ദാര്‍ശനികമായ തീര്‍ച്ചയില്ലായ്മയാണ് ഒ.വി വിജയനെ വലിയ എഴുത്തുകാരനാക്കുന്നത് : ഡോ.പി.പി.രവീന്ദ്രന്‍ അഭിമുഖം

ദാര്‍ശനികമായ തീര്‍ച്ചയില്ലായ്മയാണ് ഒ.വി
വിജയനെ വലിയ എഴുത്തുകാരനാക്കുന്നത് : ഡോ.പി.പി.രവീന്ദ്രന്‍ അഭിമുഖം

ആധുനികതയില്‍ നിന്നും പൂര്‍ണമായും വിഛേദിക്കപ്പെട്ട മനസ്സല്ല കേരളത്തിന്‍റെത്

Summary

അദ്ധ്യാപകന്‍, സാഹിത്യവിമര്‍ശകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാംസ്കാരിക-ബൗദ്ധിക മണ്ഡലങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡോ. പി. പി. രവീന്ദ്രന്‍. മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസറും ഡിറക്ടറും ആയിരുന്ന അദ്ദേഹം സാഹിത്യവിമര്‍ശനത്തിനോടൊപ്പംതന്നെ വിവര്‍ത്തന രംഗത്തും കാതലായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സാഹിത്യവിമര്‍ശനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള അദ്ദേഹം ആനുകാലിക സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഈ ദീര്‍ഘ സംഭാഷണത്തിലൂടെ.

Q

സാഹിത്യ ഗവേഷണം, ദൃശ്യ - ശ്രാവ്യ സംസ്കാരങ്ങളുടെ പ്രമാണീകരണം എന്നിവ ലക്ഷ്യമാക്കി മഹാത്മാഗാന്ധി സർവ്വകലാശാല സ്ഥാപിച്ചിട്ടുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസറും ഡിറക്ടറും ആയിരുന്നല്ലോ താങ്കൾ. ഒരു അദ്ധ്യാപകൻ എന്ന നിലയിലുള്ള ഉത്തരവാദിത്തം അങ്ങയുടെ വിമർശന രചനകളിൽ സാർവ്വത്രികമായ വ്യാവഹരിക ദിശയും സൈദ്ധാന്തിക ബലവും രൂപപ്പെടുത്തിയിട്ടുണ്ടോ?

A

എല്ലാ കാലങ്ങളിലെയും എല്ലാ ലോകഭാഷകളിലേയും സാഹിത്യചിന്തകര്‍ സവിശേഷമായ അര്‍ത്ഥത്തില്‍ അദ്ധ്യാപകര്‍ കുടിയാണെന്ന് വിചാരിക്കുന്നതില്‍ ന്യായമുണ്ടെങ്കിലും തൊഴില്‍പരമായി അദ്ധ്യാപകരായിരിക്കുക എന്നത് ഇന്നത്തെ കാലത്തെ സാഹിത്യവിമര്‍ശകരെ സംബന്ധിച്ചേടുത്തോളം പൂര്‍ണമായ അര്‍ത്ഥത്തില്‍ ആശാസ്യമായ കാര്യമായി ഗണിക്കാനാവില്ല. ഈ പ്രശ്നത്തിന് രണ്ട് വശങ്ങളുണ്ടെന്നു തോന്നുന്നു. സാഹിത്യാദ്ധ്യാപകനായിരിക്കുന്നതിന്‍റെ ഒരു ഗുണം സാഹിത്യവ്യവഹാരത്തെ ഗൗരവമായി കാണുന്ന പുതിയ തലമൂറയിലെ ബുദ്ധിശാലികളുമായി സംവദിക്കാനുള്ള അവസരം അതുണ്ടാക്കുന്നു എന്നുള്ളതാണ്. ഈ അര്‍ത്ഥത്തില്‍ തീര്‍ച്ചയായും സ്കൂള്‍ ഒഫ് ലെറ്റേഴ്സിലെ അദ്ധ്യാപന അനുഭവം എന്റെ ആശയങ്ങളേയും സങ്കല്പനങ്ങളേയും മൂര്‍ച്ചയുള്ളതാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ സംവാദങ്ങളും വിചിന്തനങ്ങളും നമ്മുടെ ആശയങ്ങളെ മറ്റുള്ളവരുടെ ആലോചനകള്‍ക്കുള്ള വിഷയമാക്കുന്നതിന് സഹായിക്കുന്നതിനോടൊപ്പം അവയിലെ സങ്കീര്‍ണതകളെ നമുക്കു തന്നെ കൂടുതല്‍ വ്യക്തമാക്കിത്തരികയും ചെയ്യുമല്ലോ. സാഹിത്യ വിമര്‍ശനത്തിന് സൈദ്ധാന്തികബലവും ആശയവ്യക്തതയും പകരുന്നതില്‍ അദ്ധ്യാപകജോലി വഹിക്കുന്ന പങ്കിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അതേസമയം അദ്ധ്യാപകര്‍ വിമര്‍ശകരായി മാറുമ്പോഴുള്ള ഒരു പ്രശ്നം അദ്ധ്യാപനത്തില്‍ പൊതുവെ വന്നുചേരാനിടയുള്ള ന്യൂനീകരണ യുക്തി സാഹിത്യവിമര്‍ശനത്തെ സ്വാധീനിക്കാനിടയുണ്ട് എന്നുള്ളതാണ്. അക്കാദമിക വിമര്‍ശനം എന്ന പ്രയോഗത്തില്‍ ഒരു ദൂസ്സൂചന കലരുന്നത് അത്തരം സന്ദര്‍ഭങ്ങളിലാണ്. എന്നു മാത്രമല്ല ക്ലാസ്മുറികളിലെ ഒരു വെട്ട് രണ്ടു തുണ്ടം എന്ന തരത്തിലുള്ള വിശകലന സമ്പ്രദായങ്ങള്‍ സാഹിത്യവ്യവഹാരത്തിന്‍റെ ആന്തരിക സങ്കീര്‍ണതകളെ പ്രതിഫലിപ്പിക്കുന്നതുമല്ലല്ലോ. സ്വന്തം സര്‍ഗാത്മക സൂക്ഷ്മതയും സൈദ്ധാന്തിക ജാഗ്രതയും കാത്തുസൂക്ഷിക്കുക എന്നത് വിമര്‍ശകന്‍റെ ഉത്തരവാദിത്തമായി മാറുന്നത് അപ്പോഴാണ്

Q

വിഖ്യാത പാശ്ചാത്യ സൈദ്ധാന്തികരായ മിഷേൽ ഫൂക്കോ, പിയർ ബോര്‍ദ്യു എന്നിവരെ മലയാള വായനക്കാർക്കു പരിചയപ്പെടുത്തുന്നതിൽ താങ്കളുടെ പുസ്തകങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പാശ്ചാത്യ സിദ്ധാന്തങ്ങളെ മലയാളീകരിക്കുമ്പോൾ സാങ്കേതിക പദാവലികളുടെ അപര്യാപ്തത പ്രശ്നമായി അനുഭവപ്പെട്ടിട്ടുണ്ടോ? ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൊഫ. ഗുപ്തൻ നായർ സമാഹരിച്ച ഗ്ലോസ്സറി കാലികമായി പരിഷ്കരിക്കാത്തത്ത് മലയാള ഗവേഷകർക്ക് ഒരു പ്രശ്നമല്ലെ?

A

ഈ പ്രശ്നത്തെ സാങ്കേതിക പദാവലികളുടെ അപര്യാപ്തത എന്ന നിലയില്‍ ചുരുക്കിക്കാണരുത്. ഗ്ലോസറികള്‍ കാലാകാലമായി പരിഷ്കരിക്കേണ്ടതുതന്നെ എന്നതില്‍ തര്‍ക്കമില്ല. പക്ഷെ പ്രശ്നം അതായിരുന്നെങ്കില്‍ പദാവലീ പരിഷ്കാരത്തിലൂടെയും മറ്റും യാന്ത്രികമായി പദസൃഷ്ടി നടത്തി എളുപ്പം പരിഹരിക്കാവുന്നതല്ലേയുള്ളൂ. നമ്മൂടെ യഥാര്‍ത്ഥ പ്രശ്നം പുതിയ ആശയങ്ങളോടുള്ള പൊതുസമൂഹത്തിന്‍റെ വിപ്രതിപത്തിയും ചെറുത്തുനില്പുമാണ്. പുതിയ ആശയങ്ങള്‍ നാം സ്വീകരിക്കാറില്ലെന്നല്ല പറയുന്നത്. പുതിയ ആശയങ്ങള്‍ കാലാകാലങ്ങളായി സ്വീകരിച്ചതു കൊണ്ടാണല്ലോ കേരളം ഇന്ത്യയിലെ മറ്റു സമൂഹങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കുന്നത്. നവോത്ഥാനസംരംഭങ്ങള്‍ക്ക് കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ വലിയ വേരോട്ടമുണ്ടായതിനുള്ള കാരണവും ഇതുമായി ബന്ധപ്പെടുത്തി നാം പലപ്പോഴും വിവരിക്കാറുമുള്ളതാണല്ലോ. എങ്കിലും പുതിയ ആശയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധം മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് ഇവിടെ ഏറെ ശക്തമാണ്. ആശയങ്ങള്‍ അത്ര എളുപ്പത്തില്‍ ഇവിടെ സ്വീകാര്യമാവാറില്ല. പ്രതിരോധം പലപ്പോഴും ഒരു തരം ദഹനക്കേടിലേക്കു വരെ എത്താറുണ്ട്. ദഹനക്കേടെന്നു വെച്ചാല്‍ ധൈഷണികമായ ദഹനക്കേട്. സദാചാരത്തെയും ലൈംഗികതയേയും ജനാധിപത്യത്തെയും മറ്റും സംബന്ധിച്ച നമ്മുടെ പൊതു നിലപാടുകളില്‍ ഈ ദഹനക്കേടിന്‍റെ അടയാളങ്ങള്‍ കാണാം. കേരളം പ്രാഥമികമായും ഒരു പരമ്പരാഗതസമൂഹമാണ് എന്നതാണ് ഇതിനുള്ള പ്രധാന കാരണം. സംവാദം പോലുള്ള സാമൂഹികപ്രയോഗങ്ങളിലൂടെയാണ് സമൂഹങ്ങളില്‍ പുതിയ ആശയങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുകയും പ്രചരിക്കുകയും ചെയ്യുന്നത്. ജനാധിപത്യത്തെക്കുറിച്ച് നാം വാചാലമാവാറുണ്ടെങ്കിലും ജനാധിപത്യബോധത്തോടെയുള്ള സംവാദങ്ങള്‍ക്കുള്ള സ്ഥലങ്ങള്‍ ഇവിടെ കുറവാണ്. പദാവലികളുടെ അഭാവമായി നാം പലപ്പോഴും കാണുന്നത് വാസ്തവത്തില്‍ സമൂഹത്തിന്‍റെ മുകളില്‍ വിവരിച്ച പ്രതിരോധത്തെയും ദഹനക്കേടിനെയുമാണ്. സംവാദങ്ങള്‍ കൂടുന്നതോടെ, ആശയസംക്രമണത്തിനുള്ള വഴികള്‍ വിശാലമാകുന്നതോടെ, അടഞ്ഞ സമൂഹങ്ങള്‍ തുറസ്സിലേക്കു വരുന്നതോടെ ഇതു പരിഹരിക്കപ്പെടുമെന്നാണ് എനിക്ക് തോന്നുന്നത്. തീര്‍ച്ചയായും സങ്കുചിതമായ അര്‍ത്ഥത്തില്‍ പദാവലികളുടെ അപര്യാപ്തതയുണ്ട്. ഇത് വ്യത്യസ്തമായ അളവുകളിലാവാമെങ്കിലും എല്ലാ ഭാഷകളുടെയും പ്രശ്നമാണ്. പുതിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട ആവശ്യം വരുമ്പോള്‍ പദാവലികള്‍ താനെ വന്നു കൊള്ളുമെന്നാണ് ഫൂക്കോ, ബോര്‍ദ്യു തുടങ്ങിയവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ രചിച്ചതിന്‍റെ അനുഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത്.

കൃത്യമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കി പിന്തുടരുകയാണെങ്കില്‍ മലയാളസാഹിത്യത്തെയും സിനിമയെയും മാത്രമല്ല കേരളത്തിന്‍റെ ചരിത്രപഠനത്തെയും സമൂഹപഠനത്തെയും കലാവിചാരത്തെയും സാഹിത്യചരിത്രത്തെയും ആശയവിനിമയപഠനത്തെയും ജനസംസ്കാര വിശകലനത്തെയും എല്ലാം മൗലികമായിത്തന്നെ പരിവര്‍ത്തിപ്പിക്കാന്‍ കരുത്തും കെല്പുമുള്ള ഒരു ഗഹനമായ അപഗ്രഥനപദ്ധതിയായി മാറാന്‍ സംസ്കാരപഠനത്തിന് കഴിയുമെന്ന് തീര്‍ച്ചപ്പെടുത്താവുന്നത്.
Q

സംസ്കാരപഠനത്തിന് മലയാള സാഹിത്യ-സിനിമാ മേഖലകളിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുവാൻ സാധിച്ചിട്ടുണ്ട്. ഈ പഠനമേഖലയ്ക്ക്‌ കേരളത്തിലുള്ള നൂതനസാധ്യതകൾ എന്തെല്ലാമാണ്?

A

പുതിയ പഠനമേഖല എന്ന നിലയ്ക്ക് സംസ്കാരപഠനത്തിന് കേരളീയ ധൈഷണിക മണ്ഡലത്തിലുള്ള സാദ്ധ്യതകള്‍ വിപുലമാണ്. നിത്യവൃത്തി (everyday) യുടെയും ഐഹികത (worldliness) യും അനുഭവ വിവരണമെന്ന സംസ്കാരപഠനത്തിന്‍റെ വിശാലമായ നിര്‍വചനം സ്വീകരിക്കുകയാണെങ്കില്‍ വ്യക്തിജീവിതത്തിന്‍റെയും സാമൂഹ്യപ്രയോഗത്തിന്‍റെയും മുന്‍കാലങ്ങളില്‍ അവഗണിക്കപ്പെട്ടിരുന്നവയുള്‍പ്പെടെയുള്ള എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന ഒരു വിശകലന സമ്പ്രദായമായി അത് വിപുലപ്പെടേണ്ടതുണ്ട്. ഇവിടെയാണ് പരമ്പരാഗത സാഹിത്യപഠനത്തിന്‍റെ സങ്കുചിത പാതയില്‍ നിന്നുമുള്ള അതിന്റെ വ്യതിചലനം. സവിശേഷരീതിയില്‍ നിര്‍വചിക്കപ്പെടുന്ന വ്യക്തിയുടെ അല്ലെങ്കില്‍ സമൂഹത്തിന്‍റെ അനുഭവത്തിന്‍റെയും ജീവിതത്തിന്‍റെയും സവിശേഷ അംശങ്ങളെ മാത്രം പ്രതിനിധാനവിഷയമായി കണ്ട പഴയകാല സാഹിത്യ പഠന സമീപനത്തില്‍ നിന്നുമുള്ള മൗലികമായ വേര്‍പിരിയലാണ് ഇത്. പരമ്പരാഗത രീതിയില്‍ നിര്‍വചിക്കപ്പെട്ട സൗന്ദര്യത്തെയും ലാവണ്യാത്മകതയെയും കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന സാഹിത്യപഠനരീതിയെ നിരര്‍ത്ഥകമാക്കുന്ന പല ഘടകങ്ങളുമുണ്ട് സംസ്കാരപഠനത്തില്‍. ഒരുവേള വിശകലനവിഷയത്തിന്‍റെ സൗന്ദര്യത്തിലല്ല അതിന്റെ രാഷ്ട്രീയത്തിലാണ് പഠിതാവിന്‍റെ ഊന്നല്‍ എന്നു പറയാം. സാഹിത്യത്തിന്‍റെ സ്ഥാനത്ത് സംസ്കാരത്തെ പ്രതിഷ്ഠിക്കുന്ന ഒരു പകരം വെക്കല്‍ പ്രക്രിയ മാത്രമല്ല ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്. കാഴ്ചയിലും കാഴ്ചപ്പാടിലുമുള്ള മൗലികമായ വ്യത്യാസം മാറ്റത്തിന്‍റെ ഭാഗമാണ്. പരിപ്രേക്ഷ്യത്തിലും രീതിശാസ്ത്രത്തിലും വിചാരമാതൃകയിലുമുള്ള പരിണാമമായി സംസ്കാരപഠനത്തിന്‍റെ വരവിനെ കാണണമെന്ന് പല ചിന്തകരും പറയുന്നത് അതുകൊണ്ടാണ്. സാഹിത്യമാകട്ടെ ചിത്രരചനയാകട്ടെ സിനിമയാകട്ടെ മറ്റു ദൈനംദിന ജീവിത വ്യവഹാരങ്ങളാകട്ടെ, ഈ വിചാരമാതൃക സാദ്ധ്യമാക്കുന്ന നിബിഡവിവരണത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു പുതിയ ജ്ഞാനവിഷയമാണ് സംസ്കാരപഠനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്നത്. പലരും കരുതുന്നതുപോലെ സിനിമയെയും ചിത്രകലയെയും കാര്‍ട്ടൂണുകളെയും മറ്റും സാഹിത്യവ്യവഹാരത്തോടൊപ്പം സാഹിത്യപഠനത്തിന്‍റെ രീതിശാസ്ത്രമുപയോഗിച്ചു വിശകലനം ചെയ്യുക എന്നതല്ല സംസ്കാരപഠനത്തിന്‍റെ ലക്ഷ്യം. ഇന്ത്യയുടെയും കേരളത്തിന്‍റെയും ബഹുസ്വര സംസ്കാരവുമായി ഏറെ യോജിച്ചു പോകുന്നതാണ് ബഹുത്വത്തിലധിഷ്ഠിതമായ സംസ്കാരപഠന സമ്പ്രദായം. കാഴ്ചയിലെ ബഹുത്വത്തെക്കുറിച്ച് സിനിമവായനയുടെ സന്ദര്‍ഭത്തില്‍ പലപ്പോഴും പറയാറുണ്ടല്ലോ. കാഴ്ച എന്നത് -- സാഹിത്യവായനയെപ്പോലെ തന്നെ -- അനുശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന കാര്യമാണ്. പല തരം മദ്ധ്യവര്‍ത്തന (mediation) ങ്ങളിലൂടെയാണ് കാഴ്ച സാക്ഷാത്കാരത്തിലേക്ക് എത്തുന്നത്. സാഹിത്യവായനയും ഇത്തരം മദ്ധ്യവര്‍ത്തനങ്ങളിലൂടെയാണ് സാര്‍ത്ഥകമാവുന്നതെങ്കിലും പരമ്പരാഗത സാഹിത്യപഠനം ഇവയെക്കുറിച്ച് സംസാരിക്കാറേയില്ല. മദ്ധ്യവര്‍ത്തനങ്ങള്‍ക്ക് സ്ഥാനമില്ലാത്ത കേവല സൗന്ദര്യത്തിന്‍റെ ഭൂമികയാണ് സാഹിത്യം എന്നാണ് പഴയ സാഹിത്യചിന്ത പറയുക. ഇതിന് വിപരീതമായി മദ്ധ്യവര്‍ത്തനങ്ങളുടെ, അതായത് സ്ഥലപരവും ചരിത്രപരവും പ്രത്യയശാസ്ത്രപരവും, അധികാരഘടനയില്‍ വേരോട്ടമുള്ളതും ടെക്നോളജിയുമായി ബന്ധപ്പെട്ടതും മറ്റും മറ്റുമായ അനേകം ഘടകങ്ങളുടെ ഇടപെടലുകളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ഒരു പുതിയ വിഷയത്തെക്കുറിച്ചാണ് സംസ്കാരപഠനം സംസാരിക്കുന്നത്. അതുകൊണ്ടാണ് കൃത്യമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കി പിന്തുടരുകയാണെങ്കില്‍ മലയാളസാഹിത്യത്തെയും സിനിമയെയും മാത്രമല്ല കേരളത്തിന്‍റെ ചരിത്രപഠനത്തെയും സമൂഹപഠനത്തെയും കലാവിചാരത്തെയും സാഹിത്യചരിത്രത്തെയും ആശയവിനിമയപഠനത്തെയും ജനസംസ്കാര വിശകലനത്തെയും എല്ലാം മൗലികമായിത്തന്നെ പരിവര്‍ത്തിപ്പിക്കാന്‍ കരുത്തും കെല്പുമുള്ള ഒരു ഗഹനമായ അപഗ്രഥനപദ്ധതിയായി മാറാന്‍ സംസ്കാരപഠനത്തിന് കഴിയുമെന്ന് തീര്‍ച്ചപ്പെടുത്താവുന്നത്.

Q

സംസ്കാരപഠനം പോലെ ഇന്റര്‍ഡിസിപ്ലിനറി ആയ പഠനമേഖലകൾ കേരളത്തിലെ അക്കാദമിക ഇടങ്ങളിൽ വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടോ?

A

വ്യവസ്ഥാപിതമായ രൂപത്തോടെയുള്ള പരമ്പരാഗത വിഷയങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു ബഹുവിജ്ഞാന വിഷയമല്ല സംസ്കാരപഠനം. പരമ്പരാഗത വിഷയങ്ങളുടെ അതിര്‍ത്തികള്‍ക്ക് പുറത്ത് -- പരമ്പരാഗത വിഷയങ്ങളുടെ പുറമ്പോക്കില്‍ -- പിറവിയെടുക്കുന്ന ഒരു തരം വിഷയമില്ലായ്മ (non-discipline) യോ പ്രതിവിഷയ (counter-discipline) മോ ആണ് സംസ്കാരപഠനം. അത് ഒരു വിഷയാന്തര (inter-disciplinary) വിജ്ഞാനമാണ്. ഇടമില്ലായ്മയിലെ ഒരിടം. പരമ്പരാഗതവിഷയങ്ങളുടെ മറവിയിലാണ് അതിന്‍റെ ജനനം. അതുകൊണ്ടാണ് പാശ്ചാത്യ നാടുകളില്‍ സംസ്കാരപഠനത്തിന്‍റെ സംസ്ഥാപനത്തിന് നേതൃത്വം കൊടുത്ത റെയ്മണ്ട് വില്യംസും ഇ.പി. തോംപ്സണും സ്റ്റുവാര്‍ട്ട് ഹോളും മറ്റും അതിനെ സ്ഥാപനബാഹ്യമായ, ചുവരുകള്‍ക്കപ്പുറമുള്ള (extra-mural) ജനകീയ വിജ്ഞാനവുമായും ആശയവിനിമയപദ്ധതികളുമായും മറ്റും ഇണക്കിച്ചേര്‍ക്കാന്‍ ശ്രമിച്ചത്. ചുവരുകള്‍ക്കുള്ളിലെ വിജ്ഞാനം അറിഞ്ഞോ അറിയാതെയോ വ്യവസ്ഥയ്ക്കു കുട പിടിക്കുന്ന, അധികാരത്തിന്‍റെ അനുബന്ധമായി മാറാവുന്ന ഒരു വ്യവഹാരമായി ചുരുങ്ങാനുള്ള സാദ്ധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് അസാധാരണമല്ല അതിസാധാരണമാണ് സംസ്കാരം എന്നൊക്കെയുള്ള നിര്‍വചനങ്ങള്‍ ആദ്യകാല സംസ്കാരപഠനചിന്തകര്‍ ആവര്‍ത്തിക്കുന്നത്. സംസ്കാരപഠനം അരാഷ്ട്രീയമല്ല. അതിന് ഒരു രാഷ്ട്രീയമുണ്ട്. സാംസ്കാരിക രാഷ്ട്രീയത്തെ ഭാഷാപഠനത്തിന്‍റെയും സമൂഹപഠനത്തിന്‍റെയും സന്ദര്‍ഭങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ട് കൃത്യമായി നിര്‍വചിക്കാന്‍ കൂടിയാണ് റെയ്മണ്ട് വില്യംസ് തന്‍റെ ജീവിതകാലം മുഴുവന്‍ യത്നിച്ചത്. സംസ്കാരപഠനത്തിന്‍റെ വിഷയാന്തരത്വത്തില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ പറ്റാത്തതാണ് ഈ രാഷ്ട്രീയം. ഇടമില്ലായ്മയിലെ ഇടം എന്നു മുകളില്‍ സൂചിപ്പിച്ചത് ഈ അര്‍ത്ഥം കൂടി മനസ്സില്‍ കണ്ടാണ്. ഇന്ത്യയുടെ കാര്യത്തില്‍ മഹാശ്വേതാദേവിയെയും ആനന്ദിനെയും പോലുള്ള എഴുത്തുകാര്‍ പറയുന്ന പുറമ്പോക്കിന്‍റെ രാഷ്ട്രീയമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നും വേണമെങ്കില്‍ പറയാം. ഇത് സംസ്കാരപഠനത്തെ മാര്‍ക്സിസത്തെപ്പോലെ, അല്ലെങ്കില്‍ ഫെമിനിസത്തെപ്പോലെ, അക്കാദമികരംഗത്തിനപ്പുറം സാംഗത്യമുള്ളതും രാഷ്ട്രീയ സക്രിയതയും പ്രതിജ്ഞാബദ്ധതയുമായി ഇണങ്ങിനില്‍ക്കുന്നതുമായ ഒരു വിഷയം കൂടിയാക്കി മാറ്റുന്നുണ്ട്. നിശ്ചയമായും അക്കാദമികവിഷയം എന്ന നിലയ്ക്കുള്ള സംസ്കാരപഠനത്തിന്‍റെ സ്ഥാനവും അതിന്‍റെ വളര്‍ച്ചയും സ്വാധീനവും എല്ലാം പ്രശംസനീയം തന്നെ. കഴിഞ്ഞ രണ്ട് മൂന്ന് ദശകങ്ങള്‍ക്കിടയ്ക്ക് ആഗോളമായി, വിശേഷിച്ച് പാശ്ചാത്യ സര്‍വകലാശാലകളില്‍, അത് നേടിയെടുത്ത മാന്യതയും പ്രതാപവും അസൂയാവഹമാണ് എന്നും പറയാം. പല ഭാഷാസാഹിത്യവിഭാഗങ്ങളും താരതമ്യസാഹിത്യവിഭാഗങ്ങളും പേരും വേഷവും മാറി സംസ്കാരപഠന വിഭാഗങ്ങളായി പുനര്‍നാമകരണം ചെയ്യപ്പെടുന്നത് ഇക്കാലത്താണ്. മാനവിക-സാമൂഹ്യ ശാസ്ത്ര പഠനരംഗത്ത് ഇന്ന് ഏറെ സ്വീകാര്യതയുള്ള ഒരു വിശകലനമാതൃകയായി മാറിയിട്ടുണ്ട് സംസ്കാരപഠനത്തിന്‍റെത്. അക്കാദമിക രംഗത്ത് വളരെ ഫാഷനബിള്‍ ആയ ഒരു മേല്‍വിലാസമായും ചിലര്‍ അതിനെ കാണുന്നുണ്ട് എന്നതും എടുത്തുപറയണം. അതേസമയം സംസ്കാരപഠനത്തിന്‍റെ പൊതു സ്വീകാര്യതയെ മറയാക്കി അതിനെ ഒരു അവിയല്‍ വിഷയമായി പരിവര്‍ത്തിപ്പിക്കാനുള്ള പരിശ്രമങ്ങളും അതോടൊപ്പം നടക്കുന്നുണ്ട്. ഇത് ചില അപകടങ്ങള്‍ക്കു കൂടി വഴിയൊരുക്കുന്നുണ്ട്. അതിന്‍റെ വിഷയാന്തര സ്വഭാവവും അത് നല്‍കുന്ന രാഷ്ട്രീയമായ ഉള്‍ക്കാഴ്ചകളുമാണ് സംസ്കാരപഠനത്തിന്‍റെ ഏറ്റവും കാതലായ അംശങ്ങള്‍ എന്നത് വസ്തുതയാണെങ്കിലും ഈ വസ്തുതയെ പൂര്‍ണമായും നിരാകരിക്കുന്ന രീതിയിലാണ് ചിലരെങ്കിലും സംസ്കാരപഠനത്തെ കൈകാര്യ ചെയ്യുന്നത്. ഏറ്റവും അപകടകരമായ കാര്യം സംസ്കാരപഠനത്തിന്‍റെ രാഷ്ട്രീയത്തെ ചോര്‍ത്തിക്കളഞ്ഞ് അതിനെ ഒരു അരാഷ്ട്രീയ വ്യവഹാരമായി അവതരിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നതാണ്. ലോകമെമ്പാടും ഇത് നടക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള സംസ്കാരപഠന മാതൃകകളില്‍ ചിലതെങ്കിലും ഈ പ്രവണതയുടെ ദൃഷ്ടാന്തങ്ങളാണെന്നതാണ് ശ്രദ്ധിക്കാനുള്ളത്.

Q

സർഗ്ഗ-വിമർശന രചനകൾ തിരശ്ചീനമായ ഒരു പ്രതിരോധമാർഗ്ഗം ആണല്ലോ. പ്രതിരോധ രചനകളിൽ അന്തർലീനമായ സാംസ്കാരിക രാഷ്ട്രീയത്തിന്റ വ്യാപ്തി എത്രത്തോളമാണ്?

A

വളരെ വിശാലമായ ഒരു മേഖലയെയാണ് ഈ ചോദ്യം സ്പര്‍ശിക്കുന്നത്. ഭരണകൂടം സാഹിത്യത്തെ സ്വന്തം വരുതിയിലേക്ക് കൊണ്ടുവരാന്‍ എല്ലായ്പോഴും യത്നിക്കാറുണ്ടെങ്കിലും സാഹിത്യത്തിന് സഹജമായിത്തന്നെ ഒരു തരം പ്രതിരോധ സ്വഭാവമുണ്ട്. സാഹിത്യത്തിന്‍റെ മാദ്ധ്യമമായ ഭാഷയിലൂടെയാണ് ഈ പ്രതിരോധം സാര്‍ത്ഥകമാവുന്നത്. എഴുത്തച്ഛന്‍റെ കവിതയും ഷേക്സ്പിയറിന്‍റെ നാടകവും മലയാളത്തിലെയും ഇംഗ്ലീഷിലെയും സാഹിത്യ കാനോനകളില്‍ ഇടം പിടിക്കുന്നത് അവയില്‍ വായനക്കാര്‍ കാണുന്ന സാഹിതീയമായ ചില മൂല്യങ്ങള്‍ കാരണമാകാമെങ്കിലും രണ്ടിലും ഭാഷാപ്രയോഗത്തിന്‍റെ മാനകരൂപങ്ങളില്‍ നിന്നുള്ള പലായനത്തിന്‍റെ ഉദാഹരണങ്ങള്‍ സുലഭമാണെന്നത് അവയെ പ്രതിരോധപാരമ്പര്യത്തിന്‍റെ ആവിഷ്കാരങ്ങള്‍ കൂടിയാക്കി പരിവര്‍ത്തിപ്പിക്കുന്നുണ്ട്. ഭാഷയുടെ മാനകരൂപത്തില്‍ നിന്നും വഴി മാറി നടക്കുക എന്നത് വലിയ അപകടമായാണ് ഭരണകൂടം കാണുക. അപകടകരമായ ഭാഷാപ്രയോഗം. ഭാഷയെ അപകടകരമായി പ്രയോഗിക്കുന്നത് അധികാരത്തെ അസ്വസ്ഥമാക്കും. അധികാരം എന്നും ഭാഷയെ, അക്ഷരത്തെ ഭയപ്പാടോടെ മാത്രമേ കണ്ടിട്ടുള്ളൂ. അക്ഷരം അഗ്നിയാണ് എന്നൊക്കെ സാധാരണ പറയാറുണ്ടല്ലോ. അക്ഷരത്തെ മെരുക്കാനും വരുതിയിലാക്കാനുമുള്ള അധികാരത്തിന്‍റെ ശ്രമങ്ങള്‍ പല രൂപങ്ങള്‍ കൈക്കൊള്ളാറുണ്ട് -- ചിലപ്പോള്‍ പ്രീണനത്തിന്‍റെ, ചിലപ്പോള്‍ സാന്ത്വനത്തിന്‍റെ, മറ്റു ചിലപ്പോള്‍ തലോടലിന്‍റെ, ഇനിയും ചിലപ്പോള്‍ അക്രമത്തിന്‍റെയും ഭീഷണിയുടെയും അധികാരപ്രയോഗത്തിന്‍റെയും. ഫാസിസത്തിന്‍റെയും സമഗ്രാധിപത്യത്തിന്‍റെയും കാലഘട്ടങ്ങള്‍ ഭാഷാനഷ്ടത്തിന്‍റെ കൂടി കാലമാണെങ്കിലും ഭാഷയെ മെരുക്കാന്‍ അധികാരപ്രയോഗത്തിന്‍റെ പ്രത്യക്ഷരൂപങ്ങള്‍ തന്നെ വരണമെന്നില്ല. അക്ഷരത്തിന്‍റെ സംരക്ഷകരാണ് തങ്ങള്‍ എന്ന നാട്യത്തിലൂടെ ഭരണകൂടം പലപ്പോഴും അക്ഷരത്തെ മെരുക്കാന്‍ ശ്രമിക്കാറുണ്ട്. പ്രത്യയശാസ്ത്രം (ideology) എന്ന പ്രയോഗം സാഹിത്യചിന്തയിലും സംസ്കാരപഠനത്തിലും പ്രസക്തമാവുന്നത് ഈ പ്രകരണത്തിലാണ്. കലയും സാഹിത്യവുമെല്ലാം ഒരേ സമയം പ്രത്യയശാസ്ത്രപരവും പ്രത്യയശാസ്ത്രവിരുദ്ധവും ആണെന്ന് സാധാരണ പറയാറുണ്ടല്ലോ. സാഹിത്യകൃതിയുടെ പ്രത്യയശാസ്ത്രവിരുദ്ധതയാണ് അതിനെ പ്രതിരോധത്തിന്‍റെ ആവിഷ്കാരമാക്കി മാറ്റുന്നത്. ഇത് കാലഘട്ടവുമായി കൂടി ബന്ധപ്പെട്ടതാണ്. ഒരു പ്രത്യേകകാലഘട്ടത്തില്‍ പ്രതിരോധത്തിന്‍റെ സ്വരമായി വായിക്കപ്പെട്ട കൃതി പിന്നീടുള്ള കാലങ്ങളില്‍ അങ്ങനെ വായിക്കപ്പെടണമെന്നില്ല. ഒരു പക്ഷെ പില്‍ക്കാലത്ത് അത്തരം കൃതികള്‍ ഭരണകൂടത്തിന്‍റെ കുഴലൂത്തായി വ്യാഖ്യാനിക്കപ്പെടാനും മതി. ബ്രിട്ടീഷ് കാല്പനികപ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ജറോം മക്ഗാനിന്‍റെ സങ്കല്പനം നോക്കുക. ആരംഭഘട്ടത്തില്‍ പത്തെന്‍പതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍ കാല്പനിക കവിത ഒരു പ്രതിരോധവ്യവഹാരമായിരുന്നു. നഗരവത്കരണത്തിനും വ്യവസായവത്കരണത്തിനും എതിരെയുള്ള സമൂഹത്തിന്‍റെ പൊതുമനസ്സായിരുന്നു അതിലൂടെ ആവിഷ്കരിക്കപ്പെട്ടത്. എങ്കിലും പിന്നീട് വന്ന് വന്ന് കാല്പനികകവിതയുടെ പ്രതിരോധസ്വഭാവം അലിഞ്ഞുപോവുകയും അത് കൂടുതല്‍ കൂടുതല്‍ യാഥാസ്ഥിതികമായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. ഇതര സാഹിത്യപാരമ്പര്യങ്ങളുടെ ചരിത്രത്തിലും സമാനമായ പരിണാമങ്ങള്‍ നടക്കുന്നത് നമുക്ക് കണ്ടെത്താന്‍ പറ്റും. ഈ പ്രക്രിയയ്ക്ക് പല തലങ്ങളുണ്ട്. അവിടെയാണ് അശ്വിന്‍ സൂചിപ്പിച്ച സംസ്കാര രാഷ്ട്രീയത്തിന്‍റെ സങ്കല്പനവ്യാപ്തി. ബോര്‍ദ്യുവിന്‍റെ സാംസ്കാരികമൂലധനം (cultural capital) എന്ന പ്രയോഗം ഈ സങ്കല്പനവ്യാപ്തിയുടെ ഒരു ഭാഗത്തെ പിടിച്ചെടുക്കാനുള്ള ശ്രമമാണ്. ഭാഷയുടെ മാനകരൂപത്തെക്കുറിച്ച് മുകളില്‍ സൂചിപ്പിച്ചുവല്ലോ. മാനകഭാഷ എന്നു പറയുന്നത് തന്നെ സാംസ്കാരിക ഔന്നത്യത്തെക്കുറിച്ച് ഒരു സമൂഹത്തിലെ വരേണ്യ വിഭാഗം താലോലിക്കുന്ന സങ്കല്പത്തിന്‍റെ ആവിഷ്കാരം കൂടിയാണ്. മാനകഭാഷയ്ക്ക് അപ്പുറമുള്ളതാണ് സാമൂഹ്യജീവിതം. അതുകൊണ്ടാണ് എല്ലാ മഹത്തായ കൃതികളും മാനകഭാഷയ്ക്ക് അപ്പുറമുള്ള സാമൂഹ്യജീവിതത്തിന്‍റെ ആവിഷ്കാരങ്ങള്‍ കൂടിയായി മാറുന്നത്. ബഷീര്‍ ഇതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ എഴുത്തില്‍ -- കഥകളില്‍ പോലും -- വിസ്തരിച്ച് സംസാരിച്ചിട്ടുണ്ടല്ലോ. തന്‍റെ എഴുത്തിന്‍റെ അമാനകസ്വഭാവത്തെ സംരക്ഷിക്കാന്‍ തനിക്ക് ചില പ്രസാധകരെ ഭീഷണിപ്പെടുത്തേണ്ടി വരിക പോലും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഫലിതരൂപേണ എഴുതിയിട്ടുണ്ട്. കാഫ്കയുടെ കഥകളെ സംസ്കാരചിന്തകരായ ദിലൂസും ഗത്താരിയും പാര്‍ശ്വസാഹിത്യം (minor literature) എന്നു വിശേഷിപ്പിക്കുന്നതിന്‍റെ ഒരു കാരണം ചെക്ക് വംശജനായ കാഫ്ക ഉപയോഗിക്കുന്ന ജര്‍മ്മന്‍ ഭാഷയുടെ അമാനക സ്വഭാവം കൂടിയാണെന്ന വസ്തുത ഇവിടെ ഓര്‍ക്കാം. ഇന്ത്യയെപ്പോലുള്ള ബഹുഭാഷാരാജ്യത്ത് ഭാഷയുടെ അമാനകതയെ സംബന്ധിച്ച ഈ നിരീക്ഷണത്തിന് പ്രത്യേകം പ്രാധാന്യമുണ്ട്. ഏതെങ്കിലും മാനകഭാഷയുടെയോ മാനകരൂപത്തിന്‍റെയോ ഭാഷാസാമ്രാജ്യത്വം (linguistic imperialism) ഒരു ബഹുസ്വരസമൂഹത്തിന് യോജിച്ചതല്ല.

ഇന്ത്യയിലെ ജാതിബദ്ധവും സംസ്കൃതനിഷ്ഠവും പരമ്പരാഗതശെലിയിലുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരം ഇംഗ്ലീഷ് അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കി എന്നതാണല്ലോ പരിഷ്കരണത്തിന്‍റെ കാതല്‍. ഇത് തീര്‍ച്ചയായും വലിയ മാറ്റമാണ് സമൂഹത്തിലുണ്ടാക്കിയത്. എങ്കിലും ചുഴിഞ്ഞാലോചിക്കുമ്പോള്‍ വ്യക്തമാവുന്ന ഒരു കാര്യം വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമായി സാധാരണ ഗണിക്കാറുള്ള മാനസികമായ അടിമത്തത്തില്‍ നിന്നുള്ള മോചനം, സ്വത്വബോധമുണര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളൊന്നുമായിരുന്നില്ല ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ നടപ്പില്‍ വരുത്താന്‍ ഇംഗ്ലീഷുകാര്‍ ഉന്നമിട്ടത് എന്നതാണ്.
Q

മാറിയ ദേശീയരാഷ്ട്രീയ അന്തരീക്ഷത്തിൽ തീവ്ര വലതുപക്ഷ ചിന്തകളുടെ അതിപ്രസരം അക്കാദമിക ഇടങ്ങളെ ശ്വാസം മുട്ടിക്കുന്ന പ്രവണത കൂടുന്നുണ്ടല്ലോ. സിദ്ധാന്തങ്ങളെ വളച്ചൊടിച്ചും കരിക്കുലത്തിൽ മാറ്റം വരുത്തിയും നടത്തുന്ന ഇത്തരം നീക്കങ്ങളെ എങ്ങനെയാണ് നോക്കികാണുന്നത്?

A

ഇന്ത്യയുടെ ബഹുസ്വരസംസ്കാരം വലിയ ഭീഷണികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഭാഷാസാമ്രാജ്യത്വത്തെക്കുറിച്ചും മറ്റുമുള്ള നമ്മുടെ വേവലാതികള്‍ക്ക് മൂര്‍ച്ചയും പ്രസക്തിയും കൂടുകയാണ്. പിന്നീട് നിഷേധിക്കപ്പെട്ടുവെങ്കിലും ഹിന്ദിയാണ് ഇന്ത്യയുടെ ദേശീയ ഭാഷ എന്ന പ്രസ്താവന സര്‍ക്കാരിലെ ഒരു മുതിര്‍ന്ന നേതാവില്‍ നിന്നുണ്ടായത് ഏറെക്കാലം മുമ്പല്ല. അധികാരം സംരക്ഷിക്കാന്‍ ഏത് പാതയും സ്വീകരിക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ വലതുപക്ഷം തയ്യാറാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള സൈദ്ധാന്തികസൂക്ഷ്മത പുലര്‍ത്തണം എന്ന നിര്‍ബന്ധം അവര്‍ക്കുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യന്‍ ദേശീയത എന്ന സങ്കല്പനത്തെ നിരന്തരമായി നിരാകരിച്ചുകൊണ്ടിരുന്ന രവീന്ദ്രനാഥ ടാഗോറിനെപ്പോലും ദേശീയതയുടെ വക്താവായി അവതരിപ്പിക്കുന്നതാണ് അവരുടെ സമീപനം. ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചേടുത്തോളം ഇന്ത്യന്‍ സംസ്കാരം ഏകശിലാരൂപിയാണ്. സാംസ്കാരികമായ ബഹുസ്വരതയെ അവര്‍ അംഗീകരിച്ചിട്ടേ ഇല്ല എന്നതിന്‍റെ മൂര്‍ത്തമായ തെളിവാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. ഭാഷകള്‍ എന്ന നിലയ്ക്ക് സംസ്കൃതം, ഹിന്ദി എന്നിവ നമ്മുടെ സാമൂഹ്യശരീരത്തിന്‍റെ അവിഭാജ്യഘടകങ്ങളാണെങ്കിലും ശ്രേണീകൃതമായ സാമൂഹികാധികാരത്തിന്‍റെ ബലതന്ത്രത്തില്‍ പങ്കെടുക്കുന്ന ശക്തിവിശേഷങ്ങളായി അവ രൂപാന്തരപ്പെടുമ്പോള്‍ കളി മാറുന്നു. സാംസ്കാരികദേശീയതയുടെ പേരില്‍ അത്തരമൊരു കളിയിലേക്ക് ഇന്ത്യന്‍ ഭരണകൂടം നമ്മുടെ ഭാഷകളെ വലിച്ചുകൊണ്ടു പോകുന്നതാണ് പുതിയ വിദ്യാഭ്യാസനയത്തില്‍ നാം കാണുന്നത്. ദേശീയവിദ്യാഭ്യാസത്തിന്‍റെ മറ്റു പ്രശ്നങ്ങളെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധര്‍ ഇതിനകം ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ധൈഷണികതലത്തില്‍ ഇതിനെ പ്രതിരോധിക്കേണ്ടത് സൈദ്ധാന്തികജാഗ്രതയുള്ള അക്കാദമിക്കുകളുടെ ഉത്തരവാദിത്തമാണ്.

Q

ആധുനികാനന്തര കാലഘട്ടത്തിൽ വിജ്ഞാനവും സംസ്കാരവും കമ്പോളവത്കരിക്കപ്പെട്ടിട്ടുണ്ടല്ലോ. ജ്ഞാനോല്പാദനത്തിൽ ഒരു അദൃശ്യ ശക്തിയായി രാഷ്ട്രത്തിന്റെ സ്വാധീനം അനുഭവപെടാറുണ്ട്. ഇത് പ്രത്യേകിച്ചും വിപണന മൂല്യമുള്ള ജ്ഞാനഘടനകളുടെ ഉല്‍പ്പാദനത്തെ സ്വാധീനിക്കാറുണ്ട്. ആധുനികാനന്തര ഘട്ടത്തിലെ ജ്ഞാനോല്പാദന അന്തരീക്ഷം മൂന്നാംലോക രാഷ്ട്രങ്ങളെ എങ്ങനെ സ്വാധീനിച്ചിട്ടുണ്ട്?

A

ഫൂക്കോയും ദറീദയുമൊക്കെ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന നാടാണെങ്കിലും ആധുനികതയില്‍ നിന്നും പൂര്‍ണമായും വിഛേദിക്കപ്പെട്ട മനസ്സല്ല കേരളത്തിന്‍റെത്. ഇത് മറ്റു ചില മൂന്നാം ലോകരാജ്യങ്ങളെക്കുറിച്ചും പറയാം. അതുകൊണ്ടു തന്നെ കേരളത്തിന്‍റെയും ഇതര മൂന്നാംലോക സമൂഹങ്ങളുടെയും സന്ദര്‍ഭത്തില്‍ ആധുനികാനന്തര സംസ്കാരത്തെക്കുറിച്ചും മറ്റും സംസാരിക്കുന്നത് ആലോചിച്ചുവേണം. എന്നു മാത്രമല്ല അടിസ്ഥാനതലത്തില്‍ ആധുനികലോകബോധത്തെ പോലൂം സംശയത്തോടെ മാത്രം വീക്ഷിക്കുന്ന തീവ്ര വലതുപക്ഷത്തിന് മേധാവിത്തമുള്ള ഒരു ഇന്ത്യയിലാണ് നാം ഇന്ന് ജീവിക്കുന്നത് എന്ന കാര്യവും ഓര്‍ക്കുക. ആധുനികതയോടുള്ള വിരോധം പക്ഷെ കോര്‍പ്പറേറ്റ്-കമ്പോള ശക്തികളെ പ്രീണിപ്പിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞുനിര്‍ത്തുന്നില്ലെന്നതാണ് കൗതുകകരം. ആധുനികമായാലും ആധുനികാനന്തരമായാലും പൊതുമുതലിന്‍റെ സ്വകാര്യവത്കരണം, സംസ്കാരത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും കമ്പോളവത്കരണം, കോര്‍പ്പറേറ്റ്വത്കരണം എന്നിവ ഇന്ത്യയില്‍ ഇന്ന് നിര്‍ബാധം നടന്നു കൊണ്ടിരിക്കുന്നു. ദേശീയതയും ആഗോളവത്കരണവുമൊക്കെ കമ്പോളവത്കരണത്തിനും സ്വകാര്യവത്കരണത്തിനുമുള്ള ഉപാധികള്‍ മാത്രമാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ദില്ലിയില്‍ നടന്നു കൊണ്ടിരിക്കുന്ന കര്‍ഷകസമരത്തിന് ആധാരമായതും പാര്‍ലിമെന്‍റെ ് ഈയിടെ പാസാക്കിയതുമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കൃഷി സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെങ്കിലും ഈ മൂന്ന് നിയമങ്ങളും നിര്‍മ്മിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാനുള്ള സډനസ്സ് കാണിച്ചില്ലെന്നതാണ് പ്രധാനം. ഗ്രാമീണരും കര്‍ഷകരും സമൂഹ ഘടനയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന ഒരു രാജ്യത്തിന്‍റെ ദേശസങ്കല്പനിര്‍മ്മിതിയിലെ കോര്‍പ്പറേറ്റ് ബന്ധമാണ് ഇതിലൂടെ വെളിവാകുന്നത്. ജ്ഞാനോല്പാദനരംഗത്തിന്‍റെ കാര്യം പ്രത്യേകമെടുത്താല്‍, കോവിഡ് വാക്സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാല്‍ വ്യക്തമാവുക ദേശീയ ഭരണകൂടവും കമ്പോളശക്തികളും തമ്മിലുള്ള ചങ്ങാത്തത്തിന്‍റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കാഴ്ചകള്‍ തന്നെയാവും. ഏറ്റക്കുറച്ചിലുകളോടെ ഇത് മൂന്നാം ലോക രാജ്യങ്ങള്‍ക്കെല്ലാം ബാധകമായ കാര്യമാണ്.

Q

കൊളോണിയൽ ആധുനികത ഭാരതീയ സംവേദനക്ഷമതയെ എങ്ങനെ സ്വാധീനിചിട്ടുണ്ട്? ആന്റികോളോണിയൽ സമരങ്ങളുടെ പശ്ചാതലത്തിൽ ഇതിന്റെ രാഷ്രീയ പരിപ്രേക്ഷ്യത്തെ എങ്ങനെ വിലയിരുത്തുന്നു?

A

ഇന്ത്യന്‍ ഭാഷാസാഹിത്യങ്ങളിലെ സെന്‍സിബിലിറ്റി മാറ്റങ്ങളെക്കുറിച്ചാണ് ചോദ്യമെങ്കില്‍, ആധുനിക കാലഘട്ടത്തിലെ, അതായത് പത്തൊമ്പതാം നൂറ്റാണ്ടിലും അതിനുശേഷവുമുള്ള, ഇന്ത്യന്‍ സാഹിത്യഭാവുകത്വത്തെ കൊളോണിയല്‍ സമ്പ്രദായങ്ങള്‍ സാരമായി സ്വാധീനിച്ചിട്ടുണ്ട് എന്നത് ഒരു അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇതിന്‍റെ ദൈര്‍ഘ്യവും വ്യാപ്തിയും എത്രത്തോളമുണ്ട് എന്നതിനെ സംബന്ധിച്ച് മാത്രമേ അഭിപ്രായവ്യത്യാസമൂണ്ടാവാനിടയുള്ളൂ. സാഹിത്യത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ എല്ലാ കാലത്തും നടക്കുന്നതാണെങ്കിലും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ നടന്ന സാംസ്കാരിക വിനിമയത്തിന് ഒരു സവിശേഷമായ ചരിത്രപശ്ചാത്തലം കൂടിയുണ്ടല്ലോ. ഇംഗ്ലീഷുകാര്‍ ഇന്ത്യ ഭരിച്ചതുകൊണ്ടാണ് ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഇന്ത്യയില്‍ വ്യാപകമായി പ്രചരിച്ചതെന്നും ഫ്രഞ്ചുകാരുടെ അധിനിവേശമാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ നാം ഫ്രഞ്ച് ഭാഷയുടെയും സാഹിത്യത്തിന്‍റെയും ആരാധകരായി അറിയപ്പെട്ടേനെ എന്നും ഏഷ്യ എന്‍റ ് വെസ്റ്റേണ്‍ ഡോമിനന്‍സ് എന്ന പുസ്തകത്തിന്‍റെ കര്‍ത്താവ് കൂടിയായ സര്‍ദാര്‍ കെ എം പണിക്കര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. കൊളോണിയലിസം ഒരു ചരിത്രപരമായ യാഥാര്‍ത്ഥ്യമാണ്. അതിനെ ചരിത്രപരമായിതന്നെ വിലയിരുത്തണം. പോസ്റ്റ്-കൊളോണിയല്‍ പഠനങ്ങളിലും അതിനു പുറത്തും ഇതിനെക്കുറിച്ച് ധാരാളം ആലോചനകള്‍ നടന്നിട്ടുണ്ട്. പോസ്റ്റ്-കൊളോണിയല്‍ പഠനങ്ങളുടെ വരവിനു മുമ്പ് തന്നെ താരതമ്യസാഹിത്യപഠനങ്ങളുടെ ഭാഗമായി ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകണ്ടിട്ടുണ്ട്. കൊളോണിയല്‍ ബന്ധങ്ങള്‍ പക്ഷെ സംസ്കാരത്തിന്‍റെ രംഗത്ത് മാത്രം ഒതുങ്ങുന്നതല്ല. മുതലാളിത്ത സാമ്പത്തിക ക്രമത്തിന്‍റെ ഒരു സവിശേഷരൂപമെന്ന നിലയ്ക്ക് കൊളോണിയലിസം ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വശം പലപ്പോഴും വ്യവസ്ഥാപിതമായ അധിനിവേശാനന്തര പഠനങ്ങള്‍ പരിഗണിക്കുന്നില്ല എന്നതാണ് പോസ്റ്റ് കൊളോണിയല്‍ പഠനങ്ങളുടെ ഒരു പോരായ്മ. സാമ്പത്തികേതരരംഗത്ത് തന്നെ കൊളോണിയലിസം മൂന്നാംലോക സംസ്കാരങ്ങള്‍ക്കുമേല്‍ ചെലുത്തിയ സ്വാധീനതയെക്കുറിച്ച് അതിന്‍റെ എല്ലാ സങ്കീര്‍ണതകളും പരിഗണിച്ചു കൊണ്ടുള്ള പഠനങ്ങള്‍ വളരെ കുറച്ചു മാത്രമേ നടന്നിട്ടുള്ളൂ. അധിനിവേശക-അധിനിവേശിത ബന്ധത്തിന് വളരെ സങ്കീര്‍ണമായ ധാരാളം തലങ്ങളുണ്ടെന്നതാണ് സത്യം. ഇതില്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടി വരും. കൊളോണിയലിസത്തിന്‍റെ ഭാഗമായി കൊളോണിയല്‍ രാജ്യങ്ങളില്‍ വികസിച്ചു വന്ന പുതിയ ഭൗതിക കാലാവസ്ഥയുണ്ട്. വൈദ്യുതി, ടെലഗ്രാഫ്, പുതിയ റോഡുകള്‍, റെയില്‍ പാതകള്‍, തീവണ്ടി എന്‍ജിന്‍ അങ്ങനെ പലതും. തീര്‍ച്ചയായും ആധുനികതയുടെ ഭൗതികകാലാവസ്ഥ എന്നു പറയുമ്പോള്‍ നാം അത്തരം പരിഷ്കാരങ്ങളെയാണ് മനസ്സില്‍ കാണുന്നത്. ഇത് ആധുനികപരിഷ്കാരത്തിന്‍റെ ഭാഗമാണെങ്കിലും ഇതിനെ അധിനിവേശകന്‍റെ പരോപകാരകാംക്ഷയുടെ ദൃഷ്ടാന്തമായി കാണാന്‍ പറ്റില്ല. കോളനിഭരണം സുഗമമാക്കാനും കോളനിരാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാനുമുള്ള സൗകര്യങ്ങള്‍ വര്ദ്ധിപ്പിക്കുക എന്ന അധിനിവേശകന്‍റെ സ്വാര്‍ത്ഥതാല്പര്യവും ഈ പരിഷ്കാരങ്ങള്‍ക്കു പിന്നിലുണ്ടെന്നു കാണാന്‍ വിഷമമില്ല. ഇതു തന്നെയാണ് ജീവിതശൈലിയുടെയും വിചാരക്രമത്തിന്‍റെയും രംഗത്ത് വന്നുചേര്‍ന്ന പരിഷ്കാരത്തിന്‍റെ കഥയും. തീര്‍ച്ചയായും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ വികസിച്ചുവന്ന സാമൂഹികപരിഷ്കരണ സംരംഭങ്ങളുടെ ആവിര്‍ഭാവത്തിന് അധിനിവേശകന്‍റെ പരിഷ്കരണ ശ്രമങ്ങള്‍ തുണയായിട്ടുണ്ട്. എങ്കിലും പരിഷ്കരണം എത്രത്തോളമാവാമെന്നതിനെക്കുറിച്ച് അധിനിവേശകന് വ്യക്തമായ ചില കാഴ്ചപ്പാടുകളുണ്ടായിരുന്നു. കൊളോണിയലിസം തുടങ്ങി വെച്ച വിദ്യാഭ്യാസ പരിഷ്കരണ സംരംഭങ്ങള്‍ നോക്കുക. ഇന്ത്യയിലെ ജാതിബദ്ധവും സംസ്കൃതനിഷ്ഠവും പരമ്പരാഗതശെലിയിലുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരം ഇംഗ്ലീഷ് അധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കി എന്നതാണല്ലോ പരിഷ്കരണത്തിന്‍റെ കാതല്‍. ഇത് തീര്‍ച്ചയായും വലിയ മാറ്റമാണ് സമൂഹത്തിലുണ്ടാക്കിയത്. എങ്കിലും ചുഴിഞ്ഞാലോചിക്കുമ്പോള്‍ വ്യക്തമാവുന്ന ഒരു കാര്യം വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമായി സാധാരണ ഗണിക്കാറുള്ള മാനസികമായ അടിമത്തത്തില്‍ നിന്നുള്ള മോചനം, സ്വത്വബോധമുണര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളൊന്നുമായിരുന്നില്ല ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ സമൂഹത്തില്‍ നടപ്പില്‍ വരുത്താന്‍ ഇംഗ്ലീഷുകാര്‍ ഉന്നമിട്ടത് എന്നതാണ്. വളരെ പരിമിതമായിരുന്നു അധിനിവേശകന്‍റെ ലക്ഷ്യം. സമൂഹത്തിന്‍റെ പരമ്പരാഗത ഘടനയെ അലോസരപ്പെടുത്താതെ ഭരണ നടത്തിപ്പ് സുഗമമാവും വിധം പെരുമാറുന്ന അച്ചടക്കമുള്ള ഒരു പൗരസമൂഹത്തെ സൃഷ്ടിക്കുക, കോളനിഭരണം ആയാസരഹിതമായി തുടര്‍ന്നു കൊണ്ടു പോകാന്‍ സഹായിക്കുന്ന, ദാസ്യമനോഭാവം കളഞ്ഞിട്ടില്ലാത്ത -- അതിനുതകും വിധം മാത്രമുള്ള വിദ്യാഭ്യാസം സമ്പാദിച്ച -- ഒരു ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിക്കുക എന്നിവയ്ക്കപ്പുറമുള്ള എന്തെങ്കിലും ഉത്തുംഗ ലക്ഷ്യം കൊളോണിയല്‍ ആധുനികതയുടെ പരിഷ്കരണസംരംഭങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അതേസമയം പരിഷ്കരണങ്ങളുടെ ഭാഗമായി വന്ന സാമൂഹ്യപരിണാമങ്ങള്‍ കൊളോണിയലിസത്തിനെതിരായ പ്രതിരോധശ്രമങ്ങള്‍ക്ക് ഏറെ സഹായകമായി വര്‍ത്തിച്ചിട്ടുണ്ട് എന്നതും സത്യമാണ്, പരിഷ്കരണങ്ങളുടെ പ്രത്യക്ഷഫലമല്ല ഈ പ്രതിരോധമെങ്കിലും. ഇത്തരം സങ്കീര്‍ണതകള്‍ കൊളോണിയലിസത്തോടുള്ള ഭാവുകത്വപരമായ പ്രതികരണത്തിലും കാണാം. ഭാവനയുടെയും സാഹിത്യാനുഭവത്തിന്‍റെയും തലത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുക എന്നത് അധിനിവേശകന്‍റെ പ്രത്യക്ഷ ലക്ഷ്യമായിരുന്നില്ല. സാംസ്കാരികരംഗത്ത് ഉണ്ടാക്കിയെടുക്കുന്ന അധീശത്വം രാഷ്ട്രീയാധികാരത്തിനുള്ള അടിത്തറയാവും എന്ന് കാണാനുള്ള സൂക്ഷ്മ സൈദ്ധാന്തിക ദര്‍ശനമൊന്നും അന്നത്തെ അധിനിവേശകന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല. സാഹിത്യമൂല്യം തീരെ 'കുറഞ്ഞ' തികച്ചും ധര്‍മ്മോദ്ബോധകമായ രചനകള്‍ മാത്രമേ അധിനിവേശകന്‍ മനസ്സറിഞ്ഞു ഇവിടെ പ്രോത്സാഹിപ്പിച്ചുള്ളൂ. യുക്തിചിന്തയെ പോഷിപ്പിക്കുന്ന രചനകളാണ് ഇന്ത്യക്കാര്‍ക്ക് ആവശ്യം എന്നായിരുന്നു സായിപ്പിന്‍റെ നിലപാട്. അധിനിവേകകര്‍ അച്ചടി പ്രോത്സാഹിപ്പിച്ചത് അച്ചടക്കമില്ലാത്തതെന്ന് അവര്‍ വിലയിരുത്തിയ ഇന്ത്യന്‍ ഭാഷകള്‍ക്ക് മാനകസ്വഭാവം കൊടുക്കാനും അവയില്‍ സډാര്‍ഗകൃതികള്‍ അച്ചടിച്ച് പ്രചരിപ്പിക്കാനും വേണ്ടിയായിരുന്നു. ഇത് തീര്‍ച്ചയായും നടന്നു. പക്ഷെ ഇതിനോടൊപ്പം മറ്റു പല കാര്യങ്ങളും നടന്നു. അച്ചടി വലിയ ശക്തിയായി വളര്‍ന്നതോടെയാണ് വിദ്യാഭ്യാസത്തിന്‍റെ അടിത്തറ വിപുലമായത്. മാനകസാഹിത്യത്തോടൊപ്പം അമാനകസാഹിത്യത്തെയും അച്ചടി പ്രചരിപ്പിച്ചു. അച്ചടക്കത്തോടൊപ്പം സാംസ്കാരികമായ 'അച്ചടക്കമില്ലായ്മ'യെയും അച്ചടി കൊണ്ടുവന്നു. പല തരത്തിലുള്ള സാഹിത്യജനുസ്സുകള്‍, പരിഭാഷകള്‍, വാമൊഴിയായി ചെറിയ ജനവിഭാഗങ്ങള്‍ക്കിടയ്ക്ക് മാത്രം പ്രചരിച്ചിരുന്ന പലതരം പേച്ചുകളുടെയും വിജ്ഞാനങ്ങളുടെയും വ്യാപനം, വായനയുടെ ജനായത്തവത്കരണം ഇവയൊക്കെ അച്ചടിയിലൂടെ കടന്നുവന്നതാണ്. പ്രതിരോധത്തിന്‍റെ മുനയൊടിക്കാന്‍ കൊണ്ടു വന്ന പരിഷ്കാരം പ്രതിരോധസംസ്കാരത്തിന് ആക്കം കൂട്ടുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ അധിനിവേശിത സമൂഹത്തിന്‍റെ തന്നെ സര്‍ഗാത്മകതയുടെ വിപുലനമാണ് ഈ പ്രതിരോധം. പല തരത്തിലുള്ള തദ്ദേശീയ സാമൂഹിക മുന്നേറ്റങ്ങളും വ്യവഹാരങ്ങളുമാണ് ഈ പ്രതിരോധത്തിന് പ്രചോദനമായത്. വാസ്തവത്തില്‍ തദ്ദേശീയ സംസ്കാരത്തിലെ സര്‍ഗാത്മക ഊര്‍ജവും ഭാവനാത്മക ആഖ്യാനങ്ങളും വാങ്മയങ്ങളുമെല്ലാം ഈ പ്രതിരോധപാരമ്പര്യത്തെ ബലപ്പെടുത്തിയുട്ടുണ്ട് എന്നു കാണാം. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യദശകത്തിലെയും ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകത്തിലെയും പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളിയായിരുന്ന സി.വി. രാമന്‍പിള്ള രചിച്ച നോവലുകളാണ്. ഇത്തരം നോവലുകള്‍ മറ്റു ഇന്ത്യന്‍ ഭാഷകളിലും ഇക്കാലത്ത് രചിക്കപ്പെടുന്നുണ്ട്. ശ്രദ്ധിക്കാനുള്ളത് ഈ നോവലുകള്‍ പാശ്ചാത്യനോവല്‍ പാരമ്പര്യത്തിന്‍റെയും ഭാരതീയമായ ആഖ്യാനപാരമ്പര്യങ്ങളുടെയും പിന്‍ഗാമിയാണെന്നതാണ്. പേരിനു മാത്രമേ അവ പാശ്ചാത്യനോവലുകളുടെ ക്ലോണുകളാവുന്നുള്ളൂ.

Q

ആധുനികതയെക്കുറിച്ചു പറഞ്ഞതുകൊണ്ടുതന്നെ ചോദിക്കട്ടെ, മലയാള സാഹിത്യ ചരിത്രത്തിൽ ഉത്ഭവിച്ചിയുള്ള ഏകാന്തര ആധുനികതകളെക്കുറിച്ച് പറയാമോ?

A

ഏകാന്തര ആധുനികത എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണെന്നു എനിക്കു മനസ്സിലായില്ല. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍ക്ക് ശേഷം മലയാള സാഹിത്യത്തിലും ഏകദേശം ഇതേ കാലഘട്ടത്തില്‍ മറ്റു ഇന്ത്യന്‍ ഭാഷാസാഹിത്യങ്ങളിലും ഉയര്‍ന്നുവന്ന നൂതന സാഹിത്യപ്രവണതകളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ഞാനിതിനെ ആധുനികതാവാദം (modernism) എന്നാണ് വിളിക്കുക. ആധുനികത (modernity) എന്ന സാമൂഹ്യശാസ്ത്ര സങ്കല്പനത്തില്‍ നിന്ന് അറുപതുകളിലെയും എഴുപതുകളിലെയും സാഹിത്യത്തെ വേര്‍തിരിച്ചുകാണിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. എണ്‍പതുകള്‍ വരെ ഈ വ്യവഛേദം മലയാളിയുടെ മനസ്സില്‍ വന്നിരുന്നേ ഇല്ല. ആധുനികതാവാദത്തിലെ താരതമ്യേന അസാമൂഹികമായ ലാവണ്യവാദത്തിന്‍റെ അതിപ്രസരമാവണം ഈയൊരു ആന്ധ്യത്തിനു കാരണം. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും നടന്ന ചില സാഹിത്യസമ്മേളനങ്ങളില്‍ ഈ വ്യവഛേദം ആദ്യമായി നിര്‍ദ്ദേശിച്ചപ്പോള്‍ സ്വീകരിക്കാന്‍ ചിലരെങ്കിലും മടിച്ചിരുന്നുവെങ്കിലും ഇന്ന് ഇത് നമ്മുടെ സാഹിത്യവിജ്ഞാനത്തിന്‍റെ ഭാഗമായി മാറിയിട്ടുണ്ട്. ആധുനികതയുടെ പിന്നാമ്പുറം എന്ന കൃതിയില്‍ ആധുനികതകളെക്കുറിച്ചും ബദല്‍ ആധുനികതകളെക്കുറിച്ചും വിസ്തരിച്ച് എഴുതിയിട്ടുള്ളതിനാല്‍ ഞാന്‍ കൂടുതല്‍ പറയുന്നില്ല. രണ്ടു മൂന്ന് കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കാം. ഒന്ന്, ആധുനികതാവാദത്തെ കാല്പനികതയ്ക്ക് എതിര് നിര്‍ത്തിക്കൊണ്ട് വിശദീകരിക്കുന്ന പാശ്ചാത്യസമീപനം മലയാളസാഹിത്യത്തിന്‍റെ സന്ദര്‍ഭത്തില്‍ എത്രമാത്രം യുക്തിസഹമാണെന്ന് നാം പരിശോധിക്കണം. രണ്ട്, കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും സന്ദര്‍ഭത്തില്‍ ആധുനികതാവാദ പ്രവണതകള്‍ ഉയര്‍ന്നുവന്നതിന്‍റെ ഭൗതികസാഹചര്യം നാം ഇനിയും പരിശോധിക്കേണ്ടിയിരിക്കുന്നു. മൂന്ന്, ചെറുകഥ-നോവല്‍ വിഭാഗങ്ങളുടെ കാര്യത്തിലെങ്കിലും ഈ ഗണങ്ങളില്‍ പെടുന്ന മലയാളത്തിലെ ഏറ്റവും പ്രാമാണികമായ ചില രചനകള്‍ എഴുതപ്പെട്ടത് ഈ കാലഘട്ടത്തിലാണ് എന്ന വസ്തുത നാം മറന്നുപോകരുത്.

വിജയന് സര്‍ഗാത്മക അപചയം സംഭവിച്ചെന്നൊന്നും ഞാന്‍ പറയില്ല. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും പ്രതിഭാശാലികളായ എഴുത്തുകാരുടെ മുന്നണിയില്‍ തന്നെ യാണ് എല്ലാ കാലത്തെയും വിജയന്‍റെ സ്ഥാനം. മറ്റൊരു കാര്യമാണ് ഞാന്‍ പറയുക. അത് വിജയന്‍റെ ദര്‍ശനത്തെക്കുറിച്ചാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ തീര്‍ച്ചകളെ അല്പം സന്ദേഹത്തോടെ മാത്രം നോക്കിക്കാണുന്ന എഴുത്തുകാരനായാണ് ഖസാക്കിന്‍റെ ഇതിഹാസത്തിലും ധര്‍മ്മപുരാണത്തിലും ആദ്യകാലത്തെഴുതിയ ചെറുകഥകളിലും വിജയന്‍ പ്രത്യക്ഷപ്പെടുന്നത്.
Q

ആധുനികാനന്തര ചിത്രരചനാ ശാസ്ത്രതിന്റെ പശ്ചാത്തലത്തിൽ ചരിത്ര രചനകളും സാഹിത്യരചനകളും ആഖ്യാനങ്ങൾ മാത്രമാണല്ലോ. ആഖ്യാനങ്ങൾ എന്ന നിലയിൽ ചരിത്രരചനകൾ ആത്മനിഷ്ഠവും പ്രത്യയശാസ്ത്രോന്മുഖവും ആയി മാറുന്നു. ചരിത്ര പഠനവും സാഹിത്യ പഠനവും സമന്വയിപ്പിക്കുനത്തിലെ സാംഗത്യം എന്താണ്?

A

ചരിത്രരചനയെയും സാഹിത്യരചനയെയും സമന്വയിപ്പിക്കുന്നതിനപ്പുറം ഇതൊരു കാഴ്ചപ്പാടിന്‍റെ പ്രശ്നമാണെന്നാണ് തോന്നുന്നത്. ചരിത്രം, ഭാവന എന്നിവയെ വെള്ളം കടക്കാത്ത അറകളില്‍ തളച്ചിടുന്ന ഒരു സമീപനം പഴയകാല ചരിത-സാഹിത്യ ചിന്തകള്‍ക്കു പിന്നിലുണ്ട്. ഭാവനാത്മകമായ പലതും ചരിത്രരചനയില്‍ വരുന്നതും സാഹിത്യഭാവനയില്‍ ചരിത്രത്തിന്‍റെ അംശങ്ങള്‍ കലരുന്നതും അസാധാരണമല്ലെങ്കിലും ഭാവന, ചരിത്രം എന്നിവയെ രണ്ടു ധ്രുവങ്ങളില്‍ പ്രതിഷ്ഠിക്കുന്നതാണ് പരമ്പരാഗത ചരിത്രരചനാശാസ്ത്രത്തിന്‍റെയും പഴയ സാഹിത്യചിന്തയുടെയും രീതി. യാഥാര്‍ത്ഥ്യത്തെയും ഭാഷയെയും പ്രതിനിധാനത്തെയും സംബന്ധിച്ച ഒരു സവിശേഷ കാഴ്ചപ്പാട് ഇങ്ങനെ വിചാരിക്കുന്നതിനു പിന്നിലുണ്ട്. യാഥാര്‍ത്ഥ്യം ഏകശിലാരൂപിയാണെന്നും ഈ യാഥാര്‍ത്ഥ്യത്തെ സുതാര്യമായി പ്രതിഫലിപ്പിക്കുകയാണ് ഭാഷയുടെ ധര്‍മ്മമെന്നും ഈ ധര്‍മ്മത്തിന്‍റെ യഥാക്രമം വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ആവിഷ്കാരമാണ് ചരിത്രകാരനും സാഹിത്യകാരനും വ്യത്യസ്ത വഴികളിലൂടെ നിറവേറ്റുന്നതെന്നുമാണ് പരമ്പരാഗതചിന്ത പറയുക. ഇത് ഒരുവിധത്തില്‍ പറഞ്ഞാല്‍ ആധുനികതയുടെ കൂടി കാഴ്ചപ്പാടാണ്. 'സത്യം പലത്' എന്ന് ഒ.വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസത്തിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ആധുനികതാവാദത്തിലെ ഒരു വിള്ളലാണ് ഇത് എന്ന് തെളിയിക്കുന്നതാണ് നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷയില്‍ വിജയന്‍ ഇത് മാറ്റിപ്പറഞ്ഞത്. വലിയ യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് പില്ക്കാല കൃതികളില്‍ വിജയന്‍ സംസാരിച്ചത്. ഇന്ന് പക്ഷെ ഈ കാഴ്ചപ്പാടിന് മാറ്റം വന്നിരിക്കുന്നു. യാഥാര്‍ത്ഥ്യം പലതാണ് എന്ന് ഇന്ന് നാം അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു. ഇങ്ങനെ പറയുന്നത് യാഥാര്‍ത്ഥ്യനിഷേധമല്ല. യാഥാര്‍ത്ഥ്യത്തെ പല രീതിയിലാണ് നാം കാണുന്നത് എന്നു മാത്രമേ ആ പറഞ്ഞതിന് അര്‍ത്ഥമുള്ളൂ. എന്നു മാത്രമല്ല യാഥാര്‍ത്ഥ്യനിര്‍മ്മിതി പൂര്‍ണമായും വസ്തുനിഷ്ഠതയുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല എന്നും ഇന്ന് നമുക്കറിയാം. ഭാഷയും പലതരം ആത്മനിഷ്ഠ ഘടകങ്ങളും യാഥാര്‍ത്ഥ്യനിര്‍മ്മിതിയില്‍ പങ്കാളിയാവുന്നുണ്ട്. ഇങ്ങനെയൊക്കെ വരുമ്പോഴാണ് ചരിത്രത്തെയും സാഹിത്യത്തെക്കുറിച്ചുമുള്ള പരമ്പരാഗത കാഴ്ചപ്പാട് നമുക്ക് പരിഷ്കരിക്കേണ്ടി വരുന്നത്. ഈ പരിഷ്കരണത്തിന്‍റെ പ്രതിഫലനമാണ് ചരിത്രരചനയെയും സാഹിത്യരചനയെയും ആഖ്യാനങ്ങളായി കാണുന്ന സമകാല സമീപനത്തില്‍ ഉള്ളത്.

Q

ഒ.വി. വിജയനെ കുറിച്ച് അങ്ങ് ഒരു മോണോഗ്രാഫ് പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. തന്റെ രചനാസാങ്കേതങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചതിനാൽ അവ യാന്ത്രികവത്കരിക്കപ്പെടുകയും അവയുടെ അപരിചിതത്വവത്കരക്ഷമത നഷ്ടപ്പെടുകയും ചെയ്തെന്ന വാദം നിലനില്ക്കുർണ്ട്. ഒ.വി. വിജയൻ തന്റെ അവസാനകാല രചനകളിൽ ആദ്യകാല രചനകളുടെ ശൈലി അനുകരിചില്ലേ? അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ സർഗാത്മക ജീവിതത്തിൽ ശൈലി അപചയം സംഭവിച്ചതായി വിലയിരുത്താമോ?

A

വിജയന് സര്‍ഗാത്മക അപചയം സംഭവിച്ചെന്നൊന്നും ഞാന്‍ പറയില്ല. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും പ്രതിഭാശാലികളായ എഴുത്തുകാരുടെ മുന്നണിയില്‍ തന്നെ യാണ് എല്ലാ കാലത്തെയും വിജയന്‍റെ സ്ഥാനം. മറ്റൊരു കാര്യമാണ് ഞാന്‍ പറയുക. അത് വിജയന്‍റെ ദര്‍ശനത്തെക്കുറിച്ചാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ തീര്‍ച്ചകളെ അല്പം സന്ദേഹത്തോടെ മാത്രം നോക്കിക്കാണുന്ന എഴുത്തുകാരനായാണ് ഖസാക്കിന്‍റെ ഇതിഹാസത്തിലും ധര്‍മ്മപുരാണത്തിലും ആദ്യകാലത്തെഴുതിയ ചെറുകഥകളിലും വിജയന്‍ പ്രത്യക്ഷപ്പെടുന്നത്. ദാര്‍ശനികമായ തീര്‍ച്ചയില്ലായ്മയാണ് ഇക്കാലത്തെ വിജയനെ വലിയ എഴുത്തുകാരനാക്കുന്നത്. ഈ തീര്‍ച്ചയില്ലായ്മ സാഹിത്യവിഷയത്തെ മാത്രം സ്പര്‍ശിക്കുന്ന കാര്യമല്ല. ഖസാക്കിന്‍റെ ഇതിഹാസത്തിന്‍റെ ശില്പസൗന്ദര്യം വരുന്നത് അതിന്‍റെ കര്‍ത്താവിന്‍റെ ദാര്‍ശനികസന്ദേഹത്തില്‍ നിന്നു കൂടിയാണ്. വിജയന്‍റെ കൃതികളുടെ ശില്പസമഗ്രതയെ മൊത്തം ബാധിക്കുന്ന കാര്യമാണത്. സത്യം പലത് എന്ന് വിചാരിക്കുന്ന ഈ വിജയന്‍ പക്ഷെ പില്‍ക്കാല കൃതികളില്‍ വരുന്നതേയില്ല. സത്യം പലത് എന്ന പ്രസ്താവത്തിന് സ്വന്തം ഇംഗ്ലീഷ് വിവര്‍ത്തനത്തില്‍ വിജയന്‍ കൊടുക്കുന്ന പരിഭാഷ Many truths make one big truth (പല സത്യങ്ങള്‍ ചേരുമ്പോള്‍ ഒരു വലിയ സത്യം ജനിക്കുന്നു) എന്നാണ്. ഈ പ്രസ്താവത്തിനു പിന്നിലെ തീര്‍ച്ചയും സന്ദേഹമില്ലായ്മയുമാണ് ഗുരുസാഗരത്തിനും അതിനുശേഷവുമുള്ള വിജയന്‍റെ കൃതികളിലെ ആശയപ്രപഞ്ചത്തെയും ശില്പഘടനയെയും നിര്‍ണയിച്ചത് എന്നാണ് ഞാന്‍ പറയുക. ഒ.വി. വിജയനെക്കുറിച്ചുള്ള മോണോഗ്രാഫില്‍ ഇക്കാര്യങ്ങള്‍ വിസ്തരിച്ചിട്ടുള്ളതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല.

Q

അങ്ങ് കമല ദാസിനെക്കുറിച് ഒരു മോണോഗ്രാഫ് രചിച്ചിട്ടുണ്ടല്ലോ. കമല ദാസിന്റെ 'എന്റെ കഥ'യുടെ വായനക്കാർ അത് ആത്മകഥയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ആ രചനയിൽ ഒരു ഉത്തമ കഥാസാഹിത്യത്തിന്റെ എല്ലാ സങ്കേതങ്ങളും സമന്വയിച്ചിട്ടുണ്ട്. എന്റെ കഥയെ ഒരു നോവൽ ആയി പരിഗണിക്കുന്നതിൽ തെറ്റുണ്ടോ?

A

പ്രസാധകന്‍റെ കാറ്റലോഗിലെ വര്‍ഗീകരണം പ്രധാനമല്ലെന്നു നിശ്ചയിക്കുകയാണെങ്കില്‍ എന്‍റെ കഥയെ നോവലായി പരിഗണിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ല. ചരിത്രരചനയും സാഹിത്യരചനയും തമ്മിലുള്ള ഗണപരമായ തുടര്‍ച്ചകളെക്കുറിച്ച് നേരത്തെ പറഞ്ഞത് കഥ, ജീവചരിത്രം അല്ലെങ്കില്‍ ആത്മകഥ എന്നിവ തമ്മിലുള്ള ബന്ധത്തെ വിവരിക്കാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതേസമയം എന്‍റെ കഥ ആത്മകഥയല്ലെന്ന് നാം ഉറപ്പിച്ചു പറയുമ്പോള്‍ ആത്മകഥയെക്കുറിച്ചുള്ള നമ്മുടെ മുന്‍ധാരണ കൂടി വ്യക്തമാക്കുകയാണ് ചെയ്യുന്നത് എന്നു കൂടി ഓര്‍മ്മിക്കുക. യാഥാര്ത്ഥ്യനിഷ്ഠവും വ്യക്തിയുടെ ഭൂതകാലജീവിതത്തിന്‍റെ നേര്‍ചിത്രവുമാണ് ആത്മകഥ എന്നതാണ് ഈ മുന്‍ധാരണ. വ്യക്തിയുടെ മനസ്സിലേക്കിറങ്ങിച്ചെല്ലാനുള്ള കുറുക്കുവഴിയാണ് ആത്മകഥയെന്നതാണ് പൊതുവിശ്വാസമെങ്കിലും കടമ്മനിട്ടയുടെ 'ആത്മകഥ' എന്ന കവിതയില്‍ പറയുന്നതുപോലെ ആത്മകഥയ്ക്കു ശേഷവും വ്യക്തിമനസ്സ് ഒരു പ്രഹേളികയായി തുടരും. മനസ്സിനെക്കുറിച്ചും ആത്മവത്തയെക്കുറിച്ചും കര്‍തൃത്വത്തെക്കുറിച്ചും ഉള്ള സമകാല സൈദ്ധാന്തിക വ്യവഹാരങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്ന ഒരു കാര്യം ആത്മാഖ്യാനം എല്ലായ്പോഴും യാഥാര്‍ത്ഥ്യനിഷ്ഠമാവണമെന്നില്ല എന്നാണ്. ഓര്‍മ്മകളിലൂടെ ഭൂതകാലത്തെ പുനരാനയിക്കുന്ന ആത്മാഖ്യാനങ്ങളില്‍ ഓര്‍മ്മ നമ്മെ പലപ്പോഴും കബളിപ്പിക്കുകയോ വഴി തെറ്റിക്കുകയോ ചെയ്തു എന്നു വന്നേക്കാം. മറവിയും ഓര്‍മ്മയും കൈകോര്‍ക്കുന്ന ഒരു സവിശേഷ മണ്ഡലത്തിലാണ് ആത്മകഥയിലെ ഭൂതകാലം പുനര്‍ജനിക്കുന്നത് എന്നതുകൊണ്ടാണിത്. സ്റ്റ്രേഞ്ച് പില്‍ഗ്രിംസ് എന്ന കഥാസമാഹാരത്തിന്‍റെ ആമുഖത്തില്‍ ഓര്‍മ്മയുമായി ബന്ധപ്പെട്ട തന്‍റെ ഒരനുഭവത്തെക്കുറിച്ച് മാര്‍ക്വേസ് എഴുതുന്നുണ്ട്. യൂറോപ്പിലെ നഗരങ്ങളിലുള്ള താമസത്തെക്കുറിച്ച് യൗവനകാലത്തെഴുതിയ കുറിപ്പുകളില്‍ നിന്നും ജീവിതാന്ത്യകാലത്ത് വികസിപ്പിച്ചെടുത്തതാണ് ഈ സമാഹാരത്തിലെ പന്ത്രണ്ട് കഥകളും. കഥകളെഴുതുന്നതിനുമുമ്പ് ഒരു പ്രാവശ്യം കൂടി നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പില്‍ക്കാല മാര്‍ക്വേസിനെ അദ്ഭുതപ്പെടുത്തിയത് കാലം തന്‍റെ ഓര്‍മ്മകളെ എത്രമാത്രം വക്രീകരിച്ചിരിക്കുന്നു എന്നതാണ്. ഓര്‍മ്മയുടെ ഈ വിശ്വാസലംഘനത്തെ ഒരു കലയാക്കി മാറ്റുകയാണ് എന്‍റെ കഥയില്‍ മാധവിക്കുട്ടി. പരമ്പരാഗത അര്‍ത്ഥത്തിലുള്ള ആത്മകഥയല്ല അത്. ഓര്‍മ്മയുടെ കബളിപ്പിക്കല്‍ ധാരാളമുണ്ടെങ്കിലും ബാല്യകാലസ്മരണകള്‍, നീര്‍മാതളം പൂത്ത കാലം തുടങ്ങിയ ആഖ്യാനങ്ങളാവും എന്‍റെ കഥയേക്കാള്‍ ഭൂതകാല യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നത്.

Q

അങ്ങ് സാംസ്കാരികമായി സങ്കീര്‍ണ്ണമായ കടമ്മനിട്ട കവിതകളും അയ്യപ്പ പണിക്കർ കവിതകളും വിവർത്തനം ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ ബിംബ സവിശേഷമായ ആറ്റൂർ കവിതകളും വിനയചന്ദ്രൻ കവിതകളും വിവർത്തനം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ വിവർത്തന അനുഭവങൾ വിവരിക്കാമോ?

A

ഞാനൊരു പ്രൊഫഷനല്‍ വിവര്‍ത്തകനോ മുഴുസമയ വിവര്‍ത്തകനോ അല്ല. ഒരു 'ഒക്കേഷനല്‍' വിവര്‍ത്തകനാണെന്നു വേണമെങ്കില്‍ പറയാം. വിവര്‍ത്തനം എന്‍റെ ഒരു നേരമ്പോക്കാണ്. എന്‍റെ മാനസികോല്ലാസത്തിനായി മാത്രം ചെയ്യുന്നത്. കൂട്ടത്തില്‍ കൃതികളുടെ ഉള്ളിലേക്ക് കടന്നുചെല്ലാനുള്ള ഒരു അഭ്യാസമായും ചിലപ്പോള്‍ അത് മാറും. അതു കൊണ്ടുതന്നെ എനിക്കു പൂര്‍ണമായ തൃപ്തിയുള്ള എഴുത്തുകാരെ മാത്രമെ ഞാന്‍ വിവര്‍ത്തനം ചെയ്യാന്‍ എടുക്കാറുള്ളൂ. കേരളത്തിനു പുറത്തുള്ള പല പ്രസാധകരും ഞാനൊരു പ്രൊഫഷനല്‍ വിവര്‍ത്തകനാണെന്ന ധാരണയില്‍ ഇന്നയിന്ന പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യാമോ എന്നു ചോദിക്കാറുണ്ട്. ഒന്നും എനിക്ക് ഏറ്റെടുക്കാന്‍ പറ്റാറില്ല. എനിക്ക് സൗഹൃദമോ നല്ല പരിചയമോ മാനസികമായ അടുപ്പമോ ഉള്ള എഴുത്തുകാരുടെ രചനകള്‍ മാത്രമേ ഞാന്‍ വിവര്‍ത്തനം ചെയ്യാറുമുള്ളൂ. വിവര്‍ത്തനം ഒരു വ്യാഖ്യാനമാണെന്നും വിവര്‍ത്തകന് നല്ല പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രമായ വ്യാഖ്യാനം സാദ്ധ്യമാവൂ എന്നും അഭിപ്രായമുള്ളതു കൊണ്ടാണ് ഇത്. അയ്യപ്പപ്പണിക്കര്‍, ആര്‍. രാമചന്ദ്രന്‍, കടമ്മനിട്ട, ആറ്റൂര്‍ രവിവര്‍മ്മ, സൂഗതകുമാരി, ഡി. വിനയചന്ദ്രന്‍, സച്ചിദാനന്ദന്‍, കെ.ജി. ശങ്കരപ്പിളള, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സാവിത്രി രാജീവന്‍, എം.ടി., എം. മുകുന്ദന്‍, സാറാ ജോസഫ്, എന്‍.എസ്. മാധവന്‍ എന്നീ മുതിര്‍ന്ന എഴുത്തുകാരില്‍ നിന്നു തുടങ്ങി പിന്നീടുള്ള തലമുറകളില്‍ പെട്ട എസ്. ജോസഫ്, വീരാന്‍കുട്ടി, അനിതാ തമ്പി, പി. രാമന്‍ എന്നിവര്‍ വരെയുള്ളവരുടെ കൃതികള്‍ ഞാന്‍ വിവര്‍ത്തനം ചെയ്തത് ഈ അഭിപ്രായം ഏറ്റക്കുറച്ചിലുകളോടെ അവരും പങ്കു വെക്കുന്നുണ്ട് എന്ന ഉത്തമബോദ്ധ്യമുള്ളതു കൊണ്ടാണ്. കടമ്മനിട്ടയെപ്പോലുള്ളവര്‍ ഈ അഭിപ്രായം തുറന്നു പറഞ്ഞിട്ടുള്ളവരാണ്. പദങ്ങളുടെ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മത പുലര്‍ത്തുന്ന ആറ്റൂര്‍ എങ്ങനെയാവും ഈ അഭിപ്രായത്തെ സ്വീകരിക്കുക എന്ന് എനിക്ക് ആദ്യം അല്പം ആശങ്കയുണ്ടായിരുന്നുവെങ്കിലും വിവര്‍ത്തകന്‍ എന്ന നിലയ്ക്ക് നല്ല പ്രായോഗിക പരിചയമുള്ള അദ്ദേഹവും ഇതിനോട് യോജിക്കുന്നുണ്ടെന്ന് പിന്നീട് മനസ്സിലായി. ആശയസംക്രമണം വിവര്‍ത്തനത്തിന്‍റെ അവിഭാജ്യമായ ധര്‍മ്മമാണെങ്കിലും മുന്നാം ലോകഭാഷകളില്‍ നിന്നു വിവര്‍ത്തനം ചെയ്യുമ്പോള്‍ മൂലഭാഷയുടെ സാംസ്കാരികമായ സവിശേഷതകള്‍ പരിഭാഷയില്‍ കൊണ്ടു വരിക വിവര്‍ത്തകരുടെ മുന്‍ഗണനയിലുണ്ടാവണം എന്നാണ് എനിക്ക് തോന്നുന്നത്. ഇവിടെയാണ് വിവര്‍ത്തകരുടെ സ്വാതന്ത്യം പ്രധാനമായി വരുന്നത്. വിവര്‍ത്തനസ്വാതന്ത്യത്തിന്‍റെ ഉച്ചാവസ്ഥ ഞാന്‍ കണ്ടിട്ടുള്ളത് കമലാദാസിലാണ്. ഒരിക്കല്‍ ബാലാമണി അമ്മയുടെ 'തൂലിക' എന്ന കവിത ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് അഭിപ്രായത്തിനായി കമലാദാസിന് അയച്ചു കൊടുത്തത് ഓര്‍ക്കുന്നു. സ്കൂള്‍ ഒഫ് ലെറ്റേഴ്സില്‍ നിന്നും ഞങ്ങള്‍ പ്രസിദ്ധീകരിച്ചു വരികയായിരുന്ന 'ഹരിതം' എന്ന ഇംഗ്ലീഷ് ജേര്‍ണലില്‍ ചേര്‍ക്കാന്‍ വേണ്ടിയായിരുന്നു അത്. വിവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിനു പകരം ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് കമലാദാസ് ചെയ്തത് അമ്മയുടെ കവിതയ്ക്ക് സ്വന്തമായ മറ്റൊരു വിവര്‍ത്തനം തയ്യാറാക്കുകയാണ്. മൂലത്തില്‍ നിന്നും ഏറെ വ്യതിചലിക്കുന്ന ആ വിവര്‍ത്തനം പരിഭാഷയ്ക്ക് മൂലത്തില്‍ നിന്നും എത്രമാത്രം അകലമാവാമെന്നതിന്‍റെ ഉജ്വലമായ മാതൃക കൂടിയാണെന്നു പറയാം. പരിഭാഷയ്ക്ക് വേണമെങ്കില്‍ മൂലകൃതിയുടെ മകളുമാകാം എന്നാണ് ഇതിനെക്കുറിച്ചു കേട്ടപ്പോള്‍ അയ്യപ്പപ്പണിക്കര്‍ പറഞ്ഞത്.

Q

വിവർത്തനത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഓറിയെന്‍റെലിസ്റ്റ് പണ്ഡിതന്മാർ നടത്തിയ ഇന്ത്യൻ ക്ലാസ്സിക്കുകളുടെ വിവർത്തനത്തെ എങ്ങനെ വിലയിരുത്താം?

A

ഓറിയന്‍റലിസ്റ്റുകള്‍ എന്നത് ഒരു അയഞ്ഞ ഭാഷാപ്രയോഗമാണ്. പൗരസ്ത്യദേശത്തെക്കുറിച്ചുള്ള സവിശേഷമായ അവഗാഹത്തെയാണ് 'ഓറിയന്‍റലിസം' എന്ന വാക്ക് സൂചിപ്പിക്കുന്നതെങ്കിലും പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ഭരണകൂടത്തിന്‍റെ ഭാഗമായും അല്ലാതെയും ഇന്ത്യയിലെത്തിയ പണ്ഡിതരായ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ ഉദ്യോഗസ്ഥരും മിഷനറി പ്രവര്‍ത്തകരുമാണ് ഓറിയന്‍റലിസ്റ്റുകള്‍ ആയി പൊതുവെ അറിയപ്പെടുന്നത്. ഭാരതീയ ദര്‍ശനം, സംസ്കൃത സാഹിത്യം എന്നീ വിഭാഗങ്ങളില്‍ പെടുന്ന ക്ലാസിക് കൃതികളുടെ പഠനത്തിനും സമാഹരണത്തിനും വിവര്‍ത്തനത്തിനും സാഹിത്യചരിത്രരചനയ്ക്കുമായി ഇവര്‍ ചെലവാക്കിയ സമയവും ഊര്‍ജവും പില്‍ക്കാല പാണ്ഡിത്യത്തിന്‍റെ അംഗീകാരം നേടിയിട്ടുള്ളതാണ്. ജോര്‍ജ് ഗ്രിയേര്‍സണ്‍, മോറിസ് വിന്‍റര്‍നിറ്റ്സ്, വില്യം ജോണ്‍സ്, ആല്‍ബ്രെഹ്റ്റ് വെബര്‍, എം ഗാര്‍സിന്‍ ദ് ടാസി, ഹെര്‍ബര്‍ട്ട് ഗോവന്‍, നഥാനിയേല്‍ ഹാല്‍ഹെഡ്, ചാള്‍സ് വില്‍ക്കിന്‍സ്, ഹെന്‍റി കോള്‍ബ്രൂക്ക്, മാക്സ് മുള്ളര്‍ തുടങ്ങി ഏറെ നീളുന്ന പണ്ഡിതരുടെ ഈ നിരയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുള്ളതിനാല്‍ അവരെക്കുറിച്ചുള്ള ഒരു ചരിത്രപരമായ വിവരണത്തിന് ഞാന്‍ മുതിരുന്നില്ല. പക്ഷെ രണ്ടു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഒന്ന്, വിവര്‍ത്തനമടക്കമുള്ള ഓറിയന്‍റലിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും ഗൂഢപദ്ധതിയുടെ ഭാഗമാണെന്നു വിചാരിക്കേണ്ടതില്ല. രണ്ട്, ഓറിയന്‍റലിസ്റ്റുകള്‍ തികഞ്ഞ പണ്ഡിതരായിരുന്നു എന്ന കാര്യത്തിലും തര്‍ക്കമുണ്ടാവാന്‍ വഴിയില്ല. ഈ രണ്ടു കാര്യങ്ങളും ഇവിടെ ഊന്നിപ്പറയുന്നതിനു കാരണം എഡ്വേര്‍ഡ് സയ്യിദിന്‍റെ ഓറിയന്‍റലിസം എന്ന പുസ്തകത്തിന്‍റെ പ്രസിദ്ധീകരണത്തിനു ശേഷം മറിച്ചൊരു പ്രതീതി വ്യാപകമായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നതു കൊണ്ടാണ്. സയ്യിദിനു തന്നെ ഓറിയന്‍റലിസ്റ്റുകളെക്കുറിച്ച് അത്തരമൊരു വാദമില്ല എന്നതാണ് പ്രധാനം. ഗ്രാംഷിയുടെയും ഫൂക്കോയുടെയും ചുവടു പിടിച്ചുകൊണ്ട് വിജ്ഞാനമേഖലയിലുള്ള ഓറിയന്‍റലിസ്റ്റുകളുടെ പ്രവര്‍ത്തനം കൊളോണിയല്‍ അധികാരം അരക്കുട്ടുറപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ചു എന്നാണ് സയ്യിദ് വാദിക്കുന്നത്. ഇത് തികച്ചും യുക്തിസഹമായ വാദമാണ്. ഓറിയന്‍റലിസ്റ്റുകളുടെ വിവര്‍ത്തനങ്ങളെക്കുറിച്ച് സവിശേഷം പറയുകയാണെങ്കില്‍, വിവര്‍ത്തനത്തിന്‍റെ രാഷ്ട്രീയമാനങ്ങളെക്കുറിച്ച് ലോറന്‍സ് വെനൂറ്റിയെപ്പോലുള്ള വിവര്‍ത്തനസൈദ്ധാന്തികര്‍ പറയുന്നതിനപ്പുറമൊന്നും സയ്യിദ് പറയുന്നില്ലെന്നതാണ് സത്യം.

സാഹിത്യം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നു പൊതുവെ പറയാറുണ്ടെങ്കിലും ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു തീര്‍ച്ചപ്പെടുത്താനുള്ള കണക്കുകളൊന്നും നമ്മുടെ പക്കലില്ലല്ലോ. ഒരു കാര്യം ശരിയാണ്. പഴയരീതിയിലുള്ള ആസ്വാദനക്കുറിപ്പുകള്‍ക്ക് ഇന്ന് വായനക്കാര്‍ അധികമില്ല. ഇതിനു കാരണം ആസ്വാദനക്കുറിപ്പിന്‍റെ മദ്ധ്യസ്ഥതയില്ലാതെ കൃതിയിലേക്ക് നേരിട്ട് കടക്കാനുള്ള വഴികള്‍ ഇന്ന് ഏറെയുണ്ട് എന്നുള്ളതാണ്.
Q

സിദ്ധാന്തങ്ങളുടെ ആവശ്യകതയും ക്ഷമതയും ചോദ്യം ചെയ്യുന്ന രൂപത്തിൽ ഉള്ള സിദ്ധാന്തങ്ങൾ രൂപപ്പെടുന്ന കാലഘട്ടമാണല്ലോ ഇത്. "Against Theory" മുതലായ പുസ്തകങ്ങളെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാട് എന്താണ്?

A

പാഠവിശകലനത്തിന്‍റെ പേരില്‍ സാഹിത്യപഠനം ചുരുങ്ങിച്ചുരുങ്ങി നിരര്‍ത്ഥകതലങ്ങളിലേക്ക് എത്താന്‍ തുടങ്ങിയപ്പോഴാണ് അറുപതുകള്‍ക്കുശേഷം സിദ്ധാന്തപഠനത്തിന് പ്രാമുഖ്യം ലഭിക്കാന്‍ തുടങ്ങിയത്. ഒരര്‍ത്ഥത്തില്‍ പാഠവിശകലനം നിഷ്കാസനം ചെയ്യാനൊരുങ്ങിയ സമൂഹത്തെയും ചരിത്രത്തെയും ജീവിതപരിസരത്തെയും പഠനപ്രക്രിയയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് സിദ്ധാന്തപഠനം ചെയ്തത്. ഈ രീതിയിലല്ലെന്നു തോന്നുന്നു സിദ്ധാന്തത്തിന്‍റെ വരവിനെ ചിലരെങ്കിലും നോക്കിക്കാണുന്നത്. സിദ്ധാന്തത്തിന്‍റെ ഉള്‍ക്കാഴ്ചകള്‍ ഉപയോഗിച്ചുകൊണ്ട് സാമൂഹികവ്യവഹാരങ്ങളെ വിശകലനം ചെയ്യുന്നതിനുപകരം സിദ്ധാന്തപഠനത്തെ പരമലക്ഷ്യമായി കാണുമ്പോഴാണ് അതിനെതിരായ നീക്കങ്ങളും ഉണ്ടാകുന്നത്. പാഠവിശകലനവും വ്യാഖ്യാനവും സാഹിത്യവായന എന്ന ലക്ഷ്യത്തെ മറക്കാന്‍ തുടങ്ങിയപ്പോഴാണ് സൂസന്‍ സൊണ്ടാഗിന് അറുപതുകളുടെ തുടക്കത്തില്‍ 'വ്യാഖ്യാനത്തിനെതിരെ' (Against Interpretation) എന്ന പ്രബന്ധമെഴുതേണ്ടി വന്നത്. അത്തരമൊരു നിലയാണ് സിദ്ധാന്തത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നു വിചാരിക്കുന്നതാവും ഉചിതം.

Q

അങ്ങയുടെ കാഴ്ചപ്പാടിൽ മലയാള സാഹിത്യ വിമര്‍ശന മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാമാണ്? കേരളത്തിലെ പുതിയ തലമുറയ്ക്ക് സൈദ്ധാന്തിക അക്കാദമിക പരിസരങ്ങളോടുള്ള ആഭിമുഖ്യം കുറഞ്ഞിട്ടുണ്ടോ?

A

പൊതുജനത്തിന്‍റെ അഭിരുചിയിലും വായനാശീലങ്ങളിലും വന്ന മാറ്റം കാരണം മലയാളസാഹിത്യം പൊതുവെ നേരിടുന്ന വെല്ലുവിളികള്‍ക്കപ്പുറം സാഹിത്യവിമര്‍ശനമേഖലയ്ക്ക് മാത്രമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്നു തോന്നുന്നില്ല. സാഹിത്യം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നു പൊതുവെ പറയാറുണ്ടെങ്കിലും ഇതില്‍ എത്രമാത്രം വാസ്തവമുണ്ടെന്നു തീര്‍ച്ചപ്പെടുത്താനുള്ള കണക്കുകളൊന്നും നമ്മുടെ പക്കലില്ലല്ലോ. ഒരു കാര്യം ശരിയാണ്. പഴയരീതിയിലുള്ള ആസ്വാദനക്കുറിപ്പുകള്‍ക്ക് ഇന്ന് വായനക്കാര്‍ അധികമില്ല. ഇതിനു കാരണം ആസ്വാദനക്കുറിപ്പിന്‍റെ മദ്ധ്യസ്ഥതയില്ലാതെ കൃതിയിലേക്ക് നേരിട്ട് കടക്കാനുള്ള വഴികള്‍ ഇന്ന് ഏറെയുണ്ട് എന്നുള്ളതാണ്. സാഹിത്യവിമര്‍ശനം ഇന്ന് ശോഷിച്ചുപോയിരിക്കുന്നു എന്നു പറയുന്നതിനുള്ള ഒരു കാരണം ആസ്വാദനക്കുറിപ്പുകളോടുള്ള ഈ വിരക്തി ആവണം. അതേസമയം ഗൗരവമായ സാഹിത്യവായനകള്‍ക്കും വിശകലനങ്ങള്‍ക്കും വായനക്കാര്‍ ഉണ്ട് എന്നു തന്നെയാണ് എന്‍റെ വിശ്വാസം. സൈദ്ധാന്തിക-അക്കാദമിക് പരിസരങ്ങളുടെ നിലനില്പ് ഒരു സമൂഹത്തിന്‍റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് തീരുമാനിക്കപ്പെടുക. പുതിയ തല മുറയ്ക്ക് അവ ആവശ്യമില്ലെന്നാണ് തോന്നുന്നതെങ്കില്‍ അതിനെന്തെങ്കിലും കാരണമുണ്ടാവും. അത്തരമൊരവസ്ഥ ഇന്ന് വന്നുചേര്‍ന്നിട്ടുണ്ടെന്നു ഞാന്‍ വിചാരിക്കുന്നില്ലെങ്കിലും ഭാവിയില്‍ അങ്ങനെ സംഭവിച്ചുകൂടെന്നില്ല.

Q

കോവിഡ്‌ മഹാമാരികാലത്തെ മനുഷ്യന്‍റെ ചെറുത്തുനില്‍പ്പുകളിൽ എഴുത്തും വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ഇത്തരം അപരിചിതമായ ജീവിതാന്തരീക്ഷങ്ങൾ സാഹിത്യത്തിനു വഴിതുറക്കുന്നുന്നത് എങ്ങനെയല്ലാമാണ്?

A

തീര്‍ച്ചയായും ചെറുത്തുനില്പിനും അതിജീവനത്തിനുമുള്ള ഒരു ഉപാധിയായി മനുഷ്യചരിത്രത്തില്‍ കലാസാഹിത്യാദികള്‍ എന്നും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി ഏതെങ്കിലും തരത്തിലുള്ള സാഹിത്യരചനയ്ക്ക് ഉത്തേജകമായിട്ടുണ്ട് എന്നു പറയുന്നതിനു പകരം സാഹിത്യവായനയിലൂടെ പരുവപ്പെട്ട മനസ്സ് ഇത്തരം പ്രതിസന്ധികളെ സമചിത്തതയോടെ നേരിടാന്‍ ഒരുക്കമായിരിക്കും എന്നു വിചാരിക്കുന്നതാണ് യുക്തിസഹം എന്നു തോന്നുന്നു.

Q

സാമൂഹിക മാധ്യമങ്ങൾ സാഹിത്യ ഇടങ്ങളായി മാറിയിട്ട് കുറച്ചായെങ്കിലും കൊവിഡ്‌ കാലത്ത് അത് വിര്‍ച്വൽ സാഹിത്യ സമ്മേളനങ്ങള്‍ക്ക് പോലും വേദിയായി മാറിയിട്ടുണ്ട്. സൈബറിടങ്ങലിലെ സാഹിത്യ ചര്‍ച്ചകളുടെ സാധ്യതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും പറയാമോ?

A

സൈബറിടങ്ങളിലെ സാഹിത്യ സമ്മേളനങ്ങളുടെ സാദ്ധ്യതകളെയും പരിമിതികളെയും സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നു തോന്നുന്നു. കോവിഡ് വരുന്നതിനു മുമ്പ് തന്നെ ചെലവു ചുരുക്കലിന്‍റെ ഭാഗമായി സര്‍വകലാശാലകളെപ്പോലുള്ള സ്ഥാപനങ്ങളും ചില സംഘടനകളും ചില തരം സമ്മേളനങ്ങള്‍ ഡിജിറ്റലായി നടത്താന്‍ തുടങ്ങിയിരുന്നു എന്ന കാര്യം ഓര്‍ക്കുക. സൈബറിടങ്ങളിലെ സാഹിത്യം പക്ഷെ പ്രത്യേകമായി പരിശോധിക്കേണ്ട സംഗതിയാണ്. പരിമിതികള്‍ പലതുമുണ്ടെങ്കിലും ഒരു ഇടം എന്ന നിലയ്ക്ക് പ്രിന്‍റ ് ഇടങ്ങളേക്കാള്‍ ഏറെ ജനാധിപത്യപരമാണ് സൈബറിടം. പ്രിന്‍റ ് ഇടങ്ങളെ ശ്വാസം മുട്ടിക്കുന്ന സംസ്കാരവ്യവസായത്തിന്‍റെ സമ്മര്‍ദ്ദങ്ങള്‍ സൈബറിടങ്ങളില്‍ അധികമുണ്ടാവാനുമിടയില്ല. പഴയ സൗന്ദര്യശാസ്ത്ര പ്രമാണങ്ങളെ പിന്‍പറ്റുന്ന പാരമ്പര്യവാദികളെ അലോസരപ്പെടുത്താനിടയുള്ളതാണ് സാഹിത്യത്തിന്‍റെ സൈബറിടങ്ങളിലേക്കുള്ള വരവ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനു പല തലങ്ങളുണ്ട്. വായനക്കാരെക്കൂടി സാഹിത്യപ്രക്രിയയില്‍ പങ്കാളികളാക്കുന്നു നവമാദ്ധ്യമ സാഹിത്യം എന്നതാണ് ഏറ്റവും മുഖ്യമായ വസ്തുത. കലാവസ്തു അല്ലെങ്കില്‍ ആര്‍ട്ടിഫാക്റ്റ് എന്ന നിലയിലുള്ള സാഹിത്യകൃതിയുടെ പ്രാമാണ്യത്തിന് ഇത് ഏല്പിക്കുന്ന ആഘാതം ലഘുവല്ല എന്നതും പ്രധാനമാണ്. പാഠത്തെ പാഠസന്ദര്‍ഭത്തില്‍ നിന്നും വിച്ഛേദിച്ചു കൊണ്ട് വായിക്കാനാവില്ലെന്ന പുതിയ സാഹിത്യചിന്തയുടെ വാദത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു ഘടകം സാഹിത്യത്തിന്‍റെ സൈബര്‍വത്കരണത്തിലുണ്ട്. ടെക്സ്റ്റ്, കോണ്‍ടെക്സ്റ്റ് ഇവ തമ്മിലുള്ള സംഘര്‍ഷത്തില്‍ ടെക്സ്റ്റിനെ ഉള്‍ക്കൊള്ളുന്ന കോണ്‍ടെക്സ്റ്റ് എന്ന മദ്ധ്യമാര്‍ഗമാണ് സൈബറിടങ്ങളിലെ സാഹിത്യം പ്രതീകവത്കരിക്കുന്നതെന്നു പറയാം. നവമാദ്ധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്ന കാലസങ്കല്പത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തേണ്ടതുണ്ട് എന്നതാണ് മറ്റൊരു കാര്യം. സമകാലികത എന്ന സങ്കല്പനത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ സൈബറിട സാഹിത്യം ആവശ്യപ്പെടുന്നുണ്ടെന്നും ഇതിന്‍റെ തുടര്‍ച്ചയായി പറയാം.

Related Stories

No stories found.
logo
The Cue
www.thecue.in