മദ്രാസ് മെറ്റഫറും കേരളജീവിതവും ഒപ്പം കൂട്ടിയ ഒരാൾ: അച്യുതൻ കൂടല്ലൂർ (1945 -2022 )

മദ്രാസ് മെറ്റഫറും കേരളജീവിതവും ഒപ്പം കൂട്ടിയ ഒരാൾ: അച്യുതൻ കൂടല്ലൂർ (1945 -2022 )

"ഹേ, ദത്തൻ, നിങ്ങൾ എന്താണ് ചെയ്യുന്നത്? തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ഇതാ വെടിവെപ്പും വെള്ളമടിയും. ഓടി രക്ഷപെടാൻ നോക്കൂ," മറുതലയ്ക്കൽ നിന്ന് ഇങ്ങനെ കേൾക്കുമ്പോൾ മുതിർന്ന ചിത്രകാരൻ ബി ഡി ദത്തൻ ചിരിയ്ക്കും. വെള്ളയമ്പലത്തിനടുത്ത് കനകനഗറിൽ താമസിയ്ക്കുന്ന ദത്തൻ അറിയുന്നതിന് മുൻപ് ചെന്നൈയിൽ ഇരിയ്ക്കുന്ന അച്യുതൻ കൂടല്ലൂർ കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കും. കേരളത്തിൽ കലാരംഗത്തോ രാഷ്ട്രീയരംഗത്തോ എന്തുണ്ടായാലും അച്യുതൻ കൂടല്ലൂർ കേരളത്തിലെ സുഹൃത്തുക്കളെ വിളിച്ചു വിശദമായി അന്വേഷിക്കും. "പകുതി കളിയും പകുതി കാര്യവുമാണ്. പക്ഷെ അച്യുതന് കേരളം എന്നത് ഒരിയ്ക്കലും അന്യമായിരുന്നില്ല; അന്യമാകാൻ കഴിയുകയില്ലായിരുന്നു," ബി ഡി ദത്തൻ പറയുന്നു.

ഇനി ചെന്നൈയിൽ നിന്ന് അധികമാരും വിളിക്കാനില്ല. അച്യുതൻ കൂടല്ലൂർ ഓർമ്മയായി. എഴുപത്തിയേഴ് വയസ്സായിരുന്നു. ചോളമണ്ഡലവും മദ്രാസും ഇഞ്ചാംപക്കവും ആയിരവിളക്കും മഹാബലിപുരവും മറൈൻ ഡ്രൈവും എല്ലാം കേരളത്തിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. ശില്പിയായ രാജശേഖരൻ നായർ ചോളമണ്ഡലത്തിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഈ അടുത്തിടെ താമസം മാറ്റി. പാരീസ് വിശ്വനാഥൻ വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഇപ്പോൾ പാരീസിൽ നിന്ന് മദ്രാസിലേക്ക് വരാറില്ല. നന്ദഗോപാൽ പോയതോടെ ചോളമണ്ഡലത്തിൽ പി ഗോപിനാഥും ഡഗ്ലസും മലയാളവുമായി ബന്ധപ്പെട്ടു ബാക്കിയായി. കെ ദാമോദരന് ശേഷം ഇപ്പോൾ അച്യുതൻ കൂടല്ലൂർ കൂടി വിടപറയുമ്പോൾ, മദ്രാസും, എം ഗോവിന്ദനും, സി ജെ തോമസും, കടമ്മനിട്ടയും, കടൽത്തീരവും എല്ലാം സംസ്കാരത്തിന്റെ ആൽബത്തിൽ സെപ്പിയ ടോണിലേയ്ക്ക് മാറുകയാണ്.

നവതിയിലേയ്ക്ക് പ്രവേശിച്ച എം ടി വാസുദേവൻ നായർ നടന്ന പാതയിലൂടെയാണ് അതെ കുടുംബത്തിലുള്ള അച്യുതൻ കൂടല്ലൂരും തന്റെ ബാല്യ-കൗമാര-യൗവനങ്ങൾ നടന്നത്. എം ടിയെപ്പോലെ എഴുത്തിലായിരുന്നു തുടക്കം. "എം ടി യുമായി അച്യുതൻ കൂടല്ലൂരിനുള്ള ബന്ധം എഴുത്തിലോ ഇടത്തിലോ അല്ല," മുതിർന്ന ചിത്രകാരൻ ബാബു സേവ്യർ പറയുകയാണ്. "അച്യുതൻ കൂടല്ലൂർ എം ടി യുടെ ഒരു കഥാപാത്രം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. അത് എം ടി യോ അച്യുതനോ ബോധപൂർവം ചെയ്തതാകാൻ വഴിയില്ല," ബാബു സേവ്യർ വിശദമാക്കി. സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപ് ജനനം. ദേശനിർമ്മിതിയുടെ പ്രതീക്ഷാനിർഭരമായ കാലത്ത് വളർച്ച. അപ്പോഴേയ്ക്കും കേരളത്തിലെ ഭൂപരിഷ്കരണവും സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക മാറ്റങ്ങളുമെല്ലാം പൂർവ സമ്പത്തുക്കളിൽ നിന്ന് കുടിയിറക്കപ്പെട്ട ഒരു തലമുറയെ സൃഷ്ടിച്ചു.

ഓർമ്മിക്കുവാൻ പ്രൗഢമായ ഒരു ഭൂതകാലവും ജീവിയ്ക്കുവാൻ ഇല്ലായ്മകളുടെ വായ് തുറന്നിരിക്കുന്ന അടുക്കളകളും മുഖത്തളങ്ങളും, നോക്കുവാൻ പ്രതീക്ഷയറ്റ ഭാവിയും മാത്രമുള്ള ഒരു തലമുറ അങ്ങനെ ഉണ്ടായി വന്നു. പട്ടാളത്തിലേയ്ക്ക് പോലും പോകാൻ കഴിയാതെ, 'വേല കിട്ടാതെ വിയർക്കുന്ന' മക്കളായി യുവത്വം മുണ്ടും മടക്കിക്കെട്ടി പാടവരമ്പത്തൂടെ നെൽത്തലപ്പുകൾ ചവച്ചു കൊണ്ട് തലകുനിച്ചു നടന്നിരുന്ന കാലത്തിൽ നിന്നാണ് പഠിക്കാൻ മിടുക്കനായ അച്യുതൻ, പത്താം തരാം പാസായി പോളിടെക്നിക്കും പഠിച്ച് അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റിനും തൊഴിലിനുമായി അറുപതുകളുടെ ഒടുവിൽ മദ്രാസിലേക്ക് ചേക്കേറുന്നത്. കലാരംഗം കത്തിനിൽക്കുന്ന കാലം. കലയിൽ മെറ്റാഫിസിക്സിന്റെയും ആഗോളീയതയുടെയും അവകാശങ്ങൾ പടർന്നു പിടിക്കുകയായിരുന്നു. തനതു കലാവിഷ്കാരങ്ങൾക്കായുള്ള ശ്രമം ഗോവിന്ദനും സംഘവും ഒരു വശത്തു കൊണ്ടുപിടിച്ചു നടത്തുന്നു. അച്യുതന് എഴുത്തും വായനയും വരപ്പും തുടരാൻ പറ്റിയ അന്തരീക്ഷം അങ്ങനെ അവിടെ ഒത്തുകിട്ടി.

മദ്രാസ് കോളേജ് ഓഫ് ആർട്ട്സിൽ ഒരു സായാഹ്‌ന പഠന രീതിയുണ്ടായിരുന്നു. മദ്രാസ് ആർട്ട്സ് ക്ലബ്ബ് എന്നാണ് അതിനെ വിളിച്ചിരുന്നത്. അച്യുതൻ കൂടല്ലൂർ ആ ക്ലബ്ബിൽ ചേർന്ന് പഠിച്ചു. ആദ്യകാല ശ്രമങ്ങളെല്ലാം സമൂർത്ത രചനകൾ ആയിരുന്നെങ്കിലും കെ സി എസ് പണിക്കരും അദ്ദേഹത്തിന്റെ പ്രിയ ശിഷ്യരുമായും ഒക്കെയുള്ള പരിചയവും പഠനവും ഗാഢമായപ്പോൾ അച്യുതൻ തന്റെ ചിത്രങ്ങൾക്കായി ഒരു സ്വന്തം അമൂർത്തശൈലി കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു. വാക്കുകളും പ്രതീകങ്ങളും എന്ന പരമ്പരയിലേയ്ക്ക് കെ സി എസ് എത്തിയ കാലമായിരുന്നു അത്. ഗുരുവെന്ന നിലയിൽ കെ സി എസ് തന്റെ ശിഷ്യന്മാരെ ആരെയും തന്നെ തന്റെ വഴിയിലേക്ക് നടത്താൻ ശ്രമിച്ചില്ലെങ്കിലും കലയെക്കുറിച്ചുള്ള തന്റെ സങ്കല്പങ്ങളും കലയുടെ ഫോമിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളും ഏതാണ്ട് എല്ലാ ശിഷ്യന്മാരെയും നോൺ-ഫിഗറേറ്റിവ് കലയുടെ പ്രയോക്താക്കളായി. ജെ സുൽത്താൻ അലി, റെഡ്ഡപ്പ നായിഡു തുടങ്ങിയവർ കെ സി എസ്സിന്റെ ചില സവിശേഷ അംശങ്ങളെ തങ്ങളുടെ കലയിൽ വികസിപ്പിച്ചെടുത്തു.

അച്യുതൻ കൂടല്ലൂർ ഔദ്യോഗികമായി മദ്രാസ് സ്‌കൂൾ ആർട്ടിസ്റ്റ് ആയിരുന്നില്ലെങ്കിലും ആ ഒരു സ്‌കൂളിന്റെ ഉത്പന്നമായിത്തന്നെയാണ് കലാലോകം അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. നിയോ താന്ത്രിക് ആർട്ട് (നവതാന്ത്രിക കല) എന്നും, മദ്രാസ് സ്‌കൂൾ ആർട്ട് എന്നും, ചോളമണ്ഡൽ ആർട്ട് എന്നും മദ്രാസ് മെറ്റഫോർ എന്നും ഒക്കെ പേരിട്ടു വിളിക്കപ്പെട്ടെങ്കിലും അതിലെ ഓരോ കലാകാരനും ഏറെക്കുറെ സ്വന്തമായ ഒരു ശൈലി ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. പലപ്പോഴും ഫോമുകളിൽ കാണപ്പെടുന്ന വൈജാത്യത്തെ സമീപനത്തിന്റെ സാജാത്യത കൊണ്ട് മറച്ചു കളയുകയാണ് കാണികളും നിരൂപകരും ചെയ്തിട്ടുള്ളത്. പി ഗോപിനാഥിന്റെയും അച്യുതൻ കൂടല്ലൂരിന്റെയും ചിത്രങ്ങളിൽ സമീപനത്തിന്റേതായ സാമ്യം കാണുമെങ്കിലും അവ രണ്ടും രണ്ടു തരത്തിലുള്ള ചിത്രഭാഷയാണ് ഉപയോഗിച്ചിരുന്നതെന്ന് സൂക്ഷ്മമായി നോക്കിയാൽ കാണാനാകും.

സാഹിത്യം, സിദ്ധാന്തം, രാഷ്ട്രീയം, കവിത എന്നിവയോടുള്ള ഗാഢമായ താത്പര്യം അദ്ദേഹത്തിൻറെ ചിത്രങ്ങളെ വിശാലമായ ഒരു പ്രപഞ്ചത്തിന്റെ ആവിഷ്കാരങ്ങളാക്കി മാറ്റാൻ സഹായിച്ചു എന്ന് പറയാം. എന്നാൽ അവയുടെ ഒന്നും ചിത്രീകരണത്തിനോ പ്രതിനിധാനപരമായ അവതരണത്തിനോ ആധുനികത ഏറെ അഭിരമിച്ചിരുന്ന പ്രതീകാത്മകതയിൽ മുഴുകാനോ അച്യുതൻ കൂടല്ലൂർ ശ്രമിച്ചിരുന്നില്ല. നിറങ്ങളുടെയും ജ്യാമിതീയതയെ അനുസ്മരിപ്പിക്കുന്ന രൂപചലനങ്ങളുടെയും സംഗമസ്ഥാനമായിരുന്നു അച്യുതൻ കൂടല്ലൂരിന്റെ ചിത്രങ്ങൾ. അന്താരാഷ്ട്ര തലത്തിൽ നോക്കിയാൽ അച്യുതൻ കൂടല്ലൂരിന്റെ ചിത്രങ്ങൾ ഏറ്റവും അടുത്ത് നിൽക്കുന്നത് അമേരിയ്ക്കൻ ആക്ഷൻ പെയിന്റർ ആയ ജാക്സൺ പൊള്ളോക്കിന്റെ വർക്കുകളോടാണ്. എന്നാൽ അച്യുതൻ കൂടല്ലൂർ ഒരിക്കലും ഒരു ആക്ഷൻ പെയിന്റർ ആയിരുന്നില്ല. തന്റെ ചിത്രങ്ങളിലേക്ക് ഓടിക്കയറുന്ന ഒരു പെരുമാറ്റ രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. കാൻവാസ്‌ പ്രതലങ്ങളിലേയ്ക്ക് നിറങ്ങളെ ശരീരചലനങ്ങൾക്കൊപ്പം വാരിക്കോരിയൊഴിയ്ക്കാൻ അദ്ദേഹം ശ്രമിച്ചില്ല. കുറേക്കൂടി ധ്യാനാത്മകവും ഇഴുകിച്ചേരുന്നതുമായ ഒരു ശൈലിയാണ് അച്യുതൻ കൂടല്ലൂർ എടുത്തത്. വലുപ്പമുള്ള ചിത്രങ്ങൾ പൊതുവെ ഇഷ്ടപ്പെട്ടിരുന്ന അച്യുതൻ കൂടല്ലൂർ അവയെ ശരീരത്തിന്റെ എന്നതിനേക്കാൾ ഉപരി മനസ്സിന്റെ ഒരു gesture എന്ന നിലയിലാണ് കണ്ടിരുന്നത്.

പൊതുവെ ചിത്രങ്ങളിൽ കാണികൾ തിരയുന്നത് അർത്ഥമാണ്. ഒരു ചിത്രത്തിന്റെ അർത്ഥ ഉദ്പാദന ക്ഷമത കാണിയെ അതിനു മുന്നിൽ സെറ്റിൽ ചെയ്യിക്കുന്നു. അതിലെ ആഖ്യാനത്തിലൂടെ ചലിക്കാനും പരിചിതമായ രൂപങ്ങളിലൂടെ അസ്സോസിയേറ്റിവ്‌ തിങ്കിങ് എന്ന് പറയുന്ന പ്രോസസ്സിലൂടെ തങ്ങളുടേതായ ഒരു അർത്ഥത്തിൽ എത്തിച്ചേരാനും കാണി ശ്രമിക്കുന്നു. തനിയ്ക്ക് അർഥം മനസ്സിലാക്കാൻ കഴിയുന്നതോടെ, കാണി കലയെ ഒരു പ്രതീകമായി, അല്ലെങ്കിൽ മെറ്റഫർ എന്ന നിലയിൽ കാണാൻ ശ്രമിക്കുന്നു. ഇവിടെയാണ് അമൂർത്തമായ ചിത്രങ്ങളിലെ അർഥം നമുക്ക് മനസ്സിലാകുന്നില്ലെന്നും, അവ 'ആധുനിക'മാണെന്നും പറന്നു കാണികൾ ഓടി മാറുന്നത്. അച്യുതൻ കൂടല്ലൂരിന്റെ ചിത്രങ്ങളിലും അങ്ങനെ അർഥം തിരയുന്നവർ അല്പം നിരാശരാകും. പക്ഷെ അവയിലേക്ക് നോക്കുമ്പോൾ കാണുന്ന അടയാളങ്ങളും ജ്യാമിതീയ ആസന്നമായ രൂപങ്ങളും കാണികളെ ചിന്തിപ്പിക്കേണ്ടത് ഒരു മനുഷ്യൻ പ്രകൃതിയിൽ ഉപേക്ഷിച്ചു പോകുന്ന അടയാളങ്ങളെ കുറിച്ചാണ്. മനുഷ്യന്റെ കാല്പാടു പോലെ, ഒരു ഇലയിൽ അവൻ ഏൽപ്പിക്കുന്ന പോറൽ പോലെ, ഒരു മതിലിൽ അവൻ ഒരു കഷ്ണം കക്ക കൊണ്ട് പോറുന്നത് പോലെ ഒരു അടയാളപ്പെടുത്തലാണ് അച്യുതൻ കൂടല്ലൂരിന്റെ ചിത്രങ്ങൾ. അത് അനുഭവങ്ങളുടെ തീക്ഷതയിൽ നിന്നുയരുന്ന അടയാളങ്ങളാണ്. ആ അടയാളങ്ങൾക്ക് നിയതമായ വിഷ്വൽ ആൽഫബെറ്റ് ഇല്ല എന്നത് കൊണ്ടാണ് കാണിയ്ക്ക് അർഥം ഗ്രഹിക്കാൻ കഴിയാതെ വരുന്നത്. ഓർ സംഗീതത്തിലെ ആലാപനം പോലെ, ചിത്രത്തിന്റെ സത്തയിലേക്കുള്ള വഴി അത് തുറക്കുകയാണ്.

അച്യുതൻ കൂടല്ലൂർ തന്റെ കലയിലുടനീളം ചെയ്തിരുന്നത് താൻ കണ്ട, അനുഭവിച്ച കാലത്തിന്റെ അടയാളപ്പെടുത്തലുകളായിരുന്നു. രാജാരവിവർമ്മയുടെ പാഠപുസ്തകം പഠിച്ച ഒരാൾ അച്യുതൻ കൂടല്ലൂരിന്റെ സ്‌കൂളിൽ നിന്ന് പരീക്ഷ പാസാവുകയില്ല. അതിന് അമൂർത്തകലയെ കണ്ടു ശീലിച്ച അനുഭവവും പരിചയവും വേണം. ആകാശത്തേയ്ക്ക് നോക്കി മേഘങ്ങളിൽ രൂപങ്ങൾ തെളിയുന്നത് കണ്ടെത്തുന്നത് പോലെ അച്യുതൻ കൂടല്ലൂരിന്റെ ചിത്രങ്ങളിൽ തെളിയുന്ന കാലവും കാലത്തിന്റെ അനുഭവവും കണ്ടെത്താനും അതുവഴി കലാചരിത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള ചരിത്രപരമായ അറിവുകളിലേയ്ക്ക് ഉണരുവാനും വേണ്ട ക്ഷമയും കണ്ണുകളും കാണിയ്ക്കു വേണം.

എല്ലാത്തരം കലയുടെയും അസ്തിത്വം പൂർണ്ണമാകുന്നത് കലാകാരനിൽ നിന്ന് അത് വിടുതൽ നേടുമ്പോഴാണ്. കലയുടെ ജീവിതം മരണാനന്തര ജീവിതമാണെന്ന് പറയുന്നത് അതിശയോക്തിയല്ല. അച്യുതൻ കൂടല്ലൂരിന്റെ വിയോഗത്തോടെ അദ്ദേഹത്തിന്റെ കല പ്രപഞ്ചത്തിന്റെ ഭ്രമണപഥത്തിലേക്ക് സ്വതന്ത്രമാക്കപ്പെട്ടിരിക്കുകയാണ്. അതിപ്പോൾ ഒരു വിശാലമായ ഒരു ഭൂമിയിലാണ് എന്നും പറയാം. അതിന്റെ മുന്നിൽ തുറന്നു കിടക്കുന്ന വഴികളിലൂടെയെല്ലാം അതിനു സഞ്ചരിക്കാനാകും. ഒന്നോർത്താൽ അച്യുതൻ കൂടല്ലൂർ എന്ന വ്യക്തിയും ഒരു ഏകാന്തപഥികനായിരുന്നു; തനിയ്ക്കിഷ്ടമുള്ള വഴികളിലൂടെയൊക്കെ നടന്ന ചിത്രകാരൻ. അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ഇരുന്ന് സംസാരിച്ചത് ഞാനോർക്കുന്നു. ഒരു ഗുഹ പോലെയായിരുന്നു അവിടം. പുസ്തകങ്ങളും ടെലിവിഷനും കാൻവാസുകളും ഈസലുകളും നിറഞ്ഞ ഒരിടം. അപ്പോൾ ഞാൻ ഓർത്തത് ഫ്രാൻസിസ് ബേക്കൺ-ന്റെ സ്റ്റുഡിയോ ആയിരുന്നു. അത്രയും കുത്തഴിഞ്ഞതെല്ലെങ്കിലും ഒരു കുത്തഴിവ് അവിടെയുണ്ടായിരുന്നു; ഒരു അവിവാഹിതന്റെ ജീവിതത്തിൽ പൊതുവേ കാണപ്പെടുന്ന ഒരു ചിട്ടയില്ലായ്മ. പക്ഷെ അത് മെത്തേഡിക്കൽ മാഡ്‌നെസ്സ് ആയിരുന്നു. വ്യക്തിജീവിതത്തിൽ കൃത്യതയും വസ്ത്രധാരണത്തിൽ മമതയുളവാക്കുന്ന ശൈലിയും ഭാഷണത്തിൽ നർമ്മവും മിതത്വും പുലർത്തിയ ഒരാൾ. എന്റെ എഴുത്തുകൾ സ്ഥിരമായി വായിക്കുമെന്ന് എപ്പോഴും പറയുമായിരുന്നു ഒരാൾ. വിട.

Related Stories

No stories found.
logo
The Cue
www.thecue.in