'ഒറ്റ' - വിവേചനങ്ങൾക്കെതിരെ ഒറ്റകളുടെ ശബ്ദം

otta
otta Photos by Galiya and Shajin
Published on
Summary

സാമൂഹികപ്രശ്നങ്ങളിലേക്കും വിമർശനത്തിലേക്കും ക്ലാസിക്കൽ കല പകർന്നാടുന്നതിൻ്റെ മികച്ച വിളംബരമാണ് കളരിയും മോഹിനിയാട്ടവും സമന്വയിപ്പിച്ച ശക്തമായ ഈ ആവിഷ്ക്കാരം.

മനോജ് കെ.പുതിയവിള എഴുതിയ ആസ്വാദനം

“നീതിയാണെന്നു നീ ചൊല്ലുമ്പൊഴൊക്കെയും

നോവെന്നു കേൾക്കുന്നു ഭീമാ”

ഘടോൽക്കചൻ്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്നു ഭീമനെ വിചാരണ ചെയ്യുന്ന ഹിഡുംബി നൃത്തവേദിയിൽ പുതിയ അനുഭവമാകുന്നു. ഒരുകൂട്ടരുടെ ധർമ്മനീതി മറ്റൊരു കൂട്ടരുടെ നോവാണെന്ന കൊടിയ സത്യം വിളിച്ചുപറയുന്ന നൃത്താവിഷ്ക്കാരത്തിൻ്റെ പേരുതന്നെ ‘ഒറ്റ-നിലനില്പിൻ്റെ പ്രതിരോധം’ എന്നാണ്. ഒറ്റപ്പെടലും ഒറ്റപ്പെടുത്തലും അതിൻ്റെ തീവ്രാനുഭവങ്ങളും അതിൽനിന്നുള്ള അതിജീവനവും പ്രതിരോധവുമെല്ലാം അതിശക്തമായി ‘ഒറ്റ’ അനുഭവിപ്പിക്കുന്നു. കൊച്ചിയിലെ തുടിപ്പ് ഡാൻസ് ഫൗണ്ടേഷൻ്റെയും കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെയും സംയുക്തസംരംഭമായ ‘ഒറ്റ’യുടെ ആദ്യാവതരണം ക്രാഫ്റ്റ്സ് വില്ലേജിൽ ഒക്റ്റോബർ 14-നു നടന്നു.

Photos by Galiya and Shajin

പുരാണകഥാസന്ദർഭത്തെ ആധുനികസാമൂഹികാവസ്ഥയിൽ പുനർവായിക്കുകയും അവയിലെ അധികാരപക്ഷത്തെ ചോദ്യം ചെയ്യുകയും ചെയ്യുക എന്ന പുതിയ സമീപനം ക്ലാസിക്കൽ കലകളിലെ പുതിയ കാലത്തിൻ്റെ സവിശേഷതയാണ്. അവിടെ രണ്ടു ദളിത് കഥാപാത്രങ്ങളെ പ്രധാനികളാക്കി കഥയുടെ പൂമുഖത്തു കൊണ്ടുവന്നുനിർത്തി, ധർമ്മപക്ഷമെന്നു സ്വയം സ്ഥാപിച്ചെടുത്ത സവർണ്ണാധികാരം അവരോടു കാട്ടിയ വിവേചനങ്ങളും അനീതികളും തുറന്നുകാട്ടി, ആ അധികാരസ്ഥാനത്തെ വിമർശിക്കുന്ന അവതരണം വരേണ്യകലയെന്ന മുദ്രയുള്ള ക്ലാസിക്കൽ രംഗത്തെ പുതിയ തൻ്റേടമാണ്. നൂറ്റാണ്ടുകളായി വീണുകിടക്കുന്ന സവർണ സംസ്ക്കാരത്തിൻ്റെ ചക്രച്ചാലിൽനിന്നു ക്ലാസിക്കൽ കല സ്വാതന്ത്ര്യം നേടുന്നതിൻ്റെ, പുതിയ തലമുറ അതിനെ വിമോചിപ്പിക്കുന്നതിൻ്റെ രാഷ്ട്രീയപ്രസ്താവനകൂടിയാണ് ഈ ആവിഷ്ക്കാരം. തീർച്ചയായും പുരോഗമനസമൂഹം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ഒന്ന്.

Photos by Galiya and Shajin

ശരീരത്തിൻ്റെ ആവിഷ്ക്കാരസാദ്ധ്യതകൾ പരിമിതപ്പെട്ടുകൂടാ എന്ന ശാഠ്യത്തോടെ ക്ലാസിക്കൽ കലകളുടെ ചിട്ടവട്ടശാഠ്യങ്ങളെ സധൈര്യം മറികടക്കാൻ ശ്രമിച്ചിരിക്കുന്നു എന്നതാണ് ‘ഒറ്റ’യുടെ മറ്റൊരു പ്രസക്തി. കാടിൻ്റെ അനിശ്ചിതത്വത്തിൽ യോധാവായി വളരുന്ന ഘടോൽക്കചൻ്റെ വീരവ്യക്തിത്വവും എല്ലാ ജീവജാലങ്ങളെയും ഇണക്കിവളർത്തുന്ന കാടിൻ്റെ സൗമ്യസ്നേഹവും പാരസ്പര്യവും മനസിലാക്കിച്ച് അവനെ വളർത്തുന്ന ഹിഡുംബിയുടെ മാതൃത്വവും സഹനവും അരങ്ങിൽ ആവിഷ്ക്കരിക്കാൻ ആയോധനകലയായ കളരിപ്പയറ്റും ലാസ്യനൃത്തമായ മോഹിനിയാട്ടവും സമന്വയിപ്പിച്ചു സംവേദനത്തിൻ്റെ പുതിയ സാദ്ധ്യത തുറക്കുന്നു എന്നതാണ് ‘ഒറ്റ’യെ വേറിട്ട അനുഭവമാക്കുന്നത്. ചേരാവുന്നവയെ ചേർക്കുന്ന ജുഗൽബന്ദിയോ ഫ്യൂഷനോപോലെ ഒരു സ്വാഭാവികസമന്വയമല്ല അത്. കളരിയും മോഹിനിയാട്ടവും ചേർത്തുള്ള പരീക്ഷണങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും പാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും ഇണങ്ങുമാറ് ഒരു കഥയിൽ ഇവ ഇത്ര ഫലപ്രദമായി സന്നിവേശിപ്പിച്ചതും ഒരു മുഴുനീളകഥാപാത്രം കളരിയിലൂടെമാത്രം സംവദിക്കുന്നതും വേറെ കണ്ടത് ഓർമ്മയിലില്ല.

‘ഒറ്റ’ പറയുന്ന കഥ

അരങ്ങിൽ ദീപമുണരുമ്പോൾ കാണുന്നത് ഹിഡുംബിയെ. ‘പോകാം. ഏകചക്ര ബ്രാഹ്മണഗ്രാമമാണെന്ന് അറിയാമല്ലോ. ഹിഡുംബിയെ കൊണ്ടുപോകാൻ സാധിക്കില്ല’ എന്ന കുന്തിയുടെ വാക്കുകൾ പിന്നണിയിൽ. പതിഞ്ഞ ശബ്ദത്തിൽ ഭീമൻ്റെ ദൈന്യമാർന്ന മറുപടി ‘പക്ഷെ, അവൾ ഗർഭിണിയാണ്’. ബ്രാഹ്മണ്യത്തിൻ്റെ ജാതിവിവേചനകാർക്കശ്യത്താൽ അവഗണിക്കപ്പെടുന്ന ആ വിഷാദത്തുണ്ടു ഘനീഭവിച്ച വേദിയിൽ, തന്നെ ഉപേക്ഷിച്ചു പോകുന്ന പാണ്ഡവരെ നോക്കി നിസ്സഹായയായി നില്ക്കുന്ന ഹിഡുംബി. അവളുടെ നിറവയർ.

“അകമേ ഉയിരിൻ നാളം തെളിയുന്നേരം

പൂനിലാവിൻ പാൽ തേടി പോകും നിൻ തായ്മാരൻ”

ഉള്ളിൽ വളരുന്ന ജീവൻ്റെ തുടിപ്പ് അവളെ കൊടിയ യാഥാർത്ഥ്യത്തിലേക്ക് ഉണർത്തുന്നു. ഒറ്റപ്പെടലിൽ തകർന്നുപോകാതെ കണ്ണീർ തുടച്ചുകളഞ്ഞ് അതിജീവനത്തിൻ്റെ സ്വയംവീണ്ടെടുക്കൽ നടത്തുന്ന ഹിഡുംബിയെ ഗർഭത്തിൻ്റെ ക്ലേശങ്ങളിൽ കാടും കാറ്റും ശുശ്രൂഷിച്ചു പരിപാലിക്കുന്നു. വയറ്റിൽ ‘കുഞ്ഞുറങ്ങി, കൂട്ടായി കാടുറങ്ങേണം...’

ആ രാത്രിയിൽ അവൾക്കു പ്രവവേദന ഉണ്ടാകുന്നതും പ്രസവവും കാടുകണ്ടു കാടറിഞ്ഞുള്ള ഘടോൽക്കചൻ്റെ വളർച്ചയുമൊക്കെ സവിശേഷമായ അംഗചലനങ്ങളിലൂടെ അരങ്ങിൽ ആവിഷ്കൃതമാകുന്നത് കളരി-നൃത്തസമന്വയത്തിൻ്റെ അത്ഭുതമാണ്.

Photos by Galiya and Shajin
Photos by Galiya and ShajinScene from the dance-theatre production 'Otta'

വന്യശാന്തമായ കാടുപോലെ മനസൊരുക്കാനും കാട്ടാറുപോലെ കുതിക്കാനും കാറ്റായി എല്ലാം അറിയാനുമുള്ള പരിശീലനവും നെഞ്ചിൽ കാട്ടാര്യമാൻ്റെ കരുത്തും നേരുനേരായുള്ള നാക്കും നല്ലതു പറയിക്കുന്ന വാക്കും വേണമെന്ന ഉപദേശവും നല്കി കാട്ടിലെ പരസ്പരബന്ധം മനസിലാക്കിച്ചു നല്ല മനുഷ്യനും ആയോധനവിദ്യ അഭ്യസിപ്പിച്ചു നല്ല പോരാളിയും ആക്കി വളർത്തുന്ന ഘടോൽക്കചനെത്തേടി കനിവറ്റ ആ അശരീരി എത്തുന്നു: “ഘടോൽക്കചാ, പോരിനു സമയമായിരിക്കുന്നു. നീ വരിക!”

കാടിനു പുറത്തുള്ള അപരിചിതലോകത്തെപ്പറ്റി ഓർത്ത് അരക്ഷിതത്വത്തിലായി

“ചുറ്റിലും ആളുകൾ ഒത്തുകൂടുമ്പൊഴും

അച്ഛനും തോഴരും ഒപ്പമുണ്ടാകിലും

ഒറ്റയാകുന്നു ഞാൻ...”

എന്നു വിലപിക്കുന്ന ഘടോൽക്കചനെ ഒറ്റയ്ക്കുനില്ക്കുന്ന മാമരങ്ങൾ ഒത്തിരി ജീവൻ്റെ മട്ടുമാറ്റും എന്നും അറ്റമില്ലാതുള്ളയൊറ്റവേരിൽ കാറ്റുപോലും വീണുടക്കിനില്ക്കും എന്നും പറഞ്ഞ്, അവൻ കാടും കാട്ടാറും കാട്ടാര്യമാനിൻ്റെ കരുത്തുമാണെന്ന് ഓർമ്മിപ്പിച്ച് അമ്മ പ്രചോദിപ്പിക്കുന്നു. ഉൾക്കനൽ കാവലാക്കി അവനെ കാറ്റുപോലെ പോയിവരാൻ അനുഗ്രഹിച്ചയച്ചു കാത്തിരിപ്പാണ് ആ മാതൃഹൃദയം.

മധുരതരമായ പ്രണയവും ദാമ്പത്യവും അതിൽ വിരിഞ്ഞ കുഞ്ഞുജീവൻ്റെ തുടിപ്പു മതിവരാതെ കേട്ടിരുന്നതും പിന്നെ ആ പാതയിൽ അവളെ പിന്നിലാക്കി പോന്നതും ഒക്കെയായ സ്മരണകളുടെ കടലിനാൽ ഉള്ളുനീറിപ്പൊള്ളുന്ന ഭീമനെയാണു പിന്നെ നാം കാണുന്നത്. അവഗണനയുടെ കയ്പ് ഏറെ കുടിച്ചവനാണല്ലോ അയാൾ. പങ്കാളിയെയും അവളിൽ വളർന്നെത്തിയ ജീവൻ്റെ നാമ്പിനെയും നിഷ്ക്കരുണം ഉപേക്ഷിക്കുകയും പോരിൽ ബലി നല്കേണ്ടിവന്നപ്പോൾ ഒരുനോക്കു കണ്ടിട്ടില്ലാത്ത മകനെ വിളിച്ചുവരുത്തുകയും ചെയ്യാൻ നിർബ്ബന്ധിതനാകുന്ന ഭീമനെ ചാതുർവർണ്യരാജനീതിയുടെ അധർമ്മങ്ങൾ ഏല്പിച്ച കദനഭാരവും കുറ്റബോധവുമാണ് ഇപ്പോൾ വേട്ടയാടുന്നത്. മകൻ്റെ കൈയിൽ കണ്ണുനീർ ചേർത്തു മാപ്പു ചോദിക്കാൻപോലും നേരം കിട്ടാതെ പോർക്കളത്തിൻ്റെ പാതിയിലാണ് അവനെ ഭീമൻ ആദ്യമായി കാണുന്നത്. അർജ്ജുനനുപകരം ബലിയാടാക്കാൻ ആണല്ലോ ഞാൻ ഇവനെ വിളിച്ചുവരുത്തിയത് എന്നതാണു ഭീമനെ നീറ്റുന്നത്. വാത്സല്യക്കുറി തൊട്ടുവയ്ക്കേണ്ട നെറ്റിയിൽ ചോര തൂവുന്നതു മനക്കണ്ണിൽ കണ്ടു ഭീമൻ തളരുന്നു. പതിഞ്ഞകാലത്തിലുള്ള ആലാപനവും നടനവും തീവ്രവൈകാരികതയുടേതാണ്.

പടനിലത്തിലേക്കു വരുന്ന ഘടോൽക്കചനെ കണ്ട് അടുത്തേക്കു നടക്കുമ്പോഴേക്കു യുദ്ധകാഹളം മുഴങ്ങുകയായി. ഒരു വാക്കു മിണ്ടുമ്മുമ്പേ, ഒന്നു തൊടുമ്മുമ്പേ പൊരിഞ്ഞ പോരാട്ടത്തിലേക്ക്. യുദ്ധഭൂമിയിൽ അർജ്ജുനനെ ലക്ഷ്യമാക്കി വന്ന അമ്പ് ഏറ്റുവാങ്ങുന്ന ഘടോൽക്കചൻ വീഴുന്നത് ഭീമൻ്റെ മടിയിൽ. പിതൃസഹോദരനു പകരം ബലിയാടാക്കപ്പെട്ട ഘടോൽക്കചൻ്റെ അന്ത്യനിമിഷത്തിൽ പശ്ചാത്തലത്തിൽ മുഴങ്ങുന്നത് പാഴ്വാക്കുകളായി മാറിയ ഹിഡുംബിയുടെ പ്രചോദകവചസ്സുകൾ.

ആ ഭീമനെ ഹിഡുംബി കുറ്റവിചാരണ ചെയ്യുന്നിടത്തണ് ‘ഒറ്റ’ പൂർണ്ണമാകുന്നത്. സ്വന്തം കൂടപ്പിറപ്പിനെ കൊന്നുകളഞ്ഞതും പാണ്ഡവർക്കായി തങ്ങളെ ഉപേക്ഷിച്ചുപോയതും സ്വന്തം കുഞ്ഞിനെ ഒരിക്കലും കാണാതിരുന്നതും പോരു കനക്കവെമാത്രം അവനെ ഓർമ്മ വരുന്നതും അവനെ കുരുതികൊടുത്തതും എണ്ണിയെണ്ണി അവൾ ചോദിക്കുന്നു. ആരുമില്ലാതെ വനാന്തങ്ങളിൽ വീണുപോകുന്നുവെന്നു ഭീമാ

കണ്ണു തുറക്കാത്ത കുഞ്ഞുങ്ങളെക്കാൾ ഭാരമുള്ള ഓർമ്മകളുണ്ടോ എന്ന അവളുടെ ചോദ്യം വർണ്ണനീതിക്ക് ഇന്നും ഇരകളാക്കപ്പെടുന്ന നൂറുകണക്കിനു ദളിത് യുവാക്കളുടെ അമ്മമാരെ ഓർമ്മിപ്പിക്കുന്നു. ആ കുരുതികലിലൂടെ അധികാരം വെട്ടിപ്പിടിക്കുന്നവരോടെല്ലാമായാണ് അവൾ ചോദിക്കുന്നത്, “പുത്രനെ കൊല്ലാൻകൊടുത്ത ധർമ്മംകൊണ്ടു വെട്ടിപ്പിടിച്ചു മടങ്ങവെ, ഉള്ളിൻ്റെയുള്ളിൽ തറച്ചൊരാ അമ്പു നീ ഊരിക്കളയുവതെങ്ങനെ?”

‘ഒറ്റ’ പറയുന്ന രാഷ്ട്രീയം

ഭീമനായി വേഷമിടുന്ന പൊന്നു സഞ്ജീവിനൊപ്പം ഘടോൽക്കചനായി ദിവാകരൻ അരവിന്ദും ഹിഡുംബിയായി അഞ്ജലി കൃഷ്ണദാസും അരങ്ങിലെത്തുന്ന ഒറ്റയുടെ കഥയും രംഗപാഠവും തുടിപ്പിൻ്റേതാണ്. ഈ മൂവരും കഥക് നർത്തകി കാർത്തികയുമാണ് തുടിപ്പിൻ്റെ പ്രണേതാക്കൾ. കൊച്ചി നഗരത്തിൽ വെണ്ണലയിൽ മൂന്നു വർഷമായി പ്രവർത്തിക്കുന്ന തുടിപ്പെന്ന ഹ്യൂമൻ കളക്റ്റീവ് ആർട് സ്പേയ്സിന്റെ ആദ്യപ്രൊഡക്ഷനാണ് 'ഒറ്റ'.

‘ഒറ്റ’ എന്നാണു പേരെങ്കിലും ഒറ്റപ്പെടൽ മാത്രമല്ല ഈ ആവിഷ്ക്കാരത്തിൻ്റെ കാതൽ. എക്കാലത്തെയും പെണ്ണവസ്ഥയും ദളിത് അവസ്ഥയുംകൂടിയാണ്. സാമൂഹികമായി ഒറ്റപ്പെടുത്തപ്പെടുന്നവരുടെ അവസ്ഥകൾ. ഒറ്റപ്പെടലല്ല, ഒറ്റപ്പെടുത്തൽ. “രാഷ്ട്രീയ, സാംസ്ക്കാരിക, സാമൂഹിക ഇടങ്ങളിൽനിന്നെല്ലാം ഒറ്റപ്പെട്ടുപോയിട്ടും അധികാരവർഗ്ഗങ്ങളാൽ ചതിക്കപ്പെട്ടിട്ടും അതിനോടൊക്കെ കലഹിച്ച് സ്വന്തം സമൂഹത്തിനായി അതിജീവനത്തിൻ്റെ എല്ലാ സാദ്ധ്യതകളും തള്ളിത്തുറന്ന ചില മനുഷ്യരാണ് ഒറ്റയുടെ കാതൽ”, അഞ്ജലി കൃഷ്ണദാസ് പറയുന്നു.

Photos by Galiya and Shajin

അരവിന്ദ് ദിവാകരൻ ആദ്യാവതരണത്തിനു ശേഷം സദസിനോടു പറഞ്ഞ ഈ വാക്കുകളിൽ ഈ കലാസംഘത്തിൻ്റെ രാഷ്ട്രീയപ്രഖ്യാപനമുണ്ട്: “ഘടോൽകചൻ ഞാൻ തന്നെയാണ്, ഞാൻ അരികുവത്കരിക്കപ്പെട്ട എന്റെ സമുദായത്തിന്റെ പ്രതിനിധിയാണ്. തേവർ വെള്ളനും ചെങ്ങന്നൂരാതിയും എന്റെ പിൻമുറക്കാരാണ്. ഈ വേദിയിൽ ഞാൻ അവർക്കു വേണ്ടിയാണു സംസാരിക്കുന്നത്. കാരണം ഞാനവരുടെ രക്തസാക്ഷിയാണ്.”

വിവേചനത്തിൻ്റെയും ഒറ്റപ്പെടലിൻ്റെയും അതിജീവനത്തിനായുള്ള ഒറ്റയാൾപ്പോരാട്ടങ്ങളുടെയും കഥയിൽ കളരിപ്പയറ്റിലെ ‘ഒറ്റ’ എന്ന ആയുധം ശക്തമായ പ്രതീകമാകുന്നു. മകൻ യുദ്ധഭൂമിയിലേക്കു പുറപ്പെടുമ്പോൾ അവനു കൈമാറുന്ന ആയുധം ഒറ്റയാണ്. അവൻ പോകുന്നതും ഒറ്റയായി.

വ്യത്യസ്ത ശരീരഭാഷകൾ പുലർത്തുന്ന കളരിപ്പയറ്റിൻ്റെയും മോഹിനിയാട്ടത്തിൻ്റെയും ആന്തരികസത്ത ഒന്നാണെന്നും കേരളീയകലാസംസ്കൃതിയുടെ ആ പൊതുധാരയുടെ ഭിന്നാവിഷ്ക്കാരങ്ങളുടെ സമന്വയം ആസ്വാദനത്തിൻ്റെ പുതുഭാവുകത്വം തീർക്കുമെന്നും ‘ഒറ്റ’യുടെ ശില്പമികവു സാക്ഷ്യപ്പെടുത്തുന്നു. കളരിപ്പയറ്റിലൂടെ ശരീരത്തിൻ്റെ അഭിനയസാദ്ധ്യതകളും അഭ്യാസമികവുകളും ഒരുപോലെ പ്രയോജനപ്പെടുത്തിയാണ് ഉടനീളം പോരാളിയായ ഘടോൽക്കചനെ സൃഷ്ടിച്ചിരിക്കുന്നത്. പ്രണയവും വിരഹവും അവഗണനയും ഒക്കെ അനുഭവിക്കുകയും ഹിഡുംബിയുടെ ജീവിതാവസ്ഥകളും എന്നും രണ്ടാമൂഴക്കാരനായിരുന്ന ഭീമൻ്റെ വിവിധഭാവങ്ങളും മിഴിവു നേടുന്നത് മോഹിനിയാട്ടത്തിൻ്റെ ലാസ്യഭാവത്തിലൂടെയും. മോഹിനിയാട്ടത്തിൻ്റെ ലാസ്യത്തിൽ വീണുപോകാതെ ഘടോൽക്കചൻ്റെ ആയോധനപരിശീലനവും ഭീമൻ്റെയും ഘടോൽക്കചൻ്റെയും യുദ്ധവുമൊക്കെ ചടുലമാക്കാൻ കളരിയുടെ ചുവടുകളും അടവുകളും മികവോടെ ഉപയോഗിച്ചിരിക്കുന്നു.

ലളിതവും വികാരവത്തുമായ രചനയും ഭാവോന്മീലകമായ ഈണവും വാദ്യശബ്ദങ്ങളും കലാസൃഷ്ടിയുടെ ആസ്വാദനനിലവാരം ഉയർത്തുന്നു. ഉടനീളം ലയം സാദ്ധ്യമാക്കിയിരിക്കുന്നു എന്നത് നിർവ്വഹണത്തിനു നല്കിയിരിക്കുന്ന ഗൗരവത്തിൻ്റെ സാക്ഷ്യമാണ്. സംഭാഷണവും ഗാനങ്ങളും ഗണേശ് മലയത്തും സംഗീതനിർവ്വഹണം വിഷ്ണു ശിവശങ്കറും ആണ്. ചിമ്മു ജയകുമാറിൻ്റെയും വിഷ്ണു ശിവശങ്കറിൻ്റെയുമാണു ശബ്ദം. മേളം ജെആറും. വ്യത്യസ്ത മൂഡുകളിലുള്ള രംഗങ്ങളും രംഗപ്പകർച്ചകളും അനുഭവവേദ്യമാക്കുന്ന പ്രകാശവിന്യസനം ഒരുക്കിയത് ശിവൻ വെങ്കിടങ്ങാണ്. കാർത്തിക ഉണ്ണിക്കൃഷ്ണനാണ് സ്റ്റേജ് മാനേജർ.

പാരമ്പര്യരീതികൾ പിന്തുടരുന്നവരല്ല എന്ന വിമർശം യാഥാസ്ഥിതിക ക്ലാസിക്കൽ കലാവാദികൾക്ക് ഉണ്ടാകാമെങ്കിലും അതു കാലത്തിൻ്റെ ആവശ്യമാണെന്നും അതാണു തങ്ങളുടെ കരുത്തെന്നും ‘തുടിപ്പ്’ കരുതുന്നു. ‘നൃത്തവും നാടകവും സംഗീതവുമൊക്കെ പഠിപ്പിക്കുന്ന തുടിപ്പിൽ ഗുരുകുലരീതിയും കാലുപിടിത്തവും ഒന്നുമില്ല. എല്ലാം ആധുനികമൂല്യങ്ങളിൽ അധിഷ്ഠിതം.” അഞ്ജലി വിശദീകരിക്കുന്നു.

Photos by Galiya and Shajin

ക്ലാസിക്കൽ കല അതിൻ്റെ ചിട്ടവട്ടങ്ങളോടെതന്നെ അഭ്യസിക്കുകയും നിലനിർത്തുകയും വേണ്ടതാണ്. അതേസമയംതന്നെ, അതു പാരമ്പര്യവാദത്തിലും യാഥാസ്ഥിതികതയിലും തളയ്ക്കപ്പെട്ടുകൂടാ. അതാണു ജനപ്രിയതയ്ക്കു വിഘാതം. അതിന്മേൽ പിടിമുറുക്കാൻ ശ്രമിക്കുന്ന സവർണ്ണരാഷ്ട്രീയത്തിൻ്റെ താത്പര്യങ്ങളും കാണണം. ഇതിൽനിന്നെല്ലാം സ്വതന്ത്രമാക്കണമെങ്കിൽ ജനങ്ങളുമായി ബന്ധപ്പെട്ട പുതിയ ഇതിവൃത്തങ്ങളും വ്യാഖ്യാനങ്ങളും ആവിഷ്ക്കാരങ്ങളും പരീക്ഷണങ്ങളും ഉണ്ടാകണം. അവിടെയാണ് തുടിപ്പിൻ്റെ ‘ഒറ്റ’ പ്രസക്തമാകുന്നത്.

തീർച്ചയായും ക്ലാസിക്കൽ കലാരംഗത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ആധുനികമുഖമാണ് ഇവർ പ്രതിനിധാനം ചെയ്യുന്നത്. പ്രോത്സാഹനം എന്നത് ഇവർക്കു പരമാവധി വേദികൾ ഒരുക്കി നല്കലാണ്. ഈ രംഗത്ത് മാറ്റം ഉണ്ടാകണമെന്നു ചിന്തിക്കുന്ന എല്ലാവരുടെയും പ്രസ്ഥാനങ്ങളുടെയും കടമയാണത്. ഇത്തരം കൂടുതൽ സൃഷ്ടികൾക്കും അതു പ്രചോദനമാകും.

Related Stories

No stories found.
logo
The Cue
www.thecue.in