കുടുംബപ്രശ്‌നമുണ്ടാക്കുന്ന സാഹിത്യപ്രവര്‍ത്തനം അഥവാ സാഹിത്യമാകുന്ന കുടുംബപ്രശ്‌നങ്ങള്‍

കുടുംബപ്രശ്‌നമുണ്ടാക്കുന്ന സാഹിത്യപ്രവര്‍ത്തനം അഥവാ സാഹിത്യമാകുന്ന കുടുംബപ്രശ്‌നങ്ങള്‍
Summary

വീട്ടുവഴക്കുകള്‍, മഹാഖ്യാനങ്ങള്‍

ബുക്കര്‍ നേടിയ ഡച്ച് നോവലിസ്റ്റ് മാരികെ ലൂകാസ് റെയിന്‍വാള്‍ഡിനെപ്പറ്റി വായിക്കുകയായിരുന്നു. പല സംഗതികള്‍ക്കൊപ്പം എഴുത്ത് കുടുംബത്തില്‍ ഉണ്ടാക്കിയ കുഴപ്പങ്ങളെപ്പറ്റിയും കണ്ടു. ലോക കാര്യങ്ങളെക്കുറിച്ചല്ലല്ലോ അവരുടെ എഴുത്ത്, കുടുംബത്തെക്കുറിച്ചും ഏറ്റവുമടുത്ത ചുറ്റുപാടുകളെക്കുറിച്ചുമാണ് മാരികെ ബുക്കര്‍ നേടിയ 'ഡിസ്‌കംഫേര്‍ട് ഓഫ് ഈവിനിംഗി'ല്‍ എഴുതിയത്. അത് വലിയ പ്രശ്‌നം മാരികെയുടെ വീട്ടിലുണ്ടാക്കി. നാട്ടിലും. പുരസ്‌കാര ജേതാവിനെക്കുറിച്ചുള്ള ഗാര്‍ഡിയനിലെ കുറിപ്പില്‍ അക്കാര്യം അവര്‍ തന്നെ പറയുന്നുണ്ട്, ഇങ്ങനെ.

some of the parallels between the book and their brothers death caused a rift in rijnevelds family, they said. when the novel published in the netherlands, ''the entire village talked about it'' , rijneveld added.''my family and i are very different .they dont grow up with stories or literature, so its different for them to understand that in a book like my novel ,not everything needs to be true''.

ഇത്തരം കാര്യങ്ങള്‍ വായിക്കുമ്പോള്‍ നല്ല കൗതുകം ഉണ്ടാകാറുണ്ട്. ഫിക്ഷന്‍, അഥവാ സാഹിത്യമെഴുത്ത് എന്നത് അവരവരെക്കുറിച്ചോ, സ്വന്തം കുടുംബത്തെയോ കുറിച്ചാകുന്നത് അപൂര്‍വ്വ സംഗതിയായ നാട്ടിലിരുന്നാണല്ലോ നമ്മളിതൊക്കെ വായിക്കുന്നത്. മാധവിക്കുട്ടിയുടെ 'എന്റെ കഥ'യാണ് ഇക്കാര്യത്തിലെ കേരളത്തിലെ വേറിട്ട് നില്‍ക്കുന്നതായ ഒന്ന്.അത് നാടിനെ പിടിച്ച് കുലുക്കി എന്നൊക്കെയാണ് പറഞ്ഞു വായിച്ചും കേട്ടിട്ടുള്ളത്. പക്ഷെ പിന്നീട് മാധവിക്കുട്ടി തന്നെ അതിലെ വിമത ഊര്‍ജ്ജത്തെ ഡെഫ്യൂസ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എഴുതിയതെല്ലാം തന്റെ ഭാവനയാണ് എന്നോ മറ്റോ പറഞ്ഞത്രെ അവര്‍. സമീപകാലത്ത് എച്ച്മുക്കുട്ടിയുടെ എഴുത്ത് വന്നു. 'എന്റെ കഥ'യെക്കാള്‍ കരുത്തുള്ള എഴുത്തായാണ് അത് തോന്നിയത്. ജീവിച്ചിരിക്കുന്ന മനുഷ്യരെത്തന്നെ അത് ക്രൂരമായ വെളിച്ചത്തില്‍ നഗ്‌നരായി നിര്‍ത്തി.ഒപ്പം തന്നെത്തന്നെയും. ഇത്തരം അപൂര്‍വ്വതകള്‍ ഉണ്ടെങ്കിലും ഇന്നാട്ടില്‍ ഈ രീതിയത്ര പോപ്പുലറല്ല. നമ്മള്‍ ലോകത്തെക്കുറിച്ച് എഴുതുന്നവരാണ് പൊതുവില്‍, അവരവരെക്കുറിച്ചെഴുതുന്നത് നമ്മുടെ സമൂഹത്തില്‍ എളുപ്പമുള്ള സംഗതിയല്ല. എന്നാലിതിലെ ശരിതെറ്റുകളുടെ കണക്കെടുക്കല്‍ ശരിയായിരിക്കില്ല.അടഞ്ഞതും ഇരുണ്ടതുമായ സദാചാരധാരണകളുള്ളഈ സമൂഹത്തില്‍ പല കാരണങ്ങള്‍ കൊണ്ട് സാധിക്കാത്തതാണ് അത്തരം എഴുത്ത്, പ്രത്യേകിച്ചും പെണ്ണുങ്ങള്‍ക്ക്. സമീപകാലത്ത് കേരളത്തിലുണ്ടായ ഏറ്റവും കൊള്ളാവുന്നൊരു നോവലില്‍ ഈ സാധിക്കായ്മയെ ഇങ്ങനെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.

''അല്ലാ നമ്മള കതയാന്ന് ബിചാരിച്ചാ നമ്മളത് അളക്കാനും ചൊരിയാനും നിക്കും . ആരാന്റതാന്ന് ബിചാരിച്ചാ സുകായിറ്റ് കേക്കാലാ!. അല്ലണേ ദാച്ചാണീ.'' (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, ആര്‍ രാജശ്രീ)

ഇത് കേരളത്തിന്റെ മാത്രം കാര്യമൊന്നുമല്ല, അവരവരുടെ കഥയെഴുത്തല്ല ലോകത്തിന്റെ ബഹുഭൂരിപക്ഷത്തിനും സാഹിത്യം, ആരാന്റെ കഥകളുടെ രേഖപ്പെടുത്തലാണ്.അല്ലെങ്കില്‍ അവരവരുടെ ജീവിതം ആരാന്റെ കഥയെന്ന പോലെ രേഖപ്പെടുത്തല്‍. നേരത്തെ പറഞ്ഞത് പോലെ അതൊരു തെറ്റായ കാര്യമൊന്നുമല്ലാ താനും. അങ്ങനെയല്ലാത്ത എഴുത്ത് കൊണ്ടാണ് മാരികെ പുരസ്‌കാരാര്‍ഹമായ സാഹിത്യത്തെ ഉണ്ടാക്കിയത്.

മാരികെ ലൂകാസ്
മാരികെ ലൂകാസ്

വേറെ തരം ധീരതയാണ് മാരികെക്ക് എന്നാണ് വായിച്ച് വായിച്ച് പോകുമ്പോള്‍ നമുക്ക് കാണാനാവുക.

'' ഞാനൊരു ആണാണ് എന്നായിരുന്നു ചെറിയ കുട്ടിയായിരുന്നപ്പോള്‍ എന്റെ വിചാരം, ഞാനത് പോലെ വസ്ത്രങ്ങളിട്ടു, അങ്ങനെ ജീവിച്ചു. കൗമാരത്തില്‍ ഞാന്‍ പെണ്‍സ്വത്വത്തിലേക്ക് മാറി, അങ്ങനെ ജീവിച്ചു. പെണ്‍കുട്ടിയുടെ ഉടുപ്പുകളിട്ട്. ഇരുപതുകളിലെത്തിയപ്പോള്‍ വീണ്ടും ആണായി''. എന്നാണ് മാരികെ അയാളുടെ ജീവചരിത്രം പറയുന്നത്. വെള്ളം പോലത്തെ ലൈംഗികസ്വത്വം. സമൂഹനിശ്ചിതമായ ആണത്തവും പെണ്ണത്തവും ഭരിക്കപ്പെടുന്ന ലോകത്ത് ഒഴുകുന്ന വെള്ളം പോലത്തെ, ഛിന്നവും തെന്നുന്നതുമായ ലിംഗവ്യക്തിത്വം. ''എന്റെ രക്ഷിതാക്കള്‍ക്ക് അവര്‍ വളര്‍ത്തിയ കുഞ്ഞല്ല ഞാനെന്ന് ബോധ്യമായി.'' he എന്നോ she എന്നോ അല്ല മാരികെയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് കാണുക, they എന്നാണ്. അവനോ അവളോ എന്ന പൂര്‍വ്വനിശ്ചിതമായ ഐഡന്റ്‌റിറ്റിയില്‍ എന്നെ കാണരുത് എന്ന് മാരികെ ഈ ഇരുപത്തൊമ്പതാമത്തെ വയസ്സില്‍ സ്വന്തം ലൈംഗിക സ്വത്വത്തെ നിശ്ചയിച്ച് പ്രഖ്യാപിച്ചിരിക്കുന്നു.അത്ര വലിയ വ്യത്യാസപ്പെട്ടൊരു ജീവിതം ജീവിക്കുന്ന ഈ എഴുത്താളരില്‍ നിന്ന് എത്ര അത്ഭുതകരമായ സൃഷ്ടികളാകും വരും കാലങ്ങളില്‍ വരാനിട എന്ന് കൗതുകത്തോടെ ആലോചിക്കുന്നു.

കുടുംബപ്രശ്‌നമുണ്ടാക്കുന്ന സാഹിത്യപ്രവര്‍ത്തനം അഥവാ സാഹിത്യമാകുന്ന കുടുംബപ്രശ്‌നങ്ങള്‍
മരിച്ചിട്ടും എഴുതുന്ന മാർകേസ്

ലോകത്തിന് എളുപ്പത്തില്‍ മനസ്സിലാക്കാനാകുന്നയാളാകില്ല മാരികെ. നമ്മള്‍ പരിചയിച്ച ഉടുപ്പുകള്‍ക്കകത്തല്ല അവര്‍. അത് കൊണ്ട് തന്നെ കുടുംബത്ത് അവരുടെ ജീവിതവും എഴുത്തും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അത്ഭുതമല്ല. ഇത്തരം കുടുംബപ്രശ്‌നങ്ങള്‍ മറ്റ് പലയിടത്തെ സാഹിത്യലോകത്തും ഉണ്ട്. ഇക്കാലത്ത് ഹിറ്റാകുന്ന പല എഴുത്തുകാരും നോവലുകളും ഇതു പോലെ അവരവരെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെയാണല്ലോ എഴുതുന്നത് എന്ന് നമ്മള്‍ ആലോചിക്കും. വലിയ പുറം രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ചല്ല പലരുമെഴുതുന്നത്. അവരവരുടെ ചുറ്റുപാടുകളെക്കുറിച്ച്, ചെറിയ യൂണിറ്റായ കുടുംബത്തെക്കുറിച്ച്, അതിനകത്തെ അനീതികളെക്കുറിച്ച്. അല്ലങ്കില്‍ അനീതി എന്ന് അവര്‍ക്ക് തോന്നുന്ന കാര്യങ്ങളെക്കുറിച്ച്. അതങ്ങ് തുറന്നടിച്ച്, പക്ഷം പിടിച്ച് എഴുതുകയാണ് അവര്‍. എന്നാല്‍ ചെറിയ യൂണിറ്റുകളെക്കുറിച്ചാണ് എഴുതുന്നതെങ്കിലും മഹാഖ്യാനങ്ങളായി തന്നെയാണ് അവയുടെ സാഹിത്യമണ്ഡലത്തിലെ നില്‍പ്പ്. അങ്ങനെയായത് കൊണ്ട് അവര്‍ക്കും ചുറ്റുപാടിനും വലിയ കുഴപ്പം കൂടെ ഉണ്ടാക്കുന്ന മറ്റ് ചില പുസ്തകങ്ങള്‍ കൂടെ ചിലത് സമീപകാലത്ത് ശ്രദ്ധയില്‍ പെട്ടു.

തമ്മില്‍ തല്ലുന്ന ഭാര്യയും ഭര്‍ത്താവും

കാള്‍ ഓവ് നോസ്ഗാര്‍ഡ് ആണല്ലോ ഇക്കാര്യത്തിലെ സമീപകാലത്തെ വലിയ ഉദാഹരണം. അയാളുടെ വീട്ടിലും നാട്ടിലും വലിയ കലാപമുണ്ടാക്കിയല്ലോ ആ നോവല് സമുച്ചയം. my struggles എന്ന നോവല്‍ സീരീസില്‍ വലിയ ആറ് പുസ്തകങ്ങളാണ്. ആദ്യത്തെ രണ്ട് പുസ്തകങ്ങള്‍ ഇറങ്ങിയപ്പോള്‍ തന്നെ വമ്പന്‍ സെന്‍സേഷന്‍ ആയി എഴുത്തുകാരനും നോവലും. അവയില്‍ അച്ഛന്റെയും അമ്മൂമ്മയുടെയും വെള്ളമടിയും ഇയാളുടെ പ്രേമങ്ങളും ഒക്കെ തുറന്നെഴുതിക്കളഞ്ഞു. അച്ഛനും അമ്മയും ഭാര്യയും മുന്‍ഭാര്യയും ഒക്കെ പ്രശ്നത്തിലായി. അയാള്‍ ചെയ്തത് തോന്ന്യാസമാണ് എന്ന് പറയുന്ന നിരവധി പേരുണ്ട് എഴുത്തുകാരായി തന്നെ. ഇയാളുടെ മുന്‍ഭാര്യ അവരുടെ ജീവിതത്തെക്കുറിച്ച് അവരുടേതായ നോവലുകളെഴുതി ഇപ്പോ. അതും വന്‍ഹിറ്റായിട്ടുണ്ട്.വെള്ളക്കാരനായ പുരുഷന്‍ എന്ന നിലയ്ക്കുള്ള പ്രിവിലേജിന്റെ അഹങ്കാര എഴുത്താണ് നോസ്ഗാര്‍ഡിന്റെത് എന്നും അത് കൊണ്ട് അയാളെ വായിക്കില്ല എന്നും പറയുന്ന സ്ത്രീ എഴുത്തുകാരികള്‍ ഉണ്ട്. അവര്‍ മുന്‍ഭാര്യയായ ലിന്‍ഡ ബോസ്ട്രോമിനെ

നോസ്ഗോര്‍ഡിനെക്കാള്‍ പ്രധാനപ്പെട്ട എഴുത്തുകാരിയായി ചിലര്‍ കാണുന്നു. പക്ഷെ ഭര്‍ത്താവ് ലോകത്തിന് ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ തന്നെയാണ്,സംശയമില്ലാത്ത വിധം മികച്ച എഴുത്തുകാരന്‍. പക്ഷെ അയാളുടെ ഭാര്യയായിരുന്നവള്‍, വീണിടത്ത് നിന്ന് എഴുന്നേറ്റ് വന്ന് ഇപ്പോള്‍ നമ്മുടെ ആദരവ് നേടുന്നത് നോക്കൂ.അയാളുടെ ഭാര്യ എന്ന നിലയ്ക്കേ ലോകം ലിന്‍ഡയയെ അറിഞ്ഞിരുന്നുള്ളൂ. അതും എങ്ങനത്തെ ഭാര്യ. ദുര്‍ബ്ബലയായ ഒരുവള്‍ എന്ന്. നടിയായ അമ്മയ്ക്ക് പിന്നാലെ നടി തന്നെയാകാനാഗ്രഹിച്ചവള്‍,ആക്ടിംഗ് സ്‌കൂളില്‍ പക്ഷെ പ്രവേശനം കിട്ടാതെ പോയയാള്‍, ഡിപ്രഷനിലേക്ക് പലവട്ടം വീണുപോയ ആള്‍. ചെറുപ്പം മുതല്‍ ഡിപ്രഷനും ബൈപോളാറുമൊക്കെ ഉള്ളയാള്‍. ആത്മഹത്യാശ്രമങ്ങള്‍ നടത്തിയവള്‍.ദുര്‍ബ്ബലയായ സ്ത്രീയെന്ന് എങ്ങനെയാണ് അവരെ ലോകം മനസ്സിലാക്കിയത്?. ഭര്‍ത്താവ് പറഞ്ഞിട്ട്, ഭര്‍ത്താവ് എഴുതിയ ആത്മകഥാപരമായ നോവലുകളില്‍ നിന്ന്. അപകടകരമെന്ന് വിശേഷിപ്പിക്കാവുന്ന സത്യസന്ധതയോടെ കാള്‍ ഓവ് നോസ്ഗാര്‍ഡ് എഴുതിയ മൈ സ്ട്രഗിള്‍ സീരീസിലെ നോവലിലെ പരാമര്‍ശങ്ങള്‍ ലിന്‍ഡ ബോസ്ട്രോം നോസ്ഗാര്‍ഡിനെ മോശപ്പെട്ടൊരു വെളിച്ചത്തിലാണ് പുറം ലോകത്തെ കാണിച്ചിരുന്നത്. കാള്‍ ഓവ് നോസ്ഗാര്‍ഡ് . ഈ കാലത്തെ ഏറ്റവും മികച്ച എഴുത്തുകാരിലൊരാള്‍. മൈ സ്ട്രഗിള്‍ സീരീസ് ആറ് നോവലുകള്‍ ഉള്‍പ്പെട്ടതാണ്. വലിയ പുസ്തകങ്ങള്‍. മൂവായിരത്തിലേറെ പേജുകള്‍. സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തുറന്നെഴുത്ത് എന്ന നിലയ്ക്കാണ് അത് ഹിറ്റായത്. ദൈനംദിന ജീവിതത്തിലെ അതിസാധാരണകൃത്യങ്ങളെ അത്യസാധാരണമായ ഭാഷയിലൂടെ ഉജ്വലമാക്കിയതിനും. അച്ഛനും അമ്മൂമ്മയും തൊട്ടുള്ളവരെപ്പറ്റി തുറന്ന് എഴുതുകയാണ് നോസ്ഗാര്‍ഡ് ചെയ്തത്. സ്വാഭാവികമായും ഭാര്യയെയും പറ്റി.ഒരിക്കലും ഇംപ്രൂവ് ചെയ്യാത്തയാള്‍, എപ്പോഴും കരഞ്ഞ് കൊണ്ടിരിക്കുന്നവള്‍ എന്നൊക്കെ.

''She always wanted something else, never did anything to improve things, just moaned, moaned, moaned,' Knausgård wrote, provoking one reviewer to wonder: 'What kind of person would publish such a thing about his wife?'

ആറാം പുസ്തകം പ്രസിദ്ധീകരിക്കപ്പെടും മുമ്പ് തന്നെ അവര്‍ ഡൈവോഴ്സ് ആയി. ഇങ്ങനെയൊക്കെ എഴുതിയതിന് ആ ബന്ധുക്കള്‍ക്ക് നിങ്ങളോട് ഇപ്പോഴും ദേഷ്യമുണ്ടാകില്ലേ. ന്യൂയോര്‍ക്കറിലെ അഭിമുഖത്തില്‍ നോസ്ഗാര്‍ഡ് ഈ ചോദ്യം നേരിടുന്നു. ഉണ്ട്, അതൊരിക്കലും എന്നെ വിട്ട് പോകില്ല എന്ന് മറുപടി. അടുത്ത ചോദ്യം , ലിന്‍ഡയുടെ രോഷമോ. ലിന്‍ഡ. നോ ഷി റീഡ് ഇറ്റ് ആന്‍ഡ് അക്സപ്റ്റഡ് ഇറ്റ് എന്നാണ് മറുപടി. ലിന്‍ഡയ്ക്ക് എതിര്‍പ്പില്ല എന്ന്.അങ്ങനെയല്ല , എനിക്ക് എതിര്‍പ്പ് ഉണ്ട് എന്ന് ലിന്‍ഡ ഇക്കഴിഞ്ഞ ദിവസം പരസ്യമായി വന്ന് പറഞ്ഞു.

''I have made my peace with the books now but in reality I was so angry about what he wrote,' she says. 'As a writer, I respect his right to use his own life as material and, objectively, I thought the books were very good. But on a personal level I was really angry about the way he looked at me. His view of me was so limited, he saw only what he wanted to see. It was as if he didn't know me at all. Reading it felt like suffering a loss. Now I just wonder if maybe he's one of these male writers that can't really write about women.'

പഴയ തോറ്റടിഞ്ഞ ഡിപ്രഷനടിപ്പെട്ട ലിന്‍ഡ അല്ല. വിജയിച്ച ലിന്‍ഡ. നോസ്ഗാര്‍ഡിന്റെ ഭാര്യ എന്ന് മാത്രം ലോകമറിഞ്ഞിരുന്ന ലിന്‍ഡ. ഞാന്‍ എന്റെ സ്വന്തം നിലയ്ക്ക് ഒത്ത ഒരാളാണ് എന്ന് വന്ന് പറഞ്ഞു. ഫീനിക്സ് പക്ഷിയുടെ ഉപമ ചേര്‍ത്ത് വേണം അവരെ ഇനി വായിക്കാന്‍. ഇപ്പോള്‍ ലിന്‍ഡയുടെ ദിവസങ്ങളാണ്. അവരെഴുതിയ രണ്ട് നോവലുകളും സ്വീഡനില്‍ ഹിറ്റുകളാണ്. വെല്‍കം ടു അമേരിക്ക എന്ന നോവല്‍ അവിടത്തെ പ്രധാന സാഹിത്യപുരസ്‌കാരമായ ഓഗസ്റ്റ് പ്രൈസ് വാങ്ങിയിരിക്കുന്നു. ഒക്ടോബര്‍ ചൈല്‍ഡ് എന്ന രണ്ടാം പുസ്തകവും ഹിറ്റ്. രണ്ടും ആത്മകഥാസംഗതികള്‍ . ഒന്നാമത്തേതില്‍ വിഷാദരോഗത്തിന്റെയും കുട്ടിക്കാലത്തിന്റെയും ഓര്‍മ്മകളുണ്ട്.രണ്ടാമത്തേതില്‍ നോസ്ഗാര്‍ഡുമായുള്ള ജീവിതവും ഡൈവോഴ്സ് സംഗതികളും. വിവാഹമോചന ശേഷം സൈക്യാട്രിക് കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെപ്പറ്റി. ഇലക്ട്രിക് ഷോക്ക് ചികിത്സയാല്‍ തകര്‍ക്കപ്പെട്ടതിനെപ്പറ്റിയും. വിഷാദരോഗം, അതിന്റെ പിടിയിലുള്ള ജീവിതം,കരിയറിലെ തുടര്‍ച്ചയായ പരാജയങ്ങള്‍, ഭൂലോക ഹിറ്റായ ഒരു നോവല്‍ സമുച്ചയത്തിലൂടെ ലോകത്തിന് മുന്നില്‍ നഗ്‌നയെന്ന പോലെ നില്‍ക്കേണ്ടി വരല്‍,കൂടെ ജീവിക്കുന്നയാള്‍ തന്നെ മോശം വെളിച്ചത്തില്‍ ചിത്രീകരിക്കല്‍. മോശം കാലമായിരുന്നു ലിന്‍ഡയ്ക്ക് ഭൂതകാലം. ഫീനിക്സ് പക്ഷിയുടെ ഉപമ ചേര്‍ത്ത് ബാക്കി കാര്യങ്ങളെ മനസ്സിലാക്കുക. ഗാര്‍ഡിയനിലെ അഭിമുഖം വായിച്ചപ്പോള്‍ അവരെക്കുറിച്ചോ അവരെഴുതുന്നതിനെകുറിച്ചോ ഒന്നുമറിയില്ലെങ്കിലും ബഹുമാനവും സ്നേഹവും വന്നു.

///What does she hope for from the move? 'Let's see what happens,' she says. 'It's a fresh start. Most of all I would like to be seen as a person and an author in my own right. For such a long time, when people saw me they would think, oh yeah, Karl Ove, and, oh yeah, bipolar. I'd like that to change.'

കാള്‍ ഓവ് നോസ്ഗാര്‍ഡ്
കാള്‍ ഓവ് നോസ്ഗാര്‍ഡ്

നോസ്ഗാര്‍ഡിന്റെ ആദ്യ രണ്ട് നോവലുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മൂന്നാം പുസ്തകമായ ബോയ്ഹുഡ് ഐലന്‍ഡ് ഇപ്പോള്‍ മുന്നിലുണ്ട്. അതും ബാക്കി മൂ്ന്ന് പുസ്തകങ്ങളും വായിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. അയാളെ എനിക്കിഷ്ടമാണ്. ലോകത്ത് എത്രയോ ലക്ഷം പേര്‍ക്ക് അയാളെ എഴുത്തുകാരന്‍ എന്ന നിലയ്ക്ക് ഇഷ്ടമാണ്. അവരൊക്കെ ഇനിയും അയാളെ വായിക്കും. പക്ഷെ നോക്കൂ, ലിന്‍ഡയ്ക്കൊപ്പമായിരിക്കും അവരിരുവര്‍ക്കിടയിലെ തര്‍ക്ക വിഷയങ്ങളില്‍ നമ്മള്‍. അല്ലേ?

ലിന്‍ഡ ബോസ്ട്രോം വിവാഹമോചിതയായിട്ടുണ്ട്, എന്നാല്‍ അവര്‍ പേരിന് പിന്നിലെ നോസ്ഗാര്‍ഡ് എന്നത് എടുത്ത് മാറ്റിയിട്ടില്ല. അതിന്റെ വിശദീകരണം ഈ അഭിമുഖങ്ങളില്‍ കണ്ടില്ല. നിങ്ങളെന്നെ

മനസ്സിലാക്കിയ അതേ ഐഡന്റിറ്റിയില്‍ നിന്ന് തന്നെ ഞാന്‍ എന്നെ നിങ്ങള്‍ക്ക് മുന്നില്‍ വെളിവാക്കുമെന്നാകുമോ അവര്‍ക്കുള്ളില്‍. അല്ലങ്കില്‍ നോസ്ഗാര്‍ഡ് എന്ന വ്യക്തിയോടുള്ള വിദ്വേഷത്താലല്ല, അയാളെ കൊണ്ട് അങ്ങനെയൊക്കെ എഴുതിച്ച ആ രാഷ്ട്രീയമാണ് തന്റെ എതിരാളി എന്ന രാഷ്ട്രീയചിന്ത വെച്ചാകുമോ.ആര്‍ക്കറിയാം.എന്താകിലെന്ത് , നമ്മളവരെ ആദരവോടെ നോക്കുന്നു.

വഴക്കടിക്കുന്ന സഹോദരിമാര്‍

നോസ്ഗാര്‍ഡിന്റെ നോര്‍വ്വേയില്‍ നിന്ന് വേറെയും ഇത്തരം സാഹിത്യസംഭവങ്ങള്‍ ഉണ്ടായി. അതിലൊന്നാണ് വിഡ്ജിസ് ഹോര്‍ത്തിന്റെത്. അവരും അവിടത്തെ പ്രധാന എഴുത്തുകാരിലൊരാള്‍. 2016ല്‍ ഹോര്‍ത്ത് എഴുതിയ 'വില്‍ ആന്‍ഡ് ടെസ്റ്റാമെന്റ്' നോസ്ഗാര്‍ഡിന്റെ മൈ സ്ട്രഗിളിന് ശേഷം അവിടെ നിന്ന വലിയ ഹിറ്റായ നോവലാണ്. ചെറുപ്പത്തില്‍ അച്ഛനില്‍ നിന്ന് ലൈംഗികാക്രമണം നേരിട്ട കുട്ടിക്കാലത്തെക്കുറിച്ചുള്ള നോവലാണ് അത്. സ്വാഭാവികമായും വലിയ പ്രശ്നമായി. അതെത്തുടര്‍ന്ന് പിറ്റേ കൊല്ലം അവരുടെ സഹോദരി ഹെല്‍ഗ ഹോര്‍ത്ത് ഇതിന് ഒരു കൗണ്ടര്‍ നോവലും എഴുതി. 'ഫ്രീ വില്‍' എന്ന പേരില്‍. അത് ഈ ലൈംഗിക പീഡനാക്ഷേപത്തെ തള്ളിക്കൊണ്ടുള്ള ഒന്നാണ്. അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു, അമ്മയും തനിക്കെതിരെ നിന്നു എന്നാണ് വില്‍ ആന്‍ഡ് ടെസ്റ്റാമെന്റില്‍ എങ്കില്‍ ഇതൊക്കെ സഹോദരിയുടെ ക്രൂരമായ ഭാവനയെന്നും സൈക്കോ ആയ സഹോദരിയുടെ കള്ളങ്ങള്‍ കൊണ്ട് കുടുംബമാകെ ട്രോമയില്‍ പെട്ട് പോയി എന്നതുമൊക്കെ ആണത്രെ ഫ്രീ വില്‍-ല്‍.വില്‍ ആന്‍ഡ് ടെസ്റ്റമെന്റ് വന്‍ ഹിറ്റാണ്. ഫ്രീ വില്ലും മോശം സാഹിത്യസൃഷ്ടിയാണ് എന്നാരും പറഞ്ഞ് കാണുന്നില്ല. നോര്‍വെയില്‍ റിവഞ്ച് നോവല്‍ കാലം എന്നാണ് സാഹിത്യസൈറ്റുകളില്‍ കാണുന്നത്.

മാരികെ ലൂകാസിന് 29 വയസ്സേയുള്ളൂ. നോസ്ഗാര്‍ഡും വിഡ്ജിസ് ഹോര്‍ത്തും അവരുടെ സഹോദരിയും ഒക്കെ അമ്പത് കഴിഞ്ഞ ശേഷമാണ് കുടുംബത്തെ ഇളക്കി മറിച്ച തുറന്നെഴുത്തുകള്‍ നടത്തിയതെങ്കില്‍ മാരികെ ലൂകാസ് ചെറിയ പ്രായത്തില്‍ തന്നെയാണ് ലൈംഗികസംബന്ധിയായ കാര്യങ്ങളടക്കം കുടുംബം കൂടെ ഉള്‍പ്പെട്ടത് എഴുതി ചുറ്റുപാടുകളെ ഞെട്ടിച്ചത്. അവരവരെക്കുറിച്ച് എഴുതല്‍ വ്യക്തിയിലേക്ക് ചുരുങ്ങലല്ല എന്നാണ് ഇത്തരം സംഗതികളെ അറിയിമ്പോള്‍ മനസ്സിലാവുക. കുടുംബത്തെക്കുറിച്ച് എഴുതല്‍ ഏറ്റവുമടുത്തവരിലേക്ക് മാത്രമുള്ള ഉള്‍വലിയലുമല്ല.വ്യക്തി, കുടുംബം എന്നിങ്ങനെയുള്ള ചെറിയ യൂണിറ്റുകളെക്കുറിച്ചുള്ള ഫിലോസഫിക്കലായ വിശകലനങ്ങളായിരിക്കവെ തന്നെ അത്തരം എഴുത്തുകള്‍ നമ്മള്‍ ജീവിക്കുന്ന കാലത്തെക്കുറിച്ചും , ലോകത്തെ മുഴുവന്‍ മനുഷ്യരുടെ ജീവിതത്തെക്കുറിച്ചുമുള്ള വിലപിടിപ്പുള്ള രേഖകളും ആയി മാറുന്നു എന്നാണ് വിചാരിക്കേണ്ടത്.

കുടുംബപ്രശ്‌നമുണ്ടാക്കുന്ന സാഹിത്യപ്രവര്‍ത്തനം അഥവാ സാഹിത്യമാകുന്ന കുടുംബപ്രശ്‌നങ്ങള്‍
പി എന്‍ ഗോപീകൃഷ്ണന്‍ അഭിമുഖം: ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം
കുടുംബപ്രശ്‌നമുണ്ടാക്കുന്ന സാഹിത്യപ്രവര്‍ത്തനം അഥവാ സാഹിത്യമാകുന്ന കുടുംബപ്രശ്‌നങ്ങള്‍
പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്

Related Stories

No stories found.
logo
The Cue
www.thecue.in