ഓർമ്മ ജീവിതം തന്നെയാണ്: അനിലേഷ് അനുരാഗ് അഭിമുഖം

ഓർമ്മ ജീവിതം തന്നെയാണ്: അനിലേഷ് അനുരാഗ് അഭിമുഖം
ഓർമ്മകളെ അടയാളപ്പെടുത്തുന്ന ആഴത്തിലുള്ള ചിന്തകളെ വായനക്കാരിലേക്ക് എത്തിക്കുന്ന എഴുത്തുകാരനാണ് അനിലേഷ് അനുരാഗ്. കവിത, ഓർമ്മക്കുറിപ്പുകൾ, യാത്രാവിവരണം എന്നിവയിലൂടെ തന്റെ നിരീക്ഷണങ്ങളിലേക്കും ബോധ്യങ്ങളിലേക്കും വായനക്കാരനെ കൊണ്ടുപോകുന്നതിലെ അനായാസതയാണ് അദ്ദേഹത്തിനെ രചനകളെ വ്യത്യസ്തമാക്കുന്നത്. 'നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ്‌ അദൃശ്യമാകുന്ന ഇലകൾ', 'എത്ര നിറഞ്ഞാലും ഒഴിഞ്ഞുകിടന്ന നമ്മൾ' തുടങ്ങിയ മലയാളരചനകൾക്കു പുറമേ ഇംഗ്ലീഷിൽ 'ദ ഫാളെൺ ആൻഡ് ദ സ്നേക്ക് ബിറ്റൺ', 'ആർട് ഓഫ് ഡയിങ്' എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. എഴുത്തിനോടൊപ്പം തന്നെ സാഹിത്യം പഠിപ്പിക്കുകയും ചെയ്യുന്ന അനിലേഷ് ബ്രണ്ണൻ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനാണ്. എഴുത്തിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് അശ്വിൻ പ്രശാന്ത്, രാജേഷ് പഞ്ഞത്തൊടി എന്നിവരോട് സംസാരിക്കുകയാണ് ഈ അഭിമുഖത്തിൽ അദ്ദേഹം .
Q

എഴുത്തിലേക്കുള്ള കടന്നുവരവ്, സ്വന്തം എഴുത്തു രീതി എന്നിവയെക്കുറിച്ച് പറയാമോ?

A

എഴുത്ത് എന്നത് ഒരാളിൽ പെട്ടെന്ന് സംഭവിക്കുന്ന ഒരു പ്രതിഭാസമാണെന്ന് ഞാൻ കരുതുന്നില്ല. അക്ഷരങ്ങളിലൂടെ അവിഷ്കരിക്കപ്പെടുന്നതിനും ഒരുപാട് മുൻപേ തന്നെ ഒരാൾ മനസ്സിൽ എഴുതുന്നുണ്ടായിരിക്കണം. എഴുത്തുകാരനായി അറിയപ്പെടുമ്പോൾ മാത്രമാണ് അയാളുടെ ഉള്ളിൽ എക്കാലവുമുണ്ടായിരുന്ന അപ്രകാശിതസാഹിത്യത്തെ നാം കാണുന്നത് എന്ന് മാത്രം. എന്റെ എഴുത്തുകളും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല എന്നാണ് കടന്നുവന്ന ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് മനസ്സിലാക്കാനാകുന്നത്. ചെറിയ കുട്ടിയായിരുന്നതു മുതൽ എന്റെയുള്ളിൽ എഴുത്തുണ്ടായിരുന്നു. ഉള്ളിലെ ഈ നിശ്ശബ്ദായനമായ എഴുത്തിന് ഞാൻ മുതിർന്നുവരുന്നതിനനുസരിച്ച് ചില പ്രകാശനങ്ങളും ഉണ്ടായിരുന്നു. എങ്കിലും, എന്റെ ഉള്ളിലെ എഴുത്ത് സധൈര്യം പുറത്തുവരുന്നത് രണ്ടായിരത്തി പതിനാലിന് ശേഷമാണ്.

വ്യക്തി എന്ന നിലയിൽ, അറിവിനോട് ആദരവും സാഹിത്യത്തോട് ആഭിമുഖ്യവും ഉണ്ടായിരുന്ന ഒരു ചുറ്റുപാട് അവ അത്യാവശ്യമായിരുന്ന വളർച്ചയുടെ ഘട്ടത്തിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പ്രദായികവിദ്യാഭ്യാസവും പാണ്ഡിത്യവും നിഷേധിക്കപ്പെട്ടവരെങ്കിലും ഉയർന്ന ചിന്തയും അറിവുമുള്ള മനുഷ്യർക്കിടയിലാണ് - കുടുംബത്തിലും നാട്ടിലും - ഞാൻ വളർന്നത്. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സാഹിത്യാഭിരുചികളും പ്രോത്സാഹനങ്ങളും എന്നെ വായനയിലേക്കും പിന്നീട് എഴുത്തിലേക്കും നയിച്ചിട്ടുണ്ട്. കണ്ണൂരിലെ വായനശാലകൾ അക്കാലത്തെ മറ്റേതൊരു കുട്ടിക്കുമെന്ന പോലെ എനിക്കും അറിവിന്റെ ആദ്യ കളരികളായിരുന്നു. ആത്മഹർഷത്തോടെ സാഹിത്യം പഠിപ്പിച്ച അധ്യാപകരെ (അപൂർവ്വമെങ്കിലും) ചെറിയ ക്ലാസ്സ് മുതൽ എനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. എന്റെയുള്ളിൽ കനത്തു നിന്ന പലതിനെയും വിമോചിപ്പിക്കാനുള്ള ഒരു മാധ്യമത്തിനുള്ള അന്വേഷണം എന്നെ ഒടുവിൽ എഴുത്തിൽ കൊണ്ടെത്തിക്കുകയായിരുന്നു.

സത്യത്തിൽ ഒരാളുടെ എഴുത്തുരീതിയെക്കുറിച്ച് പറയേണ്ടത് അയാളുടെ വായനക്കാരാണ്. ഒരു വായനക്കാരൻ മാത്രമായി എന്റെ എഴുത്തുകളെ സമീപിച്ചാൽ ഞാൻ പറയുക അവ വൈകാരികമായ ഭാഷയിൽ ധ്യാനാത്മകമായി നടത്തുന്ന ഒരു കഥ പറച്ചിലാണ് എന്നാണ്. സ്വാധീനങ്ങളും പ്രചോദനങ്ങളും പലതുണ്ടെങ്കിലും എനിക്ക് മാത്രമെഴുതാൻ കഴിയുന്ന ഒന്ന് ഞാനെഴുതുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. സാഹിത്യത്തിന്റെ ലാവണ്യാത്മകതയിൽ അഭിരമിക്കുന്നതു കൊണ്ടാകണം പല സാഹിത്യവിഭാഗങ്ങളിൽ (genre) എഴുതുന്നുണ്ടെങ്കിലും സാഹിത്യത്തിലെ generic വർഗ്ഗീകരണത്തോട് എനിക്ക് താല്പര്യമില്ല.

Q

2014-2018 കാലയളവിൽ എഴുതി ഫെയിസ്ബുക്കിൽ പങ്കുവെച്ച ആശയങ്ങളുടെ സമാഹാരമാണല്ലോ 'നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ്‌ അദൃശ്യമാകുന്ന ഇലകൾ.' ഫെയിസ്ബുക്ക് പോസ്റ്റിൽ നിന്ന് പുസ്തകത്തിലേക്കുള്ള വളർച്ച എങ്ങനെയായിരുന്നു?

A

ഫെയ്സ്ബുക്കിലുള്ള എഴുത്ത് എനിക്ക് ബാധ്യതകളില്ലാത്ത ഒരു ആശയപ്രകടനമായിരുന്നു. സത്യത്തിൽ ഞാൻ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരുന്ന നിരീക്ഷണങ്ങളും ബോധ്യങ്ങളുമാണ് അന്ന് ഞാൻ ഫെയ്സ്ബുക്കിൽ എഴുതിക്കൊണ്ടിരുന്നത്. എത്രതന്നെ വ്യക്ത്യധിഷ്ഠിതമായ എഴുത്തിനും മറ്റു മനുഷ്യരെക്കൂടി സ്പർശിക്കുന്ന ഒരു തലമുണ്ടാകാമെന്ന് ഞാൻ മനസ്സിലാക്കുന്നത് ഇത്തരം ഫെയ്സ്ബുക്ക് എഴുത്തുകളിലൂടെയാണ്. അവ ഒരു പുസ്തകരൂപത്തിലാണെങ്കിൽ വായനക്കും സൂക്ഷിച്ചുവെക്കാനും കുറേക്കൂടി സൗകര്യമുണ്ടാകുമല്ലോ എന്ന ചിന്തയിൽ നിന്നാണ് പുസ്തകത്തിലേക്ക് തിരിയുന്നത്. ഒരു ഗൂഢപുസ്തകമെന്നതുപോലെ അതിപ്പോഴും നിരവധി മനുഷ്യരാൽ വായിക്കപ്പെടുന്നുണ്ട് എന്നറിയുന്നത് എനിക്ക് ഏറെ സന്തോഷം പകരുന്നു. മലയാളത്തിൽ പൊതുവെ അപരിചിതമായ 'ആത്മബോധ്യങ്ങൾ' (insights) എന്നൊരു വിഭാഗത്തിലാണ് ആദ്യപുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നത്.

Q

സാമൂഹ്യമാധ്യമങ്ങളിൽ വളർന്നുവരുന്ന എഴുത്തിടങ്ങളെക്കുറിച്ചും വായനയെക്കുറിച്ചുമുള്ള താങ്കളുടെ കാഴ്ച്ചപ്പാടുകൾ എന്തെല്ലാമാണ്?

A

രാഷ്ട്രീയം പോലെ സാമൂഹ്യമാധ്യമങ്ങൾക്ക് നിർണ്ണായകസ്വാധീനമുള്ള ഒരു മേഖലയായി സാഹിത്യവും മാറിയിരിക്കുന്നു. സാഹിത്യത്തിലെ ഈ പുതിയ പ്രവണതക്ക് നിരവധി മാനങ്ങളുണ്ട്. തീർച്ചയായും അതിലൊന്ന് എഴുത്തിന്റെ ജനാധിപത്യവൽക്കരണം തന്നെയാണ്. പല തരത്തിലുള്ള മേലാളത്തരങ്ങൾ ഇന്നും കുറഞ്ഞോ കൂടിയോ നിലനിൽക്കുന്ന സാഹിത്യവ്യവഹാരത്തിലേക്ക് അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്കും പ്രവേശനം സാധ്യമാക്കുന്നതിൽ സമകാലിക സാമൂഹ്യമാധ്യമങ്ങൾക്ക് ചെറുതല്ലാത്ത ഒരു പങ്കുണ്ട്. ആൾക്കാർ തങ്ങളുടെ രാഷ്ട്രീയബോധ്യങ്ങൾ പോലെ സാഹിത്യധാരണകളെയും നിർഭയമായി വിളിച്ചു പറയാനുള്ള ഒരു വേദിയായി ഇതിനെ കാണുന്നുണ്ട്. അതേസമയം, അവ തെറ്റായ ചില ആശയ പ്രചരണത്തിൻ്റെയും വാഹനമാകുന്നുണ്ട്. അതിലൊന്ന് ആഴമോ ആത്മാർത്ഥതയോ ഇല്ലാത്ത എഴുത്തുകാർ സാമൂഹ്യമാധ്യമങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്ന അനർഹമായ പബ്ലിസിറ്റിയാണ്. 'ഫെയ്സ്ബുക്ക് മാഫിയ' എന്നൊരു പ്രയോഗം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ശക്തമായ എഴുത്ത് എന്നതിനു പകരം നന്നായി ചിലവാകുന്ന എഴുത്ത് എന്നൊരു തലത്തിലേക്ക് സാഹിത്യത്തെ ഇത് അധ:പതിപ്പിക്കുന്നുണ്ട്. സാഹിത്യത്തിന്റെ കരുത്തിനെയും സത്യസന്ധതയെയും ക്രമേണ ഇല്ലാതാക്കുന്നതിന് സാമൂഹ്യമാധ്യമങ്ങൾ ഒരു പ്ലാറ്റ്ഫോമാകരുത്.

Q

'എത്ര നിറഞ്ഞാലും ഒഴിഞ്ഞുകിടന്ന നമ്മൾ' എന്ന ഓർമ്മക്കുറിപ്പ് എഴുത്തുകാരന്റെ ചുറ്റുപാടുകളുടെയും അനുഭവങ്ങളുടെയും സൂക്ഷ്മതലങ്ങളെ വായനക്കാരിലേക്ക് എത്തിക്കുന്നുണ്ട്. ഓർത്തെടുപ്പുകളുടെ എഴുത്തനുഭവം എങ്ങിനെയായിരുന്നു?

A

ഓർമ്മ എന്നതിനെ ജീവിതത്തിന്റെ പ്രധാന രൂപകങ്ങളിലൊന്നായാണ് ഞാൻ കാണുന്നത്. ജീവിതത്തിൽ സംഭവിക്കുന്ന നിത്യപ്രതിഭാസങ്ങളിലൊന്ന് എന്നതിനപ്പുറം ഓർമ്മ ജീവിതം തന്നെയാണ്. ഓരോ ജീവിയും ഓർമ്മയുടെ ഒരു ഭൂഖണ്ഡത്തെ തന്നിൽ പേറുന്നുണ്ട്. പുതിയ ഓർമ്മകൾ ഉണ്ടാകുമ്പോൾ പഴയവ മനസ്സിന്റെ പുറകിലേക്ക് മാറ്റിവയ്ക്കപ്പെടുന്നു എന്നേയുള്ളൂ. ഇത്രയേറെ ജീവിതവുമായി ചേർന്നുനില്ക്കുന്നതിനാലാണ് സ്മൃതിനാശം ഒരാൾക്ക് മരണതുല്യമാകുന്നത്. എഴുത്തുകാർക്ക് ഉച്ചാടനം ചെയ്യാനാകാത്ത ഓർമ്മകളുടെ ഭൂതാവേശമുണ്ടാകും. അനിയന്ത്രിതമായ ഓർമ്മകളുടെ സുനാമികളാൽ അയാൾ ഒരേസമയം - ആനന്ദത്താലും, ദു:ഖത്താലും - പരീക്ഷീണനാകും.

വ്യക്തിപരമായി ഞാൻ ഓർമ്മശക്തി കൂടുതലുള്ള ആളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മുട്ടിലിഴഞ്ഞ ശൈശവത്തിലെ ചില സംഭവങ്ങൾ പോലും വളരെ വ്യക്തമായി ഇന്നുമെന്റെ മനസ്സിലുണ്ട്. അതുകൊണ്ടുതന്നെ എഴുതുമ്പോൾ ഈ ഓർമ്മകളുടെ ഒരു പുനരാവിഷ്കരണമുണ്ടാകും. എന്നാൽ വസ്തുനിഷ്ഠമായ ഓർമ്മയ്ക്കു പകരം ആഴത്തിലനുഭവിക്കുന്ന സ്മൃതിയാണ് ഞാൻ എഴുത്തിലൂടെ പ്രകടമാക്കാൻ ശ്രമിക്കാറ്. ഒരു ഭൂതകാലാനുഭവത്തിലെ ഭൗതികസാഹചര്യങ്ങളും അതിലുൾപ്പെട്ട യഥാർത്ഥ മനുഷ്യരും മറക്കപ്പെട്ടാലും രൂപമില്ലാത്ത ഒരു വികാരമായി അത് മനസ്സിൽ നിലനില്ക്കുന്നതായി കാണാൻ കഴിയും. അതിന്റെ മറ്റൊരു കാലത്തിലുണ്ടാകുന്ന വൈകാരികമായ ഈ പുനരനുഭവത്തിനെയാണ് ഞാൻ സ്മൃതി എന്നു വിളിക്കുന്നത്. 'എത്ര നിറഞ്ഞാലും ഒഴിഞ്ഞുകിടന്ന നമ്മൾ' പോലെയുള്ള എന്റെ ഓർമ്മക്കുറിപ്പുകൾ ഈയർത്ഥത്തിൽ സ്മൃതിരേഖകളാണ്.

Q

എഴുത്തിലെ അനൗപചാരിക സമീപനത്തെക്കുറിച്ച് പറയാമോ?

A

എഴുത്തിലെ ഔപചാരികതയെക്കുറിച്ച് പറയുന്നതാവും കൂടുതൽ സൗകര്യമെന്ന് തോന്നുന്നു. ഔപചാരികത എന്തല്ലയോ അതാവുമല്ലോ അനൗപചാരികത. ഒരു തരത്തിലും എഴുത്ത് അധികാരാടിസ്ഥാനത്തിലുള്ള ഒരു മേൽ-കീഴ് വ്യവസ്ഥയെ ഉൾക്കൊള്ളുന്നില്ല. എഴുത്തിൽ വലിപ്പച്ചെറുപ്പങ്ങളില്ല. ഉണ്ടാവാൻ പാടില്ല. പക്ഷേ, ഒരു വ്യവഹാരമായി അടയാളപ്പെടുത്തപ്പെടുമ്പോൾ സാഹിത്യത്തിന് മറ്റു വ്യവഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഭാഷയും ശൈലിയും പദ്ധതികളും ഉണ്ടാകും. സാഹിത്യത്തോട് ഒട്ടിച്ചേർന്നു നില്ക്കുന്ന തത്ത്വശാസ്ത്രത്തിൽ (ഫിലോസഫി) നിന്നു പോലും വ്യത്യസ്തമായ മാനസിക നൈപുണികളും ഭാവങ്ങളും പരിപ്രേക്ഷ്യവുമാണ് സാഹിത്യ വ്യവഹാരത്തിനുള്ളത്. ഉദാഹരണത്തിന്, തത്ത്വശാസ്ത്രത്തിൽ പലപ്പോഴും അഭികാമ്യമല്ലാത്ത 'കല്പന'(imagination) സാഹിത്യത്തിലെ ഒരു അനിവാര്യ മാനസിക നൈപുണിയാണ്. പറഞ്ഞുവന്നത് സാഹിത്യവ്യവഹാരത്തിൽ വ്യതിരിക്തമായ ചില ഘടകങ്ങളുണ്ട് എന്നതാണ്.

അതിനെ അടിസ്ഥാനപ്പെടുത്തിയാണ് നാം അതാവശ്യമുള്ള സാഹചര്യങ്ങളിൽ സാഹിത്യസൃഷ്ടികൾക്കിടയിൽ മൂല്യനിർണ്ണയം നടത്തുന്നത്. അതുകൊണ്ട് കൂടിയാണ് പൊതുജനസമ്മതിയുള്ള കൃതികളിൽ സാഹിത്യമൂല്യം ഉണ്ടാവണമെന്നുള്ള നിർബ്ബന്ധബുദ്ധി നമുക്കില്ലാത്തത്. കഠിനജീവിതയാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു, പരിസ്ഥിതിവാദം ഉദ്ഘോഷിക്കുന്നു, ജാതിവ്യവസ്ഥയെ എതിർക്കുന്നു, സ്ത്രീകൾക്കും ഭിന്ന ലൈംഗികർക്കും വേണ്ടി ശബ്ദമുയർത്തുന്നു എന്നതുകൊണ്ടു മാത്രം ഒരു കൃതിക്ക് ഉയർന്ന സാഹിത്യമൂല്യമുണ്ടാകണമെന്നില്ല. സാഹിത്യത്തിന്റെ ഈ സവിശേഷതയെ മാറ്റിനിർത്തിയാൽ, അതിൽ ഔപചാരികമായി ഒന്നുമില്ല.

Q

'ദ ഫാളെൺ ആൻഡ് ദ സ്നേക്ക് ബിറ്റൺ' എന്ന സമാഹാരത്തിലെ കവിതകൾ ജാപ്പനീസ് ഹൈക്കുവിനോട് സാമ്യമുള്ളവയാണല്ലോ. ഈ എഴുത്തുരീതി താങ്കളെ സ്വാധീനിച്ചിട്ടുണ്ടോ?

A

ശരിയാവും. വായനയുടെ ഒരു ഘട്ടത്തിൽ ഞാൻ ഹൈക്കുകൾ വായിക്കുകയും അതിന്റെ അനന്യമായ രചനാസങ്കേതത്തിൽ ആകൃഷ്ടനാവുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഒരു വ്യത്യസ്ത സാഹിത്യവിഭാഗം എന്ന രീതിയിലുള്ള ഹൈക്കുവിന്റെ രചനാരീതിയേക്കാൾ എന്നെയാകർഷിച്ചത് അതിലെ ഏറ്റവും കുറഞ്ഞ വാക്കുകൾക്കുള്ളിൽ അനാഡംബരവും ഗുപ്തവുമായി ഉരുവിടുന്ന ധ്യാനാത്മകമായ ജീവിതസത്യമാണ്. ഓഷോ തിരഞ്ഞെടുത്ത ഹൈക്കുകളും 'Zen Flesh and Zen Bones' പോലെയുള്ള പുസ്തകങ്ങളും എസ്റാ പൗണ്ടിന്റെ ഇമേജിസ്റ്റ് കവിതകളുമൊക്കെ എന്നെ ഒരുപാട് ആകർഷിച്ചിട്ടുണ്ട്. ഒരുപക്ഷെ അവയുടെയെല്ലാം അബോധപൂർവ്വമായ സ്വാധീനം എന്നിൽ ഉണ്ടായിട്ടുണ്ടാകാം. പക്ഷെ, ഈ കവിതകളെഴുതുമ്പോൾ ബോധതലത്തിൽ ഹൈക്കുവിനെ ഞാൻ മാതൃകയാക്കിയിട്ടില്ല.

എന്റെ കവിതകളുടെ രൂപവും സത്യത്തിൽ അതിന്റെ ഉള്ളടക്കവും അത് എഴുതുന്ന നിമിഷവും നിർമ്മിച്ചെടുക്കുന്നതാണ്. ആ പുസ്തകത്തിന് (The Fallen and the Snake-bitten) അവതാരിക എഴുതിയ പ്രശസ്ത എഴുത്തുകാരനും, മാൻഹട്ടൻ ബുക്ക് അവാർഡ് ജേതാവുമായ ടെഡ് മോറിസെ (Ted Morrissey) അവയ്ക്ക് ഹൈക്കുവിലുപരി ടാൻക (Tanka) എന്ന ജാപ്പാനീസ് കവിതാരൂപത്തോടാണ് കൂടുതൽ അടുപ്പമുള്ളതെന്ന് നിരീക്ഷിച്ചിട്ടുണ്ട്.

Q

ഓർമ്മക്കുറിപ്പുകൾ മലയാളത്തിലാണെങ്കിലും പലയിടങ്ങളിലും ഇംഗ്ലീഷ് ചെറുകവിതകൾ, സ്വന്തം കവിതകളുടെ പരിഭാഷ എന്നിവ ഉൾപ്പെടുത്തിയതിനെക്കുറിച്ച് കൂടുതൽ പറയാമോ?

A

രണ്ടു ഭാഷകളിലും ഞാൻ എഴുതാറുണ്ട്. പറയുന്ന കാര്യങ്ങളുടെ ഉള്ളടക്കവും ഭാവവുമനുസരിച്ച് ഓരോ എഴുത്തിനും ഓരോ ഭാഷകളാണ് അനുയോജ്യമായത് എന്നു തോന്നും. എഴുതിനോക്കുമ്പോൾ അത് ബോധ്യപ്പെടുകയും ചെയ്യും. ചിലത് രണ്ടു ഭാഷകളിലും എഴുതിയിട്ടുണ്ട്. അതിൽപ്പരം തർജ്ജമ എന്ന രീതിയിൽ എഴുത്തുകളെ പൊതുവെ സമീപിക്കാറില്ല. എത്ര നല്ല തർജ്ജമയാണെങ്കിലും മൊഴിമാറ്റുമ്പോൾ എഴുത്ത് ഒരു ഉടുപ്പ് - കൈമാറലിന് വിധേയമായതുപോലെയാണ് എനിക്ക് തോന്നാറ്.

Q

മറ്റ് എഴുത്തുകാരുടെ സ്വാധീനവും അവരുടെ ആശയങ്ങളുടെ/വരികളുടെ കടമെടുപ്പും താങ്കളുടെ പുസ്തകങ്ങളിൽ കാണാം. എഴുത്തിലെ ഇന്റർ-ടെക്സ്റ്റുവാലിറ്റിയെ എങ്ങിനെയാണ് കാണുന്നത്?

A

മറ്റേതൊരു മനുഷ്യ വ്യവഹാരത്തെയുംപോലെ എഴുത്തിനെയും ഒരു ബൃഹത്തായ പരമ്പരയുടെ ഭാഗമായാണ് ഞാൻ കാണുന്നത്. ഭൂമിയിലെ ആദിമനുഷ്യൻ മുതലാരംഭിക്കുന്ന ആ പരമ്പരയുടെ ഭാഗമായല്ലാതെ മനുഷ്യന് സാഹിത്യത്തിൽ ഒരു അസ്തിത്വമുണ്ടാകില്ല എന്ന് ഞാൻ കരുതുന്നു. വിശാലമായൊരർത്ഥത്തിൽ, അത് ചരിത്രം എന്ന ആശയം തന്നെയാണ്. മനുഷ്യന് മാത്രമാണ് ചരിത്രം എന്ന പരിവർത്തനമുള്ളത്. മറ്റു ജീവികൾക്കെല്ലാം ജൈവിക പരിണാമങ്ങളേയുള്ളു. അതുകൊണ്ടു തന്നെ എത്ര മൗലികമായ രചനകളിലും ഒരു എഴുത്തുകാരൻ അറിഞ്ഞോ അറിയാതെയോ പലരോടും പലതിനോടും കടപ്പെട്ടിരിക്കുന്നു. അതിൽ ശബ്ദവും ഭാഷയും പ്രയോഗങ്ങളും അലങ്കാരങ്ങളും രൂപകങ്ങളും ഉൾപ്പെടുന്നു. അവബോധമുള്ള ഏതൊരു മനുഷ്യനും സൈദ്ധാന്തികധാരണകളൊന്നും കൂടാതെ തന്നെ ഇത് തിരിച്ചറിയാനാകും. ഈയൊരർത്ഥത്തിൽ ഇന്റർടെക്സ്റ്റ്യുവാലിറ്റി എന്നത് പുതിയൊരു ആശയമല്ല.

മറ്റൊന്നിന്റെയും സ്വാധീനമോ, പ്രതിധ്വനിയോ ഇല്ലാത്ത ഏകശിലയാണ് ഒരു സാഹിത്യകൃതി എന്നത് ആധുനിക സാഹിത്യസിദ്ധാന്തത്തിന്റെ പ്രാരംഭദശയിൽപ്പെട്ട 'ന്യൂ ക്രിട്ടിസിസം' മുന്നോട്ടുവച്ച ഒരു വാദമാണ്. നവവിമർശനത്തിന്റെ വക്താക്കൾക്ക് പാഠം (text) എന്ന സങ്കേതം ജലമുക്തമായ ഒരു അറയാണ്. അതിന്റെ ചരിത്ര-രാഷ്ടീയ പരിസരങ്ങളും വായനക്കാരനും എഴുത്തുകാരനും വരെ അവർക്ക് പാഠത്തിന്റെ പുറത്തുള്ള കാര്യങ്ങളാണ്. ഘടനാവാദത്തോടെ സുദൃഢമാക്കപ്പെട്ട ഈ 'സർവ്വസ്വതന്ത്ര സാഹിത്യപാഠം' ഇരുപതാം നൂറ്റാണ്ടിന്റെ ബൗദ്ധികചക്രവാളത്തെ പ്രകമ്പനം കൊള്ളിച്ച ഉത്തരഘടനാവാദത്തിന്റെ (Post-Structuralism) വരവോടെ തകർന്നടിയുകയാണ്. നിയതമായ കേന്ദ്രവും തദ്വാരാ ഉണ്ടാകുന്ന കൃത്യമായ അതിർത്തികളും ലഭ്യമല്ലാത്ത ഒരു ജലാത്മകഅസ്തിത്വമാണ് പാഠം എന്നവർ കണ്ടെത്തി. കണിശമായ അതിർത്തികളില്ലാത്തതുകൊണ്ട് അകം/പുറം ദ്വന്ദ്വങ്ങളിൽ ഒതുക്കാനാകാത്ത ഒന്നാണ് പാഠം എന്നവർ വാദിച്ചു. ഓരോ പാഠങ്ങളും പലതിനോടും കടപ്പാടുള്ള പല പാഠങ്ങളാണെന്ന വിപ്ലവാത്മകമായ ആശയം അങ്ങനെയാണ് ശ്രദ്ധയിലേക്ക് വരുന്നത്. ജൂലിയ ക്രിസ്തേവ പരിചയപ്പെടുത്തിയ ഇന്റെർടെക്സ്റ്റ്യുവാലിറ്റി പിന്നീട് ബാർത്തിനാലും, ദെരിദയാലും സുശക്തമാക്കപ്പെട്ടു. സാഹിത്യ സിദ്ധാന്തം പഠിപ്പിയ്ക്കുന്ന അധ്യാപകൻ എന്ന നിലയിലും, എഴുത്തുകാരൻ എന്ന നിലയിലും ഞാൻ അവരുടെ വാദങ്ങളെ എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽക്കൂടി പിന്താങ്ങുകയാണ്. ഓരോ എഴുത്തും മറ്റെഴുത്തുകളുടെ കലർപ്പുള്ളതും അവയോട് കടപ്പെട്ടതുമാണ്. നമ്മളത് അംഗീകരിച്ചാലും ഇല്ലെങ്കിലും.

Q

ഭാഷ, സാഹിത്യം എന്നിവ പഠിപ്പിക്കുന്ന അദ്ധ്യാപകൻ എന്ന നിലയിൽ പൊതുവെ വിദ്യാർത്ഥികൾക്കിടയിൽ കവിതകളോടുള്ള പ്രതികരണം എങ്ങനെയാണ്?

A

കവിത എന്നതിനെ പൊതു സാഹിത്യനിർവ്വചനങ്ങൾക്കപ്പുറം മനുഷ്യമനസ്സിന്റെ സാന്ദ്രമായ ഒരു വാചിക ആവിഷ്ക്കാരമായാണ് നാം കാണേണ്ടത്. ആഴങ്ങളുമായുള്ള അഭിമുഖങ്ങളാണ് മനുഷ്യർ കവിതകളായെഴുതുന്നത്. അല്ലെങ്കിൽ അത്തരം തീക്ഷ്ണാനുഭവങ്ങളെക്കുറിച്ച് എഴുതുമ്പോഴാണ് കവിതകളുണ്ടാകുന്നത്. ഗദ്യമെന്ന പേരിലെഴുതിയ കാഫ്കയുടെയും കസാൻ ദ് സാക്കിസിന്റെയും ഖലീൽ ജിബ്രാന്റെയും രചനകൾ ഈയർത്ഥത്തിൽ കവിതകളാണ്. മലയാളത്തിൽ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസവും' രവീന്ദ്രന്റെ 'അകലങ്ങളിലെ മനുഷ്യരും', കല്പറ്റ നാരായണൻ മാഷുടെ 'കോന്തല' യും കവിതയല്ലാതെ മറ്റൊന്നല്ല.

സാഹിത്യത്തിന്റെ ഒരംശമെങ്കിലും രക്തത്തിലുള്ള ഒരാൾക്ക് കവിതയെ അവഗണിക്കാനാവില്ല. അതുകൊണ്ട് തന്നെ, കാലാനുസൃതമായ മാറ്റങ്ങൾ സാഹിത്യാഭിരുചിയിൽ സംഭവിക്കുന്നുണ്ടെങ്കിലും പൂർണ്ണമായും കവിതക്ക് പുറംതിരിഞ്ഞുനിൽക്കുന്നവരല്ല ഇന്നത്തെ തലമുറ എന്നാണെന്റെ നിരീക്ഷണം. അവരിലെല്ലാം ഒരു നേർത്ത ഞരമ്പിലൂടെ സാഹിത്യമൊഴുകുന്നുണ്ട്. പലരും നല്ല സാഹിത്യ സംവേദകത്വമുള്ളവരാണ്. അവരെ കവിതയുടെ അർക്കപ്രകാശത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യേണ്ടത് നമ്മുടെ കർത്തവ്യമാണ്. ഇരുപത് വർഷത്തോളമായി സാഹിത്യം പഠിപ്പിയ്ക്കുന്ന അധ്യാപകൻ എന്ന നിലയിൽ കുട്ടികളിൽ പ്രകടമാകുന്ന സാഹിത്യത്തോടുള്ള വിപ്രതിപത്തിയ്ക്ക് കാരണമായി ഞാൻ കാണുന്നത് കവിതയുടെ കരുത്തും ലാവണ്യവും തിരിച്ചറിയാത്ത അവരുടെ അധ്യാപകരെയാണ്.

Q

'നീയെന്നു മാത്രം എഴുതിയ കുറിപ്പ്', 'ആർട് ഓഫ് ഡയിങ്' തുടങ്ങിയ ഇറങ്ങാനിരിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് കൂടുതൽ പറയാമോ?

A

പല കാലങ്ങളിൽ ഞാനെഴുതിയ പ്രണയകവിതകളുടെ പുസ്തകമാണ് കൊല്ലം പ്രവ്ദ ബുക്സ് പുറത്തിറക്കുന്ന 'നീയെന്നു മാത്രമെഴുതിയ കുറിപ്പുകൾ'. അത് കൂടിയ ആത്മാംശമുള്ള ഒരു പുസ്തകമാണ്. പ്രണയികളെ അത് ബാധിക്കട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

പോസ്റ്റ് സ്ട്രക്ചറൽ പരിപ്രേക്ഷ്യത്തിൽ ആത്മഹത്യയെ വായിക്കാനുള്ള ശ്രമമാണ് 'Art of Dying' എന്ന അക്കാദമികപുസ്തകം. ഹൈദരാബദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എം.ഫിലിന് വേണ്ടി സമർപ്പിച്ച തീസിസ് ആണ് അത്യാവശ്യം തിരുത്തലുകൾക്കു ശേഷം ഇങ്ങനെ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്. അതിലെ ഒരു അധ്യായം ആത്മഹത്യ ചെയ്ത മലയാളത്തിലെ കഴിവുറ്റ കവികളായിരുന്ന നന്ദിത, ഷെൽവി എന്നിവരുടെ ജീവിതവും കവിതകളും മുൻനിർത്തിയ പഠനങ്ങളാണ്. അപഗ്രഥനത്തിലും (analysis), സിദ്ധാന്തത്തിലും (theory) അത് വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും ഒരു സഹായകഗ്രന്ഥമായിരിക്കും.

ഇവ കൂടാതെ ഒരു സുഹൃത്തുമായി നടത്തിയ യാത്രകളുടെ അനുഭവാഖ്യാനം ('രണ്ടാൾ വീതിയുള്ള പുഴ'), ഭീതിജനകമായ നിഗൂഢകഥകളുടെ ഒരു സമാഹാരം, കൂടുതൽ വിശാലമായൊരു ഓർമ്മക്കുറിപ്പ് എന്നിവ തയ്യാറായിക്കൊണ്ടിരിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in