മരുവിലും പൂവാടി , മൃതിയിലും അമൃതം

മരുവിലും പൂവാടി , മൃതിയിലും അമൃതം
Summary

സാമൂഹികമാറ്റത്തോടൊപ്പം അനുക്രമമായി വികസിക്കുന്ന കാവ്യഭാവുകത്വം ആശാന്‍ കവിതകള്‍ പരിശോധിച്ചാന്‍ കാണാന്‍ സാധിക്കും. വായന എന്ന പ്രക്രിയയെ പുനര്‍നിര്‍ണ്ണയിക്കാന്‍ പാകത്തില്‍ വികസിച്ചു ആശാന്‍ കവിത. ഓരോ കാലത്തും പുതിയ സങ്കേതങ്ങളാല്‍ ആശാന്‍ കവിതകള്‍ വായിക്കപ്പെട്ടു. മൃത്യുദര്‍ശനവും ലിംഗപദവി ചര്‍ച്ചയും ജാതിവ്യവസ്ഥയും സാമൂഹികനീതിയും ദേശാന്തരസഞ്ചാരവും ആശാന്‍ കവിതയില്‍ പിന്നീട് വായിക്കപ്പെടുന്നുണ്ട്. പി കൃഷ്ണദാസ് എഴുതുന്നു

''സുവ്യക്തമായ്‌ ലിപിയിൽ പ്രണവംപോലെ

ഭവ്യനിനാദമേ, നീയിതിൽത്തങ്ങുക! ''

(നിന്നുപോയ നാദം /കുമാരനാശാന്‍ )

വേദനയുടെയും അത്യാനന്ദത്തിന്റെയും ശതകോടി നിമിഷങ്ങളില്‍ എത്രപേര്‍ക്കാവും ആശാന്‍ തുണയേകിയിട്ടുണ്ടാവുക !. മരണാനന്തരവും വാക്കിന്റെ വെളിച്ചം പടര്‍ത്തി തണലും തെളിനീരുമേകാന്‍ എത്ര കവികള്‍ക്ക് സാധിക്കും. ജീവിതത്തെ താണ്ടാന്‍ ആവിവന്‍തോണി പോലെ ഈ കവിതകള്‍ എത്ര മനുഷ്യര്‍ക്ക് ആശ്രയമായിട്ടുണ്ടാകും.! കവിത ഒരു പ്രവര്‍ത്തനമാണ്. കവിയുടെ കാലം കഴിഞ്ഞാലും കവിത വിവിധ ചരിത്രസന്ധികളില്‍ പല രീതിയില്‍ പ്രവര്‍ത്തിച്ചു നിലകൊളളുന്നു.

കുമാരനാശാന്‍ ഒരോ തലമുറയിലും വിവിധാനുഭവങ്ങള്‍ പകര്‍ന്നു ഇന്നും മങ്ങാതെ തുടരുന്ന കവിയാണ്.

വായനയാണ് കവിതയെ മൃതിസ്പര്‍ശമേല്‍ക്കാതെ കാക്കുന്നത്. മരണത്തെ ജയിക്കാനുള്ള രാസവിദ്യയായിട്ടാണ് ആശാനും കവിതയെ കണ്ടത്. മൃത്യുഭയം ആശാനുണ്ടായിരുന്നു. കുളത്തൂരുള്ള കോലത്തുകര ശിവക്ഷേത്രത്തില്‍ വച്ച് നാരായണഗുരുവുമായി ചേര്‍ന്നെഴുതിയ കവിത തന്നെ മരണത്തില്‍ നിന്ന് രക്ഷ തരാന്‍ അര്‍ത്ഥിക്കുന്നതാണ്.

''കോലത്തുകര കുടികൊണ്ടരുളും

ബാലപ്പിറചൂടിയ വാരിധിയെ

കാലന്‍ കനിവറ്റുക്കുറിചുവിടു

ന്നോലപ്പടിയെന്നെയ്യക്കരുതേ ''

മറ്റൊരിടത്ത് ജഡ്ജി എം.ഗോവിന്ദന്റെ അനുജൻ പത്മനാഭൻ വാധ്യാർക്ക് ആശാന്‍ അയച്ച ഒരു കത്ത്.

''ഇപ്പോഴത്തേത് ഈ വിരഹാവസ്ഥ. അതിരിക്കട്ടെ- ഇതാ ഇനിവരാൻ കാത്തോണ്ടിരിക്കുന്ന കാലത്തെ നോക്കു വിൻ! അതിന്റെ കൈയിൽ പലതും ഇരിക്കുന്നു. നമുക്ക് തരാനായിട്ടാണ് നരച്ചമീശ, ഉണങ്ങിയ കൊരിട്ടാ, വലിഞ്ഞ തൊലി ഇതെല്ലാം കാണുന്നു. പിന്നെ അപ്പുറത്തും ഒരു മൂപ്പരു നോക്കിക്കൊണ്ടു നിൽക്കുന്നു. അതു കറുത്ത വാവിന്റെ തന്തയാണ്. അതിനെപ്പറ്റി എനിക്കു ഒന്നും അറിയാൻ വയ്യ. പോട്ടെ! സ്നേഹിതന്മാരേ, ഇതിനിടയിൽ നമുക്കു പലപ്പോഴും സംയോഗവിയോഗങ്ങളെല്ലാം വന്നോണ്ടിരിക്കും. അതു വല്ലപാടും ആകട്ടെ.''കറുത്ത വാവിന്റെ ആ തന്തയെക്കുറിച്ച് കൂടുതല്‍ പറയാന്‍ പോലും ആശാന്‍ മുതിരുന്നില്ല. ദുഃഖത്തെ ഉപാസിക്കുന്നു എന്ന് മാതൃവിയോഗം സൃഷ്ടിച്ച പാരമ്യത്തിലെഴുതിയ കവി മൃതിയെക്കുറിച്ച് ഈ കത്തില്‍ അധികമൊന്നും എഴുതുന്നില്ല. അങ്ങനെ മൃതിയുമായി നടത്തുന്ന സംഘര്‍ഷത്തില്‍ ജയം കൊയ്യാനുള്ള ഏക വഴി കവിതയാണെന്നു ആശാന്‍ വിശ്വസിച്ചിരിക്കാം.

കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം എന്ന കവിത ആശാന്റെ കവിതാ സങ്കല്പത്തിന്റെ പ്രകാശനമാണ്. മറ്റു പല കവിതകളിലും തന്റെ കാവ്യചിന്തയെ ആശാന്‍ പങ്കുവെക്കുന്നുണ്ട്.

''ക്ഷിതിയിലഹഹ! മർത്യ ജീവിതം

പ്രതിജനഭിന്ന വിചിത്ര മാർഗ്ഗമാം

പ്രതിനവരസമാ,മതോർക്കുകിൽ

കൃതികൾ മനുഷ്യ കഥാനു ഗായികൾ!''

എന്ന് ലീലയിലും 'ആര്‍ക്കും നിന്‍വടിവറിവില്ല' ,

ഏകാന്തം വിഷമമൃതമാക്കിയും വെറും പാ-

ഴാകാശങ്ങളിലലർവാടിയാചരിച്ചും

ലോകാനുഗ്രഹപരയായെഴും കലേ .. എന്നും മണിമാലയിലെ കാവ്യകല ഏന്ന കവിതയില്‍ പറയുന്നു. വിവേകോദയത്തില്‍ എഴുതിയ എണ്ണമറ്റ നിരൂപണങ്ങളില്‍ ആശാന്റെ കവിതയോടുള്ള സമീപനം കാണാം. രചയിതാവ് എന്ന നിലവിട്ട് വായനക്കാരനാണ് അവിടെ കൂടുതല്‍ ഇടപെടുന്നത്. ചിത്രയോഗനിരൂപണം ഒരു കാവ്യഭാവുകത്വത്തിന്റെ തന്നെ ശവമടക്ക് ആവാനുള്ള കാരണം നവനവോന്മേഷങ്ങളായ കവിതവഴിയോടുളള ആശാന്റെ താത്പര്യമാകണം.

മഹാകാവ്യം പോലെ ബൃഹത്തായ ഒരു രചനാരൂപത്തില്‍ നിന്ന് മനുഷ്യപ്രകൃതിയിലേക്കും മണ്ണിനെ സ്പര്‍ശിച്ചു കിടക്കുന്ന പൂവിലേക്കും ഉന്നതമായ പര്‍വ്വതശിരസ്സില്‍ നിന്നും ഊര്‍ന്ന് പതിച്ച ലീലയിലേക്കും നളിനിയിലേക്കും മാതംഗിയിലേക്കും സാവിത്രിയലേക്കും വാസവദത്തയിലേക്കും സീതയിലേക്കും കാഴ്ച്ചയെ തിരിച്ചുവിട്ടു ആശാന്‍. കവിതയുടെ വീക്ഷണകോണില്‍ (perspective) വന്ന മാറ്റമായിരുന്നു അത്. പി പവിത്രന്‍ ആശാന്‍ കവിത ആധുനികാനന്തരപാഠങ്ങള്‍ എന്ന പുസ്തകത്തില്‍ വിചാരമാതൃകയില്‍ വന്ന ഈ വ്യതിയാനത്തെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

ആശാന്‍ ഏരിയല്‍ വ്യൂവിലൂടെ ദിവാകരന്‍ ഉത്തുംഗതയില്‍ നിന്ന് ലോകത്തെ കണ്ട പോലെ ചുറുപ്പാടിനെ നോക്കുകയും പക്ഷി താണിറങ്ങും പോലേ മുകളില്‍ നിന്ന് താഴെക്ക്,മഹാകാവ്യത്തിന്റെ മഹാവര്‍ണ്ണനകളെ വെടിഞ്ഞ് ഭാഷയുടെ മറ്റൊരു പ്രകാരത്തിലേക്ക് പതിയെ ഇറങ്ങി. അത് എല്ലാവരോടും സംവദിക്കാന്‍ പര്യാപ്തമായിരുന്ന ഭാഷയായി മാറി. പ്രബുദ്ധതയുടെ ശില്പങ്ങള്‍ എന്നു കല്‍പ്പറ്റ നാരായണന്‍ ആശാന്‍ കവിതയെ വിശേഷിപ്പിച്ചത് ആ കവിതയുടെ തുറന്ന ഭാഷണത്തെ മുന്‍നിര്‍ത്തിയാണ്. ഈ മാറ്റത്തോടൊപ്പം നിത്യജീവിതവ്യവഹാരങ്ങളില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ച കാലത്താണ് ആശാന്റെ കവിതകള്‍ ഉണ്ടായത്.

സാമൂഹികമാറ്റത്തോടൊപ്പം അനുക്രമമായി വികസിക്കുന്ന കാവ്യഭാവുകത്വം ആശാന്‍ കവിതകള്‍ പരിശോധിച്ചാന്‍ കാണാന്‍ സാധിക്കും. വായന എന്ന പ്രക്രിയയെ പുനര്‍നിര്‍ണ്ണയിക്കാന്‍ പാകത്തില്‍ വികസിച്ചു ആശാന്‍ കവിത. ഓരോ കാലത്തും പുതിയ സങ്കേതങ്ങളാല്‍ ആശാന്‍ കവിതകള്‍ വായിക്കപ്പെട്ടു. മൃത്യുദര്‍ശനവും ലിംഗപദവി ചര്‍ച്ചയും ജാതിവ്യവസ്ഥയും സാമൂഹികനീതിയും ദേശാന്തരസഞ്ചാരവും ആശാന്‍ കവിതയില്‍ പിന്നീട് വായിക്കപ്പെടുന്നുണ്ട്. എ. ആര്‍, ഉള്ളൂര്‍, ആറ്റൂര്‍, മൂര്‍ക്കോത്ത് കുമാരന്‍, കേസരി, നിത്യചൈതന്യയതി, ജോസഫ് മുണ്ടശ്ശേരി, തായാട്ട് ശങ്കരന്‍, പി കെ ബാലകൃഷ്ണന്‍, കെ.എം ഡാനിയല്‍, എം.എന്‍ വിജയന്‍, അഴീകോട്, ഡോ എം ലീലാവതി, ഉദയകുമാര്‍, പി പവിത്രന്‍, ഇ.വി രാമകൃഷ്ണന്‍, കല്‍പ്പറ്റ നാരായണന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, ബി.വി ശശികുമാര്‍, നിഷി ജോര്‍ജ്ജ് എന്നിവരുടെ ആശാന്‍ വായനകള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ആശാന്‍ കവിതകളുടെ നിരൂപണചരിത്രം മലയാളനിരൂപണത്തിന്റെയും വികാസചരിത്രമാണ്. ആശാനിലൂടെ സവിശേഷമായ തലത്തില്‍ വികസിച്ചു നമ്മുടെ വായന. ഒരോ കാലത്തിനും ആവശ്യമായ വായനസമൂഹം ആശാന്‍ കവിതയില്‍ നിന്നു കണ്ടെടുക്കുന്നു. ഇത്രത്തോളം വായന മറ്റൊരു കവിക്കും മലയാളത്തില്‍ ലഭിച്ചിട്ടില്ല.ആശാന്‍ കവിതകള്‍ കാലപെരുങ്കടല്‍ താണ്ടാനുള്ള കാരണവും ഈ കവിതകള്‍ക്കുണ്ടായ അനേകം പാരായണങ്ങളാണ്.പുതിയ സമീപനങ്ങള്‍,വിമര്‍ശന വഴികള്‍ എന്നിവ ആശാന്‍ വായനയിലൂടെ വികസിച്ചു. ഉദയകുമാര്‍ Intensities and the language of limits എന്ന ലേഖനത്തില്‍ ആശാന്‍ കവിതയിലെ ലിംഗപദവി സംബന്ധമായ ആലോചനകളാണ് ചര്‍ച്ചകേന്ദ്രമാക്കുന്നത്.

കവിതകള്‍ മാത്രമല്ല ആശാന്‍ എഴുതിയത് സംഘടനപ്രവര്‍ത്തനത്തിന്റെയും പത്രാധിപപ്രവര്‍ത്തനത്തിന്റെയും ഭാഗമായി നിരവധി രചനകള്‍ ആശാന്റെതായുണ്ട്. സാഹിത്യവിമര്‍ശനം,സാമൂഹിവിഷയങ്ങളിലുള്ള അഭിപ്രായപ്രകടനങ്ങള്‍, വിവര്‍ത്തനരചനകള്‍, ജീവചരിത്രം, വിദ്യാഭ്യാസം, നിയമം, സംഘടനാറിപ്പോര്‍ട്ടുകള്‍ തുടങ്ങി പല മനുഷ്യനായി പടരാന്‍ സാധിച്ചൊരാളായിരുന്നു ആശാന്‍. കവിതകള്‍ രചിച്ച ആശാന്‍ തന്നെ വിചിത്രവിജയവും പ്രബോധചന്ദ്രോദയവും രചിച്ചു.സൗന്ദര്യലഹരിയും ശ്രീബുദ്ധചരിതവും ബാലരാമായണവും മൈത്രേയിയും രാജയോഗവും മനഃശക്തിയും ഒരു ദൈവികമായ പ്രതികാരവും രചിച്ചു. ഗുരുവിന്റെ ജീവചരിത്രമെഴുതി. മതപരിവര്‍ത്തനരസവാദം പോലുള്ള ലേഖനങ്ങളും പ്രജാസഭയില്‍ നടത്തിയ പ്രസംഗങ്ങളും വിവേകോദയത്തില്‍ വിവിധ സ്വഭാവത്തിലുള്ള, ജനുസ്സില്‍പ്പെട്ട പുസ്തകങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഈഴവറെഗുലേഷന്‍, നായര്‍ റെഗുലേഷന്‍,തുടങ്ങിയ നിയമവിഷയങ്ങളും വിദ്യാഭ്യാസം , ഭരണസംവിധാനം,സമുദായം ആചാരം, മതം, ജാതി, സാമൂഹിക വിഷയങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളിൽ ആശാന്റേതായി രചനകളുണ്ട്. തന്നിലേക്ക് നോക്കുന്നതിനോടൊപ്പം തന്നെ ആശാന്‍ പുറത്തേക്കും നോക്കി. ആ നോട്ടമാണ് ഗരിസപ്പാ അരുവിയിലേക്ക് നടത്തിയ യാത്രയുടെ വിവരണത്തിലും, ചണ്ഡാലഭിക്ഷുകയിലും, ദുരവസ്ഥയിലും നടത്തിയ അനേകം സ്ഥല - മനുഷ്യാവസ്ഥ വിവരണങ്ങളിലും കാണുന്നത്. സിനിമാ പഠനങ്ങളില്‍ ഉപയോഗിക്കുന്ന വിശദാംശവിവരണം (Detailing ) ആശാന്‍ കവിതയില്‍ അതിന്റെ പാരമ്യത്തില്‍ കാണാം.

പ്രരോദനത്തില്‍ എ.ആറിന്റെ ജീവിതത്തെയും മരണത്തിന്റെ മഹാതമസ്സിനെയും എത്ര വിശദാംശങ്ങളോടെയാണ് വിവരിക്കുന്നതെന്ന് ഓര്‍ക്കുക. സ്ത്രോത്രകാവ്യങ്ങളിലും ഈ വര്‍ണ്ണനവിലാസം കാണാം.

പലതില്‍ വ്യാപരിച്ച ആശാന്‍ ഏതൊക്കെ കര്‍മ്മമേഖലകളില്‍ ശോഭിച്ചു എന്നത് മറ്റൊരു ചോദ്യമാണ്. കടലും കായലും ഇരുപുറവും നില്‍ക്കുന്ന കായിക്കരയുടെ ജലസമൃദ്ധിയില്‍ നീന്തിതുടിച്ചൊരാള്‍ പല്ലനയാറ്റിലേക്ക്, നിത്യതയിലേക്ക് ആണ്ടുപോയത് ആശാന്‍ കവിത പോലെ തന്നെ അസ്വസ്ഥപ്പെടുത്താം. ഹ്രസ്വമായ ജീവിതകാലയളവില്‍ തന്നെ വ്യത്യസ്ത രചനാ മേഖലകളില്‍ സജീവമായി നിലകൊള്ളുക എളുപ്പപണിയല്ല. അത്ഭുതപ്പെടുത്തുന്ന കാര്യം ആശാനും ഉള്ളൂരും വള്ളത്തോളും ഈ വിധം സജീവതയുടെ വക്താക്കളായിരുന്നു. ചലിക്കുക എന്നതായിരുന്നു പ്രധാനമുദ്രവാക്യം. അവരുടെ ഉത്സാഹത്തെ കെടുത്താന്‍ ശാരീരികവും മാനസികവുമായി വന്നുചേര്‍ന്ന പീഡകള്‍ക്കൊന്നും സാധിച്ചില്ല.

മൂന്നുപേരും കവികളും വിമര്‍ശകരും സംഘാടകരുമായി ജീവിച്ചു.വ്യത്യസ്ത ഭാവുകത്വമേഖലകളിലാണ് പാര്‍പ്പെങ്കിലും ജീവിതത്തിന്റെ കയങ്ങളും ചുഴികളും മൂവര്‍ക്കും പരിചിതമായിരുന്നു. പക്ഷെ ആശാനില്‍ അഗാധത അല്പം കൂടുതലായിരുന്നു. ഓളങ്ങളുടെ സമീപസ്ഥനായതിനാലാവും.

കേരളസര്‍വ്വകലാശാല വര്‍ഷം തോറും നടത്തിവരുന്ന ആശാന്‍ സ്മാരകപ്രഭാഷണത്തില്‍ വിഷ്ണുനാരായണനമ്പൂതിരി സംസാരിച്ചവേളയില്‍ അദ്ദേഹം പ്രഭാഷണം അവസാനിപ്പിച്ചത് എന്‍.വി ആശാനെക്കുറിച്ചെഴുതിയ വരികള്‍ ചൊല്ലിയിട്ടാണ്. അതിങ്ങനെയാണ്

''അല്ലെങ്കിലാഗാധമായി

ക്ഷുബ്ധമായി പാരമാ -

യുള്ള മറ്റൊരു കടല്‍

അല്ലയോ ഭവല്‍ക്കാവ്യം ?

താരകളതില്‍ മുങ്ങി

പുഷ്പമായി വിരിയുന്നു

താപസിയായി മാറുന്നി

തതിലാഴ്ന്നുഷസ്സന്ധ്യ ''

Related Stories

No stories found.
logo
The Cue
www.thecue.in