മനു ജോസിന്റെ ദസ്തയേവ്‌സ്‌കി: ആത്മവേദനകളുടെ ശരീരനിർവഹണം

മനു ജോസിന്റെ ദസ്തയേവ്‌സ്‌കി: ആത്മവേദനകളുടെ ശരീരനിർവഹണം
Summary

ഡോ. സാംകുട്ടി പട്ടംകരി സംവിധാനം ചെയ്‌ത 'പ്ലാം യാ ല്യുബ്യുയ്' (The Flames of Love) എന്ന നാടകത്തിന് ഒരു ആസ്വാദനം

ഏതെങ്കിലും മനഃശാസ്ത്രജ്ഞനിൽ നിന്ന് മനുഷ്യനെപ്പറ്റി ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് ഫൊയ്ദോർ ദസ്തയേവ്‌സ്‌കിയിൽ നിന്നാണെന്ന് പറഞ്ഞത് നീത്ഷേ ആയിരുന്നു. മനുഷ്യാത്മാവിന്റെ ദുരൂഹവും സങ്കീർണവുമായ ആഴങ്ങളെ ദസ്തയേവ്‌സ്‌കിയുടെ നോവലുകൾ കരുണയോടെ വിശദീകരിച്ചു. അയാൾ പറഞ്ഞ കഥകളോടും കഥാപാത്രങ്ങളോടുമൊപ്പം, ദസ്തയേവ്‌സ്‌കിയുടെ ജീവിതവും അനുവാചകരുടെ ശ്രദ്ധയെ സദാ ആകർഷിച്ചു. ഒരാത്മാവിന് ഭൂമിയിൽ അനുഭവിക്കാവുന്ന ദുരിതങ്ങളെ കുറെയേറെ സഹിച്ച ജീവിതം കൂടിയായിരുന്നുവല്ലോ അദ്ദേഹത്തിന്റേത്. ദുസ്സഹമായ യാതനകളും സ്നേഹശൂന്യമായ അനാഥത്വവും ഒരു വ്യവസ്ഥയുമില്ലാത്ത അരാജകത്വവും ചേർന്നൊരുക്കിയ സങ്കടങ്ങളുടെ പള്ളിപ്പെരുന്നാളായിരുന്നു ദസ്തയേവ്‌സ്‌കിയുടെ മനസ്സ്. അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായിത്തീർന്ന രചനകളിൽ മനുഷ്യാവസ്ഥകളെക്കുറിക്കുന്ന ദാർശനിക, ആത്മീയ, മനഃശാസ്ത്ര വിശകലനങ്ങൾ അഗാധമായി പ്രസരിക്കുന്നതിനു കാരണം ഉള്ളിലറിഞ്ഞ പൊള്ളലുകളാവണം.

പല ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ആ ഐതിഹാസിക സാഹിത്യകാരന്റെ ജീവിതവും അയാൾ പറഞ്ഞ കഥകൾ പോലെ പ്രചരിച്ചു. ആ മനുഷ്യനെ അറിഞ്ഞ ആരും അയാൾ നിലതെറ്റി വീണുപോകുന്ന സ്നേഹത്തിന്റെ ആഴക്കയങ്ങളെ, കരുണ നിറഞ്ഞ നിഷ്കളങ്കതകളെ, അത്ഭുതത്തോടെയും വ്യസനത്തോടെയും നോക്കിനിന്നിട്ടുണ്ടാകും. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ പലതരം സർഗസൃഷ്ടികൾക്ക് അദ്ദേഹത്തിന്റെ ജീവിതം പ്രചോദനമായി. ഡോ സാംകുട്ടി പട്ടംകരി എഴുതി സംവിധാനം ചെയ്‌ത പുതിയ നാടകം 'പ്ലാം യാ ല്യുബ്യുയ്' (സ്നേഹ ജ്വാലകൾ) ദസ്തയേവ്‌സ്‌കി എന്ന മനുഷ്യനെയും എഴുത്തുകാരനെയും അരങ്ങിൽ അടയാളപ്പെടുത്തുന്നു. അനുഗ്രഹീതനടൻ മനു ജോസാണ് ദസ്തയേവ്‌സ്‌കിയെ അസാധാരണ തന്മയത്തത്തോടെ പകർന്നാടുന്നത്.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 'പ്ലാം യാ ല്യുബ്യുയ്' ദസ്തയേവ്‌സ്‌കിയും അന്നയും തമ്മിലുള്ള ബന്ധത്തിലാണ് ഊന്നുന്നതെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളും സംഘർഷങ്ങളും നാടകം രംഗത്തവതരിപ്പിക്കുന്നുണ്ട്. അത്യാഗ്രഹിയും ക്രൂരനുമായ ഒരു റഷ്യൻ പ്രസാധകനുള്ള കടം വീട്ടിത്തീർക്കാൻ വേണ്ടി നോവലെഴുതാൻ ശ്രമിച്ച് പ്രയാസപ്പെടുന്ന കാലത്ത് കേട്ടെഴുത്തുകാരിയായി എത്തുന്ന അന്നയും ദസ്തയേവ്‌സ്‌കിയും തമ്മിലുണ്ടാകുന്ന ആത്മബന്ധവും പ്രണയവും പിന്നീടുള്ള വിവാഹവും ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെപ്പറ്റി അറിയാവുന്നവർക്ക് പുതിയ കഥയല്ല. ഒരു ഔദ്യോഗിക ബന്ധം നിരവധി സംഘർഷങ്ങൾക്കുശേഷം സൗഹൃദത്തിലേക്കും പിന്നീട് ആത്മബന്ധത്തിലേക്കും ഒടുവിൽ പ്രണയത്തിലേക്കും പരിണമിക്കുന്നത് നാടകം ഔചിത്യത്തോടെ ചിത്രീകരിക്കുന്നു. പരിചിതമായ ഈ കഥയിലേക്ക് ദസ്തയേവ്‌സ്‌കിയുടെ ആത്മീയ സംഘർഷങ്ങളും ഭൂതകാല നോവും ഇഴചേരുന്നു. ദസ്തയേവ്‌സ്‌കിയുടെ സാഹിത്യജീവിതത്തിലെ ആവർത്തിതപ്രമേയങ്ങളും ക്രൈസ്‌തവ ബിംബങ്ങളിലൂടെ അദ്ദേഹത്തിന്റെ ആത്മീയ അന്വേഷണങ്ങളും പല രംഗങ്ങളിലായി മുഷിയാതെ വിന്യസിച്ചിട്ടുണ്ട്. മനോഹരമായ ദൃശ്യാനുഭവമാണ് സംവിധായകൻ സാംകുട്ടി ഒരുക്കുന്നത്. രംഗഭാഷയും പ്രകാശവിന്യാസവും കഥാഖ്യാനത്തിന് അനുയോജ്യമായ താളം നൽകുന്നു.

ദസ്തയേവ്‌സ്‌കിക്ക് മലയാളത്തിൽ ഇന്ന് കിട്ടാവുന്ന ഏറ്റവും മികച്ച ശരീരനിർവഹണമാണ് മനു ജോസ് സാധ്യമാക്കിയിരിക്കുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ അയാൾ ദസ്തയേവ്‌സ്‌കിയുടെ ആഴമുള്ള വേദനകൾക്ക് തന്റെ ശരീരം പകരുന്നു. നിൽപിൽ, നോട്ടത്തിൽ, കിടത്തത്തിൽ, കാത്തിരിപ്പിൽ, കാലിക്കോട്ടിൽ കൈയിട്ടുള്ള തിരച്ചിലിൽ, അന്നയോടുള്ള കഥ പറച്ചിലിൽ, ചൂതാട്ടത്തിന്റെ ദുരകളിൽ, ചുഴലിയുടെ അനിയന്ത്രിതമായ പിടച്ചിലുകളിൽ, ശബ്ദത്തിന്റെ സാന്ദ്രമായ ഇടർച്ചകളിൽ ദസ്തയേവ്‌സ്‌കി അധികാരികതയോടെയും വിശ്വസനീയതയോടെയും മനു ജോസിൽ കുടിയേറുന്നു. വലിയ നടന്മാർക്ക് മനുഷ്യാത്മാവിന്റെ മുഴുവൻ ദുഃഖങ്ങളെയും സ്വന്തം ശരീരത്തിൽ അധിവസിപ്പിക്കാൻ കഴിയുമെന്ന് നമുക്കപ്പോൾ അറിവുണ്ടാകുന്നു. നടന്റെ ശരീരം സ്വയമേവ കഥാർസിസിന്റെ കളിക്കളമാണ്. കഥാപാത്രം അവരിലൂടെ പല ജന്മങ്ങളെ, പല അർത്ഥങ്ങളെ വഹിക്കുകയും ആവാഹിക്കുകയും ചെയ്യും. അത്തരമൊരു അപൂർവ്വാവസരമായിരുന്നു മനുജോസിന്റെ ദസ്തയേവ്‌സ്‌കിയെ കണ്ടിരിക്കൽ. അന്നയായി നടിച്ച അമൃതയും ഗംഭീരമായി. കൂടെക്കളിച്ചവരെല്ലാം മികച്ച അഭിനേതാക്കൾ തന്നെ. അപ്പോഴും മറ്റുള്ളവരിൽ നിന്നും സ്വന്തം ശരീരത്തിലേക്ക്, അതിൽ നിറഞ്ഞുതുളുമ്പുന്ന വിലാപങ്ങളിലേക്ക് കണ്ണുകളെ വലിച്ചെടുത്തു പിടിച്ചുനിർത്താൻ മനുജോസിന് കഴിയുന്നു.

മനുഷ്യരെ സൂക്ഷിച്ചുനോക്കുമ്പോൾ അയാൾ മുഖഭാവങ്ങളെക്കാൾ മനസ്സിന് വരുന്ന ചാഞ്ചല്യങ്ങളെയാണ് ഉറ്റുനോക്കുന്നതെന്ന് തോന്നും. "ഞാൻ നിങ്ങളെ അമ്മയെന്ന് വിളിച്ചോട്ടെ" എന്നുചോദിച്ചുകൊണ്ട് പ്രായംചെന്ന വേലക്കാരിയെ ചേർത്തുപിടിക്കുമ്പോളും അവസാനരംഗത്തിൽ ഒരനാഥനെപ്പോലെ മുട്ടുകുത്തിനിന്ന് അന്നയെ പുണരുമ്പോളും അയാളിലെ സമർപ്പണവും കീഴൊതുങ്ങലുമാണ് കാണാനാവുക. ഒരേ സമയം ഭീരുവും ധീരനുമായിരുന്നു ദസ്തയേവ്‌സ്‌കി. മനുഷ്യരോടും അവരുടെ വൈകാരികതകളോടും അനുതാപവും കരുണയുമുണ്ടായിരുന്നവൻ. അതുകൊണ്ടാവാം അന്നയോട് തോന്നുന്ന പ്രണയം അയാൾ വാക്കിൽ വെളിപ്പെടുത്താതെ കൊണ്ടുനടന്നത്. ഒരു വശത്ത്, മർദിത ബാല്യത്തിന്റെ അപകർഷത പേറുമ്പോളും, മറുവശത്ത് എഴുത്തുകാരന്റെ കർതൃത്വം അയാൾക്ക് നൽകുന്ന ആത്മഹർഷങ്ങളും ആത്മധൈര്യവും വലുതാണ്. ഉറങ്ങിക്കിടക്കുമ്പോളുള്ള ശരീരത്തിന്റെ ഉദാരമായ വിന്യാസം, അപസ്‌മാര വേളകളിലെ അനിയന്ത്രിതമായ ഉയർച്ചതാഴ്ചകൾ, ചൂതാട്ടവേദിയിലെ അതിമോഹങ്ങളും മോഹഭംഗങ്ങളും, ചൂഷകനായ പ്രസാധകനോടുള്ള വെറുപ്പ്, ആത്മീയ സന്ദേഹങ്ങളിലെ തീക്ഷ്‌ണത, പോയകാലത്തെ താഡനങ്ങളോടുള്ള മനോഭാവം, അന്നയോടുള്ള പറയാത്ത അനുരാഗം, അവളുടെ പൂർവകാമുകൻ വീട്ടിലെത്തുമ്പോളുള്ള നർമബോധം എന്നുതുടങ്ങി നിരവധി ഭാവങ്ങളാണ് ഈ കഥാപാത്രം ആവശ്യപ്പെടുന്നത്.

ഏറെ ഭാരിച്ച കഥാപാത്രത്തെയാണ് ചുമലിൽ പേറുന്നതെന്ന ഭാവമേതുമില്ലാതെയാണ് മനു ജോസ് ദസ്തയേവ്‌സ്‌കിയെ അണിയുന്നത്. പരിചയസമ്പന്നനായ അഭിനേതാക്കളുടെ ഒരു ദോഷം അവർ സ്വന്തം ശരീരഭാഷയുടെ സുഭഗസുന്ദര പ്രയോഗങ്ങളാൽ സഹ നടീനടന്മാരെ അപ്രത്യക്ഷമാക്കിക്കളഞ്ഞേക്കും എന്നതാണ്. ഭാഗ്യവശാൽ, അക്കാര്യത്തിലും മനു ജോസ് ശ്രദ്ധാലുവാണ്. ഓവർഷാഡോവിങ് ചെയ്യാതിരിക്കാനുള്ള സമതുലനം പക്വതയോടെ അദ്ദേഹം സാധിച്ചെടുക്കുന്നു. പ്രത്യേകിച്ചും അന്നയോടൊത്തുള്ള രംഗങ്ങളിൽ സഹനടിയെ പിന്തള്ളാതെ നോക്കുക എന്ന വെല്ലുവിളി ചെറുതല്ല. ഇതര കഥാപാത്രങ്ങളും രംഗങ്ങളും ഹൃദ്യമാണെങ്കിലും നാടകം കുറേക്കൂടി ദസ്തയേവ്‌സ്‌കിയിലും അന്നയിലും തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.

Related Stories

No stories found.
logo
The Cue
www.thecue.in