'സാംസൺ',കറുത്തവൻ്റെ വിമോചന ഗീതം

'സാംസൺ',കറുത്തവൻ്റെ വിമോചന ഗീതം
Published on
Summary

(തൃശൂരിലെ ഇൻ്റർ നാഷണൽ തീയേറ്റർ ഫെസ്റ്റിവലിൽ അവതരിപ്പിച്ച സാംസൺ എന്ന ദക്ഷിണാഫ്രിക്കൻ നാടകത്തെക്കുറിച്ച്)

പുരാണങ്ങളിലെയും മതഗ്രന്ഥങ്ങളിലെയും കഥാപാത്രങ്ങളെയും മിത്തുകളെയും സമകാലിക ലോകസാഹചര്യങ്ങളോട് ചേര്‍ത്തുവെച്ചുള്ള സാഹിത്യ കലാ പരീക്ഷണങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. പലപ്പോഴും മൂലകൃതിയുടെ വാഴ്ത്തുപാട്ട് മാത്രമായി അത്തരം പരീക്ഷണങ്ങള്‍ മാറാറുമുണ്ട്. എന്നാല്‍ ബൈബിളിലെ പഴയ നിയമത്തിലെ കരുത്തനായ സാംസണ്‍ എന്ന കഥാപാത്രത്തെ അരങ്ങിലെത്തിച്ച് എക്കാലവും ചൂഷണങ്ങള്‍ക്കു മാത്രം വിധേയരായ ഒരു ജനതയെകൊണ്ട് ലോകത്തെ വിചാരണ ചെയ്യിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നാടക സംഘം.

'ബൈബിളിലെ പഴയ നിയമത്തിലാണ് സാംസണ്‍ എന്ന സാഹസിക കഥാപാത്രത്തെ നാം കണ്ടിട്ടുള്ളത്.

അസാധാരണ ശക്തി സവിശേഷതകളുള്ള മുടിയാണ് സാംസണിന്റെ കരുത്ത്. പക്ഷേ അയാള്‍ ദലൈല എന്ന തന്റെ കാമുകിയാല്‍

വഞ്ചിതനാകുകയും അവള്‍ ഒറ്റ് കൊടുത്തതിനാല്‍ തടവിലാക്കപ്പെടുകയും അഭയമറ്റ് സ്വന്തം ജീവന്‍ വെടിയുകയും ചെയ്യുന്നുണ്ട്. അപ്പോഴും തന്റെ ജനതയെ വഞ്ചിക്കാന്‍ അവൻ തയാറായിരുന്നില്ല. അവന്റെ ആളുകള്‍ അവനെ രക്ഷകനെന്ന് വിളിച്ചു.

ഒരു തീയേറ്റര്‍ രൂപത്തിന് വേണ്ട മുഴുവന്‍ ചേരുവകളും സാംസണ്‍ -ന്റെ കഥയിലുണ്ട്. സാഹസികത, പ്രണയം, വഞ്ചന അങ്ങനെ എല്ലാം. പക്ഷേ, എക്കാലവും ചൂഷണങ്ങള്‍ക്ക് മാത്രം വിധേയരാകേണ്ടി വരുന്ന മനുഷ്യര്‍ക്ക് ആരാണ് രക്ഷകന്‍? തൃശ്ശൂരിലെ അന്താരാഷ്ട്ര തിയറ്റര്‍ഫെസ്റ്റിവലില്‍ ഇക്കുറി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സാംസണ്‍ എന്ന നാടകം അരങ്ങിനെ അത്രമേല്‍ ചടുലവും ആകര്‍ഷകവുമാക്കി.

സൂര്യന്റെ പുത്രന്‍ എന്നാണ് സാംസണ്‍ എന്ന പേരിനര്‍ത്ഥം.

പതിഞ്ഞ താളത്തിലാണ് നാടകം തുടങ്ങുന്നത്. അരങ്ങില്‍ പാട്ടുകാരുണ്ട്.

രംഗപടം ഗ്രാഫിക്‌സിലൂടെ പ്രമേയത്തിനനുസൃതമായ രീതിയില്‍ ദൃശ്യവത്കരിക്കുന്നുണ്ട്. പ്രകാശ വിന്യാസത്തിലൂടെ നാടകത്തിന്റെ കാലദേശങ്ങളെ എങ്ങിനെ അടയാളപ്പെടുത്തുന്നു എന്നത് അതിശയകരമായ അനുഭവമാണ്.

സാംസണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് അരങ്ങുണരുന്നതും അതിജീവിക്കുന്നതും. അയാള്‍ക്ക് ദലീലയോടുള്ള പ്രണയത്തെ സമകാലിക കാഴ്ചയിലേക്കും അനുഭവങ്ങളിലേക്കും ചരിത്രത്തിലേക്കുമുള്ള പിന്‍വിളിയാക്കുന്നുണ്ട് സംവിധായകന്‍. താന്‍ മുന്‍പ് കൊന്നിട്ട സിംഹത്തിന്റെ വാരിയെല്ലുകള്‍ക്കിടയിലെ തേനീച്ചക്കൂടിനെ കുറിച്ച് സാംസണ്‍ വാചലനാകുന്നുണ്ട്.

തേനീച്ചകൾ നാടകത്തിലെ പ്രധാന പ്രതീകമാണ്.

തേനീച്ചകളുടെ മൂളലിൽ ഞാൻ പിതൃക്കളുടെ ശബ്ദം കേൾക്കുന്നു. ഹൃദയമിടിപ്പ് പോലെ ഒഴുകുന്ന തേൻ നീ കാണുന്നില്ലേ എന്ന് സാംസൺ ചോദിക്കുന്നുണ്ട്.

ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന തന്റെ ജനത ഏത് നിമിഷവും തന്നെ പ്രതീക്ഷിക്കുന്നുണ്ടന്ന് അവന്‍ തിരിച്ചറിയുന്നത് സംഘർഷങ്ങളുടെ പോരാട്ടത്തിൻ്റെ പാരമ്പര്യ സ്മരണകളിൽ നിന്നാണ്. പോരാളികളുടെ തലമുറയിലെ അവസാന കണ്ണിയാണ് സാംസണ്‍.

കൊളോണിയൽ ആധിപത്യം അടിമകളാക്കി വെച്ച ഒരു ജനതയുടെ നിസഹായതയും അവരനുഭവിക്കുന്ന പീഡനവും, സ്ത്രീകളുടെ വിലാപവും കരുത്തും എല്ലാം സംഗീതത്തിലൂടെ നാം അറിയുന്നുണ്ട്. നാടകത്തെ ആദ്യവസാനം വൈകാരികമാക്കുന്നത് ഈ സംഗീതം തന്നെ.

ഓരോ വരിയും ഓരോ കവിതയാണ്. വേദിയില്‍ തെളിയുന്ന സബ് ടൈറ്റില്‍ നാടകത്തോട് ചേര്‍ന്ന് പോകുന്നു. കവിതയുടെ വായനാനുഭവവും അപരിചിതമായ ഭാഷയില്‍ അതേ വരികളുടെ കേള്‍വിയും കഥാപാത്രങ്ങളുടെ യുണീക്കായുള്ള മാനറിസങ്ങളും കാണികളെ പിടിച്ചിരുത്തുന്നതാണ്.

ഞങ്ങളുടെ രാജ്യത്തെ കല്ലുകള്‍ കൊണ്ടാണ് നിങ്ങള്‍ കൊട്ടാരങ്ങള്‍ പണിഞ്ഞത്. ഞങ്ങളുടെ വിയര്‍പ്പില്‍ നിന്നാണ് നിങ്ങള്‍ സുഖലോലുപരാകുന്നത് തുടങ്ങി വളരെ പെട്ടന്ന് തന്നെ ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ ഭൂപടത്തിലേക്ക് നാടകം സ്വിച്ച് ചെയ്യുന്നുണ്ട്. അരങ്ങിലാകട്ടെ വലിയ പ്രോപ്പര്‍ട്ടി ചെയ്ഞ്ചിനൊന്നും ഒരു പ്രാധാന്യവുമില്ല.അതേ സമയം ദലീലയോടുള്ള പ്രണയവും സ്വന്തം ജനതക്കായുള്ള സാംസണ്‍-ന്റെ പോരാട്ടവും കാണികളറിയും. നിറം കൊണ്ട് മാത്രം പിന്‍തള്ളപ്പെട്ടവരാണ് തങ്ങളെന്ന അവരുടെ ഓര്‍മ്മപ്പെടുത്തല്‍

ഇപ്പോഴും തുടരുന്ന വര്‍ണ്ണവിവേചനത്തിന്റെ മനുഷ്യത്വമില്ലായ്മ വ്യക്തമാക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന് രക്ഷകന്‍ എന്ന നായകബിംബത്തെക്കാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുന്ന, രക്തസാക്ഷിത്വം വരിക്കാന്‍ തയാറുള്ള മനുഷ്യരാണ് അഥവാ സ്വയാര്‍ജ്ജിത സമരസംഘാടനം മാത്രമാണ് രക്ഷ. വിശദമായ ചരിത്രത്തിലൂടെ നാടകം പോകുന്നില്ലങ്കിലും ദക്ഷിണാഫ്രിക്കന്‍ ജനത ഇക്കാലമത്രയും നടത്തിയ ഇപ്പോഴും തുടരുന്ന പോരാട്ടങ്ങള്‍, അവരുടെ അതിജീവനം എല്ലാം കാണിയുടെ ഓർമ്മയിലേക്ക് അതിശക്തമായി കടന്നുവരും.

നടന്റെ ശരീരം അരങ്ങിന്റെ രാഷ്ട്രീയമാണ്. സാംസണ്‍ കണ്ടിറങ്ങുമ്പോള്‍ കണ്ണില്‍ നിന്ന് മായാത്ത കരുത്തായി സാംസണ്‍-ൻ്റെ ശരീരചലനങ്ങള്‍ നമ്മളെ പിന്‍തുടരും. ദലീലയോടുള്ള പ്രണയം യൂറോപ്യന്‍ പ്രലോഭനങ്ങളുടെ പ്രതീകമാകുന്നതും ചരിത്രം പിന്‍വിളി വിളിച്ചിട്ടും പോകാന്‍ കഴിയാത്ത വിധം അയാള്‍ ബന്ധനസ്ഥനാകുന്നതും താന്‍ ചതിക്കപ്പെട്ടു എന്ന തിരിച്ചറിവിലും പോരാട്ടങ്ങളോട് ഐക്യപ്പെടാനും പീഡനങ്ങള്‍ ഏറ്റുവാങ്ങുവാനും പ്രതിരോധിക്കുവാനും അയാള്‍ സ്വയം പാകപ്പെടുന്നതും എത്രയെത്ര രാഷ്ട്രീയ മാനങ്ങളാണ് സൃഷ്ടിക്കുന്നത്.

തേനീച്ചകള്‍ പശ്ചാത്തലത്തിലെ സ്‌ക്രീനില്‍ ഇടക്കിടെ വന്നുപോകുന്നതും ഒരു ജനസമൂഹത്തിന്റെ സംഘര്‍ഷങ്ങളെ ആഴത്തിലുള്ള വരകളും വെളിച്ചവും കൊണ്ട് അനുഭവവേദ്യമാക്കുന്നതിലും നാടകം വിജയിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ തീയേറ്റര്‍ പോലും വര്‍ണ്ണവിവേചനത്തിന് പുറത്തല്ല എന്ന് നാടക പ്രവര്‍ത്തകര്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

ബ്രെറ്റ് ബയ്‌ലിയാണ് സംവിധായകന്‍. നിരവധി അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ ഈ നാടകം കരസ്ഥമാക്കിയിട്ടുണ്ട്.

അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചന സ്വപ്‌നമായി കല ആവിഷ്ക്കരിക്കപ്പെട്ടപ്പോഴെല്ലാം ദേശഭാഷാ വ്യത്യാസമില്ലാതെ സീകരിക്കപ്പെട്ടിട്ടുണ്ട്. Itfolk 2023-ലെ ഒന്നിക്കണം മാനവികത എന്ന പ്രമേയത്തോട് പൂര്‍ണ്ണമായും കൂറുപുലര്‍ത്തുന്നതായി സാംസണ്‍ എന്ന നാടകം. ചരിത്രം അവസാനിക്കുന്നില്ല.

ചൂഷണവും. നടുക്കത്തോടെ തീയേറ്റർ വിടാം. പോരാട്ടത്തിൻ്റെ തേനീച്ചക്കൂടുകൾ ചെവിയിൽ വട്ടം കൂടും. പക്ഷേ, നൂറ്റാണ്ടുകളായി സംഭരിച്ച തേനുണ്ട്.!!

ദക്ഷിണാഫ്രിക്കൻ ടീ മിന് നന്ദി.

Related Stories

No stories found.
logo
The Cue
www.thecue.in