ആന്‍ജൈന, വൈദഗ്ദ്ധ്യത്തിന്റെ വിജയം

ആന്‍ജൈന, വൈദഗ്ദ്ധ്യത്തിന്റെ വിജയം
Summary

ആന്‍ജൈന എന്ന നോവല്‍ എഴുതിയിരിക്കുന്നത് അമല്‍ പോള്‍ എന്ന ഡോക്ടറാണ്. വെറും ഡോക്ടറല്ല, കാര്‍ഡിയോളജിസ്റ്റാണ്. നോവല്‍ ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണ്. കാര്‍ഡിയോളജി വിഭാഗവുമായി ബന്ധപ്പെട്ട ഒരു ക്രൈം സ്റ്റോറിയാണ് ആന്‍ജൈന. ആ പേരുതന്നെ സാമാന്യമായി നമുക്കു പരിചിതമല്ല. ഹൃദ്രോഗികള്‍ക്കുപോലും അത്രകണ്ടു പരിചിതമല്ലാ പേര്. അത് ഹൃദയത്തിന്റെ ഒരു പ്രത്യേക രോഗാവസ്ഥയുടെ പേരാണ്. അത്തരം രോഗാവസ്ഥയുള്ളതിനാല്‍ ആകസ്മികമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘം രോഗികളുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ക്രൈമിനെ പിന്തുടരുകയാണ് നോവലിസ്റ്റ്.

അമൽ പോൾ എഴുതിയ ആൻജൈന എന്ന കുറ്റാന്വേഷ നോവലിനെക്കുറിച്ച് എഴുത്തുകാരനും നിരൂപകനുമായ അൻവർ അബ്ദുള്ള എഴുതുന്നു

അമല്‍ പോള്‍ എഴുതിയ ആന്‍ജൈന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സ്വഭാവമുള്ള നോവലാണ്. മലയാളത്തില്‍ ഇന്ന് ഇത്തരം നോവലുകളുടെ ചാകരയാണ്. എന്നാല്‍, വളരെയടുത്തകാലത്തായി, പുതിയൊരു റൊമാന്റിക് തരംഗം അലയടിച്ചതോടെ, ഈ കുറ്റാന്വേഷണതരംഗത്തിന് ഒരു താല്‍ക്കാലികവിരാമമായോ എന്നും സംശയിക്കണം. അങ്ങനെ, അലയൊടുങ്ങിത്തുടങ്ങിയോ, ഹംസഗാനമുതിര്‍ന്നുതുടങ്ങിയോ എന്നു സംശയിക്കാവുന്ന സന്ദര്‍ഭത്തിലാണ് അമല്‍പോളിന്റെ ആന്‍ജൈന പ്രസിദ്ധപ്പെടുന്നത്.
കുറ്റാന്വേഷണനോവലുകള്‍ പലവിധത്തിലുണ്ട്. കുറ്റകൃത്യങ്ങളെ പിന്‍പറ്റുകയും പ്രത്യേകിച്ച് ഒരന്വേഷകന്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവ - ചേസ് നോവലുകളുടെ മാതൃക അതാണ്. ഔദ്യോഗികമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ കേസ് അന്വേഷിക്കുന്നവ - ജോര്‍ജ് സിമെനോന്റെ ഇന്‍സ്‌പെക്ടര്‍ മൈഗ്രേയും ജോ നെസ്‌ബോയുടെ ഇന്‍സ്‌പെക്ടര്‍ ഹാരി ഹോളും ഹെന്‍കെല്‍ മാന്‍കീലിന്റെ ഇന്‍സ്‌പെക്ടര്‍ കര്‍ട് വലെന്‍ഡറുമൊക്കെ വരുന്ന നിര. അനൗദ്യോഗിക കുറ്റാന്വേഷണകരുടെ കഥകളാണ് ഇനിയൊന്ന് - അവയായിരിക്കും ഈ നിരയില്‍ ഏറ്റവും പ്രസിദ്ധവും. ഹോംസും പൊയ്‌റോട്ടും ഈ നിരയിലാണു വരിക. ഹോംസിനെപ്പോലെ ഔദ്യോഗികരംഗത്ത് ഒരിക്കലും ഇല്ലാതിരുന്ന തികഞ്ഞ സ്വകാര്യകുറ്റാന്വേഷകന്‍ ഒരുതരം, പോലീസ് സേനയില്‍നിന്നു വിരമിച്ച് സ്വകാര്യകുറ്റാന്വേഷകനായിച്ചമയുന്ന ഹെര്‍ക്യുലെ പൊയ്‌റോ(ട്ട്) മറ്റൊരുതരം.

ഇനിയുള്ളത് വേറെന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ത്തന്നെ, അല്ലെങ്കില്‍ വേറൊരു ജോലിയുമില്ലാതിരിക്കെ, ആകസ്മികമായോ അല്ലാതെയോ ഈ തൊഴിലിലേക്കു വന്നുപെട്ടുപോകുന്നവര്‍. മിസ് മാര്‍പിളിനെപ്പോലെ.
മലയാളത്തിലും ഈ എല്ലാ ഗണത്തിലും പെട്ട ആളുകളുണ്ട്. ഇതെഴുതുന്നയാളുടെ ഡിറ്റക്ടീവ് പെരുമാള്‍ ഔദ്യോഗികസേനയില്‍നിന്നു പിരിഞ്ഞ സ്വകാര്യ കുറ്റാന്വേഷകനാണ്. ജിബിരീലാവട്ടെ, തികച്ചും സ്വകാര്യകുറ്റാന്വേഷകനും. ശ്രീപാര്‍വതിയുടെ ഇന്‍സ്‌പെക്ടര്‍ ഡെറിക് ജോണ്‍, ലാജോ ജോസിന്റെ അലി ഇമ്രാന്‍ തുടങ്ങിയവരൊക്കെ കേരള പോലീസില്‍ ജോലി ചെയ്യുന്നവരും ഔദ്യോഗികജീവിതത്തിന്റെ ഭാഗമായി കുറ്റാന്വേഷണത്തില്‍ ഏര്‍പ്പെടുന്നവരുമാണ്. രണ്‍ജു കിളിമാനൂരിന്റെ അലക്‌സി തീര്‍ത്തും സ്വകാര്യ കുറ്റാന്വേഷകനാണ്.
നിഖില്‍ മേനോന്‍, മായാകിരണ്‍, ശ്രീനി ഇളയൂര്‍, രജത് ആര്‍ കൃഷ്ണകൃപ, പ്രവീണ്‍ ചന്ദ്രന്‍, റിഹാന്‍ റാഷിദ്, ശ്രീജിത് ടി.പി., ഗോവിന്ദ്, അരുണ്‍ എ.കെ. അജിത്കുമാര്‍, ആദര്‍ശ് എസ്., മരിയ റോസ്, ശിവന്‍ ഇടമന, അനുരാഗ് ഗോപിനാഥ്, തുടങ്ങി ഒരുപിടി എഴുത്തുകാരുടെ പലതരത്തിലുള്ള കുറ്റാന്വേഷണകഥകള്‍ ഈയിടെ പ്രസിദ്ധീകൃതമായി. അനൂപ് ശശികുമാര്‍, ജിസാജോസ്, മിനി പി.സി., കെ.വി. മണികണ്ഠന്‍, നകുല്‍ വി.ജി.,  തുടങ്ങിയവര്‍ കുറ്റാന്വേഷണനോവലിസ്റ്റുകളല്ലെങ്കിലും മികച്ച ഒന്നിലധികം ക്രൈം രചനകള്‍ നടത്തിയിട്ടുണ്ട്. ജി.ആര്‍. ഇന്ദുഗോപനെയും ബി. മുരളിയെയും പോലുള്ളവരും ഈ മേഖലയില്‍ കൈവച്ചിട്ടുണ്ട്. അവയില്‍ പലതരത്തിലുള്ള കുറ്റാന്വേഷണമുണ്ട്, പല ജനുസ്സില്‍പ്പെടുന്ന കുറ്റകഥകളുമുണ്ട്. പോലീസ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നു വിരമിച്ച അബ്ദുള്‍ ഹമീദ് പഴയ തലമുറയിലെയും ബി ശ്രീരേഖ ഈ കാലത്തെയും കുറ്റാന്വേഷണനോവലിസ്റ്റുകള്‍ കൂടിയാണ്. ഫോറന്‍സിക് സര്‍ജനായിരുന്ന ബി. ഉമാദത്തന്റെ കഥകളും ഈ രംഗത്ത് വലിയ സംഭാവന നല്കി.


കോസി, ഡാര്‍ക്, കോള്‍ഡ് കേസ്, സൈക്കോ... ജനുസ്സുകളും ഉപജനുസ്സുകളും പലതുണ്ട്. സത്യത്തില്‍ അതില്‍ വലിയ കാര്യമില്ലെന്നും പറയണം. ഓട്ടോറിക്ഷയില്‍വച്ചാണു കൊലപാതകം നടന്നതെങ്കില്‍, ഓട്ടോ-ക്രൈം ഫിക്ഷന്‍ എന്ന് ഉപജനുസ്സപ്പെടുന്നവിധത്തിലേക്ക് ഈ തമാശ താഴാവുന്നതേയുള്ളൂ.


മലയാളത്തില്‍ ആധുനികസാഹിത്യത്തിന്റെ തുടക്കംമുതല്‍ ക്രൈം ഫിക്ഷനുമുണ്ട്. വിരുതന്‍ ശങ്കുമുതല്‍ വരുന്ന ആ നിലയില്‍ അന്‍പതുകളുടെ ഒടുക്കംമുതല്‍ പലപ്രകാരത്തിലെ ജനപ്രിയസാഹിത്യം കലരുന്നു. നീലകണ്ഠന്‍ പരമാര മുതല്‍ എണ്‍പതുകളുടെ അവസാനം വരെ നിലനിന്ന പുഷ്പനാഥ് സാഹിത്യസഞ്ചയംവരെ അതു നീളുന്നു. അതിനുശേഷം, ഈയടുത്തകാലത്തുണ്ടായ ഒരു തിരിച്ചുവരവാണ് ആ ജനുസ്സിന്റേത്.


സത്യത്തില്‍ ഏതു സാഹിത്യത്തേക്കാളും ധാര്‍മികപ്രധാനമാണ് കുറ്റാന്വേഷണസാഹിത്യമെന്നതിനാല്‍, ആ ജനുസ്സിന്റെ പല രൂപഭാവങ്ങളിലുള്ള നിലനില്പ് സാമൂഹികമായ ഒരു സാംസ്‌കാരിക-ധാര്‍മ്മികാവശ്യം കൂടിയാണെന്നു പറയാം.

അങ്ങനെ പല ജനുസ്സുകളും ഉപജനുസ്സുകളുമായി വികസിക്കുന്ന കുറ്റാന്വേഷണസാഹിത്യം അപ്പോള്‍, അത്തരം രംഗങ്ങള്‍ അറിവും പരിചയവും ഉള്ള പ്രഫെഷനലുകളില്‍നിന്ന് സംഭാവനകള്‍ ഉണ്ടാവാന്‍ കാക്കുന്നു എന്നുമുണ്ട്. മെഡിക്കല്‍ ത്രില്ലറുകള്‍ മികവു നേടുന്നത് ആ രംഗത്ത് പ്രഫഷനലായി പെരുമാറുന്ന റോബിന്‍കുക്കിനെപ്പോലെയുള്ള എഴുത്തുകാര്‍ കോമ പോലുള്ള പുസ്തകങ്ങളുമായി വരുമ്പോഴാണ്. ലീഗല്‍ ത്രില്ലറുകള്‍ ഗ്രിഷാമിനെപ്പോലുള്ള എഴുത്തുകാരുടെ വരവോടെ മികവാര്‍ജ്ജിക്കുന്നു. ഇംഗ്ലീഷില്‍, പ്രഫഷനല്‍ റൈറ്റിംഗ് സാഹിത്യരംഗത്ത് സജീവമായതുകൊണ്ടുതന്നെ, വലിയ റിസര്‍ച്ച് സംഘങ്ങളുടെ പരിശ്രമം പല പ്രഫഷനല്‍ ത്രില്ലറുകളുടെയും പിന്നിലുണ്ട്. അത്രമേല്‍ പണം ചെലവാക്കാനുള്ള പാങ്ങ് മലയാളസാഹിത്യവിപണിക്കില്ലാത്തതിനാല്‍ രണ്ടുമാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍, പ്രഫഷനല്‍ പരിചയമുള്ളവര്‍ അതത് പ്രഫഷനുമായി ബന്ധപ്പെട്ട ത്രില്ലറുകള്‍ എഴുതുക. അല്ലെങ്കില്‍ എഴുത്തുകാര്‍, സ്വന്തം പരിശ്രമത്താല്‍ ആ രംഗം പഠിച്ച് എഴുതുക. രണ്ടാമത്തേത് എത്രയായാലും അപാകങ്ങള്‍ക്കു വശപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാല്‍, ആദ്യത്തെ വകുപ്പില്‍ അതു കുറയും. ഒരു പ്രശ്‌നം അപ്പോഴും അവശേഷിക്കുന്നു. പ്രഫഷനലി ആ രംഗം എഴുതുന്നയാള്‍ക്ക് കരതലാമലകമാണ്. പക്ഷേ, ആളുടെ എഴുത്തു പോരാ എന്നുവന്നാല്‍, സംഗതി വീണ്ടും അവലക്ഷണമായിക്കലാശിക്കും.

ഇവിടെ, ആന്‍ജൈന എന്ന നോവല്‍ എഴുതിയിരിക്കുന്നത് അമല്‍ പോള്‍ എന്ന ഡോക്ടറാണ്. വെറും ഡോക്ടറല്ല, കാര്‍ഡിയോളജിസ്റ്റാണ്. നോവല്‍ ഒരു മെഡിക്കല്‍ ത്രില്ലര്‍ ആണ്. കാര്‍ഡിയോളജി വിഭാഗവുമായി ബന്ധപ്പെട്ട ഒരു ക്രൈം സ്റ്റോറിയാണ് ആന്‍ജൈന. ആ പേരുതന്നെ സാമാന്യമായി നമുക്കു പരിചിതമല്ല. ഹൃദ്രോഗികള്‍ക്കുപോലും അത്രകണ്ടു പരിചിതമല്ലാ പേര്. അത് ഹൃദയത്തിന്റെ ഒരു പ്രത്യേക രോഗാവസ്ഥയുടെ പേരാണ്. അത്തരം രോഗാവസ്ഥയുള്ളതിനാല്‍ ആകസ്മികമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘം രോഗികളുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ക്രൈമിനെ പിന്തുടരുകയാണ് നോവലിസ്റ്റ്. അതുമായി ബന്ധപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെയും അതു സൃഷ്ടിക്കുന്ന മെഡിക്കല്‍ പ്രതിസന്ധിയുടെയും അതുവഴി വരുന്ന സോഷ്യല്‍ ഡിലെമയുടെയും എല്ലാ സാങ്കേതികവിവരങ്ങളും ഡോക്ടര്‍ അമല്‍ പോളിന് കൃത്യമായി അറിവുള്ളതോ അഥവാ, അതില്‍ ചില സൂക്ഷ്മവിവരങ്ങള്‍ അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞതാണെങ്കില്‍ത്തന്നെ, അവയുടെ സംഭാവ്യത അദ്ദേഹത്തിനു ബോദ്ധ്യമുള്ളതോ ആണ്. അതുകൊണ്ടുതന്നെ ആന്‍ജൈന എന്ന നോവല്‍ സാങ്കേതികവിവരങ്ങളുടെ കൃതകൃത്യമായ വിവരണങ്ങളാല്‍ സമ്പന്നവും യുക്തവുമാണ്. ഡോക്ടര്‍മാരായ നിഖിലേഷ് മേനോന്റെയും രജത് ആര്‍ കൃഷ്ണകൃപയുടെയും നോവലുകള്‍ ഈ അര്‍ത്ഥത്തില്‍ ശ്രദ്ധേയങ്ങളാണ്. നിയമരംഗത്തു പ്രവര്‍ത്തിക്കുന്ന ആര്‍ ബിലഹരിയുടെ നോവലുകള്‍ ലിഗല്‍ സ്വഭാവം ശക്തമായി പിന്തുടരാന്‍ പോന്നവയാണ്. ബാങ്കിംഗ് രംഗത്തുനിന്നുള്ള അരുണിന്റെ നോവലുകളുമുണ്ട്.

ഇങ്ങനെയൊരു കുറ്റകൃത്യത്തെ പിന്തുടരുകയെന്നത് രേഖീയമായി വളരെ സുഗമവും അങ്ങനെയായാല്‍ ഒറ്റയിരുപ്പില്‍ വായിച്ചുനിര്‍ത്താവുന്ന ഒരു നോവലായി അതു മാറാനുള്ള സാദ്ധ്യത സുകരവുമാണ്. എന്നാല്‍, അമല്‍ പോള്‍ നോവലിനെ നിര്‍രേഖീയമോ വിപരീതാഖ്യാനപരമോ ആയ ഒന്നായാണ് വിടര്‍ത്തിയെടുക്കുന്നത്. ഇത് എഴുത്തില്‍ പരിശീലനമുള്ള ഒരാള്‍ക്കു സാദ്ധ്യമാകുന്ന സാങ്കേതികവൃത്തിയാണ്. അമല്‍ അടിസ്ഥാനപരമായി അതു സാദ്ധ്യമാകുന്ന ഒരാളാണെന്നതുകൊണ്ട് അത് വായനയെ പ്രയാസകരമാക്കുന്നില്ല. അതായത്, ഡോക്ടര്‍ എന്ന നിലയില്‍ പ്രമേയത്തിന്റെ പശ്ചാത്തലത്തിലുള്ള വൈദഗ്ദ്ധ്യം എഴുത്തുകാരനെന്ന നിലയില്‍ എഴുത്തിന്റെ മറ്റുതലങ്ങളിലും കാണാം. ആദ്യനോവലിന്റെ പരാധീനതകളെ തുറന്ന മനസ്സോടെ നോക്കിക്കണ്ടുകൊണ്ടാണ് ഞാനിതു പറയുന്നത്.
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയലിന്റെ മരണമാണു നോവലിന്റെ തുടക്കം. അതിനുശേഷം, പല ദിക്കുകളിലായി ചില വൈദികര്‍ കൊല്ലപ്പെടുന്നു. അതിന്റെ രഹസ്യമെന്തെന്ന് അന്വേഷിക്കുന്ന ഔദ്യോഗികസംഘത്തിന്റെ നേതാവ് കേരള പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായ മായയാണ്. എന്നാല്‍, പത്രപ്രവര്‍ത്തകയായ റിയയും അതന്വേഷിക്കാന്‍ സ്വന്തം നിലയില്‍ എത്തുന്നു. റിയയുടെ വൈകാരികബന്ധുവായിരുന്നു കൊല്ലപ്പെട്ട ഡാനിയല്‍. ആ മരണത്തിന്റെ രഹസ്യം തെളിയുക എന്നത് അവള്‍ക്ക് സ്വന്തം ഉത്തരവാദിത്തമാണ്. എന്നാല്‍, അതുമായി ബന്ധപ്പെട്ട നേരിയൊരു ലീഡിലേക്കു നീതയാകുന്നവേളയില്‍ത്തന്നെ, അവള്‍ ആ ലീഡിന്റെ അപമൃത്യുവിനു സാക്ഷിയുമാകുകയാണ്. ആ ഹത്യയുടെ ഇര തന്റെ തിടുക്കത്തിന്റെ ഇരയാണോ എന്നവള്‍ ആകുലയാകുന്നു.
പക്ഷേ, നോവലും അതിലെ സംഭവങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്കു നീങ്ങുകയാണ്. കേസ് അന്വേഷിക്കാനാണു റിയ വന്നതെന്ന് ആര്‍ക്കുമറിയില്ലെങ്കിലും റിയ വധശ്രമങ്ങള്‍ക്കു തുടരെ ഇരയാകുന്നതാണ് നാം കാണുന്നത്. ആ വധസാദ്ധ്യതകളില്‍നിന്നെല്ലാം അവള്‍ രക്ഷപ്പെടുന്നത്, അവിചാരിതമെന്നോണം വരുന്ന ഒരു രക്ഷകസാന്നിദ്ധ്യത്താലാണ്. ബെഞ്ചമിന്‍ എന്ന സുവിശേഷകന്‍. അയാള്‍, ഐ.പി.എസ്. സെലക്ഷന്‍ കിട്ടിയവനും മായയുടെ സീനിയര്‍ ബാച്ചില്‍ പെട്ടവനും എന്നാല്‍, സെലക്ഷനു ശേഷം, സ്വന്തം ഇഷ്ടപ്രകാരം സര്‍വ്വീസ് വിട്ടുപോയവനുമാണ്. അയാള്‍ അതിസമര്‍ത്ഥനാണ്. പല വിഷയങ്ങളില്‍ നിഷ്ണാതനാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഹീറോ മെറ്റീരിയല്‍. അയാള്‍ മെല്ലെ ഈ നിരവധിഹത്യകളുടെ രഹസ്യം ആരായുന്ന അന്വേഷണത്തിന്റെ പാതയിലേക്കിറങ്ങുന്നു. മായയും റിയയും അയാളെ സഹായിക്കുന്നു. വലിയൊരു നിഗൂഢകുറ്റവലയത്തിന്റെ ഓരോരോ ഇതളുകളായി അവരൊന്നിച്ച് അതടര്‍ത്തിയെടുക്കുന്നു. അങ്ങനെ, തികച്ചും ഭീകരവും മനുഷ്യരാശിക്കുതന്നെയും മോഡേണ്‍ വൈദ്യശാസ്ത്രത്തിനു പ്രത്യേകിച്ചും അപകടകരമായ പ്രവണതകളുടെ അടിവേരു പറിച്ചെടുക്കുന്നതോടെ നോവല്‍ അവസാനിക്കുന്നു.
ഇതത്രയും മികച്ച കൈയടക്കത്തോടെ എഴുത്തുകാരനും ഡോക്ടറും താനെഴുതുന്ന വിഷയത്തില്‍ വിദഗ്ദ്ധനും അതുമായി ചുറ്റിപ്പറ്റി ഭാവനാലോകം നെയ്യുന്നതില്‍ സമര്‍ത്ഥനുമായ അല്‍ പോള്‍ ചെയ്തുവച്ചിട്ടുണ്ടെന്നതാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. ഇങ്ങനെ വിദഗ്ദ്ധര്‍ കുറ്റാന്വേഷണനോവല്‍ രംഗത്തേക്കു വരുന്നത് എന്തുകൊണ്ടും ഈ മേഖലയ്ക്ക് അഭികാമ്യവുമാണ്. ആ നിലയ്ക്ക് അങ്ങേയറ്റം അഭിനന്ദനീയമായ മികവാണ് അമല്‍ പോള്‍ മലയാളത്തിലെ കുറ്റാന്വേഷണസാഹിത്യത്തില്‍ ചെയ്തുതുടങ്ങിയിരിക്കുന്നത്.
എങ്കിലും ഈ നോവല്‍ എന്നിലുണര്‍ത്തിയ ചില വിയോജിപ്പുകള്‍ കൂടി പറയാതെ വയ്യ. അവ, സാഹിത്യപരമോ സാങ്കേതികമോ അല്ല, ചില ധാര്‍മികപ്രശ്‌നങ്ങള്‍ എന്നേ പറയേണ്ടൂ. അവയില്‍ ചിലത് നോവലിന്റെ സാഹിത്യഗുണത്തെയും സാംസ്‌കാരികഗുണത്തെയും സഹായിക്കുകയും ചെയ്‌തേക്കാമെന്നു മാത്രം. അതായത്, സ്വീകരിക്കണോ വേണ്ടയോ എന്നത് പൊതുസംഗതിയല്ല, തികച്ചും സ്വകാര്യസംഗതിയാണ്.
അതായത്, ഈ നോവലിലെ ബെഞ്ചമിന്‍ എന്ന കഥാപാത്രത്തിലൂടെ എഴുത്തുകാരന്‍ ക്രിസ്തീയസുവിശേഷപ്രവര്‍ത്തനത്തെയും മതദര്‍ശനത്തെയും മഹത്ത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കും തങ്ങള്‍ അടിയുറച്ചുവിശ്വസിക്കുന്ന പ്രമാണങ്ങള്‍ സമൂഹത്തിനായി ശാശ്വതവല്‍ക്കരിക്കാന്‍ അവകാശമുണ്ട്. ദസ്തയെവ്‌സ്‌കിയും ടോള്‍സ്‌റ്റോയിയും നിക്കോസ് കസാന്‍ദ്‌സാക്കിസും എല്ലാം ചെയ്തത് ക്രിസ്തീയദര്‍ശനമാഹാത്മ്യം വാഴ്ത്തിപ്പാടാന്‍ തന്നെയാണ്. അവരെയൊന്നും സഭ കാര്യമായി സ്വീകരിച്ചിട്ടില്ലെന്നുതന്നെയല്ല, കസാന്‍ദ്‌സാക്കീസിനെ തള്ളിക്കളയുകയും ചെയ്തുവെന്നു മാത്രം. ലോകം മുഴുവനുമുള്ള കവികളും കഥാകാരരും ഏറിയകൂറും പരോക്ഷമായെങ്കിലും ആത്മീയവാദംകൂടി സമൂഹത്തില്‍ ചെലുത്തുന്നുണ്ട്. ബ്ലേക്കിന്റെയും ഫ്രോസ്റ്റിന്റെയും ഗ്രേയുടെയും പോപ്പിന്റെയുമൊക്കെ കവിത കുട്ടികള്‍ പഠിക്കുന്നുണ്ട്. അവയില്‍ പലതിലും ക്രിസ്തീയമഹത്വപ്രഘോഷണം ഒളിഞ്ഞിരിക്കുന്നുണ്ട്. പക്ഷേ, പ്രഘോഷിക്കാന്‍ വേണ്ടിയുള്ള പ്രഘോഷണം ഗുണത്തേക്കാളേറെ ദോഷം ചെയ്യും; സാഹിത്യപരമായും ആത്മീയമായും. ആന്‍ജൈനയില്‍ അങ്ങനെയൊരു തത്ത്വഘോഷണം വിഷയപരമായി ആവശ്യമില്ല. പക്ഷേ, അമല്‍ പോളിന് ഈ നോവലിലൂടെ അതു നടത്തിയേ പറ്റൂ. അത് അദ്ദേഹത്തിന്റെയൊരു സ്വകാര്യാവശ്യമാണ്. അത് നോവലിനെ ദുര്‍ബലമാക്കുന്നതേയുള്ളൂ.

അതുപോലെ, ഹീറോ മെറ്റീരിയല്‍ എന്നു പറയുന്ന ബെഞ്ചമിന്‍ പലപ്പോഴും പഴയ സിനിമകളിലെ ബാലചന്ദ്രമേനോനെ ഓര്‍മിപ്പിക്കുന്നു. ജാവലിന്‍ ത്രോ ഫസ്റ്റ് പ്രൈസ്, കാവിലെ പാട്ടുമത്സരം ഫസ്റ്റ് പ്രൈസ്, പ്രസംഗം ഫസ്റ്റ് പ്രൈസ്, പെണ്ണുങ്ങള്‍ നിരയായി പിന്നാലെ, ഐപിഎസ് ഫസ്റ്റ് റാങ്ക് പക്ഷേ, വേണ്ടെന്നുവയ്ക്കുന്നു, കവിതയില്‍ ടോപ്പ്, കുതിരസവാരിയുടെ കാര്യം പറയുകയേ വേണ്ട... എന്നുവേണ്ട, ലോകത്തെന്തൊക്കെയുണ്ടോ അതെല്ലാം ബെഞ്ചമിന് അറിയാമെന്നല്ല, ഒന്നാമനുമാണ്. പക്ഷേ, അത് വായനക്കാര്‍ക്ക് ഒന്നു മനസ്സിലാക്കിക്കൊടുക്കണമല്ലോ. അതിനായി, എഴുത്തുകാരന്‍ നടത്തുന്ന വേലയെന്നത്, മറ്റു കഥാപാത്രങ്ങള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ ബെഞ്ചമിനെ പുകഴ്ത്തുന്ന വിധത്തിലാണ്. അതു പരിധിവിട്ടുപോകുന്നത് വായനക്കാര്‍ക്ക് നീരസമായേക്കും. സത്യത്തില്‍ ഫ്‌ളാറ്റായ ഡിറ്റക്ടീവ് കഥാപാത്രങ്ങളെല്ലാം ഒരുപരിധിവരെ ഇങ്ങനെതന്നെയാണ്. ഇതെഴുതുന്നയാളിന്റെ പെരുമാളും ബഹുമിടുക്കനും സുന്ദരനും അംബുജാക്ഷനുമാണ്. എന്നാലും വരുന്നോരും പോകുന്നോരുമെല്ലാം പുകഴ്ത്തലോടു പുകഴ്ത്തലാണെങ്കില്‍ പെരുമാള്‍ പോയി ആത്മഹത്യ ചെയ്യുകയേ ഉള്ളൂ.
മറ്റൊന്ന് കാര്‍ഡിയോളജിയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു ക്രൈം നടക്കുമെന്ന് ഒരു കാര്‍ഡിയോളജി ഡോക്ടര്‍ തന്നെ വിവരിക്കുന്നതോടെ പൊതുസമൂഹത്തിന് ഒരു വിശ്വാസനഷ്ടം സംഭവിക്കില്ലേ എന്ന വ്യക്തിപരമായ ധാര്‍മിക അങ്കലാപ്പാണ്. അതിനെ സമാശ്വസിപ്പിക്കാന്‍ പോന്ന ഒരു പോംവഴി നോവലില്‍ ഇല്ലാത്തത് എനിക്കു യോജിക്കാനാകുന്നതല്ല.
ഈ വിയോജിപ്പുകള്‍ അത്ര സാരമായവയല്ല. തനിക്കറിയാവുന്ന മേഖലയെ മുന്‍നിര്‍ത്തി അമല്‍ പോള്‍ എന്ന ഡോക്ടര്‍, സാഹിത്യത്തില്‍ മുന്‍പരിചയമില്ലെങ്കിലും (നല്ല വായനക്കാരനായിരിക്കണം ഡോക്ടര്‍, അതിന്റെ സൂചനകള്‍ നോവലിലുണ്ട്. അല്ലെങ്കിലും കേരളത്തിലെ മികച്ച വായനക്കാര്‍ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും മറ്റു പ്രഫഷനലുകളുമാണെന്ന് വ്യക്തിപരമായി അഭിപ്രായമുണ്ട്), അതിന്റെ പരാധീനതയില്ലാതെ, ശരാശരിക്കു മുകളിലേക്ക് നിസ്സംശയം എത്തുന്ന ഒരു ക്രൈം ത്രില്ലറാണു രചിച്ചിട്ടുള്ളതെന്ന് പറയാം. ഡോക്ടറുടെ വരുംകാലസാഹിത്യസംരംഭങ്ങള്‍ ഇതിലും മികച്ചതായിരിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in