കെ.ആര്‍.സുനിലിന്റെ 'ചവിട്ടുനാടകം; ദ സ്റ്റോറിടെല്ലേഴ്‌സ് ഓഫ് സീഷോര്‍' ഫോട്ടോ പരമ്പര ബ്രസല്‍സ് ഫോട്ടോഫെസ്റ്റിലേക്ക്

കെ.ആര്‍.സുനിലിന്റെ 'ചവിട്ടുനാടകം; ദ സ്റ്റോറിടെല്ലേഴ്‌സ് ഓഫ് സീഷോര്‍' ഫോട്ടോ പരമ്പര ബ്രസല്‍സ് ഫോട്ടോഫെസ്റ്റിലേക്ക്
Published on

തിരക്കഥാകൃത്തും ഫോട്ടോഗ്രാഫറുമായ കെ.ആര്‍.സുനിലിന്റെ ഫോട്ടോ പരമ്പര 'ചവിട്ടുനാടകം; ദ സ്റ്റോറിടെല്ലേഴ്‌സ് ഓഫ് സീഷോര്‍' ബ്രസല്‍സ് ഫോട്ടോ ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി 22 മുതല്‍ ബ്രസല്‍സിലെ Modesti Perdriolle ഗ്യാലറിയിലാണ് ചവിട്ടു നാടക സീരീസ് പ്രദര്‍ശിപ്പിക്കുക. ചവിട്ടുനാടക ചിത്രം ഫോട്ടോഫെസ്റ്റിന്റെ വെബ്‌സൈറ്റിലെ രണ്ടാമത്തെ ചിത്രമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നടന്ന പ്രധാന പ്രദര്‍ശനങ്ങളില്‍ കെ.ആര്‍.സുനിലിന്റെ സീരീസ് ഇതിനകം പങ്കെടുത്തിട്ടുണ്ട്.

പോര്‍ച്ചുഗീസ് ഭരണകാലത്ത് മധ്യകേരളത്തിന്റെ തീരദേശത്ത് രൂപപ്പെട്ട കലാരൂപമാണ് ചവിട്ടുനാടകം. പ്രധാനമായും ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗക്കാരായ മത്സ്യത്തൊഴിലാളികളായിരുന്നു ചവിട്ടുനാടക കലാകാരന്‍മാര്‍. പുരാതന കേരളത്തിന്റെ ആയോധന കലകളും 15-16 നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ നാടക-സംഗീത രീതികളും സമന്വയിച്ചുണ്ടായ ഈ കലാരൂപം അതിന്റെ തനത് രൂപത്തില്‍ നിന്ന് അന്യംനിന്നു പോയിക്കൊണ്ടിരിക്കുകയാണ്. ചവിട്ടുനാടക കലാകാരന്‍മാരുടെ ജീവിതം, കാലാവസ്ഥാ വ്യതിയാനം അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയവയായിരുന്നു ഫോട്ടോ സീരീസിന്റെ പ്രമേയം.

അവര്‍ കിന്നരിത്തൊപ്പികളും തിളങ്ങുന്ന വേഷവും ധരിച്ച് സൂപ്പര്‍ ഹീറോ പരിവേഷത്തിലാണ് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പശ്ചാത്തലം അവരുടെ ജീവിത സാഹചര്യങ്ങളാണ്. വേലിയേറ്റത്തില്‍ വെള്ളം കയറി തകര്‍ന്ന വീടുകളും ഒട്ടും നിറമില്ലാത്ത ജീവിത പശ്ചാത്തലവും ആ ചിത്രങ്ങളില്‍ കാണാം. യഥാര്‍ത്ഥ ജീവിതത്തില്‍ ഹീറോ പരിവേഷമില്ലാത്ത പിന്നാക്ക, ദളിത് വിഭാഗക്കാരായ മത്സ്യത്തൊഴിലാളികളാണ് അവര്‍. കൊച്ചിയിലെ ചെല്ലാനം മേഖലയിലെ ചവിട്ടുനാടകം കലാകാരന്‍മാരാണ് ഈ സീരീസില്‍ പ്രത്യക്ഷപ്പെടുന്നത്.

2023ല്‍ ബിനാലെക്ക് സമാന്തരമായി മട്ടാഞ്ചേരി കാശി ഹലേഗ്വാ ഹൗസില്‍ റിയാസ് കോമു ക്യൂറേറ്റ് ചെയ്ത സീ എ ബോയ്‌ലിംഗ് വെസലിന്റെ ഭാഗമായി ഈ പരമ്പര പ്രദര്‍ശിപ്പിച്ചിരുന്നു. കേരളീയത്തിന്റെ ഭാഗമായി കൃഷ്ണമാചാരി ബോസ് ക്യുറേറ്റ് ചെയ്ത 'Contextual cosmologies'(2024), ഡടലെ നബ്രാസ്‌ക്കയിലെ 'Art of Indian Redux'(2024), പോര്‍ച്ചുഗല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Fundacao Orienteയുടെ ഗോവയിലെ ഗ്യാലറി (2025), ബഹറിനില്‍ GWECCC, യുഎന്‍ എന്‍വയണ്‍മെന്റ് പ്രോഗ്രാം, 2025ല്‍ മിനിസ്ട്രി ഓഫ് ഓയില്‍ ആന്‍ഡ് എന്‍വയണ്‍മെന്റ് തുടങ്ങിവയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശനം, Birgid Uccia ക്യൂറേറ്റ് ചെയ്ത മുംബൈ സാക്ഷി ഗ്യാലറിയിലെ പ്രദര്‍ശനം, കൊല്‍ക്കത്തയിലെ ബിര്‍ള അക്കാദമിയില്‍ Ina Puri ക്യുറേറ്റ് ചെയ്ത 'ദമാലലി'(2026) എന്നിവിടങ്ങളില്‍ ഇതിനകം ഈ സീരീസ് പ്രദര്‍ശിപ്പിക്കപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in