ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

ഹിന്ദുത്വ ഫാസിസം നിർമ്മിച്ച നുണകളുടെ കോട്ടയ്ക്ക് എതിരെ ഉയർന്ന സത്യത്തിന്റെ പ്രതിരോധം എന്ന നിലയ്ക്ക് ഓരോ ഇന്ത്യൻ പൗരനും വായിച്ചിരിക്കേണ്ട പുസ്തകമാണ് പി എൻ ഗോപികൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ.

ശിവജിക്ക് ശേഷമുള്ള പേശ്വാസാമ്രാജ്യത്തിലെ വരേണ്യരായിരുന്ന, ഒരേസമയം വേദാധികാരവും രാജാധികാരവും തങ്ങളുടേതായി കരുതിയിരുന്ന ചിത്പാവൻ ബ്രാഹ്മണരുടെ നഷ്ടസാമ്രാജ്യസ്വപ്നങ്ങൾ നികത്താനായി ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ "സ്മൃതികളെ" അടിസ്ഥാനപ്പെടുത്തിയ ഒരു വ്യാജചരിത്ര നിർമ്മിതിയിലേക്ക് നയിക്കാനുള്ള ഒന്നര നൂറ്റാണ്ട് കാലം നീണ്ടുനിന്ന ശ്രമങ്ങളെ ഇഴകീറി പരിശോധിക്കുകയാണ് ഈ പുസ്തകം.

സിന്ധു(നദി) മുതൽ സിന്ധു(സമുദ്രം) വരെ നീണ്ടുകിടക്കുന്ന ഭൂമി പിതൃഭൂമിയും പുണ്യഭൂമിയുമായി കരുതുന്നവർക്ക് മാത്രം പൗരത്വം എന്ന ആശയം 1921-22 കാലഘട്ടത്തിൽ സവർക്കർ ആൻഡമാനിൽ ആയിരുന്നപ്പോൾ രചിച്ച 'എസ്സെൻഷ്യൽസ് ഓഫ് ഹിന്ദുത്വ' എന്ന പുസ്തകത്തിൽ സ്വയം രചിച്ചു ചേർത്ത സംസ്കൃത ശ്ലോകത്തിലൂടെ ഉറപ്പിക്കുന്നതും, കർമ്മഭൂമി എന്ന ആധുനിക ദേശരാഷ്ട്ര സങ്കൽപ്പത്തെ പാടെ തള്ളിക്കളയുന്നതും മതാത്മക ദേശീയതയുടെ അടിത്തട്ടായി മാറുന്ന പ്രക്രിയയെ ഈ പുസ്തകം വിശദീകരിക്കുന്നു.

ദേശീയതയുടെ ബ്രാഹ്മണവൽക്കരണത്തിൽ പ്രാഥമികമായി ഒരു ചിത്പാവൻ ബ്രാഹ്മണനായിരുന്ന തിലകിന്റെ പങ്ക്, അഭിനവ് ഭാരതിൻ്റെ വളർച്ച എന്നിവയിൽ തുടങ്ങി സവർക്കറുടെ വ്യക്തിത്വ രൂപീകരണം, വിചാരണകൾ, തടവുചാട്ടം, ബ്രിട്ടീഷ് വിരുദ്ധതയുടെ അന്ത്യം, എണ്ണമില്ലാത്ത മാപ്പപേക്ഷകൾ എന്നിവയിലൂടെ പുരോഗമിച്ച് രാഷ്ട്രീയ ബ്രാഹ്മണിസത്തിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളിലേക്കും പ്രയോഗ രീതിയിലേക്കും ഈ രചന ഊളിയിട്ട് ഇറങ്ങുന്നു.

ആർഎസ്എസിന്റെ ജർമ്മൻ ഫാസിസത്തോടുള്ള താത്വികമായ യോജിപ്പ് ഇടുങ്ങിയ വംശീയദേശീയതാ വാദം സുശക്തമായ ഹിന്ദുരാഷ്ട്ര നിർമ്മാണത്തിൽ എങ്ങനെ ഉപയുക്തം ആക്കാം എന്ന ആലോചനയായി പരിണമിക്കുന്നതും അത് രത്നഗിരിയിലെ ഹിന്ദു വംശീയ പരീക്ഷണങ്ങളായി മാറുന്നതും ഇതിൽ പ്രതിപാദിക്കുന്നു. സത്യാനന്തരത എന്ന വാക്കിൻ്റെ പര്യായമായി മലബാർ കലാപത്തെ സംബന്ധിച്ച നോവലും മറ്റ് സവർക്കർ രചനകളും എങ്ങനെ മാറുന്നു എന്നതും ലവ് ജിഹാദ് പ്രചരണത്തിൻ്റെ തുടക്കവും ഗ്രന്ഥകാരൻ വിശദീകരിക്കുന്നു.

ഗോഡ്സെ എന്ന മതഭ്രാന്തൻ ഗാന്ധിയെ കൊന്നു എന്ന നമ്മുടെ പൊതുബോധത്തിൽ ഉള്ള ഒരു നിർമ്മിതിയെ ഈ പുസ്തകം തച്ചുടയ്ക്കുന്നു. ഗോഡ്സെ എങ്ങനെ കേവലം ഒരു മതഭ്രാന്തൻ അല്ലെന്നും അയാൾ എങ്ങനെയാണ് ഒരു വലിയ ഗൂഢാലോചനയുടെ ഭാഗവും ഉപകരണവുമായി മാറുന്നത് എന്നും ഗ്രന്ഥകർത്താവ് വരച്ചു കാട്ടുന്നു. ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ഗോഡ്സെ അംഗമായിരുന്ന ചിത്പാവന് ബ്രാഹ്മണ സമുദായത്തിനെതിരെ ജനരോഷം ഉയരുകയും അത് വലിയ അക്രമത്തിൽ കലാശിക്കുകയും ചെയ്തത് ഇവിടെ പ്രതിപാദിക്കുന്നു. തുടർന്ന് 'എന്തുകൊണ്ട് ഞാൻ ഗാന്ധിയെ കൊന്നു' എന്ന ഗോഡ്സെയുടെ വിശദീകരണത്തിന്റെ സത്യാനന്തരതയിലേക്ക് കടക്കുന്നു. പിന്നീട് കപൂർ കമ്മീഷൻ റിപ്പോർട്ടിലേക്ക് നീങ്ങുകയും ഗാന്ധിവധം എങ്ങനെ ആർഎസ്എസിനെ രാഷ്ട്രീയമായി ബാധിച്ചു എന്നതിനെ അപഗ്രഥിക്കുകയും ചെയ്യുന്നു.

ഫാസിസ്റ്റ് രീതിശാസ്ത്രം ചരിത്രത്തിൽ ആവർത്തിക്കും എന്നും കലർപ്പുകളോടുള്ള ഭയം അതിൽ പ്രധാനപ്പെട്ട ഒന്നാണെന്നും ഉറുദുവിനോട് ഉള്ള വിരോധത്തെയും, ഭാഷാശുദ്ധീകരണ ശ്രമങ്ങളെയും ഹിന്ദു- ഹിന്ദി- ഹിന്ദുസ്ഥാൻ വാദത്തെയും വിശദീകരിച്ചുകൊണ്ട് പുസ്തകം വ്യക്തമാക്കുന്നു. സവർക്കറുടെ മരണശേഷം ഉണ്ടായ വ്യാജ ചരിത്ര നിർമ്മിതികളെ പ്രതിപാദിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. ഗാന്ധിവധത്തിലെ ഹിന്ദുത്വത്തിന്റെ പങ്കിനെ പൂർണമായി മറച്ചുവച്ചു കൊണ്ടുള്ള ആഖ്യാനങ്ങളാണ് പിന്നീട് കൂടുതലും ഉണ്ടായതെന്ന് ഗ്രന്ഥകർത്താവ് പറയുന്നു. ഗാന്ധിയെ വധിക്കുന്ന സമയത്ത് ഗോഡ്സെ ആർഎസ്എസുകാരൻ ആയിരുന്നില്ല എന്ന വാദത്തിൽ കൈകഴുകി പോകാനുള്ള ശ്രമങ്ങൾ ആർഎസ്എസിന്റെ ഭാഗത്തുനിന്ന് മാത്രമല്ല മറിച്ച് ചില നിഷ്പക്ഷ ചരിത്രകാരന്മാരുടെ ഭാഗത്തുനിന്നും ഉണ്ടായതായി എഴുത്തുകാരൻ പറയുന്നു.

സവർക്കറുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളെയും ഗ്രന്ഥകാരൻ അടയാളപ്പെടുത്തുന്നുണ്ട്. 1948 ൽ സർ സി പി സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് എത്തിയ കമ്പി സന്ദേശങ്ങളിൽ ഒന്ന് സവർക്കരുടേതായിരുന്നു എന്ന ഗ്രന്ഥകാരൻ പറയുന്നു. അഖണ്ഡ ഭാരതത്തിൽ നിന്നുള്ള തിരുവിതാംകൂറിന്റെ വിഭജനത്തെ അഭിനന്ദിക്കാനുള്ള മനസ്സ് സവർക്കറിന് എവിടെ നിന്നുണ്ടായി എന്നുള്ള ഒരു സംശയം അവിടെ ബാക്കിയാകുന്നു.

ജാതിക്കതീതമായ ഏകമാനമായ ഒരു ഹിന്ദുത്വ രൂപീകരണത്തിന് വേണ്ടി നടത്തിയ പല പ്രകടനങ്ങളും പരാജയപ്പെട്ടപ്പോഴും മുസ്ലീങ്ങളുടെ അപരവൽക്കരണവും പുണ്യഭൂമി സിദ്ധാന്തവും ആത്യന്തികമായി ഹിന്ദുത്വ ശക്തികൾക്ക് ജയം നൽകുമെന്നത് എക്കാലത്തെയും അവരുടെ പ്രതീക്ഷയാണെന്നും, ഇന്ന് നമ്മെ വിഴുങ്ങുന്ന കോർപ്പറേറ്റ് ഹിന്ദുത്വയോട് എതിർക്കുമ്പോൾ ഈ ചരിത്ര ബോധത്തിന്റെ അടിത്തറയും ഇന്ത്യയെ ഇന്ത്യ ആക്കുന്ന ബഹുസ്വര-മതേതര സംസ്കൃതിയെ കുറിച്ചുള്ള ഉൾക്കാഴ്ചയും നമുക്ക് ഉണ്ടാവണമെന്നും ഹിന്ദുത്വത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധം ഫാഷിസത്തിനെതിരെയുള്ള ജനാധിപത്യത്തിൻറെ പ്രതിരോധമാണെന്നും ഓർമ്മിപ്പിച്ചുകൊണ്ടുമാണ് 750 പേജുകൾ ഉള്ള ഈ സമഗ്ര ചരിത്രപുസ്തകം അവസാനിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in