ഒരു മോഡലായ് ഇനിയും തുടരാൻ കേരളമെന്തു ചെയ്യണം?

ഒരു മോഡലായ്  ഇനിയും തുടരാൻ കേരളമെന്തു ചെയ്യണം?
Summary

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിത നിലവാരത്തിൽ കേരളത്തെ ഒരു ബ്രാൻഡായി അവതരിപ്പിക്കാനും ആ നേട്ടങ്ങൾ സാധ്യമാക്കിയ രാഷ്ട്രീയ-സാമൂഹ്യ പരിസരത്തെ ഇന്ത്യയ്ക്കാകെ ആ നിലയിൽ പരിചയപ്പെടുത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ആ വിമർശനത്തെ മറികടക്കാനുള്ള ശ്രമം എന്ന നിലയിലാണ് ഡോ. തോമസ് ഐസക് എഴുതിയ " Kerala: Another Possible World" എന്ന പുസ്തകം പ്രസക്തമാകുന്നത്. ദീപക് പച്ച എഴുതിയ ബുക്ക് റിവ്യു

നൂറ്റാണ്ടിലെ പ്രളയത്തെ നേരിട്ട സമയത്തും, നിപ്പയെയും കോവിഡിനെയും പ്രതിരോധിച്ച സമയത്തും കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ഭരണ മാതൃകകൾ രാജ്യമാകെയും അന്താരാഷ്ട്ര തലത്തിൽ തന്നെയും പ്രധാന ചർച്ചയായിരുന്നു. അതിനും മുന്നേ കുറേയേറെക്കാലങ്ങളായി അക്കാദമിക് സർക്കിളിലെങ്കിലും " കേരള മോഡൽ' സുപ്രധാനമായ ചർച്ച വിഷയങ്ങളിൽ ഒന്നാണ്. എന്നാൽ ഇന്ന് രാജ്യത്തെ പൊതുജനങ്ങൾ ആകെ കേരളത്തെക്കുറിച്ചു ചർച്ച ചെയ്യുന്നത് കേരളത്തെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചു നിർമ്മിച്ച " കേരള സ്റ്റോറി' എന്ന സിനിമയിലൂടെയാണ്. ആദ്യത്തേത് ഒരു സമൂഹം എന്ന നിലയിൽ കേരളം ആർജ്ജിച്ചെടുത്ത നേട്ടങ്ങളെ വസ്തുതാപരമായി അടയാളപ്പെടുത്തുന്നതാണെങ്കിൽ രണ്ടാമത്തേത് സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങൾ നിറവേറ്റാൻ മാത്രം രൂപപ്പെടുത്തിയ ഒരു പ്രൊപ്പഗാണ്ടയാണ്.

ഒരു പ്രോപഗണ്ട സിനിമയിൽ വീണ് ഇന്ത്യയുടെ ഇതര ഭാഗങ്ങങ്ങളിലെ ജനങ്ങൾ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ സമൂഹം, കേരളത്തെ തെറ്റിദ്ധരിക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ കേരളത്തിന്റെ കഥ എന്ന് അവരോടെല്ലാം പറയാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മനുഷ്യജീവിതത്തിന്റെ നിലവാരത്തെ അടയാളപ്പെടുത്തുന്ന സൂചികളിൽ മിക്കവയിലും മുന്നിൽ നിൽക്കുന്ന കേരളത്തെ ഒരു ബ്രാൻഡായി അവതരിപ്പിക്കാനും ആ നേട്ടങ്ങൾ സാധ്യമാക്കിയ രാഷ്ട്രീയ-സാമൂഹ്യ പരിസരത്തെ ഇന്ത്യയ്ക്കാകെ ആ നിലയിൽ പരിചയപ്പെടുത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യമാണ് ഈ അവസരത്തിൽ നമ്മളെല്ലാം ചോദിക്കേണ്ടത്. അക്കാര്യത്തിൽ കേരള സമൂഹത്തിന് ചില പരിമിതികൾ ഉണ്ടായിട്ടുണ്ട് എന്ന വസ്തുതയെ സ്വയംവിമർശനബുദ്ധിയോടെ നാമെല്ലാം ഉൾക്കൊള്ളേണ്ടതുണ്ട്. ആ വിമർശനത്തെ മറികടക്കാനുള്ള ശ്രമം എന്ന നിലയിലാണ് ഡോ. തോമസ് ഐസക് എഴുതിയ " Kerala: Another Possible World" എന്ന പുസ്തകം പ്രസക്തമാകുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസം ലെഫ്റ് വേർഡ് പ്രസിദ്ധീകരിച്ച പുസ്തകം മാസങ്ങൾക്കുള്ളിൽ തന്നെ രണ്ടാം പതിപ്പിറങ്ങിയത് തന്നെ അത്തരമൊരു പുസ്തകത്തിന്റെ പ്രസക്തിയുടെ സൂചനയായി വേണം കണക്കാക്കാൻ.

Kerala: Another Possible World- Cover
Kerala: Another Possible World- Cover

" മറ്റ് ബദലുകളില്ല" ( There is no alternative ) എന്ന നിയോലിബറൽ യുക്തിക്ക് വിപരീതമായി "മറ്റൊരു ലോകം സാധ്യമാണ്"(Another world is possible) എന്ന് പ്രായോഗികമായി തെളിയിച്ച കേരളത്തിന്റെ കഥയെക്കുറിച്ചുള്ള പുസ്തകമെഴുതാൻ ഡോ. ഐസക്കിനെ പ്രേരിപ്പിച്ചത് ലെഫ്റ് വേർഡ് ചീഫ് എഡിറ്ററായ വിജയ് പ്രഷാദാണ്. പുസ്തകം ചെറുതും സാങ്കേതികപദങ്ങൾ കുറഞ്ഞതും (Small & non-technical) ആകണമെന്ന് പുസ്തകത്തെ കുറിച്ചുള്ള ആലോചനാ സമയത്ത് തന്നെ വിജയ് പ്രഷാദ് നിർബന്ധം പറഞ്ഞിരുന്നു എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ ഡോ. ഐസക് പറയുന്നുണ്ട്. ഒരു പക്ഷെ ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ആകർഷണം ആ രണ്ട് ആവശ്യത്തോടും പൂർണ്ണമായും നീതിപുലർത്താൻ ഡോ. തോമസ് ഐസക്കിന് കഴിഞ്ഞു എന്നത് തന്നെയാണ്.

എന്താണ് പലരും പ്രകീർത്തിക്കുന്ന കേരളാ മോഡൽ? എന്താണ് അതിന്റെ പ്രത്യേകതകൾ? അതിനെന്തെങ്കിലും പരിമിതിയുണ്ടോ? കേരളം നിലവിൽ നേരിടുന്ന വെല്ലുവിളികൾ എന്താണ്? ആ വെല്ലുവിളിയെ മറികടക്കാൻ നാം എന്തൊക്കെ ചെയ്യണം?... തുടങ്ങിയ ചോദ്യങ്ങൾക്ക് സമഗ്രമായി അക്കാദമിക് കൃത്യതയോടെ എന്നാൽ ലളിതമായും ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡോ. തോമസ് ഐസകിന്റെ, സാമ്പത്തിക വിദഗ്ധൻ എന്ന നിലയിലുള്ള അക്കാദമിക് പരിചയവും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള പ്രായോഗിക ജ്ഞാനവും ഈ പുസ്തകത്തിൽ ഒത്തുചേർന്നു എന്നതാണ് ഇതിനെ കേരള സമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ആലോചിക്കുന്ന ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിയും വായിച്ചിരിക്കേണ്ട പുസ്തകമാക്കി തീർക്കുന്നത്.

പത്ത് അദ്ധ്യായങ്ങളിലായി ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ രൂപീകരണം മുതൽ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലയളവിൽ കേരളത്തെ ഇന്നത്തെ കേരളമാക്കി തീർത്ത സുപ്രധാനമായ പദ്ധതികളെക്കുറിച്ചും അതിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തെക്കുറിച്ചും ഐസക് വിശദീകരിക്കുന്നുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും, കേരള മാതൃകയും, ജനകീയാസൂത്രണവും എല്ലാം പല ആവർത്തി ചർച്ച ചെയ്ത വിഷയം ആയത് കൊണ്ട് തന്നെ പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ ഏറെ പ്രസ്തകമായവ മാത്രം ഇവിടെ സൂചിപ്പിക്കാം എന്ന് തോന്നുന്നു.

കേരളത്തിന്റെ പുത്തൻ മധ്യവർഗ്ഗം

കേരളത്തിന്റെ സാമൂഹ്യ നേട്ടങ്ങളെ അഭിമാനത്തോടെ കാണുകയും, കേരളവിരുദ്ധത ഒരു കൂട്ടർ രാഷ്ട്രീയമായി ഉയർത്തുമ്പോൾ പലവിധ സൂചികളുടെ പിൻബലത്തോടെ കേരള നമ്പർ 1 എന്ന മുദ്രവാക്യം ഉയർത്തി നാമതിനെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട് . എന്നാൽ നാം ഉയർത്തിക്കാട്ടുന്ന ആ കണക്കുകൾ എല്ലാം വസ്തുതാപരമായിരിക്കെ തന്നെ, കേരളത്തിൽ കാര്യങ്ങൾ എല്ലാം പൂർണ്ണത നിറഞ്ഞതും പ്രശ്നങ്ങൾ ഒന്നുമില്ലാത്തതും ആണെന്ന് കരുതുന്നത് യാഥാർഥ്യത്തോട് നിരക്കുന്ന കാര്യമല്ല. 'കേരള മോഡൽ' എന്ന പ്രയോഗത്തെ സംശയത്തോടെ വീക്ഷിച്ച ഇ.എം.എസ് പറഞ്ഞത് "മറ്റുള്ളവർ നമുക്ക് മേൽ വർഷിക്കുന്ന പ്രശംസ നമ്മുടെ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും വ്യക്തമായി മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കരുത്" ഇങ്ങനെയാണ്. സ്വയംവിമർശന ഉള്ളടക്കമുള്ള ഇ.എം.എസിന്റെ മേൽപ്പറഞ്ഞ വാചകങ്ങളുടെ ആശയ പരിസരത്തു നിന്നാണ് ഡോ. ഐസക് ഈ പുസ്തകം എഴുതുന്നത് എന്ന് വേണമെങ്കിൽ പറയാം.

മധ്യവർഗ്ഗത്തിൽ നിന്നും അഭ്യസ്തവിദ്യരായി പുറത്ത് വരുന്ന യുവതി-യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾ പരിഗണിക്കാനും കേരള സമ്പദ് വ്യവസ്ഥ പര്യാപ്തമല്ല എന്നതും പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

കേരള വികസന മാതൃകയുടെ സവിശേഷതകളായി ഡോ. ഐസക് എടുത്തു പറയുന്നത് മൂന്ന് ഘടകങ്ങളാണ്

1. ഉയർന്ന കൂലി ലഭിക്കാൻ പാകത്തിൽ തൊഴിലാളികളുടെ സംഘടിതമായ വിലപേശൽ

2. ഭൂപരിഷ്‌കരണം വഴിയുള്ള സ്വത്തിന്റെ വിതരണം

3. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സൗജന്യമായി ലഭ്യമായ സേവനങ്ങൾ

ഈ സവിശേഷതകൾ കൊണ്ടാണ് ഉൽപ്പാദനവും ആളോഹരി വരുമാനവും കുറഞ്ഞു നിൽക്കുമ്പോഴും മെച്ചപ്പെട്ട മാനവവികസന സൂചിക നിലനിർത്താൻ കേരളത്തിനായത്. ഈ പ്രത്യേകതകളാൽ സാധ്യമായ മെച്ചപ്പെട്ട വിദ്യാഭ്യാസവും, വിദേശ രാജ്യങ്ങളിലേക്ക് മൈഗ്രെറ്റ് ചെയ്യാനുള്ള അവസരങ്ങളും തുടങ്ങി വിവിധ പ്രതിഭാസങ്ങൾ കൊണ്ട് നേരത്തെ സാമൂഹ്യ ശ്രേണിയുടെ താഴെ തട്ടിൽ ജീവിച്ചിരുന്ന നല്ലൊരു വിഭാഗം ജനങ്ങൾ സാമൂഹ്യമായി മുന്നേറി ഒരു പുത്തൻ മധ്യവർഗം രൂപപ്പെട്ടു എന്നാണ് അദ്ദേഹം മൂന്നാം അധ്യായത്തിന്റെ അവസാന ഭാഗത്തിൽ വിശദീകരിക്കുന്നത്. നിലവിൽ കേരള സമൂഹത്തിന്റെ 20 % ഈ പുത്തൻ മധ്യവർഗ്ഗമാണ്, ഏതാണ്ട് 40 % കൂടി സമീപഭാവിയിൽ തന്നെ പുതിയ മധ്യവർഗ്ഗ പദവിയിലേക്ക് എത്തുമെന്ന് സ്വപ്നം കാണുന്നവരുമാണ്.

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലും സർക്കാർ ആശുപത്രികളിലുമെല്ലാം കഴിഞ്ഞ കാലം വരെയുണ്ടായിരുന്ന പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ ഈ മധ്യവർഗ്ഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്തമായിരുന്നു (ഇപ്പോഴും പൂർണമായും പര്യാപ്തമായിട്ടില്ല). 1991 ൽ ഒന്നരലക്ഷം വിദ്യാർത്ഥികളാണ് സ്വകാര്യ സ്‌കൂളുകളിൽ പഠിച്ചിരുന്നതെങ്കിൽ 2016 ആകുമ്പോഴേക്കും അത് 4.1 ലക്ഷമായി ഉയർന്നു. 71 ആമത് റൗണ്ട്‌ NSSO യുടെ ഡാറ്റ പ്രകാരം സർക്കാർ സൗകര്യങ്ങൾ ഉപയോഗിക്കുന്ന മലയാളികളുടെ എണ്ണം 34 % ആയി കുറഞ്ഞത് മേൽപ്പറഞ്ഞ പുത്തൻ മധ്യവർഗ്ഗ രൂപീകരണതിന്റെ സൂചനയായി ഐസക് ചൂണ്ടിക്കാണിക്കുന്നു.

മാത്രവുമല്ല ഈ മധ്യവർഗ്ഗത്തിൽ നിന്നും അഭ്യസ്തവിദ്യരായി പുറത്ത് വരുന്ന യുവതി-യുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾ പരിഗണിക്കാനും കേരള സമ്പദ് വ്യവസ്ഥ പര്യാപ്തമല്ല എന്നതും പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. സമീപകാലത്തു കേരളത്തിലെ തീവ്ര വലതുപക്ഷത്തിനു കിട്ടിയ മേൽകൈ ഈ പുത്തൻ മധ്യവർഗത്തിന്റെ നിരാശയിൽ നിന്ന് കൂടി ഉണ്ടായതാണ് എന്ന് വേണം മനസ്സിലാക്കാൻ. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ഏറ്റവും താഴേക്കിടയിലുള്ളവർക്ക് വേണ്ടി വിജയകരമായി പദ്ധതികൾ നടപ്പിലാക്കിയ ഇടതുപക്ഷം ഈ പുത്തൻ മധ്യവർഗ്ഗത്തെ കൂടി തങ്ങളുടെ ബഹുജന അടിത്തറയിലേക്ക് ആകർഷിക്കാൻ പാകത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് ഡോ. ഐസക് യുക്തിപൂർവ്വം പുസ്തകത്തിൽ സമർത്ഥിക്കുന്നു. അതിൻ്റെ ഭാഗമായിട്ട് കൂടിയാണ് ഒന്നാം പിണറായി സർക്കാർ പൊതു വിദ്യാഭ്യാസ രംഗത്തും, പൊതു ജനാരോഗ്യ രംഗത്തും മറ്റ് പശ്ചാത്തല വികസനത്തിലും കിഫ്‌ബിയെ ഉപയോഗപ്പെടുത്തി വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്.

പശ്ചാത്തല വികസനത്തോടൊപ്പം കേരളം പരിഹാരം കാണേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രശ്നാമാണ് കേരളത്തിലെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക്. 2018-19 ലെ Periodic Labour Force Survey പ്രകാരം 15-59 നും ഇടയില്‍ പ്രായമുള്ളവരില്‍ കേരളത്തിലെ തൊഴിലില്ലായ്മ 10.4 % മാണ്. ഇത് ദേശീയ ശരാശരിയായ 6.2 % ത്തെക്കാള്‍ വളരെ കൂടുതലാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതേ പ്രായത്തിനിടയില്‍ കേരളത്തിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ പരിശോധിച്ചാല്‍ 5.8 % വും സ്ത്രീകളുടെത് 19.1 % വുമാണ്. അതായത് ഉന്നത വിദ്യാഭ്യാസം നേടിയ നല്ലൊരു ശതമാനം സ്ത്രീകളും കേരളത്തില്‍ തൊഴില്‍ രഹിതരാണ്.

എന്നാല്‍ ഇത്രയും പേരുടെ തൊഴില്‍പ്രശ്നം പരിഹരിക്കാനുള്ള ശേഷി നിലവില്‍ നമ്മുടെ സമ്പദ് ഘടനയ്ക്കില്ല. ഭൂമിശാസ്ത്രപരവും വിഭവപരവുമായ പരിമിതികള്‍കൊണ്ട് വന്‍കിട നിര്‍മ്മാണ വ്യവസായ സ്ഥപാനങ്ങള്‍ കേരളത്തിനു അനുയോജ്യമല്ല. കേരളത്തിൽ എന്തുകൊണ്ട് വൻകിട വ്യവസായം ഉണ്ടായില്ല എന്നത് പുസ്തകത്തിൽ ദീർഘമായി വിശദീകരിക്കുന്നില്ലെങ്കിലും ആ പ്രതിഭാസത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കാനുള്ള ചില സൂചനകൾ പുസ്തകത്തിലുണ്ട്. ഇന്ത്യന്‍ ഭരണകൂടവും ഇന്ത്യയിലെ വൻകിട മുതലാളിമാരും കേരളത്തിലേക്ക് വ്യവസായങ്ങള്‍ കൊണ്ടു വരുന്നതിനു മുൻകൈയ്യെടുത്തില്ല എന്നതാണ് വാസ്തവം. അതിനുള്ള പ്രധാന കാരണം ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ കേരളത്തിലുണ്ടായിരുന്ന തൊഴിലാളി-കര്‍ഷക പ്രസ്ഥാനങ്ങള്‍ തൊഴിലാളി ചൂഷണത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു എന്നതാണ്. ഈ പ്രതിരോധത്തിന്റെ ഫലമായി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രൂപപ്പെട്ട ഉയര്‍ന്ന കൂലി - മുകളിൽ സൂചിപ്പിച്ച കേരള മോഡലിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്ന് - എന്ന സാമൂഹ്യ സാഹചര്യമാണ് കേരളത്തിൽ വൻകിട വ്യവസായങ്ങൾ വരുന്നതിനു പ്രധാന തടസ്സമായി നിന്നത് എന്ന വസ്തുത കേരള മോഡലിന്റെ ആന്തരികമായ സങ്കീർണ്ണതകളെ മനസ്സിലാക്കുന്നതിൽ സുപ്രധാനമാണ്.

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവട് മാറ്റം

പുത്തൻ മധ്യവർഗ്ഗ രൂപീകരണത്തോടെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതാണ് കേരളത്തിലെ ഇടതുപക്ഷം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന്. ആ പരിഹാരം ഏതെങ്കിലും വിധത്തിൽ മൂലധനത്തോട് സന്ധി ചെയ്തുകൊണ്ടോ തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തോട് വിട്ടുവീഴ്ച്ച ചെയ്തു കൊണ്ടോ ആകരുത് എന്ന നിർബന്ധവും കൂടിയാകുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഈ പ്രശ്നങ്ങൾക്കുള്ള സുപ്രധാനമായ പരിഹാര മാർഗ്ഗം എന്ന നിലയിലാണ് ഐടി, ബയോടെക്നോളജി , കമ്പ്യൂട്ടര്‍ നിർമ്മാണം, മരുന്ന് ഉല്‍പ്പാദനം, ടൂറിസം തുടങ്ങിയ മേഖലകൾക്ക് പ്രാമുഖ്യം കൊടുക്കുന്ന നിലയിൽ വിജ്ഞാന സമ്പദ് ഘടനയിലേക്ക് കേരളം ചുവട് മാറണം എന്ന് ഇടതുപക്ഷം ആഗ്രഹിക്കുന്നത് എന്ന് ഡോ. ഐസക് സമർത്ഥിക്കുന്നു. ഈ മാറ്റത്തിനു കേരളത്തെ തയ്യാറെടുപ്പിക്കുന്നതിന് കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിൽ എന്തൊക്കെ ചെയ്തു എന്തൊക്കെ ചെയ്യാൻ ആലോചിക്കുന്നു എന്നത് കൂടി അവസാന മൂന്ന് അധ്യായങ്ങളിൽ അദ്ദേഹം ചുരുക്കി വിശദീകരിക്കുന്നുണ്ട്.

2016-21 കാലത്തെ LDF സര്‍ക്കാരിന്റെ അവസാന ബജറ്റ് 2021 ജനുവരി 15 നു നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ട് അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ്‌ ഐസക് നടത്തിയ പ്രസംഗത്തിലാണ് വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കേരളം ചുവട് മാറുന്നു എന്ന പ്രഖ്യാപനം ആദ്യമായുണ്ടായത്. ഡോ. ഐസക്കിന്റെ കാഴ്ച്പ്പാടിൽ വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് താഴെ പറയുന്ന നാല് വിശാലമായ ഘടകങ്ങങ്ങളുണ്ട്

1 . നിലവിലുള്ള കാർഷിക-ചെറുകിട മേഖലകളിലെ ഉൽപ്പാദനം കാര്യക്ഷമമാക്കും വിധം സാങ്കേതികമായ നവീകരണം.

2. വിജ്ഞാന കേന്ദ്രീകൃത വ്യവസായങ്ങളായി ഐ.ടി, ബയോടെക്കനോളജി , സ്റ്റാർട്ടപ്പുകൾ എന്നിവയിലേക്ക് നിക്ഷേപത്തെ ആകർഷിക്കുക

3. മാറിവരുന്ന തൊഴിൽ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുംവിധം അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ നൈപുണ്യ വികസനം നടത്തുക

4. കേരളകേന്ദ്രീകൃതമായ അറിവിന്റെ ഉൽപ്പാദനത്തിനായി ഉന്നത വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തുക

ഈ നാല് ഘടകങ്ങളെയും ശക്തിപ്പെടുത്താൻ കേരള സർക്കാർ ആസൂത്രിതമായി എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് ഒൻപതാമത്തെ അധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്.

ഈ വിധത്തിൽ കേരളം മാറുമ്പോൾ അത്തരത്തിൽ രൂപപ്പെട്ടു വരുന്ന ഒരു സമൂഹത്തിന് കേരളത്തിന്റെ പുരോഗമന സ്വഭാവവും ഇടതുപക്ഷ സംസ്കാരവും നിലനിർത്താൻ കഴിയുമോ എന്നതാണ്. പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ അത്തരമൊരു സംസ്ക്കാരം നിലനിർത്തേണ്ടുന്നത്തിന്റെ ആവശ്യകതയെ പറ്റി ഡോ. തോമസ് ഐസക് വിശദീരിക്കുന്നുണ്ടെങ്കിലും അതിനായുള്ള മൂർത്തമായ പദ്ധതികളോ നിർദ്ദേശങ്ങളോ അദ്ദേഹം പുസ്തകത്തിൽ മുന്നോട്ട് വയ്ക്കുന്നില്ല.

വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കടക്കുന്നതിനു അനിവാര്യമായ ഡിജിറ്റൽ പശ്ചാത്തല സൗകര്യം ലഭ്യമാക്കുന്നതിന് K-FON (Kerala Fibre Optic Network) പദ്ധതി , സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ Kerala Start-up Mission (KSM) , നൂതന ആശയങ്ങളെ പ്രായോഗികമാക്കാൻ Kerala Development Innovation Strategy Council (K-DISC) , ഉന്നത വിദ്യാഭ്യാസത്തെ രംഗത്തെ പരിഷ്‌ക്കാരങ്ങൾ , മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾക്കായി കെ-റെയിൽ, കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള മറ്റ് പശ്ചാത്തല വികസനങ്ങൾ തുടങ്ങി ഇന്ന് കേരളത്തിൽ നടപ്പിലാക്കുന്ന ബഹുമുഖമായ പദ്ധതികളെല്ലാം വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ പരിവർത്തനം ചെയ്യാൻ ലക്ഷ്യം വച്ചുള്ളതാണ് എന്ന് ഡോ. ഐസക് വിശദീകരിക്കുന്നു. ഈ പരിവർത്തനം സാധ്യമാകുമ്പോൾ ഏതാണ്ട് 20 ലക്ഷം യുവതി യുവാക്കൾക്ക് കേരളത്തിനകത്ത് തന്നെ തൊഴിൽ സൃഷ്ട്ടിക്കാൻ കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി അദ്ദേഹം ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ ഏഴുവർഷത്തിൽ കേരളത്തിലുണ്ടായിട്ടുള്ള പശ്ചാത്തല വികസന മാറ്റവും, വിദ്യാഭ്യാസ-പൊതു ജനാരോഗ്യ മുന്നേറ്റവും, കഴിഞ്ഞ ഒരു വർഷത്തിൽ ഒരു ലക്ഷം സംരഭങ്ങൾ തുടങ്ങാൻ സർക്കാർ നൽകിയ പിന്തുണയും, സ്റ്റാർട്ടപ്പ് രംഗത്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ നേടിയ അംഗീകാരങ്ങളും എല്ലാം കാണുമ്പോൾ മേല്പറഞ്ഞത് നിശ്ചയ ദാർഢ്യമുള്ള സർക്കാറുണ്ടെങ്കിൽ സാധ്യമാകുന്ന മാറ്റം തന്നെയാകും എന്നതിൽ സംശിയിക്കേണ്ട കാര്യമില്ല.

ഇവിടെ സഭാവികമായി ഉയർന്നുവരുന്ന ഒരു സംശയം ഈ വിധത്തിൽ കേരളം മാറുമ്പോൾ അത്തരത്തിൽ രൂപപ്പെട്ടു വരുന്ന ഒരു സമൂഹത്തിന് കേരളത്തിന്റെ പുരോഗമന സ്വഭാവവും ഇടതുപക്ഷ സംസ്കാരവും നിലനിർത്താൻ കഴിയുമോ എന്നതാണ്. പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ അത്തരമൊരു സംസ്ക്കാരം നിലനിർത്തേണ്ടുന്നത്തിന്റെ ആവശ്യകതയെ പറ്റി ഡോ. തോമസ് ഐസക് വിശദീരിക്കുന്നുണ്ടെങ്കിലും അതിനായുള്ള മൂർത്തമായ പദ്ധതികളോ നിർദ്ദേശങ്ങളോ അദ്ദേഹം പുസ്തകത്തിൽ മുന്നോട്ട് വയ്ക്കുന്നില്ല. സോഷ്യലിസ്റ്റ് ആദർശങ്ങൾക്ക് വിപരീതമായ ഉപഭോക്തൃ ശീലങ്ങളിലേക്ക് വീഴാതിരിക്കാൻ അതിനു പകരം ഭോഗിക്കാനുള്ള സാംസ്കാരികമായ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉൽപ്പാദിപ്പിക്കാൻ കേരളത്തിന് കഴിയുമോ എന്നത് കൂടി നാം അഭിസംബോധന ചെയ്യേണ്ടുന്ന ചോദ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in