വിജയകുമാർ മേനോൻ, പരിവ്രാജകനായ കലാചരിത്രകാരൻ

വിജയകുമാർ മേനോൻ,
പരിവ്രാജകനായ കലാചരിത്രകാരൻ

കലാചരിത്രകാരൻ വിജയകുമാർ മേനോൻ ഓർമ്മയായി. കലാചരിത്രത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തൃശൂരിൽ വടക്കാഞ്ചേരിക്കടുത്തുള്ള ജ്ഞാനാശ്രമത്തിൽ ആയിരുന്നു ഇണയില്ലാത്ത ജീവിതം അദ്ദേഹം കഴിച്ചത്. എഴുപത്തിയാറു വയസ്സായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരിക്കുമ്പോഴും കലാചരിത്രത്തിന്റെ ക്ലാസ്സുകൾ എടുക്കാനും പൊതുവേദികളിൽ കലയെക്കുറിച്ചു സംസാരിക്കാനും അദ്ദേഹം ഒരു പരാതിയും പറയാതെ സഞ്ചരിച്ചു. ഒരുപക്ഷെ എം.വി. ദേവനു ശേഷം കേരളത്തിൽ കലയെക്കുറിച്ച് ഒരു പൊതുമണ്ഡല അവബോധം സൃഷ്ടിക്കാൻ പ്രസംഗകലയിലൂടെ ഏറെ ശ്രമിച്ച ഒരാളായിരുന്നു വിജയകുമാർ മേനോൻ. ഒന്നുണ്ട്. .യൂട്യൂബ് വരുന്നതിനും മുൻപാണ് അദ്ദേഹത്തിന്റെ മികച്ച പ്രഭാഷണങ്ങൾ എല്ലാം നടന്നത്. അതുകൊണ്ട് ഇന്നത്തെ പ്രഭാഷകർക്ക് ലഭിക്കുന്ന സ്റ്റാർഡം അദ്ദേഹത്തിന് ലഭിക്കാതെ പോയി. പക്ഷെ ഇന്നത്തെ പല പ്രഭാഷകരും അദ്ദേഹത്തിന്റെ കളരിയിൽ നിന്ന് കലയെ അറിഞ്ഞവരാണ്.

കളറിൽ നിന്ന് ബ്ലാക്ക് ആൻഡ് വൈറ്റിലേയ്ക്ക് ഇമേജിനെ മാറ്റുന്നതാണ് മരണപ്രതിനിധാനത്തിന്റെ സാമ്പ്രദായിക രൂപം. വിജയകുമാർ മേനോൻ ബ്ലാക്ക് ആൻഡ് വൈറ്റിലേയ്ക്ക് മാറുന്ന കാഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടപ്പോൾ നിറമില്ലാത്ത ഒരു ലോകത്തേയ്ക്ക് നിറങ്ങളുടെ ലോകത്തെക്കുറിച്ചു പഠിച്ചു കൊണ്ടിരുന്ന ഒരാൾ കടന്നു പോകുന്നതിന്റെ ഐറണി മനസ്സിൽ തെളിഞ്ഞു. എന്നാൽ വരാനിരിക്കുന്ന മരണത്തെക്കുറിച്ചു അദ്ദേഹം ബോധവാനായിരുന്നു. അത് തിരിച്ചറിഞ്ഞത് കൊണ്ടാകണം, ചുമയും വേദനയും അലട്ടുന്ന ശരീരത്തെ തലയണ കൊണ്ട് പൊക്കി വെച്ച് കിടക്കയിലിരുന്നു ന്യൂസ് പ്രിന്റു പോലുള്ള കടലാസിൽ അദ്ദേഹം എഴുതിക്കൊണ്ടിരുന്നത്. കലാചരിത്ര സംബന്ധിയായ കുറെയധികം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് എങ്കിലും എഴുതി മാറ്റിവെച്ച ഒടുവിലത്തെ രചനകളിൽ മറ്റൊരു കലാസമീപനം കണ്ടെത്താൻ കഴിഞ്ഞേക്കും. മരണം എല്ലാ കാഴ്ചകളെയും പുതിയ രീതികളിൽ കാണാൻ പ്രാപ്തമാക്കുന്നുണ്ടാകാം.

രോഗങ്ങൾ അലട്ടിയ ബാല്യകാലമായിരുന്നു വിജയകുമാർ മേനോന്റേത്. സ്‌കൂൾകാലം ഏതാണ്ട് രോഗശയ്യയിൽത്തന്നെ ആയിരുന്നെന്ന് പറയാം. പുസ്തകങ്ങൾ അപ്പോൾ കൂട്ടിരിപ്പുകാരായി. ബി.എസ്‌.സി. പഠിച്ചു തീർന്നപ്പോഴേയ്ക്കും വളരെ കഠിനമായ അക്കാദമിക ശീലങ്ങളിലേയ്ക്ക് പോകാൻ വയ്യ എന്ന് ശരീരം പറഞ്ഞു. അതുകൊണ്ടു കൂടിയാകണം ഫാക്ടിൽ (FACT) ഒരു ഉദ്യോഗസ്ഥനായി അദ്ദേഹം കയറിയത്. അക്കാലത്താണ് ഒരു സാഹിത്യപരിഷത് സമ്മേളനം എറണാകുളത്ത് നടക്കുന്നത്. നമ്പൂതിരിയേയും ദേവനെയും ഒക്കെ അല്പം ദൂരെ നിന്ന് കണ്ടു. ചിത്രങ്ങളെയൊക്കെ അടുത്ത് നിന്നും. കലയിലുള്ള താത്പര്യം വികസിച്ചു വന്നത് എറണാകുളത്തെ കലാപീഠത്തിലെ സായാഹ്നസന്ദർശനങ്ങളിൽ നിന്നായിരുന്നു. എല്ലാം കേട്ടും കണ്ടും പിൻ നിരയിൽ നിശ്ശബ്ദനായിരിക്കുന്ന ഒരു മെലിഞ്ഞ യുവാവ്. അതായിരുന്നു വിജയകുമാർ മേനോൻ അന്ന്.

വിജയകുമാർ മേനോൻ
വിജയകുമാർ മേനോൻ

കലയെക്കുറിച്ച് ഒരു ലേഖനം എഴുതിയത് സാഹിത്യപരിഷത്തിന്റെ മാസികയിൽ പ്രസിദ്ധീകരിച്ചു വന്നത് പോഞ്ഞിക്കര റാഫി കാണുകയും മേനോനെ ശ്ലാഖിക്കുകയും ചെയ്തു. കലയെ കൂടുതൽ ഗൗരവമായി സമീപിക്കാൻ മേനോന് ലഭിച്ച ഒരു പരോക്ഷസന്ദേശമായിരുന്നു അതെന്നു പറയാം. ആരോഗ്യപ്രശ്നങ്ങൾ ഫാക്ടിലെ ജോലിയിൽ തുടരുന്നത് പ്രയാസകരമാക്കി. അന്ന് കേരളത്തിൽ കലയെക്കുറിച്ച് എഴുതുന്നവർ അധികമില്ല. എന്തുകൊണ്ട് ബറോഡയിൽ പോയി കലാചരിത്രം പഠിച്ചു കൂടാ എന്നൊരു ചോദ്യം കലാധരൻ ഉയർത്തി. ബറോഡയിൽ പോകാം, പക്ഷെ വിദ്യാർത്ഥിയായിട്ടല്ല, ലൈബ്രറിയൊക്കെ ഉപയോഗിക്കാൻ കഴിയുന്ന ഒരു താത്കാലിക വിദ്യാർത്ഥിയായി. കാര്യങ്ങൾ നടന്നത് മറിച്ചായിരുന്നു. ബറോഡയിൽ അന്നുണ്ടായിരുന്ന ചില വിദ്യാർഥികൾ തന്നെ മേനോന്റെ അഡ്മിഷന് വേണ്ട കാര്യങ്ങൾ ചെയ്തു. അങ്ങനെ ഔദ്യോഗികമായി മേനോൻ കലാചരിത്രവിദ്യാർത്ഥിയായി.

വിജയകുമാർ മേനോൻ
വിജയകുമാർ മേനോൻ ഫോട്ടോ: കാജൽ ദത്ത്

കലാചരിത്രത്തിൽ എം. എ. എടുത്ത ശേഷം ബറോഡയിൽ തുടരാൻ ആരോഗ്യം അനുവദിച്ചില്ല. ഗുലാം മുഹമ്മദ് ഷെയ്ഖ് എഴുതിയ കത്തുമായി അദ്ദേഹം മൈസൂരിലെ ചാമരാജേന്ദ്ര അക്കാഡമി ഓഫ് വിഷ്വൽ ആർട്ട്സിൽ (CAVA) അധ്യാപകനായി ചേർന്നു. കുറഞ്ഞൊരു കാലം മാത്രമേ അദ്ദേഹം അവിടെ ഉണ്ടായിരുന്നുള്ളൂ. കേരളത്തിൽ തിരിച്ചെത്തിയ മേനോൻ കാലടി സർവകലാശാല, തൃശൂർ ഫൈൻ ആർട്ട്സ് കോളേജ് എന്നിവിടങ്ങളിൽ ഗസ്റ്റ് ലക്ചറർ ആയി കലാചരിത്രം പഠിപ്പിക്കാൻ തുടങ്ങി. അന്നൊന്നും തനിക്ക് വണ്ടിക്കൂലിയിൽ അധികം ആരും ഒന്നും തന്നിരുന്നില്ല എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. ക്രമേണ മേനോന്റെ എഴുത്തും പ്രഭാഷണങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം കലാസ്നേഹികളുടെയും ബുദ്ധിജീവികളുടെയും ഇടയിൽ പടർന്നു.

വിജയകുമാർ മേനോൻ
വിജയകുമാർ മേനോൻ ഫോട്ടോ: കാജൽ ദത്ത്

ഇന്ത്യൻ കലാചരിത്രത്തെ ഒട്ടൊക്കെ രേഖീയമായ രീതിയിലാണ് വിജയകുമാർ മേനോൻ സമീപിച്ചത്. രാജാരവിവർമ്മയുടെ അനന്യമായ സ്ഥാനം അടയാളപ്പെടുത്തുന്നതിൽ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. വിപുലമായിരുന്നു അദ്ദേഹത്തിന്റെ ബൗദ്ധിക മേഖലകൾ. കല, സംസ്കാരം, നാടോടി കലകൾ, നാടോടി സംസ്കാരം, പാട്ടുകൾ, പ്രകൃതി സംരക്ഷണം, പുഴകളുടെ ചരിത്രം തുടങ്ങി അദ്ദേഹത്തിന്റെ ശ്രദ്ധ ചെന്നെത്തിയ മേഖലകൾ ഏറെ ആയിരുന്നു. അത്തരത്തിൽ ഒരു ഇന്റർ ഡിസിപ്ലിനറി ആയ സമീപനം കലയെ വിലയിരുത്തുന്നതിൽ ഉപയോഗിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ലേഖനങ്ങൾ പരിശോധിച്ചാൽ കാണാം.

രോഗമുള്ള അവസ്ഥയുമായി പൊരുത്തപ്പെട്ടാണ് അദ്ദേഹം ജീവിച്ചത്. രോഗം ഇല്ലാത്ത തന്നെ താൻ ഇഷ്ടപ്പെടുന്നില്ല, അരോഗമായ ഒരു ജീവിതം താൻ കാംക്ഷിക്കുന്നതുമില്ലെന്ന് സന്ന്യാസിതുല്യമായ നിസ്സംഗതയോടെ അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. കേസരി ബാലകൃഷ്ണപിള്ള, എം വി ദേവൻ, എം എൻ വിജയൻ എന്നിങ്ങനെയുള്ള പ്രതിഭകളുടെ വരിയിൽ നിന്ന ഒരു ജ്ഞാനാന്വേഷി ആയിരുന്നു വിജയകുമാർ മേനോൻ. ജ്ഞാനതപസ്വി എന്ന ആശ്രമത്തിലായിരുന്നു വാസം എന്ന് അദ്ദേഹത്തിന്റെ ആത്മീയ-ബൗദ്ധികാസ്തിത്വത്തെ അടിവരയിട്ടു പറയുന്നത് യാദൃശ്ചികമാണെങ്കിലും അർത്ഥനിർഭരമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in