
പുസ്തകങ്ങളുമായി എനിക്കിത് വലിയ സുഖമുള്ള കാലമല്ല. ആശുപത്രിയും പരിശോധനകളുമായി ചെറിയൊരു കാലം കടന്നുപോയി. ഇപ്പോള്‍ കുറേ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ ധാരണ. എങ്കിലും തുടര്‍ച്ചയായി വായിക്കാനാവില്ല. ബിജു മുത്തത്തിയുടെ 'മനിതര്‍കാലം' എന്ന പുസ്തകം മൂന്നില്‍ രണ്ടുഭാഗവും വായിച്ചു. 'ജോണ്‍ഹരി' ഉള്‍പ്പെടെയുള്ള ചില അധ്യായങ്ങള്‍ ആവര്‍ത്തിച്ചു വായിച്ചു. എന്തൊരു ജീവിതമാണ് ഈ പുസ്തകം! സത്യം പറഞ്ഞാല്‍ ആ ജീവിതങ്ങളുടെ ഭാരം എനിക്ക് താങ്ങാനാവുന്നില്ല. അതുകൊണ്ട് ഇനി വായിക്കുന്നില്ല!
ജീവിതത്തിന്റെ പലതരം ശക്തിദുര്‍ഗങ്ങളിലേക്ക് ഇറങ്ങി നില്‍ക്കുന്ന മനുഷ്യര്‍. ഈ പുസ്തകത്തിലെ പലരും എനിക്ക് നേരിട്ടും അല്ലാതെയും അറിയുന്നവരാണ്. എല്ലാവരും ചേര്‍ന്ന് നമ്മളെ ഓര്‍മ്മകളുടെ വേറൊരു അനുഭവലോകത്ത് എത്തിക്കുകയാണ്. ഓരോ അധ്യായവും വായിച്ചു തീരുമ്പോഴാണ് അവരെല്ലാം മരിച്ചു പോയെന്ന് നമ്മള്‍ അറിയുക. വായനയുടെ വല്ലാത്തൊരു നീറ്റലാണത്.
വാക്കുകള്‍ പോലെ ശക്തമായ വരകള്‍ കൊണ്ടുകൂടിയാണ് ഈ പുസ്തകത്തിലെ ഓരോ ജീവിതകഥയും പൂര്‍ണ്ണമാവുന്നത്. 'പൊക്കുടന്‍ കണ്ടല്‍' എന്ന അധ്യായത്തിന് വരച്ച ചിത്രം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ആ മനുഷ്യന്റെ ഉറച്ച ജീവിതം പോലെ തന്നെ ഉറച്ച ശരീരവും!
ടിപ്പിക്കല്‍ വിജയികളുടെ എണ്ണം ഈ പുസ്തകത്തില്‍ കുറവാണ്. ഓരോ മനുഷ്യരും ഓരോ തരം ജീവിതത്തിലൂടെ വഴിമാറി നടക്കുന്നതു പോലെ ഈ പുസ്തകവും മാറി നടക്കുന്നു. മറ്റു പുസ്തകങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഒരു സാധാരണ പുസ്തകമേയല്ല 'മനിതര്‍കാലം'. ഇത് വേറൊരു മാനത്തിലുള്ള മഹാമനുഷ്യരേഖയാണ്. സഹാനുഭൂതിയുടെ മനോഹരഭാഷ കൊണ്ട് എഴുത്തുകാരന്‍ മാത്രമല്ല വായനക്കാരും കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ചുപോകുന്നു.
ബിജു മുത്തത്തിയുടെ ടെലിവിഷന്‍ സഞ്ചാരമായ കേരള എക്‌സ്പ്രസ് ഞാന്‍ കണ്ടിട്ടുള്ളതാണ്. എന്നാല്‍ ആ ടെലിവിഷന്‍ പരമ്പരയ്ക്കു വേണ്ടി ചെയ്തതാണ് ഇതിലെ അധ്യായങ്ങളെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. കാരണം ടെലിവിഷന്റെ ഭാഷ വേറെയാണ്. ടെലിവിഷന്‍ കാഴ്ചയുടെ പരിമിതിയും ഈ പുസ്തകത്തിനില്ല. ഇതൊരു ഒറിജിനല്‍ പുസ്തകമായി തന്നെ ഉയര്‍ന്നുനില്‍ക്കുന്നു. ഒരുപക്ഷേ പുസ്തക രൂപത്തിലെത്തുമ്പോഴാണ് ഈ ജീവിതങ്ങള്‍ ശരിക്കും നമ്മോട് സംസാരിക്കുന്നതെന്ന് തോന്നുന്നു.
എന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് എനിക്ക് ഈ പുസ്തകം താങ്ങാനാവുന്നില്ലെന്ന് പറയുന്നത്. അത്രയേറെ 'ഹെവി'യാണ് ഓരോ അനുഭവകഥകളും. മുക്കാല്‍പ്പങ്കും വായിച്ച പുസ്തകം അതിനാല്‍ ഞാന്‍ മാറ്റിവയ്ക്കുകയാണ്. എപ്പോഴെങ്കിലും വീണ്ടും വായിച്ചേക്കാം ഇപ്പോള്‍ പറ്റുന്നില്ല. നമ്മളും അതിന്റെയൊക്കെ വക്കിലൂടെ നടന്നുപോയ ആളുകളാണല്ലോ