സമകാലിക കലയോട് ഇടപെടാനും ആസ്വദിക്കാനും കലഹിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനുമൊക്കെ വാതിൽ തുറന്നിടുകയാണ് കൊച്ചി മുസിരിസ് ബിനാലെ.
കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് കാണികൾക്കു മുൻപിലേക്കെത്തുമ്പോൾ സമകാലികകലയുടെ ബഹുവിധ സാധ്യതകളെയും ദേശകാലങ്ങൾക്ക് അതീതമായ കലാവബോധത്തെയുമാണ് അത് മുൻപോട്ടു വെക്കുന്നത്. കലയുടെ മാറുന്ന സമവാക്യങ്ങളെ, ഒരുപക്ഷെ നിയതമായ സമവാക്യങ്ങളുണ്ടോ എന്ന ചോദ്യത്തെയും ഈ സമകാലിക കലാപ്രദർശനം കാഴ്ചക്കാരിലേക്ക് എത്തിക്കുന്നു.
കൊച്ചിയുടെ സാംസ്‌കാരിക ഭൂപടത്തിൽ 2012 മുതൽ അടയാളപ്പെടുത്തിപ്പോന്ന ഈ കലാപ്രദർശനം കേരളത്തിന്റെ ആകമാനമുള്ള കലാസംവിധാനത്തോടും അതേസമയം കേരളത്തിന്റെ, വിശേഷിച്ച് കൊച്ചിയുടെ അനുദിനജീവിതത്തോടും സവിശേഷമായി ഇടപെട്ടു പോരുന്നുണ്ട്. ഗാലറി സംസ്കാരത്തിനോ ബൃഹത് കലാപ്രദർശനങ്ങൾക്കോ വേരോട്ടമില്ലാതിരുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ബിനാലെ ഒരു പുതിയ കാഴ്ചയും കാഴ്ചപ്പാടുമാണ്. കലാകാരനെ തൊഴിലാളിയെന്ന് പരിഗണിക്കാൻ മടിക്കുന്ന, കലാവസ്തുവിന് സാമ്പത്തികമൂല്യം കല്പിക്കുന്നത് തെറ്റായി പരിഗണിക്കപ്പെട്ടു പോന്ന ഒരു സാംസ്‌കാരിക കാലാവസ്ഥയിലേക്ക് ആർട്ട് മാർക്കറ്റിനെ പരിചയപ്പെടുത്തുക, കൊളോണിയൽ കലാവിദ്യാഭ്യാസം നൽകിയ കലാസ്വാദന- കലാപ്രവർത്തന രീതിശാസ്ത്രം പിന്തുടർന്ന മലയാളി ഭാവുകത്വത്തിന് സമകാലിക കലാപദ്ധതിയെയും പരീക്ഷണാത്മക സമീപനങ്ങളെയും പരിചയപ്പെടുത്തുക, കൊച്ചിയുടെ ടൂറിസ്റ്റ് സാധ്യതകളെയും ചരിത്രപരതയെയും സാംസ്‌കാരിക വൈവിധ്യത്തെയും കലാപ്രദർശനത്തിനായി ഉപയോഗിക്കുകയും അതുവഴി ആ സാംസ്‌കാരിക ഭൂപടത്തിന്റെ വിനോദസഞ്ചാരസാധ്യതകളെ കലയിലൂടെ അടയാളപ്പെടുത്തുകയും ചെയ്യുക, എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളിലൂന്നിക്കൊണ്ട് വിഭാവനം ചെയ്ത കലാപ്രദർശനമാണ് കൊച്ചി മുസിരിസ് ബിനാലെ. കണ്ടുശീലിച്ച കലാസമ്പ്രദായങ്ങളെയും പരിപ്രേക്ഷ്യത്തെയും തകിടം മറിച്ചുകൊണ്ടാണ് ഈ കലാനുഭവം സംഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. അനുഭവവും ആസ്വാദനവും പരസ്പരബന്ധിതമാണ് എന്ന ധാരണ നിൽക്കെ കാഴ്ചശീലങ്ങളിൽ നിന്നിടയുന്ന പുതിയ കലാനുഭവം മലയാളിയുടെ ഭാവുകത്വത്തിന്റെ ഭാഗമാക്കുക എന്നത് വേഗത കുറഞ്ഞ പ്രക്രിയയാവും. വിവിധ ദേശങ്ങളിൽ നിന്നുള്ള കലാധാരണകളുമായും സമകാലിക കലാപദ്ധതിയുമായുമൊക്കെയുള്ള നിരന്തരസമ്പർക്കം കൊണ്ടാണ് പുതിയ ഭാവുകത്വം ഉരുവാകുക.
ആസ്വാദനശൈലിയും ശീലങ്ങളും ബോധപൂർവമായി ഉണ്ടാക്കിയെടുക്കുന്നതല്ല എന്നിരിക്കിലും പുതിയ ആശയങ്ങളുമായി സമ്പർക്കത്തിലേർപ്പെടാനുള്ള നിരന്തര സാഹചര്യങ്ങൾക്ക് സംസ്കാരത്തിൽ മാറ്റങ്ങളെ ഉണ്ടാക്കുവാൻ സാധിക്കുമെന്നു തന്നെ കരുതാം. ഏതാനും ബിനാലെ കൊണ്ട് മാത്രം സംഭവിക്കുന്ന മാറ്റമാണിതെന്ന് ധരിച്ചുകൂടാ. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ബിനാലെ നൽകുന്ന ഏറ്റവും വലിയ സാധ്യത ദൃശ്യസാക്ഷരതയെ പറ്റിയുള്ള പുതിയ കാഴ്ചപ്പാട് തന്നെയാവും.
സമകാലിക കലയോട് ഇടപെടാനും ആസ്വദിക്കാനും കലഹിക്കാനും ചോദ്യങ്ങൾ ഉന്നയിക്കാനും വിയോജിക്കാനുമൊക്കെ വാതിൽ തുറന്നിടുകയാണ് കൊച്ചി മുസിരിസ് ബിനാലെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, വിവിധ സാംസ്‌കാരിക പശ്ചാത്തലത്തിൽ നിന്നുള്ള കലാകൃത്തുക്കളെ പരിചയപ്പെടാനും കലയോട് സംവദിക്കാനുമുള്ള ഈ വേദി കേരളത്തിന്റെ കാഴ്ചശീലത്തിലേക്ക് പുതിയ കലാരീതികളെ കൂട്ടിച്ചേർക്കുന്നുണ്ട്. മൂന്ന് പ്രധാന ഇടങ്ങളിലും മറ്റു വേദികളിലുമായി അരങ്ങേറുന്ന ഈ ബ്രഹത്കലാപ്രദർശനം ശ്രദ്ധേയമാകുന്നത് കലാകൃതികളുടെ വൈവിദ്ധ്യം കൊണ്ടു കൂടിയാണ്. കലയുടെ കാലികത, കലാപരത, സംവേദനശേഷി എന്നിവയെ വിചിന്തനം ചെയ്യാനുള്ള വേദിയായി ബിനാലെയെ പരിഗണിക്കാവുന്നതാണ്.
വിദേശികളെയും തദ്ദേശീയരെയും ഒന്നുപോലെ ആകർഷിക്കുവാൻ സാധിക്കുന്ന ഇത്തരം വേദികൾ അനിവാര്യമാണ്. സംസ്കാരവിനിമയസാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കുവാൻ ബിനാലെ പോലുള്ള സംവിധാനങ്ങൾക്ക് സാധിക്കും. ആശയങ്ങളുടെ ബഹുസ്വരതയെ തുറവിയോടു കൂടി സ്വീകരിക്കുന്ന ദൃശ്യസംസ്‌കാരം ഉരുവാകണം. പരീക്ഷണങ്ങളുടെ സംവാദസാധ്യതയെ ഉൾക്കൊണ്ടു കൊണ്ട് പുതുകാലകലയുടെ പ്രശ്നപരിസരങ്ങളെ മനസ്സിലാക്കുവാനും ആസ്വദിക്കുവാനും വിയോജിക്കുവാനും സാധിക്കുമ്പോൾ മാത്രമാണ് ദൃശ്യസാക്ഷരത എന്ന സാംസ്‌കാരികലക്ഷ്യത്തിലേക്ക് നാം നടന്നെത്തുക. കൊച്ചിയുടെ ആവാസവ്യവസ്ഥയോട് ഇഴുകിചേർന്നുകൊണ്ട് സംഘടിപ്പിക്കപ്പെടുമ്പോൾ ബിനാലെയുടെ സാധ്യത മലയാളിയുടെ നിത്യക്കാഴ്ചയിലേയ്ക്ക് നീളുന്നു.
സിനിമയോ നാടകമോ പോലെ അത്ര ജനകീയമല്ലാത്ത പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) പോലെയുള്ള കലാരൂപങ്ങൾക്ക് മലയാളിയുടെ കാഴ്ചശീലത്തിലേക്ക് പ്രവേശനം ലഭിക്കണമെങ്കിൽ കണ്ടു ശീലിക്കാനുള്ള സാഹചര്യങ്ങൾ അനിവാര്യമാണ്. പുതിയ കാഴ്‌ചകൾ വേറിട്ട നോട്ടങ്ങൾക്ക് നമ്മെ പ്രാപ്തരാക്കുന്നുണ്ട്. ബിനാലെയുടെ അഞ്ചാം പതിപ്പിലും ഇത്തരം പരീക്ഷണോന്മുഖമായ ചുവടുവെപ്പുകൾ കാണാം. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള കലാകൃത്തുക്കൾ അവരുടെ ലോകബോധത്തെയും ദൃശ്യപാഠത്തെയും കേരളത്തിന്റെ, കൊച്ചിയുടെ സാംസ്‌കാരികപരിസരത്ത് പ്രദർശിപ്പിക്കുമ്പോൾ വിവിധ മാനങ്ങളിൽനിന്നു കൊണ്ട് ലോകത്തെയും കലയെയും മനസ്സിലാക്കാനുള്ള സാധ്യത കൂടിയാണ് മുൻപോട്ടു വെക്കുന്നത്. നോട്ടമാണ് കാഴ്ചയെ നിശ്ചയിക്കുന്നത് എന്ന ചിന്തയെ ശീലമാണ് നോട്ടത്തെ നിർണയിക്കുന്നത് എന്ന് ചേർത്തു വായിക്കാം.
ഇത്തരത്തിൽ നോക്കുമ്പോൾ അഞ്ചാമത് ബിനാലെ മുൻപോട്ടു വെക്കുന്ന കാഴ്ചയുടെ പരിസരങ്ങളെ ഒരു പരിധിവരെ മുൻകാല കൊച്ചി മുസിരിസ് ബിനാലെയുടെ തുടർപദ്ധതിയായി കാണാം. കേരളത്തെ സംബന്ധിച്ചിടത്തോളം പൊതുവിടത്തിലേക്ക് കലയെ കൂട്ടിക്കൊണ്ടു വരികയും സാമാന്യജനവുമായി സംവേദനമുറപ്പാക്കുകയുമാണ് ബിനാലെയുടെ ലക്‌ഷ്യം. ശീലത്തിൽ നിന്നിടയുന്ന ഏതൊന്നിനോടുമുള്ള വിമുഖതയെ മറികടക്കാനായാൽ മാത്രം സാധ്യമാകുന്ന മാറ്റങ്ങളെ ബിനാലെ കാഴ്ചകൾ കാട്ടിത്തരുന്നുണ്ട്. പ്രതിഷ്ഠാപനങ്ങളും ശില്പങ്ങളും ചിത്രങ്ങളും പ്രകടനങ്ങളും സംവാദങ്ങളുമടങ്ങുന്ന ബിനാലെയുടെ ദൃശ്യഭൂപടം കേരളത്തിന്റെ വിശാലമായ സാംസ്‌കാരികഭൂപടത്തിൽ സവിശേഷമായി രേഖപ്പെടുത്താവുന്നതാണ്.