
ഇംഗ്ലീഷിൽ ടൈറ്റിൽ ഓ ഗ്രഫി എന്നൊരു വാക്കില്ല. മൂവി ടൈറ്റിൽസും ടൈപ്പോഗ്രഫിയും ചേർത്ത് സിനിമാറ്റോഗ്രഫി എന്നത് പോലെ അനൂപ് രാമകൃഷ്ണൻ നിർമ്മിച്ചെടുത്തൊരു പേരാണ് ടൈറ്റിൽ ഓ ഗ്രഫി. പത്രരൂപകല്പനയിലും ടൈപ്പോഗ്രഫിയിലും മൾട്ടിമീഡിയ രംഗത്തും പ്രതിഭ തെളിയിച്ച പ്രമുഖ വിഷ്വൽ ഡിസൈനർ അനൂപ് രാമകൃഷ്ണന്റെ 'ദ സ്റ്റോറി ഓഫ് മൂവി ടൈറ്റിൽ ഓ ഗ്രഫി' എന്ന പുസ്തകം വായനക്കാരിലെത്തുന്നത് അനൂപ് വിടപറഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോഴാണ്. അധികം ആരും ശ്രദ്ധിക്കാതെ പോകുന്ന ടൈറ്റിലുകളുടെയും പോസ്റ്ററുകളുടെയും പിന്നാമ്പുറങ്ങളെയും കലാകരന്മാരെയും ലോകത്തിന് പരിചയപ്പെടുത്തുകയാണ് അനൂപ് രാമകൃഷ്ണന്റെ ടൈറ്റിൽ- ഓ- ഗ്രഫി എന്ന പുസ്തകം.
ടൈറ്റിൽ ഓ ഗ്രാഫിയുടെ മുഖവുരയിൽ അനൂപ് ഇങ്ങനെ എഴുതി പോസ്റ്ററുകളും ടൈറ്റിലുകളും സിനിമയിലേക്കുള്ള ആദ്യ വാതിലുകളാണ്. അതിലൂടെയാണ് നമ്മളെല്ലാം സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് വില്യം ഷേക്‌സ്പിയർ ഒരിക്കൽ ചോദിക്കുകയുണ്ടായി ഒരു ടൈറ്റിൽ ഡിസൈനറുടെ ജോലി ഒരാൾക്ക് ഒരു സിനിമയുടെ പേര് കേൾക്കുമ്പോൾ തോന്നുന്ന വികാരങ്ങളെ അക്ഷരങ്ങൾ കൊണ്ട് മാത്രം ആവാഹിച്ചെടുക്കുക എന്നതാണ്. ഒരു സിനിമയുടെ പേര് കേൾക്കുമ്പോൾ ആദ്യം ഒരാളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്ന് അതിന്റെ ടെറ്റിലുകളായിരിക്കും.
അനൂപ് രാമകൃഷ്ണൻ മരണപ്പെടുന്നത് 2021 ഡിസംബറിലാണ്. ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സിനിമ ഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണന്റെ 'എം.ടി അനുഭവങ്ങളുടെ പുസ്തകം' അർഹമായി. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം ലഭിച്ചത്. മോഹൻലാലാണ് അനൂപിന്റെ ടൈറ്റിൽ ഓ ഗ്രഫി പ്രകാശനം ചെയ്തത്. പുസ്തകത്തിലൂടെ അനൂപ് സിനിമാ തലക്കെട്ടുകളുടെ പിന്നിലെ അത്ഭുതലോകം നമുക്ക് മുന്നിൽ തുറന്നിടുകയാണ് എന്നാണ് മോഹൻലാൽ കുറിച്ചത്. നമുക്കൊപ്പമില്ലാത്ത അനൂപിനെ ഹൃദയത്തോട് ചേർത്തുനിർത്തി ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ പുസ്തകം മലയാളത്തിന് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ എഴുതി.
സിനിമയുടെ ടൈറ്റിലുകളും ടൈറ്റിലിന് പിന്നിൽ പ്രവർത്തിച്ച കലാകാരൻമാരെക്കുറിച്ചും അവരുടെ സർഗാത്മക സംഭാവനകളെക്കുറിച്ചും അധികമാരും ചർച്ച ചെയ്യാറില്ലെന്ന ചിന്തയിൽ നിന്നാണ് അനൂപ് രാമകൃഷ്ണൻ ഈ പുസ്തകത്തിനായി യാത്ര തുടങ്ങിയതെന്ന് ഭാര്യ മീന പറയുന്നു. ടൈറ്റിൽ ഓ ഗ്രഫി എന്ന പുസ്തകത്തിനായുള്ള അനൂപിന്റെ സർഗാത്മക സഞ്ചാരത്തെക്കുറിച്ചും സമർപ്പണത്തെക്കുറിച്ചും മീന ക്യു സ്റ്റുഡിയോയോട് സംസാരിച്ചത്.
മനസ്സിൽ സിനിമാ ടൈറ്റിലുകളും സിനിമ പോസ്റ്ററുകളും കൊണ്ടുനടന്നൊരാൾ
അനൂപിനെ സിനിമയുടെ ലോകത്തേയ്ക്ക് കൊണ്ടു പോകുന്നത് ശരിക്കും അനൂപിന്റെ അമ്മമ്മയാണ്. ചെറുപ്പം മുതൽ സിനിമ കാണാൻ പോകുമ്പോൾ അമ്മമ്മ അനൂപിനെ കൂടെ കൊണ്ടു പോകും. അനൂപിന്റെ വീടിന്റെ അടുത്തായിരുന്നു കോഴിക്കോട് അപ്‌സര തിയറ്റർ. കുട്ടിക്കാലം മുതൽക്കേ സിനിമാ പോസ്റ്റർ കണ്ടാൽ അതിന് മുന്നിൽ കുറയേധികം സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് അനൂപിന്റെ അമ്മ പറയാറുണ്ടായിരുന്നു. സിനിമയുടെ ടൈറ്റിൽ എഴുതിയതും അതിന്റെ ഡിസൈനിംഗ് രീതിയുമൊക്കെ കണ്ട് മൊത്തത്തിൽ ലോസ്റ്റ് ആയി അങ്ങനെ നിൽക്കുമായിരുന്നുവെന്ന്. ചെറുപ്പം മുതലേ മാഗസിനുകൾ കയ്യിൽ കിട്ടിയാൽ അതിൽ നിന്ന് നല്ല പോസ്റ്ററൊക്കെ കീറി ശേഖരിച്ചു വച്ചത് ഞാൻ പിന്നീട് കണ്ടിട്ടുണ്ട്.
സംവിധായകൻ സത്യജിത്ത് റേയും ഭരതനും ചെയ്യുന്ന പോസ്റ്ററുകൾ ഒക്കെ അനൂപിനെ വല്ലാതെ ആകർഷിച്ചിരുന്നു. സ്വന്തം സിനിമകൾക്കായി സത്യജിത്ത് റേയും ഭരതനും ടൈറ്റിൽ രൂപകൽപ്പന ചെയ്യുന്നതിനെക്കുറിച്ചും പോസ്റ്റർ തയ്യാറാക്കുന്നതിനെക്കുറിച്ചും ആ പോസ്റ്ററുകളുടെ സവിശേഷതയെക്കുറിച്ചുമൊക്കെ അനൂപ് പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. മലയാള സിനിമയുടെ പോസ്റ്ററുകളിൽ ടൈറ്റിൽ എഴുത്തിൽ കാലിഗ്രാഫിക് ടച്ച് വന്നാൽ അനൂപ് അതിനെ കൗതുകത്തോടെ സമീപിക്കുന്നതും അതെക്കുറിച്ച് കാര്യമായി സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ആകർഷകമായി തോന്നിയാൽ അതൊക്കെ അങ്ങനെ തന്നെ സൂക്ഷിച്ച് വെക്കും. ഞാനും അനൂപും ഒരുമിച്ച് പഠിച്ചവവരാണ് എന്റെ ജസ്റ്റ് സീനീയറായിരുന്നു അനു. കോളേജിൽ പഠിക്കുന്ന കാലത്ത് കണ്ണൂർ എൻജീനീയറിംഗ് കോളേജിലെ ഫൈൻ ആർട്ട്‌സ് സെക്രട്ടറിയായിരുന്നു. കോളേജ് പ്രോഗ്രാമുകൾക്കൊക്കെ വേണ്ടി ലെറ്റേഴ്സ് ഡിസൈൻ ചെയ്ത് കട്ട് ചെയ്തെടുത്ത് ഭംഗിയായി അനു കൊളാഷ് ചെയ്യുമായിരുന്നു.
മലയാള സിനിമയുടെ നവതി ആഘോഷിക്കുന്ന സമയത്ത് കേരള ചലച്ചിത്ര അക്കാദമി ഫെലോഷിപ്പിനായി ക്ഷണിച്ചിരുന്നു. അനൂപും അതിലേക്ക് അപേക്ഷിച്ചിരുന്നു. അനു സെലക്ട് ചെയ്ത തീം സിനിമാ ടൈറ്റിലുകളും അതിന് പിന്നാൽ പ്രവർത്തിച്ച ആരാലും അറിയപ്പെടാത്ത ഡിസൈനേഴ്സുമായിരുന്നു. സിനിമയിലെ ഇവരുടെ സർഗാത്മക സംഭാവനകളെക്കുറിച്ചും ഈ പ്രതിഭകളുടെ കഴിവിനെക്കുറിച്ചോ എവിടെയും കാര്യമായി മെൻഷൻ ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ അവരെ മുന്നോട്ട് കൊണ്ടു വരാൻ വേണ്ടി പുസ്തകം തയ്യാറാക്കുന്നതിനെക്കുറിച്ച് ഫെല്ലോഷിപ്പിന് അയക്കുന്നതിന് മുമ്പേ തന്നെ അനൂപ് എന്നോട് പറയുമായിരുന്നു. അന്ന് ഇന്റർവ്യുവിന് അനു ഈ പ്രസന്റേഷൻ കാണിച്ചപ്പോൾ ഫെല്ലോഷിപ്പിന്റെ ജൂറിക്ക് അത് ഭയങ്കരമായി ഇഷ്ടപ്പെടുകയും ഈ ഒരു ടോപ്പിക്ക് ആരും സെലക്ട് ചെയ്യാത്ത ഒന്നാണെന്ന് അവർ സൂചിപ്പിച്ചതായും അനു പറഞ്ഞിട്ടുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ സെലക്ഷൻ ലിസ്റ്റിൽ ഒന്നാമതെത്തിയത് അനൂപിന്റെ ടോപ്പിക്കായിരുന്നു. ഫെല്ലോഷിപ്പിന്റെ ഡെസേർട്ടേഷൻ സബ്മിറ്റ് ചെയ്യുന്ന സമയത്ത് ഇതൊരു പുസ്തക രൂപത്തിലാക്കണമെന്നും അവർ പറയുകയുണ്ടായി.
മ്യൂസിക്കൻ ടൈറ്റിലുകൾ, റൊമാന്റിക് ടൈറ്റിലുകൾ, ഹൊറർ ടെറ്റിലുകൾ...
പുസ്തക രൂപത്തിലേക്ക് ആക്കുമ്പോൾ സിനിമയുടെ കുറേ ടൈറ്റിൽസ് എല്ലാം കൂടി വെറുതേയങ്ങ് പ്രസന്റ് ചെയ്യുകയായിരുന്നില്ല അനു ചെയ്തത്. ഒരു ഡിസൈനർ ആയതുകൊണ്ടു തന്നെ അതിനെ ശരിക്കും ഒരു ഘടനാ രൂപത്തിൽ വളരെ ഭംഗിയായാണ് പ്രസന്റ് ചെയ്തിരിക്കുന്നത്. പുസ്തകം നിറയെ ടൈറ്റിലുകൾ നിറയ്ക്കുകയല്ലായിരുന്നു. ഡിസൈനർ എന്ന നിലക്കുള്ള അനൂപിന്റെ സമീപനവും അവതരണവും ഈ പുസ്തകത്തിന്റെ ഉള്ളടകത്തിൽ കാണാം. വിദേശ സിനിമകൾ/ ഇന്ത്യൻ സിനിമ മലയാള സിനിമ എന്നിങ്ങനെ എഴുന്നൂറോളം ആർട്ടിസ്റ്റുകളെ അനൂപ് ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മലയാളത്തിൽ നിന്നും എസ്.എ നായർ, വി.എൻ ബാലൻ, പി.എം മേനോൻ, ഗോപാലൻ, പി.കെ രാജൻ, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങി നിരവധിപ്പേരെയാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവരുടെയൊക്കെ ഫോട്ടോകളല്ല ഡിജിറ്റൽ പെയ്ന്റിങ്ങുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അനൂപ് ഒരു ഡിസൈനർ ആയത് കൊണ്ട് തന്നെ അതിന്റെ ശൈലിയിലാണ് പുസ്തകത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അക്ഷരങ്ങളിൽ തുടങ്ങി അക്ഷരങ്ങളുടെ പരിണാമവും, ഇന്ത്യൻ ഭാഷയും മലയാള ഭാഷയുടെ അനാട്ടമിയും ആദ്യത്തെ അച്ചടിയും കടന്നാണ് ആർട്ട് ലെറ്റേഴ്‌സും ടൈപ്പോഗ്രഫിയിലേക്കും ഈ പുസ്തകം പ്രവേശിക്കുന്നത്. അവിടെ നിന്നാണ് ടൈറ്റിലുകളുടെ പ്രപഞ്ചം ആരംഭിക്കുന്നത്. സിനിമാ പോസ്റ്ററുകളുടെ ജനനം തുടങ്ങി, ലോക സിനിമയും, ഇന്ത്യൻ സിനിമയും മലയാളവും മറ്റ് പ്രാദേശിക സിനിമകളും താണ്ടുന്ന പുസ്തകം ടൈറ്റിലുകളുടെ വൈവിധ്യമാർന്ന ഒരു ലോകമാണ് വായനക്കാരന് സമ്മാനിക്കുന്നത്. സത്യജിത്ത് റേയ്ക്ക് വേണ്ടി മാത്രം ടൈറ്റിൽ ഓ ഗ്രാഫിയിൽ നാലഞ്ചോളം പേജുകൾ ഉണ്ട്. സിനിമയുടെ ഴോണറടിസ്ഥാനത്തിലാണ് പുസ്തകത്തിൽ ടൈറ്റിലുകൾ തരം തിരിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണത്തിന് മ്യൂസിക്കൻ ടൈറ്റിലുകൾ, റൊമാന്റിക് ടൈറ്റിലുകൾ, ഹൊറർ ടെറ്റിലുകൾ എന്നിങ്ങനെ ആ പട്ടിക നീളും.
അനൂപ് രാമകൃഷ്ണൻ
പത്രരൂപകൽപ്പനയിലും ടൈപ്പോഗ്രഫിയിലും മൾട്ടിമീഡിയ രംഗത്തും ആധുനിക സങ്കേതങ്ങൾ പരീക്ഷിച്ച അനൂപ് ഗ്രാഫിക് ഡിസൈനിങ്ങിലും പുതുമകൾ അവതരിപ്പിച്ചു. മീഡിയ, ബ്രാൻഡിങ് രംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പുകൾക്കുടമയാണ്. സിൽവർ സൈനിന്റെ ഡിസൈൻ എൻജിനീയർ, ഇൻഫോസിസിൽ പ്രിൻസിപ്പൽ ഡിസൈനർ ഓഫിസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ എൻജിനീയറിങ് കോളജിലെ ബിടെക് പഠനത്തിനു ശേഷം ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദം നേടി. മനോരമ ബുക്സ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച അനൂപ് എഡിറ്റ് ചെയ്ത 'എംടി, അനുഭവങ്ങളുടെ പുസ്തകം' എം.ടി.വാസുദേവൻ നായരുടെ എഴുത്തുജീവിതത്തെയും ചലച്ചിത്ര സപര്യയെയും അതിന്റെ വൈപുല്യത്തിൽ അടയാളപ്പെടുത്തുന്നതാണ്. മനോരമ തന്നെ പുറത്തിറക്കിയ എംടിയുടെ സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കിയുള്ള മൾട്ടി മീഡിയ സമാഹാരം 'എംടിയുടെ ലോകം', മലയാള ഭാഷാ പ്രചാരണത്തിന്റെ ഭാഗമായ 'എന്റെ മലയാളം' എന്നീ സിഡി റോമുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹൻലാലിന്റെ വിവിധ കഥാപാത്രങ്ങളെ അണിനിരത്തിയ 'വേഷങ്ങൾ' എന്ന മൊബൈൽ ആപ്ലിക്കേഷനും ഏറെ സ്വീകാര്യത നേടി. ഐ.എഫ്.എഫ്.കെ ഫെസ്റ്റിവലിന്റെ ഓരോ മേഖലയിലും കൊണ്ടുവന്നതിൽ പ്രമുഖനായിരുന്നു അനൂപ് രാമകൃഷ്ണൻ . സ്‌ക്രീനിംഗ് ഷെഡ്യൂൾ, ഫെസ്റ്റിവൽ കാറ്റലോഗ്, ഫെസ്റ്റിവൽ ബാഗ്, ഡെലിഗേറ്റ് കാർഡ് എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു. മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ചു ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പ് ജേതാവായിരുന്നു. ദ സ്റ്റോറി ഓഫ് മൂവി ടൈറ്റിലോഗ്രഫി വിത്ത് ഫോക്കസ് ഓൺ 90 ഇയേഴ്സ് ഓഫ് മലയാളം മൂവീസ്' എന്ന വിഷയത്തിലാണ് അനൂപ് ചലച്ചിത്ര അക്കാദമിയിൽ ഗവേഷണപ്രബന്ധം സമർപ്പിച്ചത്. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻഡ് കമ്മ്യൂണികേഷന്റെ യുവ പ്രതിഭ പുരസ്‌കാരം, യു എസ് ആസ്ഥാനമായ സൊസൈറ്റി ഫോർ ന്യൂസ് ഡിസൈനിന്റെ (SND) ഇന്ത്യ ചാപ്റ്റർ നൽകുന്ന ബെസ്ററ് ഓഫ് ഇന്ത്യൻ ന്യൂസ് ഡിസൈൻ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
മീനാ, അനൂപ് 98 ശതമാനം പൂർത്തിയാക്കിയ ഈ പുസ്തകം നീ ഡ്രോപ്പ് ചെയ്യരുത്...
അനു ജീവിച്ചിരിക്കുന്ന സമയത്ത് ടൈറ്റിൽ ഓ ഗ്രാഫിയുടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അനു തന്നെയായിരുന്നു. പുസ്തകം ചെയ്യുന്ന സമയത്ത് എന്തെങ്കിലും ഇന്ററസ്റ്റിംഗ് ആയ കാര്യം വന്നാൽ എന്നോട് ഷെയർ ചെയ്യും. ഒരു കേൾവിക്കാരി എന്നതല്ലാതെ ഈ പുസ്തകത്തിൽ യാതൊരു വിധ കോൺട്രിബ്യുഷനും എനിക്കില്ല. പതിനേഴ് വയസ്സുമുതൽ എന്റെ ഫ്രണ്ടായിരുന്നു അനു. പെട്ടെന്ന് വിട്ടു പോയപ്പോൾ ഞാൻ ശരിക്കും ഡൗണായി. മീനാ, അനൂപ് 98 ശതമാനം പൂർത്തിയാക്കിയ ഈ പുസ്തകം നീ ഡ്രോപ്പ് ചെയ്യരുത് എന്ന് ഫ്രണ്ട്സാണ് എന്നോട് പറഞ്ഞത്. രണ്ട് ശതമാനം മാത്രമായിരുന്നു ഈ പുസ്തകത്തിന്റെ കാര്യത്തിൽ അനൂപിന് തീർക്കാനുണ്ടായിരുന്നത്. അനൂപിനുള്ള ട്രിബ്യൂട്ട് എന്ന നിലക്ക് ഈ പുസ്തകം പുറത്തിറക്കണമെന്നും ഞാൻ അവർക്കൊപ്പമുണ്ടാകണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു.
അനു ചെയ്തു വച്ചതെല്ലാം ഞങ്ങൾ പ്രിന്റ് എടുത്തു. അതിന്റെ പ്രൂഫ് ഒക്കെ വായിച്ചു നോക്കി, അതിന്റെ ഡാറ്റയിലെ തെറ്റും ശരിയും നോക്കാൻ അത്രയും അറിയുന്ന ആരും കൂടെയുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ബ്രെയിൻ ട്യൂമർ സമയത്തും അനു ഈ വർക്കിന് പിന്നിലായിരുന്നു. അനു അത്രത്തോളം ഈ പുസ്തകത്തിന്റെ കാര്യത്തിൽ കോൺഫിഡന്റായിരുന്നു. ചില ആളുകളുടെ പെയിന്റിംഗ് മിസിംഗ് ആയിരുന്നു. അതുപോലെ ചില സിനിമകളുടെ ഡീറ്റയിൽസ് കിട്ടാനില്ലായിരുന്നു. ഞങ്ങൾക്ക് അന്വേഷിച്ചെടുക്കാവുന്നതൊക്കെ ഞങ്ങൾ സംഘടിപ്പിച്ചു. എന്നിട്ടും ചിലതൊക്കെ മിസ്സായി. ശ്രീനി എന്ന പേരുള്ള ഒരാളുടെ പേരൊക്കെ എഴുതി വച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഡാറ്റയൊന്നും ഞങ്ങൾക്ക് എടുക്കാൻ കഴിഞ്ഞില്ല. ഇനിയും ചില ആളുകളെ പുസ്തകത്തിൽ ഉൾക്കൊള്ളിക്കണം എന്ന് അനുവിന്റെ മനസിലുണ്ടായിരുന്നു. മനോരമയിൽ ജോലി ചെയ്യുന്ന സമയത്താണ് കേരള പിറവി ദിനത്തിൽ 'കഥയാട്ടം' എന്ന് പേരുള്ള മോഹൻലാലിന്റെ ഒരു ഷോ വരുന്നത്. മലയാള സാഹിത്യത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയെല്ലാം ഒരുമിച്ച് ചേർത്തുകൊണ്ടുള്ള ഒരു പാരിപാടി ആയിരുന്നു അത്. അവിടെ വച്ചാണ് മോഹൻലാലിനെ അനൂ ആദ്യമായി പരിചയപ്പെടുന്നത്.
പ്രകാശനത്തിനായി ലാലേട്ടനെ കോണ്‍ടാക്ട് ചെയ്തപ്പോൾ അനുവിന്റെ കാര്യമാണെന്ന് അറിഞ്ഞ് ലാലേട്ടന് വലിയ സന്തോഷമായിരുന്നു. അങ്ങനെയാണ് ലാലേട്ടൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. അനു പോയതിന് ശേഷം ഈ പുസ്തകം എങ്ങനെ ആൾക്കാരിലേക്ക് എത്തിക്കാം എന്നതും ഫ്രണ്ട്‌സിന്റെ കൂടെ നിന്ന് ഇതിനായി ശ്രമിച്ചു എന്നതുമാണ് എനിക്ക് ഈ ബുക്കിലേക്കുള്ള ആകെയുള്ള കോണ്ട്രിബ്യൂഷൻ.
വരുന്ന തലമുറയ്ക്ക് കൂടിയുള്ളത്
ഗസ്റ്റാൾട്ട് പ്രിൻസിപ്പിൾ (Gestalt Principles of Design) പിന്തുടരുന്ന സിനിമകളെ ഗ്രൂപ്പ് ചെയ്യുന്നത് അനുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. ഗസ്റ്റാൾട്ട് എന്നത് ഒരു ഡിസൈനിങ്ങ് പ്രിൻസിപ്പിളാണ്. അതിന്റെ അടിസ്ഥാനത്തിൽ സിനിമയിൽ വന്നിട്ടുള്ള ടൈറ്റിൽസിനെ തരം തിരിച്ചിട്ടുണ്ട് ഈ പുസ്തകത്തിൽ. അഞ്ച് സുന്ദരികൾ, 96, ദ ബേർഡ് തുടങ്ങിയ ചിത്രങ്ങൾ ഇത്തരത്തിൽ ഗസ്റ്റാൾട്ട് എന്ന ഡിസൈനിങ്ങ് പ്രിൻസിപ്പിൾ പിന്തുടരുന്ന സിനിമ ടൈറ്റിലുകളാണ്. സിനിമ മേഖലയിൽ ടെറ്റിലുകളെക്കുറിച്ച് റിസർച്ച് ചെയ്യുന്ന കുട്ടികൾക്ക് ഉപകാരപ്രദമാക്കുന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ ആവിഷ്‌കാരം. അനു ചെയ്തു വച്ചിരിക്കുന്നതിൽ നിന്നും മുന്നോട്ട് പോയി റിസർച്ച് ചെയ്യാനുള്ള ഒരു ഇൻഫർമേഷൻ ഈ പുസ്തകത്തിലുണ്ട്. ഇനി വരുന്ന ജനറേഷൻ ഇതിലും മുകളിലേക്ക് ഇതിനെക്കുറിച്ച് എക്‌സ്‌പ്ലോർ ചെയ്യണമെന്നായിരിക്കും അനു ആഗ്രഹിച്ചിരിക്കുക. അത്രയധികം റിസർച്ച് ഈ പുസ്തകത്തിന് പിന്നലുണ്ട്. ഗസ്റ്റാൾട്ട് പ്രിൻസിപ്പിളിന്റെ സബ്ബ് ഡിവിഷൻസും അതിന്റെ ഴോണറിൽ വരുന്ന സിനിമ ടൈറ്റിൽസും പുസ്‌കത്തിൽ പ്രത്യേകം വിഭാഗങ്ങളായി തന്നെയുണ്ട്. കൂടാതെ പണ്ട് സിനിമ ഇറങ്ങുന്നതിനോടൊപ്പം സിനിമ ടാക്കീസുകളിൽ വിറ്റഴിക്കപ്പെട്ടിരുന്ന സിനിമ ഗാനങ്ങളടങ്ങുന്ന പുസ്തകത്തിന്റെ കളക്ഷനുകളുടെ ചിത്രവും ഈ പുസ്തകത്തിൽ അനൂപ് ഉൾപ്പെടുത്തിയിട്ടുണ്ട്.
അനൂപ് രാമകൃഷ്ണൻ ടൈറ്റിൽ ഓ ഗ്രഫി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്
ടൈറ്റിലുകളിലൂടെയുള്ള ഈ യാത്ര ശരിക്കും ഒരു സമുദ്ര സഞ്ചാരം പോലെയായിരുന്നു. ഇതുവരെ പോസ്റ്ററുകളെപ്പറ്റിയോ ടൈറ്റിലുകളെപ്പറ്റിയോ ഒരു പഠനം നടന്നിട്ടില്ല. പല രേഖകളും ചിതറിക്കിടക്കുകയാണ്. ചിലത് നഷ്ടപ്പെട്ട് പോയിരിക്കുന്നു. വിരലിലെണ്ണാവുന്ന പഴയ പോസ്റ്ററുകൾ മാത്രമേ കാലത്തെ അതീജീവിച്ചിട്ടുള്ളൂ. കൂടെ നിന്നവർക്ക് നന്ദി. ഞാൻ ഇതിവിടെ അവസാനിപ്പിക്കട്ടെ ഫെഡറിക്കോ ഫെല്ലീനി പറഞ്ഞപോലെ അവസാനം എന്നൊന്ന് ഇല്ലല്ലോ. അവസാനമില്ല, തുടക്കമില്ല, ആകെയുള്ളത് ജീവിതത്തോടുള്ള ആസക്തി മാത്രം...