ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ : സാംസ്‌കാരിക ആഘോഷങ്ങളുടെ ദേശാതീത അനുഭവങ്ങൾ

ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ : സാംസ്‌കാരിക ആഘോഷങ്ങളുടെ  ദേശാതീത അനുഭവങ്ങൾ
WS3

ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ നൽകുന്ന സാഹിത്യ അനുഭവം, ഭാഷാസൗന്ദര്യ അനുഭവം, രാഷ്ട്രീയ അനുഭവം, എല്ലാറ്റിനുമുപരി നമ്മെ അത് ആഗോളീകരിക്കുന്ന അനുഭവം എല്ലാം പകരുന്നത് പുതിയ ഉണർവ്വാണ്‌. ജെ.എൽ.എഫിന്റെ ടാഗ്‌ലൈൻ ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ ആഘോഷം എന്നതാണ്. അതൊരു പ്രചാരണ വാചകം മാത്രമല്ല എന്ന് പങ്കെടുത്തവർക്ക് മനസ്സിലാകും.

പതിനാറാമത് ലിറ്ററേച്ചർ ഫെസ്റ്റിവലായിരുന്നു ഇത്തവണ ജയ്‌പൂരിൽ നടന്നത്. പരിപാടിയിൽ പങ്കെടുക്കാനായി മാത്രം വന്ന അന്താരാഷ്ട്ര പ്രേക്ഷകരുടെ എണ്ണം, വിശേഷിച്ചും ഇംഗ്ലീഷ് സംസാരിക്കുന്ന യൂറോപ്യൻ, അമേരിക്കൻ നാടുകളിൽ നിന്നെത്തിയവർ 1500-ലധികം ഉണ്ടാകും. ഇന്ത്യയിൽ നടക്കുന്ന ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ ലോകത്തെത്തന്നെ പ്രധാനപ്പെട്ട ഒന്നായി മാറുന്ന കാഴ്ച.

ജനുവരി 19 മുതൽ 23 വരെ അഞ്ചു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിവലിൽ ഇരുനൂറ്റി അൻപതോളം സെഷനുകൾ നടന്നു, അഞ്ചു വേദികളിലായി. രാവിലെ പത്തിന് തുടങ്ങി വൈകുന്നേരം ഏഴിന് സമാപിക്കുന്ന നിലയിലായിരുന്നു, ഹോട്ടൽ ക്ളാർക്കിൽ സംഘടിപ്പിച്ച ഫെസ്റ്റ് സംവിധാനം ചെയ്തത്. നൂറ്റി അൻപതോളം പ്രഭാഷകർ വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന, ഇംഗ്ലീഷിലും ഹിന്ദിയിലും ഉർദുവിലും മറ്റു പ്രാദേശിക ഭാഷകളിലും സജീവമായ സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ ഇരുനൂലിധികം ഉണ്ടായിരുന്നു.

WS3

വിഷയ വൈവിധ്യവും സമകാലിക ലോക രാഷ്ട്രീയത്തെയും ചരിത്രത്തെയും പരിസ്ഥിതിയെയും കുടിയേറ്റങ്ങളെയും അക്കാദമിക വ്യവഹാരങ്ങളെയും അടയാളപ്പെടുത്തുന്ന വിധം ക്രമീകരിച്ച അവയുടെ ചർച്ചാ സ്വഭാവവും ശ്രദ്ധേയമായിരുന്നു. ഞാൻ പങ്കെടുത്ത സെഷനുകളിൽ ചിലവ; 1. സമുദ്രം ഇരകളും സംരക്ഷകരും- ഹാർവാർഡ് യൂണിവേഴ്‌സിറ്റി പ്രഫസർ Martin Puchner-മായുള്ള സംഭാഷണം, 2. ഇറ്റാലിയൻ എഴുത്തുകാരനും ഇന്ത്യയെ ഏറെ ഇഷ്ടപ്പെട്ടു രചനകൾക്ക് ഇതിവൃത്തം തയ്യാറാക്കുകയും ചെയ്ത റോബർട്ടോ കലാസോയുടെ അനുസ്മരണം- ജർമൻ നോവലിസ്റ്റ് അന്ന കാതറിൻ, 3. സാഹിത്യ നോബൽ സമ്മാന ജേതാവ് അബ്ദു റസാഖ് ഗുർണയുമായി, അദ്ദേഹത്തിന്റെ പ്രസാധക അലസാൻഡ്ര പ്രിങ്കിൾ നടത്തിയ സംഭാഷണം, 4. ബ്രിട്ടീഷ് എഴുത്തുകാരി എലൈൻ കാനിങുമായി നടത്തിയ സംഭാഷണം, 5. ഞാൻ പുസ്തകത്തിൽ വിശ്വസിക്കുന്നു എന്ന ശീർഷകത്തിൽ ഇന്ത്യയിലെ ഇംഗ്ലീഷ് എഴുത്തുകാർ നടത്തിയ ടേബിൾ ടോക്ക്, 6, പുതിയ കാലത്തെ സാഹിത്യ സമ്മാനങ്ങൾ, അവയുടെ തിരഞ്ഞെടുപ്പുകളുടെ മാനദണ്ഡം എന്നിവയെക്കുറിച്ചുള്ള വിവിധ രാജ്യങ്ങളിലെ പ്രസാധകർ നടത്തിയ ചർച്ച 7.ഇംഗ്ലീഷ് ചരിത്രകാരൻ ജോണ് കീ-യുമായി ഹിമാലയത്തിന്റെ സവിശേഷതകൾ പ്രമേയമാക്കി നടത്തിയ സംഭാഷണം, 8, വിവർത്തന പുസ്തകങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ടേബിൾ ടോക്ക്, 9. ബുക്കർ സമ്മാന ജേതാവ് ശിഹൻ കരുണത്തിലാകുമായി നന്ദിനി നായർ നടത്തിയ സംഭാഷണം, 10. ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റും ലണ്ടൻ യൂണിവേഴ്‌സിറ്റി പ്രഫസറുമായ David Wengrowയുമായുള്ള സംഭാഷണം, 11. ടാഗോറിനെ വിവർത്തനം ചെയ്തതുമായി ബന്ധപ്പെട്ടു രാധ ചക്രവർത്തിയുമായി നടത്തിയ ചർച്ച, 12, ഫിക്ഷന്റെ വരവ് എവിടെ നിന്ന് എന്ന ശീർഷകത്തിൽ രൂത് ഒസെസ്‌കി, ദീപ്തി കപൂർ എന്നിവരുമായി അലക്‌സാൻഡ്ര പ്രിങ്കിൾ നടത്തിയ സംഭാഷണം, 12. ഇന്തോനേഷ്യൻ എഴുത്തുകാരി റ്റിഫനി സാഓയുമായുള്ള സംഭാഷണം, 13. ഫിക്ഷനും ഫാക്ഷനും എന്ന വിഷയത്തിലുള്ള ടേബിൾ ടോക്, 14. വില്യം ഡാൽറിംപിളുമായുള്ള സംഭാഷണം, നൈജീരിയൻ എഴുത്തുകാരൻ Chigozie Obioma-യുമായുള്ള സംഭാഷണം. നാല്പതോളം സെഷനുകളിൽ പങ്കെടുത്തതിൽ ചിലത് മാത്രമാണ് ഇവിടെ ചേർത്തത്.

യ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ വില്യം ഡാൽറിമ്പിലിന്റെ കൂടെ
യ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഡയറക്ടർ വില്യം ഡാൽറിമ്പിലിന്റെ കൂടെ

എഴുത്തിനെയും അതിന്റെ അന്താരാഷ്ട്ര സാധ്യതകളെയും കുറിച്ച് നമ്മുടെ ഭാവനകളെ പുതുക്കിപ്പണിയാൻ ജെ.എൽ.എഫിലെ ഓരോ ചർച്ചയും സഹായകമായിരുന്നു. അബ്ദു റസാഖ് ഗുർണ സംഭാഷണത്തിൽ അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനെയും ലളിതമായി വിവരിക്കുകയായിരുന്നു. പ്രവാസികൾ ഏറെയുള്ള, കൊളോണിയൽ ചരിത്ര അനുഭവമുള്ള നമുക്ക് അദ്ദേഹത്തിന്റെ വാക്കുകൾ നമ്മുടെ തന്നെ അനുഭവമായി തോന്നുമായിരുന്നു. പതിനെട്ടാം വയസ്സിൽ അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറിയപ്പോൾ എങ്ങനെയാണ് ജീവിതം സമൂലമായി മാറിയത് എന്ന് ഗുർന വിവരിക്കുകയായിരുന്നു. വിവിധ തരം മനുഷ്യരുമായുള്ള സംഗമങ്ങൾ, അതിജീവിക്കാനായി ഏർപ്പെട്ട ചെറുതും വലുതുമായ തൊഴിലുകൾ, പതിനാറു വർഷം കഴിഞ്ഞുള്ള നാട്ടിലേക്കുള്ള തിരിച്ചുപോക്ക്, അപ്പോൾ കണ്ട നാടിൻ്റെ വേറിട്ട കാഴ്ച, നടക്കാൻ ആയാസമുള്ള പിതാവിനെയും കൊണ്ട് പള്ളിയിലേക്ക് പോകുമ്പോൾ ഉള്ളിൽ ഉരുവം കൊണ്ട എഴുത്തിന്റെ തീം, പത്തു വർഷത്തോളം എടുത്തു ചെറിയ കുറിപ്പുകളാക്കി അതെഴുതി പിന്നീട് ഒരു നോവലാക്കി പരിവർത്തിപ്പിച്ചത്, അക്കാദമിക എഴുത്തും ഫിക്ഷൻ എഴുത്തും വേർപിരിയുന്ന ഇടങ്ങൾ എല്ലാം സംബന്ധിച്ച ഗുർനയുടെ വിശദീകരണങ്ങൾ ഏതൊരു സാഹിത്യകുതുകിയേയും ആവേശഭരിതമാക്കുമായിരുന്നു.

ഇന്തോനേഷ്യൻ എഴുത്തുകാരി റ്റിഫനി സാഓ പറയുകയുണ്ടായി, അവരുടെ ആദ്യ നോവലിനുള്ള തീം പിറന്നത് 2013-ൽ സിംഗപ്പൂരിൽ നടന്ന ഇതുപോലുള്ള ഒരു ലിറ്റററി ഫെസ്റ്റിവലിന് ഇടയിലായിരുന്നുവെന്ന്. പാതി ചർച്ചകളിൽ മുഴുകിയും പാതി മനോവ്യാപാരങ്ങളിൽ ഏർപ്പെട്ടും ഇരിക്കുമ്പോൾ മനസ്സിലേക്ക് കടന്നുകയറിയ കഥ വികസിപ്പിക്കുകയിരുന്നുവത്രേ പിന്നീട്. വൈവിധ്യമാർന്ന ഈ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ നമ്മുടെ ഉള്ളിലും കടന്നുവരുന്ന നവംനവങ്ങളായ ആശയങ്ങൾ അനേകമാകും. പുസ്തകങ്ങളിലെ കാല്പനിക എഴുത്തുകൾ വായിക്കുന്നതിൽ തീർത്തും വ്യത്യസ്തമാണ്, എഴുത്തുകാരെ അവർ നമ്മോടു നേരിട്ടു സംസാരിക്കുന്ന രീതിയിൽ കേൾക്കൽ.

അബ്ദുറസാഖ് ഗുർണയുമായി അലക്‌സാൻഡ്ര പിങ്കിൽ നടത്തുന്ന സംഭാഷണം
അബ്ദുറസാഖ് ഗുർണയുമായി അലക്‌സാൻഡ്ര പിങ്കിൽ നടത്തുന്ന സംഭാഷണം

എവിടെയും വീഴ്ചകൾ വരാതെ, ഒരു പരിപാടി പോലും സമയം തെറ്റി തുടങ്ങുകയോ, അവസാനിക്കുകയോ ചെയ്യാതെ, എല്ലാം കൊണ്ടും തികവ് പറയാവുന്ന തരത്തിലായിരുന്നു ഫെസ്റ്റിവലിന്റെ സംഘാടനം. ലോകത്തെ അറിയപ്പെട്ട ചരിത്ര എഴുത്തുകാരനും, ഇന്ത്യയെ ജന്മനാടിനേക്കാൾ സ്നേഹിച്ചു ഇന്ത്യയിൽ താമസമാക്കുകയും ചെയ്ത വില്യം ഡാൽറിമ്പിലിന്റെ സംഘാടന തികവും, ഊർജസ്വലതയും ഫെസ്റ്റിവലിന്റെ മിഴിവുള്ള നടത്തിപ്പിൽ മുഴുവൻ പ്രകടമായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ദിവസവും ഇരുനൂറു രൂപയാണ് വരിക. അതു നേരത്തെ ഓൺലൈനിൽ അടക്കുകയോ, സ്പോട്ടിൽ നൽകുകയോ ചെയ്യാം. ഓരോ വേദിക്ക് സമീപവും വിവിധ ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങാൻ പറ്റുമായിരുന്നു.

മലയാളി പ്രേക്ഷകരെ രണ്ടുമൂന്നു പേരെയേ കണ്ടുള്ളൂ. ഇത്രയും വലിയ ഒരു അന്താരാഷ്ട്ര ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇന്ത്യയിൽ നടന്നിട്ട്, അതിൽ നമ്മുടെ സാന്നിധ്യം തുലോം കുറവാകുന്നത് സാഹിത്യത്തോടുള്ള നമ്മുടെ സമീപനം പ്രാദേശികമായി പരിമിതമാകുന്നതിന്റെ കൂടി ഫലമാണ് എന്ന് കരുതുന്നു. ട്രെയിനിൽ സ്ലീപ്പറിന് പോകുകയാണ് എങ്കിൽ, യാത്രാച്ചിലവും അവിടെയുള്ള ഭക്ഷണ താമസ ചിലവും, ഫെസ്റ്റ് ചിലവും എല്ലാം കൂടി ആറായിരം രൂപയേ സാമാന്യേന ഒരാൾക്ക് വരൂ. ജയ്‌പൂർ സിറ്റിയിൽ എവിടെയേക്കും യൂബർ ബൈക്കും, ഓട്ടോയും ലഭിക്കുന്നതിനാൽ ചെറിയ ചിലവിൽ യാത്ര സാധ്യമാക്കുകയും ചെയ്യും. പിങ്ക് നഗരത്തിന്റെ കാഴ്ചകളും, ചരിത്ര നിർമിതികളുടെ സന്ദര്ശനവും എല്ലാം തികവുള്ള ഒരു യാത്രാനുഭവം നൽകുകയും ചെയ്യും.

ജയ്‌പൂർ സൂഫി ദർഗക്കുള്ളിലെ ചിത്രപ്പണികൾ
ജയ്‌പൂർ സൂഫി ദർഗക്കുള്ളിലെ ചിത്രപ്പണികൾ

സൂഫി സാന്നിധ്യത്തിലേക്ക്

ഉത്തരേന്ത്യയിലെ ഏതു നഗരത്തിൽ പോയാലും അവിടത്തെ സൂഫി പാരമ്പര്യം അന്വേഷിക്കുന്നത് ശീലമാണ്. മനുഷ്യരെ തമ്മിൽ സ്നേഹത്താൽ ബന്ധിപ്പിക്കുന്നതിലും പരസ്പര ബഹുമാനം വിവിധ വിഭാഗങ്ങൾക്കിടയിൽ ഉണ്ടാക്കുന്നതിലും സൂഫികളുടെ പങ്ക് വിശ്രുതമാണല്ലോ. അജ്മീറിലെ ശൈഖ് മുഈനുദ്ധീന് ചിശ്തിയും സർഹിന്ദിലെ മുജദ്ദിദ് അൽഫസാനി ഇമാം അഹ്മദ് ഫാറൂഖിയും ഡൽഹിയിലെ നിസാമുദ്ധീൻ ഔലിയയും ബറേലിയിലെ ഇമാം അഹ്മദ് റസാഖാനുമെല്ലാം ആ തരത്തിൽ നടത്തിയ ഇടപെടലുകളെക്കുറിച്ചു നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. അവിടങ്ങളിൽ എല്ലാം വ്യത്യസ്ത സമുദായങ്ങളിലെ മനുഷ്യർ ശാന്തി തേടി വരുന്നത് ഇന്നും നമുക്ക് ധാരാളമായി കാണാം.

 ജയ്‌പൂർ സൂഫി ദർഗ
ജയ്‌പൂർ സൂഫി ദർഗ

ജയ്‌പൂരിലെ പിങ്ക് സിറ്റിയോട് ചേർന്നുള്ള പ്രമുഖ സൂഫി ദർഗയാണ് ഹസ്‌റത്ത് മൗലാനാ ളിയാഉദ്ധീൻ സാഹിബിന്റേത്. ഡൽഹിയിൽ ആധ്യാത്മിക ജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തെ ഗുരുവായ സൂഫിയാണ് ജയ്‌പൂരിലേക്ക് അയച്ചത്. അവിടെ ഒരു മരത്തിനു കീഴിൽ ധ്യാനനിരതനായി കഴിയുകയായിരുന്ന ഇദ്ദേഹത്തിന്റെ വിശ്രുതി ജയ്‌പൂർ രാജാവായ പ്രതാപ് സിംഗിന്റെ ചെവിയിലുമെത്തി. സമ്മതമില്ലാതെ തന്റെ പ്രദേശത്ത് കഴിയുന്ന ഹസ്‌റത്ത് മൗലാനാ ളിയാഉദ്ധീനെ വിളിപ്പിക്കാൻ പട്ടാളക്കാരെ രാജാവ് പറഞ്ഞയച്ചു. എന്നാൽ അവിടെ നിരവധി അത്ഭുതങ്ങൾ കണ്ടു, ആ ശ്രുതി അവർ രാജാവിനെ കേൾപ്പിച്ചുവെന്നും തുടർന്ന് രാജാവും അദ്ദേഹവും തമ്മിൽ വലിയ സൗഹൃദം സ്ഥാപിച്ചുവെന്നും, അദ്ധഹത്തിന്റെ അത്ഭുത സിദ്ധികളിൽ രാജാവ് സംപ്രീതനായെന്നും ഈ ദർഗയെക്കുറിച്ചു പറയപ്പെടുന്നു.

പിങ്ക് സിറ്റിയിലെ വാഹനങ്ങളുടെ ഹോണടിയും ജനത്തിരക്കും പിന്നിട്ട് ദർഗയിലെത്തുമ്പോൾ ഒരു പരുവമായിരുന്നു. ആ പവിത്ര സാന്നിധ്യത്തിലേക്ക് കടന്നതും ഉള്ളിലേക്കു ശാന്തമായ അനുഭൂതി വരുന്നതും നമുക്കനുഭവിക്കാനാകും. നിറയെ ചിത്രപ്പണികൾ ചെയ്തു ഖുർആൻ വചനങ്ങളും സൂഫി ഗീതങ്ങളും വരച്ചുവെച്ചിട്ടുണ്ട്, ദർഗക്കുള്ളിലും പുറത്തും. മനോഹരമായ കാലിഗ്രഫിയിൽ. ദർഗ കെട്ടിടത്തിന്റെ നിർമാണവും അതിൽ കളറുകളിൽ കാണുന്ന കാലിഗ്രഫിയും മനം കവരുന്നതായിരുന്നു. എന്നെ കണ്ടതും ദർഗ പരിപാലിപ്പിക്കുന്ന ആസഫ് ഖാൻ അടുത്തു വന്നു. അതിന്റെ ചരിത്രം ലഘുമായി വിവരിച്ചു തന്നു. ചുറ്റും കൊണ്ടുപോയി കാണിച്ചു. ദർഗക്ക് മുമ്പിലുള്ള കൊച്ചുപള്ളിയും കലാനിര്മിതമാണ്. ചുമരിൽ നിറയെ അക്ഷരങ്ങൾ വരച്ചുവെച്ചിരിക്കുന്നു.

 ജയ്‌പൂരിയിലെ പ്രശസ്തമായ എം എം ഖാൻ ഹോട്ടൽ
ജയ്‌പൂരിയിലെ പ്രശസ്തമായ എം എം ഖാൻ ഹോട്ടൽ

ദർഗാ കോമ്പൗണ്ടിൽ കുട്ടികൾ പട്ടം പറത്തി കളിക്കുന്നു. ആകാശത്തേക്ക് നോക്കുമ്പോൾ, നൂറിലേറെ പട്ടങ്ങൾ. ദൂരെ ബഹുവർണ്ണ പക്ഷിക്കൂട്ടം കലപില കൂട്ടുന്ന പോലെ. നയനാനന്ദകരമായ ദൃശ്യമായിരുന്നുവത്. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, ഇതൊരു പട്ടനഗരം കൂടിയായാണല്ലോ എന്ന്. മരങ്ങളുടെ ശിഖിരങ്ങളിലും ബിൽഡിങ്ങുകളിലെ വിവിധ ഭാഗങ്ങളിലും എല്ലാം പലപ്പോഴായി പറത്തിയ പട്ടങ്ങൾ ചിറകറ്റ് വീണുകിടക്കുന്നു. പട്ടം പറത്തുന്ന കുട്ടികളുടെ മുഖത്തെ ഉല്ലാസം നൽകുന്ന കാഴ്ച വേറെ.

ദർഗയിലെ സന്ദർശനം കഴിഞ്ഞിറങ്ങി. നല്ല വിശപ്പുണ്ടായിരുന്നു ആ സായാഹ്നത്തിൽ. രാവിലെ ഒരു റൊട്ടിയും സമൂസയും കഴിച്ചതാണ്. ഭക്ഷണ സ്ഥലം തേടി റോഡിലൂടെ നടന്നു. അല്പം നടന്നപ്പോൾ എത്തിയത് എം.എം ഖാൻ ഹോട്ടലിനു മുമ്പിലാണ്. ജയ്‌പൂരിലെ ഏറ്റവും പ്രശസ്തമായ ഹോട്ടലാണ് ഇത്. നോൺ വേജ് കിട്ടുന്ന സ്ഥലങ്ങൾ, ജയ്‌പൂരിൽ കുറവാണ്. എം എം ഖാൻ ഹോട്ടലിൽ നിന്ന് കഴിച്ച തന്തൂരിയുടെ രുചി ഇപ്പോഴും നാവിലുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച നോൺ വെജ് ഭക്ഷണ കേന്ദ്രങ്ങളിൽ ഒന്നാകുമതെന്നാണ് എന്റെ വിചാരം.

ഡൽഹിയിലെപ്പോലെ വ്യാപകമായി ഇല്ലെങ്കിലും ജയ്പ്പൂർ സിറ്റിയുടെ പല ഭാഗങ്ങളിലേക്കും മെട്രോ ട്രെയിൻ ലഭ്യമാണ്. പിങ്ക് സിറ്റിയിൽ നിന്ന് ജയ്‌പൂർ നഗര മധ്യത്തിലേക്ക് മെട്രോയിൽ യാത്ര തിരിച്ചു.

കേരളത്തിലേക്ക് മടങ്ങിയെങ്കിലും ഉള്ളിൽ ഇപ്പോഴും നാല് ദിവസം ജെ.എൽ.എഫ് നൽകിയ അനുഭവങ്ങളുടെ ഉയിരാണ് നിറഞ്ഞുനിൽക്കുന്നത്. അവിടെ കണ്ട പുതിയ എഴുത്തുകാരെ വായിക്കാൻ ശ്രമിക്കുന്നു. അവർ വിവരിച്ച ഫിക്ഷന്റെയും നോൺ ഫിക്ഷന്റെയും മായികതയിലേക്ക് കൂടുതൽ കൂടുതൽ സഞ്ചരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in