നോവലിലെ ചെറിയ ലോകവും ചെറിയ മനുഷ്യരും

നോവലിലെ  ചെറിയ ലോകവും ചെറിയ മനുഷ്യരും
Summary

മുഹമ്മദ് റാഫി എൻ.വിയുടെ ഒരു ദേശം ഓനെ വരക്കുന്നു എന്ന നോവലിന് എഴുത്തുകാരനും നിരൂപകനുമായ അൻവർ അബ്ദുള്ള എഴുതിയ ആസ്വാദനം

നോവല്‍ നിസ്സഹായരും ആരുമില്ലാത്തവരുമായ ആളുകളുടെ പലപാടു കരച്ചിലാണെന്ന് ആര്‍ക്കാണിന്നറിയാത്തത്? അമര്‍ത്തിയതും പൊട്ടിയതും അടഞ്ഞതും തുറന്നതും വാപൂട്ടിയതും വാവിട്ടതുമായ വിലാപവേഗങ്ങള്‍!

നോവലിന്റെ ചരിത്രജീവിതം പക്ഷേ, അണകെട്ടിനിര്‍ത്തിയതുപോലെ, എവിടെയെങ്കിലും തടഞ്ഞുനില്‍ക്കുകയല്ല. മനുഷ്യരുടേതെന്നപോലെ, നോവലിന്റെയും ചരിത്രജീവിതവും ജീവിതചരിത്രവും മാറിമറിഞ്ഞുകൊണ്ടേയിരിക്കുന്നു. അനുഭവങ്ങളുടെയും അവയെ സഞ്ചിതവും ശകലിതവുമാക്കുന്ന ഓര്‍മകളുടെയും, അവയെ സംഭൃതമാക്കാനും പിന്നെ, പലമട്ടു വിവൃതമാക്കാനും ശ്രമിക്കുന്ന വാക്കുകളുടെയും അതിലൂടെ സമാഹൃതവും ആവിഷ്‌കൃതവും പ്രകാശിതവുമാകുന്ന രചനകളുടെയും എല്ലാം കാര്യം അങ്ങനെതന്നെ. ദൈവികതയ്ക്കു കൊതിച്ച മഹാമനുഷ്യരുടെ ഐതിഹാസികമായ പരാജയങ്ങളുടെ വിവരണമായ ഇതിഹാസങ്ങളില്‍നിന്നു മനുഷ്യര്‍, മാനുഷികതയുടെ അന്തസ്സിനും സന്തുഷ്ടിക്കും കൊതിച്ച നിസ്വരുടെ മഹത്തായ പരാജയങ്ങളുടെ വിവരണമായ നോവലുകളിലേക്കു മുഴുവനായും ചിതറിത്തെറിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. പിന്നീട് ഒന്നരനൂറ്റാണ്ടോളം നോവല്‍ മനുഷ്യരുടെ കുതറിച്ചാട്ടം മുഴുവന്‍ തങ്ങളുടെ പാപപങ്കിലമായ പതിതപരിണാമങ്ങളെയാകെ, ഐതിഹാസികതയിലേക്കു പകരാന്‍ നോക്കി, പരിഹാസ്യപതനം പിണയാനായിരുന്നു. അതിലൂടെ, നോവല്‍ ഐതിഹാസികമായി വളര്‍ന്നു; മനുഷ്യരും.

വളര്‍ച്ചയുടെ പടുരാക്ഷസരൂപത്തില്‍ തളര്‍ന്ന നോവലും നോവല്‍മനുഷ്യരും, കാലത്തിന്റെയും ലോകത്തിന്റെയും പൊയ്ക്കാല്‍നടത്തത്തില്‍ അനുഭവകൂപങ്ങളില്‍ അടിയുകയും പ്രപഞ്ചയാത്രയുടെ പഴഞ്ചന്‍ സ്മരണകളില്‍ കിടുകിടുക്കുന്ന ബുദ്ധമണ്ഡുകങ്ങളായിത്തീരുകയും ചെയ്തു. നിരാനന്ദത്തിന്റെ ചിരി വിടര്‍ന്നു; മന്ദഹാസം രോദനത്തെക്കാള്‍ വികൃതവും വിലക്ഷണവുമായി. വടിവുകളില്‍ ചെറുതായിക്കൊണ്ട് നോവല്‍ ചരിത്രപരമായ വളര്‍ച്ച തുടര്‍ന്നു.

ദൈവം രാജിവച്ച ഒഴിവില്‍, രാക്ഷസീയമായ ആകാരങ്ങളും പ്രകാരങ്ങളും പൂണ്ട, വടിവില്ലാത്തതും വിടവില്ലാത്തതുമായ പിശാചദൈവങ്ങളുടെ ( GoDemon) ആവിര്‍ഭാവത്തോടെ, മനുഷ്യരും നോവല്‍ മനുഷ്യരും വീണ്ടും നാഥനുള്ളവരായി. സനാഥത്വത്തില്‍നിന്ന് അനാഥത്വത്തിലൂടെ എത്തിച്ചേര്‍ന്ന ഈ ഘട്ടത്തില്‍ വീണ്ടുമൊരു സനാഥത്വമല്ല, പകരം, കുനാഥത്വമാണുണ്ടായതെന്നു വിചാരിക്കണം. ദസ്തയെവ്‌സ്‌കിയുടെ നോവലുകളിലും മറ്റുമുള്ളതുപോലെ, ഇനിയൊരുപക്ഷേ, നിങ്ങള്‍ക്ക് ഫോര്‍ ഗോഡ്‌സ് സേക്ക് എന്നോ ഡെവിള്‍ വില്‍ കാച്ച് ഹിം എന്നോ ലെറ്റ് ഹെര്‍ ഗോ റ്റു ഹെല്‍ എന്നോ എഴുതാന്‍ കഴിയണമെന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, വലിയ ലോകവും വലിയ മനുഷ്യരും എന്ന നിലയില്‍നിന്ന്, ചെറിയ ലോകവും വലിയ മനുഷ്യരും എന്ന നിലയിലേക്കും പിന്നെ, വലിയ ലോകവും ചെറിയ മനുഷ്യരും എന്ന നിലയിലേക്കും മാറിയ ലോകം ഇപ്പോള്‍, ചെറിയ ലോകവും ചെറിയ മനുഷ്യരും എന്ന നിലയിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. അഥവാ, അടിത്തട്ടണഞ്ഞിരിക്കുന്നു. നിതാന്തചഞ്ചലവും നിത്യാസ്വസ്ഥവുമായ അടിയല്‍. ഈ അടിയലനക്കങ്ങളാണ് ഇന്നത്തെ എല്ലാ നോവലുകളുമെന്ന് ഒരു പ്രകാരത്തിലും വികാരത്തിലും വീക്ഷണത്തിലും നോക്കിയാല്‍ തോന്നാം. എന്‍.വി. മുഹമ്മദ് റാഫിയുടെ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവലും ഇതേ കാലധര്‍മത്തിന്റെ സാംസ്‌കാരികകര്‍മമാണ് പുലര്‍ത്തുന്നത്.

റാഫിയുടെ നോവലിലും ഒരു ചെറിയ ദേശവും ഒരു ചെറിയ ഓനും ഒരു ചെറിയ ഓളും പിന്നെ, അവരെച്ചുറ്റിപ്പറ്റി അതേ ദേശത്തു വ്യാപരിക്കുന്ന കുറേയധികം, കൂടുതല്‍ ചെറിയ ഓരുമാണുള്ളത്. ആഖ്യാതാവും സമീറയുമാണ് ഓനും ഓളും. കോഴിക്കോട്ടിനു വടക്കുപടിഞ്ഞാറായി, നഗരങ്ങളാലും ഇടനഗരങ്ങളാലും ചെറുപട്ടണങ്ങളാലും ചുറ്റപ്പെട്ട്, ഗ്രാമീണതയില്‍ പിന്‍കാലുവെച്ചുനില്‍ക്കുന്ന നടുവണ്ണൂര്‍ പ്രദേശങ്ങളുടെ വികലസഞ്ചയമാണ് ഇവിടത്തെ ദേശം. ദേശത്തിന്റെ മുന്‍കാല്‍ പട്ടണസ്വരൂപങ്ങളിലേക്കും നിരന്തരം മാറുന്ന പ്രാന്തങ്ങളുടെ പരുവങ്ങളിലേക്കും നീട്ടിയും ആട്ടിയും നിലകൊള്ളുന്നു. മൂത്തുമ്മയുടെ വീടും തോണിയാത്രയും സിനിമാക്കൊട്ടകകളും നാടന്‍ അങ്ങാടികളും പഴയ പാട്ടുകളും കളികളും കുട്ടിക്കാലസ്മരണകളും അടയാളപ്പെടുത്തുന്നത് പഴയ കാലത്തെയും പഴയ ദേശത്തെയും പഴയ മനുഷ്യരെയും കൂടിയാണ്. അപ്പോള്‍, നോവലില്‍ ഒരു ദേശം ഒന്നിലധികം ദേശങ്ങളായി മാറുന്നതുകാണാം. ഒരു കാലം ഒന്നിലധികം കാലങ്ങളായും വിടരുന്നുണ്ട്. ഓരോ മനുഷ്യരും ഒന്നിലധികം മനുഷ്യരായി ഛിന്നഭിന്നരായിപ്പോകുന്നുണ്ട്.

അതിനുപുറമേ, ഈ ദേശത്തില്‍ മാത്രമായി നോവലിലെ മനുഷ്യര്‍ (നോവല്‍മനുഷ്യര്‍) ഒതുങ്ങുന്നില്ല. അമേരിക്കയില്‍ കഴിഞ്ഞുകൂടുന്നവളാണ് നോവലിലെ നായിക സമീറ. അവളും ഭര്‍ത്താവ് ബിബീഷും അങ്ങനെ ദേശത്തുനിന്ന് പാറിപ്പോകുകയും ഭൂഖണ്ഡാന്തരമായി കൂടുകൂട്ടുകയും ചെയ്തവരാണ്. എന്നാല്‍, അവളുടെ ഓര്‍മയ്ക്ക് ദേശത്ത് മറ്റൊരു ഒഴിഞ്ഞ കൂടുണ്ട്. മരം ശ്രദ്ധിക്കാത്തതും കണക്കിലെടുക്കാത്തതുമായ ആ കൂടുനില്‍ക്കുന്നത് ദേശത്തിന്റെ നിത്യനിസ്സംഗവും പിന്നാക്കമനന്തവും അന്യഥാ അദൃശ്യവുമായ മായാവനത്തിലാണ്. അതിന്റെ വേരുകളില്‍ ചിലത് വെള്ളം തേടിച്ചെല്ലുന്നത് ഓന്റെ സഞ്ചാരപഥങ്ങളില്‍ മണ്ണുകാലൊപ്പുകള്‍ പതിപ്പിക്കുന്ന ഉറവത്തടങ്ങളിലാണ്. കൂടിനു വെള്ളം വേണ്ടെങ്കിലും അതു നില്‍ക്കുന്ന മരത്തിനു വെള്ളം വേണം.

അങ്ങനെ, ദേശം അമേരിക്കയെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വളരുന്നുണ്ട്. അല്ലെങ്കില്‍, പഴയ ഐതിഹാസികനോവലുകളില്‍ ദേശം രാഷ്ട്രമോ ലോകമോ ആയി വളരുന്നതിനു വിരുദ്ധമായി അമേരിക്കയും ലോകവും രാഷ്ട്രവും ദേശത്തേക്കു ചുരുങ്ങിച്ചേരുന്നു. അങ്ങനെ ദേശം വലുതാകുന്നതിനുപകരം, ലോകം ചെറുതാകുന്നു. നോവല്‍ അതിന്റെ രചനാവിദ്യാപരമായ പ്രാരംഭത്തിനു താങ്ങാക്കിയ ലിഖിതസന്ദേശങ്ങളുടെ (എപ്പിസ്റ്റലറി) മട്ട് റാഫിയുടെ എഴുത്തുപണിയില്‍ നിര്‍ണായകമായ സ്ഥാനം നേടുന്നു. അത് ഈ വിധം നോവലിനെയും നോവല്‍ലോകത്തെയും ചെറുതാക്കുന്നതില്‍ കാര്യമായി പണിയെടുക്കുകയും ചെയ്യുന്നു.

ആദ്യം പറഞ്ഞതുപോലെ, മങ്ങിയ കരച്ചിലുകള്‍ നോവലിലുടനീളം കേള്‍ക്കാനുണ്ട്. എന്നാല്‍, അതു വികാരഭരിതമല്ല. ഏറെക്കുറേ വികാരരഹിതവും അപരിഹാര്യവുമായ അവയുടെ ഉള്ള് പ്രലപനസ്വഭാവത്തിലുള്ള മൊഴിയാട്ടങ്ങളുടേതാണ്. ഭൂരിപൂക്കള്‍ വിടര്‍ന്നിരുന്ന സ്‌കൂള്‍ സഹപാഠജീവിതത്തിന്റെ കുട്ടിക്കാലത്ത് സമീറയെ ഓന്‍ സ്‌നേഹിച്ചിരുന്നു. പക്ഷേ, അത് പ്രേമമെന്ന ധാരണയിലേക്കു വളര്‍ന്നില്ല. ഇന്നിപ്പോള്‍, മാറിയ ലോകത്തും കാലത്തും ദേശത്തും ദേശാന്തരജീവിതത്തിലും അത് ആ ധാരണയിലേക്കു മാറുന്നുണ്ട്. എന്നാല്‍, അതിന് അര്‍ത്ഥമില്ല; അനര്‍ത്ഥവും. പണ്ട് ആഗ്രഹിച്ചിരുന്ന ഒരു ചുംബനം ഇന്ന് കിട്ടിയിട്ട് എന്താണു കാര്യമെന്ന് സമീറ വാക്കുവാക്കായിത്തന്ന ഓനോടു ചോദിക്കുന്നുണ്ട്. പകല്‍ ഉറങ്ങുകയും രാത്രിയില്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന മനുഷ്യരാണ് നോവലില്‍ എന്നുപറയാം. ഇവിടെ പകലായിരിക്കുമ്പോള്‍ അമേരിക്കയില്‍ രാത്രിയായിരിക്കുന്നതുകൊണ്ട്, അമേരിക്കയിലെ സമീറയ്ക്കും ദേശത്തെ ഓനും ഒരേ പകലിലോ രാത്രിയിലോ ഉണര്‍ന്നോ ഉറങ്ങിയോ പാരസ്പര്യപ്പെടാനാകുകയുമില്ല. നോവലിലെ ആവര്‍ത്തിക്കുന്ന പക്ഷിബിംബമായി വരുന്നത് വവ്വാലുകളാണ്. സസ്തനിപ്പക്ഷിയായ വവ്വാലുകള്‍ തറവാട്ടുവീടിന്റെ ഇരുള്‍ത്തളങ്ങളില്‍ ഇരുട്ടുകുടിച്ചുമയങ്ങുന്ന പകലുകള്‍ നോവലില്‍ പടര്‍ന്നുകിടക്കുന്നു. അവയുടെ നിശ്ശബ്ദനൃശംസത അലയടിക്കുന്നു. ഏതിരുട്ടിലും കൂട്ടത്തോടെ വിദ്വേഷവാസനയോടെ പതിയിരിക്കുന്നതിന്റെ വിപദ്വിചാരം നോവലിന്റെ അകത്തെ മനുഷ്യരെയെന്ന പോലെ, പുറത്തെ മനുഷ്യരെയും വേട്ടയാടിത്തിമിര്‍ക്കുന്നു.

ഓനെയും ഓളെയും പോലെ ഓരെയും ദേശം വരയ്ക്കുന്നുണ്ട്. കുഞ്ഞിറായിയും ഷാഹിദയും ഗോയിന്ദേട്ടനും രാഘവൻമാഷും ഒസാൻ അസൈനാർക്കയും എല്ലാം നോവലിന്റെ മായാവനത്തിലെ മായാമരങ്ങളുടെ ചില്ലകളില്‍ കൂടായും കൂട്ടിലെക്കിളിയായും കുടില്ലാക്കിളിയായും തത്തുന്നു. ഉണങ്ങിയതും ഉണങ്ങുന്നതും ഉണങ്ങുമ്പോഴും ആഴത്തില്‍ ഉണരുന്നതുമായ ഉറവകളായി നനയുന്നു.

നോവലിനെ ആകമാനം നോക്കി, നഷ്ടപ്രേമം, തിരിച്ചുകിട്ടാത്ത പ്രേമത്തിന്റെ തീക്ഷ്ണവേദന, ഗൃഹാതുരത, ദേശസ്മൃതി, ബാല്യകാലസ്മരണയുടെ വേദന എന്നൊക്കെ വിഷയപരമായും ആശയപരമായും പ്രമേയപരമായും നിഗമനങ്ങളിലെത്താന്‍ പ്രയാസമില്ല. എന്നാല്‍, ഈ സര്‍വ്വപ്രാപ്തമായ വിഷയത്തിന്റെ കാതലായ ഒരു ആത്മസന്ദര്‍ഭത്തിലേക്ക് റാഫിയുടെ നോവല്‍ എത്തിച്ചേരുകയും ഉടക്കിനില്‍ക്കുകയും ചെയ്യുന്നുണ്ട്. അതാണ്, ഇതെഴുതുന്നയാളെ സംബന്ധിച്ചിടത്തോളം ഈ നോവലിന്റെ മുഖ്യവൈശിഷ്ട്യം.

എന്തുകൊണ്ട് ദേശവും ഓനും ഓളും ഓരും ഇങ്ങനെയായി എന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് ആ കാതല്‍ (സോള്‍ പോയിന്റ്) കിടക്കുന്നത്.

ദേശത്തെ ഓന്റെയും ഓളുടെയും കാലമേത് എന്നാലോചിക്കുക. അതായത്, ഓന്റെയും സമീറയുടെയും ബയോഡേറ്റകള്‍ ഏതാണ്ട് എങ്ങനെയായിരിക്കും?

ഏറെക്കുറേ അതിനെ ഇങ്ങനെ സംഗ്രഹിക്കാം:

1974-76ല്‍ ജനിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ സ്‌കൂള്‍വിദ്യാഭ്യാസമാരംഭിച്ചു (ബാല്യകൗമാരങ്ങള്‍). തൊണ്ണൂറുകളുടെ തുടക്കത്തില്‍ കോളേജ് വിദ്യാഭ്യാസം(കൗമാരം വിട്ട് യൗവ്വനാരംഭത്തിലേക്ക്). തൊണ്ണൂറുകളുടെ അവസാനവും പുതുസഹസ്രാബ്ദത്തിന്റെ തുടക്കത്തിലുമായി ഉന്നതഗവേഷണം, ജോലി എന്നിവകളുമായി പലപാടു പിരിഞ്ഞുപോകുന്നു (നിറയൗവ്വനം). 2000 മുതലുള്ള ഒന്നൊന്നരദശകം കൊണ്ട് വിവാഹം, കുടുംബമുറപ്പിക്കല്‍, ജോലിയില്‍ മുന്നേറ്റം എന്നിവ (യൗവ്വനം തീരുന്നു). 2014 - 15 മുതല്‍ ജീവിതത്തിന്റെ രണ്ടാംപാതിയില്‍, ഇപ്പോഴേക്കും ഇറക്കമിട്ടിരിക്കുന്ന ജീവിതത്തില്‍ പ്രവേശിച്ച്, മറുകരയിലെത്തി, തോണിയും പോയ നിലയില്‍ ഇക്കരെയിലേക്കു നോക്കിനില്‍ക്കുന്നു (മദ്ധ്യവയസ്‌കത).

ഈ ബയോഡേറ്റയില്‍ പറയാത്ത ഒരു കാര്യം ഇവിടെ പറയട്ടെ: രണ്ടാളും ഉത്തരകേരളത്തിലെ, മുസ്ലിം കുടുംബങ്ങളില്‍ ജനിച്ചവരും എന്നാല്‍, സെക്കുലര്‍ മനോഭാവം ഉള്ളില്‍ വഹിക്കുന്നവരും ആണ്. രണ്ടാളും ലിബറല്‍ സുന്നി വിഭാഗത്തില്‍പ്പെടുന്നവരാണെന്നു കരുതാനുള്ള സൂചനകളുണ്ട്. പ്രേമം, ലൈംഗികത, വിവാഹജീവിതം എന്നിവയില്‍ മതപരമായ വിദ്യാഭ്യാസവും ആധുനികവിദ്യാഭ്യാസവും ഒരേപോലെ നേടിയവരും സാമൂഹികമായ അബോധങ്ങള്‍ അടിഞ്ഞുകൂടിയവരും എന്നാല്‍, സ്വന്തവും സ്വതന്ത്രവും സ്വച്ഛന്ദവുമായ പ്രതിവിചാരങ്ങള്‍ കൊണ്ടുനടക്കുന്നവരും അതിന്റെ സംഘര്‍ഷങ്ങളാല്‍ ഉരസി പതം വന്നുകൊണ്ടിരിക്കുന്നവരുമാണ്.

ഈ ബയോഡേറ്റാകാലം അടിയന്തിരാവസ്ഥ മുതല്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഇനിയെന്നവസാനിക്കുമെന്നറിയാത്ത വാഴ്ചാകാലം വരെയുള്ളതാണ്. ഇതേ കാലം, കത്തെഴുത്തുകളുടെയും പ്രേമലേഖനങ്ങളുടെയും പ്രാചീനതയില്‍നിന്ന് വാട്‌സാപ്പുകളുടെയും ഇമോജികളുടെയും നവനാഗരികതയിലേക്കു മാറിയ കാലമാണ്. ഗോള്‍ഡ് സ്‌പോട്ടില്‍നിന്നു കോക്ക കോലയിലേക്കും തുന്നല്‍പ്പീടികയില്‍നിന്നു ലൂയി ഫിലിപ്പെയിലേക്കും ബാര്‍ബര്‍ ഷാപ്പില്‍നിന്നു ഹെയര്‍ കട്ടിംഗ് സലൂണിലേക്കും മറ്റെന്തില്‍നിന്നൊക്കെയോ മറ്റെന്തിലേക്കൊക്കെയോ മാറിയ കാലമാണ്. ഇതില്‍ ഓരോ മാറ്റത്തിന്റെയും വിളുമ്പുകളില്‍ അതിന്റെ ശരിയായ ആസ്വാദനം ചുണ്ടിനും കപ്പിനുമിടയില്‍ തെന്നിമാറിപ്പോയവരാണ് ഓനും ഓളും ഓരും (റാഫിയും ഞാനും). പണ്ട് ഒരുകാലത്ത് കിട്ടുമോ എന്നറിയാതെ ആഗ്രഹിച്ച ഉമ്മ ഇന്നിനി കിട്ടിയിട്ടു കാര്യമില്ല എന്നത് ചില്ലറക്കാര്യമല്ലാതാകുന്നത് ഈയവസ്ഥയിലാണ്. പണ്ട് അതു കിട്ടുമായിരുന്നു എന്നറിയില്ലായിരുന്നു ഓന്. അതവന്‍ ആഗ്രഹിക്കുന്നെന്ന് ഓള്‍ക്കും അറിയില്ലായിരുന്നു. കിട്ടുന്ന തക്കം വന്നിരുന്നെങ്കിലും വാങ്ങാമോ എന്നോ കൊടുക്കാമോ എന്നും ഓര്ക്ക് അറിയില്ലായിരുന്നു. സ്വീകാരങ്ങളെയും തിരസ്‌കാരങ്ങളെയും നിരാസങ്ങളെയും സംബന്ധിച്ച ഉല്‍ക്കണ്ഠകളും അബോധങ്ങളും അവരെ മൂടിനിന്നിരുന്നു. വിമൂഢതകളുടെ ആ കാലമാണ് ഈ നോവലില്‍ റാഫി എന്ന എഴുത്തുകാരന്‍ സമര്‍ത്ഥമായി, ശിഥിലസമഗ്രമായി വരച്ചിടുന്നത്. ഈ വിചിത്രമായ സംക്രമണകാലസഞ്ചയത്തിന്റെ ഓരോ പരിണാമസന്ദര്‍ഭത്തിലും, ഓരോ ചരിത്രഘട്ടത്തിലും, തങ്ങളുടെ പ്രായത്തിന്റെയും അതിനു സംബന്ധമായ അഭിലാഷങ്ങളുടെയും അതിനെ തടുക്കുന്ന താക്കീതുകളുടെയും വിളുമ്പുകളിലാണ് ഓനും ഓളും കടന്നുപോകുന്നത്. മോഹസാഫല്യസാദ്ധ്യതയുണര്‍ത്തിയ, യന്ത്രങ്ങളുടെ അനിയന്ത്രിതമായ വിളയാട്ടങ്ങളുടെ ഓരോ ആഘോഷവരവുകളിലും ഓര് സ്വയം അതിന്റെ ഉപഭോക്താക്കളോ വിമര്‍കരോ എന്നറിയാതെ ആധിപൂണ്ടു. അങ്ങനെ ഈ കാലത്തിന്റെ ഓരോ മറിമായത്തിലും അവര്‍ക്കതിന്റെ സാഫല്യം കൈമോശം വന്നു. ഒരിക്കലും ഉമ്മ കിട്ടേണ്ട കാലത്തു കിട്ടേണ്ടതുപോലെ കിട്ടിയില്ലെന്നുതന്നെയല്ല, കിട്ടേണ്ടതില്ലാത്ത കാലത്ത് കിട്ടേണ്ടതല്ലാത്ത വിധത്തില്‍ കിട്ടുകയും ചെയ്തു. പാലു പിരിയുന്ന സമയങ്ങളിലെല്ലാം അവര്‍ അബോധവ്യഗ്രതകളാല്‍ ഉദാസീനരായിരുന്നു.

അങ്ങനെ റാഫിയുടെ നോവല്‍, നാലുകെട്ടിലെ അപ്പുവിന്റെ, സുല്‍ത്താന്‍ വീട്ടിലെ ഉമ്മർകോയയുടെ, കാലത്തിലെ സേതുവിന്റെയും സുമിത്രയുടെയും ഖസാക്കിലെ രവിയുടെയും പത്മത്തിന്റെയും ആള്‍ക്കൂട്ടത്തിലെ സുനിലിന്റെയും ലളിതയുടെയും പിന്‍തലമുറയില്‍വന്നുകൂടുന്നു. എന്നാലവരുടെ മക്കളല്ല, നേരേ അടുത്ത തലമുറയല്ല. ഖസാക്ക് 1968ല്‍ വരുന്നെങ്കിലും 1951ലാണു സംഭവിക്കുന്നത്. ആള്‍ക്കൂട്ടം 1970ല്‍ വരുമ്പോള്‍ ഐക്യകേരളത്തിലെ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞിട്ടേയുള്ളൂ.

ഐതിഹാസികതയില്‍നിന്നും ദൈവികസാന്നിദ്ധ്യത്തില്‍നിന്നും സനാഥത്വത്തില്‍നിന്നും മാത്രമല്ല, അനാഥത്വത്തില്‍നിന്നുപോലും വിട്ടുപോന്ന മനുഷ്യരുടെ വിലക്ഷണമായ കരച്ചിലുകളാണ് എന്‍.വി. മുഹമ്മദ് റാഫിയുടെ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവല്‍. അത്, 1970-2020 എന്ന അരനൂറ്റാണ്ടുകാലത്തെ സ്ഥൂലവും 1980 -2015 കാലത്തെ (ഓന്റെയും ഓളുടെയും അഞ്ചുമുതല്‍ നാല്പതുവയസ്സുവരെയുള്ള കാലം) സൂക്ഷ്മവും ആയ ചരിത്രമാണ്. അതേസമയം തികച്ചും വൈയക്തികവും സ്വകാര്യവുമായ അനുഭവങ്ങളുടെ ഭൂതിയും അനുഭൂതിയുമാണത്. അവര്‍ കോഴിക്കോടിന്റെ പ്രാന്തപ്രദേശവാസികളും സുന്നി മുസ്ലിംനാമധാരികളും ലിബറല്‍ മതേതരവാദികളും ദേശാന്തരികളും ആണ്. പരസ്പരം സ്‌നേഹിക്കുകയും കാമിക്കുകയും നിരസിക്കുകയും സ്വീകരിക്കുകയും ചെയ്തവരാണ്. അങ്ങോട്ടുമിങ്ങോട്ടും അധികാരം സ്ഥാപിക്കാനോ അതിനു വഴങ്ങാനോ ഒരുമ്പെടാത്തവരാണ്. ഒരേസമയം കാലപരിണാമലോലുപതകളുടെ ഇരകളും വേട്ടക്കാരും മാത്രമല്ല, ഇടനിലക്കാരുമായി ഓടാനും ആടാനും തളരാനും ഇടയായവര്‍. അവരുടെ ഈ നോവല്‍ജീവിതം കേരളത്തിന്റെ, മലയാളിയുടെ, മലയാളത്തിന്റെ ഒരു വിവിക്തവീഥി വെട്ടിത്തെളിക്കുന്നുണ്ടെന്നുള്ളതു വ്യക്തം; നിങ്ങള്‍ അതു കാണുന്നുണ്ടോ എന്നത് അത്ര വ്യക്തമല്ലെങ്കിലും.

ഒരു ദേശം ഓനെ വരയ്ക്കുന്നു ഒരു ദേശചരിത്രനോവലാണ്. എന്നാല്‍, അതു മുന്‍കാലത്തേതില്‍നിന്നു വ്യത്യസ്തമായി ദേശത്തിന്റെ ചരിത്രത്തെ നിസ്സാരപ്പെടുത്തുകയോ (Trivialise) പ്രതീതിപ്പെടുത്തുകയോ (Virtualising) ചെയ്തുകൊണ്ട് ദേശചരിത്രപരമല്ലാത്ത നോവലായും മാറുന്നു. ഇത് ഒരു ഗൃഹാതുരനോവലാണ്. എന്നാല്‍, ഇതൊരു വിപരീതഗൃഹാതുരതയിലേക്ക് (rev-erse nosalgia) വളരുന്നു. ഓനും ഓളും യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് പുതിയ കാലത്തിന്റെ ഉപകരണലോകത്തെ പഴയ കാലത്തിന്റെ ശൂന്യതയിലേക്കു കൊണ്ടുപോയി പ്രതിഷ്ഠിക്കാനാണ്. അതായത്, മൊബൈല്‍ ഫോണും കോക്കകോലയും അമേരിക്കയുമായി 1980കളിലേക്ക് ഒരു തിരിച്ചുപോക്ക്. ഇപ്പോഴത്തെ ചുംബനലഭ്യത ഇപ്പോള്‍ അനുഭവിക്കാനല്ല, അതുമായി പഴയ ചുബന -അലഭ്യതയിലേക്ക് അല്ലെങ്കില്‍ അലഭ്യചുംബനതയിലേക്കു തിരിച്ചുപോകാനാവര്‍ ആഗ്രഹിക്കുന്നു. അഭിലാഷത്തിന്റെ വര്‍ത്തമാനകാലലഭ്യതയോ ഭാവികാലലഭ്യതയോ അവ സൃഷ്ടിച്ചേക്കാനിടയുള്ള അസംതൃപ്തിയോ അല്ല അവരുടെ സംഘര്‍ഷത്തിന്റെ ഹേതു; നേരേമറിച്ച്, ഭൂതകാലത്തിലെ അതിന്റെ അലഭ്യതയാണ്. ഇപ്പോഴത്തെ ലഭ്യതയെ ഭൂതകാലത്തില്‍ എത്തിക്കാനുള്ള വിപരീതകാമന (rev-erse desire) ആണ് അവരുടേത്. അത് അനന്തമായ അലഭ്യതയും അനന്തമായ കാമനയും സൃഷ്ടിക്കുന്നു. ഇത് വിപരീതവും അപരിഹാര്യവുമായ അനന്തതയാണ്. ഭാവിയെ സ്വപ്നങ്ങള്‍ കൊണ്ടു നേരിടുന്നതുപോലെയല്ല, ഭൂതത്തെ ഓര്‍മകള്‍ കൊണ്ടുനേരിടുന്നത്. ഓര്‍മകളുടെ (ഗൃഹാതുരതയുടെ) ഭൂതങ്ങള്‍ ഓനെയും ഓളെയും ബാധിക്കുന്നത് അങ്ങനെയാണ്.

ഒപ്പം, ഇതൊരു പ്രേമദുരന്തകഥയുമാണ്. എന്നാല്‍, ആധുനികോത്തരമായ യന്ത്രോപകരണങ്ങളാല്‍ സമ്പന്നമായിരുന്നു ഭൂതകാലമെങ്കില്‍ അവരുടെ പ്രേമം നിറവേറുകയും അങ്ങനെ, ഇപ്പോള്‍ നോവലില്‍ കാണുന്ന മുഴുവന്‍ സ്മൃതിധാരകളും അപ്രസക്തമാവുകയും ചെയ്തിരുന്നേനേ. അങ്ങനെയെങ്കില്‍, ആ മട്ടിലും അല്ലാതെയും അതൊരു പ്രേമദുരന്തമായിരുന്നേനേ. ആ നിലയ്ക്ക് ഇതൊരു പ്രേമദുരന്തത്തെ നിഷേധിക്കുന്ന നോവലും ആയിത്തീരുന്നു.

സാഹിത്യത്തിലും ജീവിതത്തിലും ആധുനികപൂര്‍വ്വവും ആധുനികവും ആധുനികോത്തരവുമായ (അതിന്റെ ഉത്തരകാലംവരെയും) ത്രികാലപ്പകര്‍ച്ചകളെയും അവയുടെ കാലവിഷമങ്ങളെയും ആധാരമാക്കേണ്ടിവന്ന ഒരു വിചിത്രതലമുറയുടെ ആണ്‍പെണ്‍ യുഗ്മജീവിതം (സംഭോഗവും വിപ്രലംഭവും) പൊതുവില്‍ ചിത്രീകരിക്കപ്പെടുന്നു എന്നതാണ് എന്‍.വി. മുഹമ്മദ് റാഫിയുടെ ഒരു ദേശം ഓനെ വരയ്ക്കുന്നു എന്ന നോവലിന്റെ ചരിത്രപ്രസക്തിയും സാഹിത്യപ്രസക്തിയും. ഉത്തരകേരളത്തിലെ ലിബറല്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരും സെക്യുലറും മതനിരാസപരവുമായ ജീവിതം നയിക്കുന്നവരുമായ മുഖ്യകഥാപാത്രങ്ങളുടെ ചിത്രീകരണത്തിലൂടെ അത് ചരിത്രത്തിന്റെ, ഏടിനേക്കാള്‍ വലുതാകുന്ന, അടര്‍ത്തിമാറ്റാനാകാത്ത, അടിക്കുറിപ്പായിത്തീരുന്നു എന്നത് ആ പ്രസക്തികളുടെ ആഴം ഏറ്റുന്നു. മലയാളനോവലിന്റെ വലിയ ഒഴുക്കില്‍, ഇതൊരു ഒറ്റപ്പെട്ട അടിയൊഴുക്കായി, മുകള്‍പ്പരപ്പില്‍, ഒറ്റപ്പെട്ട ചുഴിയായി കറങ്ങിത്തിരിയുന്നു. ആരു പരിഗണിച്ചാലും അവഗണിച്ചാലും ഈ ചുഴിയും അടിയൊഴുക്കും ഇവിടെ ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in