കേരളത്തിൻ്റെ രാഷ്ട്രീയ മ്യൂസിയം

കേരളത്തിൻ്റെ രാഷ്ട്രീയ മ്യൂസിയം
Summary

കേരളം നടന്നു കയറിയ ജനാധിപത്യവഴികൾ അടയാളപ്പെടുത്തുന്ന പുസ്തകമാണ് ആർ.കെ. ബിജുരാജ് എഴുതിയ 'കേരളത്തിൻ്റെ രാഷ്ട്രീയചരിത്രം'.

എന്‍.ഇ.സുധീര്‍ എഴുതുന്നു

കഥയറിയാതെ ആട്ടം കാണുന്നവർ എന്ന ചൊല്ലിനെ ഓർമ്മിപ്പിച്ചു കൊണ്ടാണ് രാഷ്ട്രീയ കേരളം ഇന്നിപ്പോൾ ഓരോ ദിവസവും ഉറക്കത്തിലേക്ക് പോകുന്നത്. ചരിത്ര ബോധമില്ലാത്തവർ തമ്മിൽ നടക്കുന്ന അസംബന്ധ ജടിലമായ തർക്കവിതർക്കങ്ങൾ നമ്മുടെ രാഷ്ട്രീയബോധത്തെ വികലമാക്കിയിട്ടുണ്ട്.

കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം വിശദമായി ആരെങ്കിലും എഴുതിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചു പോയിട്ടുണ്ട്. സംഭവബഹുലമായ നമ്മുടെ ഇന്നലെകളെ വ്യക്തമായും കൃത്യമായും അടയാളപ്പെടുത്തുക എന്നത് ഒരു സാംസ്കാരിക പ്രവർത്തനമാണ്. അതുപോലെ ഒരു രാഷ്ട്രീയ പ്രവർത്തനവും. നിലവിലെ പൗരന്മാർക്ക്, പ്രത്യേകിച്ചും ആവേശത്തോടെ രാഷ്ട്രീയം പറയുന്ന യുവതലമുറയ്ക്ക് അവർ കേട്ടറിഞ്ഞ സംഭവങ്ങളെപ്പറ്റിയും, സൂചനകളെപ്പറ്റിയും അന്വേഷിച്ചു ചെല്ലാനും ആഴത്തിൽ വായിച്ചു മനസ്സിലാക്കാനും പറ്റിയ ഒരിടം. അതാണ് ആർ.കെ. ബിജുരാജ് രചിച്ച "കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം" എന്ന ബൃഹദ്ഗ്രന്ഥം. ഈ പുസ്തകത്തിൻ്റെ 990 പേജുകളിലായി 1956-ൽ കേരള സംസ്ഥാനം ഉണ്ടായകാലം തൊട്ട് ചരിത്രം തിരുത്തിക്കുറിച്ച രണ്ടാം പിണറായി സർക്കാറിൻ്റെ അധികാരത്തിൽ വരൽ വരെ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.

നേരിട്ടുള്ള രാഷ്ട്രീയ സംഭവവങ്ങളും രാഷ്ട്രീയത്തിന് സമാന്തരമായി നടന്ന ഇതര സംഭവ വികാസങ്ങളും ഇതിൽ ഇടം നേടിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ പരിസരത്ത് നിന്നു കൊണ്ട് മനസ്സിലാക്കുമ്പോൾ പലപ്പോഴും കൗതുകം തോന്നുന്നതും വിസ്മയിപ്പിക്കുന്നതുമായ ധാരാളം വിവരങ്ങൾ ബിജുരാജ് കണ്ടെത്തി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നൊരുപക്ഷേ പലരും വിശ്വസിക്കുവാൻ മടിച്ചേക്കാവുന്ന അറിവുകൾ പോലും ഈ ചരിത്രത്തിലുണ്ട്. അത്തരമൊരെണ്ണമാണ് ടി.വി. തോമസ് എന്ന നേതാവുമായി ബന്ധപ്പെട്ട വസ്തുതകൾ. കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി ടി.വി.യായിരുന്നെങ്കിൽ എന്നാലോചിച്ചു നോക്കാൻ തോന്നിപ്പിക്കുന്ന ആ സംഭവം ബിജുരാജ് ഇങ്ങനെ എഴുതിയിരിക്കുന്നു.

"സംസ്ഥാനത്ത് അഞ്ചു സ്വതന്ത്രരുടെ പിന്തുണയടക്കം 65 സീറ്റുകൾ ലഭിച്ചതിനാൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ സർക്കാർ രൂപീകരിക്കുന്നതിനെപ്പറ്റി തിരക്കിട്ട ചർച്ച നടന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി പദവി വഹിച്ചിരുന്നത് എം.എൻ.ഗോവിന്ദൻ നായരാണ്. ടി.വി. തോമസ്, സി. അച്യുതമേനോൻ തുടങ്ങിയ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യം ഉയർന്നു വന്നത്. ടി.വി. തോമസിൻ്റെ പേരിനായിരുന്നു പ്രാമുഖ്യം. കേരള രൂപീകരണത്തിന് മുമ്പുള്ള തിരു-കൊച്ചി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായിരുന്നു ടി.വി. തോമസ് (1954- 56). പുനപ്ര- വയലാർ സമരവേളയിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ടി.ടി.യു. സി) സെക്രട്ടറി, 1952-ൽ തിരു-കൊച്ചി നിയമസഭാംഗം, ആലപ്പുഴ മുൻസിപ്പാലിറ്റിയുടെ അധ്യക്ഷൻ, ട്രേഡ് യൂനിയനിസ്റ്റ്, ജനകീയ നേതാവ് എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രവർത്തനാനുഭവമുള്ള വ്യക്തി. പക്ഷേ, എം.എൻ. ഗോവിന്ദൻ നായർ ഉൾപ്പടെയുള്ള പാർട്ടി നേതൃത്വം തീരുമാനിച്ചത് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിനെയാണ്." (പേജ് 33)

ടി.വി. തോമസ്, ഇ.എം.എസ്‌

ടി.വി. തോമസ്, ഇ.എം.എസ്‌

1969 -ലെ ഇ. എം. എസിൻ്റെ രണ്ടാം മന്ത്രിസഭയുടെ കാലത്ത് തൻ്റെ മന്ത്രിസഭയിലെ അംഗങ്ങളായ എം .എൻ . ഗോവിന്ദൻ നായർക്കും ടി.വി. തോമസിനുമെതിരേ ഉയർന്ന അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. അങ്ങനെ അവരിരുവരും മന്ത്രി സ്ഥാനങ്ങൾ രാജിവെച്ചു. രാജി വെച്ച ശേഷം എം.എൻ. ഗോവിന്ദൻ നായർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ഇ.എം.എസ് എങ്ങനെ കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രിയായി എന്നതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ആ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളും ബിജുരാജ് പുസ്തകത്തിൽ ചേർത്തിട്ടുമുണ്ട്. (പേജ് 169) കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പും തുടർന്ന് അതുവരെ ഒരുമിച്ചു പ്രവർത്തിച്ചവർ പരസ്പരം ഏറ്റുമുട്ടിയ ചരിത്രവും നമുക്കിതിൽ വായിക്കാൻ കഴിയുന്നു. ഇതു പോലെ മറ്റു പാർട്ടികളിലെയും വിചിത്രവും തരം താണതുമായ നിരവധി സംഭവങ്ങൾ വായിച്ചു രസിക്കാം. അതോടൊപ്പം വസ്തുതാപരമായ ചില വിമർശനങ്ങൾക്കും ഗ്രന്ഥകാരൻ മുതിരുന്നുണ്ട്. ഭൂമിക്കായി കുടികിടപ്പ് പ്രക്ഷോഭം എന്ന അധ്യായത്തിലെ ഒരു ഭാഗം കാണുക.

" കൃഷിഭൂമി കർഷകന് എന്നതായിരുന്നു കമ്യൂണിസ്റ്റുകളുടെ പ്രഖ്യാപിത നിലപാട്. പക്ഷേ, ഈ തത്ത്വം ഭൂപരിഷ്കരണത്തിൽ പ്രയോഗിക്കപ്പെട്ടപ്പോൾ ഭൂമി ലഭിച്ചത് നായർ അടക്കമുള്ള സവർണ്ണ കുടിയാന്മാർക്കാണ്. മണ്ണിൽ പണിയെടുത്ത ദലിതരടക്കമുള്ളവർ പുറത്തായി;ഭൂമി പേരിന് മാത്രമാണ് ലഭിച്ചത്. 25 ഏക്കർ ഒരു കുടുംബത്തിന് കൈവശം വെക്കാമെന്നതും തോട്ടം മേഖല ഭൂപരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതും ഒരു ലൂപ് ഹോളായിരുന്നു. അതിലൂടെ ഭൂപരിഷ്കരണം തത്ത്വത്തിൽതന്നെ അട്ടിമറിക്കപ്പെട്ടു.

ഇ.എം.എസ്‌

ഇ.എം.എസ്‌

ചരിത്രപരമായി നോക്കിയാൽ, അയ്യൻകാളിയുടേതടക്കം നടന്ന അടിസ്ഥാന ജാതി-വർഗ വിഭാഗങ്ങളുടെ പോരാട്ടങ്ങളിൽ കാർഷിക മേഖലയും ഉൾപ്പെട്ടിരുന്നു. എന്നാൽ, കൃഷിഭൂമി എന്ന ആവശ്യം അയ്യൻകാളിയുടേതടക്കമുള്ള സമരങ്ങളിൽ മുഖ്യമായും ഉയർന്നിരുന്നില്ല. അയ്യൻകാളിയുടെ കാലത്തും അതിനുമുമ്പും പിമ്പും ഭൂമി അനുവദിച്ചു തരണമെന്ന് ദലിതർ രാജാധികാരത്തോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ആ ഘട്ടത്തിലും ഭൂപ്രശ്നം മുഖ്യമായി ഉന്നയിക്കപ്പെട്ടത് താമസിക്കാനുള്ള ഭൂമിയെന്ന തലത്തിലാണ്. സ്വന്തമായി മണ്ണില്ലാതിരുന്ന ദലിതർക്ക് അടിയന്തര ആവശ്യമായിരുന്നത് താമസിക്കാനുള്ള കൂരയാണ്. അതിനാൽ തന്നെ ആ ആവശ്യം ന്യായമായിരുന്നു. പക്ഷേ, അതിനുശേഷവും ഭൂമിക്കു വേണ്ടിയുള്ള മുറവിളി കേവലം താമസിക്കാനുള്ള സ്ഥലത്തിനു വേണ്ടിയായി ചുരുങ്ങി. " (പേജ് - 183- 84)

കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരത്തിലെത്തൽ, നമ്പൂതിരിപ്പാടിൻ്റെ ഭരണനയങ്ങൾ, ഒരണ സമരം, വിമോചന സമരം, മലപ്പുറം ജില്ല രൂപീകരണം, അഴിക്കോടൻ രാഘവൻ്റെ കൊലപാതകം, സൈലൻ്റ് വാലി സമരം, രാജൻ്റെ തിരോധാനം, നക്സലൈറ്റ് ഇടപെടലുകൾ, ചേകന്നൂരിൻ്റെ കൊലപാതകം, മാറാട്ടെ കൂട്ടക്കൊല, ശിവഗിരിയിലെ പോലീസ് ഇടപെടൽ, ചാരക്കേസ്, കരുണാകരൻ്റെ കാറപകടം, മുത്തങ്ങ സമരം, പി.ഗോവിന്ദപ്പിള്ളയ്‌ക്കെതിരെയുള്ള നടപടികൾ, കാസ്റ്റിങ്ങ് മന്ത്രി സഭ, ശരി അത്ത് വിവാദം, സി.പി.എമ്മിലെ വിഭാഗീയത, സൂര്യനെല്ലി കേസ്, മദനി, പ്ലാച്ചിമട സമരം, ലാവ്ലിൻ കേസ്, ടി.പി. കൊലപാതകം, ശബരിമല സമരം …. അങ്ങനെ ആധുനിക കേരളത്തിൻ്റെ ചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളെപ്പറ്റിയെല്ലാം ഒരേകദേശ ചിത്രം ഈ കൃതിയിലുണ്ട്. കേരളം എത്രയോ കാലമായി കാത്തിരിക്കുന്ന ഒരു പുസ്തകം എന്നു പോലും ഇതിനെ വിശേഷിപ്പിക്കാനാണ് എനിക്കു തോന്നുന്നത്. നമ്മുടെ ജനാധിപത്യം നടന്ന വഴികൾ കാണിച്ചുതരുന്നു എന്നതു തന്നെയാണ് ഇതിൻ്റെ ഏറ്റവും വലിയ സവിശേഷത.

എം.എന്‍.ഗോവിന്ദന്‍ നായര്‍

എം.എന്‍.ഗോവിന്ദന്‍ നായര്‍

Onmanorama

ചരിത്ര വിദ്യാർത്ഥിയുടെ ജിജ്ഞാസയോടെ ഒരു മാധ്യമ പ്രവർത്തകൻ ആധുനിക കേരളത്തിൻ്റെ ജീവചരിത്രം രചിച്ചിരിക്കുകയാണ്. ഐതിഹാസിക പോരാട്ടങ്ങളുടെയും അസാധാരണ നേട്ടങ്ങളുടെയും അവിസ്മരണീയ പ്രതിഷേധങ്ങളുടെയും നാണംകെടുത്തിയ സംഭവങ്ങളുടേയും ചരിത്രം ഇതിലുണ്ട്. ഇവയ്ക്കെല്ലാം പുറകിലേ അന്തർനാടകങ്ങളുടെ കഥയും അവയുടെയെല്ലാം തിരക്കഥ രചിച്ച വ്യക്തികളുടെ കഥയും ഇതിൻ്റെ ഭാഗമാണ്. നമ്മുടെ ഓർമ്മകളെ പുതുക്കിപ്പണിയാനും തെറ്റിദ്ധാരണകളെ തിരുത്തുവാനും സഹായിക്കുന്ന ഒരു റഫറൻസ് ഗ്രന്ഥമായും ഇതിനെ കാണാവുന്നതാണ്. പാതിവെന്ത വിവരങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിൽ കുതന്ത്രവാദങ്ങൾ കൊണ്ട് പോരാടുന്നവർക്കും ഇത്തരമൊരു പുസ്തകം പ്രയോജനപ്പെടും. എന്തിനേറെ, ഇരുട്ടിൽ തപ്പുന്ന പുതിയ കാല മാധ്യമ പ്രവർത്തകർക്കും ഇത് വെളിച്ചം പകരും. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ വിശദമായ പഠനം നടക്കേണ്ട പല അധ്യായങ്ങളും ഉണ്ട് എന്ന ഓർമ്മപ്പെടുത്തലിനും ഇത് വഴിയൊരുക്കുന്നു.

സ്വയം മറന്നാടുന്ന രാഷ്ട്രീയ പ്രവർത്തകരിൽ ഇതിൻ്റെ വായന വെളിപാടുണ്ടാക്കിയെങ്കിൽ എന്നുകൂടി ഞാനാശിച്ചു പോകുന്നു. പൊതുവിൽ ഇതിൻ്റെ വായന നമ്മുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് കരുത്തു പകരും. മുന്നോട്ടു പോക്കിന് ദിശാബോധവും.

നമ്മൾ ചരിത്രം മറന്നു പോകുന്ന ഒരു ജനതയായിക്കൂട. നമ്മുടെ രാഷ്ട്രീയ ജീനുകൾക്ക് നമ്മളോട് പലതും പറയാനുണ്ട്. അതുകൂടി അറിഞ്ഞു വേണം ഇന്നത്തെ ജനാധിപത്യത്തെ വികസിപ്പിക്കാൻ. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് ഇന്ത്യയിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും പലതും പഠിക്കാനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in