തീണ്ടാരിപ്പച്ച: നാടകത്തിന്റെ ചട്ടക്കൂടിൽ സ്വതന്ത്രമാക്കപ്പെടുന്ന സാമൂഹികോര്ജ്ജം

തീണ്ടാരിപ്പച്ച: 
നാടകത്തിന്റെ ചട്ടക്കൂടിൽ  
സ്വതന്ത്രമാക്കപ്പെടുന്ന സാമൂഹികോര്ജ്ജം
Summary

പ്രകാശ് കലാ കേന്ദ്രം നിർമിച്ചു നടനും സംവിധായകനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകനും ആയ ശ്രീജിത്ത് രമണൻ സംവിധാനം നിർവഹിച്ച "തീണ്ടാരിപ്പച്ച" എന്ന നാടകം കേരളത്തിലും പുറത്തുമുള്ള വേദികളിൽ പ്രദർശനം തുടരുകയാണ്.  

ശ്രീജിത്ത് രമണൻ സാക്ഷാത്കാരം നിർവഹിച്ച "തീണ്ടാരിപ്പച്ച" എന്ന നാടകം കാണാൻ നവി മുംബൈയിലെ കേരള കലാ മണ്ഡലിൽ എത്തിയത് അവതരണത്തിന്റെ ധാര്മികതയെക്കുറിച്ചും കലയുടെ ചരിത്രനീതിയെക്കുറിച്ചും ഉള്ള കുറെ ചോദ്യങ്ങളോടെയാണ്. സ്ത്രീവാദത്തെ പുരോഗമനക്കാരും യാഥാസ്ഥിതികരും ആയ പുരുഷന്മാർക്ക് അടി കൂടാനുള്ള മറ്റൊരിടം കൂടി ആക്കി മാറ്റി എന്നതാണ് കേരളചരിത്രത്തിലെ സാമൂഹ്യ പരിഷ്ക്കരണത്തിൽ ഒരു വലിയ ദുരിതമായി എനിക്ക് തോന്നിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ആർത്തവം പോലെയുള്ള ഒരു വിഷയം ആണുങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വരുന്ന നാടകാവതരണത്തിന്റെ നീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ മാറ്റി വെക്കണമെന്നു തോന്നിയില്ല.

നാടകം തുടങ്ങുന്നത് തന്റെ ആർത്തവാനുഭവത്തെപ്പറ്റിയുള്ള ചില സ്ത്രീകളുടെ/പെൺകുട്ടികളുടെ വാക്കുകളോടെയും   ആർത്തവത്തെക്കുറിച്ചുള്ള  യുവപുരുഷക്കൂട്ടങ്ങളിലെ വർത്തമാനങ്ങൾ ഒരു പുരുഷശബ്ദം ഓർത്തെടുക്കുന്നത് റെക്കോർഡഡ് ശബ്ദത്തിൽ കേൾപ്പിച്ചു കൊണ്ടുമാണ്.  ഡോക്യൂ-ഡ്രാമ തലത്തിൽ ആണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. 

വൃത്താകൃതിയിൽ ഉള്ള കളം, അവയിൽ സിലിണ്ടർ ആകൃതിയിലുള്ള പൈപ്പുകളിൽ നിന്ന് താഴോട്ടു തൂങ്ങി നിൽക്കുന്ന ചുവന്ന തടിയൻ നൂലുകൾ- ഇത്രയുമാണ് രംഗ വേദി. അവിടെ പാട്ടും ആട്ടവും പറച്ചിലും ആയി .ഗാർഗി, സ്മിത, മൃദുല, അഞ്ജന, അനുജ, ശ്രീദേവി, അഖില, സജിത, ദീപ്തി, വിദ്യ, നിള, ഗാഥ ആത്മജ എന്നിവർ. 

ആർത്തവം ചാക്രികമായതിനാലോ സൃഷ്ടിയുടെ ചാക്രിക തലം ഭക്തിയുടെ ആർക്കിടെക്ച്ചറിലും പ്രധാനമായതിനാലും നാം കിടന്നു തിരിയുന്ന സാമൂഹിക ചക്രത്തെ സൂചിപ്പിക്കാനോ വൃത്താകൃതിയിലുള്ള വേദിയും തൊട്ടടുത്ത് നിലത്തും പിന്നെ കസേരകളിൽ വട്ടത്തിലും ഇരുന്ന കാഴ്ചക്കാരും കാരണമായി. തൊലിപ്പുറത്തോടു പറ്റിനിൽക്കുന്ന  ഒറ്റപ്പീസ് ടോപ്പും അതിൽ ചുവന്ന നൂലിനാൽ തുന്നി ഉണ്ടാക്കിയ ചെടിപോലെ തോന്നിക്കുന്ന അമൂർത്ത രൂപവും നാടകത്തിൽ പ്രോപ് ആയി ഉപയോഗിക്കപ്പെട്ട ചുവന്ന ഷോളുകളും ചുവന്ന തുണികളും യഥേഷ്ടം ഉപയോഗിക്കപ്പെട്ട ചുവന്ന പാർക്കാൻ ലൈറ്റുകളും രക്തം, ശരീരം, ചാക്രികവ്യവസ്ഥ എന്നിവയെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നതായി. നമ്മുടെ വർത്തമാനങ്ങളിൽ നിശബ്ദത കൊണ്ടോ അടക്കം പറച്ചില് കൊണ്ടോ അഭിമുഖീകരിക്കപ്പെടുന്ന ഒരു നിത്യജീവിത, ജൈവിക യാഥാർഥ്യത്തെ ചർച്ചകളുടെ മധ്യസ്ഥാനത്തു വാക്കായും ശബ്ദമായും ഛായ ആയും പ്രതിഷ്ഠിക്കുവാനാണ് നാടകം ശ്രമിക്കുന്നത്.  

നാടകം ഒറ്റക്കഥയല്ല പറയുന്നത്. ഓർമ്മകൾ, സംഭവങ്ങൾ, ദുസ്വപ്നങ്ങൾ, രീതികൾ എന്നിവയെ കൊണ്ട് വെക്കാനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. മൂകാഭിനയവും വാചികാഭിനയവും പാട്ടും ആട്ടവും കാരിക്കേച്ചർ എന്ന് വിളിക്കാവുന്ന ഭാഗങ്ങളും എല്ലാം ചേർന്ന്, (ദു) സ്വപ്നങ്ങളും യാഥാര്ഥ്യവും കലർത്തി phantasmagoria എന്ന്  വിളിക്കാറുള്ള  സങ്കേതത്തിലൂടെ ഓർമ്മകളെയും അനുഭവങ്ങളെയും ഇടങ്ങളെയും അവതരിപ്പിക്കുകയാണ്. സ്വന്തം ജീവിതത്തിൽ മറുപടി പറയാൻ അനുവാദമില്ലാത്ത വേളകളെയും മൗനം അവലംബിക്കേണ്ട സമയത്തെയും തിരിച്ചെഴുതുകയായിരുന്നു സ്വാനുഭവങ്ങളുടെയും പൊതുചർച്ചകളുടെയും കാണികൾ/ഇരകൾ എന്നതിൽ നിന്ന് , അവയുടെ കർത്രികൾ ആവുക ആയിരുന്നു ആ നടികൾ എന്ന് തോന്നി.  

നാടകരംഗത്തു ആധുനികതയുടെ ഒരു ധാര പ്രതീകാത്മക അമൂർത്തവൽക്കരണം (symbolic abstraction) ആണെന്ന് റെയ്മണ്ട് വില്യംസ് നിരീക്ഷിക്കുന്നുണ്ട്. യുക്തി, വിജ്ഞാനം, അധികാരം എന്നിവയുടെ മേൽ കെട്ടിപ്പൊക്കിയ പാശ്ചാത്യസാമൂഹിക ക്രമത്തിന്റെ  ഉലച്ചകളിൽ രക്ഷ തേടിയാണ് പല പാശ്ചാത്യനാടകക്കാരും മിത്തുകളെയും നാടോടിക്കഥകളെയും ഉപയോഗപ്പെടുത്തുന്നത്. കേരളത്തിലെ നാടകരംഗത്തെ നാടൻ കലകളുടെയും മിത്തുകളുടെയും ഉപയോഗവും രാഷ്ട്രീയമായി പഴമയെ പുനരാനയിച്ചു സമകാലിക ലോകത്തെ മനസ്സിലാക്കുന്ന രീതികളിൽ നിന്ന് വിഭിന്നമല്ല. "ക്ലേശിച്ചു ചെയ്യേണ്ട ഒരു അനുഷ്ഠാനമായി" ആധുനികതയുടെ ചില ധാരകളിൽ കേരളീയനാടകം മാറുന്നതിനെപ്പറ്റി ടി കെ രാമചന്ദ്രൻ എഴുതിയിട്ടുണ്ട്. ഇത് കേരളീയ നാടകവേദിയിൽ ഒരു പരിമിതിയായി ഇന്നും തങ്ങി നിൽക്കുന്നുമുണ്ട്. "തീണ്ടാരിപ്പച്ച" ഭക്തിയുടെയും മിത്തുകളുടെയും ശക്തമായാ ചട്ടക്കൂടിനെ ഉപയോഗപ്പെടുത്തുമ്പോൾ തന്നെ അതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്ളടക്കത്തെ ചോർത്തിക്കളഞ്ഞു പുതിയ സാമൂഹികധാർമികതയുടെ സാധ്യതകളെ അരങ്ങിലെത്തിക്കുന്നു. 

നാടകം ഊർജപ്രസരണത്തിന്റെ, ഊർജത്തിന്റെ കൊടുക്കൽ-വാങ്ങലുകളുടെ കലയാണെങ്കിൽ തങ്ങളുടെ ചലനങ്ങളിലും ശബ്ദത്തിലും അഭിനേത്രികൾ കൊണ്ട് വന്ന ഊർജ്ജസാന്നിധ്യം ഗംഭീരമായിരുന്നു. വേദിയിൽ അവർ വന്നു നിറഞ്ഞ പോലെ തോന്നി. ഇത്തരം രംഗസാന്നിധ്യം -നില്പിലും നോട്ടത്തിലും ചലനങ്ങളിലും- ആഖ്യാനം പോലുമില്ലാത്ത നാടകത്തിൽ കിട്ടണമെങ്കിൽ, പതിമൂന്നു പേർക്ക് ഒരു വൃത്തത്തിനു ചുറ്റും പതിനാലാമത്തെ ഒരു സ്വത്വം ഉണ്ടാക്കണമെങ്കിൽ,  രണ്ടു കാര്യങ്ങൾ നടിമാർക്ക് തീർച്ചയായും ഉണ്ടാവണം:  വ്യക്തിപരവും സാമൂഹികവുമായ ധാര്മികതയിലൂന്നിയ രാഷ്ട്രീയ ബോധ്യം, ഈ ബോധ്യത്തെ പല തലങ്ങളിൽ  പുറത്തേക്കു അവതരിപ്പിക്കാനുള്ള ശരീരസാങ്കേതികതയിലെ പരിശീലനം. 

ഇങ്ങനെ ഒരു ഇടം രൂപകൽപന ചെയ്യുന്നത് പോലെ ശ്രീജിത്ത് രമണൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം ഈ പ്രോജെക്ടിൽ ഒരു അഭിനയപരിശീലകൻ ആയാണ് ആൾ സ്വയം മനസ്സിലാക്കിയിരിക്കുന്നത് എന്നാണ്. നടിമാരുടെ ശരീരം, ശബ്ദം, ഭാവന എന്നിവയെ പരസ്പരം ശക്തിപ്പെടുത്തുന്ന രീതിയിലും  അവരിൽ കൂട്ടായ്മയുടെ ഊർജം പ്രസരിപ്പിക്കാനുമാണ് തന്റെ നാടകകലയിലെ പരിശീലനവും അറിവും സംവിധായകൻ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത്. 

നാടകത്തിന്റെ പാഠം നാടകത്തിനു വന്നെത്താനുള്ള ഒരു ഇടമല്ലെന്നും റിഹേഴ്സലിലൂടെ ഒരു അനുഭവം ആവിഷ്‌ക്കരിക്കുമ്പോഴുള്ള പ്രക്രിയക്കു കഥയാലും സംഭാഷണങ്ങളാലും ദിശ നൽകുന്ന അടിസ്ഥാനം മാത്രമാണെന്നുള്ള നാടകം എന്ന കലാരൂപത്തെപ്പറ്റിയുള്ള ഒരു ഉൾക്കാഴ്ചയാണ്. എന്ന് പറഞ്ഞാൽ സ്ക്രിപ്റ്റിലേക്കു ചുരുക്കുകയല്ല, സ്ക്രിപ്റ്റിൽ നിന്ന് വളരുകയും ചിലപ്പോൾ ആ സ്ക്രിപ്റ്റിനെത്തന്നെ മാറ്റിപ്പണിയുകയും ആണ് നാടകത്തിലൂടെ സംഭവിക്കേണ്ടത്. എന്ന് പറഞ്ഞപോലെ തന്നെ ആണ് സംവിധായകരുടെ കാര്യവും. നാടകത്തിന്റെ പ്രക്രിയയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ഭാവനയെ, പ്രത്യേകിച്ചും നടീനടന്മാരുടെ ശരീരം, ശബ്ദം എന്നിവയെ ഒരു കൃത്യമായ പ്രതലമൊരുക്കി അവിടേക്കു സ്വതന്ത്രമാക്കുകയും അങ്ങിനെ ഊറിക്കൂടുന്ന ഊർജങ്ങൾക്ക് സഹവർത്തിക്കാനുള്ള ഇടം നൽകുകയുമാണ്, തന്റെ ഏകദര്ശനത്തിലേക്കു ഇവയെ പരിമിതപ്പെടുത്തുകയല്ല സംവിധായകരുടെ ദൗത്യമായിരിക്കേണ്ടത്. തീണ്ടാരിപ്പച്ചയിലെ സംവിധായകൻ ചെയ്യുന്നത് അത്തരമൊരു ചട്ടക്കൂട് ഒരുക്കുകയാണ്. ഉള്ളിലെ ചോദ്യങ്ങളും സംശയങ്ങളും തർക്കങ്ങളും പുറത്തേക്കു കൊണ്ട് വന്നു പ്രകാശിപ്പിക്കാനുള്ള നാടകരംഗത്തെ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. സംവിധായകൻ എന്നിടത്തു നിന്നും പരിശീലകൻ എന്നും ലഭ്യമായ കഥകളുടെയും ബിംബങ്ങളുടെയും  പ്രേരണക്കാരൻ/ കൂട്ടിവെക്കലുകാരൻ/എഡിറ്റർ എന്നും സ്വന്തം സ്ഥാനം മാറ്റിവെക്കുന്നു എന്ന ബോധപൂർവമായ  രാഷ്ട്രീയ-ധാർമിക തിരഞ്ഞെടുപ്പാണ് ശ്രീജിത്ത് രമണൻ ഒരു പുരുഷൻ എന്ന നിലക്കും നാടകക്കാരൻ എന്ന നിലക്കും ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഏക-വ്യക്തീകേന്ദ്രീകൃതവും, കഥാകേന്ദ്രീകൃതവും, കെട്ടുകാഴ്ചകളിൽ ഭ്രമിപ്പിക്കുന്നതുമായ നാടകം പുരുഷാധിപത്യപരമായ കാഴ്ചാശീലങ്ങളുടെ ഒരു തുടർച്ച മാത്രമായി അവസാനിക്കുമായിരുന്നു എന്നതിന് സംശയമില്ല.  

അപ്പോഴും പങ്കെടുത്ത നടിമാരുടെ അനുഭവപരിസരത്തിന്റെ സാമ്യത ചിലപ്പോഴെങ്കിലും നാടകത്തെ ആവർത്തനത്തിലേക്കു കൊണ്ട് പോവുന്നുണ്ട്. അവരുടെ പ്രായം, വരുന്ന കുടുംബ-പ്രദേശ പരിസരം, ഓർമകളെ കാണുന്ന രീതി എന്നിവയിൽ കൂടുതൽ വൈവിധ്യങ്ങൾ കൊണ്ട് വരാവുന്നതാണ് എന്നത് മാത്രമല്ല. അങ്ങിനെ നടന്നില്ലെങ്കിൽ സ്വകാര്യം/പൊതു എന്ന വിഭജനത്തെ ഊക്കോടെ തള്ളിക്കളയുമ്പോഴും ഇന്നത്തെ സമൂഹത്തിന്റെ വിമർശനം എന്നതിനേക്കാൾ പഴമയുടെ ഭീകരതയെ അവതരിപ്പിക്കുന്ന ഒന്നായി ഇവിടുത്തെ കഥകൾ അനുഭവപ്പെട്ടേക്കാം. ഈ പരിമിതികളെ മനസ്സിലാക്കാനും അതെ സമയം പുതിയ സാധ്യതകളെ ഉപയോഗപ്പെടുത്താനും ഉള്ള ചലനാത്മകവും വളർന്നു കൊണ്ടേയിരിക്കുന്നതുമായ ഒരു കലാമാതൃക തന്നെ "തീണ്ടാരിപ്പച്ച"യുടേത്. 

"തീണ്ടാരിപ്പച്ച" നടന്നുകൊണ്ടിരിക്കുന്ന ഒരു നാടകമാണ് (work in progress): മാറുന്ന സമൂഹത്തിന്റെ പ്രതിഫലനവും മാറേണ്ട സമൂഹത്തിന്റെ തമോഗര്ത്തങ്ങളും നാളെയിലേക്കു ചൂണ്ടിക്കൊണ്ട് അതിൽ ഉള്ളടങ്ങിയിരിക്കുന്നു. 

Related Stories

No stories found.
logo
The Cue
www.thecue.in