ഓരോ വരയുടെ പിന്നിലും എത്രയോ കാലത്തെ അനുഭവവും നിരീക്ഷണവും പരീക്ഷണങ്ങളുമൊക്കെ ഉണ്ടായിരിക്കും. എത്രയെത്രയോ വരകള്‍ കൊണ്ട് ഒരു എഴുത്തുകാരന്‍ പറയുന്ന കാര്യങ്ങള്‍ ഒരു ചിത്രകാരന് ഏതാനും വരകള്‍ കൊണ്ട് സാധ്യമായെന്ന് വരും. അതിന് കലയ്ക്കുവേണ്ടിയുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം ആവശ്യമാണ്. അനുഭവവും നിരീക്ഷണവും പരിശീലനവുമൊക്കെ അതിനു മാറ്റുകൂട്ടുന്നു. 'ഭൂരേഖകള്‍, നിറത്താരകള്‍' എന്ന പേരില്‍ 2024 ആഗസ്റ്റ് 26 മുതല്‍ 31 വരെ കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കാന്‍ പോകുന്ന പരിപാടി ഗായത്രി എന്ന കലാകാരന്റെ കലാജീവിതത്തിലെ അന്‍പതു വര്‍ഷങ്ങളുടെ ആഘോഷമാണ്. റിട്രോസ്പെക്റ്റീവ് ഷോ, സെമിനാറുകള്‍, സുഹൃദ്സംഗമം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് നടക്കാന്‍ പോകുന്നത്. ചിത്രകാരനും, ശില്പിയും, എഴുത്തുകാരനും, വാസ്തു ശില്‍പിയും, നാടക പ്രവര്‍ത്തകനുമൊക്കെയായി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഗായത്രി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പ്രസിദ്ധചിത്രകാരന്‍ ശ്രീ.എം രാമചന്ദ്രന്‍.
കലയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തീകരിക്കുക എന്നത് കേരളത്തിലെ കലാകാരന്‍ എന്ന നിലയില്‍ നിസ്സാരമായ കാര്യമല്ല. അതും കല സ്വയം പരിശീലിച്ചെടുത്ത ഒരു കലാകാരനെ സംബന്ധിച്ച് ഒട്ടുമല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ജാതിശ്രേണിയില്‍ താഴെയാണെന്ന് സമൂഹം കരുതി വെച്ചിരുന്ന ആള്‍ക്കാരോടൊപ്പം താമസിച്ച്, അവരുടെ അനുഭവങ്ങള്‍ തന്റേതുകൂടി ആക്കിമാറ്റുന്നതിനും നിറങ്ങളിലൂടെ, വരകളിലൂടെ, ഭാവങ്ങളിലൂടെ അതു പകര്‍ത്തിവയ്ക്കുന്നതിനും ആദ്യകാലങ്ങളില്‍ ശ്രീ. ഗായത്രി വളരെധികം പരിശ്രമിച്ചു.
ജാതീയതയും അയിത്തവും, സവര്‍ണ്ണ മേധാവിത്വവും കൊടികുത്തി വാണിരുന്ന കേരളീയ പശ്ചാത്തലം നവോത്ഥാനകാലത്തിന് മുന്‍പ് എങ്ങനെയായിരുന്നുവെന്നത് തീഷ്ണമായ വ്യക്തിഗത അനുഭവമായി ശ്രീ. ഗായത്രിക്കുണ്ട്. വൈക്കം സത്യാഗ്രഹവും, ഗുരുവായൂര്‍ സത്യാഗ്രഹവുമൊക്കെ നടന്നിരുന്നത് കേരളീയ സമൂഹത്തിന്റെ ജാതീയമായ അന്ധത നീക്കാനും ക്ഷേത്രവഴികള്‍ സ്വതന്ത്രമായി എല്ലാവര്‍ക്കും തുറന്നുകൊടുക്കാനും വേണ്ടിയായിരുന്നല്ലോ. ജാതി വിവേചനത്തിനെതിരെ മനുഷ്യര്‍ സത്യാഗ്രഹ സമരം നടത്തി ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായ ചരിത്രമുളള ഗുരുവായൂരിന്റെ പശ്ചാത്തലത്തില്‍നിന്ന് ആരുടേയും കൈത്താങ്ങില്ലാതെ കലാലോകത്തേക്ക് ഉയര്‍ന്നുവന്നത് തീഷ്ണാനുഭവങ്ങളിലൂടെയാണ്. ഒരിക്കലും തളരില്ലെന്ന ആത്മവിശ്വാസത്തോടെ, ഇച്ഛാശക്തിയോടെ തന്റെ കലാലോകത്തെ കുതിപ്പ് തുടര്‍ന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട അടയാളപ്പെടുത്തലുകള്‍ പ്രൗഢമായ ഒരു സദസ്സിനു മുന്നില്‍ ദിവസങ്ങളോളം പ്രദര്‍ശിപ്പിക്കാനും, കലയെക്കുറിച്ച് സംസാരിക്കാനും,സംവാദങ്ങള്‍ നടത്താനും വേദിയൊരുക്കുന്നത് ഗായത്രി സുഹൃത് സമിതിയാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ അരനൂറ്റാണ്ടു നീണ്ടുനില്‍ക്കുന്ന കലാജീവിതം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തി വെയ്ക്കുന്നുവെന്നത് നിര്‍വൃതിദായകമാണ്.
മനുഷ്യന്റെ ചരിത്രത്തോളംതന്നെ തന്നെ പഴക്കമുണ്ട് ചിത്രകലയ്ക്ക്. ഗുഹാചിത്രങ്ങള്‍ മുതല്‍ മനുഷ്യന്‍ ചരിത്രവും സംസ്‌കാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവിഷ്‌ക്കാരത്തിന്റെ ഏറ്റവും ലളിതമായ രീതിയായിരുന്നു ഗുഹാചിത്രങ്ങളിലൂടെ പ്രകടമായിരുന്നത്. സംഗീതമായും, കലയായും, നൃത്തമായും മറ്റു പലതരം ആവിഷ്‌കാര രൂപങ്ങളായും മനുഷ്യനില്‍ കല നിറഞ്ഞു കിടപ്പുണ്ട്. അത് പ്രകടിപ്പിക്കാന്‍ കഴിയാതെ അടിച്ചമര്‍ത്തി വയ്ക്കുമ്പോഴാണ് ലോകത്തില്‍ കലാരൂപങ്ങള്‍ ഉണ്ടായി വരുന്നത്. അധികാരി വര്‍ഗ്ഗത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജീവിച്ചാണ് ലോകത്ത് കലയും സാഹിത്യവും വളര്‍ന്നത്. നവോത്ഥാന സിദ്ധാന്തങ്ങള്‍ക്കു ശേഷം കല റൊമാന്റിസിസത്തിലും, റിയലിസത്തിലും എത്തിച്ചേരുന്നതോടെ നവീന ചിത്രകലയ്ക്ക് തുടക്കമാകുന്നു. എഴുപതുകളിലും, എണ്‍പതുകളിലുമെത്തി നില്‍ക്കുമ്പോഴാണ് കേരളീയരായ പ്രശസ്ത ചിത്രകാരന്മാരെക്കുറിച്ച് സാധാരണ ജനങ്ങള്‍ അറിയുന്നതു തന്നെ. കേരള നവോത്ഥാനവും, തുടര്‍ന്നുള്ള സാമൂഹ്യ മാററങ്ങളും കലാരംഗത്ത് ഉണര്‍വ്വുണ്ടാക്കിയിരുന്നു. രണ്ടായിരത്തിനു ശേഷം ആ പുത്തനുണര്‍വ്വ് സജീവമായ ചിത്രകലാപഠന രംഗത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിട്ടുണ്ട്
എഴുപതുകളുടെ തുടക്കത്തില്‍ കേവലം ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ അഖില കേരള ബാലചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കൊണ്ട് കലാരംഗത്തേക്ക് വന്ന ശ്രീ.ഗായത്രി തന്റെ ചിത്രകലാനുഭവങ്ങളുടെ വലിയ മുതല്‍ക്കൂട്ടുമായി എത്രയോ വിദേശ പ്രദര്‍ശനങ്ങളും ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള പ്രദര്‍ശനങ്ങളും ധാരാളം ഏകാംഗ പ്രദര്‍ശനങ്ങളും ക്യാമ്പുകളുമൊക്കെയായി ഇപ്പോള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സജീവമായ ജീവിതത്തിലേക്ക് സ്വയം സമര്‍പ്പിത കലാജീവിതത്തോടെ മുന്നോട്ടു വരുന്നത്. അതിനിടയില്‍ എത്തിച്ചേര്‍ന്ന നിരവധി അവാര്‍ഡുകളും ബഹുമതികളും ഈ മണ്ണില്‍ ഗായത്രി എന്ന കലാകാരനെ അടയാളപ്പെടുത്തി വയ്ക്കുന്നു. തനത് ശൈലിയും ആവിഷ്‌കാരത്തിലെ പ്രത്യേകതയും, ആത്മസമര്‍പ്പണവുമാണ് ഗായത്രി എന്ന കലാകാരനെ വ്യത്യസ്തനാക്കുന്നത്.സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലെന്ന് സമൂഹം വരച്ചു മാറ്റിയവരോടൊപ്പം ജീവിച്ച് അവരുടെ അനുഭവങ്ങള്‍ തന്റേതാക്കി മാറ്റി, തൊഴിലിന്റെ താളവും, ലയവും, ഭംഗിയും പകര്‍ത്തി ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തെ, ചരിത്രത്തെ വരച്ചു വയ്ക്കുകയാണ് ഗായത്രിയുടെ ഓരോ ചിത്രവും.
ഒറ്റനോട്ടത്തില്‍ ഫോക് ചിത്രണ രീതിയോട് സാമ്യം തോന്നുന്നവയാണെങ്കിലും അമൂര്‍ത്തതയുടെ സൗന്ദര്യം ആവോളമുണ്ട് ഗായത്രി ചിത്രങ്ങള്‍ക്ക്. പ്രത്യേക രീതിയിലുള്ള നിറസങ്കലനം ഏറെ സവിശേഷമാണ്. തെളിഞ്ഞ നിറങ്ങളില്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നവ ഓരോന്നും ജീവിതത്തിന്റെ വലിയ കഥ പറയുന്നുണ്ട്. വിഷ്വല്‍ ആക്ടിവിസത്തിലൂടെ നീതിനിഷേധത്തിനെതിരെ സംസാരിക്കുന്നുണ്ട് ഗായത്രി. ബഹുസ്വരതക്കും, സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും, ഭരണഘടനാ സംരക്ഷണത്തിനും, അഴിമതിക്കുമെല്ലാമെതിരെയുളള തന്റെ പ്രതികരണങ്ങള്‍ രോഷം മുനിയുന്ന രചനകളില്‍ ആവിഷ്‌കരിച്ച് ഒരു തരം കലാത്മകമായ പ്രതിരോധ പ്രര്‍ത്തനം നടത്തുക എന്നതു കൂടി ഗായത്രി തന്റെ കലയിലൂടെ സാദ്ധ്യമാക്കുന്നുണ്ട്.