ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ടോ?, സാഹിത്യത്തിലൂടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്

ജയൻ അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ടോ?, സാഹിത്യത്തിലൂടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്

എല്ലാ മനുഷ്യര്‍ക്കും തങ്ങള്‍ക്ക് പ്രിയപ്പെട്ടവരോട് പറയാന്‍ ചിലതുണ്ടാകും. സ്വാമിനാഥന് ജയനോട്, ഗൗതമന് അച്ഛനോട്, അംബികാമ്മയ്ക്ക് ഗൗതമനോട്, ഭാര്യക്ക് പോസ്റ്റ്മാനോട്, ജയന് അംബികയോട്.. അത് പറയാതെയും കേള്‍ക്കാതെയും ഏറെപ്പേരും ഭൂമി വിട്ടുപോകുന്നു. അപൂര്‍ണമായ വാക്കുകള്‍. അത് എന്നെങ്കിലും പൂരിപ്പിക്കപ്പെടുമോ. ''

(ഗൗതമന്‍, ജയന്റെ അജ്ഞാത ജീവിതം-എസ് ആര്‍ലാല്‍)

ഇവിടെ മനുഷ്യന്നെന്തുവിലആരും കാണാത്ത ദു:ഖശിലാഇവിടെ സ്‌നേഹത്തിനെന്തുവില...

ജയിലഴികള്‍ക്കകത്ത് ഭൗതികജീവിതത്തിന്റെ സകലനിരാശാബോധവും മുഖത്തൊരു നിസ്സഹായതയിലൊതുക്കി ജയന്‍. പശ്ചാത്തലത്തില്‍ അതിജീവനപ്രതീക്ഷയറ്റ മനുഷ്യന്റെ ദാര്‍ശനികശൂന്യത മുഴുവന്‍ ഉള്‍ച്ചേര്‍ത്ത് ആ പാട്ട്. നെഞ്ചില്‍ തറച്ച സകല വേദനകളുടെയും പ്രത്യക്ഷമൂഖമായി നാം പ്രേക്ഷകന്‍. അപ്പോഴും ജയന്റെ മുഖത്ത് ഒരു വല്ലാത്ത രഹസ്യത്തിന്റെ കനമുള്ളതുപോലെ എനിക്കനുഭവപ്പെട്ടു.

ചെറുവത്തൂര്‍ കെഎംകെ ടാക്കീസില്‍ പ്രധാന സിനിമ മാറിയ ഒരു ബുധനാഴ്ച തൊട്ടടുത്ത വെള്ളിയാഴ്ച വരെയുള്ള ഗ്യാപ്പില്‍ പ്രദര്‍ശനത്തിനെത്തിയ സഞ്ചാരി സിനിമയിലെ ആ രംഗം പിന്നീടുള്ള കാലമത്രയും മനസ്സില്‍ വിങ്ങലായി നിന്നിട്ടുണ്ട്. അതുപോലെയെത്രയെത്ര ജയന്‍ കഥാപാത്രങ്ങളാണ് മനസ്സില്‍ ഇന്നും കിടക്കുന്നത്. കുഞ്ഞമ്മാമന്റെ കൂടെ ചെറുപ്പകാലത്ത് പിലാത്തറ സംഗത്തിലും കരിവെള്ളൂര്‍ ലീനയിലും കാങ്കോല്‍ ന്യൂസ്റ്റാറിലും തുടങ്ങി കുറേ തിയേറ്ററുകളില്‍ ജയന്‍ സിനിമ കണ്ടിറങ്ങിയ നാളുകള്‍. മരണാനന്തരം ജയന്‍ സിനിമകള്‍ രണ്ടാംവരവ് വന്ന കാലത്താണിതെല്ലാം. ജയന്റെ രണ്ടാംവരവ് എനിക്ക് ആദ്യാനുഭവമായിരുന്നു എന്ന് മാത്രം. കുഞ്ഞമ്മാമന്‍ വീണ്ടും വീണ്ടും ജയന്‍ സിനിമകള്‍ക്ക് പോകുമ്പോള്‍ എന്നെയും കൊണ്ടുപോകും. ഓരോ സിനിമയിലും ഓരോ കഥാപാത്രം കാണുമ്പോഴും ജയന്റെ മുഖത്ത് ആ രഹസ്യത്തിന്റെ വിങ്ങലുണ്ടായിരുന്നു. കാലങ്ങള്‍ക്കിപ്പുറവും ജയനെ കാണുമ്പോള്‍ ആ രഹസ്യമെന്തായിരിക്കും എന്നോര്‍ക്കും.

കുഞ്ഞമ്മാമനോട് ജയനെ കുറിച്ചാവര്‍ത്തിച്ച് ചോദിക്കും. കുഞ്ഞമ്മാമന്‍ എനിക്കറിയാത്ത ജയന്‍രഹസ്യങ്ങള്‍ പറഞ്ഞുതരും. ജയന്റെ വ്യക്തിവിവരങ്ങള്‍ മുതല്‍ സാഹസിക രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ നേരിട്ട ഞെട്ടിപ്പിക്കുന്ന കഥകള്‍വരെ. സിനിമാവാരികകളില്‍ നിന്ന് വായിച്ചെടുത്ത രഹസ്യങ്ങള്‍.

അങ്ങനെയെത്രയെത്ര കുഞ്ഞമ്മാമന്‍മാരീ നാട്ടിലുണ്ടാകും. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജയന്റെ അജ്ഞാത ജീവിതം എന്ന എസ് ആര്‍ ലാലിന്റെ നോവലിലെ ചാമി കുഞ്ഞമ്മാമന്മാരുടെ തീവ്രാവതാരമാണ്. ചാമിയിലൂടെ ജയന്റെ അജ്ഞാതജീവിതം എന്ന നോവലിലൂടെ മലയാള നോവല്‍സാഹിത്യം ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത കഥാപരിസരത്തിലൂടെ എസ് ആര്‍ ലാല്‍ സഞ്ചരിക്കുകയാണ്. ജയന്‍ എന്ന മലയാളിയുടെ എക്കാലത്തെയും ആക്ഷന്‍ ഹീറോയുടെ സാഹിത്യത്തിലൂടെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നതിനപ്പുറം ഓരോ മനുഷ്യന്റെ ഉള്ളിലുമുള്ള ചില അജ്ഞാതജീവിതങ്ങളിലേക്കുള്ള സഞ്ചാരം കൂടിയാകുകയാണ് ഈ നോവല്‍.

ഒളിത്താവളം

ഗൗതമന്റെ ബാല്യത്തില്‍ നിന്നാണ് നോവലാരംഭിക്കുന്നത്. ഗൗതമനിലൂടെ ചാമിയിലേക്കും ചാമിയിലൂടെ ജയന്‍ എന്ന മലയാളിയുടെ സ്വപ്‌നപുരുഷന്റെ അജ്ഞാത ജീവിതത്തിലേക്കും സഞ്ചരിക്കുകയാണ് നോവല്‍. ഒരര്‍ത്ഥത്തില്‍ മലയാളിക്ക് ജയന്‍ ഒരു മിത്താണ്. എവിടെയോ കേട്ട് മറന്ന തെയ്യം കഥയിലെ അതിമാനുഷനായ ഹീറോയുടെ ഭാവമാണ് ജയന്. നടനായി പ്രത്യക്ഷപ്പെട്ട സ്വപ്‌നതുല്യമായ കാലത്തിന്റെ അവശേഷിപ്പായി അയാളുടെ ഭൂതകാലവും മരണാനന്തരവും. ഭാവനകളുടെ ഈയം കൂടി പൂശി ഓരോരുത്തരും ഉള്ളില്‍ സൂക്ഷിച്ച ജീവിതം. മരണത്തിലും നിഗൂഢതകള്‍ അവശേഷിപ്പിച്ച നായകന്‍. മരണാനന്തരവും ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച, ആ ജീവിതം തേടിപ്പോയ, എത്രയെത്ര പേര്‍. അത്തരം അന്വേഷണങ്ങളുടെ കൈയും കണക്കുമില്ലാത്ത എത്രയെത്ര കഥകള്‍. ജയന്റെ ജീവിതത്തിനും മരണത്തിനും സമാന്തരമായി തിരുവിതാംകൂറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജീവിതം ആരംഭിച്ച് അമേരിക്കയോളം വളര്‍ന്ന ചാമിയുടെ കഥയാണ് ജയന്റെ അജ്ഞാത ജീവിതം. ജയനെ പോലെ നടന്നുമുന്നേറുമ്പോള്‍ കടന്നുപോന്ന വഴികളിലെല്ലാം ഒരു നിഗൂഢതയവശേഷിപ്പിച്ച് ജീവിച്ച ചാമി. ഒടുക്കം ജയന്‍ മരിച്ചിട്ടില്ലെന്ന് ഓരോ ജയന്‍ ആരാധകനെയും പോലെ അവസാനം വരെ വിശ്വസിച്ച് ജീവിതത്തിന് അര്‍ത്ഥം കണ്ടെത്തുന്ന ചാമി. ഒടുവില്‍ അജ്ഞാത ജീവിതത്തിനിടെ അമേരിക്കയില്‍ ചാമിയെ കണ്ടെത്തുന്ന ഗൗതമന്‍ തിരിച്ചറിയുന്നു. നമ്മളന്വേഷിക്കുന്ന ജയന്റെ അജ്ഞാത ജീവിതം ഇതാ സാര്‍ത്ഥകമാകുകയാണ് എന്ന്

ഒരു ജയന്‍ വീരഗാഥ

ഗൗതമനിലൂടെ ആരംഭിച്ച് ഗൗതമനില്‍ അവസാനിക്കുമ്പോഴും ചാമിയെന്ന മിത്തിനോട് സാമ്യമുള്ള അതിശക്തമായ കഥാപാത്രമാണ് നമ്മളെ ഏറെ ആകുലപ്പെടുത്തുകയും വേദനിപ്പിക്കുകയും അതേ സമയം തന്നെ നമ്മുടെ പ്രതീക്ഷയായി നിരന്തരം നോവലിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുകയും ചെയ്യുന്നത്. സ്വാമിനാഥന്‍ എന്ന പരിഷ്‌കരിച്ച പേരില്‍ നിന്ന് സ്വയം കൂട് കണ്ടെത്തിയാണ് ചാമി സ്വയം പ്രതിഷ്ഠിതനാകുന്നത്. ഒരിക്കല്‍ ക്ലാസില്‍ ഇഷ്ടപ്പെട്ട നടന്റെ പേര് ചോദിച്ച അബ്ദുള്‍ ഖാദര്‍ മാഷിന്റെ മുന്നിലാണ് ചാമി ആദ്യമായി ആര്‍ജ്ജവത്തോടെ പ്രത്യക്ഷപ്പെടുന്നത്. ഉറച്ച ശബ്ദത്തില്‍ ചാമി പറഞ്ഞു'' ജയന്‍''അതുവരെ നസീറിനെയും മധുവിനെയും മാത്രം കേട്ടിട്ടുള്ള ജയന്‍ എന്ന പേരേ കേട്ടിട്ടില്ലാത്ത മാഷിന്റെ ശിക്ഷണത്തില്‍ ചാമി തളര്‍ന്നുപോയി.''അവനേതാ ഞാന്‍ കേള്‍ക്കാത്ത ജയന്‍''സാറിന്റെ അരിശം ചാമിയുടെ മേല്‍ പതിക്കുകയായിരുന്നു. ജയനെ അറിയാത്ത മാഷിന്റെ മുന്നിലൂടെ ചാമി ക്ലാസില്‍ നിന്ന പുറത്തേക്ക് കുതിച്ചു. പിന്നെ ചാമി സ്‌കൂളിലേക്കേ പോയില്ല.സ്‌കൂളില്‍ നിന്ന് അപ്രത്യക്ഷനായ ചാമിയെ തേടി ഒടുവില്‍ ഹെഡ്മാസ്റ്റര്‍ തന്നെയെത്തി. ജയനെ അറിയാത്ത ജയനെ അവന്‍ എന്നുവിളിച്ച അബ്ദുള്‍ ഖാദറിനെ സ്‌കൂളില്‍ നിന്ന് മാറ്റാതെ താനിനി സ്‌കൂളിലേക്കില്ലെന്ന് ചാമി പ്രഖ്യാപിച്ചു. അങ്ങനെയങ്ങനെ പതിയ ചാമിയുടെ സ്‌കൂള്‍ ജീവിതം അവസാനിച്ചു.

അടിയന്തിരാവസ്ഥയുടെ കഥ

അത് അടിയന്തിരാവസ്ഥക്കാലമായിരുന്നു. കമ്യൂണിസ്റ്റുകള്‍ ഭരണകൂടവിരുദ്ധപ്രവര്‍ത്തനത്തിലേര്‍പ്പെട്ടകാലം. ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരായ പോരാട്ടം നാടെങ്ങും നടക്കുന്ന കാലം. ശ്രീകുമാര്‍ ടാക്കീസും ആറ്റിങ്ങള്‍ ഗൗരിടാക്കീസും കഴക്കൂട്ടം മഹാദേവിയും വാമനപുരത്തെയും പോത്തന്‍കോട്ടെയും ടാക്കീസുകളും അടിയന്തിരാവസ്ഥയുടെ ക്രൂരപീഡനങ്ങളുടെ ചിതറിയ ചിത്രങ്ങളുമെല്ലാം നോവലില്‍ കടന്നുവരുന്നുണ്ട്. അഞ്ചിപ്പോലീസിന്റെ വേട്ടയെ കുറിച്ച് പറയുമ്പോള്‍ പിരപ്പന്‍കോട് മുരളിയുടെയും കോലിയക്കോട്കൃഷ്ണന്‍ നായരുടെയും ഓട്ടവിള ഗംഗാധരന്‍ പിള്ളയുടെയുമൊക്കെ രാഷ്ട്രീയ ഇടപെടലിന്റെ കഥയിലൂടെയും കടന്നുപോകുന്നുണ്ട്. ജയനെ അന്വേഷിച്ചുള്ള ചാമിയുടെ ജീവിതചക്രത്തിന്റെ ആരംഭഘട്ടത്തില്‍ തലസ്ഥാനത്ത് പോലീസിന്റെ കണ്ണുവെട്ടിച്ചുളള ചില യാത്രകളുണ്ട്. അവിടെയെല്ലാം അടിയന്തിരാവസ്ഥയുടെ ഭീതി ജനകമായ രാത്രികള്‍ കാണാം. ഭരണകൂടത്തിന്റെ അധികാരപ്രമത്തതയെ അതിശക്തമായി പ്രാതിനിധ്യവല്‍ക്കരിക്കുന്ന റെയഞ്ചര്‍ എന്ന കഥാപാത്രം തന്നെ അടിയന്തിരാവസ്ഥയുടെ സൃഷ്ടിയാണ്. കാപ്പിത്തോട്ടം ബംഗ്ലാവ് അക്കാലത്തെ നാടാണോ എന്ന് പോലും നമുക്ക് തോന്നിയേക്കാം. കാപ്പിത്തോട്ടത്തിന്റെ ഉടമയായ റെയ്ഞ്ചറുടെ തോക്കും കണ്ണുകളും ഗൗതമനെയും ചാമിയെയും മാത്രമല്ല വായനക്കാരനെയും ചിന്തിപ്പിക്കും. റെയഞ്ചര്‍ മരിച്ചാല്‍ കാപ്പിത്തോട്ടത്തിന് എന്തുസംഭവിക്കും എന്ന് ജോണി പാലയ്ക്കല്‍ ആശങ്കപ്പെടുമ്പോള്‍ അച്ചന്‍ പറഞ്ഞുകൊടുക്കുന്ന ഒരുവാസ്തവമുണ്ട്.

'' നമ്മുടെ ഉള്ളിലും ചെറിയൊരു റെയ്ഞ്ചറുണ്ട് ജോണീ.ചികഞ്ഞുനോക്കിയാല്‍ മതി. അവസരംകിട്ടുമ്പോഴൊക്കെ അത് തലപൊക്കി നോക്കും. അധികാരം ഇഷ്ടമല്ലാത്ത ആരുണ്ട്. ചിലരൊക്കെ അതില്‍ അഭിരമിച്ച് പോകും. അത്തരത്തിലൊരാളാണ് റെയ്ഞ്ചര്‍. ''

കുറുപ്പിനോട് ജാനുവന്ന ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ എല്ലാമുണ്ട്.'' അടിയന്തിരം തീരുവോ കുറുപ്പുസാറേ'''' ഇതങ്ങനെ തീരത്തൊന്നുമില്ല. ഇന്ദിരാജിക്ക് മടുക്കണം പിന്നല്ലാതെ''

ജയനിലേക്കുള്ള യാത്ര

പൂനന്‍ ടെയിലറുടെ ഒപ്പം കൂടി ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കുള്ള പുതിയ പാത വെട്ടിത്തുറക്കുകയായിരുന്നു ചാമി. കോടമ്പാക്കത്ത് പോകണം. ജയനെ കാണണം എന്നത് മാത്രായിരുന്നു ലക്ഷ്യം. ചെയ്യുന്നതും കാണുന്നതുമെല്ലാം ജയമയമായ കാര്യങ്ങള്‍ മാത്രമാണ്. ജയന് കത്തെഴുതലാണ് ചാമിയുടെ മുഖ്യ വിനോദം. അതിനായി ഗൗതമന്‍ സഹായിക്കും. ചാമി പറഞ്ഞുകൊടുക്കും ഗൗതമന്‍ എഴുതും. എല്ലാകത്തിലും അവാസന വാചകം ഇങ്ങനെയായിരുന്നു.'' ജയേട്ടാ എനിക്ക് അങ്ങയെ കാണണം. ഒരുകാര്യം നേരില്‍ പറയാനുണ്ട്. എന്നാണ് അത് സാധിക്കുക''ഒരിക്കല്‍ ഗൗതമന്‍ അത് ചോദിച്ചു''എന്താണ് ചാമിയണ്ണാ ആ രഹസ്യം'''' അത് പറയത്തില്ല. കൗതമാ. കാതാടിയപ്പൂപ്പനാണേ പറയത്തില്ല. നീയെന്നോട് അത് ചോദിക്കരുത്. ''

ആ രഹസ്യം നേരിട്ട് പറയാനുള്ള യാത്രയായിരുന്നു പിന്നീട് ചാമിക്ക് ജീവിതം. കാപ്പിത്തോട്ടത്തില്‍ ഒരു ടാക്കീസ് വന്നപ്പോള്‍ അവിടെ ആ്ദ്യം ജയേട്ടന്റെ സിനിമ കളിപ്പിക്കുന്നതിനുള്ള ആഗ്രഹവുമായി നടക്കുന്ന ചാമിയുടെ ശ്രമങ്ങള്‍ നമ്മെ അല്‍ഭുതപ്പെടുത്തും. അങ്ങനെ ഉദ്ഘാടനത്തിന് ജയനെ വിളിക്കാന്‍ ജോണി പാലയ്ക്കല്‍ പൂനം ടെയിലറെയും കൂട്ടി പോകുന്നതാണ് ചാമി പിന്നെ അറിയുന്നത്. ജയനെ ആദ്യമായികാണുന്ന ജോണയുടെ അന്തംവിട്ട ഇരിപ്പ്, കാപ്പിത്തോട്ടത്തിന്റെ ഉടമ റെയിഞ്ചറുടെ മകന്‍ സുഭാഷ് ചന്ദ്രബോസുമായുള്ള ജയന്റെ മുന്‍പരിചയം ഇതെല്ലാം ആകാംക്ഷാഭരിതമായ ഭാഷയിലാണ് നോവലില്‍ വിവരിക്കുന്നത്. തിരിച്ചെത്തിയ പൂനം ടെയിലറോട് ജയനെ കണ്ട കഥ ചോദിക്കുമ്പോള്‍ നമ്മളും കാണുന്നു ചാമിയുടെ ജീവിതം ജയനെ കാണാന്‍ വേണ്ടി തന്നെ സൃഷ്ടിക്കപ്പെട്ടിതാണ് എന്ന്. പൂനം ടെയിലര്‍ എന്ന ഭുവനചന്ദ്രന്‍ മയ്യഴിപ്പുഴയുടെ തീരങ്ങള്‍ എന്ന എം മുകുന്ദന്റെ നോവല്‍ ചലചിത്രമാക്കാന്‍ നിര്‍ദ്ദേശിക്കുന്നതടക്കം ചരിത്രത്തെയും ഭാവനയെയും രസകരമായി ചേര്‍ത്തവതരിപ്പിക്കുന്ന എഴുത്തുകാരന്റെ വ്യത്യസ്തശൈലിയും ശ്രദ്ധേയമാണ്.

ജയന്റെ മറുപടിക്കത്ത്

കാത്തിരുന്നതുപോലെ ഒടുവില്‍ ചാമിക്ക് ജയന്റെ മറുപടിക്കത്ത് വരികയാണ്. എല്ലാകത്തുകളും വായിച്ചതിന്റെ ആഹ്ലാദത്തോടെ ഉടന്‍ കാണാനും പറയാനുള്ള കാര്യം വെളിപ്പെടുത്താനുമുള്ള നിര്‍ദ്ദേശം കത്തിലുണ്ടായിരുന്നു. അങ്ങനെ ചാമിയുടെ ജീവിതം അടുത്ത ഘട്ടത്തിലേക്കെത്തുകയാണ്. അതുവഴി ജയന്റെ ജീവിതത്തിലേക്കും എഴുത്തുകാന്‍ കടന്നുചെല്ലുന്നു. അക്കാലത്ത് ജയന്‍ അഭിനയിച്ചുകൊണ്ടിരുന്ന സിനിമകളിലൂടെയും ജയന്‍ എന്താണ് എന്നവതരിപ്പിക്കുന്ന ജീവിതകഥപറഞ്ഞുകൊണ്ടും നോവല്‍ മുന്നേറുന്നു. ഒരു സാഹസികനും സാധാരണ മനുഷ്യനും സിനിമയുടെ പ്രഭയില്‍ അഭിനയത്തുടര്‍ച്ചകള്‍ക്കായി കഠിനപ്രയത്‌നം ചെയ്യുന്ന സൂപ്പര്‍ഹീറോയും ഒക്കെയായി ജയന്‍ കടന്നുവരുന്നു. ആദ്യസിനിമമുതല്‍ ജയന്റെ ജീവിതം മുന്നേറിയ ഘട്ടങ്ങളെല്ലാം അടയാളപ്പെടുത്തുന്നു. സമാന്തരമായി ചാമിയുടെ ജീവിതവും ഒഴുകുന്നു എന്നതാണ് നോവലിനെ വ്യത്യസ്തമായി നിര്‍ത്തുന്നത്. ചാമി ജയന് പിന്നാലെയായിരുന്നുവല്ലോ.

ജയന്റെ മരണം

ചാമി ജയനെ കാണുന്നതും ജയന്റെ ജീവിതം മലയാള സിനിമയിലെ അല്‍ഭുതമാകുന്നതുമെല്ലാം വായനക്കാരെ ആകാംക്ഷയിലാഴ്ത്തും. ഒടുവില്‍ ജയന്റെ മരണം ചാമിയുടെ തകര്‍ച്ചയും മനുഷ്യജീവിതങ്ങളുടെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളിലേക്കും നയിക്കും. കാരണം ജയന്‍ മരിച്ചില്ല എന്ന് വിശ്വസിക്കുന്ന എത്രയെത്ര പേര്‍ പിന്നീട് ജയനെ അന്വേഷിച്ചിറങ്ങി. മരണാനന്തരം ജയനെ അന്വേഷിക്കാന്‍ ചാമിയും ഇറങ്ങുകയാണ്. ജയന്‍ അമേരിക്കയില്‍ എന്ന വാര്‍ത്ത കേട്ട് ജയനെ കാത്തിരുന്ന എത്രയോ പേരിലൊരാളായി ചാമിയുടെ ജീവിതചക്രം അതിര്‍ത്തികടന്നും ഉരുളുന്നു. മരണാനന്തരംജയന്‍ അമേരിക്കയില്‍ ജീവിച്ചുവോ ഇല്ലയോ എന്ന് നമുക്കറിയില്ല. പക്ഷേ ജയന്റെ അപരനെന്നപോലെ മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം തേടി ചാമിയുടെ മറ്റൊരുജന്മം നാം അവിടെ കാണുന്നു. ഗൗതമന്‍ ചാമിയെ കണ്ടെത്തുന്നതോടെ ജയന്റെ മരണാനന്തരജീവിതത്തിന് മറ്റൊരുതലം വരികയാണ്.

ജയനോട് പറയാനിരുന്ന ആ രഹസ്യം

ജയന്റെ ജീവിതം പിന്തുടര്‍ന്ന മരണംവരെയും മരണാനന്തരവും ജയനെ പിന്തുടര്‍ന്ന് സ്വയം ഒരുദാര്‍ശനിക ജീവിതമായി മാറിയ ചാമിയുടെ കൈയിലുള്ള ആ രഹസ്യം എന്താണ് എന്നതാണ് നോവലിന്റെ ഉത്തരം. ഓരോ മനുഷ്യനും അവനവന്റെ ഉള്ളില്‍ മറ്റൊരാളായി ജീവിക്കുന്നുണ്ട്. സ്വന്തം അജ്ഞാതജീവിതം തേടിയുളള ആയാത്ര മനുഷ്യജന്മത്തിന്റെ അര്‍ത്ഥം തേടിയുള്ള യാത്രയാണ.് എസ് ആര്‍ ലാല്‍ ജയന്റെ അജ്ഞാത ജീവിതം അവതരിപ്പിക്കുമ്പോള്‍ അതിന് ദാര്‍ശനിക മാനം കൈവരുന്നതും ആ യാത്രയുടെ പൊരുള്‍ അറിയുന്നു എന്നിടത്താണ്. പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മളും ആ അജ്ഞാത ജീവിതം ജീവിക്കുന്നു എന്ന് അര്‍ത്ഥം. വായനാന്തരം ആ ജീവിതം കൂടി ജീവിച്ചതിന്റെ ഉയര്‍ച്ചയിലേക്ക് വായനക്കാരനും എത്തുന്നു എന്നിടത്താണ് എഴുത്തുകാരന്റെ നേട്ടം.

പണ്ട് സഞ്ചാരി സിനിമ കാണുമ്പോള്‍ ജയന്റെ ഉള്ളില്‍ വിങ്ങുന്ന എന്തോ അജ്ഞാതമായ രഹസ്യമുണ്ടോ എന്ന് ഞാന്‍ സംശയിച്ചിരുന്നു. ഒരു പക്ഷേ ജയനെ കാണുമ്പോള്‍ ചാമി പറയാന്‍ വച്ച ആ രഹസ്യവും അതുപോലെ വേറൊന്നായിരിക്കാം. ഒടുവില്‍ ചാമിക്ക് മുന്നില്‍ ഒരുവിങ്ങലോടെ നിന്ന ഗൗതമന്‍ എത്തുന്ന ഒരു തിരിച്ചറിവുണ്ട്.'' എല്ലാ മനുഷ്യര്‍ക്കും തങ്ങള്‍ക്ക് പ്രിയപ്പെട്ടവരോട് പറയാന്‍ ചിലതുണ്ടാകും. സ്വാമിനാഥന് ജയനോട്, ഗൗതമന് അച്ഛനോട്, അംബികാമ്മയ്ക്ക് ഗൗതമനോട്, ഭാര്യക്ക് പോസ്റ്റ്മാനോട്, ജയന് അംബികയോട്.. അഥ് പറയാതെയും കേള്‍ക്കാതെയും ഏറെപ്പേരും ഭൂമി വിട്ടുപോകുന്നു. അപൂര്‍ണമായ വാക്കുകള്‍. അത് എന്നെങ്കിലും പൂരിപ്പിക്കപ്പെടുമോ. ''

മനുഷ്യന് മനുഷ്യനോട് പറയാനുള്ള രഹസ്യങ്ങള്‍. ചാമിക്ക് ജയനോട് പറയാനുണ്ടായിരുന്ന ആ രഹസ്യം തേടിയുള്ള യാത്രയാണീ നോവല്‍. ആ യാത്രയില്‍ നാം നമ്മുടെ ഉള്ളിലെ ആരഹസ്യം കൂടി തിരിച്ചറിയുന്നു. ഒപ്പം വിങ്ങിപ്പൊട്ടാന്‍ നില്‍ക്കുന്ന ഒരു മനസ്സായി വായനക്കാരന്‍ സ്വയം തിരിച്ചറികയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in