ഡോക്ടര്‍ അകത്തുണ്ട്; പുറത്തും

ഡോക്ടര്‍ അകത്തുണ്ട്; പുറത്തും
Summary

ഡോ. ജോ ജോസഫിന്റെ ഹൃദയപൂര്‍വ്വം ഡോക്ടര്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ്

മലയാളിയുടെ സാഹിത്യപാരമ്പര്യം രണ്ടായിരത്തില്‍പരം കൊല്ലങ്ങള്‍ക്കപ്പുറത്തുകിടക്കുന്ന സംഘസാഹിത്യത്തില്‍ വേരൂന്നിയാണു നില്‍ക്കുന്നത്. ആ സാഹിത്യസഞ്ചയത്തില്‍ രണ്ടുതരം കൃതികള്‍ ഉണ്ടായിരുന്നു. അകംരചനകളും പുറംരചനകളും. വ്യക്തിപരമായ വിഷയങ്ങള്‍, വൈയക്തികമായ വൈകാരികാനുഭൂതികളുടെ ചിത്രണം ഒക്കെ അകംരചനകളില്‍ ആവിഷ്‌കൃതമായി. സാമൂഹികമായ വിഷയങ്ങള്‍, പൊതുവായ ആകാംക്ഷകളും ഉല്‍ക്കണ്ഠകളും ഒക്കെ പുറംരചനകളിലും ആവിഷ്‌കൃതമായി. അകത്തെ കൗടുംബികമെന്നും പുറത്തെ സാമൂഹികമെന്നും പൊതുവേ പറയാം. അന്നുമുതലിന്നോളവും ഈയൊരു അകം- പുറം വിഷയസ്വീകരണരീതി മലയാളസാഹിത്യത്തിനുണ്ടെന്നു വേണമെങ്കില്‍ പറയാം. അവ കലര്‍ന്ന് അകംപുറമാകുകയും ചെയ്യാറുണ്ടെന്നും പറയാം.

മലയാളിയുടെ ആധുനികതയുടെ അഭിമാനകരമായ അടയാളങ്ങളാണ് അപ്പോത്തിക്കിരിമാര്‍, അഥവാ, ആംഗലേയവൈദ്യന്മാര്‍. അച്ചടി, അച്ചുക്കൂടം, പള്ളിക്കൂടം, അച്ചുകുത്ത് എന്നിവയാണ് മലയാളത്തില്‍ ആധുനികജീവിതത്തിന്റെ കൊടിയടയാളങ്ങളായിത്തീര്‍ന്നതെന്ന് ചിലരെങ്കിലും എടുത്തുപറയാറുമുണ്ട്. ഏതായാലും ഈ മൂന്നുകാര്യങ്ങളും മലയാളിയുടെ ജീവിതത്തെ ആധുനികമാക്കിയെന്നതില്‍ തര്‍ക്കമില്ല. ഈ മൂന്നിന്റെയും വരവ് പത്തൊമ്പതാം നൂറ്റാണ്ടില്‍ ആണെന്ന് പൊതുവേ പറയാമെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളോടെയാണ് ഇവ മൂന്നും നമ്മുടെ ജനകീയജീവിതത്തില്‍ കാര്യമായും വിപുലമായും ഇടപെട്ടുതുടങ്ങിയത്. അച്ചടിയിലൂടെയാണ് നമ്മുടെ സാഹിത്യവും സംസ്‌കാരവും രാഷ്ട്രീയവും സാമ്പത്തികവും രൂപപ്പെട്ടത്. അച്ചുക്കൂടത്തിലൂടെയാണ് അതിന്റെ ഉപയോക്താക്കളും ഉപഭോക്താക്കളും പ്രയോക്താക്കളും വക്താക്കളും ഉടലെടുത്തത്. ഉടലെടുത്തതിന് ഉയിരെടുത്തത് പള്ളിക്കൂടത്തിലൂടെയാണ്. അച്ചുകുത്തിലൂടെയാണ് അതിന്റെ കളം വിശാലമായതും സുസ്ഥിരമായതും. അച്ചുകുത്ത് ഇന്നും അതിജീവനത്തിന്റെ സാമൂഹികപാഠമാകുന്നു. പള്ളിക്കൂടങ്ങളും അച്ചുക്കൂടങ്ങളും അച്ചുകുത്തും നമുക്ക് സര്‍വപ്രാപ്തമാകുന്നത് ഒരുപക്ഷേ, 1950കള്‍ക്കുശേഷമായിരിക്കും. 1970കളും 80കളും അതിന്റെ മൂര്‍ദ്ധന്യമായിരുന്നുവെന്നുകാണാം. ആ കാലത്ത്, നമ്മള്‍ നിരന്തരം കണ്ടിരുന്ന ഒരു അറിയിപ്പുഫലകമായിരുന്നു അത്: ഡോക്ടര്‍ അകത്തുണ്ട് എന്നെഴുതിയ ഒരു ബോഡ്. അതുതന്നെ നമ്മുടെ ആശ്വാസമായിരുന്നു. ശാസ്ത്രീയമായി പഠിച്ചുപാസായി, സന്മനോഭാവത്തോടെ നമ്മെക്കണ്ട്, പരിശിക്ഷിതമായ പാകതയോടെ രോഗം മനസ്സിലാക്കി, അതിന് വേണ്ട സത്വരശേഷിയുള്ള മരുന്നു നല്കുന്ന ഡോക്ടര്‍. ദാക്കിത്തരെകൊണ്ടുവായോ എന്ന് പ്രസവിക്കാന്‍നേരം ശാഠ്യം പിടിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഐഷുക്കുട്ടി എന്ന കഥാനായിക ഒരു വെറും ഭാവനയല്ല.

പക്ഷേ, ഈ ഡോക്ടര്‍മാര്‍ പോകെപ്പോകെ നമുക്ക് അത്ര സുതാര്യരല്ലാതായിത്തീര്‍ന്നു. ഡോക്ടര്‍ ഒന്നു കണ്ടാല്‍ മതി രോഗം മാറും എന്ന മട്ടുമാറിത്തുടങ്ങി. സര്‍ക്കാര്‍ മെഡിക്കല്‍ക്കോളജില്‍ പഠിച്ച്, സര്‍ക്കാരാശുപത്രിയില്‍ ജോലി ചെയ്യുന്ന, അല്ലെങ്കില്‍, സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ച് നാട്ടുകാരെ ചികിത്സിക്കുന്ന പൊതുഡോക്ടര്‍ എന്നതില്‍നിന്ന് നമ്മുടെ സമൂഹവും ആരോഗ്യസങ്കല്പവും മുന്നോട്ടുപോയി. സ്‌പെഷലൈസേഷന്‍ എന്നത് എല്ലാ രംഗത്തെയുംപോലെ ആതുരചികിത്സാരംഗത്തെയും അത്യാവശ്യമായി. മനുഷ്യര്‍ മനുഷ്യര്‍ തന്നെയാണെങ്കിലും അവരുടെ രോഗങ്ങള്‍/ പലപ്പോഴും രോഗലക്ഷണങ്ങള്‍ അവയവങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നതെന്ന് നാം മനസ്സിലാക്കി. അതുകൊണ്ടുതന്നെ അവയവങ്ങളെ ചികിത്സിക്കുന്നവിധത്തിലേക്ക് സ്‌പെഷലൈസേഷന്‍ മാറി. അത് അനിവാര്യമായ മാറ്റമായിരുന്നു. എന്നാല്‍, അനിവാര്യമല്ലാത്ത ഒരു മാറ്റവുമുണ്ടായി. സ്‌പെഷലൈസേഷന്റെ ഭാഗമായി വികസിതമായ പ്രൈവറ്റൈസേഷന്‍. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും സോഷ്യോഡെമോക്രാറ്റിക് എന്നുപോലും വിശേഷിപ്പിക്കാവുന്ന ക്യാപ്പിറ്റലൈസേഷന്റെയും ഭാഗമായി ജീവിതം മാറി, രോഗം മാറി, ചികിത്സ മാറി, വിധങ്ങളും വിധികളും മാറി. സ്വകാര്യമെഡിക്കല്‍ക്കോളജുകളും പഞ്ചനക്ഷത്രസ്വഭാവമുള്ളതെന്നു തുടക്കത്തില്‍ ആക്ഷേപിക്കപ്പെട്ട സ്വകാര്യാഡംബരാതുരാലയങ്ങളും വന്നു. യഥാര്‍ത്ഥത്തില്‍, ആഡംബരമെന്നതിനേക്കാള്‍, അന്തസ്സുള്ള ചികിത്സ വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന അവസ്ഥ എന്നേ അതിനെ പറഞ്ഞുകൂടൂ. സര്‍ക്കാരുകള്‍ ആഴത്തിലുള്ള ജനാധിപത്യബോധത്തോടെ, ജനകീയമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ, ഇക്കാര്യത്തില്‍ മെച്ചപ്പെട്ട ഒരു ആരോഗ്യം നമ്മുടെ സമൂഹത്തിലെ ആരോഗ്യമേഖലയ്ക്കുണ്ടായിവന്നിരുന്നേനേ; കടലാസുകളിലല്ലാതെ. നല്ല ചികിത്സ വിലയ്ക്കു വാങ്ങാന്‍ കഴിയുന്ന ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ വിപുലനവും ഒരു പ്രധാനകാര്യമാണ്. സ്വകാര്യമായ ഒരനുഭവം പറയാം. എനിക്ക് ഒന്നേകാല്‍വര്‍ഷം മുന്‍പ് അടിയന്തിരചികിത്സ വേണ്ടിവന്നു. അതിന്റെ ചെലവ് സ്വയം വഹിച്ചതിനുശേഷം, അര്‍ഹമായ റീ - ഇംബേഴ്‌സ്‌മെന്റിനു കടലാസുകള്‍ നീക്കി. ഞൊട്ടുഞൊടുക്കു ന്യായങ്ങള്‍ നിരത്തി അധോതലഗുമസ്തര്‍ ഫയലു മടക്കുകയാണ്. അതിന്റെ പിന്നാലെ നടക്കണമെങ്കില്‍ അന്തസ്സ് മടക്കി മച്ചുമ്പുറത്തുവയ്ക്കണം. വേണ്ടെന്നു വയ്ക്കുകയേ രക്ഷയുള്ളൂ. എന്നാലും സാരമില്ല, അതു പോട്ടെന്നുവയ്ക്കാനുള്ള പാങ്ങുണ്ട് എന്നു കരുതുകയാണു ഭേദം. ഈ അന്തസ്സുചിന്തയുണ്ടാകുന്നത് വരുമാനവര്‍ദ്ധനയിലൂടെയാണ്.

ഏതായാലും, ഇങ്ങനെ മാറിയ കേരളത്തില്‍, ഡോക്ടര്‍മാരും ആശുപത്രികളും ജനങ്ങളുടെ ഇടയില്‍നിന്നു മാറി, ഒരു ഉയര്‍ന്ന വിതാനത്തില്‍ ആയിയെന്നത് സത്യമാണ്. അസുഖം വരികയെന്നത് ഒരു ശിക്ഷയായിത്തീരുന്ന സാഹചര്യം. ഓരോ വര്‍ഷവും ഇത്രയധികം ആളുകള്‍ ഡോക്ടര്‍മാരായി പുറത്തുവന്നിട്ടും ഓരോ ഡോക്ടര്‍ഭവനങ്ങളിലും പാതിരാ പിന്നിട്ടും കാണുന്ന നീണ്ട രോഗീനിരകള്‍. ആശുപത്രിയില്‍ പോയാല്‍, അന്നത്തെ ദിവസം പോയെന്നുറപ്പ്. രോഗിയുടെതു മാത്രമല്ല, കൂടെപ്പോകുന്നയാളുടെ. രണ്ടാളുടെ ഒരുദിവസത്തെ ജോലി ഉപേക്ഷിച്ചാലാണ് ഡോക്ടറെ കാണാനാകുക.

അതിനിടെയാണ്, ഒരു പിടിയും തരാത്ത രോഗങ്ങള്‍ - ഉദാഹരണത്തിന്, ഹൃദ്രോഗം. ജീവിതത്തിലിന്നുവരെ പുകവലിച്ചിട്ടേ ഇല്ലാത്ത, ഇറച്ചിയോ പൊരിച്ചതോ കഴിക്കാത്ത, കൃത്യമായി വ്യായാമം ചെയ്യുന്നവനും വരാം ഹൃദയസ്തംഭനം. ഇതൊന്നുമില്ലാതെ, ദിവസവും കള്ളുകുടിച്ചുനടക്കുന്നവനു വന്നില്ലെന്നും വരാം. ഒരിക്കല്‍ വന്നു എന്നുകരുതി, പിന്നെ വരണമെന്നില്ല. സത്യത്തില്‍ എന്തെങ്കിലും പിടി കിട്ടുമോ ഈ രോഗത്തെപ്പറ്റി?

അങ്ങനെ ആലോചിച്ചാല്‍, ഏതു രോഗത്തെപ്പറ്റിയാണ് നമുക്കാര്‍ക്കെങ്കിലും കൃത്യമായി വല്ലതും പറയാനാകുന്നത്?

ചികിത്സയും ജീവിതശൈലീപാലനവും മനോഭാവവും അന്തരീക്ഷവും പാരമ്പര്യവും ശീലവും ഇതരരോഗങ്ങളുടെ വരവും എല്ലാം കൂടെച്ചേര്‍ന്നല്ലേ ഓരോ രോഗത്തെയും നിര്‍ണ്ണയിക്കുന്നത്.

ഇങ്ങനെയെല്ലാമുള്ളപ്പോഴാണ് പ്രമുഖവാരികകളുടെ ആരോഗ്യമെഴുത്തും നൂറായിരം സാമൂഹികമാദ്ധ്യമങ്ങളിലെ വായിത്തോന്നിയതു കോതയ്ക്കുപാട്ടുകളും.

ഇതിനെല്ലാമിടയില്‍ ഡോക്ടര്‍മാരും ഒരുപാടു ബുദ്ധിമുട്ടുകളനുഭവിക്കുന്നുണ്ട്. രോഗികളോ കൂടെ വരുന്നവരോ ഈ മുറിയറിവുകളും വച്ച് ഡോക്ടര്‍മാരെ വശം കെടുത്തുന്നുണ്ട്. അത് അവരെ അല്പമെങ്കിലും സുതാര്യരാകുന്നതില്‍നിന്ന് അനുഭവംകൊണ്ട് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊരു സ്വകാര്യാനുഭവം പറയാം - ഒരു സവിശേഷചര്‍മരോഗം മാറാന്‍ വൈകുന്നത് രോഗി മറ്റൊരു രോഗത്തിനു കഴിക്കുന്ന മരുന്നുകൊണ്ടാണെന്നിരിക്കട്ടെ, അതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ സംസാരിക്കാന്‍ ശ്രമിച്ചാല്‍ രോഗിക്ക് മനസ്സിലാകുന്നത് മറ്റേ രോഗത്തിനുള്ള മരുന്നു കഴിച്ചതുകൊണ്ടാണ് തനിക്കു ചര്‍മ്മരോഗം വന്നത് എന്നാകും. അതോടെ വാദി പ്രതിയാകും. ചികിത്സാരംഗത്തെ ഒരു ബിസിനസ് രംഗമായിക്കണ്ടുകൊണ്ട് എനിത്തിംഗ് ഈസ് എത്തിക്കല്‍ ഇന്‍ ബിസിനസ് എന്നു കരുതുന്ന ആളുകള്‍ ഈ രംഗത്തുണ്ടാകുകയും കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണ്ണം.

ഇങ്ങനെയെല്ലാം സങ്കീര്‍ണ്ണവും അതാര്യവുമായിരിക്കുന്ന ഈ രംഗത്ത് യഥാര്‍ത്ഥത്തില്‍ പരസ്പരസഹവര്‍ത്തിത്വത്തിലായിരിക്കേണ്ട രണ്ടുകൂട്ടര്‍ - ഡോക്ടറും രോഗിയും - തമ്മിലുള്ള ബന്ധം സുതാര്യവും സത്യസന്ധവുമായിരിക്കാന്‍ ഉള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണ് ഡോക്ടര്‍ അകത്തുനിന്നു പുറത്തേക്കുവരികയെന്നത്. അടച്ചിട്ട മുറിക്കുള്ളിലെ അധികാരസ്ഥാനത്തുനിന്ന് പുറത്തെ പൊതുവെളിച്ചത്തിലെ സര്‍വ്വപ്രാപ്യനായ വക്താവ് എന്ന നിലയിലേക്കുള്ള മാറ്റം. എന്നാല്‍, അങ്ങനെ ഒരു പൊതുജീവിതം ഡോക്ടര്‍ക്ക്, തിരക്കുപിടിച്ച ഔദ്യോഗികജീവിതമുള്ള ഒരു സ്‌പെഷലിസ്റ്റിന് - സാദ്ധ്യമാണോ? അതു പൂര്‍ണ്ണമായും സാദ്ധ്യമാക്കുന്ന ഒന്നാണ് എഴുത്ത്. തനിക്കു പറയാനുള്ളതെല്ലാം സമൂഹത്തിനു കേള്‍ക്കാന്‍ പാകത്തില്‍, സമൂര്‍ത്തമായി രേഖപ്പെടുത്തിയ കുറിപ്പുകളായി, അനുഭവകഥകളായി, എഴുതി പ്രസിദ്ധം ചെയ്യുക എന്നതാണ് ഏറ്റവും നല്ല വഴി. അതു വായിക്കാന്‍ ഇമ്പമുള്ളതാണെങ്കില്‍ ഒരു ഡോക്ടറുമായി ഒരു രോഗിയെന്ന നിലയിലല്ല, ഡോക്ടര്‍മാരുടെ ലോകവുമായി എപ്പോഴും രോഗിയായേക്കാവുന്ന ആളുകളുടെ സഞ്ചയമായ സമൂഹത്തിനുണ്ടാകുന്ന നിരന്തരമായ ഇടപെടലിന്റെ ഇടമായിത്തീരും ആ പുസ്തകങ്ങള്‍ ഒരുക്കുന്ന ലോകം. അങ്ങനെ, തന്റെ ഡോക്ടര്‍ വര്‍ഗ്ഗത്തിനാകെ വേണ്ടി ഒരു ഡോക്ടര്‍ സമൂഹത്തോട് സത്യസന്ധമായി സംസാരിക്കുന്നതിന്റെ തെളിവുകളായിട്ടാണ് ഞാന്‍ ഡോ. ജോ ജോസഫ് എന്ന ഹൃദ്രോഗവിദഗ്ദ്ധന്റെ ഹൃദയപൂര്‍വം ഡോക്ടര്‍ എന്ന പുസ്തകത്തെ കാണുന്നത്.

ഒരു കാര്‍ഡിയോളജിസ്റ്റിന്റെ നിറം ചേര്‍ക്കാത്ത ചിന്തകള്‍ എന്ന അടിക്കുറിപ്പോടെ (ടാഗ് ലൈന്‍) ആണ് പുസ്തകത്തിന്റെ പുറംചട്ട. ഹൃദയത്തിന്റെ ആകൃതിയോടു സാമ്യമാകുന്ന ഒരു സ്‌തെതസ്‌കോപ്പാണ് പുറംചട്ടയിലെ പ്രധാനചിത്രം. ഹൃദയത്തില്‍ പതിഞ്ഞതെല്ലാം കോറിയിട്ടിരിക്കുന്നു എന്നാണ് മുഖക്കുറിപ്പ്. ഇങ്ങനെ ഹൃദയം എന്നത് പുസ്തകത്തിന്റെ പ്രധാനബിംബമാകുന്നുണ്ട്. അത് ഒരു ഹൃദയമല്ല. സംസാരിക്കുന്നതും കേള്‍ക്കുന്നതുമായ രണ്ടു ഹൃദയങ്ങളുടെ സംഗമമാണെന്നുവേണം പറയാന്‍.

മുഖ്യമായും ആരോഗ്യവിഷയങ്ങളാണു ഡോക്ടറുടെ കുറിപ്പുകളിലെങ്കിലും അല്ലാത്തവയും അനേകമുണ്ട്. കേവലം ഔദ്യോഗികക്കുറിപ്പുകളെന്ന നിലയില്‍ മാത്രമല്ല, ഒരുതരത്തില്‍, തികച്ചും സാധാരണക്കാരനായ ഒരു മദ്ധ്യകേരളഗ്രാമീണന്റെ ജീവിതത്തിന്റെ ചിത്രം - ആ ആര്‍ത്ഥത്തില്‍ ഒരു ഭാഗിക ആത്മകഥ - എന്ന നിലയിലും പുസ്തകം സുന്ദരമാണെന്നു പറയാം. പാലായ്ക്കടുത്തുള്ള പൂഞ്ഞാറില്‍ ജനിച്ചുവളര്‍ന്ന്, അവിടെ ബാല്യകാലപഠനമാരംഭിച്ച ജോ എന്ന കുട്ടി എങ്ങനെ, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുവഴി, ഒറീസ്സയിലെ എസ്. സി. ബി. മെഡിക്കല്‍ കോളജിലും പിന്നെ, അതിപ്രശസ്തമായ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും എത്തിയെന്നതിന്റെ കഥ കൂടിയാണീ പുസ്തകം. എറണാകുളം ലിസി ഹോസ്പിറ്റലില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റായ ജോ എനിക്കു നേരിട്ടു പരിചയമുള്ള ആളല്ലെങ്കിലും, പരോക്ഷബന്ധമുണ്ട്. ഇതേപോലെ, കോട്ടയം സര്‍ക്കാര്‍ കോളജില്‍നിന്നു തുടങ്ങി, എംഡിയും ഡിഎമ്മുമെല്ലാം സര്‍ക്കാര്‍ തലത്തില്‍ മെറിറ്റുകൊണ്ടുമാത്രം കടന്നുമുന്നേറി, ഇതേ ലിസി ഹോസ്പിറ്റലില്‍, കാര്‍ഡിയോളജി വകുപ്പില്‍ സീനിയറായി ഉള്ള ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി എന്റെ സഹോദരനാണ് എന്നതാണ് ആ പരോക്ഷബന്ധം.

നല്ല പുസ്തകവായനയുള്ള ആളാണ് ഡോക്ടര്‍ ജോ. മലയാളവും ഇംഗ്ലീഷുമായി നല്ല നിലയില്‍ വായനയുള്ളതുകൊണ്ടുതന്നെ, വെറും വിവരങ്ങളെഴുത്തല്ല ഡോക്ടര്‍ ജോയുടേത്. അദ്ദേഹത്തിന് ഇമ്പമാര്‍ന്ന ഭാഷയും രസനീയയുറ്റ ശൈലിയും വെടിപ്പുള്ള ആഖ്യാനശേഷിയുമുണ്ട്. അതുകൊണ്ടുതന്നെ, ഈ പുസ്തകം വായനയ്‌ക്കെടുത്താല്‍, ഒറ്റയടിക്കു വായിച്ചുപോകാനാവുന്നത്ര സുഗമതയാണുള്‍വഹിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍, ഒരു പുസ്തകത്തിനുവേണ്ടി ഏറ്റവും വലിയ ഗുണം - പാരായണക്ഷമത അഥവാ, റീഡബിലിറ്റി - ഈ പുസ്തകത്തിന് അനുഗ്രഹമായിട്ടുണ്ട്.

മറ്റൊരു പ്രധാനകാര്യം വിഷയങ്ങളുടെ വൈവിദ്ധ്യമാണ്. രോഗം മാത്രമല്ല, വിഷയങ്ങളാകുന്നത്. സാമൂഹികശ്രദ്ധനേടിയ പല വിഷയങ്ങളും ഒപ്പം സ്വകാര്യാനുഭവങ്ങളും ഇതില്‍ കടന്നുവരുന്നു. നിര്‍ഭയ, സ്ത്രീവിദ്യാഭ്യാസം, അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര, സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി ആദിവാസികള്‍ നടത്തിയ സാഷ്ടാംഗപ്രണാമസമരം, പോപ്പിന്റെ അപ്പോസ്തലികപ്രബോധനം, സ്റ്റാന്‍ സ്വാമി, ഉത്ര വധക്കേസ്, സ്വപ്‌ന സുരേഷ്, സിസ്റ്റര്‍ അഭയ വിധി, അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഗൂഢാലോചനാസിദ്ധാന്ത പ്രഷര്‍ ഗ്രൂപ്പുകള്‍, സൈബര്‍ ലോകത്തെ പ്രശ്‌നങ്ങള്‍, റഷന്‍ പത്രങ്ങള്‍ പ്രാവ്ദയും ഇസ്വേസ്റ്റയും... എന്നിങ്ങനെ അനേകം ആരോഗ്യബാഹ്യവിഷയങ്ങളും നിസ്സാരമായി ഡോക്ടര്‍ എടുത്തു പയറ്റുന്നുണ്ട്. അവയില്‍ പലതും കേവലം കുറിപ്പുകളായിട്ടുപോലും അക്കാദമികാധികാരികതയുറപ്പിച്ചുകൊണ്ട് റഫറന്‍സ് നല്കിയാണ് അവസാനിപ്പിച്ചിരിക്കുന്നത്. രാമചന്ദ്രഗുഹ, വേലായുധന്‍ പണിക്കശ്ശേരി, ക്രിസ്റ്റ്യന്‍ ബെര്‍ണാഡ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ മുതല്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ജേണലുകളും സൈറ്റുകളും വരെ ക്വോട്ട് ചെയ്താണ് ഡോക്ടര്‍ ജോ എഴുതിയ വിവരങ്ങളുടെ വസ്തുതാപരമായ ആധികാരികത ഉറപ്പിക്കുന്നതും വായനക്കാര്‍ക്കു ലഭ്യമാക്കുന്നതും. അതില്‍ ചിലതില്‍ എന്റെ സഹോദരന്‍ ഡോ. ജാബിര്‍ എ., അനൂപ് എം. ചേര്‍ന്ന് എഴുതിയ റിസര്‍ച്ച് പേപ്പറുകളും ഉള്‍പ്പെട്ടിരിക്കുന്നു എന്നതും വ്യക്തിപരമായ സന്തോഷമുളവാക്കി.

മെഡിക്കല്‍ വിഷയങ്ങളും താല്‍ക്കാലികതാല്പര്യങ്ങള്‍ക്കപ്പുറത്തേക്കു കടക്കുന്ന പല രംഗങ്ങളുമുണ്ട്. ഡോക്ടര്‍ ബെര്‍ണാഡിനൊപ്പം ഹാമില്‍റ്റണ്‍ എന്നയാളുടെ പേരുകൂടി പരാമൃഷ്ടമാകുന്ന ആദ്യ ഹൃദയമാറ്റശസ്ത്രക്രിയയുടെ പേരില്‍ പ്രചരിക്കുന്ന തെറ്റിദ്ധാരണയെക്കുറിച്ചുള്ള കുറിപ്പും ജെലൂസിലുനുള്ള തുറന്ന കത്തും ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടയില്‍ യന്ത്രഭാഗം തുളച്ചുകയറിയ സംഭവത്തിന്റെ നിജസ്ഥിതി പറയുന്ന കുറിപ്പുമൊക്കെ അത്തരത്തിലുള്ളതാണ്. അവസാനം പറഞ്ഞത്, ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, രോഗിയും ചികിത്സാസംവിധാനവുമായുള്ള ദോഷകരമായ, സംശയാസ്പദമായ അകലം കുറയ്ക്കാന്‍ പര്യാപ്തമാകും.

വായനക്കാരെ ഹോണ്ടുചെയ്യുന്ന കഥാപാത്രങ്ങളുടെ ആരവമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബരസ്മരണയിലെ ചില കഥാപാത്രങ്ങളെപ്പോലെ, രൂക്ഷമായ ജീവിതാനുഭവങ്ങളാണ് ഇതിലെ കഥാപാത്രങ്ങള്‍ക്കുമുള്ളത്. സ്വന്തം അപ്പനെയും ഡോക്ടര്‍ ജോയുടെ രചനാസാമര്‍ത്ഥ്യം നമ്മുടെ മുന്നില്‍ സമൂര്‍ത്തരൂപഭാവമാര്‍ജ്ജിക്കുന്ന ഒത്തൊരു കഥാനായകനായാണ് അവതരിപ്പിക്കുന്നത്. അന്ധയായ അമ്മായിയമ്മയെയും കൊണ്ടു വര്‍ഷങ്ങളായി ചികിത്സയ്ക്കുവരുന്ന യുവതിയായ മരുമകള്‍ (അനുഗ്രഹങ്ങള്‍ക്കുവേണ്ടി മാത്രമുള്ള ഒരു കണ്‍സള്‍ട്ടേഷന്‍), കാമ്പുഡിച്ചി (പേവിഷബാധ) ഉള്ള യുവാവിന്റെ ഉറപ്പായ മരണത്തിനുമുന്നില്‍ ആര്‍ത്തലച്ചു രക്ഷയ്ക്കു കേഴുന്ന കട്ടക്കിലെ അമ്മ (ഞാന്‍ ഏറ്റവും എളുപ്പം നിര്‍ണയിക്കുകയും ചികിത്സിക്കുകയും ചെയ്ത രോഗം), മൃതദേഹം കൊണ്ടുപോകാന്‍ കാറില്‍ സ്ഥലം തികയാതെ അത് ഒടിച്ചുമടക്കിക്കയറ്റുന്ന കൂട്ടത്തിന്റെ കാഴ്ച വിശദീകരിക്കുന്ന ഒറീസ്സയിലെ അനുഭവത്തിലെ ആളുകള്‍ (സ്വര്‍ഗ്ഗത്തിലേക്കുള്ള രണ്ടു യാത്രകള്‍), രമണ്‍ദീപ് അഹുജ (മുള്ളിത്തെറിച്ച സ്‌നേഹബന്ധം), അദ്ഭുതം പോലെ രക്ഷപ്പെടുന്ന ആനി (നിങ്ങള്‍ അദ്ഭുതം കണ്ടിട്ടുണ്ടോ?), ഡോക്ടര്‍ ജോ എന്ന കാര്‍ഡിയോളജിസ്റ്റിന്റെ ആദ്യത്തെ ആന്‍ജിയോ പ്ലാസ്റ്റി നേരിട്ട, നോ ഫ്‌ളോ എന്ന ക്രിട്ടിക്കല്‍ അവസ്ഥയില്‍ നിന്നു രക്ഷനേടുന്ന ജോസ് എന്ന രോഗി (ജോസിനെത്തേടിയുള്ള യാത്ര), വിധിയുടെ അടിയും ഇരുട്ടടിയും കൂരിരുട്ടടിയും - ഇരുട്ടടിക്ക് അപ്പുറമെന്ത് എന്ന ഡോ. ജോയുടെ ചോദ്യത്തിന് ഞാനിടുന്ന മറുപടിവാക്കാണ് കൂരിരുട്ടടി - നേരിട്ട മഞ്ജുവെന്ന രോഗിണി (അടി, ഇരുട്ടടി, പിന്നെയെന്ത്?), നല്ല മരണം ആഗ്രഹിക്കുകയും നേടുകയും ചെയ്യുന്ന തോമസ് ചേട്ടന്‍ (വാട്‌സാപ്പില്‍ ലഭിച്ച ഏഴാം ചരമദിനക്കുറിപ്പ്), മകന്‍ മരിച്ചിട്ടും തങ്ങളോടൊപ്പം കഴിഞ്ഞ മരുമകളെ നല്ലയൊരു പയ്യനെക്കണ്ടെത്തി കെട്ടിച്ചുവിടുന്ന - ഡോ. ജോ ഹീറോയെന്നു വിളിക്കുന്ന- മാത്യൂച്ചേട്ടന്‍ (ഹീറോകളാല്‍ സമൃദ്ധമീ ലോകം), മുഹമ്മദും മുഹമ്മദിനെ സഹോദരനാക്കിയ സ്ത്രീയും... എന്നിങ്ങനെ വിസ്മയം തീര്‍ക്കുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് ഹൃദയപൂര്‍വ്വം ഡോക്ടര്‍ എന്ന പുസ്തകം. ഈ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ജീവിതം സന്തോഷത്തിന്റേതല്ല, പക്ഷേ, പ്രത്യാശയുടേതാണ്. എത്ര വലിയ ദുരന്തവും അതിനുമീതേ മനുഷ്യന്റെ പ്രത്യാശയുടെ പതാക പാറിക്കുന്നുവെന്ന തോന്നലിന്റേതാണ്.

സങ്കടം നിറഞ്ഞ അനുഭവമോ ദുരന്തംതന്നെയോ വിവരിക്കുമ്പോഴും പ്രസന്നമായ ഭാഷയാണ് ഡോ. ജോ ദീക്ഷിക്കുന്നത്. അതിനുപുറമേ, ചില രസകരമായ അനുഭവങ്ങളിലേക്കെത്തുമ്പോള്‍, ആ സരസത വികസിക്കുകയും ചെയ്യുന്നു. മൂത്രം മാറി ടെസ്റ്റു ചെയ്തുകൊണ്ട് രമണ്‍ദീപ് അഹുജയുമായി തുടങ്ങുന്ന ബന്ധവും പല ഹൃദ്രോഗികളെയും ചതിക്കാന്‍ കൂട്ടുനില്‍ക്കുന്ന ജലൂസിലിനോടുള്ള വര്‍ത്തമാനവും ലാലേട്ടനുള്ള ആശംസയുമൊക്കെ പൊട്ടിച്ചിരിപ്പിക്കുക തന്നെ ചെയ്യും. തനി പൂഞ്ഞാറുകാരനായ അപ്പനും ഔസേപ്പുചേട്ടനുമൊക്കെ ചിരിയ്‌ക്കൊപ്പം കവിളുകളില്‍ കണ്ണീരുപ്പണിയിക്കുകയും ചെയ്യും.

ഡോക്ടര്‍മാര്‍ ഒരേസമയം ദൈവദൂതരും മനുഷ്യരും സ്വന്തം തൊഴിലെടുക്കുന്ന ആളുകളും വിജഗദ്ധരും സാധാരണക്കാരും ഒക്കെയാണെന്ന്, തങ്ങളെപ്പോലുള്ള ആളുകള്‍ തന്നെയാണ് ഡോ. ജോയുടെ പുസ്തകം ഡോക്ടര്‍മാരെ അകലെനിന്നുകാണുന്ന ആളുകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. ചികിത്സിച്ച രോഗി മരണപ്പെടുന്നത് അടുത്ത ബന്ധുക്കളില്‍ ഉണ്ടാക്കുന്നതിനു സമാനമായ വേദന ഡോക്ടര്‍ക്കുമുണ്ടാക്കുമെന്ന് തെളിയിക്കുന്ന ഒന്നിലധികം സന്ദര്‍ഭങ്ങള്‍ പുസ്തകത്തില്‍ പലപല കുറിപ്പുകളിലായി എഴുത്തുകാരന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. എങ്കിലും ഓരോ മരണവും കേവലം മനോവേദനയ്ക്കപ്പുറം ജീവിച്ചിരിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു പാഠമാക്കി മാറ്റുകയും ഡോക്ടറുടെ ഉത്തരവാദിത്തമാണെന്നു മനസ്സിലാക്കിക്കുന്ന വാട്‌സാപ്പില്‍ ലഭിച്ച ഏഴാം ചരമദിനക്കുറിപ്പ് എന്ന ഉപന്ന്യാസം വേറിട്ടുനില്‍ക്കുന്നു. ഫ്രീക്വന്റ് ഫ്‌ലൈയര്‍, ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം അഥവാ സ്‌ട്രെസ് കാര്‍ഡിയോ മയോപ്പതി അത്യഥവാ റ്റാകോറ്റ്‌സുബോ കാര്‍ഡിയോ മയോപ്പതി, നോ ഫ്‌ളോ, റ്റാവി, മെഡിക്കല്‍ നെഗ്ലിജന്‍സ്, മെഡിക്കല്‍ ലിറ്റിഗേഷന്‍, ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി, ഫിസിഷ്യന്‍സ് മോര്‍ട്ടാലിറ്റി ഡേറ്റ, മീഡിയന്‍ സര്‍വൈവല്‍, റി- ട്രാന്‍സ്പ്ലാന്റ്, കണ്‍സര്‍വേറ്റീവ് ട്രീറ്റ്‌മെന്റ്, സഡന്‍ കാര്‍ഡിയാക് ഡെത്ത് തുടങ്ങിയ പദാവലികളാലും അവയുടെ ലളിതമായ വിശദീകരണങ്ങളാലും വലിയൊരു ആരോഗ്യവിജ്ഞാനമേഖലയിലേക്കാണ് പുസ്തകം നമ്മെ ബാലപാഠം നീട്ടി ക്ഷണിക്കുന്നത്.

രോഗികളാകാന്‍ സാദ്ധ്യതയുള്ള എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഹൃദയപൂര്‍വം ഡോക്ടര്‍. അതേ, രോഗികളാകാന്‍ സാദ്ധ്യതയുള്ളവരാണ് നമ്മളെല്ലാവരും എന്നതിനാല്‍ എല്ലാവരും തന്നെ വായിച്ചിരിക്കേണ്ട പുസ്തകമാണ്. അത് ഈ പുസ്തകം രോഗങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ഹൃദയസംബന്ധിയായ രോഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല, മറിച്ച്, ഒരു ഡോക്ടര്‍ എന്നാല്‍ എന്താണെന്ന് കാണിച്ചുതരുന്നു എന്നതിനാലാണ്. ആധുനികമെഡിക്കല്‍ രംഗം എന്നാല്‍ എന്താണെന്ന്, ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, പൊതുവും സ്വകാര്യവുമായ ആരോഗ്യരംഗവും പ്രവര്‍ത്തനവും എന്താണെന്ന് ഒരു സമീപദൃശ്യത്തില്‍ കാട്ടിത്തരാനും അതെപ്പറ്റി പൊതുവേയുള്ള പല തെറ്റിദ്ധാരണകളും നീക്കാനും പുസ്തകം സഹായിക്കുന്നു. സഹജീവിസ്‌നേഹത്തിലും ശാസ്ത്രീയധാരണകളിലും മനുഷ്യപ്പറ്റിലും രാഷ്ട്രീയസാമൂഹികബോദ്ധ്യങ്ങളിലും നിലയുറപ്പിക്കുന്നവരാണു ഏറിയകൂറും ഡോക്ടര്‍മാര്‍ എന്ന് ഈ പുസ്തകം നമ്മെക്കൊണ്ടു സമ്മതിപ്പിക്കുന്നു.

പ്രണത ബുക്‌സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. പുസ്തകത്തിന്റെ കെട്ടും മട്ടും വായനയ്ക്ക് പ്രത്യേകം ഇമ്പം നല്കുന്നുണ്ട്. ഉന്നതനായ ഭിഷഗ്വരന്മാരിലൊരാളായ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപുറത്തിന്റെ അവതാരികയും അവസരോചിതമായി നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഡോക്ടര്‍മാരുടെ വര്‍ഗ്ഗം ഒന്നാന്തരം സാഹിത്യരോഗികളാണെന്നും അതിന് പുസ്തകചികിത്സ നിരന്തരം തേടുന്നവരാണെന്നുംകൂടി ഈ പുസ്തകം അടിവരയിട്ടുപറയുന്നു.

ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയഹാരിയായ കുറിപ്പാണ് ഭരതവാക്യമായി ചേര്‍ത്തിട്ടുളള ജീവിതാന്ത്യസ്വപ്‌നങ്ങളും ദര്‍ശനങ്ങളും. രണ്ടു ജോസഫുമാരെക്കുറിച്ചാണത്. ഒന്ന്, ബന്ധുക്കള്‍ക്കെല്ലാം ജോസഫ് ചേട്ടനായിരുന്ന സ്വന്തം അപ്പന്‍. രണ്ട്, തന്റെ രോഗിയായിരുന്ന ഒരു ജോസഫ്‌ചേട്ടന്‍. രണ്ടാളുടെയും മരണനിമിഷങ്ങളാണ് ആഖ്യാനസന്ദര്‍ഭങ്ങള്‍. അവര്‍ക്കുണ്ടായ അഭൗമദര്‍ശനങ്ങളുടെ സാക്ഷ്യങ്ങള്‍. ആദ്യത്തെ സന്ദര്‍ഭത്തില്‍ കേവലം എംബിബിഎസ് ഡോക്ടര്‍ മാത്രമായ മകനും രണ്ടാമത്തെ സന്ദര്‍ഭത്തില്‍ ഹൃദ്രോഗവിദഗ്ദ്ധനായ ഡോക്ടറും. ആദ്യസന്ദര്‍ഭത്തിലേത് ഒരു ദൂരഭാഷണമായിരുന്നു എന്നത് അതിന്റെ ആഴം കുറയ്ക്കുന്നില്ല. അപ്പന്‍ മരണക്കിടക്കിയില്‍ കിടന്നു സ്വപ്‌നദര്‍ശനഫലമായ മൃദുമന്ദഹാസത്തോടെ പറയുന്നത്, കിടയ്ക്കയ്ക്കരികെയിരിക്കുന്ന ബന്ധുവായ തൊമ്മന്‍ ചേട്ടന്‍ ചെവിയോര്‍ക്കുന്നു: മൂത്തമോന്‍ വന്നിട്ടില്ല. അവനെങ്ങനെ വരാനാണ്? എഐഐഎമ്മെസ്സില്‍ കാര്‍ഡിയോളജിക്കു പഠിക്കുവല്ലേ?..

ഏതാനും ദിവസങ്ങള്‍ക്കുശേഷം ആ നിഷ്‌കളങ്കപ്രവാചകന്‍ ഇഹലോകവാസം വെടിഞ്ഞു. ഈ ദര്‍ശനവാക്യം ഉച്ചരിക്കുമ്പോള്‍ മകനായ ജോ ജോസഫ് എംഡി പാസായിട്ടുപോലുമില്ല. ഡിഎം കാര്‍ഡിയോളജിക്ക് എഐഐഎമ്മെസ്സില്‍ പ്രവേശം കിട്ടുകയെന്നത് അതിവിദൂരമായ സ്വകാര്യസ്വപ്‌നം മാത്രം. അപ്പോള്‍ അപ്പനെങ്ങനെ അതു മുന്നേകണ്ടു പറഞ്ഞു? വിശദീകരിക്കാനാകാത്ത ഒരനുഭവമാണത്. മകന്റെ മോഹം അപ്പന്റെയും മോഹമായി മാറി, അത് സ്വപ്‌നത്തിന്റെ രൂപത്തില്‍ ചിറകുവീശി, സത്യദര്‍ശനമായി മരണബോധത്തില്‍ പറന്നിറങ്ങിയതാകാം. അല്ലെങ്കില്‍, അപ്പന്റെ ആ പ്രവചനം സത്യമാക്കിത്തീര്‍ക്കാന്‍ പിന്നീട് മകന്‍ അത്യദ്ധ്വാനം ചെയ്ത് അവിടെ അഡ്മിഷന്‍ സഫലമാക്കിയതാകാം. ശാസ്ത്രത്തിന് അതെങ്ങനെയും യുക്തിഭദ്രമായി വിശദീകരിക്കാന്‍ സാധിച്ചേക്കും. എന്നാല്‍, ശാസ്ത്രത്തിനു വഴങ്ങാന്‍ മടിക്കുന്ന വികാരയുക്തിക്ക് ആ അപ്പന്റെ കിനാവെളിവിന്റെ അതീതപ്രഭാവലയത്തിനു മുന്നില്‍ വിസ്മയാധീനനായി നില്‍ക്കുവാനേ കഴിയുകയുള്ളൂ.

രണ്ടാമത്തെ സന്ദര്‍ഭത്തില്‍, ചികിത്സയുടെ എല്ലാ പടവും പിന്നിട്ട്, ജോസഫ് ചേട്ടന്‍ എന്ന രോഗിക്ക്, ഡിഎന്‍ആര്‍ (ഒരുതരത്തില്‍ മരണട്ടിക്കറ്റ്) നല്കാന്‍ ബന്ധുക്കളും ഡോക്ടറും തീരുമാനിക്കുന്നു. ഡോക്ടര്‍ ജോയുടെ ഭാഷയില്‍ പറഞ്ഞാല്‍, ചികിത്സകന്റെ വെളുത്ത കുപ്പായം മാറ്റി, ഡോക്ടര്‍ വിധികര്‍ത്താവിന്റെ കറുത്തവേഷമണിയുന്ന നിമിഷം. മരണം കാത്തുകിടക്കുന്ന ജോസഫ് ചേട്ടന്റെ ചുണ്ടുകള്‍ എന്തോ പിറുപിറുക്കുന്നെന്നറിഞ്ഞ് കാതുചേര്‍ക്കുന്ന ഡോക്ടര്‍ കേള്‍ക്കുന്നത് അദ്ദേഹം കൊച്ചുമക്കളെ വാത്സല്യാതിരേകത്തോടെ ശാസിക്കുകയും ഓമനിക്കുകയും ചെയ്യുന്നതിന്റെ പതിഞ്ഞ ഒച്ചകള്‍. നീ പഠിച്ചുമിടുക്കനായി വാങ്ങുന്ന കാറില്‍ വല്യപ്പച്ചനെ സഞ്ചാരത്തിനു കൊണ്ടുപോകണമെന്നു പറയുന്ന ജോസഫ് ചേട്ടന്‍ അതിനിടെ ഭാര്യയെ ശുദ്ധനാട്ടുഭാഷയില്‍ വഴക്കുപറയുന്നുമുണ്ട്. തന്റെ അപ്പന്‍, തനിപ്പൂഞ്ഞാറുകാരനായ ജോസഫുചേട്ടന്റെ കൊളോക്യല്‍ ഭാഷ നന്നായി അറിയാവുന്ന ഡോക്ടര്‍ ജോ ജോസഫ് നിറകണ്‍ചിരിയോടെ ആ മരണക്കിടയ്ക്കക്കരികില്‍നിന്ന അനുഭവമെഴുതുന്നത് ഹൃദയചാരുതയോടെയല്ലാതെ വായിച്ചുതീര്‍ക്കാനാകില്ല.

ഈ പുസ്തകത്തെപ്പറ്റി ഒറ്റവാക്യത്തില്‍ ഒരഭിനന്ദനം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം: ഡോക്ടര്‍ ജോ ജോസഫിന്റെ ഹൃദയപൂര്‍വ്വം ഡോക്ടര്‍ എന്ന പുസ്തകം ഡോക്ടറും രോഗിയുമെന്ന നിലയില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധം ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്ന പുസ്തകമാണ്; അത് രോഗികളായവരും ആകാനിടയുള്ളവരുമായ മനുഷ്യരുടെ മനസ്സില്‍ ഡോക്ടര്‍ എന്ന വ്യക്തിയെ അറിവും അനുകമ്പയുമുള്ള മിത്രമായി മുദ്രവയ്ക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in