
പ്രണയത്തിന്റെ കടൽ കടക്കാനൊരുങ്ങുന്നതിൻ മുന്നേ കൊഹിനേമോവ യെ അറിയാൻ ശ്രമിച്ച ധിഷണ . അപർണയുടെ നോവലിന്റെ ലിപിസാന്ദ്രതയിൽ എല്ലാ അതിരുകളും മാഞ്ഞു പോകുന്നു. മാവോറികളുടെ ഭാഷയിൽ കുതറി നിൽക്കുന്ന കരുത്ത് നോവലിന്റെ കരുത്തായി മാറുകയാണ്.
അപർണ കുറുപ്പിന്റെനോവൽ , കൊ അഹാറു തെ വായി-യെക്കുറിച്ച് വി.എസ് ബിന്ദു എഴുതുന്നു
സ്വപ്നങ്ങളുടെ രാഭ്രമങ്ങൾ പരിചിതമാകുന്നവർ താണ്ടുന്ന അപരിചിത വൻകരകളുണ്ട്. ഭാഷയും സംസ്കാരവും ഭൂപ്രദേശങ്ങളും ഉൾപ്പെട്ട സജീവതയിൽ നിന്ന് അന്യാധീനപ്പെട്ടവയെ കണ്ടെടുക്കുന്ന ജൈവബോധം മനുഷ്യരെ ഗൂഢാനന്ദത്തിലേക്ക് നയിക്കുന്നു. അപർണ കുറുപ്പിന്റെ പ്രഥമ നോവൽ , കൊ അഹാറു തെ വായി, (ഞാൻ ഒഴുകുന്ന ജലമാകുന്നു - മാവോറി ഭാഷയുടെ മൊഴിമാറ്റം ) ആദിമരക്തത്തുളിപ്പുകളിൽ കണ്ടെത്തുന്നത് പുതിയ മനുഷ്യഭാവങ്ങളെയാണ്. ഭൂകമ്പമാപിനികൾ വിറച്ചുണ്ടാകുന്ന പിളർപ്പുകളെന്നപോലെ
ആഴം കാണാനാവാത്ത അനാഥത്വങ്ങൾ. അപർണ എല്ലാ അപരിചിതങ്ങളെയും പ്രച്ഛന്നതകളെയും പ്രത്യക്ഷപ്പെടുത്തുകയാണ്.ന്യൂസിലന്റിന്റെ പ്രവാസ ജീവിതത്തിൽ പെട്ട രുക്മയെയും ഭാനുവിനെയും പോലെ അന്തസ്സംഘർഷങ്ങളുടെ വിലാപ ഭൂമിയായി ജീവിതം മാറുന്ന അനേകം മനുഷ്യരുടെ കഥകളാണ് ഈ നോവലിൽ ചരിത്രാംശമായി മാറുന്നത്.
മലയാള നോവൽ സാഹിത്യത്തിൽ ആദ്യമായി പ്രാന്തവൽകൃത വിദ്ദേശ ഭാഷയിൽ സ്വാച്ഛന്ദ്യത്തിന്റെ ചിറകു തേടുന്ന പുസ്തകമായിരിക്കും ഇത്.
കുടിയേറ്റ ചരിത്രങ്ങളിൽ രൂപപ്പെടുന്ന സാംസ്കാരിക കലർപ്പുകളുടെ ഛിന്നഭാവനകൾ ഈ നോവലിലെമ്പാടും സഞ്ചരിക്കുന്നു. മരികോ രി കോ , ലോകത്തിലെ സ്ത്രീയുടെ ആദ്യത്തെ പ്രഖ്യാപനമുയരുന്നത് അധികാരത്തിന്റെ സ്വരമുയർത്തിക്കൊണ്ടാണ്. . റാണിയാണ് ഞാൻ. എനിക്ക് ഒരു രാജ കുമാരനേയും ആവശ്യമില്ല, എന്ന വാക്യം സുഘടിതമാകുന്നത് ഭാനുവിന്റെ വീട്ടിൽ നിന്ന് കാലടി പതിയുന്ന ഒച്ച പോലുമില്ലാതെ പിൻമടങ്ങുന്ന രുക്മയുടെ കാഴ്ചയിലാണ്.
ചെന്നു ചേർന്ന രാജ്യത്തിന്റെ സാമ്പത്തിക വിനിമയങ്ങളും ഭക്ഷണരീതിയും കൃഷിയുമെല്ലാം നോവലിസ്റ്റ് വിമർശനാത്മകമായി പകർത്തുന്നു. ആഖ്യാനത്തിലെ പരസ്പര പൂരകമായ ഇടങ്ങൾ അപർണ സാധ്യമാക്കുന്നത് അസാമാന്യമായ ശിൽപ്പ ഘടന സ്വീകരിച്ചു കൊണ്ടാണ്. വനാക തടാക തീരത്തിലെ രംഗി മതാമുവിന്റെ ഒബ് സിഡിയൻ സ്ഫിയർ മുതൽ സ്ത്രീ സംരക്ഷകരായ താനിഫ വരെ ഈ സ്വതന്ത്ര വിനിമയത്തിലെ ബൗദ്ധിക വിന്യാസങ്ങളാണ്. അവ ഭാനുവിനും രുക്മയ്ക്കും ദിവ്യക്കുമിടയിൽ സമാന്തര ങ്ങൾ തീർക്കുന്നു.
വിവാഹത്തിന്റെ സാമ്പ്രദായിക വിഷമജ്വരബാധിതയായ രുക്മ എന്ന സ്ത്രീ തുടർ ജീവിതത്തിൽ തേടുന്നതെന്താണ് എന്ന് നോവൽ അന്വേഷിക്കുന്നു. അഭിനയ നയരേഖയിലൂടെ നീങ്ങുന്ന പൊള്ളയായ ദാമ്പത്യത്തെയും ദേശ കാലങ്ങളില്ലാതെ മനുഷ്യരുടെ അസ്തിത്വം തേടുന്ന ഈ കൃതി കാണുന്നു. ഹിജാബിന്റെ രാഷ്ട്രീയം ചർച്ചചെയ്യാനുള്ള ഇടം വിശാലാർഥത്തിൽ കണ്ടെത്താനും ഉപേക്ഷിക്കപ്പെടുന്ന വാർധക്യങ്ങടെ നോവു പകർത്താനും ഇടമുള്ള രചനയിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തെ എഴുത്തുകാരി തന്റെ വഴിയായി സ്വീകരിക്കുന്നു. എന്നാൽ ഒരന്വേഷണവും കണ്ടെത്തലും ഒന്നിനും ഭാരമാകുന്നില്ല.
മലയാളിയുടെ കുടുംബ സങ്കൽപ്പത്തിന്റെ നിർമിതി തന്നെ ആണധികാര ബലതന്ത്രങ്ങളിൽ ഉറച്ചതാണ്. ഭാര്യയും ഭർത്താവും എന്ന് നിയമവിധേയമായ രണ്ട് ഔദ്യോഗിക ഭാരവാഹിത്വങ്ങൾ മുച്ചൂടും മുടിച്ചതാണ് കുടുംബത്തിന്റെ ആനന്ദ മാർഗങ്ങൾ. ഏക പങ്കാളി എന്നത് സ്വത്തു കൈവിടാതിരിക്കാനുള്ള നാട്ടുകച്ചേരിവാദമായി മനസ്സിലാക്കിയാൽ മതി. ത്രികോണ ദാമ്പത്യത്തിലെ തൃഷ്ണകളും ആഹ്ളാദങ്ങളും ചോദ്യം ചെയ്യുന്നതു പങ്കാളികളിലൊരാൾ തന്നെയാവാം. അല്ലെങ്കിൽ കുറ്റബോധത്തിന്റെ കിഴ്ക്കാംതൂക്കായ പാലത്തിൽ നിന്ന് ആരോ കയർ പൊട്ടി നദിയിലേക്ക് വീണതുപോലെ ഒരാൾ മുങ്ങിയും പൊങ്ങിയും കഴിയും. രുക്മയുടെ പിൻ തിരിയലിൽ ഇതെല്ലാമുണ്ടെങ്കിലും ഏറ്റവും പുതിയ മൊട്ടിന്റെ കരച്ചിലാണ് കൂടുതൽ സ്വാധീനിക്കുന്നത്. ഒറ്റക്കരച്ചിലിൽ ഇല്ലതായ അവളുടെ പ്രണയാനന്തരാനുഭവങ്ങളിൽ നിസ്സംഗതയുടെ കടുത്ത
ആവരണം ധൈര്യപ്പെടുത്തുന്ന പ്രത്യേക നിമിഷമുണ്ടാകുകയാണ്. മാവോറികളെപ്പോലെ ഖനനം ചെയ്യപ്പെടുന്ന ഭൂമുഖത്തെ വംശാവലികളിലെ ഒരുവൾ മാത്രമായി രുക്മ നിറയുകയാണെങ്ങും.
കാത്തിരിപ്പിന്റെ കഠി നാലസ്യത്തിലും അവൾക്ക് ഓർമയുടെ കിളി കുലത്തെ അറിയാം.
നോവൽ അവസാനിക്കുമ്പോൾ പദസംഗ്രഹമുണ്ട്. പ്രണയത്തിന്റെ കടൽ കടക്കാനൊരുങ്ങുന്നതിൻ മുന്നേ കൊഹിനേമോവ യെ അറിയാൻ ശ്രമിച്ച ധിഷണ . അപർണയുടെ നോവലിന്റെ ലിപിസാന്ദ്രതയിൽ എല്ലാ അതിരുകളും മാഞ്ഞു പോകുന്നു.
മാവോറികളുടെ ഭാഷയിൽ കുതറി നിൽക്കുന്ന കരുത്ത് നോവലിന്റെ കരുത്തായി മാറുകയാണ്. ചില സന്ദർഭങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള സ്ത്രീയുടെ ഇച്ഛാപരതയെ ആവോളം ജ്വലിപ്പിക്കുന്നുമുണ്ട്. വായനക്കാർക്ക് കൗതുകവും ഗവേഷണ മനസ്സും പകരുന്ന മലയാളത്തിലെ ഈ ആഖ്യാനചാരുത ധാരാളമായി വായിക്കപ്പെടുമ്പോൾ ബഹുലത യുടെ വേരുകൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സംസ്കാരത്തിന്റെ സർഗാത്മകതയെ തിരിച്ചു പിടിക്കാതിരിക്കാനാവില്ല.
നൃത്തമൊഴുകുന്ന ഉടലിൽ വാക്ബന്ധനമില്ലാതെ ,വാഹിനേ ഇതി , നടത്തുന്ന കരയാത്രയിൽ തുടങ്ങി സ്ത്രീയുടെ മോഹങ്ങൾ നിത്യാനന്ദത്തിന്റെ പോളകൾ വിടർത്തുന്ന പുതിയ തരം ആഖ്യാനം ഇന്നോളമുള്ള മലയാള നോവൽ ഭൂമികയെ സ്വതന്ത്രമായിവികസിപ്പിക്കുന്നു.