'പാതിരാലീല': വന്യതകൊണ്ട് ബലപ്പെട്ട കഥകൾ

'പാതിരാലീല': വന്യതകൊണ്ട് ബലപ്പെട്ട കഥകൾ
Published on

വർഷങ്ങൾക്കു മുൻപ് വീടുപണിയുന്ന സ്ഥലത്ത് നട്ട മരങ്ങളാണ് ഇപ്പോള്‍ വീടിനെ മറച്ചുപിടിച്ചു വളർന്നു പടർന്നു നിൽക്കുന്നത്. ആ സ്ഥലം വാങ്ങുമ്പോള്‍ മരമെന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല.അക്കാലത്ത് ‘രാഘവൻ വട്ടംതട്ട’ എന്ന പേരിൽ കവിതകള്‍ എഴുതുകയും സ്വയം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന രാഘവന്‍മാഷ് തന്റെ പ്രിയ കവിയുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് വീടിനു മുന്നില്‍ മരങ്ങള്‍ എന്ന ആശയത്തില്‍ എത്തുന്നത്.പക്ഷേ കവിയുടെ വീട്ടിലേതു പോലെ മരങ്ങള്‍ക്കിടയില്‍ കൽബഞ്ചുകള്‍ പണിയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

"ഇതെന്താ റെയില്‍വേ സ്റ്റേഷനോ?" എന്ന സതിട്ടീച്ചറുടെ ചോദ്യത്തില്‍ ആ ആശയം വേണ്ടെന്നു വയ്ക്കപ്പെട്ടു.

( പൂതപ്പാനി , കെ.എൻ. പ്രശാന്ത്)

നാട്യങ്ങളില്ലാതെ കഥ പറഞ്ഞു പോകുന്ന ശൈലിയാണ് പ്രശാന്തിന്റേത്. ഗ്രാമത്തെ ചുറ്റിപ്പറ്റി നില്ക്കുമ്പോഴും ഗ്രാമീണവിശുദ്ധി എന്ന സങ്കല്പത്തെ അപ്പാടെ നിരാകരിക്കുന്നുവെന്നത് പ്രശാന്തിന്റെ കഥകളുടെ ഏറ്റവും വലിയ സവിശേഷതയാണ്. മനുഷ്യരെയും അവരുടെ ഭൂമികയെയും സംസ്കരിച്ച് ചന്തം ചാർത്തി അവതരിപ്പിക്കുന്നതിൽ കഥാകൃത്തിന് വലിയ വിശ്വാസമില്ല. മനുഷ്യരുടെ അസംസ്കൃതത്വങ്ങളെ കൈ തൊടാതെ പകർത്തുന്ന രചനകളാണ് പ്രശാന്തിന്റേത്. അതുകൊണ്ടു തന്നെ അവയ്ക്ക് സ്വാഭാവികമായും പരുക്കൻ സ്വഭാവമുണ്ട്. കവിതയെയും കവിയെയും ആരാധിക്കുന്ന കാല്പനികമന:സ്ഥിതി യാഥാർത്ഥ്യബോധത്തിനുമുന്നിൽ പരുങ്ങി നില്ക്കുന്ന കാഴ്ച അവയിലുണ്ട്. "അരിയുണ്ടെന്നാലങ്ങേരന്തരിക്കുകില്ലല്ലോ " എന്ന മട്ടിൽ ഒരർത്ഥത്തിൽ ക്രൂരമെന്നു തോന്നിയേക്കാവുന്ന തരം നിഷ്കളങ്കതയും നിസ്സഹായതയുമാണ് വാസ്തവത്തിൽ പ്രശാന്തിന്റെ എഴുത്തിന്റെ അടിയൊഴുക്ക്. അതിനെക്കാൾ ശ്രദ്ധേയം അതിലെ ആത്മവിമർശനസ്വരമാണ്. അതു പലപ്പോഴും മനുഷ്യൻ - പുരുഷൻ - മലയാളി എന്നു സൂക്ഷ്മമാകുന്നുമുണ്ട്. അത്തരം ഏഴുകഥകളുടെ സമാഹാരമാണ് കെ.എൻ പ്രശാന്തിന്റെ 'പാതിരാലീല'.

"എടാ പെണ്ണമ്പൂ, നാണൂമ്മാനുല്ലാത്തോനേ, ഇവനാര ട്ത്താ വന്നത് ?"

ഷാജിയെ പിടിച്ച് തള്ളി കാറിത്തുപ്പിയപ്പോൾ അന്നോളമില്ലാത്ത ഒരു ആനന്ദം എനിക്ക് അനുഭവപ്പെട്ടു.ലീല തീപിടിച്ചതു പോലെ ഷാജിക്കും ഞങ്ങൾക്കുമിടയിൽ കയറി നിന്നു.അവൻ കളിച്ച

ഡാൻസിലെ നായികയെപ്പോലെ തുറിച്ചു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.ക്ഷീണിതനായ ഷാജിയെ വീടിനു പുറത്തെ തിണ്ണയിലേക്കിരുത്തി അവന്റെ മുറിവുകളിൽ പതിയെ തലോടാൻ തുടങ്ങി. വീടിനകത്തു നിന്നു സരിഗ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരുട്ട് മാത്രം ഞങ്ങളെ എത്തി നോക്കി.

“ പൊറത്തു കൊടുക്കുന്നത് ഞങ്ങക്കൊക്കെ തന്നൂട്രാ ?”

വിഭിന്നലൈംഗികസ്വഭാവമുള്ള മനുഷ്യരെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന മനോഭാവത്തോടൊപ്പം തന്നെ ലിംഗമനുഷ്യരായി മാത്രം മാറിപ്പോവുന്ന മലയാളി ആണത്തത്തെ പാതിരാ ലീല എന്ന കഥ വിചാരണ ചെയ്യുന്നുണ്ട്. ലീല എന്ന പേരിൽ അറിയപ്പെടുന്ന പുരുഷനും അയാളുടെ സരിഗ എന്ന ഭാര്യയും നാട്ടിലെ സദാചാരസംരക്ഷകരുടെ നിരീക്ഷണത്തിലാണ്. സരിഗയുടെ തുറസ്സായ അപഥസഞ്ചാരം കാരണം നാടിന്റെ സംസ്കാരം നശിച്ചു പോകുമെന്ന ആവലാതിയുമായി നടക്കുന്ന ഒരു ആൺകൂട്ടത്തിനിടയിലാണ് ഇവിടെ ആഖ്യാതാവിന്റെ നില . അതിനേക്കാൾ അവരെ നയിക്കുന്നത് അസംതൃപ്തവും രോഗാതുരവുമായ ലൈംഗികതയാണെന്ന് സദാചാര ഗുണ്ടായിസത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞു വയ്ക്കുന്നുണ്ട്. വിചാരണക്കൂട്ടത്തിലെ ഏറ്റവും ചെറിയവനായ കുട്ടാപ്പി എന്നു വിളിക്കപ്പെടുന്ന ആദിദേവ് ലീലയുടെ വീട്ടിൽക്കയറി ബഹളം വയ്ക്കുമ്പോൾ 'നിന്റോള മറ്റോൻ ' എന്നലറുന്നതു കേട്ട് ആഖ്യാതാവു പോലും ഞെട്ടിപ്പോകുന്നതായി കഥയിലുണ്ട്. മലയാളി ആണത്തത്തിൽ അടിസ്ഥാനപരമായി വലിയ പരിവർത്തനങ്ങളൊന്നും സംഭവിക്കാനില്ല എന്നൊരു നിസ്സംഗത പ്രകടമാകുന്ന സൂക്ഷ്മസന്ദർഭമാണത്. ആ സന്ദർഭത്തെ പൊലിപ്പിക്കാൻ യാതൊന്നും കഥാകൃത്ത് ചെയ്യുന്നില്ല. അതിവൈകാരികതയുടെ സ്പർശമില്ലാതെ പറഞ്ഞു പോകുന്നുവെന്നുമാത്രം. ' കുട്ടാപ്പി എന്ന ആദിദേവ് ' എന്ന വിശദീകരണം യാദൃച്ഛികമല്ല. കാലാനുസൃതമായി മലയാളിപ്പേരുകളിൽ വന്നു ചേർന്നിട്ടുള്ള നവീകരണത്തിന്റെ രാഷ്ട്രീയമടക്കം അതിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. ആ പശ്ചാത്തലത്തിലാണ് വിഭിന്ന സ്വത്വങ്ങളെ അംഗീകരിക്കാൻ വൈമനസ്യം കാട്ടുന്ന മനുഷ്യരെ കഥ വരച്ചുകാട്ടുന്നത്.

'പൂതപ്പാനി 'യിൽ കവിയും പരിസ്ഥിതിസ്നേഹിയുമായ രാഘവൻ മാഷ് ടെ വീട്ടിനു മുന്നിലെ മരങ്ങളും അവയിൽ കൂടുകൂട്ടിയ കടന്നൽക്കൂട്ടവും ഒരു ജനകീയപ്രശ്നമായി മാറുന്നതായി കാണാം. കടന്നൽക്കൂട്ടത്തെ തീയിടാൻ കൊണ്ടുവരുന്ന അന്യസംസ്ഥാന തൊഴിലാളികൾ വാസ്തവത്തിൽ ബലിമൃഗങ്ങളാണ്. കുട്ടികളെ പിടിക്കാൻ നടക്കുന്നവരാണ് അവരെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അവർ മർദ്ദിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരെ അപരത്വം കല്പിച്ചു മാറ്റിനിർത്തുകയും ദുർബലരെ അധികാരിവർഗ്ഗത്തിന്റെ ഇരകളായി എറിഞ്ഞു കൊടുക്കുകയും അതിൽ സ്വാഭാവികത കണ്ടെത്തുകയും ചെയ്യുന്ന മനോഭാവത്തെ ഈ കഥ ചൂണ്ടിക്കാട്ടുന്നു. ഇതിൽ നിന്നു മുക്തി പ്രഖ്യാപിക്കത്തവിധം ആദർശവൽകൃതമായ ഒരു ഭൂമികയായി കേരളത്തെ സ്ഥാപിക്കാൻ ഈ കഥ തയ്യാറാവുന്നില്ല എന്നതാണു വാസ്തവം.

ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തറവാടിത്തപ്രഘോഷണങ്ങൾക്കു വഴങ്ങാത്തവയാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. പൂതപ്പാനി മികച്ച ഉദാഹരണമാണ്. ജനാധിപത്യബോധം, ഗ്രാമീണനന്മ തുടങ്ങിയവയെ കഥ സ്വയംവിമർശനപരമായി സമീപിക്കുന്നതു കാണാം.

"വിജയൻ പോലീസ് ഗൗരവശബ്ദത്തില്‍ മുരണ്ടു.മാഷിന്റെ തൊട്ടയല്‍പക്കത്തുള്ള അയാള്‍ പല പ്രാവശ്യം മാഷുമായി ഉരസാന്‍ ശ്രമിച്ചിട്ടുണ്ട്.മരങ്ങളുടെ ചില്ലകള്‍ അയാളുടെ പറമ്പിലേക്ക് ചാഞ്ഞിരിക്കുന്നതു കൊണ്ട് ഇലകള്‍ വീണ് മുറ്റം വൃത്തികേടാകുന്നു എന്നായിരുന്നു അതിന് പ്രധാന കാരണം.തര്‍ക്കത്തിന് നില്‍ക്കാതെ ആ ഭാഗത്തുള്ള കമ്പുകള്‍ മാഷ് വെട്ടിച്ചു. കിളികൾക്കു കുടിക്കാൻ വെള്ളം നിറച്ചു വച്ച മൺചട്ടികളിൽ കൊതുകുകൾ പെരുകുന്നെന്ന് അയാൾ മുൻസിപ്പാലിറ്റിയിൽ പരാതി കൊടുത്തു.ചട്ടികൾ രാത്രിയിൽ കമിഴ്ത്തി വച്ച് മാഷ് ആ പ്രശ്നവും പരിഹരിച്ചു.

” വൈന്നേരം നമ്മളൊരു മീറ്റിംഗ് വിളിച്ചിട്ടുണ്ട്. എന്റെ വീട്ടിലാണ്. മാഷ് വരണം. വന്നില്ലെങ്കിൽ നമ്മക്ക് വേറെ വയി നോക്കണ്ടി വെരും . "

നമ്പ്യാര്‍ പറഞ്ഞു.അയാളാണ് അസോസിയേഷന്‍ പ്രസിഡന്‍റ്.

(പൂതപ്പാനി)

ആർ. രാജശ്രീ
ആർ. രാജശ്രീ

കേരളം എന്ന സാംസ്കാരികഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളിൽ കണ്ടെത്താം. എന്നാൽ നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടൻ ഭാഷയും സംസ്കാരവും കലർന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകൾ പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കഥകൾ നല്കുന്ന അനുഭവം നൂറുശതമാനം 'കേരളീയം' ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തിൽ കൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.

കോഴിക്കെട്ടിന്റെ വന്യമായ അന്തരീക്ഷത്തിലുള്ള കഥയാണ് പെരടി. കാടും ഉൾനാടൻ ഗ്രാമങ്ങളും ചേർന്നുണ്ടാക്കുന്ന ഇരുണ്ട പച്ചപ്പിന്റെ പശ്ചാത്തലത്തിൽ ചീറ്റിത്തെറിക്കുന്ന ചോരയുടെ ചുവപ്പ് ചിത്രീകരിക്കുന്ന കഥയാണിത്. പകയും കാമവും മരണവും തികഞ്ഞ വന്യതയോടെ പെരടിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കെ.എൻ. പ്രശാന്തിന്റെ നോവലായ പൊനത്തെ വിദൂരമായി ഓർമ്മിപ്പിക്കുന്നുണ്ട് ഈ കഥ. പോലീസ് ജീപ്പിൽ നിന്നു പറന്നു പോകുന്ന പെരടി എന്ന പോരുകോഴി നിയന്ത്രണങ്ങൾക്കു വിധേയമാകാത്ത വന്യതയെ സൂചിപ്പിക്കുന്നു. കോഴിക്കെട്ടിനെതിരെ നടപടിയെടുക്കാൻ വരുന്ന പോലീസുകാരെ കയ്യിൽ കിട്ടുന്നതെടുത്ത് എതിർക്കുന്ന ഗ്രാമീണരുടെ ഒരു ചിത്രവും ഇതിനു സമാനമായി കഥയിലുണ്ട്. കഥാന്ത്യത്തിൽ, പ്രണയവഴിയിലൂടെ മുന്നോട്ടു നടക്കുന്ന കാമേഷ് ഏതോ വന്യമായ ചോദനയ്ക്ക് വശംവദനായി കാടിനു നേരെ തിരിഞ്ഞു നടക്കുകയാണ്. എഡിറ്റ് ചെയ്യപ്പെടാത്ത മനുഷ്യരും പ്രകൃതിയും ജന്തുക്കളുമുൾപ്പെടുന്നതാണ് പെരടിയുടെ ലോകം. പച്ച ജീവിതമെന്ന സാധാരണ പ്രയോഗത്തിനപ്പുറം അതിനെ കാണേണ്ടതുണ്ട്. മുഖ്യധാരാകേരളത്തിന് സാമാന്യമായി അപരിചിതത്വമുണർത്തിക്കൊണ്ട് അതു വേറിട്ടു നില്ക്കുന്നു.

ആധുനികമനുഷ്യന്റെ പൊയ്മുഖങ്ങൾ നിറഞ്ഞ ജീവിതത്തെ കടുത്ത വിമർശനദൃഷ്ടിയോടെ സമീപിക്കുന്ന കഥയാണ് ചട്ടിക്കളി. ഉൾക്കൊള്ളൽ മനോഭാവത്തിന്റെയും ജനാധിപത്യബോധത്തിന്റെയും ഈറ്റുപുരകളായി വിശേഷിപ്പിക്കപ്പെടുന്ന സ്കൂളുകളിൽ വാർത്തെടുക്കപ്പെടുന്ന തലമുറകളുടെ പ്രതിചരിത്രം ഈ കഥയിലുണ്ട്. പൊതുധാരയിൽനിന്നു പുറന്തള്ളപ്പെടുകയോ ഇറങ്ങിനടക്കുകയോ ചെയ്തവരും അനീതിയെ നീതിയായിക്കണ്ട് മൗനം പാലിച്ചവരും തമ്മിലുള്ള മുഖാമുഖം ഈ സമാഹാരത്തിലെ എല്ലാ കഥകളുടെയും പൊതുഘടകമാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ അത് കഥാഗതിയെ നിയന്ത്രിക്കാൻ പോന്ന തരത്തിൽ ശക്തവുമാണ്.

" ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരോടോ അടികൂടിയതിന് സ്‌റ്റാഫ്റൂമിനു മുന്നിൽ വെച്ച് ഈശ്വരൻ മാഷിന്റെ വിചാരണ നടക്കുകയായിരുന്നു. തെറ്റുകൾ ചെയ്ത് പിടികൂടിയാൽ മാഷ് ആദ്യം ചോദിക്കുന്നത് പ്രതികളുടെ സ്ഥലമാണ്. കൊല്ലമെത്ര കഴിഞ്ഞാലും മാമൂലായിട്ടുള്ള അത്തരം ചോദ്യങ്ങൾ അയാൾ ഒഴിവാക്കാറില്ല.എത്രയോ തലമുറയെ വാർത്തെടുത്ത വാർപ്പുകാരനാണദ്ദേഹം.

‘ഏടയാ നിന്റെ വീട്?’

‘നൊച്ചിക്കാട് കോളനീല് ’

‘ഏട?’

അവജ്ഞയോടെ അയാൾ മുഖം ചുളിക്കും.

‘നൊച്ചി...’

‘ പോ കഴുതേ , കഞ്ഞി കുടിക്കാനായിറ്റ് സ്കൂളില് വെര്ന്ന കൈസാടെ. മുട്ടേന്ന് വിരിഞ്ഞടാ നീ?.’ "

'ചട്ടിക്കളി' യിൽ ഗിരീഷ് എന്ന വിദ്യാർത്ഥിയെ ശാരീരികവും മാനസികവുമായി നിരന്തരപീഡനത്തിനു വിധേയനാക്കി കീരി ഗിരീഷായി ' വാർത്തെടുക്കുന്നത് ' ഈശ്വരൻ എന്ന അധ്യാപകനാണ്. അതിന് ഒത്താശചെയ്യുന്ന നല്ല കുട്ടിയായ ശ്രീനാഥ് മുരളി എന്ന ജന്മിപുത്രൻ വർഷങ്ങൾക്കു ശേഷവും കീരി ഗിരീഷിന്റെ നിഴലിനെ ഭയക്കുന്നതു കാണാം. അടിച്ചമർത്തപ്പെട്ടവർ ഇരട്ടിശക്തിയോടെ ഉയിർത്തുവരുമെന്ന മർദ്ദകരുടെ പുരാതനഭയത്തെ കഥ ആശ്രയിക്കുന്നുണ്ട്.

വിലക്കപ്പെട്ട ലൈംഗികതയെക്കുറിച്ചുള്ള ഭയവും പാപബോധവും അതിനു ലഭിക്കുന്ന ശിക്ഷയെന്നോണം മരണവും മൾബറിക്കാട് എന്ന കഥയിലുണ്ട്. ഇരട്ടകളായ അനുപമയിലാണോ അരുണയിലാണോ പ്രണയം നിക്ഷേപിക്കേണ്ടത് എന്നറിയാത്തമട്ടിൽ ഉഴലുന്ന അമൽ അതിലൊരാളുടെ വിഷംതീണ്ടിയുള്ള മരണത്തിന് കാരണക്കാരനാവുന്നുണ്ട്. ആ അറിവില്ലായ്മ അത്രത്തോളം നിഷ്കളങ്കമല്ല എന്നതിന് കഥയിൽത്തന്നെ സൂചനകളുണ്ട്.

" ഇരട്ടകളിൽ ഒരാളോട് അമലിന് പ്രത്യേകം ഇഷ്ടമുണ്ട്. പക്ഷേ അത് തന്റെ കൂടെ ഉള്ളവളോടാണോ കുന്നിനു താഴെ അവർക്കായി ക്ഷമയോടെയും ക്ഷമനശിച്ചും കാത്തു നിൽക്കുന്നവളോടാണോ എന്ന കാര്യത്തിൽ അവന് സംശയമുണ്ട്. "

" ഉറങ്ങുന്നതിനു തൊട്ടുമുൻപ് ടി വിയിൽ കണ്ട സിനിമയിലെ നായികയായി അന്നു രാത്രി അതിലൊരു വൾ അവന്റെ സ്വപ്നത്തിൽ ചെന്നെങ്കിലും മറ്റേയാളും അതേ രംഗത്തിൽ കയറി വന്ന് ആശയക്കുഴപ്പത്തിലാക്കി അവനെ ഉണർത്തി. "

പാപവും പാപബോധവും പാമ്പിന്റെ രൂപത്തിലെത്തുന്ന മരണവും ചേർന്നുണ്ടാക്കുന്ന നടപ്പുമാതൃകയിൽ നിന്ന് മൾബറിക്കാട് വ്യത്യാസപ്പെടുന്നത് അതിന്റെ അപസർപ്പക സ്വഭാവം കൊണ്ടു കൂടിയാണ്. കുരുപ്പുമാട്, ഗുഹ എന്നീ കഥകളും ഇതേ ഗണത്തിലുള്ളതാണ്. ഈ മൂന്നു കഥകളിലും കാലം പ്രധാനഘടകമാണ്. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തെയും തലമുറവ്യത്യാസങ്ങളെയും ഗൗനിക്കാത്ത കാലഘടനയാണ് ഈ കഥകളുടെ സവിശേഷത.

മനുഷ്യരായ കഥാപാത്രങ്ങൾക്കൊപ്പം തന്നെ അതിമാനുഷരും ഇതരലോകവാസികളുമായ കഥാപാത്രങ്ങളുണ്ട്. വർത്തമാനകാലത്തെ വിട്ട് ഭൂതകാലത്തിൽ മാത്രം ചരിക്കുകയല്ല, ഭൂതവും വർത്തമാനവും തമ്മിൽ ഇഴപിരിഞ്ഞു കിടക്കുകയാണ് കുരിപ്പുമാടിൽ . ഗുഹയിലും കാലത്തെ ഇതിനു സമാനമായ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. പകയും പ്രതികാരവും കാലാതിവർത്തിയാണെന്ന ആശയത്തെ ഈ കഥകൾ സാമാന്യമായി പിന്തുടരുന്നുണ്ട്. വസൂരി വന്നു മരിച്ചവരും അല്ലാത്ത വരുമായ മനുഷ്യരെ കൂട്ടത്തോടെ കൊണ്ടുവന്നു തള്ളിയിരുന്ന കുരുപ്പുമാടിൽ നിന്നു കേൾക്കുന്ന നിലവിളികളും അപശബ്ദങ്ങളും കുരുപ്പുമാട് എന്ന കഥയിൽ സൂചിപ്പിക്കപ്പെടുന്നു. ഭീതിജനകമായ അന്തരീക്ഷസൃഷ്ടിക്ക് ഉതകുന്ന ആഖ്യാനമാണ് ആ കഥയുടേത്. ഒരു ഹൊറർ സിനിമയെ അനുസ്മരിപ്പിക്കുന്ന വിധം മിഴിവുള്ള ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും സൂക്ഷ്മമായ സങ്കലനമാണ് കുരിപ്പുമാട്.

വേട്ടയാടപ്പെട്ടവരുടെ ചരിത്രം പ്രതിചരിത്രമാകുന്നതെങ്ങനെയെന്ന അന്വേഷണമാണ് കുരിപ്പുമാടിലെന്നതുപോലെ ഗുഹയിലും നടക്കുന്നത്. സ്വന്തം ചരിത്രത്തെ ഭയത്തോടെയും അവജ്ഞയോടെയും കാണേണ്ടി വരുന്നതിലെ സംഘർഷം ഈ കഥകളിലുണ്ട്. നിരന്തര ചൂഷണത്തിനു വിധേയരാകുന്ന മനുഷ്യരുടെ ചരിത്രത്തിന് അവസാനമില്ലെന്ന തീർപ്പിലാണ് ഗുഹ അവസാനിക്കുന്നത്. വഴിതിരിച്ചുവിടപ്പെട്ടതോ കൃത്രിമമായി നിർമ്മിക്കപ്പെട്ടതോ ആയ ചരിത്രങ്ങളിൽ വിശ്വസിക്കാൻ വിധിക്കപ്പെടുന്ന മനുഷ്യരുടെ പ്രതീകാത്മകചിത്രം ഗുഹയിൽ കാണാം. സിദ്ധന്മാരുടെ ചരിത്രങ്ങൾ കോരപ്പന്മാരുടെ ചരിത്രത്തെ വിഴുങ്ങുകയും കഥകൾ കൊണ്ട് കോട്ടകൾ തീർക്കുകയും ചെയ്യുന്നു. അത്തരം തിരിച്ചറിവുകളെ ആഘോഷപൂർവം കുഴിച്ചുമൂടുന്ന സമകാലസാഹചര്യങ്ങളെ ഈ കഥ ഓർമ്മിപ്പിക്കുന്നുണ്ട്.

തികച്ചും സാധാരണമായ പ്രമേയങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോഴും ആഖ്യാനതന്ത്രങ്ങളിലും പരിചരണത്തിലുമുള്ള കയ്യടക്കം കൊണ്ട് ആ പരിമിതിയെ മറികടക്കാൻ പ്രശാന്തിന് സാധിക്കാറുണ്ട്. അസാധാരണമായ വന്യത കൊണ്ട് ബലപ്പെടുത്തിയവയാണ് പ്രശാന്തിന്റെ ഓരോ എഴുത്തും. കഥയെ സംബന്ധിച്ചിടത്തോളം എന്തു പറയുന്നു എന്നതല്ല എങ്ങനെ പറയുന്നു എന്നതു തന്നെയാണ് പ്രധാനം. മലയാള ചെറുകഥയുടെ നവീനഭാവുകത്വത്തെ സവിശേഷമായി അടയാളപ്പെടുത്തുന്നതാണ് പാതിരാലീല എന്ന ഈ സമാഹാരം.

Related Stories

No stories found.
logo
The Cue
www.thecue.in