുള്ള അവധിക്കാലത്ത് അതേ ബാലൻ ആശാന്റെ 'നളിനി' വായിക്കുകയും കവിതയുടെ നല്ല ഹൈമവതഭൂവിലേയ്ക്കുളള ആ ആദ്യക്ഷണത്താൽ വ്യാമുഗ്ദ്ധനാവുകയും ചെയ്യുന്നുണ്ട്. സ്കൂളിൽ നിന്നു കിട്ടിയ സ്കോളർഷിപ്പ് തുക കൊണ്ട് ആകാവുന്നത്ര പുസ്തകങ്ങൾ വാങ്ങിക്കൂട്ടി അതിവിശപ്പോടെ അവയത്രയും വായിക്കുന്നതും അവൻ തന്നെ. അടുത്തു തന്നെയുള്ള അക്കിത്തത്തിന്റെ മനയിൽ നിന്നും പുസ്തകങ്ങൾ കടം കൊണ്ടും വായിക്കുന്നു. കവിതകളും ലേഖനങ്ങളും കഥകളുമെഴുതുന്നു. ഒപ്പം ടാഗോറിന്റെ 'ഉദ്യാനപാലകൻ' പോലെ ചിലത് പരിഭാഷപ്പെടുത്തി നോക്കുകയും ചെയ്യുന്നു. 'ചെറുപ്പക്കാരൻ എന്ന നിലയിലുള്ള കലാകാരന്റെ ആത്മചിത്രം' എന്ന ശീർഷകത്തിനു താഴെ ചേർത്തു വയ്ക്കാവുന്ന ഇങ്ങനെ ചിലത് എം.ടി.യുടെ ലേഖനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം ഒന്നു പരതി നോക്കിയാൽ ഒത്തുകിട്ടും.

നെരൂദ തന്റെയൊരു പ്രസിദ്ധമായ കവിതയിൽ പറയും പോലെ ഒരു ജ്വരമായും മറക്കപ്പെട്ട ചിറകുകളായും എഴുത്തിനോടുള്ള അഭിനിവേശം തന്റെ ബാലമനസ്സിനുള്ളിൽ മിടിക്കുന്നതറിയുകയും ആ മിടിപ്പിനു മാത്രം സദാ കാതോർത്തു നടക്കുകയും ചെയ്ത ഒരാളുടെ ആത്മകഥനങ്ങളാണവ. മറ്റുളളവരിൽ നിന്നും താൻ മാത്രം ഒരെഴുത്തുകാരനായിത്തീരാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന ഈ സൂക്ഷ്മബോധ്യം എം ടി യുടെ കൂടപ്പിറപ്പായിരുന്നു. അതിന്റെ ഒൻപതു ദീർഘദശകങ്ങളിലൂടെയുള്ള വളർച്ചയുടെയും പടർച്ചയുടെയും ഫലമാണ് എം ടി എന്ന മഹാവൃക്ഷം. 'ഞാൻ എന്റെ വാക്കുകൾ വീഴ്ത്തുന്ന നിഴലാണ്' എന്ന ഒക്ടാവ്യോ പാസിന്റെ വാക്യം ഒരിടത്ത് എം ടി ഉദ്ധരിക്കുന്നുണ്ട്. 'കാഥികന്റെ കല'യിൽ ഒരിടത്ത് ഇങ്ങനെയും -

'റിൽക്കെ കലയേയും കലാപ്രവർത്തനത്തെയും പറ്റി പറഞ്ഞ ഒരു വരിയുണ്ടല്ലോ:'അതു മാത്രം സത്യമാണ്(which alone is true)'. സാഹിത്യത്തെ സമീപിക്കുമ്പോൾ അതു മനസ്സിൽ ഉരുവിട്ടാൽ നന്ന്. അതു മാത്രമാണ് സത്യം!'

സത്യമാണ് ദൈവം എന്ന് മഹാത്മാ ഗാന്ധി കരുതി. ആ ദൈവവും ആ സത്യവും വാക്കാണ് എന്ന് എം ടി .

Related Stories

No stories found.
logo
The Cue
www.thecue.in