'ഭൗമചാപം' ഒരു ശാസ്ത്രരേഖ മാത്രമല്ല, രാഷ്ട്രീയരേഖ കൂടിയാണ്

'ഭൗമചാപം' ഒരു ശാസ്ത്രരേഖ മാത്രമല്ല, രാഷ്ട്രീയരേഖ കൂടിയാണ്

ലൈഫ് ഫെസ്റ്റ് വെലിന്റെ ഭാഗമായിട്ട് സി.എസ് മീനാക്ഷിയുടെ 'ഭൗമചാപം' എന്ന പുസ്തകത്തെക്കുറിച്ച്സംസാരിക്കാൻ സന്തോഷം. മൂന്ന് ഭാഗമായിട്ട് ഇതു റെക്കോഡ് ചെയ്യുന്നത്. ആദ്യ ഭാഗത്ത് ഭൂപടവും ‍ഞാനുംതമ്മിലുള്ള ബന്ധം എങ്ങനെയാണ് ഈ പുസ്തകവായനയെ സഹായിച്ചത് എന്നും, രണ്ടാ ഭാഗത്ത് പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചും , മൂന്നാമത്തെ ഭാഗത്ത് പുസ്തകത്തിന്റെ പരിമിതികളെ കുറിച്ചും പറയാമെന്ന് വിചാരിക്കുന്നു.

ഒന്ന്

സത്യത്തില്‍ ഭൂപടവുമായി ഇടപെടേണ്ടിവന്നത് എന്റെ പഠനങ്ങളുമായി ബന്ധപ്പെട്ടിട്ടാണ്. എന്റെ ജോലി എന്ന നിലയ്ക്ക്. ഞാൻ ഒരു ശാസ്ത്രജ്ഞനാണ്. അതുമായി ബന്ധപ്പെട്ടിട്ട് കാട്ടില്‍ വർക്ക് ചെയ്യുന്ന സമയത്ത് കാടിനെ കുറിച്ച്പഠിക്കുന്ന സമയത്ത്, (പൊതുവെ പരിസ്ഥിതിയെ കുറിച്ചും പഠിക്കുന്ന സമയത്തും ) നിർബന്ധമായും ഉപയോഗിക്കേണ്ടിവന്ന ഒന്നാണ് ഭൂപടം. ഭൂപടത്തെ കുറിച്ചിട്ടുള്ള ആദ്യത്തെ ഇടപെടല്‍ വേണ്ടിവന്നത് നിലമ്പൂരിലെയും കോന്നിയിലെയും തേക്ക് തോട്ടങ്ങളുടെ മാപ്പ് തയ്യാറാക്കാൻ വേണ്ടിയായിരുന്നു. തയ്യാറാക്കപ്പെട്ട ഒരു ഭൂപടം, ടോപ്പോ ഷീറ്റ് ആണ് ഞാൻ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങുന്നത്. (ടോപ്പോ ഷീറ്റ് എന്ന ചുരുക്കപേരില്‍ നമ്മള്‍ വിളിക്കുന്ന ഡോക്യുമെന്റ്കളുടെ നിർമാണത്തെ കുറിച്ച് മീനാക്ഷി പുസ്തകത്തില്‍ പറയുന്നുണ്ട്.) പക്ഷെ ടോപ്പോ ഷീറ്റിന്റെ പ്രശ്നം അത് വളരെ വളരെ മുന്നെ തയ്യാറാക്കിയതാണ് എന്നതാണ്. അന്ന് അതില്‍ ടീക്ക് പ്ലാന്റേഷൻഎന്നു പറയുന്ന സ്ഥലമല്ല ഇപ്പോഴത്തെ തേക്കുതോട്ടം. അതുകൊണ്ട് പുതിയ മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ലാൻഡ് യൂസ്ഡ് ബോർഡീൽ പോയിട്ട് വിമാനത്തില്‍ നിന്നെടുത്ത ഫോട്ടോസ് ഉപയോഗിച്ച്‌. ആഫോട്ടോസ് ഗംഭീരമായ ഒരു സംവിധാനം തന്നെയാണ്.അതിൽ രണ്ട് അടുത്തടുത്ത ഫോട്ടോകളിൽ ഓവർലാപ് ചെയ്യുന്ന പാർട്ടുകള്‍ ഉണ്ടാവും. അങ്ങനെ അടുത്തടുത്തുള്ള രണ്ടു ഫോട്ടോ ഒരുമിച്ച് ചേർത്തിട്ട് നമ്മള്‍ സ്പെക്ട്രോ മീറ്ററിൽ (Spectro meter) കൂടി നോക്കുമ്പോള്‍ അത് ത്രീ ഡയമെൻഷനലായി കാണാം. മലകളൊക്കെ നമ്മുടെ മുന്നില്‍ പൊങ്ങിവരുന്നതായിട്ടും താഴ്വരകളൊക്കെ താഴ്ന്നുപോകുന്നതായും പുഴകളൊക്കെ അങ്ങ് താഴെയായിട്ടുംത്രീ ഡയമെൻഷനലായി കാണാൻ കഴിയും. അതി ഗംഭീരമായ ഒരു കാഴ്ചയായിരുന്നു അത് . വിമാനത്തിൽ പറക്കാതെ തന്നെ ഒരു മേശപ്പുറത്തിരുന്നുകൊണ്ട് ഫോട്ടോഗ്രാഫില്‍ നിന്ന് ത്രീ ഡയമെൻഷനായ വ്യൂ കാണാം . അത്നോക്കിയിട്ട് ഇലച്ചാർത്തിന്റെ സ്വഭാവം അനുസരിച്ച് അതിനെ വേർതിരിച്ച് മാപ്പ് ചെയ്തെടുക്കുക -- വരച്ചെടുക്കുക --എന്നതായിരുന്നു ജോലി. അന്നത്തെ കാലത്ത് കംപ്യു ട്ടറില്‍ മാപ്പ് പ്രൊസസ്ചെയ്യുന്ന ജോഗ്രഫിക്കല്‍ ഇൻഫോ‍ർമേഷൻ സിസ്റ്റം (GIS)എന്ന സംവിധാനം ഇവിടെവിടെയും ഇല്ലാത്തതുകൊണ്ട് ആ പഠനത്തിനായിട്ട് ഡെറാഡൂണിലാണ് പോയത്. അവിടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (IIRS ) എന്ന സ്ഥാപനത്തില്‍ പോയി അത് കംപ്യു ട്ടറില്‍ മാറ്റുന്നതിന്റെ മുന്നോടിയായി ടോപ്പോ ഷീറ്റില്‍ നിന്ന് ഒരു പ്രദേശത്തിന്റെ ഒരേ ഉയരമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന കോണ്ടൂർ രേഖകള്‍ (contour lines) വരച്ചെടുക്കണം. പക്ഷെ പ്രശ്നം മലകള്‍ വരയ്ക്കുന്ന സമയത്ത് ആ കോണ്ടൂർ രേഖകള്‍ വളരെ വളരെ അടുത്തായിരിക്കും ഉണ്ടാവുക. അപ്പോള്‍ അതിനെ കംപ്യു ട്ടറിലേക്ക് ഡിലിജിറ്റലൈസ് ചെയ്യുന്നതിന് മുന്നേ ടോപ്പോ ഷീറ്റിന് പരിക്ക് പറ്റാതിരിക്കാൻ വേണ്ടി നമ്മള്‍ ആദ്യം ഫിലിമിലേക്ക് ട്രെയിസ് ചെയ്യണം . ഒരിക്കല്‍ ഞാനത് ചെയ്ത്കൊണ്ടിരിക്കെ, വളരെ അടുത്തടുത്തിരിക്കുന്ന വരകള്‍ തമ്മിൽ മുട്ടാതെ വരച്ചെടുക്കുന്ന സമയത്ത്, അന്ന് ആ ലാബിൻ്റെ ചാർജ്ജുള്ള സയന്റിസ്റ്റ് എൻ്റെ അടുത്തൂടെ പോകുമ്പോള്‍ കുറച്ചുനേരം നോക്കിനിന്നിട്ട് എന്നോട് പറഞ്ഞു:

" Sajeev, this is an inhuman job " . ആ തരത്തില്‍ ആ മേപ്പ് വരച്ചെടുത്ത് അനലയിസ് ചെയ്താണ് ഞാൻ പഠിച്ചിരുന്ന ഒരു കീടം തേക്കുതോട്ടങ്ങളില്‍ ആക്രമണം നടത്തുന്നത് പ്രവചിക്കാൻ ഒരു മാത് മാറ്റിക്കല്‍ മോഡല്‍ഉണ്ടാക്കിയത്. ഇതാണ് ഭൂപടവുമായിട്ട് തുടങ്ങുന്ന ഒരു ബന്ധം.

പലപ്പോഴും ഭൂപടം ഇല്ലാതെ തന്നെ വഴി കണ്ടുപിടിക്കേണ്ട അപകടങ്ങളിലേക്ക് നമ്മള്‍ പെടാറുണ്ട്. കാട്ടില്‍ പ്രത്യേകിച്ചും. നമ്മള്‍ കാട്ടില്‍ വഴിതെറ്റിയാല്‍ ചെയ്യുന്നത് അവിടെയുള്ള അരുവികളെ പിൻപറ്റി നടക്കുക എന്നതാണ്. അരുവികളോട് നടന്നു കഴിഞ്ഞാല്‍ അരുവി എപ്പോഴെങ്കിലും പല അരുവികളുമായി ഒന്നിച്ചുചേരുകയും അത് പുറത്തുകടക്കുകയും ചെയ്യുമെന്ന് നമുക്കറിയാം. അങ്ങനെ നടന്നുപോകുന്ന സമയത്ത് പാമ്പുകളൊക്കെ കുറുകെപോവും. അത് പോവാൻ വേണ്ടി കാത്ത് നിൽക്കണം. ഒരു മേപ്പ് കൈയിലുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നിയ ഇത്തരം ഒരനുഭവം ജീരകപ്പാറ കാട്ടിലൊരിക്കെ വഴിതെറ്റിയ സമയത്ത് ഉണ്ടായിട്ടുണ്ട്.

ഇതിനേക്കാള്‍ തീവ്രമായി അനുഭവിച്ച ധാരാളം മനുഷ്യരുണ്ട്. പ്രത്യേകിച്ച് നാവികർ. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുമ്പോൾ കൃത്യമായി ദിശ അറിയിലെങ്കിലുള്ള ബുദ്ധിമുട്ട് അവർ അനുഭവിച്ചിട്ടുണ്ട്. മീനാക്ഷിപുസ്തകത്തില്‍ വളരെ ഗൗരവത്തോടെ എഴുതുന്ന ഒരു കാര്യം നാവികർ കടലിലൂടെ യാത്ര ചെയ്യുന്ന സമയം ഭൂമിയുടെ ഏത് ഭാഗത്താണ് കപ്പല്‍ എന്ന് എങ്ങനെയാണ് അറിയുക, അടുത്ത കര എവിടെയാണ് എന്ന ദിശഎങ്ങനെയാണ് അറിയുക എന്ന പ്രശ്നമാണ്. മീനാക്ഷി പറയും അക്ഷാംശം കണ്ടെത്താനായി വലിയ ബുദ്ധിമുട്ടില്ല അത് പകല്‍ സൂര്യനെ നോക്കിയാവാം അല്ലെങ്കില്‍ രാത്രി ധ്രുവനക്ഷത്രത്തെ നോക്കിയാവാം. പക്ഷെ രേഖാംശംകണ്ടെത്തുക അത്ര എളുപ്പമല്ല. ഈ ഒരൊറ്റ പ്രശ്നം കാരണം കടലില്‍ മുങ്ങിപ്പോയ കപ്പലുകളുണ്ട് ധാരാളം. വഴിതെറ്റി യാത്രചെയ്ത് എവിടെയോ എത്തിപ്പോയി അവസാനം ഭക്ഷണം തീർന്ന് അസുഖം ബാധിച്ചൊക്കെ നരകിച്ച ധാരാളം മനുഷ്യരുണ്ട്.

ഒരു ഭൂപടം എത്ര പ്രധാനമാണെന്ന് മീനാക്ഷി വരച്ചുകാണിക്കുന്നുണ്ട്. ബ്രിട്ടീഷുകാ‍ർ ഇന്ത്യയിലേക്ക് വരുന്ന സമയത്ത് പല കാരണങ്ങള്‍ കൊണ്ടും - പുതിയ വിഭവങ്ങൾ അടയാളപ്പെടുത്താനും നാട്ടുരാജ്യങ്ങളുമായി യുദ്ധംചെയ്യുന്നസമയത്ത് യുദ്ധം ചെയ്യാൻ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്താനുമെല്ലാം മുന്നോടിയായി - ഭൂപടങ്ങള്‍ ഉണ്ടാവേണ്ട, ഉണ്ടാക്കേണ്ട ആവശ്യമുണ്ട്. അത്തരത്തില്‍ ഇന്ത്യയില്‍ നടന്ന വലിയൊരു സംഭവത്തെ പറ്റിയുള്ള പുസ്തകമാണിത്. ദി ഗ്രെയിറ് ട്രിഗണോമിക്കൽ സർവേ (The Great Trigonometrical Survey) എന്ന് വിളിക്കപ്പെടുന്ന ആ സർവ്വേ അത്ഭുതകരമായ ഒരു പ്രവർത്തനമായിരുന്നു. അതിനുമുന്നേ അത്തരത്തിൽ ശ്രമങ്ങള്‍ വളരെ ചെറിയതോതിലെങ്കിലുംനടന്നത് ഇംഗ്ലണ്ടിലും സ്പെയിനിലും ഫ്രാൻസിലും ആണ്. പക്ഷെ അതിന്റെ ദൈർഘ്യം വളരെ ചെറുതായിരുന്നു. ഇവിടെ നടന്നത് അതല്ല. കന്യാകുമാരി മുതല്‍ ഹിമാലയം വരെ ഏകദേശം 2400 കിലോ മീറ്റർ സ്ഥലം മേപ്പ്ചെയ്യുക അത് കൃത്യമായി അടയാളപ്പെടുത്തുക എന്നതാണ് . 1800 മുതല്‍ 1870 വരെ നീണ്ടു നിന്ന ഈ പ്രവർത്തനം പിന്നീട് ഹീമാലയവും കടന്ന് പോവുന്നുണ്ട്. അത്തരത്തിൽ ഒരു പ്രവർത്തനം അതിനുമുന്നെയും അതിനു ശേഷവും നടന്നിട്ടില്ല. അത്ര ഗംഭീര്യമായ ഒരു പഠനത്തിന്റെ ഭൂപട നിർമാണത്തിന്റെ കഥയാണ് മീനാക്ഷി പറയുന്നത്.

രണ്ട്

ഭൂപടത്തെക്കുറിച്ചു ഒരു കഥ - പണ്ടൊരു രാജാവ് ഭൂപടം നിർമ്മിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആളുകള്‍ വരച്ച ഭൂപടത്തില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പടുത്താൻ പറ്റിയില്ല. വളരെ ചെറിയ ഒരു സംഭവമാണല്ലോ ഭൂപടം. (കേരളത്തിന്റെ വലുപ്പവും ഭൂപടത്തിന്റെ വലുപ്പവും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോ) . രാജാവ് പറഞ്ഞു അത് പോര വലിയൊരുഭൂപടം വേണം . അപ്പോള്‍ എത്ര വലുതാക്കണം. ഭൂമിയുടെ അത്രതന്നെ വലുതാക്കണം.രാജ്യത്തിന്റെ വലിയ ഭൂപടം വരച്ചിട്ട് കിട്ടുന്ന എല്ലാ വസ്തുക്കളെല്ലാം കൂട്ടിചേർത്ത് തയ്ച്ചുണ്ടാക്കി. ആ ഭൂപടം നിലത്തുനിന്ന് പൊക്കാൻ ശ്രമിക്കുന്ന സമയത്ത് അത് കൈവിട്ട് താഴെപോവുകയും ധാരാളം പേർമരിച്ചുപോവുന്നതുമാണ് കഥ.

എന്താണ് സ്കെയില്‍ എന്നത് മീനാക്ഷി കൃത്യമായി ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു. എന്താണ് ഒരു മേപ്പിന്റെ സ്കെയില്‍, അതിലേക്കുള്ള ഇൻഫോർമേഷൻ എന്തൊക്കെയാണ് എന്നതൊക്കെ. എന്താണ്ഭൂപടത്തിന്റെ ഉദ്ദേശ്യം എന്നതും വളരെ ദീർഘമായി ചർച്ച ചെയ്യുന്നുണ്ട് . ചിലപ്പോള്‍ അത് ചില വിഭവങ്ങള്‍ എവിടെയുണ്ടെന്നറിയുന്നതിനുവേണ്ടിയാവാം , ചിലപ്പോള്‍ ഒരു സ്ഥലത്തേക്ക് പോവേണ്ട എളുപ്പവഴി കണ്ടെത്താൻവേണ്ടിയാവാം. ചിലപ്പോള്‍ ഒരു രാജ്യത്തെ വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാവാം. ചിലപ്പോള്‍ ഒരു താവളം കണ്ടത്താനുള്ള നല്ല പ്രദേശം കണ്ടെത്താനാവാം ചിലപ്പോള്‍ വെള്ളമെവിടെയുണ്ട് എന്നറിയാൻ വേണ്ടിയാവാം. ചിലപ്പോള്‍ ആളുകളുടെ സ്വഭാവം എങ്ങനെയുണ്ട് എന്നറിയാൻ വേണ്ടിയാവാം, ഏറ്റവും സൗകര്യ മായി രീതിയില്‍ താമസിക്കാൻ പറ്റുന്ന സ്ഥലങ്ങള്‍ കണ്ടെത്താൻ വേണ്ടിയാവാം. ഈ സർവ്വേ സ്റ്റാർട്ട് ചെയ്യുന്നത് ബ്രിട്ടീഷുകാരാണ്. അവർ ഇവിടെ വന്ന് അത് ചെയ്യുന്ന സമയത്ത് ഇവിടെയുള്ള മനുഷ്യരുമായി ഇടപെടണ്ടത് ആവശ്യമുണ്ട്, അടിമകളെപ്പോലെ അവരെ കൊണ്ട് പണിയെടുപ്പിക്കണ്ട ആവശ്യമുണ്ട്. ഏത് പക്ഷത്ത് നിന്നിട്ടാണ് ഈ കഥ പറയുക. ബ്രിട്ടീഷുകാരുടെ പക്ഷത്ത് നിന്നുകൊണ്ടാണോ? അതില്‍ പണിയെടുത്തവരുടെ പക്ഷത്തു നിന്നുകൊണ്ടാണോ? ഈ ഒരു സം ഘർഷം മീനാക്ഷി അതി ഗംഭീരമായി കൈകാര്യം ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലുടനീളം. ഒരുപക്ഷത്തിലുള്ള ബേജാറ്, ബുദ്ധിമുട്ടുകള്‍, വയ്യായ്കകള്‍, സാധ്യതകള്‍, സന്തോഷങ്ങള്‍, ദുഃഖം, സങ്കടം, മരണം, അങ്ങനെയെല്ലാം കൃത്യമായി ആവിഷ്കരിക്കാൻ ഈ പുസ്തകത്തിന് പറ്റിയിട്ടുണ്ട്.

അതോടൊപ്പം ഇതൊരു ശാസ്ത്ര പുസ്തകമാണ്. ജോഗ്രഫി പഠിപ്പിക്കുന്നവരെ സംബന്ധിച്ച് മാത്രമല്ല, മറ്റുള്ളവർക്കും ഒരു ഗവേഷണ മനസ്സോടുകൂടി ഈ പുസ്തകത്തെ സമീപിച്ചാല്‍ അത് തുറന്നുതരുന്ന ഒത്തിരി കാഴ്ചകളുണ്ട് - മറ്റ് പല വിഷയങ്ങൾ സംബന്ധിച്ച് , പല ഉപകരണങ്ങളെക്കുറിച്ച്‌ , ആ സമയത്തുണ്ടാകുന്ന ഹ്യൂമെൺ ഇൻട്രാക്ഷനെക്കുറിച്ച്‌ . മാത്രമല്ല അതിന്റെ ഭാഷ അത് മലയാളത്തിലാവുന്നു എന്നത് അതി ഗംഭീര്യമായ ഒരു കാര്യമാണ്. ലോകത്തില്‍ എവിടെയും എഴുതപ്പെടാത്ത ഒരു പുസ്തകമായിട്ട് ഭൗമചാപം മാറുന്നതിന്റെ കാരണം മലയാളത്തില്‍ എഴുതപ്പെടുന്നു എന്നതു മാത്രമല്ല അത് ഈ ഭൂമിയുടെ ചരിത്രമായിട്ടും സാഹിത്യമായിട്ടും എഴുത്തുകളുമായിട്ടുംമുൻ പരിചയങ്ങളായിട്ടും മുൻ ശാസ്ത്രധാരണകളുമായിട്ടും നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നു എന്നതുകൊണ്ടാണ്. എങ്ങനെയാണ് കാളിദാസ കൃതികളുമായിട്ട് അത് ബന്ധപ്പെടുന്നത് - കാളിദാസൻ എഴുതുന്ന സമയത്ത്അദ്ദേഹം കഥ പറയാൻ പോകുന്ന സ്ഥലം ഇതാണ് എന്ന് പറയാനായി അന്ന് എങ്ങനെ പറ്റി , കാളിദാസന്റെ ജീവിതകാലത്ത് എങ്ങനെയാണ് ഇന്ത്യയെ അങ്ങനെ കാണാൻ പറ്റുക, ഒരുപക്ഷെ വിമാനത്തിലൊക്കെ യാത്രചെയ്താല്‍ മാത്രം കാണാൻ പറ്റുന്ന ഒരു കാഴ്ച അന്നെങ്ങനെയാണ് കാണാൻ സാധ്യമായത്? ഇതിഹാസങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചിട്ട് - എങ്ങനെയാണ് സീതയെ നേടിയതിനുശേഷം രാമൻ പുഷ്പവിമാനത്തില്‍ തിരിച്ചു പോകുന്ന സമയത്ത് പോകുന്ന വഴികള്‍ വർണ്ണിക്കുന്നത് - ഒരു വിമാനത്തില്‍ നിന്ന് മാത്രം സാദ്ധ്യമാവുന്നതുപോലെയുള്ളൊരു കാഴ്ച എങ്ങനെയാണ് രാമായണത്തില്‍ എഴുതിവെക്കപ്പെട്ടുള്ളത് എന്നുള്ള അത്ഭുതം. അതോടൊപ്പം തന്നെകുറച്ചുകൂടി സമീപസ്ഥമായ സം ഘ കാല കൃതികളുമായിട്ട് മേപ്പിങ് പ്രോസസ്സിനുള്ള ബന്ധം. ഇത്തരത്തില്‍ ഈ ഒരു പുസ്തകം ഇവിടെ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് ഉറപ്പിക്കുന്ന ഒരു പുസ്തകം കൂടിയാണിത്. മറ്റൊരുപ്രധാനപ്പെട്ട കാര്യം ഇത് ഈ സർവ്വേ അടയാളപ്പെടുത്താൻ ‍ശ്രമിച്ച ഒരു വലിയ ഭൂപ്രദേശത്തിന്റെ രാഷ്ട്രീയ അതിരുകളൊക്കെ പല സമയത്തും മാറ്റി വരക്കപ്പെട്ടിട്ടുണ്ട്. അതില്‍ സംസ്ഥാനങ്ങളുടെ അതിർത്തികള്‍മാറ്റിവരക്കപ്പെട്ടിട്ടുണ്ട്, രാജ്യത്തിന്റെ തന്നെ അതിർത്തികള്‍ മാറ്റിവരക്കപ്പെട്ടിട്ടുണ്ട്. പക്ഷെ എന്തൊക്കെ മാറ്റം വരുത്തിയാല്‍ പോലും കൃത്യമായി നിലനില്ക്കുന്ന അക്ഷാo ശ രേഖകളും രേഖാംശ രേഖകളും അവിടെ സ്ഥലങ്ങളെഅടയാളപ്പെടുത്തുന്ന ഒരു പ്രക്രിയയുടെ കഥയാണിത്. അതുകൊണ്ടു തന്നെ ഇത് ശാശ്വതമായ ഒരു അറിവിന്റെ ഉല്പാദന പ്രക്രിയ കൂടിയാണ്. ആ തരത്തില്‍ ഒരു അറിവ് ഉല്പാദിപ്പിക്കുന്ന പ്രക്രിയയില്‍ എങ്ങനെയാണ് ആളുകള്‍ ഇടപെട്ടിട്ടുള്ളത്? പെട്ടെന്ന് നമുക്ക് സാദൃശ്യം തോന്നാവുന്നത് ഹോർത്ത്യൂസ് മലബാറിക്കോസ് (Hortus Malabaricus) പോലുള്ള പുസ്തകങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ടിട്ടാണ്. വാൻ റീഡ് (Hendrik van Rheede) ഇവിടെവരുകയും ഇവിടെയുള്ള മനുഷ്യരുമായി ഇടപെടുകയും സസ്യങ്ങളെക്കുറിച്ചറിയുന്ന ആളുകളെ കണ്ടെത്തി അവരോട് സംസാരിക്കുകയും അവരില്‍നിന്ന് അറിവ് ശേഖരിക്കുകയും ചെയ്തത്. അന്നത്തെ കഥകള്‍ എങ്ങനെയാണെന്നു വച്ചാല്‍ ബ്രാഹ്മണനോട് സംസാരിക്കുന്നു, ബ്രാഹ്മണർക്ക് വിവരം അറിയാൻ അവർ താഴ്ന്ന ജാതിക്കോരോട് സംസാരിക്കേണ്ട ആവശ്യമുണ്ട്. അപ്പോള്‍ ഇന്ന് നമ്മള്‍ പറയുന്നതുപോലുള്ള അവരെ തൊട്ടുകൂടകണ്ടുകൂട എന്ന് പറയുന്ന കാര്യത്തെ മറികടക്കുന്ന ഒരു രീതിയൊക്കെയുണ്ട്. അത് പോവുകയും അവരോട് സംസാരിക്കുകയും അത് കഴിഞ്ഞ് അതിന്റെ പ്രായശ്ചിത്വം ചെയ്ത് തിരിച്ചുവരുകയും ചെയ്യുന്ന ഒക്കെ തരത്തില്‍ ആവർക്കിനോടുള്ള ഇൻവോള്‍മെന്റ് ഹോർത്ത്യൂസ് മലബാറിക്കസ് എന്ന പുസ്തകത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് വായിച്ചെടുക്കാൻ പറ്റും.

അത്ര കൃത്യമായ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ലാത്ത ബ്രിട്ടീഷുകാരുടെ എഴുത്തുകളില്‍നിന്നുമാത്രം ലഭ്യമാവുന്ന വിവരങ്ങള്‍ വെച്ചുകൊണ്ടാണ് മീനാക്ഷി ഒരു മറുവശം കൂടി നിർമിച്ചു പോവുന്നത്. ഒരു ചരിത്രകാരി ചെയ്യേണ്ടതുപോലെത്തന്നെ കിട്ടിയ ദത്തങ്ങളെ മുൻനിർത്തി അതിന്റ പുറകിലേക്ക് നോക്കാനും അങ്ങനെയാണെങ്കില്‍ ഇതാണ് എന്റെ മുന്നില്‍ കിട്ടിയ വസ്തുതയെങ്കില്‍ അതിന്റെ പുറകിലുള്ള കഥ എന്താവാമെന്ന് എന്ന്ആലോചിച്ചു അതുകൂടി എഴുതിവെച്ചു പോകുമ്പോഴാണ് ഭൗമചാപം ഒരു ശാസ്ത്ര പുസ്തകം മാത്രമല്ല ഒരു ചരിത്ര രേഖകൂടിയായി മാറുന്നത്. ഇത്തരത്തില്‍ അത് എഴുതിപ്പോകുന്ന സമയത്തുള്ള ഭാഷയെകുറിച്ചും നമ്മള്‍ അറിയേണ്ട ആവശ്യമുണ്ട്. മീനാക്ഷി ആയതുകൊണ്ടുതന്നെയാവാം ബ്രിട്ടീഷുകാർ ഇന്ത്യയില്‍ വന്നതിനെക്കുറിച്ച് അതിന്റ ഗുണകരമായ വശങ്ങളെക്കുറിച്ച് പലപ്പോഴും പറയാറുണ്ട്. ദോഷ കരമായ വശങ്ങളെക്കുറിച്ച് പലപ്പോഴുംപറയാറുണ്ട്. ബ്രിട്ടീഷുകാർ വന്നില്ലായിരുന്നെങ്കില്‍ ഇവിടെ ഒരു സന്യാസിപോലും ഉണ്ടാവില്ല എന്ന് നാരായണ ഗുരു പറഞ്ഞതു മുതല്‍ ഇവിടെ റെയില്‍വെ ഉണ്ടാവില്ലായിരുന്നു, ഇവിടെ ജനാധിപത്യം വരില്ലായിരുന്നു. അങ്ങനെഅതിന്റെ ഗുണകണങ്ങളെക്കുറിച്ച് പറയുന്നതുപോലെത്തന്നെ ബ്രിട്ടീഷുകാ‍ർ കൊള്ളയടിക്കപ്പെട്ട വിഭവങ്ങളുണ്ടായിരുന്നെങ്കില്‍, നമ്മള്‍ വളരെ സമ്പന്നമായ രാജ്യം ആവുമായിരുന്നു എന്ന നിലയ്ക്ക് ബ്രിട്ടീഷുകാരുടെവരവിനെക്കുറിച്ചുള്ള ദോഷ കരമായ വസ്തുതകളും എല്ലാം നമ്മുടെ മുന്നിലുണ്ട്. നോക്കൂ മീനാക്ഷി എങ്ങനെയാണ് അത് ആവിഷ്കരിച്ചതെന്ന് : "വേരിലൂടെ ജലമെന്ന പോലെ ഞരമ്പിലൂടെ വിഷമെന്ന പോലെ" അങ്ങനെയാണ്മീനാക്ഷി അതെഴുതുക.

ഒരു പക്ഷെ സിനിമാ ഗാനങ്ങളുമായിട്ടുള്ള വലിയ ബന്ധം നമുക്ക് ഇടയ്ക്ക് ഭാഷയില്‍ തെളിഞ്ഞുകാണാം - 'ഏകാന്തതയുടെ അപാര തീരം' എന്നൊക്കെ വന്നുപോവുന്നുണ്ട്. എഴുത്തില്‍. രസകരമായ ഒത്തിരി ഒത്തിരി ലിങ്കുകൾ നമുക്കിതില്‍ വായിച്ചെടുക്കാൻ പറ്റും. ബുക്കിനകത്തെ പ്രധാനപ്പെട്ട ശാസ്ത്രീയമായ സംഘർഷങ്ങളും ഇതില്‍ ആവിഷ്കരിക്കുന്നു. ഒരു സ്ഥലത്തിന്റെ മേപ്പ് വേണം അത് എത്ര പെട്ടെന്ന് വേണം അത് എത്ര കൃത്യതയില്‍ വേണം. എങ്ങനെയാണ് വേഗതയും കൃത്യതയും തമ്മിലെ

സംഘർഷത്തില്‍ ഏർപ്പെടുന്നത്. പെട്ടെന്നു തയ്യാറാക്കിയാല്‍ അതിന്റെ കൃത്യത കുറയും. വളരെ കൃത്യമായി തയ്യാറാക്കണം എന്നുവെച്ചാല്‍ വളരെ പതുക്കെയേ സാധ്യമാവു. ഇതിലേതാണ് വേണ്ടിവരുക. എത്ര പെട്ടെന്ന് തയ്യാറാക്കണം എന്നതാണ് പ്രധാനം. അതും എത്ര കൃത്യമായി തയ്യാറാക്കണം എന്നതാണ്. എത്ര പെട്ടെന്ന് ഡാറ്റ കലക്ട് ചെയ്യാം എന്നതാണോ അതോ എത്ര കൃത്യമായി ‍ഡാറ്റ കലക്ട് ചെയ്യാമെന്നതാണോ പ്രധാനം. ഒരു ഗവേഷകന്റെ ജീവിതത്തിലുണ്ടാവുന്ന ഈ സംഘർഷങ്ങളൊക്കെത്തന്നെ ഈ പുസ്തകത്തിന്റെ പേജുകളില്‍ നിറഞ്ഞുനില്ക്കുന്നുണ്ട്.

മൂന്ന്

ഇപ്പോള്‍ നാലാം എഡിഷനിലേക്ക് കടന്ന ഭൗമചാപത്തിന്റെ ഏറ്റവും പ്രധാന പരിമിതി അതിന്റെ പ്രൊഡക്ഷൻ ആണ്. ഇങ്ങനെയേ അല്ല ഈ പുസ്തകം പ്രസിദ്ധീകരിക്കണ്ടത്. ഇതൊരു നോവല്‍ പോലെ- ഡമ്മി വൺ ഫോർത്തില്‍ പുസ്തകം തുറന്നുകഴിഞ്ഞാള്‍ അതിന്റ ഇടതുഭാഗത്തിനും വലതുഭാ‍ഗത്തിനും ഇടയ്ക്ക് കുടുങ്ങിപ്പോയ അക്ഷരങ്ങള്‍ വായിച്ചെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. പുസ്തകത്തിലെ ഭൂപടങ്ങള്‍ ഒന്നും തന്നെ വ്യക്തമല്ല. അതിനെ രണ്ടാമതായി വരയ്ക്കേണ്ടതുണ്ട്. അത് കളർ ആക്കേണ്ടതുണ്ട്. കുറച്ചുകൂടി വലിയ ഫോർമാറ്റില്‍ ഈ പുസ്തകം വരേണ്ട ആവശ്യമുണ്ട്. ഇത്തിരികൂടി വലുപ്പമുള്ള അക്ഷരങ്ങള്‍ ആവശ്യമുണ്ട്. അതിനകത്തെ ഇൻസേർട്ടുകളെല്ലാം പ്രത്യേകിച്ച് ബോക്സുകളായി കളർഫുള്‍ ആയി കൊടുക്കേണ്ട ആവശ്യമുണ്ട്. ഇത് ഒരു ഗംഭീര്യ പാഠപുസ്തകമായിട്ട് മികച്ച ഫോർമാറ്റില്‍ വായിക്കാൻ പറ്റുക തന്നെ വേണം. അത്ര ഗംഭീര്യമായ ഒരു വ‍ർക്ക് ആണ് ഇത്. ഇത് വായിക്കാത്ത ഒരു വിദ്യാർത്ഥിയേയും ഞാൻ ഗൈഡ് ചെയ്യില്ലാ എന്നു പറഞ്ഞിട്ട് കുറേ നാളായ്. അതുകൊണ്ട് തന്നെ എന്റെ വിദ്യാർത്ഥികൾ എല്ലാവരും ഈ പുസ്തകം വായിച്ചു കഴിഞ്ഞു. അവരോട് സംസാരിക്കണം എന്നുണ്ടെങ്കില്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടാവണം എന്ന നിർബന്ധത്തിലേക്ക് എന്നെ എത്തിക്കുന്ന തരത്തിലുള്ള ഒരു പുസ്തകമാണി ത്. ഭൂപടങ്ങളുമായിട്ടുള്ള ബന്ധം പ്രതിദിനം കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷം നേപ്പാളില്‍ ഒരു പ്രോജക്ട് ചെയ്യുകയുണ്ടായി. അവിടുത്തെ അധിനിവേശ ജീവജാലങ്ങളെ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങള്‍ അവിടുത്തെ വനം വകുപ്പിന് കൊടുക്കുന്നതിനാവിശ്യമായ പഠനമായിരുന്നു. പഠനം ഏകദേശം അതിന്റെ അവസാന ഘട്ടത്തിലെത്തി. മേപ്പുകള്‍ തയ്യാറാക്കി നേപ്പാളിലേക്ക് അതിന്റെ ഗ്രാഫ്റ്റ് അയച്ചുകൊടുത്തപ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. കാരണം നേപ്പാൾ മേപ്പിന്റെ ഇടതുവശം മുകള്‍ ഭാഗത്തായി ഒരു ചെറിയ കൊമ്പുപോലെ നില്ക്കുന്ന ഒരു ഭാഗം ഇന്ത്യൻ സർക്കാ‍ർ അംഗീകരിച്ചിട്ടില്ല. അത് ഇന്ത്യയുടെതാണെന്ന് ഇന്ത്യയും നേപ്പാളിന്റേതാണെന്ന് നേപ്പാളും പറയുന്നുണ്ട്. അതിനിടയ്ക്ക് തൊട്ടുമുമ്പുണ്ടായിരുന്ന നേപ്പാൾ രാജാവ് പഴയ മേപ്പ് അബദ്ധത്തിൽ ഒരു വിശേഷ ദിവസം അദ്ദേഹത്തിന്റെ ഫോട്ടോയും വെച്ച് പ്രസിദ്ധീകരിച്ചു . ഇന്ത്യൻ അംബാസിഡർ അതു കാണുകയും ഇന്ത്യ സമ്മതിച്ച ഭൂപടം നേപ്പാളും സമ്മതിച്ചു എന്ന് പറഞ്ഞു ഒരു ഡോക്യുമെന്റായി പ്രസിദ്ധികരിച്ചു. നേപ്പാള്‍ ശക്തമായി വിയോജിക്കുകയും ചെയ്തു. ഞങ്ങളുടെ പഠനത്തിനുശേഷം ഇപ്പോള്‍ നമ്മള്‍ അന്വോഷിക്കുന്നത് അധിനിവേശ ജീവികളെ ഏത് ഭൂപടത്തില്‍ നമ്മള്‍ അടയാളപ്പെടുത്തണം എന്നതാണ്. അധിനിവേശ ജീവികൾക്ക് നമ്മള്‍ നിശ്ചയിക്കുന്ന അതിരുകളൊന്നും ബാധകമല്ല. അത് അങ്ങോട്ടുപോവും ഇങ്ങോട്ടുപോവും. അവിടെത്തെ കാറ്റ് ഇങ്ങോട്ടു വരും. ഇവിടത്തെ പുഴകള്‍ അങ്ങോട്ടേക്ക് ഒഴുകും. ഇവിടെത്തെ പക്ഷികള്‍ അങ്ങോട്ടേയ്ക്ക് പറന്നുപോവും. അങ്ങനെയൊക്കെയുള്ള ഒരു അവസ്ഥയില്‍ ഭൂപടം എന്നത് മനുഷ്യന്റെ മാത്രം ഒരു ആവശ്യമുള്ള മനുഷ്യൻ മാത്രം ബഹുമാനിക്കുന്ന ഒരു വസ്തുവായിട്ട് നില്ക്കുന്നു.

ഭൂപടത്തിന്റെ നിർമിതിയുമായി ബന്ധപ്പെട്ട് ഒരുപക്ഷേ ലോകത്തില്‍ ഇനി ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഇതിനുമുന്നേ ഒരിക്കലും നടക്കാത്ത ദി ഗ്രെയിറ് ട്രിഗണോമിക്കൽ സർവേ (Great Trigonometrical Survey) യുടെ ഗംഭീര്യമായ ഒരു ഡോക്യുമെന്റേഷൻ ഏറ്റവും നന്നായി നടക്കേണ്ടതായിട്ടുണ്ട്. ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചു രമ പറഞ്ഞതുപോലെ ആരെങ്കിലും ഈ എഴുത്തിനെ കൊല്ലുന്നുണ്ടെങ്കില്‍ അത് അതിന്റ പ്രൊഡക്ഷൻ ആണ്. ഈ പുസ്തകം അത് അർഹിക്കുന്ന ഫോർമാറ്റിലേക്ക് പ്രസിദ്ധീകരിക്കണം എന്നാവശ്യമാണ് എന്റെ ഭാഗത്തുനിന്ന് മുന്നോട്ട് വെയ്ക്കാനുള്ളത്.

ഭൂപടങ്ങളുമായി ബന്ധപ്പെട്ട് അതിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പഠിക്കുന്ന സമയത്ത് ആരാണ് ഭൂപടം വരയ്ക്കുന്നത് എന്നത് പ്രധാന ഒരു കാര്യമാണ്. ഒരു ഭൂപടത്തിലും കുട്ടികള്‍ക്ക് കളിക്കാനുള്ള ഒരുസ്ഥലവും ഉണ്ടാവില്ല. ഒരു പുഴ ഉണ്ടെങ്കില്‍ പുഴയില്‍ എവിടെയാണ് ഇറങ്ങി കുളിക്കാൻ പറ്റുക എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാവില്ല. എവിടെയാണ് കന്നുകാലികളെ മേയ്ക്കാൻ പറ്റുക, എവിടെയാണ് വിറകെടുക്കാൻ പറ്റുക എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതൊന്നും ഇല്ലാത്തതിന്റെ കാരണം ഭൂപടം വരയ്ക്കുന്നത് എപ്പോഴും ഭരണകൂടം ആണ് എന്നത് കൊണ്ടാണ്. ഒരു കോളേജ് ക്യാമ്പസിന്റെ മേപ്പ് വരയ്ക്കുമ്പോൾ അവിടെ പ്രണയിക്കാനുള്ള ഇടങ്ങള്‍ എവിടെയാണ് എന്ന് ആരും അടയാളപ്പെടുത്താറില്ല.

പക്ഷെ ഇത് പ്രധാനപ്പെട്ടതാണ്. കാരണം കോളേജിന്റെ ഭൂപടം വരയ്ക്കുന്നത് കോളേജിന്റെ അധികാരികളാണ്. ഒരു രാജ്യത്തിന്റെ ഭൂപടം വരയ്ക്കുന്നത് ഭരണാധികാരികള്‍ ആയതുകൊണ്ടും അത് വളരെ രഹസ്യമായ ഡോക്യുമെന്റുകളായതുകൊണ്ടും അത് ഏറ്റവും നന്നായി ഉപയോഗിക്കപ്പെടുന്നത് പണ്ട് ബ്രിട്ടീഷുകാർ ചെയ്തപോലെ യുദ്ധത്തിനാണെന്നതു കൊണ്ടും ഏറ്റവും നന്നായി മേപ്പ് വരയ്ക്കാൻ കഴിയുന്നവരാണ് വിജയിക്കുക എന്നത് കൊണ്ടും ആ തരത്തില്‍ തന്നെയാണ് മേപ്പിന്റെ നിർമാണവും വ്യാപനവും നടന്നിട്ടുള്ളത്. അതില്‍ നിന്ന് കിട്ടുന്ന ചെറിയ ചില സൗകര്യങ്ങളാണ് സാധാരണ മനുഷ്യർക്ക് ലഭ്യമാവുക. ഗൂഗില്‍ ഏർത്തിലെ മേപ്പുകള്‍ നോക്കിയാൽ നമുക്കറിയാം അമേരിക്കയുടെ നഗരങ്ങളില്‍ ഏകദേശം രണ്ട് മീറ്റർ റസല്യൂഷനിലൊക്കെ കാര്യങ്ങള്‍ കാണാൻ കഴിയും. അടുത്തടുത്ത രണ്ട് വസ്തുക്കള്‍ രണ്ട് വസ്തുക്കളാണെന്ന് തിരിച്ചറിയാൻ പറ്റുന്ന രീതിയില്‍ കാണാൻ പറ്റുക, രണ്ട് കെട്ടിടങ്ങള്‍ തമ്മില്‍ എത്ര വ്യത്യാസം ഉണ്ടെങ്കിലാണ് അത് രണ്ട് കെട്ടിടങ്ങളായി മനസ്സിലാക്കാൻ പറ്റുക എന്ന അളവിനെയാണ് നമ്മള്‍ റസല്യൂഷൻ എന്നു പറയുക. അതേ സമയം മറ്റ് പല ഭാഗങ്ങളിലും അത്ര റസല്യൂഷനിലുള്ള മേപ്പുകള്‍ നമുക്ക് ഇപ്പോഴും ലഭ്യമല്ല. ലോകത്തിലെ എല്ലാവരുടെയും ജീവന്റെ വില ഒന്നല്ല എന്നതുപോലെത്തന്നെ. ലോകത്തിലെ വിവിധ ഭൂപടങ്ങളുടെയും റസല്യൂഷനുകളും വ്യത്യാസമാണ്.

അമേരിക്കയിൽ ധാരാളം കറുത്ത വർഗ്ഗക്കാർ ജീവിക്കുന്ന സ്ഥലത്തെ വലിയ അപകടങ്ങളുണ്ടാകുന്ന സമയത്ത് പേമാരിയുണ്ടാകുന്ന സമയത്ത് ചുഴലിക്കാറ്റ് വീശിയടിക്കുന്ന സമയത്ത് ഏറ്റവും നല്ല മേപ്പിനുള്ള സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ പോലും വേണ്ട റസല്യൂഷനോടെ മേപ്പ് ചെയ്തിട്ടില്ലെങ്കില്‍, അങ്ങനെ പുതിയ മേപ്പുകള്‍ വരയ്ക്കുക എന്നത് ഒരു രാഷ്ടീയപ്രവർത്തനമാണ് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ ഈ പുസ്തകം അത് ഒരു ചരിത്രരേഖ മാത്രമല്ല, ഒരു ശാസ്ത്രരേഖമാത്രമല്ല ഒരു പൊളിറ്റിക്കല്‍ രേഖ കൂടിയാണ്.

എന്തായാലും ഒത്തിരി സന്തോഷം ഈ ചർച്ചയില്‍ പങ്കെടുക്കാൻ സാധിച്ചതിന്. ധാരാളം വായനകള്‍ ആവശ്യപ്പെടുന്ന ഒരു പുസ്തകമാണ് ഭൗമചാപം.

കോഴിക്കോട് ലൈഫ് ഫെസ്റ്റിവലില്‍ സംസാരിച്ചത്

Related Stories

No stories found.
logo
The Cue
www.thecue.in