മുത്തും പവിഴവും പ്രണയവും

മുത്തും പവിഴവും പ്രണയവും
Summary

ജാതിവിരുദ്ധമായ കാഴ്ചപ്പാടിലേയ്ക്ക് വൈലോപ്പിള്ളി ഉൾപ്പടെയുള്ള നവോത്ഥാനാനന്തരകവികളെത്തിയത് അവർ ആശാന്റെ പിൽക്കാലഋതുവിൽ ജനിച്ചതിനാലും ജീവിച്ചതിനാലുമാണ്. നവോത്ഥാനം ഒരു വസന്തമായിരുന്നു എന്നും ആ വസന്തത്തിൽ ഉണർന്നുപാടിയ കുയിലായിരുന്നു ആശാൻ എന്നുമാണ് വൈലോപ്പിള്ളി പറയുന്നത്. സജയ് കെ.വി എഴുതുന്നു

പവിഴമല്ലിയെപ്പറ്റി വൈലോപ്പിള്ളിയുടെ ഒരു കവിതയുണ്ട്; 'മുഗ്ദ്ധരാഗമുദിച്ചു  തങ്ങളിൽ, മുത്തിനും പവിഴത്തിനും'  എന്നാരംഭിക്കുന്നത്. ഭിന്നമതസ്ഥരോ  ഭിന്നജാതിക്കാരോ ആയ മുത്തും പവിഴവും പരസ്പരം പ്രണയിക്കുന്നു. ഗുരുജനങ്ങളും ബന്ധുക്കളും അതിനെ എതിർക്കുന്നു. 'പായലാൽ താടി നീണ്ടെഴും പാറകൾ' എന്നാണ് ഈ യാഥാസ്ഥിതികരെ കവി വിശേഷിപ്പിക്കുന്നത്. കടലിന്റെ അടിത്തട്ടിലുള്ള ഒരു ലോകത്തിലാണ് കഥ നടക്കുന്നത്. ഒരു പാതിരാത്രിയിൽ കടലിന്റെ അടിയിലെത്തിയ നിലാവ് ,നിങ്ങളിവിടെ ഒരുമിച്ചില്ലെങ്കിലും മുത്തും പവിഴവും ഒത്തുചേരുന്ന പവിഴമല്ലിയായി പുനർജ്ജനിക്കും എന്നനുഗ്രഹിക്കുന്നു. അങ്ങനെയാണ് രാത്രി വിരിഞ്ഞ് രാവിലേ കൊഴിയുന്ന പവിഴമല്ലിപ്പൂവുണ്ടായത്. തികച്ചും ഭാവനാത്മകമായ കഥ. എന്നാലതിനൊരു രാഷ്ട്രീയമുണ്ട്. ജാതിക്കും മതത്തിനും അതീതമായ പ്രണയം സാധ്യമാണോ നമുക്കിടയിൽ, എന്ന ചോദ്യമാണത്.  പായലാൽ താടി നീണ്ടെഴും പാറകളാണ് മാറ്റങ്ങളെ  എതിർത്തു കൊണ്ടിരിക്കുന്നത്.  മതശാഠ്യങ്ങളുള്ള വിശ്വാസസംരക്ഷകരാണ് ആ 'പായലാൽ താടി നീണ്ടെഴും പാറകൾ'.

ജാതിവിരുദ്ധമായ ഈ കാഴ്ചപ്പാടിലേയ്ക്ക് വൈലോപ്പിള്ളി ഉൾപ്പടെയുള്ള നവോത്ഥാനാനന്തര കവികളെത്തിയത് അവർ ആശാന്റെ പിൽക്കാലഋതുവിൽ ജനിച്ചതിനാലും ജീവിച്ചതിനാലുമാണ്. ആശാനെപ്പറ്റി 'കുമാരകോകിലം' എന്നൊരു കവിതയെഴുതിയിട്ടുണ്ട്, വൈലോപ്പിള്ളി. 'പൂക്കാലം വന്നുവല്ലോ മലർവനി പരിപാലിക്കുവോരേ, ഉണർന്നേൽക്കാവൂ നിങ്ങളോരോ തടവു മലിവിൽ മുക്കാവൂ' എന്നാണ് ആ കവിത ആരംഭിക്കുന്നത്. കേരളസമൂഹത്തെ സമത്വത്തിന്റെ ഒരുദ്യാനമായി സങ്കല്പിച്ച ആ മഹാകവിയോടുള്ള ആദരവാണിതിലൂടെ പ്രകാശിപ്പിക്കുന്നത്, വൈലോപ്പിള്ളി. നവോത്ഥാനം ഒരു വസന്തമായിരുന്നു എന്നും ആ വസന്തത്തിൽ ഉണർന്നുപാടിയ കുയിലായിരുന്നു ആശാൻ എന്നുമാണ് വൈലോപ്പിള്ളി പറയുന്നത്.

ഇത്തരത്തിൽ,സമത്വഭാവനയുടെ കവിതകൾ സാധ്യമായത് ആശാന്റെ 'ദുരവസ്ഥ'യ്ക്കും 'ചണ്ഡാലഭിക്ഷുകി'യ്ക്കും ശേഷമാണ്. അപ്പോഴാണ് സോദ്ദേശ്യസാഹിത്യമെന്ന ഒന്ന് മലയാളകവിതയിൽ സംഭവിക്കുന്നത്. ഈയൊരാദർശം ആശാനിൽ മുൻപേ ഉണ്ടായിരുന്നു. 'വീണപൂവ്' എഴുതിയ അതേ വർഷമാണ് 'ഒരു തീയക്കുട്ടിയുടെ വിചാരം' എന്ന കവിതയുമുണ്ടാവുന്നത്. പ്രകടമായി ജാതിക്കെതിരേ സംസാരിക്കുന്ന കവിതയാണത്. പിന്നീട്, 'നളിനി'ക്കും 'ലീല'യ്ക്കും 'ചിന്താവിഷ്ടയായ സീത'യ്ക്കും ശേഷം അതേ പ്രമേയത്തിലേയ്ക്ക് മഹാകവി, മടങ്ങിവരുന്നത് 'ദുരവസ്ഥ'യിലാണ്. തൊട്ടുപിന്നാലെ 'ചണ്ഡാലഭിക്ഷുകി'യും എഴുതപ്പെട്ടു. ഇതിന്റെ ഒരു സൂക്ഷ്മരൂപം 1907 ൽ എഴുതിയ 'വീണപൂവി'ൽത്തന്നെയുണ്ടായിരുന്നു. കറുത്തവനായ വണ്ടും പൂവും തമ്മിലുള്ള പ്രണയമാണത്. പൂക്കളും ശലഭങ്ങളുമാണ് സമജാതികൾ. എന്നിട്ടും,'കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു' എന്നാണ് പറയുന്നത്. വിജാതീയനായ കാമുകനെയാണ് വരിക്കുന്നത്.  ഈ ആശയമാണ് വർഷങ്ങൾക്കു ശേഷം എഴുതപ്പെട്ട 'ദുരവസ്ഥ'യിൽ ചാത്തനും സാവിത്രിയും തമ്മിലുള്ള ചേർച്ചയായി മാറുന്നത്.

ആശാൻ തന്നെ ഒരു വിലക്ഷണകൃതിയെന്നാണ് 'ദുരവസ്ഥ'യെ വിശേഷിപ്പിച്ചത്; പരമ്പരാഗതലക്ഷണങ്ങളിൽ നിന്ന് ഭിന്നമായത് എന്നർത്ഥം. അക്കൊല്ലം ഉത്തരകേരളത്തിൽ നടന്ന, മാപ്പിളലഹളയെന്നും മലബാർകലാപമെന്നും വിളിച്ചു വരുന്ന, സംഭവത്തെ  ആദ്യമായി ഒരു കൃതി രചിക്കപ്പെടുന്നു. അത്തരമൊരു പതിവ് അക്കാലത്തില്ല. എല്ലാ കഥാവസ്തുക്കളും ഏതോ പൗരാണികവിദൂരതയിൽ സംഭവിക്കുന്നു. തൊട്ടു മുന്നിൽ നടന്ന സംഭവത്തെ മുൻനിർത്തി ഒരു കൃതി രചിക്കുമ്പോഴുണ്ടാവുന്ന വെല്ലുവിളികളേക്കുറിച്ച് കവിക്കു തന്നെ നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണതിനെ 'വിലക്ഷണ'മെന്നു  വിശേഷിപ്പിച്ചത്. അതിൽ മുസ്ലീംവിരോധമാരോപിക്കപ്പെടുന്നുണ്ട്. ഇപ്പോൾ പ്രബലമായ വലതുപക്ഷത്തിന്റെ ഒരജണ്ടയാണത്. അതിനെതിരേ ജാഗ്രതയോടെയിരിക്കുക എന്നത് ഒരു രാഷ്ട്രീയദൗത്യമാണ്. അത്തരമൊരു സങ്കുചിതവാദത്തിന്റെ കൃതിയല്ല 'ദുരവസ്ഥ' എന്ന് നമുക്ക് വായനയിലൂടെ വെളിപ്പെടുത്തേണ്ടതുണ്ട്. ഇത്തരം വിമർശനങ്ങൾ അക്കാലത്തു തന്നെയുണ്ടായിരുന്നു. ഈ കുറവുകൾ പരിഹരിച്ച്, അതേ പ്രമേയത്തെ കൂടുതൽ സൗന്ദര്യഭദ്രമായി ആവിഷ്ക്കരിക്കുകയായിരുന്നു   അതേ വർഷം തന്നെ രചിക്കപ്പെട്ട 'ചണ്ഡാലഭിക്ഷുകി' യിൽ.

'ദുരവസ്ഥ'യ്ക്ക് സമകാലികതയുടേതായ ചില കുഴപ്പങ്ങളുണ്ടായിരുന്നു. പ്രചാരണപരത കൂടിപ്പോയിരുന്നു. ജാതിക്കെതിരേ കവി നടത്തുന്ന ഒരു പ്രഭാഷണത്തോടെയാണ് 'ദുരവസ്ഥ' ആരംഭിക്കുന്നതു തന്നെ. എന്നാൽ 'ചണ്ഡാലഭിക്ഷുകി'യിലേയ്ക്കു വരുമ്പോൾ അത് കവിതയുടെ അനിവാര്യഘടകമായി മാറുകയും കൃതിയുടെ അവസാനത്തിലേയ്ക്ക് മാറ്റിവയ്ക്കപ്പെടുകയും ബുദ്ധൻ എന്ന ഉജ്ജ്വല കഥാപാത്രത്തിലൂടെ  നിർവ്വഹിക്കപ്പെടുകയും ചെയ്യുന്നു.  ആശാന്റെ എല്ലാ കവിത്വസിദ്ധികളും അതിന്റെ പൂർണ്ണശോഭയിൽ 'ചണ്ഡാലഭിക്ഷുകി'യിൽ പ്രത്യക്ഷപ്പെടുന്നു. ആനന്ദനെ  അന്വേഷിച്ചുള്ള മാതംഗിയുടെ യാത്ര ഒരു ആത്മീയയാത്രയായിത്തീരുന്നു.

'അരിയ നീർത്താർ മൊട്ടേ, നിൻ തലയിൽ

സ്ഫുരിതമാം തൂമഞ്ഞിൻ തുള്ളി തന്നിൽ

അരുണൻ നിർമ്മിച്ചൊരപ്പത്മരാഗം

പൊരുളാകില്ലീയർക്കദീപ്തി തന്നിൽ.

അതുമല്ല മുത്തേലും ബിന്ദു മാഞ്ഞു

സുധയൂറും നിൻകരൾക്കാമ്പിൽ മെല്ലെ

ദിവസം പുലർന്നു വിടർന്നിനി നീ -

യവികലശോഭ വഹിക്കും പൂവേ'.

പ്രണയത്തിന്റെ പത്മരാഗം സൂര്യശോഭയാൽ അപ്രത്യക്ഷമാവുകയും അതുവരെ പ്രണയത്തിന്റെ തേനായിരുന്നത് ആത്മീയതയുടെ അമൃതായി മാറുകയും പ്രബുദ്ധതയുടെ താമര പോലെ ചണ്ഡാലയുവതി, ബുദ്ധസാന്നിദ്ധ്യത്താൽ, വിരിയുകയും ചെയ്യുന്നു എന്ന് എത്ര മനോഹരമായ ബിംബഭാഷയിലാണ്  ആശാൻ പറയുന്നത് !

'കത്തുന്നൊരാതപജ്വാലയാലർക്കനെ

സ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി'

എന്ന് കവി പറയുന്നിടത്ത്, 'സ്പർദ്ധ' എന്ന വാക്ക് ജാതിസ്പർദ്ധയുടെ കൊടുംവേനലായി വേണം നമ്മൾ വായിച്ചെടുക്കാൻ. അനേകം പക്ഷികൾ ശരണമണഞ്ഞിരിക്കുന്ന ആ പേരാൽമരം, ബുദ്ധനാണ്. ആ വഴിക്കിണറുപോലും ജാതിയുടെ തരിശിനു നടുവിൽ ഏകാന്തമായി കാണപ്പെടുന്ന ബുദ്ധസാന്നിദ്ധ്യമായി നമ്മൾ വായിക്കുന്നു .

'ശബരാലയത്തിന്നിരുട്ടറയിൽ

സപദിയൊതുങ്ങാതുഴൽകയാവാം'

എന്ന് മാതംഗിയുടെ അവസ്ഥയെപ്പറ്റി പറയുന്നിടത്ത്, 'ശബരാലയം' ജാതിയുടെ ഇരുട്ടറയാണ്. ഇങ്ങനെ, അധികാർത്ഥം സൃഷ്ടിക്കുന്ന സന്ദർഭങ്ങളിലൂടെ, കാവ്യഭാഷയുടെ അധികാർത്ഥദീപ്തിയാലാണ് ആശാൻ  'ചണ്ഡാലഭിക്ഷുകി' എഴുതിയിരിക്കുന്നത്.

'ദുരവസ്ഥ'യിൽ ഇത് അത്രത്തോളമില്ലെങ്കിലും  അതത്ര മോശം കൃതിയൊന്നുമല്ല. ഉദാഹരണമായി, ചാത്തന്റെ കുടിലിന്റെ പരിസരവർണ്ണന ശ്രദ്ധിക്കുക. കുടിലു പോലും കൂണുപോലെ കാണപ്പെടുന്നു. ഉണക്കപ്പുല്ലുകളും കുറ്റിച്ചെടികളുമെല്ലാം മുരടിച്ചു നിൽക്കുകയാണ്. ജാതി ഒരവർണ്ണനോട് ചെയ്യുന്നതാണത്; മുരടിപ്പിച്ചു നിർത്തുക എന്നത്.  മറ്റൊരു സന്ദർഭം തായാട്ടു ശങ്കരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്, കലാപസ്ഥലത്തു നിന്ന് ഒരു സർപ്പക്കാവിലൂടെ സാവിത്രി രക്ഷപ്പെട്ടു വരുന്നത്. മുൾപ്പടർപ്പുകളിലൂടെ ദേഹമാസകലമുരഞ്ഞ് മുറിവു പറ്റി പുറത്തു വരുന്ന സാവിത്രിയെ ആശാൻ വിശദമായി വർണ്ണിക്കുന്നുണ്ട്. ജാതിയിൽ നിന്ന് എങ്ങനെ പുറത്തു കടക്കാമെന്നാണ് ആശാൻ പറയാൻ ശ്രമിക്കുന്നത് എന്ന് തായാട്ടു ശങ്കരൻ ഇതിനെ വായിക്കുന്നു. കവിത, പ്രചാരണപരമായി മാറുന്നതിന്റെ ആദ്യമാതൃകകളായിരുന്നു 'ദുരവസ്ഥ'യും 'ചണ്ഡാലഭിക്ഷുകി'യും. ഇ. എം. എസ്, പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയെന്ന് വിശേഷിപ്പിക്കുന്നുണ്ട് ഈ കൃതികളെ .

മലയാളത്തിലെ ആദ്യത്തെ ജനകീയകാവ്യമായിരുന്നു 'ചണ്ഡാലഭിക്ഷുകി'. എല്ലാവരും ചൊല്ലി നടക്കുകയും സാധാരണക്കാർക്കു കൂടി ഹൃദിസ്ഥമായിത്തീരുകയും ചെയ്യുമ്പോഴാണ് ഒരു കൃതിയെ ജനകീയമെന്ന് വിശേഷിപ്പിക്കുക. സാധാരണജനങ്ങളെ ലക്ഷ്യമാക്കി എഴുതപ്പെട്ട കൃതിയായിരുന്നു 'ചണ്ഡാലഭിക്ഷുകി'. അതിനൊരു ചരിത്രപശ്ചാത്തലവുമുണ്ട്.സത്യദേവനെന്ന , ഒരു പക്ഷേ, കേരളത്തിലെ ആദ്യത്തെ കഥാപ്രസംഗകനുവേണ്ടി, കഥാപ്രസംഗരൂപത്തിൽ അവതരിപ്പിക്കുന്നതിനായാണ് ആശാൻ 'ചണ്ഡാലഭിക്ഷുകി' എഴുതുന്നത്. എഴുതിക്കൊടുത്തിട്ട് ആശാൻ പറയുന്നത്, 'ഇത് കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി പറയൂ' എന്നാണ്; അതായത് ജാതിവിരുദ്ധതയുടെ സന്ദേശം ജനഹൃദയങ്ങളിൽ പതിയട്ടെ എന്ന്. കഥാപ്രസംഗത്തിനു പാകത്തിലാണ് അതിന്റെ ഘടന.

ഇതിനു സമാന്തരമായി ടാഗോറിന്റെ 'ചണ്ഡാലിക' എന്ന നാടകവുമുണ്ട്. ആശാന്റെ കാലശേഷമാണത് എഴുതപ്പെടുന്നത്. 'മാതംഗി' എന്നത് ഒരു ജാതിപ്പേരാണ്. ടാഗോർ അവൾക്ക് 'പ്രകൃതി' എന്ന് പേരിട്ടു. ഇന്ത്യയിലെല്ലായിടത്തും പ്രചരിച്ചിരുന്ന ബൗദ്ധസാഹിത്യകഥയാണത്. നാടകത്തിൽ ഈ പെൺകുട്ടി, ആനന്ദഭിക്ഷുവിനെ കണ്ടുമുട്ടിയതിനു ശേഷം അവളിലുണ്ടായ മാറ്റത്തെക്കുറിച്ച് തന്റെ അമ്മയോട് പറയുന്നു. അയാൾക്ക് ഞാൻ ഒരു കൈക്കുമ്പിൾ വെള്ളം മാത്രമേ കൊടുത്തുള്ളൂ. എന്നാലതിൽ ഏഴു കടലും ലയിച്ചിരുന്നു. അതിൽ എന്റെ ജാതി മുങ്ങിമരിച്ചു. ഞാൻ മറ്റൊരുവളായി മാറി. എനിക്കു വീണ്ടും അയാളെ കാണണം.  പ്രകൃതിയുടെ അമ്മയ്‌ക്ക് ചില മന്ത്രസിദ്ധികളുണ്ട്. അതുപയോഗിച്ച് അയാളെ തന്റെയടുത്തേക്ക് കൊണ്ടുവരണമെന്നാണ് പ്രകൃതി അമ്മയോടാവശ്യപ്പെടുന്നത്. അമ്മ അപ്രകാരം ചെയ്യുന്നു. ആനന്ദൻ അവരുടെ വീട്ടുപടിക്കലോളമെത്തുന്നു. പക്ഷേ, ആ നിമിഷം പ്രകൃതി പ്രഖ്യാപിക്കുന്നു,'മന്ത്ര പ്രയോഗം പിൻവലിക്കൂ, അയാൾ തോൽക്കാൻ പാടില്ല. കാരണം , ഞാനിപ്പോൾ അയാളെപ്പോലെയായിരിക്കുന്നു. ഞാനൊരു വിമോചിതയായിരിക്കുന്നു - ജാതിയിൽ നിന്ന് , അധമബോധത്തിൽ നിന്ന്. ഞാൻ അവനെപ്പോലെ പ്രബുദ്ധയായിരിക്കുന്നു' എന്ന്. അങ്ങനെയാണ് നാടകം അവസാനിക്കുന്നത്.

1979 ൽ സച്ചിദാനന്ദൻ 'ബോധവതി' എന്നൊരു കവിത എഴുതിയിട്ടുണ്ട്. ഈ രണ്ടു കൃതികളെയും ചേർത്തുവച്ചു കൊണ്ടുള്ള, അവയുടെ തുടർച്ചയാണത്. ഈ കവിതയുടെ ഒടുവിൽ ,

'ചണ്ഡാളബോധി തളിർത്താർത്തുണരട്ടെ

പന്തിർകുലമൊന്നു വീണ്ടും' എന്നു കാണാം.

ജാതീയമായ അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന മറ്റൊരു പന്തിർകുലമായി മലയാളിസമൂഹം മാറട്ടെ എന്നാണാ കവിത പറയുന്നത്. ഈ ചണ്ഡാളബോധിയുടെ വിത്തുകൾ മലയാള കവിതയിൽ നിക്ഷേപിച്ചത് കുമാരനാശാനാണ്. അതിനു ശേഷമാണ് ദളിത്കവിതയും ഫെമിനിസ്റ്റ്കവിതയും മറ്റുമുണ്ടാകുന്നത്.

'പുരോഗമനസാഹിത്യത്തിന്റെ മുന്നോടി'യെന്ന് ഇ എം.എസ് വിശേഷിപ്പിച്ച ഈ രണ്ടു കൃതികളിൽ നിന്നാണ് പ്രചാരണസാഹിത്യം തുടങ്ങുന്നത്. അത് അധമസാഹിത്യമാണെങ്കിൽ വൈലോപ്പിള്ളിക്കവിതയും അധമസാഹിത്യമാകും. സച്ചിദാനന്ദന്റെ പല കവിതകളും അധമമാകും. എന്നാൽ മികച്ച പ്രചാരണസാഹിത്യം സാധ്യമാണ്, കാവ്യാത്മകമായ പൂർണ്ണതയോടെ, എന്ന്  മലയാളിയെ ബോധ്യപ്പെടുത്തിയ ആ രണ്ടു കൃതികളുടെ സ്മൃതിസന്നിധിയിലാണ് നാമിപ്പോൾ നിൽക്കുന്നത്.

ജനപ്രിയതയുടെ പേരിൽ ചങ്ങമ്പുഴയുടെ 'രമണ'നെയാണ് നാം കൊണ്ടാടാറുള്ളത്.

'മലരണിക്കാടുകൾ തിങ്ങി വിങ്ങി

മരതകകാന്തിയിൽ മുങ്ങി മുങ്ങി'

എന്ന ഈരടിയുടെ വൃത്തത്തിലാണ് 'ചണ്ഡാലഭിക്ഷുകി'യുടെ മൂന്നാം ഖണ്ഡം. 'ലഘുമഞ്ജരി' എന്ന ഈ വൃത്തത്തിൽ തന്നെയാണ് വടക്കൻ പാട്ടുകളും. മാവേലിപ്പാട്ടിന്റെയും ഈണം അതു തന്നെ. ഏറ്റവും ജനകീയമായ, മലയാളിയുടെ രക്തത്തിലലിഞ്ഞുചേർന്ന ഒരു താളത്തെ ആശ്രയിച്ചു കൊണ്ട് ജനകീയമാവണമെന്ന നിശ്ചയത്തോടു കൂടിയാണ് ഈ കാവ്യം എഴുതപ്പെട്ടിരിക്കുന്നത്. ബുദ്ധന്റെ പ്രഭാഷണം എഴുതിയിരിക്കുന്നതാകട്ടെ, മലയാളിയുടെ മറ്റൊരു പ്രിയപ്പെട്ട താളമായ  'ഓമനത്തിങ്കൾക്കിടാവോ....'എന്ന താരാട്ടിന്റെ താളത്തിലാണ്. മറ്റൊരു ഖണ്ഡം മഞ്‌ജരിയിലും. മലയാളിയുടെ പ്രിയപ്പെട്ട അടിസ്ഥാനതാളങ്ങൾ ഉപയോഗിച്ചാണ് ഈ കൃതി എഴുതിയിരിക്കുന്നത് എന്നത് ഇതിന്റെ ജനപ്രിയതയ്ക്കുള്ള മറ്റൊരു കാരണമാകാം.

'ചണ്ഡാലഭിക്ഷുകി'യുടെ കഥ ആദ്യമായി ആശാൻ എഴുതുന്നത് 1916 ൽ വിവേകോദയം മാസികയിലെഴുതിയ 'ജാതിസങ്കടം' എന്ന ലേഖനത്തിലാണ്. ജാതി ഒരഭാവമാണ് എന്ന് ഈ ലേഖനത്തിൽ ആശാൻ പറയുന്നു. പ്രബുദ്ധതയുടെ അഭാവമാണത്. ജാതി ഒരു മായാരോഗമാണെന്നും പറയുന്നുണ്ട് ഈ ലേഖനത്തിൽ ആശാൻ. ഇല്ലാത്ത ഒന്ന് ഉണ്ടെന്നു തോന്നുന്ന 'ഫോബിയ' ആണത്. ഇതിനെ ചെറുത്തിട്ടുള്ള ഒരാളേ ഇന്ത്യാചരിത്രത്തിൽ ഉണ്ടായിട്ടുള്ളൂ എന്നും അത് ബുദ്ധനാണെന്നും ആശാൻ പറയുന്നു; 'ജ്ഞാനദയാസിന്ധു'വായ ബുദ്ധൻ.  അതിനു ശേഷമാണ് ചണ്ഡാലഭിക്ഷുകിയുടെ കഥ പറയുന്നത്. ആറു വർഷം കഴിഞ്ഞാണ് അത് കാവ്യരൂപം പ്രാപിച്ചു പുറത്തു വരുന്നത്. ആശാന്റെ മനസ്സിന്റെ ആഴത്തിൽ കുഴിച്ചിടപ്പെട്ട ഒരു വിത്ത് പൊട്ടിമുളച്ചതാണ് ഈ കൃതി.

ഇതിന്റെ തുടർച്ചയെ സൂചിപ്പിക്കുന്ന ഒരു കവിതയെക്കുറിച്ചു കൂടി പറയാം. കെ.എ. ജയശീലന്റെ 'പേരു നെറ്റിയിൽ' എന്ന കവിതയാണത്.

'പേരു നെറ്റിയിൽ ഒട്ടിക്കുന്നൊരു നാടുണ്ട്

ജാതി നെറ്റീൽ കാട്ടി നടക്കും

നാടുണ്ട്

കുരിശും കുറിയും തൊപ്പിയുമിട്ട്

വിശ്വാസങ്ങളെ വിളിച്ചു കാട്ടും നാടുണ്ട്' എന്ന് അതാരംഭിക്കുന്നു. കവിതയുടെ രണ്ടാമത്തെ ഖണ്ഡത്തിൽ പറയുന്നു,

'എനിക്കറിയാം നിങ്ങൾക്ക് ശിശ്നമുണ്ടെന്ന്

പക്ഷേ, എനിക്കത് കാണണ്ട' എന്ന്.

അവസാന ഖണ്ഡം ചണ്ഡാലഭിക്ഷുകിയെ ബിംബപരമായി ഓർമ്മിപ്പിക്കുന്നു -

'വെള്ളം പോലെ നിറമില്ലാത്ത പേരുകളിടണം നമുക്ക്.

വായു പോലെ

തരം തിരിവുകാരന് പിരിക്കാൻകിട്ടാത്ത പേരുകളിടണം നമുക്ക്'.

ഒരു കൈക്കുമ്പിൾ ജലം ഒരു നൂറ്റാണ്ടുകാലം സഞ്ചരിച്ച് ഏറ്റവും പുതിയ ഒരു കവിയിലോളം എത്തിയതിന്റെ കഥയാണിത്. വെള്ളം പോലെ നിറമില്ലാത്ത മാനവികതയിലേയ്ക്ക് മലയാളി ഇനിയും പരിണമിച്ചു കഴിഞ്ഞിട്ടില്ല. അത് ഒരോർമ്മപ്പെടുത്ത ലാണ്.  ആ ഓർമ്മപ്പെടുത്തലിന്റെ പേരാണ് 'ദുരവസ്ഥ'യെന്നതും 'ചണ്ഡാലഭിക്ഷുകി' എന്നതും.

Related Stories

No stories found.
logo
The Cue
www.thecue.in