അപരസമുദ്ര, കേരളവും ബം​ഗാളും തമ്മിലെന്ത്?

അപരസമുദ്ര, കേരളവും ബം​ഗാളും തമ്മിലെന്ത്?
Published on

കേരളം, ബംഗാള്‍ എന്ന ദ്വന്ദത്തെക്കുറിച്ച് ആവശ്യത്തിലേറെ പറഞ്ഞു കേട്ടവരാണ് നമ്മള്‍. വരേണ്യമെന്നോ മധ്യവര്‍ഗമെന്നോ പറയാവുന്ന ഒരു പരിപ്രേക്ഷ്യത്തിലൂടെയാണ് നാമിതുവരെ ഈ Dichotomyയെ സമീപിച്ചത്. തികച്ചും പ്രോലിറ്റേറിയറ്റ് കാഴ്ചയിലൂടെ ബംഗാളിന്റെയും കേരളത്തിന്റെയും ചരിത്രത്തെയും വര്‍ത്തമാനത്തെയും അപഗ്രഥിക്കുന്ന മിഥുന്‍ കൃഷ്ണയുടെ അപരസമുദ്ര എന്ന നോവല്‍. അമലിന്റെ ബംഗാളി കലാപം എന്ന നോവലിനു ശേഷം ഈ ഗണത്തില്‍ പെടുത്താവുന്ന ഒരു സുപ്രധാന കൃതി. കഥകളെഴുതി ശ്രദ്ധേയനായ മിഥുന്‍ കൃഷ്ണ എഴുതുന്ന ആദ്യനോവലാണിതെന്ന് ഒരിക്കലും തോന്നില്ല. നോവല്‍ ഗാത്രം അത്രയ്ക്ക് ബലിഷ്ഠമാണ്. നോണ്‍ ലീനിയര്‍ ആഖ്യാനത്തില്‍ സ്വാതന്ത്ര്യസമര കാലത്ത് അവിഭക്ത ബംഗാളില്‍ സൂര്യസെന്നും (മാസ്റ്റര്‍ദാ) സഖാക്കളും നയിച്ച ചിറ്റഗോങ് ആയുധപ്പുര ആക്രമണം (ചിറ്റഗോങ് ആര്‍മറി റെയ്ഡ്) തൊട്ട് സമീപകാല സംഭവങ്ങള്‍ വരെ കൃതഹസ്തതയോടെ ചിത്രീകരിച്ചിട്ടുണ്ട് നോവലില്‍. മാത്രവുമല്ല, അപരസമുദ്രയില്‍ കോര്‍ത്തുകൊണ്ട് അപുത്രയം പോലെ ഒരു ട്രിലജിക്കുള്ള സാധ്യതയും അപരസമുദ്ര അവശേഷിപ്പിക്കുന്നുണ്ടെന്ന് സൂക്ഷ്മമായ വായനയില്‍ വ്യക്തമാകും.

കേരളവും ബംഗാളും തമ്മിലുള്ള സാംസ്‌കാരികവും രാഷ്ട്രീയവുമായ സാദൃശ്യങ്ങളെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് അവധി നല്‍കണമെന്ന ചിന്തയാണ് പൊതുവില്‍ ഈ നോവല്‍ പങ്കുവയ്ക്കുന്നത്. ബംഗാളില്‍ നിന്ന് കേരളത്തിനും കേരളത്തില്‍ നിന്നും ബംഗാളിനും പഠിക്കാന്‍ വളരെയേറെ പാഠങ്ങളുണ്ടെന്ന് ഈ നോവല്‍ അടിവരയിടുന്നു. ബംഗാളിന്റെ രാഷ്ട്രീയ ഭാഗധേയം തന്നെ മാറ്റി മറിച്ചു സിംഗൂര്‍, നന്ദിഗ്രാം സമരങ്ങള്‍. ആ സമരങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചനയാണ് നോവലിന്റെ പ്രധാനഭാഗം. മാ(അമ്മ), മിട്ടി(മണ്ണ്), മനുഷ്(മനുഷ്യന്‍) എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കൃഷിചെയ്യുന്ന മണ്ണിനെ അങ്ങേയറ്റം സ്നേഹിക്കുന്ന മനുഷ്യരെ കബളിപ്പിച്ച ഒരു സമരത്തിന്റെ പിന്നാമ്പുറക്കാഴ്ചകളിലേക്ക് നോവലിസ്റ്റ് നടത്തിയ അന്വേഷണം തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു. മാ, മിട്ടി, മനുഷ് എന്ന പേരില്‍തന്നെയാണ് നോവലിനെ മൂന്നു ഭാഗമാക്കി തരംതിരിച്ചിരിക്കുന്നത്.

മമതാ ബാനര്‍ജി എന്ന ഒരു ബിംബമല്ല മറിച്ച് പഴയ ജന്മിമാരും മാവോയിസ്റ്റുകളും ഗൂര്‍ഖാ ജനശക്തിമോര്‍ച്ചയും ഗ്രേറ്റര്‍ കൂച്ച് ബിഹാറിനു വേണ്ടി വാദിക്കുന്നവരും ആര്‍എസ്എസ്സും ജമാ അത്തെയും അടക്കമുള്ള മൗലികവാദ ശക്തികളും ഇടതുപക്ഷത്തോട് ഇടഞ്ഞുനില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും എസ്യുസിഐയുമൊക്കെ ചേര്‍ന്ന മഴവില്‍ സഖ്യമായിരുന്നു സമരം നയിച്ചത്.

കമ്യൂണിസ്റ്റുകാര്‍ നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെയും ഇടതു മുന്നണിയുടെ ഭരണത്തില്‍ വിജയകരമായി നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിന്റെയും ഫലമായി കൃഷിഭൂമി സ്വന്തമായി ലഭിച്ച മനുഷ്യരെ മണ്ണിന്റെ പേരില്‍ തന്നെ സമരത്തിനിറക്കാന്‍ മമതാ ബാനര്‍ജിക്ക് സാധിച്ചതിന്റെ ചരിത്രം നമുക്കു മുന്നിലുണ്ട്. നന്ദിഗ്രാമില്‍ വന്‍കിട വ്യവസായ പദ്ധതിയില്‍നിന്ന് പിന്മാറുമെന്നും ബുദ്ധദേബ് ഗവണ്‍മെന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും അക്രമോല്‍സുക സമരത്തിന് അന്നത്തെ പ്രതിപക്ഷം തയ്യാറായി. മമതാ ബാനര്‍ജി എന്ന ഒരു ബിംബമല്ല മറിച്ച് പഴയ ജന്മിമാരും മാവോയിസ്റ്റുകളും ഗൂര്‍ഖാ ജനശക്തിമോര്‍ച്ചയും ഗ്രേറ്റര്‍ കൂച്ച് ബിഹാറിനു വേണ്ടി വാദിക്കുന്നവരും ആര്‍എസ്എസ്സും ജമാ അത്തെയും അടക്കമുള്ള മൗലികവാദ ശക്തികളും ഇടതുപക്ഷത്തോട് ഇടഞ്ഞുനില്‍ക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരും എസ്യുസിഐയുമൊക്കെ ചേര്‍ന്ന മഴവില്‍ സഖ്യമായിരുന്നു സമരം നയിച്ചത്. കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സുലേറ്റില്‍ സമരക്കാരെ രഹസ്യമായി വിളിച്ചു വരുത്തിയതും വാര്‍ത്തായിരുന്നു.

അഭൂതപൂര്‍വമായ കാര്‍ഷിക വളര്‍ച്ച നേടിയ ബംഗാളില്‍ അടുത്ത പടിയായി കൂടുതല്‍ വ്യവസായം കൊണ്ടുവരണമെന്ന നയത്തിന്റെ ഭാഗമായിട്ടായിരുന്നു സിംഗൂരിലെ നാനോ കാര്‍ ഫാക്ടറി തുടങ്ങുന്നതിനായി ടാറ്റാ ഗ്രൂപ്പുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയത്. കെമിക്കല്‍ ഹബ്ബിനുവേണ്ടി ഭൂമി ഏറ്റെടുത്തതും സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ സമരം നടത്തി 2011ല്‍ അധികാരത്തില്‍ വന്ന് ഒന്നര പതിറ്റാണ്ടോളമായി തുടരുന്ന മമത ബാനര്‍ജിയുടെ തൃണമൂല്‍ ഗവണ്‍മെന്റിന് എന്തു പകരം വയ്ക്കാനുണ്ട് എന്ന ചോദ്യം ബാക്കിയാകുന്നു. വ്യവസായ കാര്‍ഷിക മേഖലകളെ പതിറ്റാണ്ടുകള്‍ പിന്നോട്ടു വലിക്കാനും വിഭജന കാലത്തിനുശേഷം അന്യമായ വര്‍ഗീയ കലാപങ്ങള്‍ തിരിച്ചുകൊണ്ടുവരാനും ബംഗാളി സമൂഹത്തെയാകെ അക്രമോല്‍സുകമാക്കി മാറ്റാനും കഴിഞ്ഞതൊക്കെയായിരിക്കാം അവരുടെ കണ്ണില്‍ ഭരണനേട്ടങ്ങള്‍.

ബംഗാളിലെ സമകാല സാമ്പത്തിക -സാമൂഹ്യസ്ഥിതി നോവല്‍ കൃത്യമായി ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. ഖനികളടക്കം കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്ന നവലിബറല്‍ സാമ്പത്തിക കുറിപ്പടികള്‍ അതേപടി പാലിക്കുന്ന മമത ഗവണ്‍മെന്റിന്റെ ചെയ്തികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സാഹസികമായ സമരങ്ങളിലൂടെയും ജീവസ്സുറ്റ സാംസ്‌കാരിക ഇടപെടലിലൂടെയും ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും തലയുയര്‍ത്തിപ്പിടിച്ചു നിന്ന ബംഗാളി സൈക്കിയെ അപമാനത്തിന്റെ നടുക്കടലിലേക്ക് തള്ളിയിടുകയാണ് മമതയെന്ന് 15 വര്‍ഷം മുമ്പ് പിന്തുണച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ പോലും വെട്ടിത്തുറന്നു പറഞ്ഞു കഴിഞ്ഞു.

ബംഗാളില്‍നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയ കുടുംബത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളിലൂടെ നോവല്‍ കടന്നു പോകുന്നു. അതിഥിത്തൊഴിലാളികള്‍ എന്ന് നമ്മള്‍ പേരിട്ടു വിളിക്കുന്നവരോടുള്ള മലയാളി സമൂഹത്തിന്റെ മുന്‍വിധികള്‍, ഈ തൊഴിലാളികള്‍ അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങളും നോവല്‍ വരച്ചു കാട്ടുന്നു.

ഒരു നോവലിന്റെ കെട്ടുറപ്പിനുവേണ്ടി തന്റെ രാഷ്ട്രീയത്തെ മറച്ചു പിടിക്കുകയല്ല, അത് മറയില്ലലാതെ തുറന്നു പ്രകടിപ്പിക്കുന്ന ധീരത മിഥുന്‍ കൃഷ്ണയുടെ എഴുത്തിലുണ്ട്. മലയാളി സമൂഹവും ബംഗാളി സമൂഹവും മാറി മാറി നോവലില്‍ വന്നു പോകുന്നുണ്ട്. ബംഗാളില്‍നിന്ന് തൊഴില്‍ തേടി കേരളത്തിലെത്തിയ കുടുംബത്തിന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവുകളിലൂടെ നോവല്‍ കടന്നു പോകുന്നു. അതിഥിത്തൊഴിലാളികള്‍ എന്ന് നമ്മള്‍ പേരിട്ടു വിളിക്കുന്നവരോടുള്ള മലയാളി സമൂഹത്തിന്റെ മുന്‍വിധികള്‍, ഈ തൊഴിലാളികള്‍ അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങളും നോവല്‍ വരച്ചു കാട്ടുന്നു. സിംഗൂരില്‍ ജോലി ചെയ്യവെ സമരക്കാരുടെ അതിക്രമത്തില്‍ പരിക്കേറ്റ് കാല് നഷ്ടപ്പെട്ട് നാട്ടില്‍ തിരികെയെത്തി നാട്ടിലെ സ്‌കൂളില്‍ അധ്യാപകനായി മാറിയ അനീഷ് മാഷുടെ ഇടപെടലുകള്‍ തീര്‍ച്ചയായും അതിഥിത്തൊഴിലാളികളെക്കുറിച്ചുള്ള നമ്മുടെ പൊതുബോധത്തെ വെല്ലുവിളിക്കുന്നുണ്ട്, അട്ടിമറിക്കുന്നുണ്ട്.

കേരളത്തിന്റെ നിര്‍മാണ, റെസ്റ്ററന്റ് തുടങ്ങിയ അണ്‍സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ് മേഖലകളുടെ നട്ടെല്ലാണ് അതിഥിത്തൊഴിലാളികള്‍. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന ചെയ്യുകയും ജന്മനാടിന്റെ സമ്പദ്ഘടനയെ മണി ട്രാന്‍സ്ഫറിലൂടെ (പണ്ട് മണി ഓര്‍ഡര്‍ ഇക്കണോമി എന്നാണ് വിളിച്ചിരുന്നത്) ശക്തിപ്പെടുത്തുകയും ചെയ്യുന്നവരാണവര്‍. കേരളീയ സമൂഹത്തില്‍ അനിവാര്യ ഘടകമായി മാറിയ ഇവര്‍ സ്വാഭാവികമായും നമ്മുടെ കള്‍ച്ചറല്‍ ഡിസ്‌കോഴ്സില്‍ ഇടംപിടിക്കേണ്ടവരാണ്. അപൂര്‍വം സിനിമകളിലും കഥകളിലും എത്തിനോക്കിപ്പോകുന്നവരാണവര്‍. അതുതന്നെ പരിഹസിക്കപ്പെടാന്‍ നിയോഗിക്കപ്പെട്ടവരായി. ഒറ്റപ്പെട്ട അക്രമങ്ങളുടെ പേരില്‍ മുഴുവന്‍ തൊഴിലാളികളെ ആക്ഷേപിക്കുന്നതിനെതിരെയുള്ള അനീഷ് മാഷുടെ ഇടപെടലുകള്‍ തികച്ചും സാര്‍വലൗകിക സാഹോദര്യത്തിലേക്കുള്ള വാതിലുകളാണ് തുറന്നിടുന്നത്.

രണ്ടു സംസ്ഥാനങ്ങള്‍, രണ്ടു സാംസ്‌കാരിക ഭൂമികകള്‍, നൂറ്റാണ്ടിന്റെ അകലമുള്ള രണ്ട് കാലങ്ങള്‍. അതില്‍ പടര്‍ന്നു കിടക്കുന്ന ചരിത്ര സംഭവങ്ങള്‍. ഇവയെല്ലാം 160 പേജ് മാത്രം ദൈര്‍ഘ്യമുള്ള ഒരു നോവലിന്റെ ക്യാന്‍വാസിലൊതുക്കുക എളുപ്പമുള്ള കാര്യമല്ല. ആ സാഹസികതയ്ക്കാണ് മിഥുന്‍ കൃഷ്ണ തയ്യാറായിരിക്കുന്നത്. കുര്‍ അത് ഉല്‍ ഐന്‍ ഹൈദറിന്റെ ആഗ് കി ദരിയ(അഗ്നിനദി) എന്ന ഉര്‍ദു നോവലിലേതുപോലുള്ള ഒരു ചരിത്രയാത്രയാണ് അപരസമുദ്രയും.

Related Stories

No stories found.
logo
The Cue
www.thecue.in