

തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരി എഴുതിയ കഥ വായിക്കാം
കളഞ്ഞ് കിട്ടിയ കുറിപ്പ് -1
ഒരു ദിവസം തുടങ്ങിക്കിട്ടാൻ ആഴ്ചകെളടുക്കുന്ന ഒരു ദിവസം. പകലവസാനിച്ചു. രാത്രിയും അവസാനിച്ചു. ദിവസം പിണങ്ങിപ്പോയി.ആരായാലും പിണങ്ങിപ്പോവും. തിരിച്ചു വരാെത എങ്ങുപോവാൻ.
വരും. പോവും. തിരിച്ചു വരും.
അങ്ങെനയിരിക്കെ ഒരു നാൾ ദിവസത്തിന്റെ വരവ് നിലച്ചു. നിശ്ചലതയിൽ ഒരു നിൽപ്പായി ഞാൻ. എനിക്ക് ചുറ്റും പ്രപഞ്ചേമ ഇല്ലാതായി. ഞാൻ തന്നെ പ്രപഞ്ചത്തിന്റെ അതിര്. എന്നെ മാത്രം പ്രേമിച്ച് എനിക്ക് ബോറടിച്ചു. ആത്മാർഥമായി പ്രേമിക്കാൻ കൊള്ളാവുന്ന വേറെ ഒരാെള കണ്ടുപിടിക്കണം; ഞാൻ പോര.
ദിവസം തിരിച്ചുവന്നു. ഞങ്ങൾ ഇപ്പോ പറ്റിയ ആളെ തപ്പി ഇറങ്ങി നടപ്പാണ്. ഞാനാണയാൾ എന്നും പറഞ്ഞ് കുറച്ചധികം പേര് വന്നു. അത് പറയാെത വേറൊരുത്തിയും വന്നു. ഞങ്ങൾ അരമണിക്കൂർ ചായ കുടിച്ചു. പിരിഞ്ഞു. പിന്നീട് കാണാമെന്ന് പറഞ്ഞില്ല. സംഭാഷണം ഉപകാരപ്പെട്ടു. അപരിചിതരുമായി ഇടക്കൊക്കെ സംസാരിക്കുന്നത്നല്ലതാണ്.
ക.കി.കു - 2
അയാളോട് ഒന്നും പറയാനുള്ള സമയം ലഭിച്ചില്ല. എന്തെങ്കിലും ചോദിക്കാനുള്ള ഒരു ഗാപ്പ് കിട്ടിയില്ല. തിരക്കിട്ട് ബസിൽ കയറി തിരിഞ്ഞ് നോക്കിയപ്പോളും അയാൾ സംസാരം തുടരുന്നുണ്ടായിരുന്നു. അപ്പുറത്ത് ഇരിക്കുന്ന കേസരയിൽ എന്റെ അഭാവം മാത്രേമ ഉണ്ടായിരുന്നുള്ളൂ. എന്റെ പ്രതീതിയെ അയാൾ വീട്ടിേലക്ക് ക്ഷണിച്ചു കാണുമോ ആവോ? അവളെ കാണുമ്പോൾ വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയണം. വല്ല സൈക്കോയും ആണെങ്കിലോ? ഏതെങ്കിലും ഭൂഗർഭ അറയിൽ തളച്ചിട്ട് കാണുമോ? കൊല്ലപ്പെടുന്നതിന് മുന്നേ അവെള രക്ഷിക്കണം.
ലക്ഷണങ്ങൾ വച്ച് അയാൾ കത്തിയടിച്ച് കൊല്ലാേന വഴി ഉള്ളൂ. അതോ, സഹിക്ക വയ്യാെത ഇറങ്ങിയോടാൻ ശ്രമിക്കുമ്പോൾ കയ്യാങ്കളിയിൽ വല്ല അപകടവും? അവളെ രക്ഷിക്കാൻ ഇനി ഒറ്റ വഴിയേ ഉള്ളൂ. അയാളെ പറ്റി നല്ലത് ചിന്തിച്ചേക്കാം. വീട്ടിേലക്ക് ക്ഷണിക്കേണ്ട കാര്യമെന്തിരിക്കുന്നു? എന്തു പറഞ്ഞായിരിക്കും പിരിഞ്ഞത്. പിന്നെ കാണാം എന്നോ അതോ ഒരു ‘ബൈ’ ക്ക് ചുമ്മാ പോയിക്കാണുമോ? വേണ്ട. അവളെ കാണുമ്പോൾ ചോദിക്കാൻ അല്പം കൗതുകം ബാക്കി വച്ചേക്കാം. തൽക്കാലത്തേക്ക് ഭാവന ഓഫ് ചെയ്യണം.
ക.കി.കു- 3
ചിര പരിചിതയായ ഒരു വാക്ക് പെട്ടെന്ന് അപരിചിതയെ പോലെ പെരുമാറി. ഞാനൊരു ഉദാര മനസ്കനാണ്. പാട്ടിന് വിട്ടേക്കാം. പുറത്താരോ ബെല്ലടിച്ചു. പാട്ടിന് മുറിയാൻ പോലും സമയം ലഭിച്ചില്ല. പാവം.
“ആരാ?”
എന്ന് ചോദിച്ചത് അനുചിതമായിപ്പോയി.
“അയൽവാസിയാ”
“ഓ സോറി, പെട്ടെന്ന് മനസ്സിലായില്ല”.
“അല്ല, ഞങ്ങൾ ഇന്നലെ താമസം തുടങ്ങിയേത ഉള്ളൂ.”
രണ്ട് വട്ടം തോറ്റപ്പോളേക്കും മതിയായി.
“തിരക്കിലാണോ?”
“അങ്ങനെ പറയാൻ പറ്റില്ല.”
“പരിചയപ്പെടാൻ വന്നതാണ്.”
“ സോറി, ഞാൻ ഒരു അരസികനാണ്.”
ഞാൻ ഒരു മാന്യനും കൂടി ആണെന്ന് തെളിയിക്കാൻ സോറി മതിയാവും.
അയാളും മാന്യനാണ്.
“ഫ്രീ ആവുമ്പോ വീട്ടിേലക്ക് വരൂ.”
താങ്ക്സ്.
“തീർച്ചയായും”
രണ്ട് വാതിലുകളും മുഖാമുഖം അടഞ്ഞു.
ഇനി മുതൽ അമാന്യതയിൽ അല്പം സാരസ്യം കൊണ്ട് വരണം. കളഞ്ഞ് പോയ വാക്ക് മറന്നുപോകാതെ നോക്കണം. ഒന്ന് നടന്ന് നോക്കാം. ഒരു വാക്ക് ടു റിമെംബർ.
ക.കി.കു - 4
“ഇവിടെ ഇരിന്നോട്ടെ?”
അപ്പുറത്ത് കാലിയായ മേശകൾ ഇല്ലായിരുന്നു. കസേരകൾ ഉണ്ടായിരുന്നു. തിരക്ക് ആയിട്ടുണ്ടായിരുന്നില്ല. അതിന് തിരക്കുള്ളവരുടെ ഒഴിവ് നേരം ആവണം. അപ്പേഴക്കും രക്ഷപ്പെടാറാണ് പതിവ്. എന്റെ മുഖത്ത് യെസ് ആണെന്ന് തോന്നുന്നു. അയാൾ ചിരിച്ച് ആണ് ഇരുന്നത്. ഞാൻ ചിരിച്ചിരുന്നോ ആവോ. അപരിചിതർക്ക് കൊടുക്കാറുള്ള പതിവ് അശ്രദ്ധ ഞാനയാൾക്ക് സമ്മാനിച്ചു.
അശ്രദ്ധക്ക് എന്തോ ഡാമേജ് പറ്റിയിട്ടുണ്ട്. അയാൾ കാപ്പിയും പലഹാരങ്ങളും ഓർഡർ ചെയ്യുന്നു. ശബ്ദം കൊള്ളാം. തണുത്തത് അല്ല അയാൾക്കുത്തമം. ചൂടുള്ള വല്ലതും ആയിരുന്നെങ്കിൽ തൊണ്ടക്ക് ആശ്വാസമായിരുന്നേനെ. കണ്ണിലുള്ള വേദനക്ക് പഴക്കമുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ശരിയായ ഏകാന്തൻ തന്നെ. അശാന്തൻ.
കഴിഞ്ഞ സീസണിലെ സംഭവബഹുലമായ ഏകാന്തതയെ കുറിച്ചോർത്ത് പെട്ടെന്ന് ഞാൻ ഗൃഹാതുരയായിപ്പോയി. ഇപ്പോൾ വീട്ടിൽ പോയാൽ രണ്ട് മണിക്കൂർ നേരത്തേക്കെങ്കിലും ഏകാന്തത ഉണ്ടാക്കാൻ പറ്റിയേക്കും. പോയേക്കാം. ഇയാളോട് യാത്ര പറയണോ?
ക.കി.കു - 5
നടന്നു. ഒന്നും നടന്നില്ല. പ്രത്യേകിച്ച് പുതിയ ദുഖങ്ങൾ ഒന്നും കണ്ടെത്താനായില്ല. എവിെടയോ കണ്ടതായി ഓർക്കുന്ന ഒരുവൾ ഹായ് പറഞ്ഞു. സോറി ആളു മാറി പോയതായിരിക്കും എന്ന് പിരിച്ചു വിട്ടു. ആശ്വാസം അധിക നേരം അവശേഷിച്ചില്ല. ഏകാന്തത ഒരു പഴയ ദുഖം ആണല്ലോ. ത്രില്ലില്ല. ഓർമ്മ വന്നു. അന്ന് കണ്ടിരുന്നു. യെസ്. അന്ന് അങ്ങനെ ഒരു ദിവസം. അന്നത്തെ ഞാനിപ്പോ ഇല്ല. അവനെവിെടപ്പോയിക്കാണും. അവനെ അന്വേഷിച്ച് വരാൻ മാത്രം കൗതുകം ആ കേമിക്ക് എങ്ങനെ വന്നു.
തിരിച്ചു നടന്നു നോക്കി. അവൻ ആദ്യം പോയത് ഇടത്തോട്ടാണ്. ഒരു കാരണവുമില്ല. വലത്തോട്ട് പോകണെമങ്കിൽ റോഡ് ക്രോസ് ചെയ്യണം. ടാസ്കാണ്. ഇടത്ത് തെരക്കുള്ള നിരത്ത് തന്നെ. ബഹളം കൊള്ളാം. ലൈഫ് ഉണ്ട്. അവൻ ധൃതിയിൽ നടന്നത് എന്തിനാണാവോ. എനിക്കുള്ള കിതപ്പ് അവനില്ലായിരുന്നോ? അവൻ പാട്ട് കേക്കുന്നുണ്ടായിരുന്നു. അവൻ സന്തോഷിച്ചത് എപ്പോ തൊട്ട് ആണ്.
നല്ല നേരത്തായിരുന്നിരിക്കണം നടത്തം. ചുറ്റും നോക്കി. ഇപ്പോളും തെരക്കേടില്ലാത്ത നേരം തന്നെയാണ്. സ്വാഗതാർഹമായ മൂഡ് അണ്. പാട്ട് കേട്ടേക്കാം. പസ്റ്റ്! പാട്ട് എടുത്തില്ല. മൂഡ് ഓഫ്. തിരിച്ച്, തിരിച്ചു നടന്നേക്കാം.
ക.കി.കു- 6
I quit. The shit’s not worth it. വേറെ എന്ത് ചെയ്യണം?
കഷ്ടി മൂന്ന് മാസം ഈ life style പിടിക്കാൻ പറ്റും. Life style മാറ്റണം. തിരിച്ച് പിടിക്കാം. ഈ സിറ്റി തന്നെ അങ്ങ് വിട്ടാലോ. കഷ്ടം. നല്ല സ്ഥലമായിരുന്നു. പക്ഷെ, എന്ത് ചെയ്യാം. പോവാൻ തോന്നുന്നു. ഉണ്ട്. I just said it. Ok.
1. Send THE THE THE EMAIL.
2. Call Annakkutty.
3. Call landlord.
4. Throw a small party.
ക.കി.കു- 7
Work നെ പറ്റി ഞാൻ ഇവിെട എഴുതാേറ ഇല്ല എന്ന് ഇപ്പഴാണ് ശ്രദ്ധിച്ചത്. Note ചെയ്യാറുമില്ല. അതീ നോട്ബുക്കിന്റെ പ്രശ്നമാണ്. നോട്ട്പാഡിൽ എഴുതാറുണ്ടല്ലോ. അത് കീറിക്കളയാൻ പറ്റുന്നതാണ്. ഓകെയാണ്. Work is happening. Slow ആണ്.
തിരക്കുള്ള ഒരു ഓഫീസ് ഇഷ്ടമില്ലാത്തത് കൊണ്ടാവും അടുത്ത step ലേക്ക് എത്താത്തത്. സാരമില്ല. പൈസ ഉള്ള സമയത്ത് അൽപം ആലസ്യം ആവാം. ദാരിദ്ര്യം നമുക്ക് പരിചയമില്ലാത്ത കാര്യമല്ല. Anxiety വേണ്ട.
കമ്പനിയിൽ നിന്ന് പിരിഞ്ഞത് നന്നായി എന്ന് തന്നെ കഷ്ടപ്പെട്ട് വിശ്വസിച്ചേ മതിയാവൂ. അവന്മാര് എന്നെ വാട്സാപ്പ്ഗ്രൂപ്പിൽ നിന്ന് ഇത് വരെ പിരിച്ച് വിട്ടിട്ടില്ല. അവിടെ ഇരിക്കട്ടെ. Left അടിക്കണ്ട. ഇനി ഇപ്പോ, ഞാൻ leave ചെയ്യാൻ കാത്തിരിക്കുകയാണോ ആവോ. ഏയ്, അവന്മാർ വേറെ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ടാകാം. മീം അയക്കാൻ എന്തിനാ വേറെ ഗ്രൂപ്പ്?
ക.കി.കു - 8
പുതിയ ഉറക്കം. പുതിയ ഉണർവ്വ്. ഒന്നാം ദിനം നൈസ്. ഈ നഗരത്തെ ഇഷ്ടപ്പെട്ടേക്കാം. അന്നക്കുട്ടിയുണ്ടാക്കിയ ബ്രേക്ക് ഫാസ്റ്റ് തണുത്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. തിരുത്ത്: ജോലിക്കാരിയാണ് ഉണ്ടാക്കിയത്. കഴിച്ചില്ല. ബ്രഞ്ച് പിടിക്കാൻ ഒരു നടത്തം പിടിച്ചു. അവിടുത്തെ ഇരിപ്പിടം കൊള്ളാം. പതിവാക്കാം.
പുതിയ നഗരത്തിലിരുന്ന് പഴയ ജോലി ചെയ്യുന്നത് രസം പിടിച്ചു. ഈ ഇരിപ്പിടം ആണ് ഇപ്പം ഓഫീസ്. അന്നക്കുട്ടിയുടെ വീട്ടിൽ എവിടെ ഇരുന്നാലും അന്യത തോന്നുന്നു. പുതിയ വീട് കണ്ട് പിടിക്കണം. അതീ കഫെക്ക് അടുത്താെണങ്കിൽ നന്ന്. വർക് ഫ്രം ഹോം എന്ന് പേരിട്ട് ഇപ്പോ തെരുവ് കറങ്ങിയാണ് ജോലി.
ഫണ്ണി.
സംബഡി മേശക്ക് അടുത്ത് വന്ന് നിക്കുന്നുണ്ട്. അയ്യോ, ഇരിക്കട്ടെ എന്ന് ചേദിക്കുന്നുണ്ട്. ഇരിന്നു. ചിരിച്ചു. ശ്രദ്ധ കൊടുക്കാതിരിന്നിട്ടും എല്ലാം ശ്രദ്ധിച്ചുപോവുന്നു. ദൈവമേ, അടുത്ത് ഒരാൾ വന്ന് ഇരിന്നിട്ട് ആഴ്ചകളായല്ലോ. ഞാൻ ആരോടും മിണ്ടാറില്ലേ?
ക.കി.കു - 9
നടത്തം ഇപ്പം ഒരു ശീലമായി. വളെര നല്ലത്. എന്തിനാ നടക്കുന്നത്? ആരോഗ്യത്തിന് വേണ്ടി അല്ലെന്നതാണ് സത്യം. പക്ഷെ, ഉപകാരം ആരോഗ്യത്തിന് മാത്രേമ ഉള്ളൂ. ചെലപ്പോ അങ്ങനെയാവും. കഴുതയെ പുല്ലുകാട്ടി നടത്തുന്ന ഇമേജ് അത്ര പഴഞ്ചൻ അല്ല. ഈഗോക്ക് നേരിയ ക്ഷതം വരുത്തുന്ന ഒരു തോട്ടായിപ്പോയി. വന്നുപോയി. ഇനി മായ്ക്കാൻ പറ്റില്ല.
കുറ്റസമ്മതം നടത്തിയേക്കാം. അന്വേഷിച്ചു വന്നവളെ ഒന്നു കൂടി കണ്ടാൽ കൊള്ളാം എന്നുണ്ട്. അത് ഞാനാണ് എന്ന് പറഞ്ഞാൽ അവൾ നിഷേധിച്ചാലോ? അപ്പോ, അവനെ ആദ്യം കണ്ട് പിടിക്കണം. ഒരു പക്ഷെ, കാണുന്ന നിമിഷം അവൻ അവതരിച്ചേക്കും.
ക.കി.കു - 10
ശമ്പളം കേറി. ഷോപ്പിംഗ് മൂഡ് ഓൺ. ഹൈജീൻ എസെൻഷ്യൽസ്. അന്നക്കുട്ടിക്ക് ഉപകാരമുള്ള എന്തെങ്കിലും കുറച്ച് സാധനങ്ങൾ വാങ്ങണം. മാളിൽ പോവാം. കറങ്ങി നടന്ന് പിടിക്കാം. രസമായിരിക്കും.
ഒന്നാം തിയതി ആയതിന്റെ ഹാപ്പിനെസ് ഉള്ള വീട്. അന്നക്കുട്ടിയും ഫാസിലും ഒക്കെ ഹാപ്പി. ചേച്ചി ഹാപ്പി.
സിനിമയും കൊള്ളാം. ഹാപ്പി. വാങ്ങിയെതല്ലാം പെറുക്കി അടുക്കി വക്കുന്ന്ത മാത്രമാണ് ഇനി വല്യ ടാസ്ക്.
ഇതെന്തിനാണ് ഞാൻ വാങ്ങിയത്?
oh shit. I missed buying them. Oh man, I remember the moment now. Hygiene essentials. Wow, എനിക്ക് എന്നെ ഇഷ്ടപ്പെട്ടു. Favourite brand. Flavour. ജീവിതത്തിൽ ആരുമില്ലെങ്കിലും അത് വാങ്ങിക്കാൻ ഞാൻ തീരുമാനിച്ചു.
I don’t want anyone in my life. I just need someone to share a considerable time. And some love. Only reasonable amount of it. Aaha. I think, I am back.
ക.കി.കു -11
ജന്മദിനം. പ്രായം ആയിട്ടില്ല എന്ന് ഓർമ്മ വന്നു. സങ്കൽപ്പത്തിൽ ഇതിനേക്കാൾ കൂടുതലായിരുന്നു. രാത്രി മുഴുവൻ ബഹളം ആയിരുന്നു. ഇന്നത്തെ മൂന്ന് മണിക്ക് അതുകൊണ്ട് തന്നെവേറെ ഒരു ഫീൽ ഉണ്ട്. ഒരു ഇടേവള കഴിഞ്ഞ് വന്ന നിശബ്ദത, ഏകാന്തത.
ഇവന്മാര് ഇവിടെ ഒരു രണ്ട് മൂന്ന് ദിവസം കൂടെ കാണും. ബോറടി ഞാൻ മിസ്സ് ചെയ്യുമോ എന്തോ?
എല്ലവന്മാരും ആനന്ദക്കുട്ടന്മാരാണ്. പുവർ ഫെല്ലോസ്. അവന്മാർ മിസ് ചെയ്യുന്നത് എന്തെന്ന് അവന്മാർ അറിയുന്നില്ല. ഷട്ട് അപ്പ്. അസൂയ അവിടെ അടങ്ങി ഇരിക്കൂ. നിനക്ക് വരാൻ സമയമായിട്ടില്ല.
ഹാപ്പിനെസ്സ് രസമുണ്ട്. എടക്ക് എടക്ക് പിടിച്ചുനോക്കണം. അഡിക്റ്റ് ആവാതെ നോക്കണം. അയ്യോ മറന്ന് പോയ വാക്കിന്റെ ആവശ്യം വീണ്ടും വന്നിരിക്കുന്നു. നാളെ നടക്കാനിറങ്ങണം.
വീണ്ടും, ഒരു വാക്ക് ടു റിമെംബർ.
ക.കി.കൂ - 12
മൂവേർസ് & പാക്കേർസ് വന്ന ദിവസം പാളിപ്പോയി. പുതിയ ഫ്ലാറ്റിൽ ഒരു മരണം സംഭവിച്ചിരിക്കുന്നു. മൂന്ന് ദിവസത്തേക്ക് തള്ളി വെച്ചേക്കാം. ഇവിടെ ഇരിപ്പ് ഉറക്കുന്നില്ലല്ലോ. കഫെയിലെ എല്ലാ മേശയിലും ഞാൻ മാറി മാറി ഇരിന്നു നോക്കി. എന്റെ ഫേവറിറ്റ് സ്പോട്ട് വേറൊരു പോങ്ങൻ എടുത്തിരിക്കുന്നു. അവിടെ തന്നെ പോയി ഇരിന്നു നോക്കിയാലോ.
അയാൾക്ക് എന്ത് തോന്നാൻ. അയാൾക്കെന്തായാലും വ്യൂ വേണ്ട. അല്ലെങ്കി എന്തിന് ചുമര് നോക്കി ഇരിക്കണം? എന്റെ സീറ്റിൽ പോയി ഇരുന്നേക്കാം. ഒരു മാന്യതക്ക് വേണ്ടി പോലും സമ്മതം ചോദിക്കണ്ട.
ക.കി.കൂ 13.
ഞങ്ങൾ കണ്ടു. ഞങ്ങളിലൊരാൾ ഇല്ലാതായി.